Homeചർച്ചാവിഷയം

മതമറയില്‍ അകപ്പെടുന്നവര്‍

‘നിങ്ങളുടെ കൈവശം മറ്റാരുടെയെങ്കിലും സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ അത് കൊടുത്തു വീട്ടുക.’
‘സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക.അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ് ‘ ‘സ്ത്രീകളോട് നിങ്ങള്‍ മാന്യമായി പെരുമാറുക. അവര്‍ക്ക് ആവശ്യമായതെല്ലാം നീതിപൂര്‍വ്വം നിറവേറ്റുക.’
ഹിജ്റ പത്താം വര്‍ഷം അറേബ്യയിലെ അറഫാ മലയില്‍ മുഹമ്മദ് നബി (സ) നടത്തിയ മാനവ സംസ്കാരത്തിന്‍റെ വിളംബരമായ വിടവാങ്ങല്‍ പ്രസംഗത്തിലെ ചില വാക്യങ്ങളാണ്… അവസാന കാലം വരെയും ഒരു പുരുഷ വിശ്വാസി സ്ത്രീയോട് നില നിര്‍ത്തേണ്ട മര്യാദകളാണ് പ്രവാചകന്‍ ഇവിടെ പ്രതിപാദിച്ചത്.
‘മലപ്പുറം ജില്ലയിലെ താനൂരില്‍ താമസിക്കുന്ന അറുപത്തെട്ടുകാരിയായ ആയിശുമ്മക്ക് ബന്ധുക്കളായി മൂന്നു പെണ്മക്കളും അഞ്ചു പേരമക്കളുമാണ് ഉള്ളത്. വാര്‍ധക്യത്തിലേക്കു കാലെടുത്തു വെച്ച ആ ഉമ്മ ഇന്ന് കടത്തിന്‍റെ കെട്ടിക്കുടുക്കില്‍ കിടന്നു പിടയുകയാണ്.

മലപ്പുറത്തുള്ള മറ്റു ഗള്‍ഫു കുടിയേറ്റക്കാരെ പോലെ തന്നെ ദാരിദ്ര്യം അലട്ടിയപ്പോഴാണ് ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും വാടക വീട്ടില്‍ വിട്ടു കൊണ്ട് ഹംസക്കോയയും കടല്‍ കടന്നത്. സ്വന്തമായി ഒരു കൂര പണിയാനുള്ള പെടാപാടിനിടയില്‍ മണലാരണ്യത്തില്‍ നിന്നും ഹംസക്കോയ സ്വന്തം മണ്ണില്‍ കാലു കുത്തിയത് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വാടക വീട്ടില്‍ ഭര്‍ത്താവിന്‍റെ അഭാവത്തില്‍ മൂന്നു പെണ്‍ മക്കളുമായി ആയിശുമ്മ കണ്ണില്‍ എണ്ണ ഒഴിച്ചു കാത്തിരുന്ന നാളുകളായിരുന്നു.

ഏഴു വര്‍ഷം മരുഭൂമിയില്‍ ജോലി ചെയ്തു സ്വരൂപിച്ചത് അഞ്ചു ലക്ഷം രൂപയായിരുന്നു. അത് കൊണ്ട് സ്വന്തമായി ഭൂമി വാങ്ങി. അതില്‍ ഭാര്യയുടെ കുടുംബ വിഹിതം ചിലവാക്കിക്കൊണ്ട് വീടു നിര്‍മ്മിക്കുകയും ചെയ്തു. ഹംസക്കോയ ഗള്‍ഫില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ മൂത്ത മകളുടെ വിവാഹം നടത്തി. ഇരുപത് വര്‍ഷത്തോളം ഹംസക്കോയ ഗള്‍ഫില്‍ കൂലി വേല ചെയ്തു. ശാരീരിക പ്രയാസം നേരിടാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി.
രണ്ടു പെണ്മക്കളുടെ വിവാഹത്തിന്‍റെയും സ്വന്തം ചികിത്സയുടെയും സാമ്പത്തിക ബാധ്യതകൂടിയപ്പോള്‍ കിടപ്പാടം അവര്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി.

