Homeചർച്ചാവിഷയം

കായിക വിദ്യാഭ്യാസത്തിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍

ല്ലാ ലിംഗവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ക്കും സമഗ്ര വികസനത്തിന്‍റെ ചാലകശക്തിയായി മാറാനാവുന്ന ഒരു സമൂഹത്തിലേ സമ്പൂര്‍ണ്ണ സുസ്ഥിതി സാധ്യമാകുകയുള്ളു. നിലവിലെ സാമൂഹ്യ സാഹചര്യത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രധാന മാര്‍ഗ്ഗം മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ്. ഈ വിദ്യാഭ്യാസത്തിന്‍റെ പാഠ്യപദ്ധതിയും പഠന രീതിയും ജനാധിപത്യ ബോധത്തിലധിഷ്ഠിതമായതും ലിംഗനീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതുമായിരിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ മറികടക്കുന്ന, പങ്കാളിത്ത സ്വഭാവമുള്ള വിദ്യാഭ്യാസമാണ് നമുക്കാവശ്യം. ആരോഗ്യവും വിദ്യാഭ്യാസവും പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളെന്ന നിലക്ക് കായിക വിദ്യാഭ്യാസം പണ്ടുമുതലേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പ്രധാനഭാഗമായി പരിഗണിക്കപ്പെട്ടു വരുന്നുണ്ട്. സമഗ്ര ജീവിതദര്‍ശനത്തില്‍ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ പദ്ധതിയുടെ അനിവാര്യ ഘടകമാണ് കായിക വിദ്യാഭ്യാസം എന്ന് നമുക്കറിയാം. ഇന്ന് കായികവിദ്യാഭ്യാസമെന്നത് ആരോഗ്യ കായിക വിദ്യാഭ്യാസമെന്ന ശാസ്ത്രീയ വിഷയമായാണ് നോക്കിക്കാണുന്നത്. വ്യക്തികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വശങ്ങളെ കൃത്യമായി സംവിധാനം ചെയ്യപ്പെട്ട ശാരീരികപ്രവര്‍ത്തനങ്ങളിലൂടെ കൂട്ടിയിണക്കുന്ന കായിക വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസത്തിന്‍റെ ഉദ്ഗ്രഥനപരമായ ഘടകമാണ്. ആധുനിക കായികവിദ്യാഭ്യാസം മനുഷ്യന്‍റെ സമ്പൂര്‍ണ്ണവികസനത്തില്‍ അത് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ലിംഗനീതിയെയും സമത്വത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പുരോഗമനപരമായി മാറിവരുന്ന ആധുനിക കാലത്തും നമ്മുടെ കായിക വിദ്യാഭ്യാസ മേഖല സ്ത്രീകളെയും ട്രാന്‍സ് വിഭാഗങ്ങളെയും കുറിച്ച് പൊതു സമൂഹത്തിലുള്ള വിരുദ്ധ കാഴ്ചപ്പാടുകളുടെ പരോക്ഷമായ പിന്‍തുടര്‍ച്ചയായി നിലകൊളളുന്നു എന്നു കാണാം.

എന്തുകൊണ്ട് ആരോഗ്യ / കായികവിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന് പറയുന്നു എന്നു നോക്കാം.ആരോഗ്യവും ആനന്ദവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് കായിക വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യം.എങ്ങനെ നടക്കണം, ഇരിക്കണം , ഓടണം, ചാടണം എന്നു തുടങ്ങി ഓരോ കുട്ടിയുടെയും ബേസിക് മോട്ടോര്‍ ക്വാളിറ്റീസിന്‍റെ വികാസം കൂടിയാണ് ഇതു കൊണ്ടര്‍ത്ഥമാക്കുന്നത്. കായിക വിദ്യാഭ്യാസം കുട്ടികളില്‍ കായികക്ഷമത കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്നതിനോടൊപ്പം നൈതികവിദ്യാഭ്യാസത്തിലും ജീവിത നൈപുണികളുടെ ആര്‍ജ്ജനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ലഘൂകരിക്കാനും ഇതുവഴി സാധിക്കുന്നു. നിയമങ്ങള്‍ പാലിക്കാനുള്ള കഴിവ്, പരസ്പര സഹകരണം, സഹഭാവം എന്നിവയും കുട്ടികളില്‍ രൂപപ്പെടുന്നുണ്ട്. ശാരീരികമായി ആരോഗ്യമുള്ള ഒരു വ്യക്തിക്കേ ആത്മവിശ്വാസത്തോടെ സമൂഹവുമായി ഇണങ്ങിച്ചേരുന്ന നല്ല വ്യക്തിത്വത്തിനുടമയാവാന്‍ സാധിക്കുകയുള്ളു. കായിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കായികക്ഷമതക്കു പുറമേ ഏകാഗ്രത, ജാഗ്രത, ക്ഷമ, സമര്‍ത്ഥമായ ചലനങ്ങള്‍ എന്നിവ കൂടി ആവശ്യപ്പെടുന്നവയാണ്. വിവിധ കളികളില്‍ ഏപ്പെടുമ്പോള്‍ നേതൃത്വപാടവവും സംഘബോധവും, സഹകരണ മനോഭാവവും സൗഹൃദവും സമഭാവനയും കുട്ടികളില്‍ രൂപപ്പെടുന്നുണ്ട്.

