ഓണ്‍ലൈന്‍കാലത്തെ വീട്ടുടയോള്‍

Homeചർച്ചാവിഷയം

ഓണ്‍ലൈന്‍കാലത്തെ വീട്ടുടയോള്‍

ഡോ. ഷീബ ദിവാകരന്‍

ലോകത്തെവിടെയും മനുഷ്യരുടെ എല്ലാ സ്വപ്നങ്ങള്‍ക്കുമേലും കടിഞ്ഞാണ്‍ വീണ കാലമാണ്, കൊറോണക്കാലം. എല്ലാ മേഖലയും അക്ഷരാര്‍ഥത്തില്‍ നിശ്ചലമായകാലം. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല.ആകെ താറുമാറായിപ്പോയെങ്കിലും നേരിയ ഒരു ജീവന്‍റെ തുടിപ്പ് നമുക്കവിടെ കാണാന്‍ കഴിയുന്നത് പ്രതീക്ഷാവഹമാണ്.

കോവിഡ് 19 എന്ന കൊറോണാ വൈറസിന്‍റെ വ്യാപനത്തോടെ പ്രത്യേകിച്ചൊരു മുന്നറിയിപ്പുമില്ലാതെ മാര്‍ച്ച് അവസാനവാരം പെട്ടെന്നൊരു ദിവസം സ്കൂളുകളും കലാലയങ്ങളും അടയ്ക്കുകയായിരുന്നു. കൂട്ടുകാരോട് വിടപറയാന്‍പോലും കുട്ടികള്‍ക്കായില്ല. ഇതേപോലെതന്നെ ചെയ്തുകൊണ്ടിരിക്കുന്ന പണി പൂര്‍ത്തീകരിക്കാതെ എല്ലാജനങ്ങള്‍ക്കും ലോക്ഡൗണോടെ അവരവരുടെ വീടുകളില്‍ ഒതുങ്ങേണ്ടിവന്നു. ഒരുദിവസം ഒഴിവുകിട്ടുന്നതുപോലെ സുഖകരമല്ല, ഒരുപാടുദിവസം ഒഴിവുകിട്ടുന്നത് എന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞു.

പുറംലോകത്തെ കൊട്ടിയടച്ച് രക്തബന്ധങ്ങള്‍ വീടുകളില്‍ ശ്വാസംമുട്ടിക്കഴിഞ്ഞു. അവരവരുടേതായ ലോകങ്ങള്‍ നഷ്ടപ്പെട്ട അച്ഛന്‍, അമ്മ, മക്കള്‍… എല്ലാവരുടെ മനസ്സും സംഘര്‍ഷഭരിതമായി. നിറഞ്ഞവീട്ടില്‍ നാലുനേരവും ഭക്ഷണമുണ്ടാക്കി വീട്ടമ്മയുടെ കൈ കുഴഞ്ഞു.

 

ഗാര്‍ഹികജോലികളുടെ പെയ്ത്തുകാലം

ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അവധിദിവസങ്ങളില്‍ വീടിനകവും പുറവും വൃത്തിയാക്കാനും മറ്റ് ജോലികള്‍ക്കുമായി സഹായികളെ വെക്കാറുണ്ട്. കൊറോണക്കാലത്ത് അവരനുഭവിച്ച ഏറ്റവും വലിയ പ്രശ്നം സഹായികള്‍ വരുന്നില്ല, ആ പണികൂടി ചെയ്യേണ്ടിവരുന്നു എന്നതായിരുന്നു. എഴുത്തും വായനയും മറ്റ് സര്‍ഗാത്മകതാത്പര്യങ്ങളുമുള്ള പല സ്ത്രീകള്‍ക്കും ഇത് ഇരുട്ടടിയായി. വൈറസ്ബാധഭയന്ന് ജോലിക്കുപോകാതിരുന്ന സഹായികളും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്നു. ആരും പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞ ഇക്കാലത്ത് ഗാര്‍ഹികപീഡനങ്ങളുടെ എണ്ണം കൂടി. അമേരിക്കപോലുള്ള വന്‍കിടരാജ്യങ്ങളില്‍ ഡൊമസ്റ്റിക് വയലന്‍സ് ഹോട്ട്ലൈന്‍ നമ്പറിലേക്കുവരുന്ന കോളുകളുടെ എണ്ണത്തില്‍ വലിയവര്‍ധനവുണ്ടായത്രേ. ലോകത്താകമാനം ഇതൊരു വലിയപ്രശ്നം തന്നെയായിരുന്നു. വീടുകളില്‍ ഗാര്‍ഹികപീഡനങ്ങളുണ്ടാവാതെ ശ്രദ്ധിക്കണമെന്നും പുരുഷډാര്‍ സ്ത്രീകളെ സഹായിക്കണമെന്നും കേരളാമുഖ്യമന്ത്രി ആഹ്വാനംചെയ്തത് രോമാഞ്ചത്തോടെയാണ് ഇവിടുത്തെ സ്ത്രീകള്‍ കേട്ടത്. ഗാര്‍ഹികപീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ക്കായി കോഴിക്കോട് ജില്ലയില്‍ ഹെല്‍പ്ഡെസ്ക്കായി വണ്‍സ്റ്റോപ്പ് സെന്‍റര്‍ തുടങ്ങിയതും വലിയ നേട്ടമായി. ഇത്തരം ജാഗ്രത്തായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്നങ്ങള്‍ ഏറെക്കുറേ ലഘൂകരിക്കാന്‍ കേരളജനതയ്ക്കുകഴിഞ്ഞു.