മണലാരണ്യത്തിലെ മുന്‍സിപ്പാലിറ്റിയില്‍ ഇരുപത് വര്‍ഷത്തോളം കൂലി വേല ചെയ്തു കിട്ടിയ തുച്ഛമായ വരുമാനം ഊറ്റിപ്പെറുക്കി വെച്ചു കൊണ്ട് വാങ്ങിയ വീടും പറമ്പും വിറ്റ അവര്‍ വീണ്ടും വാടക വീട്ടിലേക്ക് താമസമാക്കി. കടബാധ്യതകള്‍ തീര്‍ത്തതില്‍ മിച്ചം വന്ന പണം കൊണ്ട് ഹംസക്കോയ വീണ്ടും വീട് നിര്‍മ്മിക്കുവാനായി ഒമ്പത് സെന്‍റ് ഭൂമി വാങ്ങുകയും അതിലൊരു കൊച്ചു വീടു പണിയും ആരംഭിച്ചു. എന്നാല്‍ വീടു പണി പൂര്‍ത്തിയാകും മുമ്പ് ആരോഗ്യസ്ഥിതി മോശമാവുകയും 2018ല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതോടെ ആയിശുമ്മയില്‍ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും വന്നു ചേര്‍ന്നു. ഇതിനിടയില്‍ മൂത്ത മകള്‍ വിവാഹബന്ധം ഒഴിവാക്കി വീട്ടില്‍ തിരിച്ചു വന്നു.

ദാരിദ്ര്യത്തിന്‍റെ കൈപുനീര്‍ നുണഞ്ഞു ശീലിച്ചതെങ്കിലും, ആയിശുമ്മ പെണ്‍മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കാന്‍ ഭയപ്പെട്ടു.പരിചയമുള്ള പലരോടും കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്താലും ആയിഷുമ്മ വീടിന് വാതിലിനു പൊളികളടക്കം അത്യാവശ്യം വേണ്ട മറ്റു പണികളും ചെയ്യിച്ചു. നിത്യ ജീവിതത്തിലെ ചിലവുകളും വീടു പണിയും കാരണം ഈ കുടുംബം തിരിച്ചു നല്‍കാന്‍ സാധിക്കാത്ത വലിയൊരു സംഖ്യയുടെ കടക്കെണിയിലകപ്പെട്ടു. വീണ്ടും ആ ഉമ്മയും മക്കളും കിടപ്പാടം വില്പന നടത്തി കടങ്ങള്‍ വീട്ടാന്‍ തീരുമാനിച്ചു. എന്നാല്‍ ഇത്തവണ അവര്‍ക്ക് അതിന് സാധിക്കുന്നില്ല.
ഹംസക്കോയക്ക് പെണ്മക്കള്‍ മാത്രമായത് കൊണ്ട് സഹോദരങ്ങള്‍ക്കും അവകാശം കൊടുക്കണം. അവരുടെ സമ്മതത്താല്‍ മാത്രമാണ് ആയിശുമ്മയും മക്കളും താമസിച്ചു വരുന്ന വീടും സ്ഥലവും വില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

സഹോദരങ്ങളില്‍ ഒരാളെ കാലങ്ങള്‍ക്ക് മുമ്പ് കാണാതായതാണ്. വീടും സ്ഥലവും വില്‍ക്കുവാന്‍ ഈ സഹോദരന്‍റെയും സമ്മതം ആവശ്യമായിരിക്കുന്നു.
സഹോദരങ്ങളുടെ എല്ലാവരുടെയും സമ്മതപത്രം ഉണ്ടെങ്കിലേ വീട് വില്‍ക്കാനും ഈ കുടുംബത്തിന് കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാനും സാധിക്കുകയുള്ളൂ. ഹംസക്കോയ തന്‍റെ യൗവ്വനകാലം മുഴുവനും മണലാരണ്യത്തില്‍ ഉരുക്കി ഒഴുക്കിയും ദാമ്പത്യത്തിന്‍റെ വിരഹ വേദനയില്‍ പിടഞ്ഞു കൊണ്ട് ആയിശുമ്മയും മനസ്സും ശരീരവും മറന്നു കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം കുടുംബത്തിന്‍റെ ആവശ്യത്തിന് ഉപകരിക്കാതെ നില്‍ക്കുന്നു.

