Homeശാസ്ത്രം

ചാന്ദ്രയാത്രക്കൊരുങ്ങി ക്രിസ്റ്റീന കോക്ക്

രാവും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്ന ആദ്യ വനിത? ലോകം അത്യാകാംക്ഷയോടെ ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിക്കഴിഞ്ഞു നാസ. ചന്ദ്രനെ ചുറ്റി സഞ്ചരിക്കാന്‍ പോവുന്ന ആദ്യ വനിത ആരാണെന്നോ? ക്രിസ്റ്റീന ഹാമോക്ക് കോക്ക് തന്നെ. ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ മിഷന്‍ സ്പെഷ്യലിസ്റ്റ് ആയാണ് ക്രിസ്റ്റീന ചാന്ദ്രദൗത്യത്തിനൊരുങ്ങുന്നത്.ഈ ദൗത്യത്തില്‍ ക്രിസ്റ്റീനയ്ക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട് കേട്ടോ. യു.എസ് ആസ്ട്രോനോട്ടുകളായ വിക്റ്റര്‍ ഗ്ലോവര്‍, റീഡ് വൈസ്മാന്‍ , കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായ ജെര്‍മി ഹാന്‍സണ്‍ എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റംഗങ്ങള്‍. ലോകത്തിന്‍റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ആവേശത്തിനുമൊപ്പമാണ് തങ്ങള്‍ കുതിച്ചുയരാന്‍ പോവുന്നത് എന്ന് ചരിത്രനേട്ടത്തിലേക്ക് പറക്കാനൊരുങ്ങുന്ന ക്രിസ്റ്റീനകോക്ക് പറയുന്നു. അരനൂറ്റാണ്ടിന്‍റെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മനുഷ്യന്‍റെ ചാന്ദ്രയാത്രയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. പത്തു ദിവസം നീളുന്ന ആര്‍ടെമിസ്-2 ദൗത്യത്തിന്‍റെ ഭാഗമായി അടുത്ത വര്‍ഷം നവംബറിലാണ് ഈ നാല്‍വര്‍ സംഘം ചന്ദ്രനിലേക്ക് യാത്രതിരിക്കുക. ഇവര്‍ ചന്ദ്രനില്‍ കാലുകുത്തുന്നില്ല. പകരം ചന്ദ്രനെ ചുറ്റിസഞ്ചരിച്ച് ഭൂമിയില്‍ തിരിച്ചെത്തുകയാണ് ചെയ്യുക.

Photographer: Bill Stafford

ബഹിരാകാശ പര്യവേക്ഷണങ്ങളിലും പരീക്ഷണങ്ങളിലും തന്‍റെ പ്രതിഭയും ശക്തമായ സാന്നിധ്യവും നേരത്തെ തന്നെ ലോകത്തിനു കാണിച്ചുതന്ന വനിതയാണ് ക്രിസ്റ്റീന കോക്ക്. 328 ദിവസം തുടര്‍ച്ചയായി ബഹിരാകാശത്തു കഴിഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച ആസ്ട്രോനോട്ട് ആണ് ക്രിസ്റ്റീന. 2019 ഒക്റ്റോബറില്‍ ക്രിസ്റ്റീനയും ജെസീക്ക മേയറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തിറങ്ങി വിജയകരമായി പൂര്‍ത്തിയാക്കിയ സങ്കീര്‍ണ്ണമായ സ്പേസ് വോക്കും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടത്തിയ അറ്റകുറ്റപ്പണികളുമൊക്കെ ലോകം വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്.

ബഹിരാകാശ പര്യവേക്ഷണങ്ങളും ചാന്ദ്രയാത്രയുമൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് വന്‍ ബഹിരാകാശ ദൗത്യങ്ങളില്‍പ്പോലും സ്ത്രീകള്‍ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ ഗവേഷണങ്ങളിലും പര്യവേക്ഷണങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യവും അനിഷേധ്യവുമാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
1979- ജനുവരി 29-ന് മിഷിഗണിലെ ഗ്രാന്‍റ് റാപിഡ്സില്‍ ബാര്‍ബറ ജോണ്‍സന്‍റെയും റൊണാള്‍ഡ് ഹാമ്മോക്കിന്‍റെയും മകളായാണ് ക്രിസ്റ്റീന കോക്കിന്‍റെ ജനനം. ആകാശത്തിന്‍റെ അനന്തവിസ്മയങ്ങള്‍ കുട്ടിക്കാലം തൊട്ടേ ആ പെണ്‍കുട്ടിയെ മോഹിപ്പിച്ചിരുന്നു. നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലാണ് ക്രിസ്റ്റീന ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. 2001-ല്‍ നാസയുടെ ഗൊദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്‍ററില്‍ എത്തുന്നത്. ബഹിരാകാശ ഗവേഷണങ്ങളില്‍ മാത്രമല്ല അവിടെ ക്രിസ്റ്റീന പങ്കാളിയായത്. 2004 മുതല്‍ മൂന്നു വര്‍ഷം യു.എസ് അന്‍റാര്‍ട്ടിക്ക പ്രോഗ്രാമില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചു. നാസയില്‍ ബഹിരാകാശ സഞ്ചാരിയായി ക്രിസ്റ്റീന തെര്‍ഞ്ഞെടുക്കപ്പെടുന്നത് 2013-ല്‍ ആണ്. തെരഞ്ഞെടുക്കപ്പെട്ടത്.ആസ്ട്രോനോട്ട് ഗ്രൂപ്പ്-21 ന്‍റെ ഭാഗമായി 2015-ല്‍ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.

2019 മാര്‍ച്ച് 14-നാണ് സോയൂസ് എം എസ്-12 പേടകത്തിലേറി കോക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംഘത്തില്‍ അംഗമാവുകയും ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്കു ശക്തമായ അടിത്തറയൊരുക്കാന്‍ ആര്‍ട്ടെമിസ്-2 ദൗത്യത്തിനു കഴിയുമെന്നാണ് പ്രതീക്ഷ. ചന്ദ്രനില്‍ ചേക്കേറാനുള്ള കിടമല്‍സരവുമായി ലോകരാജ്യങ്ങള്‍ മുന്നേറുമ്പോള്‍ ക്രിസ്റ്റീന കോക്കിനു ശേഷം ചാന്ദ്രയാത്ര നടത്താന്‍ പോവുന്ന വനിതകള്‍ ആരൊക്കെയാവും എന്ന ആകാംക്ഷയിലാണ് ലോകം.

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0