Homeചർച്ചാവിഷയം

നിലനില്‍ക്കുന്ന പാഠ്യപദ്ധതി ഗോത്രവിദ്യാര്‍ത്ഥി സൗഹാര്‍ദ്ദപരമാണോ? – ഒരന്വേഷണം

വിദ്യാഭ്യാസ മേഖലയില്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. പല പ്രശ്നങ്ങളും ഇന്നും ചര്‍ച്ച ചെയ്യപ്പെടാതെയും പരിഹരിക്കപ്പെടാതെയും കിടക്കുകയാണ്. അതുകൊണ്ട് ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട ചില അടിസ്ഥാന പ്രശ്നങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ആധുനിക ലോകം അഭിമുഖീകരിച്ച ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19-ല്‍ നിന്ന് പതിയെ മുക്തമാകാനൊരുങ്ങുകയാണ് നാം. ഒപ്പം വിദ്യാലയങ്ങളും ഒരുങ്ങിത്തുടങ്ങുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി വിദ്യാലയം കാണാതെ, ഓണ്‍ലൈന്‍ സങ്കേതത്തിന്‍റെ അധികമേന്മകളില്‍ പലതും അനുഭവവേദ്യമാകാതെ തന്നെയാണ് ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളും പുതിയ വിദ്യാലയ അന്തരീക്ഷത്തിലേക്ക് വീണ്ടും കടന്നുവരുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്‍റെ വിദ്യാലയത്തെക്കുറിച്ച് – പഠന രീതിയെക്കുറിച്ച്, പാഠ്യപദ്ധതിയെക്കുറിച്ച് അട്ടപ്പാടിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ‘വെള്ളി’ പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ…

എല്ലാവരും പറയുന്നതുപോലെ, എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഞങ്ങള്‍ ‘പിന്നാക്കക്കാരായി’ മാറുന്നതെന്തുകൊണ്ടാണ്? ഞങ്ങളുടെ വിദ്യാലയം ഞങ്ങള്‍ക്കന്യമാകുന്നതെന്തുകൊണ്ടാണ്? എത്ര ശ്രമിച്ചിട്ടും വിദ്യാലയവുമായി അടുത്തിടപഴകാന്‍ ഞങ്ങള്‍ക്കാവാത്തത് എന്തുകൊണ്ടാണ്? ഞങ്ങള്‍ പിന്നാക്കക്കാരല്ല! ഞങ്ങള്‍ ബുദ്ധിശൂന്യരല്ല. മുഖ്യധാര ആക്ഷേപിക്കുന്നതുപോലെ ഞങ്ങള്‍ ‘പരാജിതരുമല്ല’! പിന്നെന്തുകൊണ്ടാണ് എല്ലാവരും ഉദ്ദേശിക്കുന്ന രീതിയില്‍ ‘മികച്ച പ്രകടനം’ കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്കാവാത്തത്? ഇതൊന്നു ശ്രദ്ധയോടെ കേള്‍ക്കൂ…
ഞങ്ങളുടെ അയല്‍പക്ക വിദ്യാലയത്തില്‍ പോലും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഇടമില്ല. ഞങ്ങളുടെ സംസ്കാരത്തിന്‍റെ യാതൊരു ശേഷിപ്പും ഞങ്ങള്‍ക്കവിടെ കാണാനാകുന്നില്ല. കാടിനെക്കുറിച്ചും പുഴയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമൊക്കെയുള്ള ഞങ്ങളുടെ അറിവുകള്‍ പ്രയോഗിക്കാന്‍ വിദ്യാലയത്തില്‍ ഞങ്ങള്‍ക്കൊരവസരവുമില്ല. ഞങ്ങളുടേതായ ഭാഷയുണ്ടായിട്ടും ആ ഭാഷയില്‍ കളി പറയാനും, കഥ പറയാനും, പാട്ടുപാടാനും, ഒന്നുറക്കെ വിളിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യവും ഇവിടെയില്ലാത്തതെന്താണ്? ഇപ്പോഴും, പഴയ ബ്രിട്ടീഷ് മാതൃകയില്‍ പണിത, തീപ്പെട്ടിക്കൂടുപോലുള്ള, ഒട്ടും ജൈവികത തോന്നാത്ത ഈ വിദ്യാലയങ്ങളും, ചുമരുകളും എത്ര മാര്‍ബിള്‍ പതിച്ച് മിനുക്കിയാലും, വിലകൂടിയ ഒറ്റകളര്‍ പെയിന്‍റ് ചെയ്ത് പുതുക്കിയാലും ഞങ്ങളെ മാടിവിളിക്കുന്നില്ല! ഇത് ഞങ്ങളുടെ കുഴപ്പമല്ല. കാടിനു നടുവില്‍, പുഴയോരത്ത്, കുന്നിന്‍ മുകളില്‍, കുന്നിന്‍ ചരുവില്‍ ഒക്കെയായി നല്ല ജൈവസമ്പത്ത് നിറഞ്ഞിടത്താണ് ഞങ്ങളുടെ ഓരോ വിദ്യാലയവും നിലനില്‍ക്കുന്നതുതന്നെ. നിങ്ങള്‍ വിഭാവനം ചെയ്ത സ്വാഭാവികമായ ‘ജൈവവൈവിധ്യ പാര്‍ക്കാണ് ‘ ഓരോന്നും! അതിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷമല്ലേ ഞങ്ങളുടെ വിദ്യാലയങ്ങള്‍ക്കുണ്ടാകേണ്ടത്?