നിലവിലുള്ള ഇസ്ലാമിക സ്വത്തവകാശ നിയമപ്രകാരം ( ശരീഅഃ 1937 ) ആണ്‍കുട്ടികളില്ലാത്തവരുടെ സമ്പാദ്യത്തില്‍ സഹോദരങ്ങളും അവകാശികളായി വരുന്നു എന്ന ഒറ്റക്കാരണത്താല്‍ ഇന്ന് സ്വസ്ഥത നശിപ്പിക്കുന്ന കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനുള്ള വക ഈ കുടുംബത്തിന്‍റ കൈവശം ഉണ്ടെങ്കിലും ആവശ്യം വന്നപ്പോള്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ഹംസക്കോയക്ക് പെണ്‍മക്കള്‍ മാത്രമായി എന്ന കാരണം ഒന്നു കൊണ്ട് മാത്രം ഈ കുടുംബം കടമുള്ള കാരണത്താല്‍ ജീവന്‍ വെടിയേണ്ട നിലയില്‍ എത്തിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിനനുസരിച്ചുണ്ടായ നിയമങ്ങള്‍ പലയിടത്തും മാറ്റം വന്നിരിക്കുന്നു.എന്നാല്‍ പലരും ചേര്‍ന്നു എഴുതി ഉണ്ടാക്കിയ നിയമങ്ങളെ നീതികരിക്കാനും മനുഷ്യര്‍ക്ക് ഉപകാരപ്പെടുത്താനും സാധിക്കുന്നില്ല. കൂടാതെ ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം സാധാരണക്കാര്‍ക്ക് കൊടുക്കാതിരിക്കുന്നതും ചതിയേക്കാള്‍ ചെറുതല്ല.
പാവപ്പെട്ട ഒരു കുടുംബം ഉടലെടുക്കുമ്പോള്‍ ഒരു കുടുംബനാഥന്‍ കുടുംബത്തിന്‍റെ സംരക്ഷണത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. പെണ്‍ മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ മാന്യമായ രീതിയില്‍ അവരെ വിവാഹം ചെയ്തു സുരക്ഷിതമാക്കുക എന്നതും സുപ്രധാന കര്‍ത്തവ്യമായി കാണുന്നു. പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ മണലാരണ്യത്തിലേക്ക് കടക്കുന്നത് പെണ്‍മക്കള്‍ക്ക് വേണ്ട സ്ത്രീധനം ഒരുക്കുവാനും വേണ്ടിയാണ്. ഹംസക്കോയ പെണ്മക്കളുടെ വിവാഹദൗത്യം നിര്‍വ്വഹിച്ചു. എങ്കിലും, വിറ്റ വീടിനു പകരം നിര്‍മ്മിക്കുന്ന വീടിന്‍റെ പണി പൂര്‍ത്തീകരിക്കാതെ ജീവിതത്തില്‍ നിന്നും വിട പറയുകയായിരുന്നു.

വിധവയായ ഭാര്യക്കും മക്കള്‍ക്കും ഇപ്പോള്‍ ഇങ്ങനെ ഒരവസ്ഥ ഉണ്ടാവുമെന്ന് അദ്ദേഹം ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല. കാരണം പ്രവാചകരെ പിന്തുടരുന്ന സത്യവിശ്വാസികള്‍ ഒരാളുടെയും കണ്ണുനീര് വീഴാന്‍ അനുവദിക്കുകയില്ല എന്ന വിശ്വാസം അദ്ദേഹത്തിന്‍റെ ഉള്ളില്‍ ഉണ്ടായിരിക്കണം.
ഒരു കുടുംബനാഥന്‍ മരണപ്പെടുമ്പോള്‍ പറക്കമുറ്റാത്ത കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അദേഹത്തിന്‍റ കൂടെപ്പിറപ്പുകള്‍ ബാധ്യസ്ഥരാണ്. മരണപ്പെട്ട ആളിന്‍റെ സ്വത്തിന്‍റെ ഓഹരി മൂന്നില്‍ ഒന്ന് കിട്ടിയില്ല എങ്കിലും ഈ കടമ സഹോദരങ്ങള്‍ നിറവേറ്റേണ്ടതാണ് .

