Homeചർച്ചാവിഷയം

സമുദായം അഭിസംബോധന ചെയ്യേണ്ട സ്വത്തവകാശ പ്രശ്നങ്ങള്‍

ന്‍റെ കൗമാര കാല സുഹൃത്തുക്കളിലൊരാളായിരുന്നു ബേബി. വീടിനടുത്തുള്ള സൗഹൃദമായിരുന്നു അത്. ബേബിക്ക് മൂന്ന് സഹോദരിമാര്‍ കൂടി ഉണ്ടായിരുന്നു. എല്ലാവരും സാമാന്യ വിദ്യാഭ്യാസം നേടിയവരും എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുമായിരുന്നു. പോസ്റ്റോഫീസിലെ പണമിടപാടിലെ ഏജന്‍റായിട്ടൊക്കെ പ്രവര്‍ത്തിക്കുന്നതുപോലെ എന്തെങ്കിലും തൊഴിലില്‍ എല്ലാവരും ഏര്‍പ്പെട്ടിരുന്നു. അവരുടെ ഉമ്മയും ബാപ്പയും ഞാന്‍ കാണുമ്പോള്‍ ആടിനെ പോറ്റി അതില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അവരുടെ ചില ബന്ധുക്കളൊക്കെ പരിസരത്തു തന്നെ താമസിച്ചിരുന്നു. അവര്‍ക്കൊന്നും മുതിര്‍ന്ന പെണ്‍കുട്ടികളെ ജോലിക്കയക്കുന്നതില്‍ വലിയ അഭിപ്രായമില്ലാത്തതിനാല്‍ ഈ കുടുംബവുമായി വലിയ അടുപ്പം കാണിച്ചില്ല. എല്ലാവരും കല്യാണം കഴിച്ചതും ഇരുപതുവയസ്സെങ്കിലും കഴിഞ്ഞിട്ടാണ്. എന്‍റെ ചെറുപ്പത്തില്‍ അത് വലിയ വാര്‍ത്ത തന്നെ ആയിരുന്നു. സമയത്തിന് കല്യാണം കഴിപ്പിക്കാതെ പെണ്‍കുട്ടികളെ പണിക്കയക്കുന്ന ബാപ്പയായി അയാള്‍ ഇകഴ്ത്തപ്പെട്ടു. വീട്ടുകാരോടും നാട്ടുകാരോടുമുള്ള എന്‍റെ കലിപ്പുകളെല്ലാം ഞാന്‍ പറഞ്ഞ് തീര്‍ത്തിരുന്നത് ഇവരോടായിരുന്നു. അതിനിടയില്‍ ബേബിയുടെ ബാപ്പ മരിച്ചു. ഖബറടക്കം കഴിഞ്ഞ് അധിക സമയം കഴിയുന്നതിനു മുമ്പെ ബാപ്പയുടെ സഹോദരന്മാരടക്കമുള്ള ബന്ധുക്കള്‍ സ്വത്തിന് അവകാശം പറഞ്ഞു. മരണത്തിന് കെട്ടിയ പന്തല്‍ അഴിക്കുന്നതിനു മുമ്പെ അവിടെ വഴക്കു തുടങ്ങി. കാരണം ബേബിയുടെ ബാപ്പ ഇതെല്ലാം മുന്‍കൂട്ടി കണ്ടായിരിക്കണം സ്വത്തുക്കള്‍ പെണ്‍മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. അതെങ്ങനെ ഇസ്ലാമികമാവും എന്ന പേരിലാണവര്‍ വഴക്കടിക്കാന്‍ ശ്രമിച്ചത്. ഒരു ചെറിയ വീടും അത് നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രമാണ് അയാള്‍ക്കാകെയുണ്ടായിരുന്ന സ്വത്ത്. ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശപ്രകാരം 2/3 ഭാഗത്തിനു മാത്രമെ ഈ പെണ്‍കുട്ടികള്‍ക്കവകാശം ലഭിക്കൂ. മിക്കവാറും വീടുവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. ഇതു തിരിച്ചറിഞ്ഞ ബാപ്പ തന്നെയാണ് പെണ്‍കുട്ടികള്‍ വഴിയാധാരമാവാതിരിക്കാന്‍ മുന്‍കൂട്ടി ഇത് അവരുടെ പേരിലേക്ക് മാറ്റിയെഴുതിയത്. സ്വന്തം കഷ്ടപ്പാടുകള്‍ കൊണ്ടാണെങ്കിലും ഞങ്ങള്‍ക്കെന്തെങ്കിലുമുണ്ടോ എന്ന ചോദ്യം തന്നെയാണ് ബാപ്പയുടെ സഹോദരങ്ങളെ അങ്ങോട്ടെത്തിച്ചത്.

