Homeവാസ്തവം

സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാം

മാര്‍ച്ച് മാസം സ്ത്രീകളുടെ നേട്ടങ്ങളെ വിലയിരുത്തുന്ന മാസമാണല്ലോ? സ്ത്രീകള്‍ പുറത്തിറങ്ങുന്നു, വരുമാനം കൊണ്ടുവരുന്നു, വീട്ടുകാര്യങ്ങള്‍ നോക്കുന്നു, കുട്ടികളെ നോക്കുന്നു, വയോജനങ്ങളെ നോക്കുന്നു… ഇങ്ങനെ വീടുമായ് ബന്ധപ്പെട്ട് മുക്കാല്‍ ഭാഗം ജോലികളും ചെയ്യുകയും അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ഒരു വെള്ളം പോലും കുടിക്കാതെ വീട്ടിലേക്ക് ചെലവഴിക്കുകയും ചെയ്തു വരുന്നു. എന്നിട്ടും ഒരു സിനിമ കാണാന്‍ പോവണമെങ്കില്‍, ഒരു സുഹൃത്തിനെ കാണാന്‍ പോവണമെങ്കില്‍, തന്‍റെ ശമ്പളം കൊണ്ട് ഒരു സാരി വാങ്ങണമെങ്കില്‍ ഭര്‍ത്താവിനോടോ മകനോടോ ചോദിക്കണം ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ എല്ലാം മറ്റുള്ളവരുടെ അനുവാദവും അഭിരുചിയും ആവശ്യമായി വരുന്ന സ്വാതന്ത്ര്യത്തെ എങ്ങനെ സ്വാതന്ത്യം എന്നു വിളിക്കും?

പാരതന്ത്ര്യത്തിന്‍റെ കെട്ടഴിഞ്ഞ അവസ്ഥയിലാണ് സ്ത്രീകളിപ്പോള്‍. ഇനിയെത്ര കാലം വേണ്ടി വരും ആ കെട്ട് അഴിഞ്ഞഴിഞ്ഞ് ഇല്ലാതാവാന്‍ ! കെട്ടുപൊട്ടിക്കാന്‍ നൂറ്റാണ്ടുകാലമെടുത്തിട്ടുണ്ട് എന്ന് ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി ഒത്തിരിയൊത്തിരി പദ്ധതികള്‍ ഗവണ്മന്‍റ് നടപ്പിലാക്കുന്നുണ്ട് നല്ല കാര്യം. സ്ത്രീകള്‍ക്ക് ഏതു പദ്ധതി ആവശ്യമാണെന്ന് ആര് മനസിലാക്കും ? ആരു തീരുമാനിക്കും? ആരു നടപ്പാക്കും ? ആരു ചുക്കാന്‍ പിടിക്കും? ഈ കാര്യങ്ങളിലെങ്കിലും നമ്മുടെ സമീപനം മാറാതെ സ്ത്രി സ്വാതന്ത്ര്യത്തെക്കുറിച്ച് വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ ? ആവോ? കാര്യമുണ്ടെങ്കിലുമില്ലെങ്കിലും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്കിങ്ങനെ പറഞ്ഞോണ്ടിരിക്കാം.

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0