ആയിശുമ്മയെ പോലെ അനേകം സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. ഭര്‍ത്താവിന്‍റെയോ പിതാവിന്‍റെയോ സമ്പാദ്യത്തിന്‍റെ വീതം ലഭിച്ചിട്ടുള്ളവര്‍. ഇതൊന്നും ആ സ്ത്രീകള്‍ക്ക് സ്വന്തം ആവശ്യത്തിനു ഉപയോഗപ്പെടുത്താന്‍ സാധിക്കാറില്ല, ദാരിദ്ര്യത്തിന്‍റെ ദുരിതം പേറിക്കൊണ്ട് അവര്‍ പലരുടെയും ഔദാര്യത്തില്‍ ജീവിച്ചു കൊണ്ട് മരിച്ചു പോകുന്നു. ഇവരുടെ മരണ ശേഷം ഈ സ്വത്തുക്കള്‍ അവരെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ കൈവശപ്പെടുത്തുന്നു.
‘അനാഥര്‍ക്ക് സംരക്ഷണം നല്‍കുന്നവനും ഞാനും തമ്മില്‍ സ്വര്‍ഗ്ഗത്തില്‍ കൈവിരലുകള്‍ പോലെ അടുത്തായിരിക്കും എന്ന് റസൂല്‍ പറഞ്ഞതാണ്.چ അനാഥരില്‍ നിന്നും സമ്പത്തിന്‍റെ മൂന്നില്‍ ഒരു ഓഹരിയും വാങ്ങി പിന്നീട് അവരെ തിരിഞ്ഞു നോക്കാത്ത സഹോദരങ്ങളെയാണ് സമൂഹത്തിലിന്നു അധികവും കാണുന്നത്.
പിന്‍തുടര്‍ച്ചാവകാശനിയമം മാറ്റിപ്പിടിക്കേണ്ടത് പോലെ ഇന്ന് മുസ്ലിംസ്ത്രീകള്‍ മറ്റുള്ളവര്‍ക്കിടയില്‍ അവഹേളിക്കപ്പെടാനുതകുന്ന പല തടസ്സങ്ങളും സമുദായത്തില്‍ നിന്നും നീങ്ങേണ്ടതുണ്ട്.
ചില പുരുഷന്‍മാരുടെ മതചര്യയെന്ന വ്യാജേന കുടുംബത്തിലെ സ്ത്രീകള്‍ക്ക് നേരെ നടത്തി വരുന്ന കടും പിടുത്തമാണ് ഇതിനു കാരണം.

പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗത്തിലൂടെ സ്ത്രീകളോട് അവരുടെ ഭര്‍ത്താക്കന്മാരോട് നീതി പുലര്‍ത്തുവാന്‍ ആജ്ഞാപിച്ചു. കിടപ്പറയില്‍ അന്യ പുരുഷനു കയറാന്‍ അനുവാദം നല്‍കാന്‍ പാടില്ല. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ അവന്‍റെ സ്വത്ത് സംരക്ഷിക്കാനും സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുവാനും നബി കല്പിച്ചു. അത് പോലെ ഉമ്മയുടെ കാലിനടിയിലാണ് മക്കളുടെ സ്വര്‍ഗ്ഗമെന്നും പറയപ്പെടുന്നു. ഉമ്മ അവള്‍ക്ക് സ്വര്‍ഗ്ഗം ജീവിച്ചു കൊണ്ട് കാണിച്ചു കൊടുക്കണം. ഇതിനായി നിര്‍ബന്ധമായും ഇന്ന് സ്ത്രീകള്‍ വീടിനു പുറത്തിറങ്ങേണ്ടതായി വരുന്നുണ്ട് . ഖുര്‍ആനും പ്രവാചകനും പറയാത്ത നിബന്ധനകളാണ് പല സ്ത്രീകളും പുരുഷന്‍മാരില്‍ നിന്നും നേരിടുന്നത്.
സ്വന്തമായി അഭിപ്രായങ്ങളോ ഇഷ്ടങ്ങളോ ഉണ്ടാവാന്‍ പാടില്ലെന്നോ അത് പോലെ അന്യരോട് മിണ്ടാനോ, ചിരിക്കാനോ, ചിന്തിക്കാനോ പാടില്ല എന്ന വിലക്കുകളൊന്നും ഖുര്‍ആന്‍ എവിടെയും എഴുതി വെച്ചിട്ടില്ല. ഇതെല്ലാം സ്ത്രീകളെ തളച്ചിടാനായി പലരും മതത്തോട് ചേര്‍ത്തു കെട്ടിയവയാണ്. ഇതില്‍ ചിലതെല്ലാം ചില സാഹചര്യത്തില്‍ അതിരു ലംഘിക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ. എന്നാലത് പുരുഷനും ബാധകമാണ്.
ഇസ്ലാമില്‍ സ്ത്രീവിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നു. വളര്‍ത്തുമൃഗങ്ങളെ വീടിനു പുറത്തു കെട്ടിയിട്ട് പോറ്റുന്നത് പോലെ വീടിനുള്ളില്‍ കെട്ടിയിട്ടു കൊണ്ട് സ്ത്രീകള്‍ എതെകിലും പുരുഷന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന കാലം കഴിഞ്ഞു.

