Homeചർച്ചാവിഷയം

നൃത്തത്തിന്‍റെ സാംസ്കാരിക സാമൂഹിക രൂപീകരണവും ധാര്‍മ്മികതയും

വിദ്യ പി. മോഹനന്‍

നൃത്തത്തിന് മനുഷ്യോല്‍പ്പത്തിയോളം തന്നെ പഴക്കം കാണുവാന്‍ സാധിക്കും. പ്രപഞ്ചത്തിന്‍റെ ചലനാത്മക സ്വഭാവം മനുഷ്യന്‍ ഉള്‍പ്പെടുന്ന സകല പ്രപഞ്ച വസ്തുക്കളിലും അന്തര്‍ലീനമായിരിക്കുന്നതുകൊണ്ട്, പ്രകൃതിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യന്‍ അദ്ധ്വാനഭാരം കുറയ്ക്കുന്നതിനും, മനോവ്യാപാരങ്ങളെ പ്രകടിപ്പിക്കുന്നതിനുമായി ആദ്യകാലം മുതല്‍ക്കെ നൃത്തം ചെയ്തുകൊണ്ടിരുന്നു. ഇത്തരത്തില്‍ മനുഷ്യന് പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം തന്നെയാണ് നമ്മുടെ കലാസാംസ്കാരിക പാരമ്പര്യത്തിന് അടിസ്ഥാനവും. കാലാകാലങ്ങളായി മനുഷ്യര്‍ ആര്‍ജ്ജിച്ച വികാസത്തിന്‍റെ ചൈതന്യമത്രയും ഉള്‍ക്കൊള്ളുന്ന നമ്മുടെ കലകളും സംസ്കാരവും തന്നെയാണ് കാലത്തെ വെല്ലുന്ന കരുത്താര്‍ജ്ജിക്കാന്‍ മനുഷ്യസമൂഹത്തെ പ്രാപ്തരാക്കുന്നത്. വിലമതിക്കാനാവാത്ത നമ്മുടെ ഈ സംസ്കാരത്തെക്കുറിച്ചുള്ള അറിവുകളെ ആവിഷ്ക്കരിക്കുവാനുള്ള ഏറ്റവും ലളിതമായ ഭാഷ അല്ലെങ്കില്‍ സംസ്കാരത്തിന്‍റെ പ്രതിബിംബം തന്നെയാണ് നൃത്തം.

