മുഖവുര- ജൂണ്‍ ലക്കം

Homeമുഖവുര

മുഖവുര- ജൂണ്‍ ലക്കം

ഡോ.ഷീബ കെ.എം.

‘ബേട്ടി ബച്ഛാഒ’ പോലും! കേന്ദ്ര സര്‍ക്കാരിന്‍റെ ഈ മധുര മനോജ്ഞ സ്ത്രീപക്ഷ മുദ്രാവാക്യം ഉള്ളു പൊള്ളയായി ദ്രവിച്ചു വീഴുകയാണിവിടെ. ജനാധിപത്യ വ്യവസ്ഥയില്‍ അരിയിട്ട് വാഴ്ചകളും പുരോഗമനസാമൂഹ്യസങ്കല്പനങ്ങളില്‍ ലൈംഗികാക്രമണങ്ങളും സ്ഥാനം പിടിക്കുന്ന ഇരട്ടത്താപ്പിന്‍റെ മാരക പ്രയോഗങ്ങളാണിവിടെ അരങ്ങേറുന്നത്. രാഷ്ട്രീയാധികാരം നാള്‍ക്കുനാള്‍ എത്രമാത്രം ഭരണവര്‍ഗ്ഗകേന്ദ്രീകൃതവും മത, ജാതി, ലിംഗപദവി അധീശത്വങ്ങളെ പെരുക്കുന്നതുമാണെന്ന് ഭയാശങ്കകളോടെയാണ് നാം വീക്ഷിക്കുന്നത്. രാജ്യത്തിന്‍റെ യശസ്സുയര്‍ത്തിക്കൊണ്ട് ഒളിമ്പിക്ക് മെഡല്‍ നേടിയ ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ തുടങ്ങിയവര്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമത്തിനെതിരെ പരാതിപ്പെട്ടിട്ട് നാളുകളായി. ഏപ്രില്‍ 23 മുതല്‍ ദില്ലി ജന്തര്‍ മന്തറില്‍ സമരം നടത്തിയിട്ടും കുറ്റാരോപിതനായ ബി.ജെ.പി. എം. പി.യും ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ കുറ്റത്തിന് നടപടിയെടുക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണ്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പൂജാവിധികളോടെ ചെങ്കോല്‍ വാഴ്ച നടന്നപ്പോള്‍ പുറത്ത് നീതിക്കുവേണ്ടി പൊരുതുന്ന മൂന്നു പേരേയും അറസ്റ്റ് ചെയ്തു നീക്കിയ വൈരീബോധ അധികാരപ്രയോഗത്തിന് തലസ്ഥാനം സാക്ഷിയായി. നീതിയുള്ളിടത്തേ ദേശമുള്ളു എന്ന ആപ്തവാക്യം ഇവിടെ മുമ്പെന്നെത്തേക്കാളുമേറെ പ്രസക്തമാവുന്നുണ്ട്. പ്രതിഷേധിക്കുക, പ്രതിഷേധിക്കുക! നീതിക്കു വേണ്ടി ഏതറ്റം വരെയും പ്രതിഷേധം തുടരുക എന്നു തന്നെയാണ് ഈ ധീര പോരാളികളോട് ഐക്യദാര്‍ഡ്യത്തോടെ അപേക്ഷിക്കാനുള്ളത്.

രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അപഹാസ്യചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. തോന്നുമ്പോള്‍ തോന്നുമ്പോള്‍ മുന്നറിയിപ്പോ ന്യായീകരണമോ ഇല്ലാതെ നാണയവ്യവസ്ഥയെ മാറ്റുന്നത് രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് ചേര്‍ന്നതല്ല തന്നെ.മൂലധന ശക്തികളുടെ പ്രേരണകളും തെരഞ്ഞെടുപ്പുകളില്‍ ഒഴുക്കപ്പെടുന്ന പണത്തിന്‍റെ കാരണങ്ങളും ചേര്‍ന്ന് സാധാരണ ജനങ്ങളുടെ പണമിടപാടുകള്‍ നിയന്ത്രിക്കപ്പെടുന്ന നോക്കുകുത്തി ജനാധിപത്യത്തിലേക്ക് ഇന്ത്യ തരം താണിരിക്കുന്നു എന്ന് പറയാതെ വയ്യ !

സ്വവര്‍ഗ്ഗവിവാഹത്തിന് വേണ്ടിയുള്ള അപേക്ഷകളില്‍ പത്ത് ദിവസം വാദം കേട്ട ശേഷം സുപ്രീം കോടതി വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. നാനാമത അദ്ധ്യക്ഷരും കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി എതിര്‍ നിന്ന് പാരമ്പര്യസംരക്ഷകര്‍ ചമയുന്ന കാഴ്ച അത്യന്തം അപലപനീയവും നിരാശാജനകവുമാണ്. കാലം മാറുമ്പോള്‍ ജനാധിപത്യ സങ്കല്പങ്ങളിലും സംവിധാനങ്ങളിലും അവശ്യം മാറ്റം വരേണ്ടതുണ്ടല്ലോ.
കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ സ്നേഹ(?)ബന്ധങ്ങളിലെ അക്രമസംഭവങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ദ്ധിച്ചു വരുന്നുണ്ട്. പ്രണയം നടിച്ച് സ്ത്രീകളെ കൊല ചെയ്യുന്ന ബന്ധങ്ങള്‍, ഭര്‍ത്താവിനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത സ്ത്രീ, കൊല നടത്തി ജഡം വെട്ടിത്തുണ്ടമാക്കി ഉപേക്ഷിച്ച ശേഷവും നിര്‍മ്മമമായി പെരുമാറുന്ന സ്ത്രീ പുരുഷന്‍മാര്‍ ബദല്‍ ബന്ധങ്ങള്‍ ഇണക്കിചേര്‍ക്കുന്ന ട്രാന്‍സ് വ്യക്തികള്‍ പോലും ഉള്‍പ്പെടുന്ന ഈ ഹിംസയുടെ മഹാവ്യാധി നമ്മെ ഗ്രസിച്ചിരിക്കുന്നു. മഹായുദ്ധങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും, പലായനങ്ങളും , ദാരിദ്ര്യവുമൊക്കെ മനുഷ്യജീവിതത്തിന് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ ആര്‍ദ്രമാകേണ്ട ബന്ധങ്ങള്‍ പോലും മാരകശേഷി കൈവരിക്കുകയാണ്. ബന്ധങ്ങളുടെ താല്‍ക്കാലിക പ്രശ്നപരിഹാരം എന്ന മട്ടില്‍ കൊന്നും ചത്തും മനുഷ്യരാശി അവസാനിക്കും മുമ്പ് അഴിയാത്ത വിധം കെട്ടുപിണഞ്ഞ ബന്ധങ്ങളഏ സമാധാനപരമായ വിടുതലുകള്‍ക്കായി വേദിയൊരുക്കപ്പെടേണ്ടതുണ്ട്.