കേരളത്തിന്‍റെ വാസ്തുശില്‍പ്പ വിദ്യയെക്കുറിച്ചും പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ രീതികളെക്കുറിച്ചും വൈവിധ്യമാര്‍ന്ന ആര്‍ക്കിടെക്ചറല്‍ ഡിസൈനുകളെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്ക് പഠിക്കാനുണ്ട്. അതിലുപരി ഞങ്ങള്‍ ആദിവാസികള്‍ പൊതുവെ ഗൃഹനിര്‍മ്മാണ കലയിലും നല്ല അറിവുള്ളവര്‍ കൂടിയാണ്. എന്നിട്ടുമെന്തേ ഞങ്ങളുടെ നാടിന്‍റെ സാംസ്കാരികവും പാരിസ്ഥിതികവുമായ അടയാളങ്ങളെ ഉള്‍ച്ചേര്‍ക്കാന്‍ ആരും ശ്രമിക്കാത്തത്? ക്ലാസ് മുറികള്‍ക്കകത്ത് ചുമരുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ടല്ലോ ഇപ്പോള്‍. (വിദ്യാലയം ആകര്‍ഷകമാക്കുന്നതിനുവേണ്ടി!) എങ്കില്‍, ഇവിടെ ഞങ്ങളുടെ നാടിന്‍റെ പൈതൃകവും കൂടി ആലേഖനം ചെയ്യേണ്ടതല്ലേ?്യൂഞങ്ങളുടെ കൂടെ പഠിക്കുന്ന, ഞങ്ങളുടെ നാട്ടില്‍ ജീവിക്കുന്ന ‘വന്തവാസികളായ’ ഞങ്ങളുടെ കൂട്ടുകാര്‍ക്കും അവര്‍ ജീവിക്കുന്ന നാടിന്‍റെ പൈതൃകത്തെക്കുറിച്ച്, നാട്ടുരീതികളെക്കുറിച്ച്, പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രത്യേകതകളെക്കുറിച്ച് അറിയാനും അഭിമാനിക്കാനുമുള്ള ഒരവസരമല്ലേ ഇത്?


ഞങ്ങളുടെ നാടും ഭാഷയും ജീവിതവുമെല്ലാം മോശമാണെന്നുള്ള സന്ദേശമാണ് കുഞ്ഞുനാള്‍ മുതല്‍ ഞങ്ങള്‍ക്കു ലഭിക്കുന്നത്. മാതൃഭാഷ നഷ്ടമാകുന്നതിന്‍റെ വേദന പറഞ്ഞറിയിക്കാന്‍ പോലും ഭാഷയില്ലല്ലോ ഞങ്ങള്‍ക്ക്! ഞങ്ങളുടെ വീടുകളിലും ഊരിലുമൊക്കെ ഞങ്ങള്‍ കളിപറയുന്ന, പാട്ടുപാടുന്ന, ചിരിക്കുന്ന, കോപിക്കുന്ന, പ്രണയിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഇരുളനായ, കുറുമ്പനായ, മുഡുഗനായ എന്നിങ്ങനെയുള്ള ഞങ്ങളുടെ മാതൃഭാഷക്ക് പകരം സ്കൂള്‍ രജിസ്റ്ററില്‍ നിങ്ങളെന്തിനാണ് തമിഴെന്നും, മലയാളമെന്നും എഴുതി വെക്കുന്നത് ? ലിപി ഇല്ലെങ്കിലും മാതൃഭാഷയുടെ സ്ഥാനത്ത് ഞങ്ങളുടെ ഭാഷയുടെ പേര് ചേര്‍ക്കാന്‍ ഞങ്ങള്‍ക്കവകാശമില്ലേ? മല്ലനെന്നും, ചെല്ലിയെന്നും, രംഗിയെന്നും, കോണയെന്നുമൊക്കെയായിരുന്നു ഞങ്ങളുടെ പേരുകള്‍… ‘പട്ടി’യെന്ന പേരും ഞങ്ങള്‍ക്കുണ്ടായിരുന്നു! (നിങ്ങള്‍ മറ്റുള്ളവരെ ആക്ഷേപിക്കാനുദ്ദേശിക്കുന്ന പദമാണിത് അല്ലെ?) ഒരുപക്ഷേ, മലയാളത്തിലെ ‘മികച്ച’ വാക്ക് ഞങ്ങളുടെ ഭാഷയിലെ മോശം അര്‍ത്ഥത്തിലുള്ളതുമാകാം… ഇത് തികച്ചും സ്വാഭാവികമല്ലേ? ഞങ്ങളുടെ പേരുകള്‍ ഞങ്ങളുടെ പൂര്‍വ്വികരുമായി ഞങ്ങള്‍ക്കുള്ള പൊക്കിള്‍കൊടി ബന്ധമാണ് വ്യക്തമാക്കുന്നത്. തികച്ചും വൈകാരികമാണത്. ഞങ്ങളുടെ വഴികാട്ടികളായ ‘പശാത്മട’കളിലെ പൂര്‍വ്വികര്‍ തന്നെയാണ് ‘കുലദൈവങ്ങള്‍’ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഞങ്ങളുടെ ദൈവങ്ങള്‍. അവരെയോര്‍മ്മിക്കുന്ന ഈ പേരുകളെല്ലാം രജനീഷ് എന്നും വിഷ്ണുവെന്നും,ഐശ്വര്യയെന്നും, നയന്‍താരയെന്നും, മഹേഷ് എന്നും മനോരമയെന്നുമൊക്കെ മാറ്റിയിടുന്നത് എന്തിനാണ് ?