എന്‍റെ ബന്ധത്തില്‍പ്പെട്ട ഒരു അമ്മായിയുടെ അവസ്ഥയും ഇതില്‍ നിന്ന് ഏറെയൊന്നും ഭിന്നമായിരുന്നില്ല. അവര്‍ ധാരാളം ഭൂസ്വത്തുള്ള സ്ത്രീയായിരുന്നു. അവര്‍ താമസിച്ചിരുന്നതില്‍ നിന്ന് ദൂരസ്ഥലങ്ങളിലായിരുന്ന അമ്മായിയുടെ സ്വത്തുക്കള്‍ വിറ്റ് ഭര്‍ത്താവിന്‍റെ പുരയിടത്തിലാണ് അവര്‍ താമസിച്ചിരുന്നത്. രണ്ട് പേര്‍ മാത്രമുള്ള വീട്ടില്‍ വലിയ ആര്‍ഭാടങ്ങളില്ലാതെ ജീവിച്ച അവര്‍ക്ക് ഭൂസ്വത്തുക്കളെല്ലാം അതേപടി നിലനിര്‍ത്താനായി. അതില്‍ നിന്നുള്ള വരുമാനം അവര്‍ക്കു ജീവിക്കാന്‍ ധാരാളമായിരുന്നു. പക്ഷെ ഭര്‍ത്താവിന്‍റെ മരണശേഷം അവര്‍ക്ക് ആ വീട് വിട്ടിറങ്ങേണ്ടിവന്നു. സ്വന്തം പേരില്‍ സ്വത്തുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ ഭര്‍ത്താവിന്‍റെ വിഹിതത്തില്‍ നിന്ന് ഒരു പങ്ക് കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. മക്കള്‍ ഉണ്ടെങ്കിലും ഭാര്യമാരുടെ സ്ഥിതി അത്രക്ക് മെച്ചപ്പെട്ടതല്ല. സ്വത്തിലെ വിഹിതം 1/8 ആയി ചുരുങ്ങുകയാണ് ചെയ്യുക.

ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ പകുതി അവകാശം ഇസ്ലാമിക പിന്തുടര്‍ച്ചാവകാശ നിയമം വ്യവസ്ഥ ചെയ്യുമ്പോഴാണ് അനാഥരായിപ്പോകുന്ന സ്ത്രീകള്‍ക്ക് നാലിലൊന്ന് വിഹിതം മാത്രമായി ചുരുക്കുന്നത്. മക്കളുണ്ടെങ്കില്‍ ഭാര്യയുടെ സ്വത്തില്‍ നാലിലൊന്നിന് ഭര്‍ത്താവിന് അവകാശമുണ്ട്. സ്വന്തം മക്കള്‍ക്ക് പിന്തുടര്‍ച്ചാവകാശം നല്‍കുന്നതിലുമുണ്ട് വ്യത്യാസങ്ങള്‍. ആണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ടു ഭാഗത്തിന് അര്‍ഹതയുണ്ടെങ്കില്‍ പെണ്‍മക്കള്‍ക്ക് മൂന്നിലൊരുഭാഗത്തിന് മാത്രമാണ് അര്‍ഹതയുള്ളത്. ഇനി മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ മരണപ്പെട്ട മകന്‍റെ മക്കള്‍ക്കാര്‍ക്കും പാരമ്പര്യ സ്വത്തില്‍ അവകാശമേ ഇല്ല എന്നും ഈ നിയമ വ്യവസ്ഥ അനുശാസിക്കുന്നു. വളരെ വ്യക്തമായിത്തന്നെ പെണ്‍കുട്ടികളോട് വ്യക്തമായി പക്ഷപാതം കാണിക്കുന്നുണ്ട് എന്നതുമാത്രമല്ല ഈ നിയമ വ്യവസ്ഥയുടെ പ്രശ്നം. സ്ത്രീകള്‍ക്കായാലും അനാഥരായിപ്പോകുന്ന പേരക്കിടാങ്ങള്‍ക്കായാലും സംരക്ഷണം ഉറപ്പു വരുത്തിയിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍ നിന്നാവാം ഈ നിയമങ്ങള്‍ ഉണ്ടായിട്ടുണ്ടാവുക. ഈ നിയമങ്ങളുടെ ചരിത്ര പ്രാധാന്യവും തഴഞ്ഞു കളയാവുന്നതല്ല.

