മുഖവുര- നവംബര്‍ ലക്കം

Homeമുഖവുര

മുഖവുര- നവംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ ‘പ്രൊട്ടക്ട് ദ് പ്രോമിസ്’ എന്ന പേരില്‍ ‘ഗ്ലോബല്‍ സ്ട്രാറ്റജി പ്രോഗ്രസ്സ് റിപോര്‍ട്ട്, എവ്രി വുമണ്‍ എവ്രി ചൈല്‍ഡ്’ റിപ്പോര്‍ട്ട് പുറത്തിറക്കി. സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുക്കുന്നതാണീ പഠനം. കോവിഡ്കാല പ്രശ്നങ്ങളും സജീവ പരിഗണനയ്ക്ക് വിധേയമാക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്.

വര്‍ണ്ണവെറിക്കെതിരായ ധീര പോരാട്ടങ്ങളുടെ സ്മരണകള്‍ പുതുക്കിക്കൊണ്ട് കൂടിയാണ് ഒക്ടോബര്‍ മാസം കടന്നുപോയത്. 1904 ഒക്ടോബര്‍ നാലിനായിരുന്നു ഫ്ലോറിഡയില്‍ ആഫ്രോ അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്കായുള്ള ആദ്യ വിദ്യാലയം മേരി മക്ലീഡ് ബെഥൂന്‍ സ്ഥാപിച്ചത്. ധീരമായ ആ ചുവടുവെപ്പ് ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്തു.

സ്ത്രീചരിത്ര മാസമായി ആചരിക്കപ്പെടുന്ന ഒക്ടോബര്‍ കടന്നുപോയപ്പോള്‍ ചരിത്രം കുറിച്ച സ്ത്രീകളെ ഓര്‍ക്കുകയാണ്.വര്‍ണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ റാപ്പോറ്റ്വര്‍ ആയി അശ്വിനി കെ.പി. തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയും ദലിത് വ്യക്തിയുമാണ് അശ്വിനി. നിറഞ്ഞ അഭിമാനം!

ബോര്‍ഡ് ഒഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്ത്യ സ്ത്രീ പുരുഷ താരങ്ങള്‍ക്ക് സമാന വേതനം നടപ്പാക്കി ഏറെ നാളായി കാത്തിരുന്ന തീരുമാനം പുറപെടുവിച്ചു. സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ‘കാമുകന്’ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്ന ‘കാമുകി’ യായ പെണ്‍കുട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നു. പുരുഷാധിപത്യത്തെ ഉറപ്പിക്കും വിധം സ്ത്രീകളെ പൈശാചികരൂപത്തില്‍ ചിത്രീകരിച്ചുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ ഏറെയും നടക്കുന്നത്. ബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള നമ്മുടെ കഠിനപരിശ്രമങ്ങളെ തകര്‍ക്കുന്നതു തന്നെ ഈ സംഭവവും. ഹിംസാത്മകതയിലുറച്ചു പോകാതിരിക്കാനും ലിംഗപദവി ബോധ്യങ്ങളുറപ്പിക്കാനും പുതുതലമുറയെ പാകപ്പെടുത്തേണ്ടുന്നതിന്‍റെ അടിയന്തര ആവശ്യകത തന്നെയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയില്‍ സ്ത്രീകള്‍ അരികുവല്‍ക്കരണത്തിന് വിധേയമാകുന്നുണ്ടെന്നത് മാര്‍ക്സിസ്റ്റ് സ്ത്രീവാദികള്‍ ധാരാളമായി പഠന വിധേയമാക്കിയിട്ടുള്ളതാണ്. പുത്തന്‍ മുതലാളിത്തക്രമങ്ങള്‍ക്കകത്ത് ഇത് കൂടുതല്‍ തീവ്രമാകുന്നുണ്ട് താനും. നാനാ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവസ്ഥകളെ അപഗ്രഥിക്കുകയാണ് സോണിയ ജോര്‍ജ്ജ് അതിഥി പത്രാധിപയായി ‘തൊഴില്‍ ‘ വിഷയമാക്കി ചര്‍ച്ച ചെയ്യുന്ന ഈ ലക്കം സംഘടിത . വിശദവായനയ്ക്കായി സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0