ഈ ഭൂമിയിലെ ഓരോ ജീവജാലത്തേയും പോലെ, ഓരോ കുട്ടിയേയും പോലെ മുഴുവന്‍ കാര്യങ്ങളും അറിയാനും, അനുഭവിക്കാനും, നേടിയെടുക്കാനുമുള്ള അവകാശവും അര്‍ഹതയുമുള്ളവരല്ലേ ഞങ്ങളും? അതിനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ടെന്ന് എന്താണ് ആരും മനസ്സിലാക്കാന്‍ ശ്രമിക്കാത്തത്? എന്തുകൊണ്ടാണ് ഞങ്ങളിപ്പോഴും മാറ്റി നിര്‍ത്തപ്പെടുന്നത്? ഇപ്പോഴുള്ള സൗകര്യങ്ങളെയും നേട്ടങ്ങളെയും തമസ്കരിക്കുകയോ തള്ളിപ്പറയുകയോ അല്ല, മറിച്ച്, ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍, വ്യക്തിയെന്ന നിലയില്‍ ഇനിയും ലഭ്യമാകേണ്ട അര്‍ഹമായ, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണെന്ന് വീണ്ടും പറയട്ടെ.
മാതൃഭാഷാ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഓരോ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുമ്പോള്‍ വലിയ ആശ്വാസം തോന്നുന്നുണ്ട്. അപ്പോള്‍ പ്രാദേശിക ഭാഷകളുടേയും, മറ്റു ന്യൂനപക്ഷ ഭാഷകളുടെയും സംരക്ഷണം കൂടി ഗൗരവമായി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതില്ലേ? പൂര്‍ണ്ണമായും മൃതാവസ്ഥയിലായ ഞങ്ങളുടെ ഈ ഭാഷയുടെയും സംസ്കാരത്തിന്‍റെയും സംരക്ഷണം കൂടി ഉറപ്പുവരുത്തേണ്ടതില്ലേ? ഈ ഭാഷാ-സംസ്കാര നാശം (ഹശിഴൗശരശറല മിറ ഴലിീരശറല) കണ്ടില്ലെന്ന് നടിക്കരുത്, ഇനിയും.
ജോലിക്കും, ജീവിത സുരക്ഷിതത്വത്തിനുമായി മാത്രം ‘ആര്‍ക്കും വേണ്ടാത്ത, അവഗണനനിറഞ്ഞ, അസൗകര്യങ്ങളുള്ള അട്ടപ്പാടിയിലേക്ക് ചേക്കേറുന്നവരാണ് ഇവിടുത്തെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും. അധ്യാപകരടക്കമുള്ള ഇവരൊന്നും ഇവിടെ താമസം തുടങ്ങിയിട്ട് പത്തും ഇരുപതും വര്‍ഷം പിന്നിട്ടിട്ടും ഞങ്ങളുടെ ഭാഷ മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കാത്തതെന്താണ് ? അഥവാ അവര്‍ക്കതിന് കഴിയാത്തതെന്തുകൊണ്ടാണ് ?
“നീവ്രി എമ്ത്ത് നാട്ക്കെ വന്താത്
നീമ് എമ്ത്ത് നായത്തെ ശൊല്ലണം”
(നീ ഞങ്ങളുടെ നാട്ടിലേക്ക് വന്നതല്ലേ? എന്നിട്ട് നീ എന്താണ് ഞങ്ങളുടെ ഭാഷ സംസാരിക്കാത്തത്?) എന്‍റെ പാട്ടി ഒരിക്കല്‍ എന്‍റെ ടീച്ചറോട് ചോദിച്ചതാണിത്. നിങ്ങള്‍ അറേബ്യയില്‍ പോകുമ്പോള്‍ അറബിയും, ഇംഗ്ലണ്ടില്‍ പോകുമ്പോള്‍ ഇംഗ്ലീഷും, ചൈനയില്‍ പോകുമ്പോള്‍ ചൈനീസും പറയാന്‍ ശ്രമിക്കാറില്ലേ? അട്ടപ്പാടിയില്‍ വന്നിട്ട് നിങ്ങളെന്തുകൊണ്ടാണ് ഞങ്ങളുടെ ഭാഷയില്‍ പറയാന്‍ ശ്രമിക്കാത്തത് ? മുന്‍പ് ബ്രിട്ടീഷുകാര്‍ നമ്മുടെ നാട്ടില്‍ വന്നിട്ട് അവരുടെ ഭാഷ പറയാന്‍ നമ്മെ നിര്‍ബന്ധിച്ചപ്പോള്‍ നമ്മളാരും ബ്രിട്ടീഷുകാരോട് ഈയൊരു ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിച്ചില്ല. അതിന്‍റെ പ്രത്യാഘാതങ്ങള്‍ നമ്മളിപ്പോഴും അനുഭവിക്കുന്നുണ്ടല്ലോ.
മലയാളം ഞങ്ങള്‍ക്ക് അന്യഭാഷയല്ലേ? വളരെ പ്രയാസപ്പെട്ട് ശ്രദ്ധിച്ചെഴുതിയാലും ഞങ്ങള്‍ക്ക് തെറ്റുവരും! (ഇംഗ്ലീഷെഴുതുമ്പോള്‍ നമുക്കെല്ലാം ഒരുപാട് തെറ്റു വരാറില്ലേ? അതുപോലെ.) നിരന്തരം വരുത്തുന്ന തെറ്റിന് അതിന്‍റെ കാരണം കണ്ടെത്താന്‍ ശ്രമിക്കാതെ എന്തിനാണ് എപ്പോഴും ഞങ്ങളെ കുറ്റപ്പെടുത്തുന്നത്? ബുദ്ധിയില്ലാത്തവര്‍ എന്ന് ആക്ഷേപിക്കുന്നതെന്തിനാണ്? ഞങ്ങളുടെ ഭാഷയും മലയാളവും പൂര്‍ണ്ണമായി യോജിക്കാത്തതെന്തുകൊണ്ട് എന്ന ഭാഷാ ശാസ്ത്രപരമായ ഒരു വിശകലനത്തിന് ആരും തയ്യാറാകാത്തതെന്തുകൊണ്ട്? മഹത്തും ബൃഹത്തുമായ പാരമ്പര്യമുള്ള ഒരു സമൂഹത്തിന്‍റെ ഭാഷയും സംസ്കാരവും ഇല്ലാതാക്കിക്കൊണ്ടു നടത്തുന്ന ഏത് വികസനമാണ് സുസ്ഥിരമാകുക?


ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ആ പ്രശ്നങ്ങള്‍ ഒന്നറിയാന്‍ ശ്രമിക്കൂ…
ആദിവാസി ഇരുള ഭാഷയില്‍ ‘അമ്മെ’ എന്ന് വിളിക്കുന്നത് അച്ഛനെയാണ്. അമ്മയെ ‘അഗ്ഗെ’ എന്നാണ് വീളിക്കുന്നത്. ഒരു നേഴ്സറി ക്ലാസ്സില്‍ പുതിയതായി ചേര്‍ന്ന കുട്ടിയോട് ടീച്ചര്‍ അമ്മയുടെ പേര് ചോദിക്കുന്ന സന്ദര്‍ഭം ഒന്നോര്‍ത്തുനോക്കൂ. ‘മരുതന്‍’ എന്നോ ‘വെള്ളിങ്കിരി’ എന്നോ ഉള്ള പേരുകളാവും കുട്ടി പറയുക. ‘അഗ്ഗെ’ എന്ന് ചോദിച്ചാലല്ലെ കുട്ടിക്ക് അമ്മയുടെ പേര് പറയാനൊക്കൂ. ‘അമ്മ’യുടെ പേര് ചോദിക്കുമ്പോള്‍ ‘അച്ഛന്‍റെ’ പേര് പറയുന്ന ഈ അഞ്ച് വയസ്സുകാര്‍ ബൗദ്ധികനിലവാരം കുറഞ്ഞവരെന്ന് മാറ്റി നിര്‍ത്തപ്പെടില്ലേ സ്വാഭാവികമായും?
ഇത്തരത്തില്‍ മാതൃഭാഷയില്‍ നിന്ന് വലിയ വൈവിധ്യങ്ങളുള്ള മറ്റൊരു ഭാഷ പഠിക്കാനും തുടര്‍ന്ന് ആ ഭാഷയില്‍തന്നെ ഗണിതവും, സയന്‍സും, സാമൂഹ്യശാസ്ത്രവും കൂടി പഠിക്കാനും നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ഞങ്ങളനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ എന്തേ ആരും പഠനവിധേയമാക്കാത്തത്? സ്കൂളില്‍ നിന്നല്ലേ ഞങ്ങള്‍ക്ക് ഈ ഭാഷ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ? അപ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുന്നുവെന്നത് ഞങ്ങളുടെ തെറ്റായി വീക്ഷിക്കപ്പെടുന്നതും എന്തുകൊണ്ടാണ് ?
ഞങ്ങള്‍ക്കും മറ്റു ഭാഷകള്‍ പഠിക്കാന്‍ വലിയ ഇഷ്ടവും താല്‍പ്പര്യവുമുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ ഫലപ്രദമായ വിനിയമത്തിന് മലയാളം സ്വായത്തമാക്കേണ്ടതുണ്ട് എന്നും നന്നായറിയാം. മലയാളം മാത്രമല്ല, ഇതര ഭാഷകളായ തമിഴും, ഇംഗ്ലീഷും, ഹിന്ദിയും, അറബിയും, ഫ്രഞ്ചുമൊക്കെ പഠിക്കാന്‍ ഏതൊരു കുട്ടിയേയും പോലെ ആഗ്രഹവും കഴിവും ഞങ്ങള്‍ക്കുമുണ്ട്. പിന്നെന്തുകൊണ്ടാണ് ഭാഷാ പഠനത്തില്‍ ഞങ്ങള്‍ പിന്തള്ളപ്പെടുന്നത് ? ഭാഷാപരമായ ഈ പ്രശ്നങ്ങളെ അല്‍പ്പം കൂടി വിശദീകരിക്കേണ്ടതുണ്ട്.