ഏകശാസനാരൂപത്തിലല്ലാതെ മതസങ്കല്‍പവും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാന സാധ്യതകളുമാണ് ഇസ്ലാമിനെ ബഹുസ്വരമാക്കിയതില്‍ വലിയ പങ്കുവഹിച്ചത്. മാറ്റമില്ലാതെ ദൈവീക നിയമം എന്നതിലപ്പുറം മതഗ്രന്ഥങ്ങള്‍ അതുണ്ടായ കാലഘട്ടത്തിലെ സവിശേഷ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യേണ്ടതുണ്ട്. ഇസ്ലാം സ്ത്രീക്കു നല്‍കിയ അവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഖൂര്‍ആനും അതിലെ പ്രബോധനങ്ങളും ഉണ്ടാകാനിടയായ ചരിത്ര സാഹചര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ നിന്നുവേണം ഇസ്ലാമിലെ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാന്‍. ചരിത്രകാരന്മാര്‍ ഇതിനെ ജാഹിലിയ്യ കാലഘട്ടം എന്നുവിളിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ഒരു സ്ഥാനവും ഇല്ലാതിരുന്ന ജാഹിലിയ്യ കാലഘട്ടത്തില്‍ ചില വ്യക്തികള്‍ പെണ്‍കുഞ്ഞ് പിറക്കുന്നത് തന്നെ അപമാനമായി കരിതിയിരുന്നു. അല്‍ നഹല്‍ എന്ന സൂറത്തില്‍ ഇപ്രകാരം വിമര്‍ശിക്കുന്നു – അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ലഭിച്ചാല്‍ കൊടിയ വിഷാദം മൂലം അവന്‍റെ മുഖം ഇരുളുന്നു. നാണക്കേട് മൂലം അവന്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചു നടക്കുന്നു. അപമാനം സഹിച്ചുകൊണ്ടതിനെ വളര്‍ത്തണോ മണ്ണില്‍ കുഴിച്ചുമൂടണോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. നോക്കൂ എത്ര ദുഷ്കരമാണ് അവരുടെ തീരുമാനം.

ഈ സാഹചര്യത്തിലാണ് ഖുര്‍ആന്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഒരുപോലെ പെരുമാറാന്‍ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചത്. കുട്ടികള്‍ക്കിടയില്‍ പക്ഷപാതിത്തമില്ലാതെ വളര്‍ത്തുന്നവരാണ് സ്വര്‍ഗ്ഗത്തിന് അവകാശികളായി അല്ലാഹു കല്‍പിച്ചിരിക്കുന്നത്.

ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വവും വിവാഹമോചനവും സ്വത്തവകാശവും ജാഹിലിയ്യകാലത്തെ ഈ നിര്‍ദ്ദിഷ്ട സമൂഹത്തോടുള്ള ഉത്ബോധനം എന്ന നിലക്ക് കൂടി കാണേണ്ടതുണ്ട്. ഇഷ്ടം പോലെ ഭാര്യമാരെ സ്വീകരിക്കുകയും കയ്യൊഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മൂഹമ്മദ് നബി ചെയ്തത്. പരസ്പരം യുദ്ധം ചെയ്തിരുന്ന ഗോത്രസമൂഹങ്ങള്‍ ആയിരുന്നു അന്നുണ്ടായിരുന്നത്. നിരന്തരമായ യൂദ്ധത്തിന്‍റെ ഫലമായി വിധവകളുടെയും അനാഥകളുടെയും എണ്ണം പെരുകി. ഇവരെ സംരക്ഷിക്കുക എന്നതും നബിയുടെ ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ ബഹുഭാര്യത്വം സ്വീകരിക്കുന്നവര്‍ വിധവകളെയും അനാഥകളെയുമാണ് സ്വീകരിക്കേണ്ടത് എന്നുവരുന്നു. അവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്താനും അതിനു സാധ്യമല്ലെങ്കില്‍ ഒരാളെ മാത്രം സ്വീകരിക്കാനും ഉദ്ബോധിപ്പിക്കുന്നു. ഈ സൂറത്തില്‍ (അധ്യായം 4) തന്നെ മറ്റൊരിടത്ത് തുല്യനീതി ഉറപ്പുവരുത്താന്‍ ആവില്ലെന്ന് പറയുന്നുണ്ട്. (4:129) അതിനാല്‍ ബഹുഭാര്യത്വമല്ല ഏകഭാര്യത്വംതന്നെയാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആദ്യഭാര്യയുടെ പൂര്‍ണ്ണസമ്മതം ഇതിനാവശ്യമാണ്. ആദ്യഭാര്യക്ക് ഏകഭാര്യയായിരിക്കണമെന്ന് വിവാഹ കരാറില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
വിവാഹമോചനം അനുവദനീയമാണെങ്കിലും അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ട സംഗതിയായി ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം സഹിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലത് പരസ്പരം ബഹുമാനത്തോടെ പിരിയുന്നതാണ് എന്നനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് അനേകം നിബന്ധനകളുണ്ട്. മധ്യസ്ഥര്‍ ഇടപെട്ടു സംസാരിക്കണം. അത് പരാജപ്പെട്ടാല്‍ മൂന്നു മാസങ്ങള്‍ കൊണ്ട് മാത്രമെ വിവാഹമോചന ചടങ്ങുകള്‍ പൂര്‍ത്തിയാകൂ. ഈ കാലയളവില്‍ ദമ്പതിമാര്‍ക്ക് അവരുടെ തീരുമാനം പുന:പരിശോധിക്കാവുന്നതാണ്.

വിവാഹമോചനം സ്ത്രീക്കും പുരുഷനും ഇസ്ലാം വിധിക്കുന്നുണ്ട്. ഖുര്‍അ്, മുബാറഅത്ത്, ഫസ്ഖ് എന്നീ മൂന്നു മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീക്ക് വിവാഹ മോചനം നേടാവുന്നതാണ്. ഇതില്‍ ഖുല്‍അ്ലും മുബാറത്തിലും വിവാഹമോചനം നല്‍കുന്നതിന് അധികാരം പുരുഷനാണ്. ഫസ്ഖ് സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാനുള്ള അധികാരം നല്‍കുന്നതാണ്. പക്ഷേ, എല്ലാത്തിനും ഉപാധികളോടെ മാത്രമെ അനുവാദം നല്‍കിയിട്ടുള്ളൂ.
സ്വത്തവകാശത്തെ സംബന്ധിച്ചും ഇന്ന് നിലവിലുള്ള രീതിക്ക് പരിമിതിയുണ്ട് എന്ന് സമ്മതിക്കാം. അതേസമയം പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു കാലഘട്ടത്തിലാണ് കുടുംബസ്വത്തില്‍ അവര്‍ക്ക് അവകാശം നല്‍കുന്നതെന്നത് വിപ്ലവകരം തന്നെ.

