Homeചർച്ചാവിഷയം

‘ഫോറം ഫോര്‍ മുസ്ലിംവിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ‘ എന്തിനു വേണ്ടി?

ന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം അഥവാ ഇന്ത്യന്‍ ശരീ-അത്ത് നിയമത്തിന്‍റെ ദുരിതങ്ങള്‍ പേറുന്ന, വിവേചനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ നമുക്കുചുറ്റും നിരവധിയാണ്. പലപ്പോഴും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമാണ് നാം അതിന്‍റെ ഭീകരത തിരിച്ചറിയുന്നത്. നീതിയുടെ പ്രാഥമിക താല്പര്യങ്ങള്‍ ഹനിക്കുന്നതും, സ്ത്രീവിരുദ്ധവുമായ നിയമങ്ങളാണ് അതില്‍ അധികവും. ഖുര്‍ആന്‍റെ അധ്യാപനങ്ങള്‍ക്കും , താല്പര്യങ്ങള്‍ക്കും നിരക്കാത്ത പ്രസ്തുത നിയമങ്ങള്‍ കാലികമായി പരിഷ്കരിക്കപ്പെടണമെന്ന ആവശ്യം വിവിധ കാലങ്ങളില്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്. ഈ ഒരു അവസ്ഥയിലാണ് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യവുമായി ‘ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് ‘ എന്ന കൂട്ടായ്മ പിറവിയെടുക്കുന്നത് .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു മുന്‍പ്, 1937 ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ പൂര്‍ണമായും അവ്യക്തതകള്‍ നിറഞ്ഞ കുറേ നിയമങ്ങളാണ് ശരീഅത്ത് നിയമങ്ങള്‍ എന്ന പേരില്‍ നിലനില്‍ക്കുന്നത്. അവ നാളിതുവരെ പരിഷ്കരിക്കപ്പെടുകയോ ക്രോഡീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അതുമൂലമുണ്ടാകുന്ന വിധി തീര്‍പ്പുകളില്‍ പലതും നീതിരഹിതവും, ന്യൂനതകള്‍ നിറഞ്ഞതുമായി മാറുന്നു.
ഇസ്ലാമിക വ്യക്തി നിയമങ്ങള്‍ ഖുര്‍ആനികമായും ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഭരണഘടനയ്ക്ക് അനുസൃതമായും നവീകരിക്കപ്പെടുകയാണ് ഈ നീതി നിഷേധത്തിന് ഏകപരിഹാരം. മത നിയമങ്ങള്‍ എന്ന പേരില്‍ നിലനില്‍ക്കുന്ന മേല്‍ നിയമങ്ങളുടെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ പേറേണ്ടി വരുന്നത് മറ്റെന്തിലും എന്നപോലെ സ്ത്രീകള്‍ തന്നെയാണ്.

