Homeഅനുസ്മരണം

മേരി റോയ് ബാക്കിവെച്ചത്

നമ്മുടെ സമൂഹത്തിലും നിയമ സംവിധാനത്തിലും ലിംഗസമത്വം ഉറപ്പാക്കാനും വ്യവസ്ഥാപിത മതത്തിന്‍റെ അടിച്ചമര്‍ത്തല്‍ രീതികളെ ചോദ്യം ചെയ്യാനും തോല്‍പ്പിക്കാനും വിദ്യാര്‍ത്ഥികളിലും ചെറുപ്പക്കാരിലും ആത്മവിശ്വാസവും സാമൂഹ്യ ബോധവും സൃഷ്ടിക്കാനും അക്ഷീണം പരിശ്രമിച്ചാണ് മേരി റോയ് 2022 സെപ്തംബര്‍ ഒന്നാം തീയതി ഒമ്പതേകാല്‍ മണിക്ക് കോട്ടയത്തെ വീട്ടില്‍ വെച്ച് ശാന്തയായി ഈ ലോകം വെടിഞ്ഞ് ചരിത്രത്തിന്‍റെ ഏടുകളിലേക്ക് കടന്നു പോയത്.

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യം ചെയ്ത് സ്ത്രീകള്‍ക്ക് സ്വത്തവകാശത്തിലുള്ള തുല്യത നേടിയെടുത്ത നിയമ പോരാട്ടം മേരി റോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് . ഇന്ദിര ജയ്സിങ്ങിനെ പോലുള്ള ഫെമിനിസ്റ്റ് അഭിഭാഷകരുമായുള്ള മേരി റോയുടെ ദീര്‍ഘകാല സൗഹൃദം ഇവിടെ പ്രധാനമാണ്.

ശക്തയും തന്‍റേടിയുമായുള്ള മേരി റോയ് ആധുനിക ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. പത്തു കൊല്ലം അവരുടെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ . അവര്‍ നടത്തി വന്ന കോര്‍പ്പസ് ക്രിസ്റ്റി സ്കൂള്‍ (‘പള്ളിക്കൂടീ’ എന്ന് പിന്നീട് പേര് മാറ്റി ) 300 മുതല്‍ 400 വരെ കുട്ടികളെയാണ് എല്ലാ ക്ലാസ്സുകളിലുമായി ഉള്‍ക്കൊണ്ടിരുന്നത്. വിദ്യാര്‍ത്ഥികളിലോരോരുത്തരിലും ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക കാര്യങ്ങളോടൊപ്പം തന്നെ പ്രാധാന്യം മേരി റോയ് കൊടുത്തിരുന്നു. പഠിത്തത്തില്‍ പിന്നില്‍ നില്‍ക്കുന്നവരില്‍ അവരുടെ മറ്റ് കഴിവുകള്‍ കണ്ടെത്തി അവയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്നതില്‍ മേരി റോയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയുടേയും കാര്യങ്ങളില്‍ മേരി റോയ് വ്യക്തിപരമായ ശ്രദ്ധ ചെലുത്തിയിരുന്നു.
മതം കുടുംബം തുടങ്ങിയ സ്ഥാപനങ്ങളുടെ സര്‍വ്വാധി കാരത്തെ വിമര്‍ശിക്കാനും അതിലൂടെ വൃക്തി സ്വാതന്ത്ര്യത്തെ മുറുകെ പിടിക്കാനും മേരി റോയ് തന്‍റെ വിദ്യാര്‍ത്ഥികളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ത്തോടു കൂടിയ അറിവ് പകര്‍ന്ന് നല്‍കാനാണ് സ്കൂളിലെ അദ്ധ്യാപകരോട് മേരി റോയ് ആവശ്യപ്പെട്ടത്.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാന്‍ മേരി റോയ് എപ്പോഴും ശ്രമിച്ചിരുന്നു. അതിക്രമങ്ങള്‍ക്ക് വിധേയരായ സ്ത്രീകളെ സ്നേഹത്തോടെ കൂടെ ചേര്‍ത്തു നിര്‍ത്തുന്നത് എനിക്ക് പല തവണ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ ജനകീയ സമരങ്ങള്‍ക്കും ചെറുതും വലുതുമായ സഹായം അവര്‍ നല്‍കിയിരുന്നു.
കോട്ടയത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പായ ‘സഹജ’ യ്ക്ക് നിര്‍ണ്ണായകമായ താങ്ങായി മേരി റോയ് എപ്പോഴും ഉണ്ടായിരുന്നു. അനേകം ദളിത് സംഘടനാ പ്രവര്‍ത്തകരുടേയും അനുഭവം ഇതുപോലെ തന്നെയാണ്. സ്ത്രീ- ദളിത് പ്രസ്ഥാനങ്ങള്‍ക്ക് ഒരു ദീര്‍ഘകാല സുഹൃത്തിനെയാണ് മേരി റോയ് യുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. എന്‍റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച അദ്ധ്യാപികയേയും അനേക നിര്‍ണ്ണായക ജീവിത നിമിഷങ്ങള്‍ പങ്കു വെച്ച ദീര്‍ഘകാല സുഹൃത്തിനേയുമാണ് വൃക്തിപരമായി എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

എലിസബെത്ത് ഫിലിപ്പ്

 

 

 

COMMENTS

COMMENT WITH EMAIL: 0