കലയും സംസ്കാരവും
സംസ്ക്കാരം എന്നത് സാമൂഹ്യജീവിയായ മനുഷ്യന്‍റെ മാത്രം സവിശേഷതയാണ്. ആവശ്യങ്ങള്‍ സമൂഹജീവിയായ മനുഷ്യന്‍റെ ബുദ്ധിശക്തിയെ വികസിപ്പിച്ചു, പ്രവര്‍ത്തന മേഖലകളെ വ്യാപിപ്പിച്ചു. ഇത് ശീലങ്ങള്‍ രൂപപ്പെടാന്‍ കാരണമായി. സാവധാനം ആശയങ്ങള്‍, ഭാഷ, വിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സ്ഥാപനങ്ങള്‍, സാങ്കേതികവിദ്യ എന്നിവയെല്ലാം അടങ്ങുന്ന വിപുലമായ സംസ്കാരം ഉടലെടുത്തു. അടുത്തപടി ഓരോ പ്രവൃത്തിയും വസ്തുവും അമൂര്‍ത്തമായ ഒരാശയത്തെകൂടി ഉള്‍ക്കൊള്ളുന്നുണ്ടെന്ന ബോധത്തിലേക്കുള്ള വളര്‍ച്ചയാണ്. ഇത് ആയുധങ്ങള്‍, വേട്ടയാടാനും മരം വെട്ടാനും മാത്രമല്ല, അധികാരത്തിന്‍റെ പ്രതീകം ആണെന്നുകൂടിയുള്ള ബോധം ഉടലെടുക്കാന്‍ കാരണമായി. ശബ്ദങ്ങളും, വാക്കുകളും ആശയങ്ങളും അംഗീകൃതമായ പ്രതീകങ്ങളാണെന്നും അവ യാഥാര്‍ത്ഥ്യമല്ലെന്നും യാഥാര്‍ത്ഥ്യത്തിന്‍റെ തത്വം മാത്രമാണെന്നുമുള്ള തിരിച്ചറിവ് കലാരൂപങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായി.
എല്ലാ സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളെയും അമൂര്‍ത്തതലങ്ങളിലേക്ക് നയിക്കുകയും അവയുടെ അന്തസത്തയ്ക്കു അസ്ഥിത്വം നല്‍കുകയും ചെയ്യുന്നതാണ് കല. നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തെ ഭേദിച്ച് അനുഭവത്തിന്‍റെ അനന്തസാധ്യതകളിലേക്ക് നമ്മെ അത് കൊണ്ടു ചെന്നെത്തിക്കുന്നു. കാണുന്നതിനപ്പുറമുള്ള കാഴ്ച്ചയും കേള്‍ക്കുന്നതിനപ്പുറമുള്ള കേള്‍വിയും കല പ്രദാനം ചെയ്യുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവകൊണ്ട് ഒന്നും തൃപ്തിപ്പെടു ത്താന്‍ സാധിക്കാത്ത മനുഷ്യമനസ്സില്‍ നിറഞ്ഞുനിന്ന അനിര്‍വ്വചനീയവും അമൂര്‍ത്തവുമായ എന്തോ ഒന്നിന്‍റെ ആവിഷ്ക്കരണമാണ് കലയിലൂടെ സാധ്യമാകുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കും വൈകാരിക ബന്ധങ്ങള്‍ക്കും ആഴവും അര്‍ത്ഥവും കല്പിക്കാനും സാമൂഹിക നീതിയുടെ ഇരിപ്പിടമാകാനും കലയ്ക്കു സാധിച്ചു.

നൃത്തം എന്ന പ്രകടനമാധ്യമം
മനുഷ്യന്‍റെ ജീവിതാനുഭവങ്ങളുടെ സമഗ്രവും മൂര്‍ത്തവുമായ ആവിഷ്ക്കരണമാണ് കലാരൂപങ്ങള്‍. സംഗീതം, നാടകം, നൃത്തം, സാഹിത്യം തുടങ്ങിയ ലളിതകലകളെ വിനോദത്തിനും ആത്മസംതൃപ്തിക്കും ഉള്ള ഉപാധിയായാണ് കണക്കാക്കുന്നത്. ഇതില്‍ നൃത്തത്തില്‍ മറ്റ് മൂന്ന് ഘടകങ്ങളും അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടും, കണ്ടും കേട്ടും എളുപ്പത്തില്‍ ആസ്വദിക്കാവുന്ന കലാരൂപം എന്നതുകൊണ്ടും ആശയങ്ങള്‍ എളുപ്പത്തില്‍ നല്‍കുവാനും, സ്വീകരിക്കുവാനും നൃത്തത്തിലൂടെ സാധിക്കുന്നു. മനുഷ്യവികാരങ്ങള്‍ ആവിഷ്ക്കരിക്കുവാനുള്ള ഏറ്റവും ലളിതമായ വഴി നൃത്തമാകാനുള്ള കാരണവും അതുതന്നെയാണ്. മനുഷോത്പത്തിയുടെ കാലം മുതല്‍ക്കേ മനുഷ്യര്‍ സന്തോഷവും സങ്കടങ്ങളും പ്രകടിപ്പിച്ചിരുന്നത് ശരീര ചലങ്ങളിലൂടെയാണ്. മനുഷ്യന് പരിണാമം സംഭവിച്ചുകൊണ്ടേയിരുന്നു. ഇത് നൃത്തത്തിലും പ്രതിഫലിച്ചു. ആദ്യകാലത്ത് ആത്മസംതൃപ്തിക്കുമാത്രമായി നിര്‍വ്വചനാതീതവും സങ്കീര്‍ണ്ണവുമായി നിലകൊണ്ട നൃത്തം, പ്രകൃതി ശക്തികള്‍ക്കെതിരായുള്ള ആയുധമായും പ്രീതിപ്പെടുത്തി കീഴ്പ്പെടുത്തുവാനുള്ള ഉപാധിയായും മാറി. സ്വന്തം സംതൃപ്തിക്കും പിന്നീട് മതപരമായ ആചാരങ്ങളുടെ ഭാഗമായും പരിണമിക്കപ്പെട്ട നൃത്തം ഇന്ന് തിയറ്ററുകളില്‍ വിനോദവും, ആത്മസംതൃപ്തിയും പ്രദാനം ചെയ്യുക എന്നതില്‍ കവിഞ്ഞ് ശരിതെറ്റുകളെ തിരിച്ചറിയാന്‍ കഴിവുള്ള ഗുണപാഠങ്ങള്‍ നല്‍കുന്നതിനും മനുഷ്യ മനുസ്സുകളെ കലാകാരന്‍റെ ഇച്ഛാശക്തിക്കനുസരിച്ചു ചിന്തിപ്പിക്കുവാനും വരെ കഴിവുള്ള ഒരു മാധ്യമമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെ നമ്മുടെ കലാരൂപങ്ങളുടെ വളര്‍ച്ചയെന്നോ സംസ്കാരത്തിന്‍റെ വളര്‍ച്ചയെന്നോ വിളിക്കാവുന്നതാണ്.