 

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

യുനെസ്കോയുടെ കണക്കനുസരിച്ച് 154 കോടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് കൊറോണക്കാലത്ത് തടസ്സപ്പെട്ടത്. ഇതില്‍ 32 കോടി വിദ്യാര്‍ഥികള്‍ ഇന്ത്യയിലാണ്. കേരളത്തിലാകട്ടെ, ഇത് എഴുപത്തഞ്ച് ലക്ഷത്തോളം വരും. അനിശ്ചിതമായി വിദ്യാലയങ്ങള്‍ അടച്ചിട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് അല്‍പമെങ്കിലും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായത്. ഇത്രയും കാലം ഓണ്‍ലൈന്‍പഠനംനടന്നിരുന്നത് മുതിര്‍ന്ന ആളുകള്‍ക്ക് സ്വയംപഠനത്തിനുള്ള (Adult learning) സംവിധാനം എന്ന നിലയിലായിരുന്നു. ഒരുകാലത്തും കുട്ടികള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമായിരുന്നില്ല. മുന്‍പ് ഒരിക്കലും പരിചയിച്ചിട്ടില്ലാത്ത വിദ്യാഭ്യാസരീതിയോട് കുട്ടികള്‍ ഐക്യപ്പെടേണ്ടിവന്നു. ഏറ്റവും ഊര്‍ജസ്വലമായ കുട്ടിക്കാലത്ത് നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന കുട്ടികള്‍ അവരുടെ ബോറടികളെല്ലാം പലപ്രകാരത്തില്‍ തീര്‍ക്കുന്നത് അമ്മയുടെ അടുത്താണ്. ദേഷ്യമായും വാശിയായുമൊക്കെ അത് രൂപം മാറുന്നു.

