Homeചർച്ചാവിഷയം

എന്‍മകജെ നോവുകളുടെ നോവല്‍

ണ്ണിന്‍റേയും മനുഷ്യന്‍റേയും നിലനില്പ് അടയാളപ്പെടുത്തുന്ന സര്‍ഗ്ഗവിസ്മയമാണു പ്രപഞ്ചം. ഭൂമിയുടെ സൗന്ദര്യവും സൗകര്യങ്ങളും മനുഷ്യനുവേണ്ടി മാത്രമുള്ളതാണെന്നു കരുതുന്ന അതിസങ്കീര്‍ണ്ണവും അതിവിചിത്രവുമായ പാരിസ്ഥിതികബോധമാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണം. ഓരോ കൃതിയും അതു രൂപപ്പെട്ടു വരുന്ന സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണെന്നതിനു ചരിത്രം സാക്ഷിയാണ്. സാമ്പത്തികവികസനത്തിന്‍റെ പേരില്‍ ഭരണകൂടവും മൂലധനശക്തികളും, വ്യാവസായിക സാമ്രാജ്യത്വവും അടിച്ചേല്‍പ്പിക്കുന്ന പദ്ധതികളുടെ പരിണിതഫലം അസമാധാനവും അസന്തുലിതത്വവും ആണെന്നു വരുന്നു. ചരിത്രത്തില്‍ ഇടംകിട്ടാതെ പോയ എന്‍ഡോസള്‍ഫാന്‍ സമരത്തിന്‍റെ ആദ്യഘട്ടമാണ് എന്‍മകജെ’ എന്ന നോവല്‍. ജനകീയ പ്രതിരോധസമരത്തിന്‍റെ തീവ്രമായ പ്രതികരണങ്ങള്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നപ്പോള്‍ ഈ കൃതി വിരചിതമായി. പാരിസ്ഥിതികാധിനിവേശത്തിന്‍റെ തീക്ഷ്ണമായ നിലവിളി ഏറ്റവും സൃഷ്ടിപരമായി അടയാളപ്പെടുത്തിയ നോവല്‍. എന്‍മകജെയിലും പരിസരപ്രദേശങ്ങളിലും മുപ്പതുവര്‍ഷങ്ങളോളമായി കശുമാവിന്‍തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന വിഷം മനുഷ്യനേയും ജീവജാലങ്ങളേയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കഥ പ്രകൃതിയുടെ അതിജീവനത്തിന്‍റെ നോവും നിലവിളിയുമാണ്.

കേരളത്തിലെ കാസര്‍കോട് ജില്ലയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഒരു ഗ്രാമത്തിന്‍റെ മാത്രം കഥയല്ല ഈ നോവല്‍ വരച്ചുകാണിക്കുന്നത്. മറിച്ചു നാട്ടറിവുകളും നാടന്‍ പ്രതിരോധതന്ത്രങ്ങളും നിഷ്കരുണം ഇല്ലായ്മ ചെയ്തതിന്‍റെ അനുഭവമാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നതും കൃത്രിമരാസവളങ്ങള്‍ ഉപയോഗിച്ച് ഉല്പാദനം വര്‍ദ്ധിപ്പിച്ചു പ്രകൃതിയെ അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിക്കുന്നതുമായ സംസ്കൃതിയുടെ ചിത്രമാണിത്. ‘അമിതോല്പാദനം’ എന്ന ഉപഭോഗത്വരയ്ക്കു കൂട്ടുനില്‍ക്കുന്നവരാണ് ഈ നോവലിലെ അധികാരിവര്‍ഗം. അവര്‍ക്കു കേള്‍ക്കാന്‍ സാധിക്കാതെ പോകുന്നതു മണ്ണിന്‍റേയും മനുഷ്യന്‍റേയും നിലവിളിയാണെന്ന് ഈ നോവല്‍ ശക്തമായ രീതിയില്‍ പറഞ്ഞുവെക്കുന്നു. സാമ്രാജ്യത്വം ആഗോളതലത്തില്‍ വ്യാപിച്ചതിന്‍റെ ഏറ്റവും സൃഷ്ടിപരമായ ഉദാഹരണം കൂടിയാണ് ഈ പാരിസ്ഥിതിക അധിനിവേശത്തിന്‍റെ ചരിത്രം.
പ്രകൃതിപാഠങ്ങളെ തിരിച്ചറിയുന്നതും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്നതുമാണ് യഥാര്‍ത്ഥ പരിസ്ഥിതിസ്നേഹം. ‘എന്‍മകജെയുടെ സത്യം’ എന്ന ലേഖനത്തില്‍ നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ എഴുതുന്നു ‘അസാധാരണമായ നിശബ്ദതയാണ് ‘എന്‍മകജെ’ എന്ന പുതിയ നോവലിന്‍റെ ആരംഭത്തിലും അവസാനത്തിലും. എന്നാല്‍ നോവല്‍ നിലവിളിയാണ് എന്ന് എനിക്കു ശരിക്കും ബോധ്യപ്പെട്ടത് ‘എന്‍മകജെ’യുടെ രചനാകാലത്താണ്. അതെ ഇതൊരു നിലവിളിയാണ്; ആത്മാവിന്‍റെ നോവാണ്. ചെറുത്തുനില്‍പ്പിന്‍റേയും പ്രതിരോധത്തിന്‍റേയും നിലവിളി. ഒപ്പം തകര്‍ക്കപ്പെട്ടവരുടെയും. അദ്ദേഹം തുടര്‍ന്നെഴുതുന്നു. ‘ഒരു സത്യമുണ്ട് എന്‍മകജെയുടെ ദു:ഖം നിലവിലുള്ള ഒരു ഭാഷയിലും വിവരിക്കാനാവുകയില്ല. ഒരു നോവലും അതിനു മതിയാവുകയില്ല. ആ ദു:ഖത്തിനു പകരംവെയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല.’ അതേ ഇത് അവസാനിക്കാത്ത ദു:ഖമാണ്. മണ്ണിന്‍റേയും മനുഷ്യന്‍റേയും അവസാനിക്കാത്ത നോവ്. ഒടുങ്ങാത്ത കരച്ചില്‍. പരിസ്ഥിതിയുടെ കണ്ണുനീര്‍!

