Homeഅതിഥിപത്രാധിപക്കുറിപ്പ്

നുഷ്യരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് രോഗം സുഖപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ക്കും . പക്ഷേ ചികിത്സാരംഗം ഏറിയ പങ്കും പുരുഷ – വരേണ്യ കേന്ദ്രീകൃതമായാണ് നിലകൊണ്ടത്.ആരോഗ്യം എന്ന അവസ്ഥ തന്നെ വളരെ ആപേക്ഷികവും കൃത്യമായ നിര്‍വചനമില്ലാത്തതും ആയിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ആധുനികകാലമാണ് രോഗാവസ്ഥകളെ കണിശമായ യാഥാര്‍ത്ഥ്യങ്ങളായി രേഖപ്പെടുത്തിയതും അവയില്‍ നിന്ന് സുഖം പ്രാപിക്കാനുള്ള പ്രതിവിധികളെ ശാസ്ത്രത്തിന്‍റെ യുക്തികളുടേയും രീതികളുടേയും മട്ടില്‍ ചിട്ടപ്പെടുത്തിയെടുത്തതും.1920 -കളുടെ തുടക്കം വരെ മനുഷ്യരുടെ ശരാശരി ആയുസ് 40 ല്‍ താഴെയായിരുന്നു. ആധുനികതയും ആധുനികതയുടെ സ്വഭാവ ലക്ഷണങ്ങളായ ജനാധിപത്യവും സമത്വവും തന്നെയാണ് ‘ചികിത്സ എല്ലാവര്‍ക്കും’ എന്ന ആശയത്തെ പരക്കെ സ്വീകാര്യമാക്കിയത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ ഉയര്‍ച്ചയോടെ പൊതുജനാരോഗ്യം ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമായി സ്ഥാപിക്കപ്പെട്ടു. അങ്ങനെ ചികിത്സ എന്നത് ഭരണാധികാരിയുടെ മഹാമനസ്കതയാല്‍ ഉണ്ടായേക്കാവുന്ന കരുതല്‍ എന്നതിലുപരി പ്രധാന ഭരണവകുപ്പുകളിലൊന്നായി നിലവില്‍ വന്നു. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്‍റെ ഒരളവുകോല്‍ കൂടിയായി മാറി ഈ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍.
എറിക് ഹോബ്സ്ബോം എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍റെ അഭിപ്രായത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ പൊതുജനാരോഗ്യവും ചികിത്സാ സംവിധാനങ്ങളും ഭരണകൂടത്തിന്‍റെ കര്‍മ്മവിഷയമായാണ് പൊതുജനങ്ങള്‍ വിലയിരുത്തിയത്. വ്യവസായകേന്ദ്രീകൃതമായ മുതലാളിത്ത രാഷ്ട്രത്തില്‍ സാര്‍വ്വത്രിക ഇന്‍ഷുറന്‍സിന്‍റെ അഭാവമുള്ളതു കൊണ്ടുതന്നെ സര്‍ക്കാര്‍ ആശുപത്രികളും മറ്റ് പൊതു ചികിത്സാസംവിധാനങ്ങളും അത്യന്താപേക്ഷിതമായിരുന്നു. പക്ഷേ വികസിത രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന യു. എസ് . എ., യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ പോലും ചികിത്സാ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാകുന്നതില്‍ വ്യക്തമായ അസമത്വമുണ്ട് എന്നത് വസ്തുതയാണ്.