സ്ത്രീയെ മനുഷ്യരായി പരിഗണിക്കാതിരുന്ന ,അവള്‍ക്ക് ആത്മാവുണ്ടോ എന്നുപോലും സംശയിച്ചിരുന്ന, പെണ്‍കുട്ടിയാണ് എന്ന കാരണത്താല്‍ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു കാലത്താണ് ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശം വേദം വഴി ഉറപ്പാക്കുന്നത്. അത് അന്ന് വിപ്ലവകരമായ ഒരു മാറ്റം തന്നെയായിരുന്നു.
വേദത്തെ വെറും അക്ഷര വായനയില്‍ ഒതുക്കാതെ , അതിന്‍റെ മാനവികതയിലും നീതിയിലും അധിഷ്ഠിതമായ അടിസ്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയുമാണ് വേണ്ടത്.
കുടുംബസ്വത്തിന്‍റെ വിഭജനത്തില്‍ പുരുഷന് സ്ത്രീയുടെ ഇരട്ടി സ്വത്ത് എന്ന് വേദം പറയുന്നത് അത് പുരുഷനായതുകൊണ്ടല്ല . ‘അവരുടെ സ്വത്തില്‍ നിന്ന് അവര്‍ ചെലവഴിക്കുന്നത് കൊണ്ടാണ് ‘ എന്നാണ്. സ്വന്തമായി സമ്പാദിക്കാനോ സ്വത്ത് കൈവശം വയ്ക്കാനോ സ്ത്രീകള്‍ക്ക് കഴിയാതിരുന്നിരുന്ന കാലത്ത്, സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്തിരുന്നത് പുരുഷനായിരുന്നു. ആ കാലത്തെ സ്വാഭാവിക നീതിയാണത്. എന്നാല്‍ സ്ത്രീ പുരുഷനോടൊപ്പം വിദ്യാഭ്യാസം നേടുകയും, സമ്പാദിക്കുകയും, കുടുംബ ചെലവുകളില്‍ പങ്കാളിത്തം വഹിക്കുകയും, സ്വതന്ത്രമായി ചെലവഴിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ പുരുഷന്‍റെ ആ മേധാവിത്വം അവസാനിക്കപ്പെട്ടു എന്ന് നമുക്ക് വേദത്തില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാവും.
പ്രമുഖ ഇസ്ലാമിക രാജ്യമായ ടുണീഷ്യയില്‍ 2018 നവംബര്‍ 25ന് ക്യാബിനറ്റില്‍ തുല്യവകാശ ബില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് .

പെണ്‍മക്കള്‍ മാത്രമുള്ള കുടുംബത്തിലെ സ്വത്ത് ഓഹരി മാതൃ-പിതൃ സഹോദരങ്ങള്‍ കൈവശപ്പെടുത്തുന്ന തികച്ചും മനുഷ്യത്വവിരുദ്ധവും, അപരിഷ്കൃതവും ആയ നാട്ടുനടപ്പ് മതത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണ ബാധ്യത ഏറ്റെടുക്കുന്നതിന്‍റെ ഭാഗമാണത്രെ ഈ സ്വത്ത് കൈവശപ്പെടുത്തല്‍ . അങ്ങിനെയാണെങ്കില്‍ മരണപ്പെടുന്നയാള്‍ക്ക് ചെറിയ ആണ്‍കുട്ടികള്‍ ആണെങ്കില്‍ സംരക്ഷണം വേണ്ടതില്ല എന്നാണോ ? സ്വത്ത് ഒന്നും ഇല്ലാത്തവരാണെങ്കില്‍ സംരക്ഷണത്തിന് അവര്‍ അര്‍ഹരല്ല എന്നാണോ? പെണ്‍മക്കള്‍ മാത്രമുള്ള, മരണപ്പെട്ട മാതാപിതാക്കളുടെ മക്കള്‍, പങ്കാളിയും മക്കളും എല്ലാമുള്ള സ്ത്രീയാണെങ്കിലോ ? അതുകൊണ്ടൊക്കെ തന്നെ ഈ പറയുന്ന നിയമം സംരക്ഷണവുമായി ബന്ധപ്പെട്ടതല്ല എന്ന് ഉറപ്പാണ്. ആണധികാര പൗരോഹിത്യമാണ് ഇതിനെല്ലാം പിന്നില്‍. മക്കളില്ലാതെ മരിച്ചുപോകുന്നവരുടെ സ്വത്തില്‍ മാത്രമാണ് സഹോദരങ്ങള്‍ക്ക് അവകാശം എന്നാണ് ഖുര്‍-ആന്‍ പറയുന്നത്. അതില്‍ മക്കള്‍ എന്നതിന് പകരം ആണ്‍മക്കള്‍ എന്നത് പരിഭാഷയിലെ വ്യാഖ്യാനം വഴി നടത്തിയ അനീതിയാണ്.