മനുഷ്യരില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ മനുഷ്യരെ കാണാതിരിക്കാന്‍ കാട്ടില്‍ ഇടം തേടുന്ന രണ്ടു മനുഷ്യരിലൂടെ വളരെ നാടകീയമായി ആരംഭിക്കുന്ന നോവല്‍ പിന്നീടു മണ്ണിന്‍റേയും മനുഷ്യന്‍റേയും നോവുകള്‍ക്കും നിലവിളികള്‍ക്കും ഉത്തരം നല്‍കുന്ന മനുഷ്യരെ വാര്‍ത്തെടുക്കുന്ന ഒരു ഭൂമികയായി മാറുന്നതാണു കാണുന്നത്. വികസനം വിഷമഴയായ് പെയ്തിറങ്ങിയപ്പോള്‍ വികസനം സമ്മാനിക്കുന്ന അനീതിയും അസമത്വവും അവര്‍ തിരിച്ചറിഞ്ഞു. പരസ്പരാശ്രിതത്വത്തില്‍ നിലനില്‍ക്കുന്ന ഭൂമിയിലെ ജീവന്‍ ഏറെ ശ്രേഷ്ഠമാണെന്നും വിലപ്പെട്ടതാണെന്നും ഈ നോവല്‍ നമ്മെ പഠിപ്പിക്കുന്നു. ഈ പരസ്പരബന്ധം മറന്നുപോകുന്നതാണ് പാരിസ്ഥിതിക ദുരന്തത്തിനു കാരണം എന്ന തിരിച്ചറിവ് ഈ നോവല്‍ സമ്മാനിക്കുന്നുണ്ട്.
എന്‍മകജെ എന്ന കാസര്‍ക്കോടന്‍ ഗ്രാമം പ്രകൃതിയെയും മനുഷ്യനെയും അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ്. മരങ്ങളും കാടുകളും സര്‍പ്പങ്ങളും യക്ഷികളും പുല്ലും പൂവും പൂമ്പാറ്റയും എല്ലാം ഇവര്‍ക്കു പ്രിയപ്പെട്ടതാണ്. ‘നാഗാരാധനയും ഭൂതാരാധനയുമാണ് എന്‍മകജെയില്‍ മുഖ്യം. നാഗാരാധനയില്‍ പ്രകൃതിസംരക്ഷണത്തിന്‍റെ വലിയൊരുസംഗതിയുണ്ട്. ധാരാളമായുള്ള ഈ കാവുകള്‍ ജൈവവൈവിധ്യത്തെയും വെള്ളത്തെയും നന്നായി സംരക്ഷിക്കുന്നു. കാവുകള്‍ ആരും കൈയേറുകയില്ല, മരം മുറിക്കില്ല. ഒരു വിറകിന്‍റെ കഷ്ണംപോലും എടുക്കില്ല. അതാണ് ഇവിടുത്തെ രീതി’ (പേജ് 107).