രണ്ടും മൂന്നും കുട്ടികളുള്ള വീട്ടില്‍ ഓണ്‍ലൈന്‍പഠനത്തിന് മൊബൈല്‍ഫോണ്‍ വാങ്ങാന്‍ സാധാരണക്കാരായ അച്ഛനമ്മമാര്‍ നെട്ടോട്ടമോടുകയായിരുന്നു. സാമ്പത്തികപരാധീനതയുള്ളവര്‍ക്ക് ടി.വിയോ മൊബൈല്‍ഫോണോ നല്‍കിക്കൊണ്ട് വിദ്യാര്‍ഥിസംഘടനകളും സന്നദ്ധസേവകരും ഇക്കാലത്ത് തുണയായി. മൊബൈല്‍ഫോണ്‍
കൈയിലുള്ള പലര്‍ക്കും റെയ്ഞ്ച് പ്രശ്നമായിവന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന് അച്ഛനമ്മമാര്‍ക്ക് ആധിയായി. കുട്ടികളും ഇത്തരം പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പുമുട്ടി. ഒമ്പതാം ക്ലാസ്സുകാരി ദേവിക ഇക്കാലത്ത് ആത്മഹത്യചെയ്തത് വീട്ടിലെ ടി.വി കേടായതിനാലും മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തതിനാലും ഓണ്‍ലൈന്‍പഠനം മുടങ്ങുമോ എന്ന ആശങ്കകൊണ്ടായിരുന്നു.വീട്ടില്‍ ഇത്തരം പ്രശ്നങ്ങളുള്ളവര്‍ക്ക് പൊതുവായ പഠനസ്ഥലം എന്ന ആശയവുമായി പിന്നീട് പലയിടങ്ങളിലും വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തനംതുടങ്ങുകയുണ്ടായി. പ്രധാനമായും മൂന്ന് രീതിയില്‍ ഓണ്‍ലൈന്‍പഠനം നടന്നുവരുന്നുണ്ട്. വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനസര്‍ക്കാര്‍ വിവിധക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് വിവിധസമയങ്ങളില്‍ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഗൂഗിള്‍മീറ്റ്, സൂം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള ലൈവായ ക്ലാസ്സുകളും പല സ്കൂളുകളും നടത്തിവരുന്നുണ്ട്. ഓരോ ക്ലാസ്സിലെയും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ വാട്സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതുവഴി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റിക്കോഡ് ചെയ്ത വീഡിയോകളും മറ്റുസന്ദേശങ്ങളും അയക്കാനും കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഇടാനും ഇവിടെ സൗകര്യമുണ്ട്. കൂട്ടുകാരും പ്രിയപ്പെട്ട അധ്യാപകരുമൊന്നും അടുത്തില്ലാത്ത ഈ പഠനം കുട്ടികള്‍ക്ക് പൂര്‍ണഅര്‍ഥത്തില്‍ തൃപ്തി നല്‍കുന്നില്ല. അവരുടെ നിരാശ അമ്മമാരുടെ മനസ്സിനെയും ഉലയ്ക്കുന്നുണ്ട്.

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട ഒരുപാട് അമ്മമാരുണ്ട്. ഇനിയെന്തുചെയ്യും?, എന്തുജോലിചെയ്ത് ജീവിക്കും എന്ന അങ്കലാപ്പോടെയിരിക്കുകയും ഇത്തരം ടെന്‍ഷനുകള്‍മാത്രം വീട്ടില്‍ ചര്‍ച്ചചെയ്യുകയും ചെയ്യുന്നവര്‍. ഭക്ഷണം നല്‍കുമെന്നല്ലാതെ കുട്ടികളുടെ മനസ്സറിഞ്ഞ് പെരുമാറാന്‍ അവര്‍ക്ക് കഴിയാറില്ല. അച്ഛനമ്മമാര്‍തമ്മില്‍ അഭിപ്രായൈക്യമില്ലാത്ത വീടുകളിലും ലഹരിക്കടിമപ്പെട്ട ഗൃഹനാഥന്‍ ഉള്ള വീടുകളിലുമൊന്നും സ്ഥിതി വ്യത്യസ്തമല്ല.വീട്ടില്‍ തങ്ങളുടെ അടുത്തുതന്നെ കുട്ടികളുണ്ടെങ്കിലും ഇത്തരം രക്ഷിതാക്കളുടെ മനസ്സില്‍ അവരില്ല എന്നതാണ് സത്യം. കുട്ടികളുടെ ഭാവനാലോകത്തെ അടുത്തറിയുവാനോ അവരുടെ ആകുലതകളില്‍ പങ്കുചേരാനോ ആരുമില്ലാത്ത ഇത്തരംവീടുകളില്‍ കുട്ടികള്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ട്. വിഷാദരോഗികളായിപ്പോകുന്ന കുട്ടികളും കുറവല്ല.

 