അതുപോലെ പിതാവ് ജീവിച്ചിരിക്കെ മരണപ്പെടുന്ന മകന്‍റെ മക്കള്‍ക്ക് പിതാവിന്‍റെ സ്വത്തില്‍ നിന്നും അവകാശം നിഷേധിക്കപ്പെടുന്നതുപോലുള്ള ക്രൂരമായ നിയമവും ശരീഅത്തിന്‍റെ പേരില്‍ നിലനില്‍ക്കുന്നു. അനാഥ സംരക്ഷണം ഏറ്റവും മഹത്തരമായ കാര്യമാണെന്ന് ഉദ്ഘോഷിക്കുന്ന ഒരു വേദത്തെ, ഒരു മതത്തെ എങ്ങനെയാണ് ഇങ്ങനെ വായിച്ചെടുക്കാന്‍ ആവുക ? എന്നാല്‍ പിതാമഹര്‍ ജീവിച്ചിരിക്കെ പിതാവില്ലാത്ത അവസ്ഥയില്‍ പൗത്രന്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ നിന്ന് പിതാമഹര്‍ക്ക് അവകാശം വയ്ക്കുകയും ചെയ്യുന്നു. ഒരു നിലക്കും നീതീകരിക്കാന്‍ ആകാത്ത, ദൈവികമല്ലാത്ത നിയമങ്ങളാണ് ഇതെല്ലാം .അനാഥരായ പൗത്രന്‍മാര്‍ക്ക് സ്വത്തവകാശം നല്‍കിക്കൊണ്ട് അല്‍ജീരിയ, ടുണീഷ്യ ,ഈജിപ്ത്, ലെബനാന്‍, ജോര്‍ദാന്‍, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്.

ഇതിനെല്ലാമിടയില്‍ ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങള്‍ പലതും തമസ്കരിക്കപ്പെടുന്നത് ഈ ശരീഅത്ത് സംരക്ഷകര്‍ കാണാതെ പോകുന്നു. വിവാഹത്തിന് സ്ത്രീക്ക് വരനില്‍ നിന്ന് ചോദിച്ചു വാങ്ങുവാന്‍ അധികാരം നല്‍കുന്ന മഹറിന് പ്രാധാന്യം നല്‍കാതെ, സ്ത്രീധനത്തിന്‍റെ പുറകെ പോകുന്നതും അതിന്‍റെ പരിണിതഫലങ്ങളും ഒന്നും നിയമത്തെ ന്യായീകരിക്കുന്നവര്‍കാണാതെ പോകുന്നത് എന്തുകൊണ്ടാണ് ?

ഇന്ത്യയിലെ പിന്തുടര്‍ച്ചാവകാശ നിയമത്തിന്‍റെ ദുരിതം പേറുന്ന നിരവധി കുടുംബങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ട് .പലപ്പോഴും പങ്കാളിയുടെ മരണത്തോടെ അതുവരെ ജീവിച്ച വീട്ടില്‍ നിന്നും മക്കളെയും കൊണ്ട് ഇറങ്ങി കൊടുക്കേണ്ടി വന്നവരെ നേരിട്ട് അറിയാം. പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ല എന്ന് യാഥാസ്ഥിതിക മതവാദികള്‍ വാദിക്കുമ്പോള്‍, അതിന്‍റെ അനീതികളില്‍ നിന്നും രക്ഷനേടാന്‍ പല മാര്‍ഗങ്ങളും വിശ്വാസികള്‍ കണ്ടെത്തുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള ദമ്പതിമാര്‍ തങ്ങളുടെ സ്വത്ത് മക്കള്‍ക്കു മാത്രമായി ലഭ്യമാക്കാനായി സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ച് വീണ്ടും വിവാഹിതരാകുന്ന രീതി വര്‍ധിച്ചുവരുന്നു. പിന്തുടര്‍ച്ചാവകാശികള്‍ക്ക് ഒസിയത്തില്ല എന്ന് മുഹമ്മദന്‍ ലോയിലെ സെക്ഷന്‍ 114, 118 മറികടക്കാനായി അവകാശികള്‍ക്ക് സ്വത്ത് വിറ്റതായി രേഖകള്‍ ഉണ്ടാക്കുന്ന രീതിയും മതവിശ്വാസികള്‍ പിന്‍പറ്റുന്നു.