‘ഇത് എന്‍മകജെയുടെ മാത്രം സവിശേഷതയാണ്. മുള്ളുകളില്ലാത്ത, എപ്പോഴും പുഷ്പിക്കുന്ന അതിര്‍ത്തികള്‍. യാത്രികനെ മുള്ളുകള്‍കൊണ്ട് കയറിപ്പിടിക്കുകയില്ല. അപരിചിതനാണെങ്കിലും വിടര്‍ന്ന പൂച്ചിരികള്‍കൊണ്ട് സ്വാഗതം ചെയ്യും (പേജ് 55) ഇതാണ് ‘എന്‍മകജെ’ എന്ന നാടിന്‍റെ സംസ്കാരം. സത്യത്തിന്‍റെയും നന്മയുടേയും പച്ചപ്പിന്‍റേയും അഷ്ടസംസ്കാരത്തിന്‍റേയും നാട്. ഇതുപോലെ ഏറ്റവും അധികം ഭാഷകളും ജാതികളും താമസിക്കുന്ന മറ്റൊരു നാട് കേരളത്തിലില്ല. തുളു, കൊങ്കിണി, മറാഠി, ബ്യാരി, അറബി, ഉര്‍ദു, കന്നട, മലയാളം തുടങ്ങി എട്ടിലധികം ഭാഷയും സംസ്കാരവും ഇവിടെ നിലനില്‍ക്കുന്നു. അധഃസ്ഥിതന്‍റെ കണ്ണീരുപ്പുകലര്‍ന്ന തോറ്റങ്ങളാണ് എന്‍മകജെയുടെ മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകള്‍ തന്നെയാണ് ഈ നാടിനെ ജൈവ-സംസ്കാര-ഭാഷാ വൈവിധ്യത്തിന്‍റെ പേരില്‍ അടയാളപ്പെടുത്തിയത്.

വിഷമഴ പെയ്തിറങ്ങിയ എന്‍മകജെ വരാന്തയുടെ എളമരത്തില്‍ ജയരാജനരികെ വന്നിരുന്ന് ദേവയാനി ചോദിച്ചു: ‘ഈ കീടനാശിനി ദ്രവരൂപത്തിലാണോ? ജയന്‍ കണ്ടിട്ടുണ്ടോ?’

‘കണ്ടിട്ടുണ്ട്. തവിട്ട് നിറമുള്ള ഒരുപൊടി. മേലില്‍ എവിടെയെങ്കിലും പറ്റിപ്പോയാല്‍ ചൊമന്ന് തടിച്ചുവരും. മുറിവില്‍ പുരണ്ടാല്‍ അപ്പോള്‍ ബോധക്കേടാകും. ഡി.ഡി.റ്റി. പോലെ ഓര്‍ഗനോക്ലോറിന്‍ വിഭാഗത്തില്‍പെടുന്ന ഒരു കീടനാശിനിയാണിത്. ഇ-സള്‍ഫാന്‍, എന്‍ഡോസ്റ്റാര്‍, എന്‍ഡോസണ്‍ തുടങ്ങി അമ്പതിലധികം പേരുകളിലാണ് ഇന്ത്യയിലിത് മാര്‍ക്കറ്റ് ചെയ്യുന്നത്’ (പേജ് 115).