സ്വത്തവകാശത്തെ സംബന്ധിച്ചും ഇന്ന് നിലനില്‍ക്കുന്ന നിയമം ഒട്ടും നീതിയുക്തമല്ല എന്ന് നമുക്കറിയാം. അതേസമയം പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തിലാണ് കുടുംബസ്വത്തില്‍ ഷംഷ അവര്‍ക്ക് അവകാശങ്ങള്‍ നല്‍കിയത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ പദവി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ നിയമങ്ങള്‍ പരിഷ്കരിക്കുകയായിരുന്നു ഇസ്ലാം എന്ന് മനസ്സിലാക്കാന്‍ ഏറെ ബദ്ധപ്പെടേണ്ടതില്ല. പക്ഷേ അതു കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ നീതികരിക്കാനാവില്ല. പാരമ്പര്യ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം മകനും മൂന്നില്‍ ഒരു ഭാഗം മകള്‍ക്കും എന്ന നിലക്കാണ് ഇന്ന് അനന്തരാവകാശം ലഭിക്കുന്നതിന് അര്‍ഹതയുള്ളത്. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ മൂന്നില്‍ രണ്ടു ഭാഗം മാത്രമാണ് സ്വന്തം കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മകന്‍ മരണപ്പെട്ടാല്‍ കുടുംബസ്വത്തില്‍ മകന്‍റെ കുട്ടികള്‍ക്ക് അവകാശമില്ല. മക്കളില്ലാതെ ഭാര്യ മരണപ്പെട്ടാല്‍ ഭാര്യയുടെ സ്വത്തിന്‍റെ പകുതി ഭര്‍ത്താവിന് അവകാശപ്പെട്ടതാണെങ്കില്‍ ഭര്‍ത്താവിന്‍റെ സ്വത്തില്‍ നാലിലൊന്നിന് മാത്രമാണ് ഭാര്യക്ക് അവകാശമുള്ളത്. മക്കള്‍ ഉണ്ടെങ്കില്‍ ഭാര്യക്ക് എട്ടില്‍ ഒന്നിന് മാത്രമെ അവകാശമുള്ളൂ. ഭര്‍ത്താവിന് നാലിലൊന്നാണ് അപ്പോള്‍ വിഹിതം. അവിവാഹിതനായ മകന്‍ മരണപ്പെട്ടാല്‍ അവന്‍റെ സ്വത്തിന്‍റെ ആറില്‍ അഞ്ചുഭാഗം പിതാവിനും ആറില്‍ ഒരു ഭാഗം മാതാവിനും അവകാശം ലഭിക്കും.

ഈ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെല്ലാം ഗോത്രവര്‍ഗ്ഗ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, മകന്‍ മരണപ്പെട്ടാല്‍ അവരുടെ മക്കള്‍ ഈ ഗോത്രസങ്കല്‍പ്പത്തിനകത്ത് സുരക്ഷിതരായിരിക്കുമെന്നുറപ്പാണ്. അതുപോലെ അനാഥരായിപ്പോകുന്ന പെണ്‍കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ ഈ വ്യവസ്ഥയില്‍ കഴിഞ്ഞിരിക്കാമെങ്കിലും അതേ ജീവിത വ്യവസ്ഥ വെച്ച് ഇന്നത്തെ ജീവിതരീതിയെയും മൂല്യങ്ങളെയും അളക്കാനാവില്ല. പലപ്പോഴും സ്വത്തവകാശത്തിന്‍റെ പേരില്‍ വീട്ടില്‍ നിന്നിറക്കിവിടുന്ന അവസ്ഥപോലും ഉണ്ടാവുന്നുണ്ട്. യത്തീമിന്‍റെ സംരക്ഷണം സമുദായത്തിന്‍റെ ബാധ്യതയായി നാം കണക്കാക്കുമ്പോള്‍ ഈ സമുദായ നിയമങ്ങള്‍തന്നെ യത്തീമാക്കി പലരെയും തെരുവില്‍ ഇറക്കുന്നുണ്ട്. ഈ നിയമങ്ങളില്‍ പലതും അതിന്‍റെ വിശദീകരണത്തില്‍ വ്യാഖ്യാന സാധ്യത തരുന്നതാണ് എന്നതും പ്രധാനമാണ്.