താന്‍ സമൂഹത്തിലെ ഒരംഗമാണെന്നും വ്യക്തികള്‍ക്കിടയില്‍ വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും സാമൂഹിക ബന്ധങ്ങള്‍ പ്രധാനമാണെന്നും മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യണമെന്നും വ്യക്തികള്‍ക്ക് തിരിച്ചറിയാനാവുന്ന അവസ്ഥയാണ് സാമൂഹികവികസനം എന്നതിലൂടെ ലക്ഷ്യമാക്കുന്നത്. കായിക വിദ്യാഭ്യാസം ഒരു ജീവിത സംസ്കാരം തന്നെയായി പല രാജ്യങ്ങളും തിരിച്ചറിയുകയും അത്ര തന്നെ പ്രാധാന്യത്തോടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ കളികള്‍ക്കുവേണ്ടി മാത്രമായി നഴ്സറികളും ട്രെയിനിങ്ങ് സെന്‍ററുകളുമുണ്ട് എന്നറിയുമ്പോള്‍ നമുക്ക് കൗതുകം തോന്നാം. നമ്മുടെ സ്കൂളുകളില്‍ പലപ്പോഴും പി.ഇ.ടി ക്കായി അനുവദിക്കപ്പെട്ട സമയങ്ങളില്‍ കുട്ടികള്‍ക്ക് , പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് ക്ലാസ് മുറിയുടെ പുറത്തേക്ക് ഇറങ്ങാനാവുന്നില്ല എന്നറിയുമ്പോഴാണ് വൈരുദ്ധ്യം മനസ്സിലാവുക.

ആരോഗ്യമെന്നത് രോഗമില്ലാത്ത അവസ്ഥയല്ല, മറിച്ച് മാനസിക-ശാരീരിക-സാമൂഹിക സുസ്ഥിതിയാണെന്ന് ലോകാരോഗ്യസംഘടന നിര്‍വചിക്കുന്നുണ്ട്. പുതിയ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായികക്ഷമത വീണ്ടെടുക്കുകയും കായിക സംസ്കാരം രൂപീകരിക്കുകയും ആരോഗ്യവും ആനന്ദവുമുള്ളൊരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് കായിക വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങള്‍ കൊണ്ട് കേരളത്തിലെ കായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ലക്ഷ്യത്തിനനു ഗുണമായി പ്രവര്‍ത്തിക്കാനാകുന്നില്ല. സ്ത്രീകള്‍ ദുരിതമനുഭവിക്കുന്ന പ്രധാനമേഖല ആരോഗ്യമാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനോ പരിപാലിക്കാനോ ഉള്ള സാഹചര്യങ്ങള്‍ മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകുന്നില്ല. നമ്മുടെ ലിംഗ വിവേചനത്തിലധിഷ്ഠിതമായ സാമൂഹ്യ ബോധം കായികവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുക വഴി എല്ലാ ലിംഗവിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കാനോ ആരോഗ്യകരമായ സ്ത്രീജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനോ നിലവിലെ കായിക വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.നിലവില്‍ കായികവിദ്യാഭ്യാസ മേഖലയിലെ പദ്ധതികളും പ്രവര്‍ത്തനങ്ങളും എല്ലാ ലിംഗപദവിയിലുള്ളവരെയും പരിഗണിക്കുന്നതും അവരുടെ അവരുടെ ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതുമാണോ എന്നത് വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്.