യൗവനവും സൗന്ദര്യവും തകര്‍ക്കപ്പെട്ട ഭൂമിയുടെ നിലവിളിയാണ് ഇതില്‍ അനാവരണം ചെയ്യുന്നത്. കാസര്‍ക്കോടന്‍ ഗ്രാമങ്ങളില്‍ വര്‍ഷങ്ങള്‍ നീണ്ട എന്‍ഡോസള്‍ഫാന്‍ പ്രയോഗം മണ്ണിനെ വിഷമയമാക്കി മനുഷ്യരെ മഹാരോഗികളാക്കി. ജീവനില്ലാത്ത അവസ്ഥയിലേക്കു പോയിക്കൊണ്ടിരിക്കുന്ന ഭൂമിയെ അതില്‍നിന്നു രക്ഷിക്കാനുള്ള ധാര്‍മ്മികമായ കടപ്പാടുകൂടി ഈ നോവല്‍ വരച്ചുകാണിക്കുന്നു. മണ്ണിനെക്കുറിച്ചുള്ള ഉത്കണ്ഠ മനുഷ്യനെക്കുറിച്ചും കൂടിയുള്ള ഉത്കണ്ഠയാണ്. സൃഷ്ടിയും തുടര്‍ച്ചയും ആഗ്രഹിക്കുന്നവരില്‍ രൂപപ്പെടുന്ന അസ്വസ്ഥത. കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിച്ച രാസദുരന്തങ്ങളുടെ നേര്‍ക്ക് ഒരു സമൂഹം അവരുടെ ജീവിതംകൊണ്ടു നടത്തിയ പോരാട്ടത്തിന്‍റെ കഥ. ശ്രമകരമായ ഒരു ഉയിര്‍ത്തെഴുന്നേല്പാണ്. ഒരു നാടിന്‍റെ, ജനതയുടെ, സംസ്കാരത്തിന്‍റെ നിലനില്പിനെതന്നെയും അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെയുള്ള പ്രതികരണത്തിന്‍റെ നിലവിളി.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പ്രതിനിധികളായി നോവലില്‍ ശ്രീരാമഭട്ട്, ഡോ. അരുണ്‍കുമാര്‍, ലീലാകുമാരിയമ്മ, ജയരാജന്‍ എന്നിവര്‍ കടന്നുവരുന്നു. ഇവരെല്ലാം മനസ്സില്‍ നന്മയുള്ളവരും പച്ചപ്പുള്ളവരും അപരന്‍റെ വേദനകള്‍ക്ക് നേരെ ചെവി തുറക്കുന്നവരുമായിരുന്നു. പ്രകൃതിയോടു ചേര്‍ന്നു ജീവിച്ച ഇവിടുത്തെ മനുഷ്യര്‍ സത്യത്തിനുവേണ്ടി, നന്മയ്ക്കുവേണ്ടി, നിലനില്പിനുവേണ്ടി പ്രതിരോധിക്കുകയായിരുന്നു. നീലകണ്ഠനും ദേവയാനിക്കുമൊപ്പം പത്രപ്രവര്‍ത്തകനായ ശ്രീരാമനും ജയരാജനും ഡോ. അരുണ്‍കുമാറും എന്‍മകജെയിലെ നിസഹായരായ മനുഷ്യരും ചേര്‍ന്ന് നടത്തുന്ന പോരാട്ടം കേവലം പ്രാദേശികമായ ഒരു പ്രതിഷേധം മാത്രമല്ല. ഈ ഭൂമിയില്‍ ജീവിക്കാനുള്ള ഏതൊരു മനുഷ്യന്‍റേയും അവകാശസമരം കൂടിയാണ്. ഈ പോരാട്ടത്തിന്‍റെ അതിജീവനത്തിന്‍റെ കഥ പാരസ്ഥിതികമായ രക്ഷയുടേയും നേട്ടത്തിന്‍റേയും പ്രതീക്ഷയുടേയും മുകുളങ്ങളായി സമൂഹമനഃസാക്ഷിയില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു.
എന്‍മകജെയിലെ പൂര്‍വ്വികരായ ജൈനര്‍ ഒരിക്കലും സന്ധ്യാനേരത്തു വിളക്ക് കത്തിച്ചിരുന്നില്ല. രാത്രിയെ ഭയന്നിട്ടോ വെളിച്ചം ദു:ഖമെന്ന് കരുതിയിട്ടോ അല്ലായിരുന്നു ഈ അന്ധകാരസ്വീകരണം. മറിച്ച് വിളക്കുകണ്ട് ആകൃഷ്ടരായി പാഞ്ഞുവരുന്ന പ്രാണികള്‍ ചത്തുവീഴാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. ഈ മണ്ണിലാണ് മനുഷ്യരും മൃഗങ്ങളും ജീവജാലങ്ങളും എല്ലാം വിഷമഴയേറ്റ് കരിഞ്ഞുപോയത്. എങ്കിലും അവരുടെ സ്വപ്നങ്ങളോ അതിജീവനത്തിനുള്ള ആഗ്രഹങ്ങളോ കരിഞ്ഞുപോയില്ല. നോവലിന്‍റെ അവസാനഭാഗത്തു ഗുഹ നടത്തുന്ന പ്രഖ്യാപനം മനുഷ്യഹൃദയങ്ങള്‍ മരിച്ചിട്ടില്ല എന്നതിന്‍റെ തെളിവാണ്. നോവലിലെ ശബ്ദിക്കുന്ന ഗുഹ മനുഷ്യന്‍റെ നന്മവറ്റാത്ത മനസ്സാണ്, ചിന്തയാണ്, ശബ്ദമാണ്.