പ്രശ്നം 1.
ആദിവാസി ഭാഷയിലെ പല വാക്കുകള്‍ക്കും മലയാളവുമായി നേര്‍ വിപരീതാര്‍ത്ഥം ആണുള്ളത്. നിരന്തരം ഉപയോഗിക്കുന്ന/പ്രയോഗിക്കുന്ന വാക്കുള്‍ക്ക് അനുയോജ്യമായ ബിംബങ്ങള്‍ (കാമഴലെ) ആണല്ലോ മസ്തിഷ്കം ശേഖരിച്ചുവെക്കുക. അതുകൊണ്ട് സ്വാഭാവികമായും ആ വാക്കും കുട്ടിയുടെ മനസ്സില്‍ രൂപപ്പെടുത്തുന്ന ബിംബവും പൊരുത്തപ്പെടാതെ വരുന്നത് ആശയഗ്രഹണത്തെ സാരമായി ബാധിക്കാനിടയുണ്ട്. പട്ടിക 1 നോക്കുക.

പട്ടിക 1
മലയാളവുമായി വിപരീതാര്‍ത്ഥം കൈമാറുന്ന പദങ്ങള്‍
ഭാഷയെന്നത് ഒരു ജനസമൂഹം ആ സമൂഹത്തിനകത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു കരാര്‍ കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഒരു ഭാഷയിലെ പദങ്ങള്‍ക്ക് മറ്റൊരു ഭാഷയില്‍ വിഭിന്നമായ അര്‍ത്ഥമുണ്ടാകാറുമുണ്ടല്ലോ. ഇത് പരസ്പരം മനസ്സിലാക്കുമ്പോഴല്ലേ ഭാഷാപഠനം ആയാസരഹിതമാകൂ?

പ്രശ്നം 2
ഉചിതമായ/സമാന പദങ്ങളുടെ അഭാവം
അതിജീവനത്തിനുള്ള/ഉപജീവനത്തിനുള്ള ആശയവിനിമയോപാധിയായിരുന്നു ആദിവാസികള്‍ക്ക് ഭാഷ. ഒരു നിശ്ചിത ദേശത്ത് നിശ്ചിതാവശ്യത്തിനായി കണ്ടുമുട്ടുന്നവര്‍ക്കും, ഒത്തുച്ചേരുകയും ചെയ്യുന്നവര്‍ക്കായി പരസ്പര വിനിമയത്തിനുള്ളത്. അതുകൊണ്ടുതന്നെ ആദിവാസി ഭാഷയില്‍ വളരെ ചുരുങ്ങിയ പദാവലികളേയുള്ളൂ.ഭാഷ പ്രയോഗിക്കാനുള്ള വൈവിധ്യമായ സാഹചര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് മറ്റ് രീതിയിലുള്ള വളര്‍ച്ചയും വികാസവും ആദിവാസി ഭാഷക്കുണ്ടായിട്ടില്ലതാനും! മലയാളഭാഷയിലെ ഇന്ന് നിരന്തരം ഉപയോഗിക്കുന്ന നൂതനാശയങ്ങള്‍ സൂചിപ്പിക്കുന്നതിനുള്ള സങ്കീര്‍ണ്ണ പദാവലികളൊന്നും ഈ ഭാഷയിലില്ല. അതുപോലെതന്നെ ആദിവാസി ഭാഷയിലെ പ്രത്യേക വാക്കുകളുടെ അര്‍ത്ഥനിഷ്ഠമായ വിവര്‍ത്തനവും സാധ്യമല്ലതന്നെ! ചുരുക്കത്തില്‍ ഇരുഭാഷകള്‍ക്കുമിടയില്‍ ഒരു പദാനുപദ തര്‍ജ്ജമ അസാധ്യമാണ്! ഇത് ക്ലാസ് റൂം വിനിമയത്തില്‍ വലിയ പ്രയാസങ്ങളുണ്ടാക്കും.