മനുഷ്യസംസ്കാരത്തിലെ സാമാന്യചലനങ്ങളില്‍ നിന്നും നൃത്തരൂപങ്ങളിലെ സവിശേഷ ചലനങ്ങളിലേക്ക്
നൃത്തം എന്നത് താളാനുസൃതമായുള്ള ശരീരത്തിന്‍റെ ചലനമാണെന്ന് നമുക്ക് പൊതുവെ പറയാം. ഈ ശരീര ചലനങ്ങളാകട്ടെ നമ്മുടെ സംസ്കാരമാകുന്ന നിത്യജീവിതം രൂപപ്പെടുത്തി എടുത്തതുമാണ്. അതായത് നിത്യജീവിതത്തിന്‍റെ തന്നെ ആവിഷ്ക്കരണമാണ് നൃത്തം. ഇന്നു നാം കാണുന്ന ശാസ്ത്രീയവും അശാസ്ത്രീയവുമായ എല്ലാ നൃത്തരൂപങ്ങളും ഇതിനു തെളിവാണ്. ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍, പ്രവൃത്തി മണ്ഡലങ്ങള്‍, സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍, തൊഴില്‍, ദിനചര്യ, മനുഷ്യബന്ധത്തിന്‍റെ സ്വഭാവം, സ്ഥാപനങ്ങള്‍, വിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി മനുഷ്യസംസ്കാരത്തിന്‍റെ പ്രതിഫലനങ്ങള്‍ കാണാന്‍ സാധിക്കുന്ന ഓരോ ഘടകങ്ങളും വ്യത്യസ്ത രീതിയിലുള്ള ശാരീരിക ചലനങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്ന ചലനങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്ക്കരണം തന്നെയാണ് ശാസ്ത്രീയവും അശാസ്ത്രീയവുമായ അനേകം നൃത്തരൂപങ്ങളുടെ ആംഗികത്തിനും അടിസ്ഥാനം.