ഗുഹയില്‍ പ്രത്യക്ഷപ്പെട്ട വെളിച്ചം നന്മയുടെ വെളിച്ചമാണ്, ഈ വെളിച്ചത്തോട് അടുക്കുമ്പോഴാണ് അതിനു ജീവനുണ്ടെന്നു മനസ്സിലാവുക. അതേ നന്മയുടെ വെളിച്ചം ഉപഭോഗതൃഷ്ണയോടും അമിതോല്പാദനത്തോടും ക്രമരഹിതമായ എല്ലാത്തിനോടും ശക്തമായി പ്രതികരിക്കുന്നു. ബുദ്ധിവിഹീനമെന്നു ലോകം കരുതുന്ന ചിലതീരുമാനങ്ങള്‍ എടുക്കുന്നു. നോവലിന്‍റെ അവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന കഴുത നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും അതാണ്. വികസനത്തിന്‍റെ പിന്നാലെ പായുന്ന പ്രായോഗികബുദ്ധിയുടെ മുന്നില്‍ നന്മയുള്ളവര്‍ കഴുതകളാകുന്നു. സാമ്രാജ്യത്വത്തിന്‍റേയും അധിനിവേശത്തിന്‍റേയും സംസ്കാരങ്ങള്‍ക്കു നേരെ മുഖം തിരിക്കുക. കഴുതയെന്നു ലോകം വിധിയെഴുതിയാലും ഓര്‍ക്കുക! കഴുതയായ നിന്‍റെ സ്വരത്തിനു സകലചരാചരവും കാതോര്‍ക്കും. കാരണം ഇതു നന്മയുടെ സ്വരമാണ്. സത്യത്തിന്‍റെ ശബ്ദമാണ്. അപരനുവേണ്ടിയുള്ള നിലവിളിയുടെ രക്ഷാകരമായ ആന്ദോളനമാണ്. പ്രകൃതിയെയും മനുഷ്യനെയും നമുക്കു ചേര്‍ത്തു പിടിക്കാം.

നോവലിസ്റ്റ് എഴുതുന്നു: ‘അന്യഗ്രഹജീവികളെപ്പോലെ വിചിത്രമായ ഉടലുകളുമായി പിറന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവരുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ അനുഭവിച്ച ദു:ഖം ഒരു ഭാഷയിലും പകര്‍ത്താനാവുകയില്ല എന്നും ഒരു നിലവിളികൊണ്ടും അളക്കാനാവുകയില്ല എന്നും എനിക്കറിയാമായിരുന്നു’ (തോര്‍ച്ച മാസിക, ഒക്ടോബര്‍-നവംബര്‍ 2009). ഇത്തരത്തില്‍ അളക്കാനാവാത്ത പകര്‍ത്താനാവാത്ത മണ്ണിന്‍റേയും മനസിന്‍റേയും നിലവിളിയാണ് ‘എന്‍മകജെ’ എന്ന നോവല്‍ സാഹിത്യത്തില്‍ ഒരു ദുരന്തകാവ്യമായി മാറിയത്.

സഹായകഗ്രന്ഥങ്ങള്‍
എച്ചിക്കാനം സന്തോഷ് (എഡി.), എന്‍മകജെ പഠനങ്ങള്‍, കറന്‍റ് ബുക്സ്, 2010.
കൃഷ്ണകുമാര്‍, കെ.സി., കേരളം ജില്ലകളിലൂടെ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2013.
പൂപ്പാലം സലീം, (എഡി.), നരകത്തിലേക്കു തുറക്കുന്ന വാതില്‍, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, കോഴിക്കോട്, 2011.
മധുസൂദനന്‍ ജി., കഥയും പരിസ്ഥിതിയും, കറന്‍റ് ബുക്സ്, 2000, പു. 37.
മാങ്ങാട്, അംബികാസുതന്‍, എന്‍മകജെ, ഡി.സി. ബുക്സ്, കോട്ടയം, 2010.
ഷീബ സി.വി., എന്‍മകജെ-നരകമായി തീര്‍ന്ന സ്വര്‍ഗം, കറന്‍റ് ബുക്സ്, 2018

 

 

 

 

 

ഡോ. ഷീബ സി.വി.
അസി. പ്രൊഫസര്‍, സെന്‍റ്തോമസ് കോളേജ്

COMMENTS

COMMENT WITH EMAIL: 0