വിദ്യാഭ്യാസം എന്ന ലൈസന്‍സ്

ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും മൊബൈല്‍ഗെയിമുകള്‍ ഹരമാണ്. മിക്കവാറും വീടുകളില്‍ അമ്മമാരുടെ ഫോണുകള്‍ അവരുടെ കളിപ്പാട്ടങ്ങളുമാണ്. അച്ഛډാരുടെ ഫോണുകള്‍ കണ്‍വെട്ടത്തുണ്ടെങ്കില്‍ത്തന്നെ പല വീടുകളിലും കുട്ടികള്‍ അത് തൊടാതിരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കുട്ടികള്‍ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളും സമയനഷ്ടവും ഭയന്ന് അവരില്‍നിന്ന് ഫോണ്‍തിരിച്ചുപിടിക്കാനുള്ള സൂത്രങ്ങള്‍ മെനയാന്‍തന്നെവേണം വീട്ടമ്മമാര്‍ക്ക് സമയം ഏറെ. ഇപ്പോഴാകട്ടെ, വിദ്യാഭ്യാസാവശ്യത്തിന് ഫോണ്‍വേണമെന്നായപ്പോള്‍ വിരുതډാരായ കുട്ടികള്‍ക്ക് രക്ഷയായി. ക്ലാസ്സ് എപ്പോള്‍ തുടങ്ങുമെന്നോ അവസാനിക്കുമെന്നോ ശ്രദ്ധിക്കാത്ത അമ്മമാരെ കുട്ടികള്‍ ശരിക്കും കബളിപ്പിക്കുന്നുണ്ട്. ഫോണ്‍ തിരിച്ചുചോദിക്കാന്‍ ചെന്നാല്‍, ‘പഠിക്കാന്‍പോലും സമ്മതിക്കില്ല’..-തുടങ്ങിയ വൈകാരികപ്രയോഗങ്ങളില്‍ അമ്മമാര്‍ വീണുപോകാറുമുണ്ട്. കുട്ടികളുടെ ക്ലാസ്സ് സമയത്തെപ്പറ്റി അമ്മമാര്‍ ബോധവതികളായിരിക്കണം. ഗെയിമുകള്‍ക്കായി നിശ്ചിതസമയം മാറ്റിവെക്കുകയും അത് കുട്ടികളെക്കൊണ്ട് അംഗീകരിപ്പിക്കുകയും വേണം. നവമാധ്യമസാക്ഷരതയില്ലാത്ത അമ്മമാരെ അവര്‍ ഏത്രവലിയ ഉദ്യോഗസ്ഥരായാലും ബുദ്ധിയില്ലാത്തവരായാണ് പുതിയ തലമുറ കാണുന്നത്. പുതിയകാലത്ത് പിടിച്ചുനില്‍ക്കാന്‍ സ്ത്രീകള്‍ ഇ-സാക്ഷരത ബോധപൂര്‍വംതന്നെ ആര്‍ജിക്കേണ്ടതുണ്ട്.

 

ഫോണ്‍ അഡിക്ഷന്‍

ഓണ്‍ലൈന്‍ക്ലാസ്സിന്‍റെ മറവില്‍ ഇന്‍റര്‍നെറ്റിനും സങ്കീര്‍ണങ്ങളായ ഗെയിമുകള്‍ക്കും അടിമയായിപ്പോകുന്ന ഒരുവിഭാഗം കുട്ടികളുണ്ട്. ഏതാണ്ടെല്ലാകുട്ടികളുടെയും ചിരകാലസ്വപ്നമായ മൊബൈല്‍ഫോണ്‍ ഇപ്പോള്‍ പലര്‍ക്കും സ്വന്തമായികിട്ടിയിരിക്കുകയാണ്. മായികലോകത്തിരിക്കുന്ന അത്തരം കുട്ടികളെ ലോക്ഡൗണൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ഏറ്റവും കൊതിച്ച സമ്മാനം കിട്ടിയ ത്രില്ലിലാണവര്‍. സാമൂഹ്യചക്രവാളം ചുരുങ്ങി വീടുകളില്‍ ഒതുങ്ങേണ്ടിവന്ന കുട്ടികള്‍ ഇന്‍റര്‍നെറ്റിന്‍റുമായികലോകത്തേക്കുകടക്കുമ്പോള്‍ വീട്ടുകാരോടുപോലും സംസാരിക്കാതെ തന്നിലേക്കൊതുങ്ങുന്നുണ്ട്. വീട്ടില്‍നടക്കുന്ന ഒരുകാര്യങ്ങളിലും അവര്‍ പങ്കാളിയാവുന്നില്ല. ഇടപഴകാന്‍ ആളുകളേക്കാള്‍ഭേദം ഫോണാണെന്ന മനോഭാവവുമായി നടക്കുന്ന കുട്ടികള്‍ വീട്ടില്‍നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നുമില്ല. അമ്മമാര്‍ വളരെ ശ്രദ്ധിച്ച് മറികടക്കേണ്ട അവസ്ഥയാണിത്. അവരോടൊപ്പമിരിക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. കുട്ടികള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു ടൈംടേബിള്‍ അവരെക്കൊണ്ട് ഉണ്ടാക്കിക്കാം. കായികമായ കളികള്‍ക്കും പത്രവായനക്കും ടി.വി കാണുന്നതിനും വീട്ടുജോലികളില്‍ സഹായിക്കുന്നതിനുമൊക്കെ അതില്‍ സമയമുണ്ടായിരിക്കണം. പേപ്പറും പെന്‍സിലുമുപയോഗിച്ച് വീട്ടിന്നകത്തുവെച്ചു ചെയ്യാവുന്ന ചിത്രംവര, രസകരമായ എഴുത്ത് തുടങ്ങിയവയിലേക്ക് കുട്ടികളെ നയിക്കാനാവണം. കരകൗശലവസ്തുക്കളുടെ നിര്‍മാണം കുട്ടികളെ പരിചയപ്പെടുത്താവുന്നതാണ്. റൂബിക്സ്ക്യൂബ്, ചെസ്, ലൂഡോ, കാരംസ് തുടങ്ങിയ കളികള്‍ പ്രത്സാഹിപ്പിക്കാം. ഹൃദയസ്പര്‍ശിയായ പുസ്തകങ്ങളിലൂടെ അവരെ വായനയിലേക്കുനയിക്കാനായാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് ബോറടിയെന്തെന്ന് അറിയേണ്ടിവരില്ല. ജീവിതത്തിലെ വലിയ പ്രതിസന്ധികാലത്തെ അങ്ങനെ പോസിറ്റീവാക്കിത്തീര്‍ക്കാന്‍ അമ്മമാര്‍ ഒരുപാട് പ്രയാസപ്പെടേണ്ടിവരും.