ജെന്‍ഡറും അതിലെ വൈവിധ്യങ്ങളും ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തും നമ്മുടെ കായിക വിദ്യാഭ്യാസം മാസ്കുലിനിറ്റിയെ അഭിസംബോധന ചെയ്യുകയും ആ വിഭാഗത്തിന്‍റെ കായികശേഷി വികസനത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒന്നാണ് എന്നതാണ് വാസ്തവം.

ഒളിമ്പിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ മികവു തെളിയിക്കുമ്പോള്‍ പോലും അതിലേക്കെത്തിച്ചേരാന്‍ അവര്‍ ചാടിക്കടന്ന വിവേചനത്തിന്‍റെ കടമ്പകള്‍ വേണ്ട വിധത്തില്‍ വിശകലനം ചെയ്യാനോ പരിഹരിക്കാനോ നമ്മുടെ കായികപരിശീലനപദ്ധതികള്‍ക്കും വിദ്യാഭ്യാസ രംഗത്തിനും കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ഒളിംപിക്സില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒരു സ്ത്രീ ,ട്രാന്‍സ് വ്യക്തി പോലുമുണ്ടായിരുന്നില്ല എന്നത് നിരാശാജനകമാണ്. നിലവിലുള്ള കായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതു പോലും സിംഗിള്‍ സെക്സ് എഡ്യുക്കേഷന്‍റെ പരിമിതികളെയോ കോ-എഡ്യുക്കേഷന്‍റെ മികവുകളെയോ പറ്റിയുള്ള ധാരണകള്‍ വേണ്ടത്ര ഉള്‍ക്കൊള്ളാതെയാണ് എന്നു കാണാം. ഇപ്പോഴും കായിക വിദ്യാഭ്യാസമെന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റും ഫുട്ബോളും പെണ്‍കുട്ടികള്‍ക്ക് ബാഡ്മിന്‍റണും റിംഗും എന്ന മട്ടിലുള്ള വിവേചനങ്ങളാണ് മിക്ക സ്കൂളുകളിലും പിന്തുടരുന്നത്. കായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വക്കുന്നത് ഒരു വ്യക്തിയുടെ ആജീവനാന്ത കായികക്ഷമതക്കായുള്ള ശാരീരികോര്‍ജ്ജത്തെയും കായിക പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന പോസിറ്റീവായ അനുഭവങ്ങളെയുമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കായിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൗമാരത്തിലെത്തുമ്പോഴേക്കും വളരെ കുറഞ്ഞുവരുന്നു. ഉള്ള പ്രവര്‍ത്തനങ്ങളാവട്ടെ ആണ്‍കുട്ടികളുടെ കായികക്ഷമതയേയും കായികശേഷിയേയും പരിഗണിക്കുന്ന ഒന്നായി ചുരുങ്ങുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ ഊര്‍ജ്ജസ്വലതയില്ലാത്തവരായും കായികക്ഷമത കുറഞ്ഞവരായും മാറുന്ന അവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് കായിക പ്രവര്‍ത്തനങ്ങളുടെ അഭാവമാണ്. കേരളീയ സാമൂഹികാവസ്ഥയില്‍ പെണ്‍കുട്ടികള്‍ക്കും ഇതരലിംഗ വിഭാഗങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധയും പ്രോല്‍സാഹനവും കൊടുക്കേണ്ടതുണ്ട്. പലപ്പോഴും ജഋഠ പിരീഡുകളില്‍ ആണ്‍കുട്ടികള്‍ ഗ്രൗണ്ടിലിറങ്ങി കളിക്കുകയും പെണ്‍കുട്ടികള്‍ ക്ലാസിലിരുന്ന് നോട്ട്സ് എഴുതുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. സ്കൂള്‍ സമയം കഴിഞ്ഞുള്ള കായിക വിനോദങ്ങള്‍ക്കോ കായിക പ്രവര്‍ത്തനങ്ങള്‍ക്കോ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ടാകുന്നില്ലപ്രായം, ലിംഗപദവി, മതനിയന്ത്രണങ്ങള്‍ എന്നിവ ഇക്കാര്യത്തില്‍ പ്രതികൂലമായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നതോടെ കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ വിമുഖത കാണിക്കുന്ന അവസ്ഥയുണ്ട്. ശരീരത്തെക്കുറിച്ചുള്ള അമിതബോധവും മതബോധത്തിന്‍റെ ഭാഗമായ നിയന്ത്രണങ്ങളും രക്ഷിതാക്കളുടെ വിലക്കുകളും പെണ്‍കുട്ടികളുടെ ശാരീരികചലനങ്ങളെ നിയന്ത്രിക്കുന്നു. ഇളകുന്ന പെണ്‍ ശരീരം എന്നത് വലിയ അപകര്‍ഷതയായി നമ്മുടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നു. ഇതെല്ലാം മറികടന്ന് ഹയര്‍ സെക്കണ്ടറി തലം വരെ കായിക മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച പെണ്‍കുട്ടികളില്‍ പലരെയും പിന്നീട് ഈ രംഗത്ത് കാണുന്നുമില്ല. ലോംഗ് ടേം റിസല്‍റ്റ് കിട്ടുന്ന ഈ മേഖലയില്‍ നിന്ന് നമ്മുടെ സാമൂഹ്യാവസ്ഥയില്‍ വളരെ വേഗത്തില്‍ പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാവുന്നു.