നൃത്തം പ്രധാന വിനോദമായി കണ്ട സംഘകാലചരിത്രം പരിശോധിക്കുമ്പോള്‍ അഞ്ചു തിണകളിലായി പ്രകൃതിയുമായി അത്യധികം ഇണങ്ങി ജീവിക്കുന്ന മനുഷ്യരേയും, അവരുടേതു മാത്രമായി അവകാശപ്പെടാവുന്നതും, തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതുമായ ധാരാളം നൃത്തവും, സംഗീതവും, വാദ്യോപകരണങ്ങളും കാണുവാന്‍ സാധിക്കും. ഇത് ഭൂവ്യതിയാനങ്ങളുടെ മാത്രം സവിശേഷതകൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയില്‍ വ്യാപകമായി അവ തരിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ നൃത്തരൂപങ്ങളിലും സാംസ്കാരിക സൃഷ്ടിയുടെ സവിശേഷതകള്‍ രൂപപ്പെടുത്തിയ ഇത്തരം നൃത്തമാതൃകകള്‍ കാണുവാന്‍ സാധിക്കും. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പര്‍വ്വത പ്രദേശങ്ങളില്‍ ബോധപൂര്‍വ്വം ഉറപ്പിച്ചു വയ്ക്കുന്ന കാല്ച്ചുവടുകളോടും നീണ്ടുനിവര്‍ന്ന ശരീരപ്രകൃതിയോടും കൂടിയുള്ള നൃത്തരൂപങ്ങളാണ് കാണുവാന്‍ സാധിക്കുന്നത്. ചതുപ്പു ഭൂപ്രകൃതിയുള്ള ഒറീസയിലും മധ്യപ്രദേശിലും മുളവടിയില്‍ കയറി നിന്നുകൊണ്ടുള്ള നൃത്തം ഉണ്ടാകാനുള്ള കാരണവും ഇതുതന്നെ.

ഒറീസ്സയിലെ സ്റ്റിക്ക് ഡാന്‍സ്

 മഹാരാഷ്ട്രയിലെ ഒരു പ്രധാന നൃത്തരൂപമായ കോളി കാലുകളില്‍ ഉറച്ചുനിന്ന് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിനും കൈകള്‍ക്കും കൂടുതല്‍ ചലനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയിലുള്ളതാണ്. കടലും, മത്സ്യബന്ധവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നതില്‍ നിന്നും രൂപപ്പെട്ടിട്ടുള്ളതാണ് ഇത്തരം ചലനരീതി. ഒരു മൃഗത്തെ പിന്തുടരുന്നതിനും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതിനും തുല്യമായ ചലനങ്ങളോടെയുള്ള നാഗാ ഡാന്‍ഡ് വനത്തെ ആശ്രയിച്ചും വേട്ടയാടിയും ജീവിക്കുന്ന നാഗാലാന്‍ഡിന്‍റെ യഥാര്‍ത്ഥ ജീവിതപരിസ്ഥിതിയുടെ ആവിഷ്ക്കാരമാണ്.

നാഗാ ഡാന്‍സ്

മരുപ്രദേശമായ രാജസ്ഥാനിലെ സ്ത്രീകള്‍ വളരെ ദൂരെ നിന്നും ഒന്നിലധികം കുടങ്ങളില്‍ വെള്ളംനിറച്ച് തലയില്‍ അടുക്കിവച്ച് വരുന്നത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്. ഇതുതന്നെയാണ് ഭവായ് ഡാന്‍സിന്‍റെ രൂപവും.

ഭവായ് ഡാന്‍സ്

ഇത്തരത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ കലാരൂപങ്ങള്‍ സാംസ്കാരിക വൈരുദ്ധ്യമുള്‍കൊള്ളുന്ന സ്വാഭാവികമായ മനുഷ്യജീവിതത്തിന്‍റെ ആവിഷ് ക്കരണം തന്നെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