പുരുഷന് മൂന്നില്‍ രണ്ട് ഭാഗം കുടുംബസ്വത്തില്‍ അവകാശം കൊടുക്കുമ്പോള്‍ അതിനോടൊപ്പം കുടുംബത്തിന്‍റെ ഉത്തരവാദിത്ത്വം അയാളുടെ ബാധ്യതയാണ് എന്നനുശാസിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന മൂന്നിലൊരുഭാഗം സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കാവുന്നതാണ്. ഇത്തരം ചുമതലകളൊന്നും സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്നില്ല. ഇതനുസരിച്ച് ഏതെങ്കിലും സാഹചര്യത്തില്‍ കുടുംബ ചുമതലകള്‍ വഹിക്കുന്നത് സ്ത്രീയാണെങ്കില്‍ ഈ നിയമം എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങളാവാം. ഇസ്ലാം രൂപപ്പെട്ട അന്ന് സ്ത്രീകളുടെ മാന്യത ഉറപ്പാക്കാന്‍ വേണ്ടി ഇടപെട്ട ഇസ്ലാം ഇന്ന് സ്ത്രീകളോടുള്ള വിവേചനങ്ങള്‍ക്കെതിരെയാണ് നിലയുറപ്പിക്കേണ്ടത്. അതായത് ഇസ്ലാമിക കാഴ്ചപ്പാടില്‍ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം പക്ഷാപാതങ്ങള്‍.
ഖുര്‍ആനിലെ നിയമങ്ങളും നിലവിലുള്ള വ്യക്തിനിയമങ്ങളും തമ്മിലുള്ള വലിയ അന്തരവും ഈ അനീതിക്ക് വലിയ കാരണമാണ്. എന്തുകൊണ്ടീ വിടവ്? ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന ഘടകങ്ങളും അതിന്‍റെ ചരിത്രവും ഇത് വ്യക്തമാക്കും.

ഖുര്‍ ആനിനു പുറമെ മറ്റ് പല ഘടകങ്ങളും ശരീഅത്ത് നിയമങ്ങള്‍ക്കടിസ്ഥാനമായി സ്വീകരിച്ചിട്ടുണ്ട്.
ഹദീസ് – പ്രവാചക ചര്യകള്‍ പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടവ
ഇജ്മഅ് – പ്രവാചകനുശേഷം വന്ന പണ്ഡിതരുടെ കൂട്ട അഭിപ്രായം
ഖിയാസ് – കീഴ്വഴക്കങ്ങള്‍ മുന്‍ നടപ്പനുസരിച്ചുള്ള വിധി പുതിയതിനും ബാധകമാക്കുക.
ഇവയെക്കുറിച്ചൊന്നും അറിവില്ലാത്ത ബ്രിട്ടീഷുകാര്‍ മുഗളന്മാരുടെ കാലത്തെ ഫത്വകള്‍ (മതവിധികള്‍) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഇന്നും ഇന്ത്യന്‍ ശരീഅത്തിനടിസ്ഥാനമായി നില്‍ക്കുന്ന ഒരു ഗ്രന്ഥം ഹാമില്‍ട്ടന്‍റെ ഹിദായ യാണ്. മുഗള്‍ഭരണകാലത്ത് രാജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി വിവര്‍ത്തനം ചെയ്ത ഗ്രന്ഥം. ഇതിന്‍റെ ഫലമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ബ്രിട്ടീഷിന്ത്യന്‍ കോടതികള്‍ നിരസിക്കുന്നു. ഇതില്‍ പ്രധാനമാണ് സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശം. അന്ന് മതപരിവര്‍ത്തനം മാത്രമായിരുന്നു സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിനുള്ള ഏകമാര്‍ഗ്ഗം. 1939 A Dissolution of Muslim Marriage Act പാസ്സാക്കിയതിലൂടെയാണ് കോടതി മുഖേനയെങ്കിലും സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശം കൈവന്നത്. വിധവാ വിവാഹത്തിനും തടസ്സമുണ്ടായിരുന്നില്ല. എങ്കിലും ഇന്ന് നിലനില്‍ക്കുന്ന നിയമങ്ങള്‍ എത്രമാത്രം മതപരമാണെന്ന് ഇത് വ്യക്തമാക്കും. ഹാമില്‍ട്ടന്‍റെ ഹിദായക്ക് ഖുര്‍ആനുമായോ മറ്റ് മതഗ്രന്ഥങ്ങളുമായോ ഉള്ള ബന്ധം വളരെ പരിമിതമാണ്. ഇസ്ലാം അനുവദിക്കുന്ന വിധികള്‍ക്ക് ഇവിടെ നിയമ സാധുതയുമില്ല. എങ്കിലും ഇന്ത്യയിലെ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും കാണാം. സ്വത്തവകാശത്തിനും വിവാഹമോചനത്തിനും ഇവിടെ ആദ്യം അവകാശം ലഭിച്ചത് മുസ്ലീം സ്ത്രീകള്‍ക്കാണ്. സ്ത്രീക്ക് നീതി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഇസ്ലാമിക കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഈ വ്യക്തി നിയമത്തെ പരിഷ്കരിക്കുകയാണ് വേണ്ടത്. ഇസ്ലാം രൂപപ്പെട്ട കാലത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊരുഭാഗം സ്വത്തവകാശം നല്‍കിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ലെന്നു മാത്രമല്ല, വിവാഹിതയാവുന്നതോടെ സ്ത്രീകള്‍ക്ക് സിവില്‍ മരണം സംഭവിക്കുന്നതിന് തുല്യമായിരുന്നു സ്ത്രീകളുടെ പദവി. സ്വന്തം അവകാശ പ്രമാണങ്ങളില്‍പോലും ഒപ്പുവെക്കേണ്ടത് ഭര്‍ത്താവായിരുന്നു. ഇസ്ലാമിക കാഴ്ചപ്പാടാണ് ഇന്ത്യയിലെ പുതിയ വ്യക്തിനിയമ പരിഷ്കരണത്തിനും ഇന്ന് നമുക്കാവശ്യം. വ്യക്തികളെന്ന നിലക്ക് മനുഷ്യരെ പരിഗണിച്ചുകൊണ്ട് അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കണക്കിലെടുത്തുകൊണ്ട് നിലനില്‍ക്കുന്ന പിന്തുടര്‍ച്ചാവകാശങ്ങളിലും പരിഷ്ക്കരണമുണ്ടാവേണ്ടത് അത്യാവശ്യമാണ്. മേരി റോയ് ജീവിച്ചിരുന്നിടത്ത് ഈ അവകാശങ്ങളിലേക്കുയരാന്‍ മുസ്ലീം സ്ത്രീകള്‍ വൈകിയതെന്തുകൊണ്ടന്ന സംശയം മാത്രമാണിന്ന് ബാക്കിയാവുന്നത്.