നമുക്ക് പെണ്‍കുട്ടികള്‍ക്കായുള്ള കളിക്കളങ്ങളുടെയും വനിതാ കായികാധ്യാപകരുടെയും പരിശീലകരുടെയും എണ്ണം വളരെ കുറവാണ് എന്നതും ഇവിടെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് കായികക്ഷമതയുണ്ടെങ്കിലേ ആരോഗ്യമുള്ള വരുംതലമുറയെ സൃഷ്ടിക്കാനുമാവൂ. നമ്മുടെ കൗമാരക്കാരായ പെണ്‍കുട്ടികളിലധികവും അനീമിക് ആണ്. ഇന്ന് പെണ്‍കുട്ടികളില്‍ അധികമായി കണ്ടുവരുന്ന വന്ധ്യത, പി.സി.ഒ.ഡി പ്രശ്നങ്ങള്‍ക്കും ബ്രസ്റ്റ് കാന്‍സര്‍ കുടലിലെ കാന്‍സര്‍ എന്നിവക്കുമൊക്കെ കായിക പ്രവര്‍ത്തനങ്ങളുടെ അഭാവം കാരണമാകുന്നുണ്ട്. ഹയര്‍ സെക്കണ്ടറി തലത്തില്‍ ആഴ്ചയില്‍ രണ്ട് പിരീഡ് കായിക വിദ്യാഭ്യാസത്തിനായി നീക്കിവച്ചത് രേഖകളില്‍ മാത്രം നിലനില്‍ക്കുകയും കായികാധ്യാപക തസ്തികയില്ലാത്ത മേഖലയായി ഹയര്‍ സെക്കണ്ടറി കായിക വിദ്യാഭ്യാസ രംഗം തുടരുകയും ചെയ്യുന്നു. ഊര്‍ജ്ജസ്വലരായിരിക്കേണ്ട ഘട്ടത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്ന വൈരുദ്ധ്യമാണ് ഈ മേഖലയില്‍ കാണുന്നത്.

നിലവില്‍ കായിക പരിശീലനത്തിലോ കായിക മത്സരങ്ങളിലോ പങ്കെടുക്കുന്ന കുട്ടികളുടെ കാറ്റഗറി നിര്‍ണ്ണയിക്കുന്നത് അവരുടെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലും ജെന്‍ററിന്‍റെ അടിസ്ഥാനത്തിലുമാണ്.ജെന്‍റര്‍ ബൈനറിയില്‍ കുടുങ്ങിപ്പോയ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് നമ്മുടെ കായിക മേഖലയില്‍ ഇപ്പോഴുമുള്ളത് എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ലജ്ജാവഹവുമാണ് . പ്രത്യേകിച്ചും കുട്ടികളില്‍ ജെന്‍റര്‍ ഓറിയന്‍റേഷന്‍ നടക്കുകയും ജെന്‍റര്‍ ഐഡന്‍റിറ്റി തിരിച്ചറിയുകയും ചെയ്യുന്ന കൗമാരഘട്ടത്തില്‍ നമ്മുടെ കായികമേഖല എങ്ങനെയാണ് ഇടപെടുന്നത് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. കുട്ടികളുടെ പ്രത്യേകമായ ശാരീരിക/ജൈവികാവസ്ഥകളെ തിരിച്ചറിയാനും അഭിമുഖീകരിക്കാനും ഉതകുന്ന മേഖലയെന്ന നിലയില്‍ക്കൂടി കായിക വിദ്യാഭ്യാസം പുതുക്കപ്പെടേണ്ടതുണ്ട്. ശരീരത്തിന്‍റെ ആരോഗ്യകരമായ സുസ്ഥിതിക്കൊപ്പം അതിന്‍റെ സങ്കീര്‍ണമായ വൈവിധ്യങ്ങളെ പരിഗണിക്കാനും അഭിസംബോധന ചെയ്യാനും സാധിക്കുന്ന തരത്തില്‍ നമ്മുടെ കായിക പഠനങ്ങള്‍ മാറേണ്ടതുണ്ട്. ഇതിന് ജെന്‍ഡര്‍ ബൈനറിയുടെ അതിരുകളില്‍ നിന്ന് പാഠ്യപദ്ധതി പുറത്ത് കടക്കണം.