കലയും അതിജീവനവും
നൃത്തരൂപങ്ങളുടെ രൂപഘടനയെ അവലംബിച്ചുകൊണ്ടുള്ള വിശകലനം അവ നിത്യജീവി തത്തിന്‍റെതന്നെ തനതാവിഷ്ക്കരണമാണെന്നുള്ള തിരിച്ചറിവ് പ്രധാനം ചെയ്യുമ്പോള്‍, അതിന്‍റെ ആന്തരികസ്വത്തത്തിനും നിശ്ചയമായും ജീവിതാനുഭവങ്ങളിലെ സങ്കീര്‍ണ്ണതലങ്ങളില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുവാന്‍ കഴിയുകയില്ല. ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടും, ഏറ്റുമുട്ടിയും മുന്നേറിയ മനുഷ്യര്‍ തങ്ങളെ ആവിഷ്ക്കരിക്കുവാന്‍ ശ്രമിച്ച വഴികളിലൊന്നായിരുന്നു നൃത്തം. ലോകത്തിന്‍റെ എല്ലാഭാഗങ്ങളിലും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വിവേചനത്തിന്‍റെയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരില്‍നിന്നും കലാരൂപങ്ങളുടെയും ആചാരാനു ഷ്ഠാനങ്ങളുടെയും രൂപത്തില്‍ അവരുടെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നു കാണുന്ന അസംഖ്യം വരുന്ന അനുഷ്ഠാന നൃത്തരൂപങ്ങളും നാടോടി നൃത്തരൂപങ്ങളും നൃത്ത നാടകരൂപങ്ങളും അടിച്ചമര്‍ത്തപ്പെട്ട നിരാലംബരായ അധകൃതവിഭാഗത്തില്‍ നിന്നും ഉണ്ടായി ട്ടുള്ള പ്രതിരോധത്തിന്‍റെ , പ്രതിഷേധത്തിന്‍റെ ആവിഷ്ക്കാരങ്ങളാണ്. അനുഭവത്തിന്‍റെ ആഴവും അപരനുവേണ്ടിയുള്ള കരുതലും മനുഷ്യജീവിതത്തിന്‍റെ മൂല്യവും ഇത്തരം നാടോടിനൃത്ത രൂപങ്ങളിലും അനുഷ്ഠാന നൃത്തരൂപങ്ങളിലും കാണാന്‍ കഴിയും. പ്രകൃതിയില്‍ നിന്നും ശേഖരിച്ചെടുക്കുന്ന പലതരം ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വര്‍ണ്ണമയമായി തീരുന്ന ശരീരവും അരങ്ങും, പഴംതുണിയും, മുളയും, ഇലകളും, പുല്‍ത്തകിടുകളും, കുരുത്തോലയും വച്ചുകെട്ടിയുള്ള വേഷവിധാനവും രംഗസജ്ജീകരണവും നെഞ്ച് പിളര്‍ക്കുന്ന ഉച്ചത്തിലുള്ള താളമേള വാദ്യ അകമ്പടിയോടെ ഉള്ള നൃത്തച്ചുവടുകളുമെല്ലാം ഒട്ടും കലര്‍പ്പില്ലാത്ത വിധം ഇന്നും തുടര്‍ന്ന് പോരുന്നതും മണ്‍മറഞ്ഞ് പോയവയെ അല്ലെങ്കില്‍ പോയിക്കൊണ്ടിരിക്കുന്ന വയെ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നതും അത്തരം നൃത്തരൂപങ്ങള്‍ ജീവാംശം ഉള്‍ക്കൊള്ളുന്ന ആധുനിക ജ്ഞാനത്തോടും കൂടി സംവദിക്കാന്‍ കഴിയുന്ന കലകളായിരിക്കുന്നതുകൊണ്ടാണ്. സ്വയം തിരിച്ചറിയുന്നതിനും വ്യക്തിയുടെ അനുഭവത്തില്‍ ചുരുങ്ങാതെ ലോകാനുഭവത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലുവാനും സാധിക്കുന്ന അനുഷ്ഠാനനൃത്തരൂപങ്ങളും നാടോടി നൃത്തരൂപങ്ങളും നൃത്തനാടകങ്ങളുമെല്ലാം കാലാനുസാരിയായി വര്‍ത്തിക്കാനുള്ള കാരണ മിതാണ്.

