നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക താല്‍പര്യങ്ങള്‍ പച്ചയായി തുറന്നുകാട്ടപ്പെട്ട മറ്റൊരു നീക്കമാണ് കാര്‍ഷിക പരിഷ്കരണത്തിന്‍റെ പേരില്‍ അടുത്തകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട മൂന്ന് നിയമങ്ങളും. കാര്‍ഷികമേഖലയില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നതിന്‍റെ മറവില്‍ അന്താരാഷ്ട്ര-ദേശീയ കോര്‍പ്പറേറ്റ് മുതലാളിത്തത്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ട ആ നിയമങ്ങള്‍ രണ്ടു മാസത്തോളമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഹേതുവാണ്. ഏറ്റവും ചെറുകിട കര്‍ഷകരും കോര്‍പ്പറേറ്റ് മുതലാളിത്തവും തമ്മില്‍ മത്സരിക്കുമ്പോള്‍ ആര് ആരെ വിഴുങ്ങും എന്നത് വ്യക്തമാണ്. നമ്മുടെ കാര്‍ഷികമേഖല ദശകങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടക്കെണികളും അതിദാരുണമായ കര്‍ഷക ആത്മഹത്യകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അതിന്‍റെ മുകളിലാണ് തങ്ങളുടെ ഉത്പന്നങ്ങളുടെ മേല്‍ പൂര്‍ണമായും അവകാശമില്ലാതാകുന്ന ഒരവസ്ഥയിലേക്ക് കര്‍ഷക സമൂഹം തള്ളപ്പെടുന്നത്.
2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം ഈ സവര്‍ണ്ണ ഹിന്ദുത്വഭരണകൂടം ചെയ്തത് കാശ്മീരിന് നമ്മുടെ ഭരണഘടന നല്‍കിയ പ്രത്യേക അവകാശം എടുത്തു കളയുക എന്നതാണ്. കാശ്മീരിലെ ഭൂമി ആ സ്ഥലവാസികള്‍ക്കല്ലാതെ ആര്‍ക്കും വാങ്ങാനോ വില്‍ക്കാനോ കഴിയുമായിരുന്നില്ല. ഈ പ്രത്യേക അവകാശം എടുത്തുകളഞ്ഞതിലൂടെ അവിടെ കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങാനുള്ള മത്സരത്തിലാണ്. കാശ്മീര്‍ കാശ്മീരികളുടെതല്ലാതാകുന്ന കാലം അടുത്തെത്തി കഴിഞ്ഞു. കാശ്മീര്‍ മൊത്തത്തില്‍ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് ആക്കിമാറ്റിയത് ഇക്കാലത്താണ്. തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ബാധിക്കുന്ന മറ്റൊരു നിയമം കൊണ്ടുവന്നു CAA (citizen ammendment act) എന്ന പേരില്‍ മുസ്ലിം ജനവിഭാഗത്തോട്, പൗരത്വം നല്‍കുന്ന കാര്യത്തില്‍ വിവേചനം അനുവദിക്കുന്ന നിയമമുണ്ടാക്കിയ രാജ്യവ്യാപകമായ പ്രക്ഷോഭം അത്ര വിദൂര ചരിത്രമല്ല. ഷഹീന്‍ബാഗ് പ്രക്ഷോഭമെന്ന ഐതിഹാസിക സമരം – പ്രായമുള്ളവരും യുവതികളുമായ സ്ത്രീകളും കൊച്ചുകുഞ്ഞുങ്ങളും നൂറിലധികം ദിവസങ്ങള്‍ രാപകലില്ലാതെ സത്യാഗ്രഹമിരുന്നുകൊണ്ട് ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് ഇതാ ഈ 2020 നവംബര്‍- ഡിസംബര്‍ ആയപ്പോഴേക്കും വടക്കേ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ അസംഖ്യം കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ തെരുവിലിറങ്ങിയിരിക്കുന്നു. പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നുമാണ് അവരുടെ ആവശ്യം. ‘ഡല്‍ഹി ചലോ’ എന്ന മുദ്രാവാക്യവുമായി തലസ്ഥാനത്തേക്കുള്ള മുഖ്യ റോഡുകളെല്ലാം അവര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു. രാജ്യം ഉറ്റുനോക്കുകയാണ് ഈ ഫാസിസ്റ്റ് ഭരണകൂടം ഒരു കൊടുങ്കാറ്റുപോലെ വരുന്ന കര്‍ഷക ജനസഞ്ചയത്തെ എങ്ങനെ നേരിടുമെന്ന്. എല്ലാ പ്രതിപക്ഷ കക്ഷികളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളുമടക്കം ഇന്ന് ഈ സമരത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്നു. പക്ഷേ, ഇതിന്‍റെ മറവില്‍ ഓരോ ദിവസവും പെട്രോള്‍-ഡീസല്‍ ചാര്‍ജ്ജുകള്‍ നിര്‍ബാധം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്ന് ഒരു വിഷയമേ അല്ലാതായിരിക്കുന്നു!
ലോകത്തിലെ മറ്റൊരു പ്രധാന ജനാധിപത്യ രാജ്യത്ത്, അമേരിക്കയില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നു. മതരാഷ്ട്രം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കേന്ദ്രസര്‍ക്കാറിന് ഏറ്റവും വലിയ ധാര്‍മ്മിക-രാഷ്ട്രീയ പിന്തുണ കിട്ടിയത് റിപ്പബ്ലിക്കന്‍ നേതാവായ പ്രസിഡണ്ട് ട്രമ്പില്‍ നിന്നാണ്. അത്ഭുതമെന്നു പറയട്ടെ ഡെമോക്രാറ്റിക് കക്ഷിനേതാവായ ജോ ബൈഡന്‍ അടുത്ത അമേരിക്കന്‍ പ്രസിഡണ്ടായി ഭൂരിപക്ഷം സീറ്റുകളോടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യക്കകത്തും അന്താരാഷ്ട്രതലത്തിലും ഈ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പുകള്‍ വരാന്‍ പോകുന്നത്. കേരളത്തിലെങ്കിലും ജനാധിപത്യ-മതേതരത്വ അന്തരീക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പൊതുസമൂഹം ഈ അവസരത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം.
COMMENTS