Homeകവിത

കണ്ണുകെട്ടിക്കളി

NYC Parents Sue Posh Kindergarten

കുഞ്ഞുങ്ങളെല്ലാം ദേവികളായിരുന്നോരു ദേശമുണ്ടായിരുന്നു
അവിടെ പൂണൂലുപോലെ നീണ്ടോരൊറ്റ പള്ളിക്കൂടവും
പോകരുതെന്ന് വിലക്കുണ്ടായിരുന്നു.
കണ്ണുകെട്ടികളിച്ചെപ്പോഴോ
അറിയാതൊരുണ്ണി പൂണൂല്‍ പള്ളികൂടത്തിലകപ്പെട്ടു.
കണ്ണടച്ചുരുവിട്ടുകൊണ്ടേയിരിക്കുന്നവര്‍,
കണ്ടിട്ടും കാണാതെ-
കരയാന്‍ മറന്നവായാല്‍ ചവച്ചുനില്‍ക്കുന്നു,
പൊന്‍മണികിലുക്കത്തിലൊത്തിരി ഗോക്കള്‍.
കണ്‍കെട്ടഴിച്ചിട്ടും നിറഞ്ഞ നെയ്ദീപത്തിന്‍ ചൂട്
തെളിച്ചമില്ലാത്തതെന്തേയെന്നുണ്ണിയ്ക്കാശ്ചര്യം
നാളുനാളേറെക്കടന്നു, വളര്‍ന്നെപ്പോഴോ പുറത്തേയ്ക്കും….
അതിശയം, നെഞ്ചിന്‍കൂടുചുറ്റെ നൂല്‍വലയം
നിറമിളകിയൊലിച്ചോരു കറുപ്പ് തൂവെള്ളകുപ്പായമാകെ,
ഉരച്ചിട്ടുമുരച്ചിട്ടും പോകാതെ തോട്ടുവക്കത്തൊരു നെടുവീര്‍പ്പ്
വെയിലകന്നോരുച്ചബാക്കിയില്‍ കളിച്ചു കുഞ്ഞുകണ്‍കള്‍കെട്ടി
എത്തീ, തിരിഞ്ഞുമറഞ്ഞ നടത്തത്തിനപ്പുറമൊരു, പൂമുഖം
ഊഞ്ഞാലിലാടി പൂണൂലുറയിട്ടോരു ബാല്യത്തിനതിഗൗരവം
കല്ലിച്ച നിശബ്ദത ഭയപ്പാടെന്ന നിമിഷത്തില്‍ കണ്‍കെട്ടഴിച്ചതും
ആഞ്ഞടഞ്ഞു പുതുകൊത്തുവേല ചാതുരിയായൊരു വാതില്‍
മഴക്കാലമെന്നതോ ശരി, കാറ്റുവീശിയതെന്നാകുമോ?
അന്നുതൊട്ടെന്ന പോലാകുമോ
ദേവാംശമൊക്കെയും മാഞ്ഞ കുഞ്ഞുപിറവികള്‍
അതിരുചാര്‍ത്തുവാന്‍, കനത്ത വാതില്‍പ്പുറങ്ങള്‍ക്കും മെച്ചമായ്
പുതുമരം നാടൊട്ടുശിരോടെ പടര്‍ന്നു. മതം പോലുള്ളുറച്ചവ
വംശം പോല്‍ പുറംതൊലി നേര്‍ത്തതും
കുഞ്ഞുങ്ങളെല്ലാം ദേവകളായിരുന്നോരു ദേശത്ത്
കണ്ണുകെട്ടിക്കളി കാറ്റില്‍ പറന്നുപോയി
കളികളില്ലാതെ കനച്ചകണ്ണുകള്‍ പിന്നേയും ഞെട്ടി
നൊന്തു, വിറങ്ങലിച്ചു
നീണ്ട വൃത്തവരാന്തയുടെ പൂണൂല്‍ സര്‍വ്വകലാശാലയ്ക്കുള്ളില്‍
രഹസ്യത്തിലെ രഹസ്യമായി ഭൂതകാലത്തെയുറക്കി
പുതപ്പായ് പൊതിഞ്ഞ്
കറപടര്‍ന്നതൂവെള്ളകുപ്പായം, അതിന്‍മേലൊരു കാഴ്ചപ്പെട്ടകപ്പൂട്ടും

ശാലിനി രാമചന്ദ്രന്‍
അദ്ധ്യാപിക
മലയാളവിഭാഗം
സി.എം.എസ്. കോളേജ്

COMMENTS

COMMENT WITH EMAIL: 0