 

ആരോഗ്യപ്രശ്നങ്ങള്‍

ഇന്‍റര്‍നെറ്റ്, ടി.വി, വീഡിയോഗെയിം തുടങ്ങിയവയുടെ അമിതോപയോഗം കുട്ടികളുടെ മാനസിക- ശാരീരികാരോഗ്യത്തെ ബാധിക്കുന്നതായി മാനസികാരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. ലോക്ഡൗണിനുമുമ്പുതന്നെ ഇത്തരം കാര്യങ്ങള്‍ ധാരാളമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇവയുടെ അമിതോപയോഗം ശാരീരികമായ ക്ഷീണം, പുറംവേദന, തലവേദന, ഉറക്കക്കുറവ്, സാമൂഹികമായ ഒറ്റപ്പെടല്‍, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, വിഷാദരോഗം, പൊണ്ണത്തടി എന്നിവയ്ക്കെല്ലാം കാരണമാകുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സിലെ(കങഒഅചട) വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ ഉറക്കത്തിന്‍റെ അളവും ആഴവും കുറയും. ഇത് അവരുടെ ഏകാഗ്രതയെയും ഓര്‍മശക്തിയെയും ബാധിക്കാനിടയുണ്ട്.തന്നെത്തന്നെയും മറ്റുള്ളവരെയും നേരാംവണ്ണം മനസ്സിലാക്കാനുള്ള കഴിവാണ് ഇമോഷണല്‍ ഇന്‍റലിജന്‍സ് (വൈകാരികബുദ്ധി). ജീവിതവിജയത്തിന് ഏറ്റവും ആവശ്യമുള്ള ഈ ബൂദ്ധി ഇത്തരം കുട്ടികളില്‍ കുറയുന്നു. കൊല, അടിപിടി, വെടിവെപ്പ്, എന്നിവയൊക്കെനിറഞ്ഞ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികള്‍ അക്രമവാസന തുടര്‍ന്നും കാണിച്ചുകൊണ്ടേയിരിക്കും. തുടര്‍ച്ചയായി സ്ക്രീനില്‍ നോക്കുന്നത് കാഴ്ചശക്തിയെയും പ്രതികൂലമായി ബാധിക്കും.ചില കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ ടി.വി.യോ കമ്പ്യൂട്ടറോ ഓണ്‍ചെയ്യണമെന്ന് നിര്‍ബന്ധമുണ്ട്.ഒരു ഗ്ലാസ് വെള്ളവുമെടുത്ത് അതുകുടിക്കാന്‍ കമ്പ്യൂട്ടറിനോ ടി.വിക്കോ മുന്നിലേക്ക് പായുന്ന കുട്ടികള്‍ നമ്മുടെയൊക്കെ വീട്ടിലെ സ്ഥിരം കാഴ്ചകളാണ്.