നിലവിലുള്ള നിയമം മാറേണ്ടത് ഇന്ന് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇത് സ്ത്രീകളുടെ മാത്രം പ്രശ്നവുമല്ല. പെണ്‍മക്കള്‍ക്ക് അവകാശമില്ലാതാവുന്നത് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രശ്നമായിത്തന്നെ കാണേണ്ടതുണ്ട്. എന്നോ മതിപ്പില്ലാതെ പോയ ഇതിലെ നിയമവ്യവസ്ഥകളും ചട്ടങ്ങളും മാറേണ്ടത് സമൂദായത്തിന്‍റെ മുഴുവന്‍ ആവശ്യമാണ്. പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കള്‍ ആരെങ്കിലും ഈ നിയമത്തില്‍ ആശങ്കപ്പെടാതെ ഉണ്ടെന്ന് ഇന്ന് നമുക്ക് വിശ്വസിക്കാനാവില്ല. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വത്തുവിഭജനത്തിലുള്ള വ്യത്യാസത്തിന് നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വത്തിന് ഉപാധികളില്ല എന്നതാണ്. അത് അവര്‍ക്ക് സ്വതന്ത്രമായി ചെലവഴിക്കാം. ആണ്‍കുട്ടികള്‍ക്കാകട്ടെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ചുമതലയുണ്ട്. ഇത് പുതിയ കാലത്തിനനുസരിച്ച് വ്യാഖ്യാന സാധ്യത നല്‍കുന്നതുമാണ്. പെണ്‍കുട്ടികള്‍ക്ക് സംരക്ഷണ ചുമതല വരുന്ന ഘട്ടങ്ങളില്‍/കുടുംബങ്ങളില്‍ ഈ അധിക പങ്ക് പെണ്‍കുട്ടികള്‍ക്കവകാശപ്പെട്ടതല്ലേ? വീണ്ടും ഇതില്‍ തര്‍ക്കങ്ങളുണ്ടാവാതിരിക്കാന്‍ നല്ലത് ചുമതലയും ഒരേ വിഹിതത്തില്‍ നല്‍കുന്നതാണ്. പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടിലേക്ക് പേകേണ്ടവര്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കേണ്ടവര്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതിനും ഇനി വലിയ അടിസ്ഥാനം ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ തുല്യപങ്കാളിത്തം രണ്ടു കൂട്ടര്‍ക്കും ആവശ്യമാണ്. അത് പിന്തുടര്‍ച്ചാകാശം ഒന്നും ഇല്ലാത്തിടത്തും ബാധകമാകുന്ന കാര്യം തന്നെ. സ്വത്തവകാശത്തോടൊപ്പം ഈ മൂല്യബോധം കൂടിയാണ് നാം പങ്കുവെക്കുന്നത്.