സ്വകാര്യസ്വത്ത് ഉണ്ടായ കാലം മുതല്‍ സ്വത്തവകാശവും പ്രസക്തമായ ആലോചനകള്‍ക്കും ചിട്ടപ്പെടുത്തലുകള്‍ക്കും വിധേയമായിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗോത്ര ജീവിതത്തില്‍ നിന്നും ഭരണകൂട സമൂഹങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ പിതൃമേധാവിത്ത കുടുംബങ്ങളും ഉപോല്‍പ്പന്നങ്ങളായി ഉടലെടുത്തത് കാണാവുന്നതാണ്. പ്രാചീനകാലം മുതല്‍ സ്വത്ത് സമ്പാദകനായ പുരുഷന്‍ ഈ സ്വത്തുക്കള്‍ക്ക് അവകാശി തന്‍റെ മക്കള്‍ തന്നെ എന്ന് ഉറപ്പിക്കാന്‍ സ്ത്രീ ലൈംഗികതയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നമുക്ക് പുതിയ അറിവുകളല്ല. സെമറ്റിക് മതങ്ങള്‍ രൂപപ്പെട്ട വേളയില്‍ ദൈവവും വിശ്വാസവും മാത്രമല്ല സാമൂഹ്യക്രമങ്ങളും വ്യവസ്ഥാപിതമായി. അങ്ങനെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ എഴുതപ്പെട്ട നിയമങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിച്ചതായി കാണാം. എന്നാല്‍ ഏതു വ്യവസ്ഥാപിത മതവും അതിന്‍റെ പ്രയോഗവേളയില്‍ മൂലഗ്രന്ഥപരാമര്‍ശങ്ങളേക്കാള്‍ ആശ്രയിക്കുന്നത് അവയുടെ വ്യാഖ്യാനങ്ങളെയാണെന്നതാണ് സത്യം. കാലാകാലങ്ങളില്‍ പുരുഷപുരോഹിതരുടെ ആണ്‍കോയ്മാ താല്‍പര്യങ്ങളെ സംരക്ഷിച്ചു കൊണ്ടാണ് ഇവ നടപ്പിലാക്കപ്പെട്ടത് എന്നതാണ് സത്യം. ഇന്ത്യ പോലുള്ള രാജ്യത്ത് അധിനിവേശ ശക്തികള്‍ അവര്‍ക്ക് ആധികാരികമെന്ന് തോന്നിയ മട്ടില്‍ ക്രോഡീകരിച്ചവയായിരുന്നു വ്യക്തിനിയമങ്ങള്‍ . ഇത് തീര്‍ത്തും മൂലമതഗ്രന്ഥാധിഷ്ഠിതമാണെന്ന തെറ്റിദ്ധാരണയാണ് പരത്തപ്പെട്ടത്. ഈ പോരായ്മകള്‍ ഏറ്റവും ദുരിതപൂര്‍ണ്ണമാക്കിയത് ഓരോ മതത്തിലെയും സ്ത്രീകളെ ആയിരുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വേണ്ടി ഓരോ മതസ്ഥരായ സ്ത്രീകളും പൊരുതേണ്ട സാഹചര്യമാണ് ഉടലെടുത്തത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മതഗ്രന്ഥങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന നീതിബോധവുമായിരിക്കണം പരിഷ്ക്കരണങ്ങള്‍ക്കാധാരം. മാറിയ കാലങ്ങളെയും ജീവിത സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളാതെ ഗ്രന്ഥങ്ങളിലെ വാച്യാര്‍ത്ഥങ്ങളില്‍ ശാഠ്യം പിടിച്ചു നില്‍ക്കുന്നത് പുരോഗമന ജനാധിപത്യ ബോധത്തിന്‍റെ ലക്ഷണങ്ങളല്ല തന്നെ. ഈ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഫോറം ഫോര്‍ മുസ്ലീം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന സംഘാടനത്തിന്‍റെ മുന്‍കൈയല്‍ മുസ്ലീം സ്ത്രീകളുടെ സ്വത്തവകാശപ്രശ്നത്തില്‍ നടത്തുന്ന പോരാട്ടങ്ങളെ ചര്‍ച്ച ചെയ്യുകയാണ് സുല്‍ഫത്ത് അതിഥിപത്രാധിപരായ ഈ ലക്കം സംഘടിത. ഗൗരവ വായനയ്ക്കായി സമര്‍പ്പിക്കുന്നു.

ഡോ.ഷീബ കെ.എം.

COMMENTS

COMMENT WITH EMAIL: 0