 

പ്രശ്നം 3
ദീര്‍ഘമായി ഉച്ചരിക്കുമ്പോള്‍ അര്‍ത്ഥവ്യത്യാസം വരുന്ന വാക്കുകള്‍ ആദിവാസി പാട്ടും ജീവിതമാകെത്തന്നെയും താളാത്മകമാണ്. താളനിബദ്ധവും, സംഗീതാത്മകവുമാണ് ഉച്ചാരണവും. സ്വതവെ വാക്കുകള്‍ നീട്ടിപ്പറയാനുള്ള ഒരു പ്രവണത ഭാഷാപ്രയോഗത്തിലുടനീളം കാണാവുന്നതാണ്. സ്വാഭാവിക സംഭാഷണത്തില്‍ ‘ആ’കാരം കൂടുതലായി കാണാം. മലയാളത്തിലാണെങ്കില്‍ ദീര്‍ഘമായി ഉച്ചരിക്കുമ്പോള്‍ ഒരേ വാക്കിനുതന്നെ വിഭിന്നങ്ങളായ അര്‍ത്ഥങ്ങളാണല്ലോ. ‘ആ’കാരം ചേര്‍ത്തു വരുമ്പോഴുണ്ടാകുന്ന അര്‍ത്ഥവ്യത്യാസം പെട്ടെന്നുതന്നെ ഗ്രഹിക്കാന്‍ ഗോത്ര ജനതക്കാവില്ല. അതുകൊണ്ടുതന്നെ എഴുത്തില്‍ നിരന്തരം ‘തെറ്റ് ‘ വരുത്തുന്നതായി കാണാം. പട്ടിക നോക്കുക.

സാധാരണ ഗതിയില്‍ തെറ്റ് വരുത്തുന്നവ

പ്രശ്നം 4
നിഷേധസൂചകമായും വായ്മൊഴിയായും ഉപയോഗിക്കുന്ന ചില വാക്യങ്ങളും പ്രയോഗങ്ങളും വലിയതോതില്‍ ആശയ സംഘട്ടനം ഉണ്ടാക്കുന്നുണ്ട്. ഒരേ വാക്യം തന്നെ വ്യത്യസ്ത ഈണത്തില്‍ പ്രയോഗിച്ച് അര്‍ത്ഥവ്യത്യാസം ധ്വനിപ്പിക്കല്‍ സാധ്യമാണല്ലോ മലയാളത്തില്‍.
ഉദാ :- ഞാനിന്ന് സിനിമക്ക് പോകും
വിവക്ഷ ക – ഓ നീ പോകും അല്ലേ? (സാധ്യത അംഗീകരിക്കല്‍/സമ്മതം)
വിവക്ഷ കക – ഓ…… നീ പോകും അല്ലേ? (നിഷേധം)
ഈണ വ്യത്യാസം അര്‍ത്ഥ വ്യത്യാസത്തിന് കാരണമാകുന്നത് ശ്രദ്ധിക്കുക. ഭയങ്കര ഇഷ്ടം, ഭയങ്കര എളുപ്പം, നല്ല ദേഷ്യം വരുന്നു, നല്ല കരച്ചിലായി തുടങ്ങിയ ചില പ്രയോഗങ്ങളും ഭാഷാപഠിതാവിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. ഭാഷയുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മാത്രം യുക്തിപൂര്‍വ്വമായ സമീപനത്തിലൂടെ ഗ്രഹിച്ചെടുക്കുന്നതാണല്ലോ ഇവ.
ഇത്തരത്തില്‍ ഏറെ സങ്കീര്‍ണ്ണത നിറഞ്ഞതാണ് ഞങ്ങളുടെ ഭാഷാപഠനമെന്നത് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാപരമായ പ്രശ്നമേയില്ലെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കാന്‍ ശ്രമികക്കുന്നുണ്ട് ചില അധ്യാപകരും ഇതര ജീവനക്കാരും. ഇവരാരും ഈ വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതിന്‍റെ കാരണവും അതിവിചിത്രമാണ്.
ഭാഷാപ്രശ്നം ശ്രദ്ധയില്‍ വരുന്നതില്‍ ഏറെ ആശങ്കാകുലരാകുന്നത് അധ്യാപക സമൂഹം തന്നെയാണ്. ആദിവാസി മേഖലയില്‍ ആദിവാസി ഭാഷയറിയുന്ന അധ്യാപകര്‍ തന്നെ വേണമെന്ന ആവശ്യമുയര്‍ന്നാല്‍ അത് തങ്ങളുടെ ജോലി സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന അനാവശ്യ ആശങ്കയാണ് ഒന്നാമത്തേത്. അവര്‍ കണ്ടെത്തുന്ന രണ്ടാമത്തെ കാരണം അതിനേക്കാള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണ്. പാഠപുസ്തകങ്ങള്‍ മുഴുവന്‍ ആദിവാസി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി പഠിപ്പിക്കേണ്ടിവരുമോയെന്ന സംശയമാണത്! ഒരു ആദിവാസി വിദ്യാര്‍ത്ഥിക്ക് തന്‍റെ അതിജീവനഭാഷ പഠിപ്പിക്കാന്‍ എന്തിനാണ് മറ്റൊരു സ്കൂള്‍? അഥവാ പാഠപുസ്തകങ്ങള്‍ ആദിവാസി ഭാഷയിലേക്ക് പരിഭാഷ നടത്താന്‍ ആ ഭാഷയില്‍ പ്രാവീണ്യമുള്ള എത്ര അധ്യാപകരുണ്ടാകും? ലിപിയില്ലാത്ത ഒരു ഭാഷയില്‍ പുസ്തകമുണ്ടാക്കുകയെന്നതും സാധ്യമായ ഒന്നാണോ? പിന്നെന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍?
മാതൃഭാഷയുടെ മഹത്വം വിശദമാക്കുന്ന പാഠഭാഗങ്ങള്‍ പഠിപ്പിക്കുമ്പോള്‍ പോലും “മലയാളമല്ല ഞങ്ങളുടെ മാതൃഭാഷ” എന്നു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കാറില്ല! അതറിയാന്‍ ആരും ശ്രമിക്കാറുമില്ല. ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ എന്നിവ പൊതുസൂചികപ്രകാരം വിദ്യാഭ്യാസപരമായി താഴ്ന്ന നിലവാരം പുലര്‍ത്തുന്നവയാണല്ലോ. ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം (ശിരഹൗശ്ലെ ലറൗരമശേീി) മുഖ്യ അജണ്ടയായി പരിഗണിക്കപ്പെടുമ്പോള്‍ ഇത്തരത്തില്‍ പിന്നാക്ക പ്രദേശങ്ങളിലെ പ്രശ്നാപഗ്രഥനവും കുറെക്കൂടി കാര്യക്ഷമമാകേണ്ടതില്ലേ? അടിസ്ഥാനപരമായ കാരണങ്ങള്‍ കണ്ടെത്തലും മൂല്യാധിഷ്ഠിതമായ ഇടപെടലുകളുമല്ലേ സുസ്ഥിര ഫലം നല്‍കൂ?
പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിക്കപ്പെടേണ്ടതിന്‍റെ ഗൗരവമായ ചര്‍ച്ചകള്‍ കൂടി നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വവും പുലര്‍ത്തേണ്ടതുണ്ട്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിനുകീഴില്‍ അക്കാദമിക മികവ് – വിദ്യാലയ മികവ് എന്ന ലക്ഷ്യം പൂര്‍ണ്ണമാകാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