മുസ്ലീം വ്യക്തിനിയമത്തിലെ പിന്തുടര്‍ച്ചാവകാശങ്ങളിലെ ഈ വിവേചനങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ നല്‍കിയ സ്പെഷല്‍ ലീവ് പെറ്റിഷന്‍ കേസില്‍, കോടതി കേരള സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്നാണ് മനസ്സിലാക്കാനായത്. സര്‍ക്കാറായാലും മത നേതൃത്വമായാലും മത നിയമവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കമായി ഇപ്പോഴിതിനെ കാണരുതെന്നാണ് എനിക്ക് തേന്നുന്നത്. നമുക്കു ചുറ്റുമുള്ള അനുഭവങ്ങളില്‍ നിന്നു തന്നെ ഇത് ഇന്ന് മുസ്ലീം സമുദായം നേരിടുന്ന പ്രശ്നമാണ് എന്നത് വ്യക്തമാണ്. അതിനെ തിരുത്തേണ്ടതും മറികടക്കേണ്ടതും മുസ്ലീം മതനിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ്.

നിലവിലെ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ഡി.വൈ ചന്ദ്രചൂഢ് ആണെന്നുള്ളത് ഈ കേസില്‍ അനുകൂല വിധി ഉണ്ടാവുന്നതിന് ഏറെ സാധ്യതയുള്ള ഒരു ഘടകമായി ഞാന്‍ കാണുന്നു. സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നല്കുന്ന വിധിയില്‍, അത് ഒരു വ്യക്തിക്ക് അവളുടെ ശരീരത്തിലുള്ള സ്വയം നിര്‍ണ്ണയാവകാശത്തിന്‍റെ ഭാഗമായി തന്നെ വിലയിരുത്തിയ ശക്തമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നോര്‍ക്കുന്നുണ്ട്. അതുപോലെ ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിന്‍റെ നിലപാടുകളാണ്  LGBTIQAക്ക് അഭിമാനത്തോടെ ഇവിടെ നിലനില്‍ക്കാനുള്ള സാധ്യത തന്നത്. ആണും പെണ്ണും മാത്രമായി മനുഷ്യരെ കാണുന്ന ലോക ബോധത്തെ തന്നെ വിമര്‍ശിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇങ്ങനെ നമ്മുടെ സാമാന്യബോധത്തെ തന്നെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്തുകൊണ്ട് ഇന്ത്യയില്‍ ചരിത്രം കുറിച്ച വ്യക്തിയാണ് ജസ്റ്റീസ് ചന്ദ്രചൂഢ്. അദ്ദേഹം മുസ്ലീം പിന്തുടര്‍ച്ചാവകാശത്തിന്‍റെ കാര്യത്തിലും സംവേദനക്ഷമമായ നിലപാടെടുക്കുമെന്നതില്‍ സംശയമില്ല.
അപ്പോഴിത് മുസ്ലീങ്ങള്‍ക്കെതിരായ വിധി എന്ന പറഞ്ഞ് അപഹസിക്കരുതെന്നാണ് സമുദായ സംഘടനകളോട് പറയാനുള്ളത്. സംഘബോധമുള്ളവരെന്നാല്‍ മതത്തിനകത്തു ജീവിക്കുന്നവരുടെ ജീവിത പ്രശ്നങ്ങളെക്കൂടി കണിക്കിലെടുക്കുന്നവരാകട്ടെ.

ഡോ.ഷംഷാദ് ഹുസൈന്‍ കെ.ടി.
പ്രൊഫസര്‍ മലയാള വിഭാഗം
ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വ്വകലാശാല,
പ്രാദേശിക കേന്ദ്രം
തിരൂര്‍

COMMENTS

COMMENT WITH EMAIL: 0