അനുഷ്ഠാനകലകളും വിശ്വാസവും
മനോവികാരങ്ങളെ പ്രകടിപ്പിക്കുന്നതിനും, ജീവിതാനുഭവങ്ങളെ ആവിഷ്ക്കരിക്കുന്നതിനു മുള്ള ഉപാധിയായി രൂപംകൊണ്ട കലാരൂപങ്ങള്‍ പിന്നീട് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മാറി. ആദ്യകാലത്ത് മതങ്ങളുമായി ബന്ധമില്ലാതിരുന്ന അനുഷ്ഠാനം പിന്നീട് മതപരമായ ചടങ്ങുകളുമായി കൂട്ടിച്ചേര്‍ക്കുകയും അവ അനുഷ്ഠിക്കുവാനായി കലാരൂപങ്ങള്‍ രൂപപ്പെടുത്തു കയും ചെയ്തു. മതപരമായുള്ളതും അല്ലാത്തതുമായ എല്ലാ അനുഷ്ഠാന കലകളും സമൂഹ ഘടനയെ ആസ്പദമാക്കിയുള്ള വികാരങ്ങളെ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്തു പോന്നു. സാമൂഹിക വ്യവസ്ഥകളോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യന്‍റെ ഉള്ളില്‍ കുടുംബം എന്ന ബോധം അതിതീവ്രമായി വേരുറച്ചു. ഇത് ആചാരാനുഷ്ഠാനങ്ങളെയും മതപരമായ ചടങ്ങുകളെയും കൂടെ കൂട്ടാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. ജാതിയെയും സാമൂഹികമായ വിശ്വാസങ്ങളെയും അടിസ്ഥാനമാക്കി ദേവതാ പ്രീണനം, രോഗശമനം, സന്താനസൗഭാഗ്യം, സമ്പല്‍സമൃദ്ധി, ഉച്ഛാടനം, ആവാഹനം തുടങ്ങി ഉദ്ദിഷ്ട സിദ്ധിക്കായി കാവുകളിലും ക്ഷേത്രങ്ങളിലും വീടുകളില്‍ തന്നെയും അനുഷ്ഠിക്കുന്ന തെയ്യം, പടയണി, മുടിയേറ്റ്, കരിങ്കാളി, മൂക്കന്‍ചാത്തന്‍, സര്‍പ്പം തുള്ളല്‍, കളമെഴുത്ത്, തിറയാട്ടം തുടങ്ങി ഒട്ടനവധി അനുഷ്ഠാന നൃത്തരൂപങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ അനുഷ്ഠാനകലകളും ഇന്ത്യന്‍ ജനതയില്‍ വിശേഷിച്ചും കേരളീയരില്‍ അടിയുറച്ച് പോയ കുടുംബം എന്ന ആശയത്തിന്‍റെ കെട്ടുറപ്പിനെ ഊട്ടിയുറപ്പിക്കാന്‍കൂടി വേണ്ടി അനുഷ്ഠിച്ച് പോരുന്നതായി കാണാം.