1937 ലെ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്കരിക്കപ്പെടണം എന്ന ആവശ്യം എതിര്‍പ്പിനെ നേരിടുന്നത് പോലെ , ഹിന്ദു കോഡ് ബില്ലിനും ഹിന്ദു ദേശീയവാദികളുടെയും , ഹിന്ദുമഹാസഭയുടെയും ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നിരുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടായത് വര്‍ഷങ്ങളോളം നീണ്ടുനിന്ന നിയമ യുദ്ധങ്ങള്‍ ഒടുവിലാണ്.

നമ്മുടെ ആചാരപരവും വിശ്വാസപരവുമായ പരമ്പരാഗത അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് വിശ്വാസികള്‍ ഭയപ്പെടുന്ന, കേന്ദ്ര ഭരണകൂടം ചുട്ടെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു ഏകീകൃത സിവില്‍ നിയമമല്ല ഇതിനുള്ള പരിഹാരമെന്ന് ഫോറം ഉറച്ചു വിശ്വസിക്കുന്നു. ഈ അരക്ഷിത കാലത്തും ഇത്തരം ഒരു ആവശ്യം സമൂഹത്തില്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള കാരണം ഈ വിഷയത്തിലുള്ള ഒരു കേസിന്‍റെ വിധി തീര്‍പ്പ് സുപ്രീംകോടതിയില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്നു എന്നതുകൊണ്ടാണ്.

സ്ത്രീകള്‍ക്ക് യാതൊരു അവകാശവും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ പരിമിതമായെങ്കിലും സ്ത്രീകളുടെ സ്വത്വം അംഗീകരിക്കുകയും ,അവര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുകയും ചെയ്ത മതം ആധുനീകരണത്തെ ഉള്‍ക്കൊള്ളാന്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് മതവിശ്വാസികള്‍ എന്നുള്ള നിലയില്‍ ഇസ്ലാമിലെ സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ സിവില്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധം 1937 ലെ മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കണം എന്ന് ആവശ്യപ്പെടുന്നതിന്‍റെ പശ്ചാത്തലം.

ഖുര്‍ആന്‍റെ മൂല്യങ്ങളുടെയും , തത്വങ്ങളുടെയും അനുശാസനങ്ങളുടെയും മാനവികത ഉള്‍ക്കൊള്ളുന്നതും , ഇന്ത്യന്‍ ഭരണഘടനയുടെ സമത്വം നീതി തുടങ്ങിയ തത്വങ്ങള്‍ക്ക് നിരക്കുന്ന തരത്തിലും ഏവര്‍ക്കും നിയമത്തിന്‍റെ മുന്‍പില്‍ സമത്വം സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമം നടത്തേണ്ടത് നമ്മള്‍ ഏവരുടെയും ബാധ്യതയാണ്. ആ പരിഷ്കരണവും ക്രോഡീകരണവും ഒരു മത വിഭാഗത്തിന്‍റെയും അവകാശങ്ങളെ ഹനിക്കുന്നതാവരുത്.

മതത്തില്‍ വിശ്വസിക്കുന്നവരും , സാമൂഹ്യ നന്മയ്ക്കും മനുഷ്യനീതിക്കും വേണ്ടി നിലകൊള്ളുന്നവരും ഉള്‍ക്കൊള്ളുന്ന ഈ കൂട്ടായ്മ (ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ) മതവിരുദ്ധരുടെതല്ല തന്നെ.
വേദവും ഭരണ ഘടനയും മുന്നോട്ടുവയ്ക്കുന്നനീതിയുടെയും മാനവികതയുടെയും കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സംവാദങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു വരേണ്ടതുണ്ട് അതിനുതകുന്ന ഒരു തുറന്ന ഇടമായി ഫോറത്തെ വളര്‍ത്തിയെടുക്കണം. വിവേചനത്തിന് കാരണമാകുന്ന , സ്ത്രീവിരുദ്ധമായ എല്ലാ നിയമങ്ങളും തിരുത്തപ്പെടുക എന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്.

നെജു ഇസ്മയില്‍
കണ്‍വീനര്‍
ഫോറം ഫോര്‍മുസ്ലിം
വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്

COMMENTS

COMMENT WITH EMAIL: 0