നിര്‍ദ്ദേശങ്ങള്‍

 •  പാഠപുസ്തകങ്ങളും വിദ്യാലയാന്തരീക്ഷവും ആദിവാസി സമൂഹത്തെകൂടി പ്രതിനിധീകരിക്കുന്നതാകണം. സാംസ്കാരികമായ അധിനിവേശം ചെറുക്കാന്‍ ഇത് കൂടിയേ തീരൂ.
  സ്ഥ ആദിവാസി സംസ്കാരം പ്രതിനീധീകരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്. നിലവിലുള്ള പാഠപുസ്തകങ്ങളില്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഏതോ പ്രത്യേക ജീവിവര്‍ഗ്ഗമെന്ന രീതിയില്‍ കൗതുക വാര്‍ത്തകളായാണ് അവ വിനിമയം ചെയ്യപ്പെട്ടിട്ടുള്ളത്.
 •  ആദിവാസികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ഗുഹാവാസികളെന്നപോലെ തേനും കാട്ടുകിഴങ്ങും ഭക്ഷിച്ച് കുടിലില്‍ താമസിക്കുന്നവരാണെന്ന ധാരണ നല്‍കും വിധമാണ് അവതരിപ്പിക്കപ്പെടുന്നത്. മറിച്ച് ആദിവാസികള്‍ പൊതു സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും ഒരു നാടിന്‍റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പഠനത്തിന്‍റെ ഭാഗമായാണ് അവ അവതരിപ്പിക്കപ്പെടേണ്ടതെന്നതും ഇനിയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.
 • ആദിവാസി ഭാഷയും പാട്ടുകളും സാമൂഹ്യരീതികളും പാഠപുസ്തകങ്ങളിലുള്‍പ്പെടുത്തേണ്ടതുണ്ട്. ആദിവാസികളുടെ പാരമ്പര്യമായ അറിവുകളും, സംസ്കാരവും ചരിത്രമായിത്തന്നെ അറിയപ്പെടേണ്ടതില്ലേ? കൗതുകമാര്‍ന്ന പഠനവിഭവമായിട്ടല്ലാതെ.
 •  വിദ്യാലയവുമായി കുട്ടി അനുരൂപീകരണം നടത്തണമെന്ന ശാഠ്യമല്ല വേണ്ടത്. പ്രശ്നം കുട്ടിയുടേതല്ലെന്നും കുട്ടിയേയും കുട്ടിയുടെ സാഹചര്യങ്ങളേയും മനസ്സിലാക്കുന്നതില്‍ അധ്യാപകരും, പൊതുസമൂഹവും, വിദ്യാഭ്യാസ സംവിധാനങ്ങളും പരാജയപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അതിനാല്‍, ആദിവാസി മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അധ്യാപകര്‍ക്കും കുട്ടിയുടെ ഭാഷ, സംസ്കാരം, മറ്റ് സാഹചര്യങ്ങള്‍ എന്നിവ മുഖ്യവിഷയമായി പ്രത്യേക പരിശീലനം ലഭ്യമാക്കേണ്ടതാണ്.
 •  ആദിവാസിക്കിനി വേണ്ടത് പ്രത്യേക പദ്ധതികളല്ല, ഞങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരുമല്ല. സഹതാപവും, പരിഗണനയുമല്ല ആദിവാസിക്കുവേണ്ടത്. ചേര്‍ത്തുനിര്‍ത്തിയുള്ള അംഗീകാരമാണ്.
 •  ഇതെല്ലാം നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍, ഞങ്ങള്‍ ഇനിയും ‘പിന്നാക്കക്കാരായി’ എണ്ണപ്പെടും. ഞങ്ങള്‍ക്കിടമില്ലാത്തിടത്തുനിന്ന് ഞങ്ങള്‍ പിന്‍വാങ്ങും. ഇത് ഞങ്ങളുടെ കുറ്റമല്ല. വിദ്യാലയം വിരസമാകുന്നതിന്‍റെയും ഞങ്ങള്‍ മൗനികളാകുന്നതിന്‍റെയും കാരണങ്ങള്‍ ഇതൊക്കെത്തന്നെയാണ്. പൊതുസമൂഹവുമായുള്ള ആശയവിനിമയത്തില്‍ മലയാളഭാഷയില്‍ പൂര്‍ണ്ണാര്‍ത്ഥത്തോടെ പറഞ്ഞു ഫലിപ്പിക്കാനാകുമോ എന്ന ഭയം എപ്പോഴും ഞങ്ങള്‍ക്കുണ്ട്. അതേ സമയം പൊതുസമൂഹം തൃജിക്കപ്പെട്ട ഞങ്ങളുടെ ഭാഷ പുറത്തുവരുമോയെന്ന ജാള്യതയും ഞങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ട്.
  ഞങ്ങള്‍ക്കും സ്വപ്നമുണ്ട്.
  ഇതാ, ഇതാണ് ഞങ്ങളുടെ വിദ്യാലയ സ്വപ്നം. ഞങ്ങളുടെ പരിസ്ഥിതിക്കിണങ്ങുന്ന, ഞങ്ങള്‍ക്കുകൂടി ഇടമുള്ള, ഞങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള, ഞങ്ങളുടെ മാതാപിതാക്കളെകൂടി അംഗീകരിക്കുന്ന വിദ്യാലയം. അവിടെ ഞങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പാഠപുസ്തകങ്ങളും പഠനപ്രവര്‍ത്തനങ്ങളും, ഞങ്ങളുടെ ഹൃദയത്തോട് സംവദിക്കുന്ന അധ്യാപകരും. ഞങ്ങളുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയോടെ…
  അട്ടപ്പാടിയില്‍ നിന്ന് വെള്ളി.

ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വിദ്യാലയ അന്യവല്‍ക്കരണമെന്ന പ്രശ്നത്തെ മറികടക്കുന്നതിനായി അട്ടപ്പാടിയിലെ അഗളി ബി.ആര്‍.സി കേന്ദ്രീകരിച്ച് സമഗ്ര ശിക്ഷ കേരള നടത്തിയ സെളി മെ കാല എന്ന പദ്ധതി പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു മാതൃകാ പ്രവര്‍ത്തനം കൂടിയാണിത്. അഗളി എല്‍.പി സ്കൂളിന്‍റെ ചുമരുകളില്‍ ഗോത്ര ജീവിതത്തിന്‍റെ ചരിത്രവും ഗോത്രാചാരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ സെളിമെ കാല എന്ന പേരില്‍ ഗോത്രാ ഭാഷാ അധ്യാപന സഹായിയും തയ്യാറാക്കിയിട്ടുണ്ട്. മലയാളവും ഗോത്രഭാഷകളും തമ്മിലുള്ള സാമ്യ- വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇത്തരം വിദ്യാലയങ്ങളില്‍ കുട്ടികളോട് സംവദിക്കുന്നത് അധ്യാപകര്‍ക്ക് സഹായകമായ രീതിയിലാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം രൂപപ്പെടുത്തിയിരിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നിയമനം നേടുന്ന അധ്യാപകര്‍ക്ക് പരിശീലന സമയത്ത് മാര്‍ഗ്ഗദര്‍ശിയായി ഈ പുസ്തകം പ്രയോജനപ്പെടുത്താനും സാധിക്കും.. ഈ ഓണ്‍ലൈന്‍ പഠന കാലത്ത് പ്രൈമറി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ക്ക് ഗോത്ര ഭാഷാ രൂപാന്തരം നടത്തി തയ്യാറാക്കിയ വീഡിയോ ക്ലാസുകളും ഏറെ ശ്രദ്ധ നേടുകയുണ്ടായി.. ഇത്തരത്തില്‍ ഒറ്റപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഗോത്രമേഖലയില്‍ നടക്കുന്നുണ്ട്. അവ മുഖ്യധാരാ പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് കുറെ കൂടി കാര്യക്ഷമമാക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഗോത്രമേഖലയിലെ വിദ്യാഭ്യാസരംഗത്ത് നൂതന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

 

മിത്ര സിന്ധു
അദ്ധ്യാപിക
അട്ടപ്പാടി
സെളിമെ കാല പുസ്തക രചയിതാവ്

COMMENTS

COMMENT WITH EMAIL: 0