ചികിത്സയെക്കുറിച്ച് പുരാതന കാലത്ത് എഴുതപ്പെട്ട രേഖകള്‍ മുതല്‍ ഇന്നത്തെ മെഡിക്കല്‍ പാഠ്യപദ്ധതികളില്‍ വരെ സാമൂഹിക സംവര്‍ഗ്ഗങ്ങളായ ലിംഗഭേദം, വംശം, വര്‍ഗ്ഗം, വര്‍ണ്ണം തുടങ്ങിയവയുടെ വ്യക്തമായ പക്ഷപാതിത്വങ്ങള്‍ നമുക്ക് കാണാവുന്നതാണ്.രണ്ടാം സ്ത്രീവാദ തരംഗത്തിന്‍റെ ഭാഗമായാണ് മെഡിക്കല്‍ സ്ത്രീവാദം , ലിംഗഭേദാസ്പദമായ ചികിത്സ എന്നീ പഠനശാഖകള്‍ ഉടലെടുത്തത്. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീശരീരങ്ങളെ നിയന്ത്രിക്കാനും അധീശത്വത്തിനു കീഴില്‍ കൊണ്ടുവരാനും പുരുഷകേന്ദ്രീകൃത ഭരണവര്‍ഗ്ഗം ചികിത്സയെ ഒരു ഉപകരണമാക്കിയതെങ്ങനെയൊക്കെ എന്ന് ഈ പഠനങ്ങള്‍ നിശിതമായും വിമര്‍ശനാത്മകമായും വരച്ചു കാട്ടി . ലിംഗഭേദാസ്പദമായ ചികിത്സ എന്ന പഠനവിഭാഗം, നിലനില്‍ക്കുന്ന ലിംഗഭേദാവസ്ഥകളും വിവേചനങ്ങളും അവയുടെ സാമൂഹിക , സാമ്പത്തിക, രാഷ്ട്രീയ, ആരോഗ്യ പ്രത്യാഘാതങ്ങളും ആരായുന്നു.മെഡിക്കല്‍ സ്ത്രീവാദം എല്ലാ ലിംഗഭേദവിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പാക്കണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ശക്തമായ പ്രസ്ഥാനമാണ്. പ്രസവത്തിലും സ്തനാര്‍ബുദചികിത്സയിലും ഒതുങ്ങിപ്പോകാതെ സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റ് ശാരീരിക / മാനസിക രോഗപീഢകളിലേക്കും ശ്രദ്ധതിരിക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കും ഈ പ്രസ്ഥാനം വിരല്‍ ചൂണ്ടുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ആര്‍ത്തവവേദന ,ആര്‍ത്തവവിരാമ സങ്കീര്‍ണ്ണാവസ്ഥകള്‍, എന്‍ഡോമെട്രിയോസിസ്, പി. സി. ഒ .ഡി . മുതലായ അവസ്ഥകള്‍ക്കും ഇന്ന് ശരിയായ ചികിത്സയോ ഗവേഷണമോ ഇല്ലാത്തതെന്തുകൊണ്ട് ? പ്രസവവേദന ഇപ്പോഴും സ്ത്രീ സഹിക്കേണ്ടുന്ന വേദനയാണ് എന്ന ചിന്ത ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്നത് എന്തുകൊണ്ട് ? ഇത്തരം ചോദ്യങ്ങളും മെഡിക്കല്‍ സ്ത്രീവാദം ശക്തമായി ഉന്നയിക്കുന്നു.

ഈ ലക്കത്തിലെ സംഘടിതയില്‍ , ചികിത്സയും ലിംഗഭേദാവസ്ഥകളും എന്ന വിഷയത്തെ മുന്‍നിര്‍ത്തി, ഇരുപതില്‍പരം ലേഖനനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊളോണിയല്‍ കാലത്തെ പ്രസവശുശ്രൂഷ, വനിതാനഴ്സുമാരുടെ വിദേശ കുടിയേറ്റം, ആയുര്‍വ്വേദത്തിലെ സ്ത്രീസങ്കല്‍പങ്ങള്‍, ഗോത്രവര്‍ഗ്ഗ ആരോഗ്യസമ്പ്രദായങ്ങളിലെ ലിംഗഭേദാവസ്ഥകള്‍ , ഗൈനക്കോളജി എന്ന സ്ത്രീരോഗ ചികിത്സയുടെ ഉത്ഭവത്തിന് സ്വന്തം ജീവന്‍റെ വിലകൊടുത്ത, എന്നാല്‍ അറിയപ്പെടാതെപോയ സ്ത്രീകളുടെ ചരിത്രം, ഗര്‍ഭഛിദ്രത്തിന്‍റെ വേദനകള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ ലക്കം കൈകാര്യം ചെയ്യുന്നത്. മെഡിക്കല്‍ രംഗത്തെ ട്രാന്‍സ് വിരുദ്ധത പ്രത്യേക പ്രമേയമാക്കി മൂന്ന് ലേഖനങ്ങളും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് . മെഡിക്കല്‍ അശ്രദ്ധയും പരിചരണനിഷേധവും മൂലം കൊല്ലപ്പെട്ട അനന്യാകുമാരി അലക്സിനും ആയിരക്കണക്കിന് സ്ത്രീ – ക്വിയര്‍ ജീവിതങ്ങള്‍ക്കും ഈ ലക്കം സമര്‍പ്പിക്കുന്നു.

ഡോ.മാളവിക ബിന്നി
അധ്യാപിക, എസ്.ആര്‍.എം യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0