ക്ലാസിക്കല്‍ കലകളുടെ കലാമൂല്യം
അദ്ധ്വാനത്തിന്‍റെ ചൂടില്‍ ആശ്വാസമായും ഒരു ജനതയുടെ പ്രതീക്ഷയായും നിലനില്‍ക്കുന്ന ഇന്ത്യന്‍ നാടോടി കലാരൂപങ്ങള്‍ സാമൂഹിക ഐക്യത്തെ ദൃഢമാക്കുന്നതും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സാമൂഹികവികാരങ്ങളെ പ്രതിഷ്ഠിക്കുന്നതും വളരെ വ്യക്തമായി കാണാമെങ്കില്‍ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്‍റെ മാതൃകയായി നാം ഉയര്‍ത്തിപ്പിടിക്കുന്ന ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ എത്രകണ്ട് ആധുനികജ്ഞാന വ്യവസ്ഥയോട് സംവദിക്കുന്നുണ്ട് എന്നത് വിശകലനം ചെയ്യേണ്ടതാണ്. ദേശീനൃത്തരൂപങ്ങളില്‍ നിന്ന് കലാംശങ്ങള്‍ സ്വീകരിച്ചും, ആംഗികം ക്രമപ്പെടുത്തിയും, വാചികവും സാത്വികവും ആഹാര്യവു മായ അഭിനയങ്ങള്‍ക്ക് മിതത്വം പുലര്‍ത്തിയും, കൈമാറ്റം ചെയ്യാന്‍ ഉതകുമാറ് ചിട്ടപ്പെടു ത്തലുകള്‍ നടത്തിയും, രൂപപ്പെട്ടിട്ടുള്ളതാണ് ഇന്ന് നാം കാണുന്ന ഓരോ ക്ലാസിക്കല്‍ നൃത്തരൂപവും. ഈ ചിട്ടപ്പെടുത്തലുകള്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളെ സങ്കേതബന്ധമാക്കി. ദേവദാസി പാരമ്പര്യത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത നൃത്തകലയ്ക്ക് മതാത്മക പരിവേഷം ലഭിച്ചതും യഥാര്‍ത്ഥ സാമൂഹികാവസ്ഥ നൃത്തത്തില്‍ പ്രതിഫലിച്ചതുകൊണ്ടു തന്നെയാണ്. എന്നാല്‍ തുടര്‍ന്നുണ്ടായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ വച്ചുകെട്ടുകയും അവയെ സംസ്കൃതവല്‍ക്കരിക്കുകയും കൂടി ചെയ്തതോടെ അവ സവര്‍ണ്ണമേല്‍ക്കോയ്മ പ്രദര്‍ശിപ്പിക്കുന്ന കൂടുതല്‍ സങ്കേതബന്ധവും മതാ ത്മകവുമായ ഒന്നായി തീര്‍ന്നു. വര്‍ഷങ്ങളോളം നീണ്ടുനിന്ന കഠിനാദ്ധ്വാനത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെത്തുകയായ ക്ലാസിക്കല്‍ നൃത്തം സാമൂഹിക പദവിയുടെയും സ്ഥാനമാനങ്ങളുടെയും കൂടി അകമ്പടി സ്വീകരിച്ചതോടെ കലാകാരന്‍റെ കഴിവുകളെ പ്രകടിപ്പിക്കാന്‍ മാത്രം കഴിയുന്ന ആധുനിക ജ്ഞാനവ്യവസ്ഥയെ ഉള്‍ക്കൊള്ളി ക്കാന്‍ കഴിയാത്ത വിധം സങ്കേതബന്ധവും സങ്കീര്‍ണ്ണവുമായ ഒന്നായിമാറി. തുടര്‍ന്നുണ്ടായ നൃത്തപഠനങ്ങളും അവതരണങ്ങളും നൃത്തത്തെ മതാത്മകവും സങ്കേതബന്ധവുമായ പരിവേഷ ത്തോടെ തന്നെ നോക്കിക്കാണാന്‍ ശ്രമിച്ചതും, കലാചരിത്രവും കലാമൂല്യവും ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ കാരണമായി.

ഇന്നിന്‍റെ നേര്‍ക്കാഴ്ചയാകുമ്പോള്‍ മാത്രമെ നൃത്തരൂപങ്ങള്‍ക്ക്, അത് ശാസ്ത്രീയമോ അശാസ്ത്രീയമോ ആയിക്കൊള്ളട്ടെ മൂല്യവും, ആഴവും, നീതിയും പ്രദാനം ചെയ്യുന്ന ഒന്നാ യിരിക്കുവാന്‍ കഴിയുകയുള്ളൂ. അതായത് കലയാകാന്‍ കഴിയുകയുള്ളൂ. നമുക്ക് ചുറ്റുമുള്ള അനേകം അനുഷ്ഠാനനൃത്തരൂപങ്ങളും, നാടോടി നൃത്തരൂപങ്ങളും കലകളായി വര്‍ത്തിക്കുന്നത് കാലത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടല്ല, മറിച്ച് അവതരണരീതിയിലും രൂപഘടനയിലും പാരമ്പര്യത്തെ പിന്‍തുടരുന്ന അവ ഏത് തലമുറയ്ക്കും തൊട്ടനുഭവിച്ചറിയു വാന്‍ കഴിയുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. ഇന്നുകാണുന്ന ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ ഒട്ടും സാമൂഹികപ്രതിബന്ധത പുലര്‍ത്തുന്നില്ല എന്നല്ല അതിനര്‍ത്ഥം. അങ്ങനെ ആയിരുന്നെങ്കില്‍ അവയ്ക്ക് തീര്‍ച്ചയായും നിലനില്‍പ്പ് ഉണ്ടാവു മായിരുന്നില്ല. എങ്കിലും ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ മുഖ്യധാരാ ജീവിതത്തെകുറിച്ചുള്ള ഇടപെടലുകളില്‍ നിന്നും വിദൂരത്തുതന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതാണ്. ക്ലാസിക്കല്‍ നൃത്തങ്ങളില്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന ആവര്‍ത്തനം ഇതിന് തെളിവാണ്. ഏതൊരു മേഖലയിലും അറിവ് നേടുന്നത് നേടിയെടുത്ത അറിവിനെ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ല. മറിച്ച് അറിവിന്‍റെയും അനുഭവത്തിന്‍റെയും മികവില്‍ ക്രിയാത്മകതലം ഉയര്‍ത്തി സ്വതന്ത്രമായ ആവിഷ്ക്കരണ മികവിന് നമ്മെ പ്രാപ്തരാക്കുവാന്‍ വേണ്ടിയാണ്. ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ നേടിയെടുത്ത അറിവിനെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരി ക്കുന്നു. ഇത്തരത്തിലുള്ള ആവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കു ന്നിടത്തോളം കാലം നൃത്തത്തെ കലയായി പരിഗണിക്കാതെ കേവലാസ്വാദനത്തിനുമാത്രമുള്ള ഒരു ഉപാധിയായി കണക്കാക്കും.