പഠനാവശ്യത്തിനും കളിയ്ക്കുമൊക്കെയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ചില കുട്ടികള്‍ വാതില്‍ അടച്ച് കുറ്റിയിടുന്നത് കാണാം. പഠിക്കാന്‍ ശ്രദ്ധകിട്ടാനാണെന്ന ന്യായീകരണവുമുണ്ടാവാം. പക്ഷേ ഇവിടെയും അമ്മ ഇടപെട്ടേ പറ്റൂ. ഇന്‍റര്‍നെറ്റിന്‍റെ മായികവലയങ്ങളില്‍പ്പെട്ട് അവര്‍ ചതിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കാന്‍ കഴിയണം. ഓണ്‍ലൈന്‍ ചീട്ടുകളിപോലുള്ള ഗെയിമുകളില്‍ അകപ്പെടാതെയും ബാലപീഡകരുടെ കെണിയില്‍ പെടാതെയും പക്വതയെത്തുംമുമ്പേ അശ്ലീലചിത്രങ്ങളില്‍ മുഴുകിപ്പോകാതെയുമൊക്കെ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ ആവശ്യമായ ഒരുകണ്ണ് ഏതുതിരക്കുകള്‍ക്കിടയിലും അമ്മയില്‍ ഉണര്‍ന്നിരിക്കണം.

 

പൊതുശത്രു

കൊറോണക്കാലത്ത് കുട്ടികളോട് ഏറ്റവും വലിയ ശത്രു ആരെന്നുചോദിച്ചാല്‍ അമ്മ എന്നായിരിക്കും ഉത്തരം. സുഹൃത്തുക്കളുടെ വീടുകളിലേക്ക് വിടാത്തതും മാഗിപോലുള്ള ഇഷ്ടസാധനങ്ങള്‍വാങ്ങാന്‍ വിടാത്തതും ഫോണ്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും എപ്പോഴും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും ഒക്കെ അതിന്‍റെ കാരണങ്ങളായേക്കാം. സ്കൂളുകള്‍ ദീര്‍ഘകാലമായി അടഞ്ഞുകിടക്കുന്നത് കുട്ടികളുടെ സ്വാഭാവികമായ പെരുമാറ്റരീതിയെ സ്വാധീനിക്കുന്നുണ്ട്. സമപ്രായക്കാരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ അവസരമില്ലാത്തതും മുഴുവന്‍സമയവും വീട്ടില്‍ രക്ഷിതാക്കളുടെ നിരീക്ഷണവലയത്തില്‍ അകപ്പെട്ടുപോയതും സാമൂഹികജീവിതംപൂര്‍ണമായും നഷ്ടപ്പെട്ടതുമൊക്കെ കുട്ടികളുടെ പെരുമാറ്റരീതിയുല്‍ പ്രതിഫലിക്കുന്നത് അമ്മമാര്‍ക്ക് കാണാം. കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടിവരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഓരോ കുട്ടിവീതം ആത്മഹത്യചെയ്യുന്നതായി 2018 ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വികസിതരാജ്യങ്ങളില്‍ ആത്മഹത്യാനിരക്ക് കൂടുകയാണ് ചെയ്യുന്നത്. ലോക്ഡൗണ്‍ കാലത്തുമാത്രം കേരളത്തില്‍ ആത്മഹത്യചെയ്തത് 66 കുട്ടികളാണ്. ഗെയിം കളിക്കാന്‍ വിട്ടില്ല, വഴക്കുപറഞ്ഞു, ഫോണ്‍ വാങ്ങിക്കൊടുത്തില്ല തുടങ്ങിയ നിസ്സാരകാര്യത്തിന് ഇങ്ങനെ മരിക്കുന്നതെന്തിന് എന്ന സംശയം പലരും പങ്കുവച്ചുകേട്ടിട്ടുണ്ട്. കുട്ടികളെസംബന്ധിച്ച് അതൊന്നും നിസ്സാരകാര്യമല്ല എന്നതുതന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. രക്ഷിതാക്കളെ (പൊതുശത്രു) തോല്‍പിക്കാന്‍ അവര്‍ക്കുള്ള ഒരു വഴിതന്നെ, അത്.