കാലത്തിനൊത്ത് കോലം മാറുന്ന ഈ കാലത്ത് മതത്തിന്‍റെ വിപരീതമായി നടത്തി വരുന്നപല തരം അനാചാരങ്ങള്‍ക്കും സമുദായം മൗന സമ്മതം നല്‍കുമ്പോള്‍ സ്ത്രീകളുടെ കഴിവുകളെ അംഗീകരിച്ചു കൊടുക്കുന്നതിനും അവര്‍ക്ക് പുരുഷനു തുല്യമായ പ്രാധാന്യം നല്‍കുവാനും സമ്പത്തിന്‍റെ വീതം നല്‍കുന്ന കാര്യത്തിലും ഈ കടും പിടുത്തത്തിന്‍റ ആവശ്യമുണ്ടോ..??

പല കുടുംബങ്ങളിലും പുരുഷന്‍മാരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്താലും അതല്ല എങ്കില്‍ അവരുടെ അഭാവത്തിലും സ്ത്രീകള്‍ സ്വയം പുറത്തു പോയി അധ്വാനിച്ചു കൊണ്ട് കുടുംബം പുലര്‍ത്തുന്നുണ്ട്. രോഗികളും വാര്‍ദ്ധക്യവുമായ മാതാപിതാക്കള്‍ക്ക് ആണ്‍മക്കളെക്കാളും അധികം പെണ്‍മക്കള്‍ സംരക്ഷണം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ മാന്യമായ രീതിയില്‍ ധരിച്ചുകൊണ്ട് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യവും ഇസ്ലാം നല്‍കുന്നുണ്ട്. ക്ഷമയും മനോ ബലവും സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ കുറവില്ല എന്നത് പ്രസവം എന്ന മഹത് കര്‍മത്തിലൂടെ അവള്‍ തെളിയിക്കുന്നു.
‘ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.’ സ്ത്രീകളോട് കാണിക്കുന്ന കണ്ണടച്ചു ഇരുട്ടാക്കുന്ന ഈ വിവേചനം പുരുഷ മേധാവിത്വങ്ങല്‍ അവസാനിപ്പിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.സ്ത്രീകള്‍ കുടുംബത്തിന്‍റെ വിളക്കാണെങ്കില്‍ ആ വിളക്കിന്‍റെ വെളിച്ചത്തില്‍ ജീവിക്കുമ്പോഴാണ് കുടുംബവും സമൂഹവും സമുദായവും നിറമുള്ളതാകുന്നത്.
ഭാര്യമാര്‍ക്ക് നിങ്ങളുടെ സമ്പത്തില്‍ നിന്നും ഒരു വീതം നല്‍കുക. അതവള്‍ക്ക് സുരക്ഷിതത്വം നല്‍കും എന്ന് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ പറഞ്ഞത് ഭര്‍ത്താവിന്‍റെ മരണശേഷം എന്നല്ല. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്.

ഭര്‍ത്താക്കന്മാരെ യജമാനന്മാരായി കണ്ടു ജീവിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഭാര്യയെ അടിമയായി കാണുന്ന ഭര്‍ത്താക്കന്മാര്‍- ഇന്ന് കുടുംബത്തിന്‍റെ ശക്തി ക്ഷയിക്കുന്നതിനു ഇതില്‍പരം കാരണങ്ങള്‍ തിരയേണ്ടതില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഭരിക്കാനുള്ള അധികാരം അല്ല വേണ്ടത്. സംരക്ഷണം ഏല്പിക്കപ്പെടുന്ന പുരുഷന്മാരുടെ അഭാവത്തിലും സ്വന്തം അസ്ഥിത്വത്തിനു സ്വയം സംരക്ഷണം നല്‍കാനുള്ള സാമ്പത്തിക ശക്തിയും സ്വാതന്ത്ര്യവുമാണ് വേണ്ടത്. ബാപ്പ ഇല്ലെങ്കിലും ആങ്ങള ഇല്ലങ്കിലും ഭര്‍ത്താവില്ലെങ്കിലും മകനില്ലെങ്കിലും അവള്‍ക്കീ ഭൂമിയെ അറിഞ്ഞു കൊണ്ടും അനുഭവിച്ചു കൊണ്ടും ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കണം.

നഫീസ കോലോത്ത് തയ്യില്‍
എഴുത്തുകാരി, ഫാമിലി കൗണ്‍സിലര്‍
മലപ്പുറം

COMMENTS

COMMENT WITH EMAIL: 0