കായിക വിദ്യാഭ്യാസ മേഖലക്ക് അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പ്രാധാന്യം നല്‍കാത്തതും ഒഴിഞ്ഞു കിടക്കുന്ന കായിക അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കാത്തതും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നവംബറില്‍ സ്കൂള്‍ തുറക്കുമ്പോള്‍ കേരളത്തിലെ 11500ലധികം വരുന്ന സ്കൂളുകളില്‍ 1641 കായികാധ്യാപകര്‍ മാത്രമാണുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം എല്ലാവര്‍ക്കും പൂര്‍ണ്ണവിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെങ്കിലും കേരളത്തിലെ എല്‍ പി സ്കൂളുകളിലോ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലോ കായികാധ്യാപക തസ്തിക തന്നെയില്ല. കായിക വിദ്യാഭ്യാസം, കായിക താരങ്ങളെ കണ്ടെത്തല്‍ , ശാസ്ത്രീയ പരിശീലനം എന്നിവ നല്‍കേണ്ട പ്രൈമറി തലത്തില്‍ കായികാധ്യാപകനെ ഒഴിവാക്കുന്നത് ആശാസ്യമല്ല. കായികാധ്യാപക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും കായികാധ്യാപക തസ്തികാ നിര്‍ണ്ണയമാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്താല്‍ മാത്രമേ എല്ലാ കുട്ടികള്‍ക്കും കൃത്യമായ കായിക പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തിനും അവസരമുണ്ടാകുകയുള്ളൂ.

കോവിഡ് കാലം വീട്ടിനുള്ളിലൊതുക്കിയ കുട്ടികളുടെ ഭക്ഷണ ശീലവും കായിക പ്രവര്‍ത്തനങ്ങളുടെ അഭാവവും സൃഷ്ടിച്ച സൃഷ്ടിച്ച ശാരീരികമായ അനാരോഗ്യവും സാമൂഹിക ജീവിതത്തില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നുമുള്ള അകലം സൃഷ്ടിച്ച മാനസികമായ അനാരോഗ്യവും വലിയ വെല്ലുവിളിയായി ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. കേരളം ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിയെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സമഗ്ര പഠനം നടത്താനൊരുങ്ങുകയാണ്. കുട്ടികളുടെ സമഗ്രശേഷീ വികസനത്തില്‍ അനിവാര്യമായ വിദ്യാഭ്യാസ പ്രവര്‍ത്തനമെന്ന നിലയില്‍ കായിക വിദ്യാഭ്യാസത്തെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 5-17 വയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും ലിംഗഭേദമന്യേ ആരോഗ്യകായിക വിദ്യാഭ്യാസം നിര്‍ബന്ധ പാഠ്യവിഷയമാക്കണം. പ്രീ പ്രൈമറി തലം മുതല്‍ ഓരോ കുട്ടിയും കായികമായി ആര്‍ജ്ജിക്കേണ്ട ശേഷികളെയും നൈപുണികളെയും കുറിച്ചുള്ള കൃത്യമായ അവബോധം നല്‍കണം.