 

സമചിത്തത ശീലിച്ചെടുക്കുക

ജീവിതത്തെക്കുറിച്ചുള്ള വലിയ വിദ്യാഭ്യാസമാണ് കൊറോണക്കാലം ലോകജനതയ്ക്ക് സമ്മാനിച്ചത്. ഒരുതത്വഗ്രന്ഥങ്ങളും പഠിക്കാതെ ജീവിതത്തിന്‍റെ നൈമിഷികത നാം അനുഭവിച്ചറിഞ്ഞു. അടഞ്ഞുകിടക്കുന്ന സ്കൂളുകള്‍ എന്നുതുറക്കുമെന്നോ പുറംലോകം എന്നുകാണാനാവുമെന്നോ നിശ്ചയമില്ലാതെ പ്രതിസന്ധിയിലായ കുട്ടികളുടെ മാനസികാവസ്ഥ നാം ഉള്‍ക്കൊണ്ടേപറ്റൂ. പലവിധത്തില്‍ മനസ്സിനെഅലോസരപ്പെടുത്തുന്ന ടെന്‍ഷനുകള്‍ക്കിടയിലും സമചിത്തത ശീലിച്ചെടുക്കാന്‍ പ്രയത്നിക്കേണ്ടതുണ്ട്, രക്ഷിതാക്കള്‍. നമ്മള്‍ നിസ്സാരമാണ് എന്നുകരുതുന്നതൊന്നും കുട്ടികള്‍ക്ക് നിസ്സാരമല്ല എന്നിരിക്കേ, പ്രയാസങ്ങളിലെല്ലാം ഞങ്ങളുണ്ട്കൂടെ എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിലാണ് വിജയം. ഓണ്‍ലൈന്‍ക്ലാസ്സുകള്‍ക്കിടയില്‍ അവര്‍ക്കുവരുന്ന പ്രയാസങ്ങള്‍ നിവാരണംചെയ്യല്‍, മനസ്സിലാവാത്തഭാഗം അധ്യാപകരോട് ചോദിക്കാനുള്ള അവസരമൊരുക്കല്‍, പിന്നീട് ഉപകാരപ്പെടുന്നതിനായി ചെറിയ നോട്സ് കുറിക്കാന്‍ ഓര്‍മപ്പെടുത്തല്‍, ഇതൊക്കെ കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കും. കുട്ടികളില്‍ ആദ്യത്തെ മൂന്ന് വയസ്സുവരെ മസ്തിഷ്കം ഏറ്റവും കൂടുതല്‍ വളരുന്ന പ്രായമാണ്. ഈ സമയത്ത് ഡിജിറ്റല്‍ മീഡിയ കഴിയുന്നത്ര ഒഴിവാക്കണം. പ്രീ-പ്രൈമറിക്ലാസ്സുകളിലെ കുട്ടികള്‍ പരമാവധി ഓണ്‍ലൈന്‍പഠനം ഒഴിവാക്കുന്നതാണ് നല്ലത്. പ്രൈമറിക്ലാസ്സുകളിലെ കുട്ടികള്‍ ഒരുമണിക്കൂര്‍മാത്രമായി സമയം പരിമിതപ്പെടുത്തണം. മുതിര്‍ന്നകുട്ടികളും നിശ്ചിതസമയംമാത്രം സ്ക്രീനിനുമുന്നില്‍ ചെലവഴിക്കുക. ഭാവിയില്‍ കുട്ടികള്‍ മിടുക്കരാവണമെന്ന വ്യാമോഹത്തോടെ സ്ക്രീനിനുമുന്നില്‍ കൂടുതല്‍സമയംപഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഇരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ വിപരീതഫലമായിരിക്കും ഉണ്ടാവുക.

കൊറോണക്കാലത്ത് നാടുറങ്ങുമ്പോള്‍വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവരല്ല, അമ്മമാര്‍. ഒരേസമയം ശാരീരികമായും മാനസികമായും അവര്‍ അധ്വാനിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ക്ക് തളരാന്‍ നേരമില്ല; കാരണം അവര്‍ അമ്മമാരാണ്.

 

ഡോ. ഷീബ ദിവാകരന്‍
കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജിൽ മലയാള വിഭാഗം അസി.പ്രൊഫസർ. രാവിലെ അടുക്കളയിൽ (കവിത), ഗീതാ ഹിരണ്യൻ, ഇടശ്ശേരി, (ജീവചരിത്രം), പെൺ കവിത മലയാളത്തിൽ (പഠനം) എന്നിവ കൃതികൾ. നാഷണൽ സർവീസ് സ്കീമിൻ്റെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗമായിരുന്നു

COMMENTS

COMMENT WITH EMAIL: 0