Homeഅതിഥിപത്രാധിപക്കുറിപ്പ്

യാത്ര ചെയ്യുന്ന സ്ത്രീകള്‍ എന്നും എനിക്കൊരു പ്രചോദനം തന്നെയായിരുന്നു. ഒറ്റയ്ക്ക് പുറത്തു പോകുക എന്നത് പോലും പേടിച്ചിരുന്നു കാലത്തു നിന്നും ഒറ്റയ്ക്ക് ലോകം ചുറ്റുന്ന കാലത്തേക്ക് നമ്മള്‍ മാറി. യാത്രകള്‍ നമ്മളെ പരുവപ്പെടുത്തി. ലോകം വിശാലമാക്കി. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കും. അരങ്ങത്തു നിന്നും അകലങ്ങളിലേക്കും അവളുടെ സഞ്ചാര സ്വാതന്ത്ര്യം നീണ്ടു. എങ്ങനെ ആയിത്തീരണം യാത്രകള്‍ എന്ന് പലപ്പോഴും ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഉത്തരം കൊടുക്കാറുണ്ട്. കാറ്റ് പോലെയാവണമെന്നു. എന്ത് കൊണ്ടെന്നല്ലേ.? കാറ്റ് എങ്ങും തങ്ങി നില്‍ക്കുന്നില്ല.. അതിങ്ങനെ ഒഴുകിക്കൊണ്ടേ ഇരിക്കുന്നു. പറന്നു പറന്നു ശുദ്ധമായിക്കൊണ്ടേ ഇരിക്കുന്നു. കെട്ടിക്കിടക്കുന്നതിലെ മാലിന്യങ്ങള്‍ നിറയുന്നുള്ളു. ഒഴുകുന്നതൊക്കെയും ശുദ്ധമായിക്കൊണ്ടേയിരിക്കുന്നു . നമ്മളും കാറ്റ് പോലെയാവണം. സ്വയം ശുദ്ധീകരിച്ചു മുന്നോട്ടു പോകാന്‍ യാത്രകള്‍ നമ്മളെ സഹായിക്കും.

ഈ ലക്കം സംഘടിത യാത്രകള്‍ പുറപ്പെട്ടു പോകുന്ന സ്ത്രീകളെ കുറിച്ചാണ്. വ്യത്യസ്തമായ യാത്രാ അനുഭവങ്ങളാണ് ഓരോ താളുകള്‍ മറിക്കുമ്പോളും കാണാന്‍ ആകുക . കാടുകയറിയും കിളിമഞ്ചാരോ മല കീഴടക്കിയും കടല് കടന്നും ആദിവാസി ഗോത്രങ്ങളിലേക്കു കടന്നു ചെന്നും യാത്രകളില്‍ അവര്‍ സ്വയം അടയാളപ്പെടുന്നു. പണ്ടൊക്കെ സാഹസീക യാത്രകള്‍ പുരുഷന്മാരില്‍ ഒതുങ്ങി നിന്നിരുന്നു. ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ സാഹസികയാത്രകള്‍ നടത്തുന്നത് സ്ത്രീകളാണെന്ന് അഭിമാന പുരസ്ക്കരം പറയാം. രണ്ടായിരത്തിയൊന്നു ഫെബ്രുവരി മാസത്തില്‍ കൊച്ചിയില്‍ നിന്നും എന്‍റെ ചെറിയ കാറില്‍ ഒറ്റയ്ക്ക് ഇന്ത്യയുടെ ആത്മാവിനെ തേടിയൊരു യാത്ര പുറപ്പെട്ടു പോയിരുന്നു. ഏകദേശം നൂറു ദിവസങ്ങള്‍. വ്യത്യസ്തമായ രുചികള്‍ നിറങ്ങള്‍ മണങ്ങള്‍ മനുഷ്യര്‍. ഹാ മനുഷ്യന്‍ എന്നത് എത്ര മഹത്തായ പദമാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍ ആയിരുന്നു. ആ തിരിച്ചറിവ് ലഭിക്കണമെങ്കില്‍ യാത്രകള്‍ പുറപ്പെട്ടു പോവുക തന്നെ വേണം.

ഓരോ ഇടങ്ങളെയും ചേര്‍ത്ത് വയ്ക്കുക. നമ്മുടെ ലോകം വിശാലമാകട്ടെ. ഹൃദ്യമായി ജിവിച്ചവരെ ഒക്കെയും സസൂക്ഷ്മം ശ്രദ്ധിക്കുക. അവരൊക്കെയും യാത്രകള്‍ ചെയ്തവരായിരുന്നു. ലോകമറിഞ്ഞവരായിരുന്നു. ഈ ലക്കം യാത്രാ അനുഭവങ്ങള്‍ വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും യാത്രകളുടെ ലോകത്തു പുതിയ ചുവടു വയ്പ്പുകളുമായി സന്തോഷങ്ങള്‍ തേടി ഇറങ്ങുന്നവരാകട്ടെ. ആശംസകള്‍!

നിധി കുര്യന്‍
സോളോ ട്രാവലര്‍

COMMENTS

COMMENT WITH EMAIL: 0