“Preserving tradition is fine but we need to pause periodically to pull it off the shelf and dust it vigorously and hold it against the sun to see if it still reflects light.”
ചന്ദ്രലേഖ : ഡാന്‍സര്‍, കൊറിയോഗ്രാഫര്‍

സഹായകഗ്രന്ഥങ്ങള്‍
കാരാട് പ്രഭാകരന്‍, 2014, നമ്മുടെ അനുഷ്ഠാനകലകള്‍, തൃശൂര്‍ എച്ച് & സി പബ്ലിക്കേഷന്‍സ്.
പയ്യനാട് രാഘവന്‍, 1978, തെയ്യവും തോറ്റംപാട്ടും, കോട്ടയം എന്‍.ബി.എസ്
സത്യപാല്‍, 2011, കെ.സി.എസ് പണിക്കര്‍: കലയും കാലവും, തൃശൂര്‍ കേരള ലളിതകലാ അക്കാദമി.
പത്മദാസ് കെ.എല്‍, 2017,  എതിരിടങ്ങള്‍, കാലടി, ലോകായതം.
ബെന്നി എ.വി, 2011, മതം മാധ്യമം അധികാരം, കോട്ടയം എസ്.പി.സി.എസ്
മുതുകുളം ഉണ്ണിത്താന്‍, 2008, കേരളീയകലകള്‍ , ചേര്‍ത്തല, ഷാരോണ്‍ ബുക്ക്സ്
വിഷ്ണു നമ്പൂതിരി എം.വി, 2008, ഫോക്ലോറും സംസ്കാരപഠനവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഇളയിടം സുനില്‍ പി, 2019, ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍, കോഴിക്കോട് മാതൃഭൂമി ബുക്സ്.
· Kalarani R, 2004, Bharathanatyam in Tamil Nadu : After A.D 1200, Madurai J.J Publications.
· Raghuraman S, 2007, History of Tamizh’s Dance, Chennai, Pathippagam.
· Gaston, Anne Marie, 1996, Bharathanatyam: From Temple to Theatre, New Delhi, Manohar.
· Vatsyayan Kapila, 1976, Traditions of Indian Folk Dance, Clarion Books; IInd Revised Edition.
· Mohan Khokar Ashish, 2003, Folk Dance – Tribal, Ritual and Martial Forms, New Delhi, Roopa Publishers.
· Chawlaromila 2014, Folk Dances of India, UBS Publishers and Distributers.
· Sakakibara Kiitsu, 2015, ‘Dances of Asia’, Chandigarh, Abhishek Publications.

(ഭരതനാട്യം നര്‍ത്തകി)
ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റിയില്‍  അധ്യാപികയായി ജോലി ചെയ്യുന്നു.

COMMENTS

COMMENT WITH EMAIL: 0