2008 നവംബറില്‍ കേരള സര്‍ക്കാര്‍ 9 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളുടെ കായികക്ഷമത പരിശോധിക്കുന്നതിനും കായിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്ക്കരിച്ച ടി.പി.എഫ്.പി.വീണ്ടും നടപ്പിലാക്കണം. അടിസ്ഥാന കായികക്ഷമത വിലയിരുത്തി ഓരോ വ്യക്തിക്കും വ്യക്തിഗത ഫിറ്റ്നസ് കാര്‍ഡുകള്‍ നല്കുന്നരീതിയും നടപ്പാക്കാവുന്നതാണ്. ദിവസത്തില്‍ 40 മിനിറ്റ് എങ്കിലും കായിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയും ഈ കായിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധമായും എയറോബിക് ആക്ടിവിറ്റികള്‍ ഉള്‍പ്പെടുത്തുകയും ഈ സമയം എല്ലാവര്‍ക്കും ഫലപ്രദമായി ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടാവുകയും വേണം. അതോടൊപ്പം അഭിരുചി എന്ന നിലയില്‍ കഴിവുള്ളവര്‍ക്ക് കായികശേഷിയെ പരിപോഷിപ്പിക്കാനും വിപുലമായി പ്രയോജനപ്പെടുത്താനുമാകണം. കുട്ടിയുടെ ആ ജീവനാന്തനേട്ടങ്ങളുടെ പട്ടികയില്‍ കായികക്ഷമതക്ക് പ്രത്യേക പ്രാധാന്യം നല്‍കണം. ദീര്‍ഘവീക്ഷണമുള്ള ശാസ്ത്രീയ പരിശീലന പദ്ധതികളിലൂടെയേ ചെറുപ്രായത്തില്‍ തന്നെ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനാവൂ. മെഡലുകള്‍ നമ്മളെ തേടിയെത്തണമെങ്കില്‍ നമ്മളാദ്യം സുരക്ഷിതമായ കളിക്കളങ്ങളും ഉപകരണങ്ങളും ശാസ്ത്രീയ പദ്ധതികളുമായി കുട്ടികളെ തേടി ചെല്ലേണ്ടതുണ്ട്.കുട്ടികളുടെ സാമൂഹ്യ സാഹചര്യങ്ങള്‍, ശാരീരിക ശേഷി,ജെന്‍ഡര്‍ ഐഡന്‍റിറ്റി എന്നിവ തിരിച്ചറിയാനും അതിനനുഗുണമായി കായിക വിദ്യാഭ്യാസം നല്‍കാനും കഴിയുന്ന രീതിയിലേക്ക് കായികാധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പദ്ധതികളാവിഷ്ക്കരിക്കുമ്പോള്‍ ഗ്രാസ്റൂട്ട് ലെവലില്‍ പ്രവര്‍ത്തിക്കുന്ന കായികാധ്യാപകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കണം. കായിക വിദ്യാഭ്യാസത്തെയും അക്കാദമിക് പ്രവര്‍ത്തനങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയുടെയും സൈക്കോളജിസ്റ്റുകളുടെയും ഇടപെടല്‍ സ്കൂളില്‍ തന്നെ ലഭ്യമാവേണ്ടതാണ്. അതോടൊപ്പം കുട്ടികളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കാനായി രക്ഷിതാക്കള്‍ക്കും ആരോഗ്യ കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കണം. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് സ്പോര്‍ട്സ് മേഖലയില്‍ അഭിരുചിയുണ്ടായാലും രക്ഷിതാക്കള്‍ അതിനനുവദിക്കാറില്ല. പലതരത്തില്‍ വിവേചനമനുഭവിക്കുകയും കായിക വിനോദങ്ങള്‍ക്കോ പരിശീലനത്തിനോ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ് ലിംഗ പദവിയിലുള്ളവര്‍ക്കും പ്രത്യേക ശ്രദ്ധയും പരിഗണനയും അവസരവും ലഭിക്കുന്നരീതിയിലേക്ക് കായിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊന്നേണ്ടതുണ്ട്.അവര്‍ ആത്മവിശ്വാസവും ധൈര്യവും കരുത്തുമുള്ളവരായാലേ നിലനില്‍ക്കുന്ന സാമൂഹ്യാവസ്ഥയെ തകര്‍ത്ത് മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് എത്താനാവുകയുള്ളൂ. ചുരുക്കത്തില്‍ ജീവിതത്തിന്‍റെ ട്രാക്കിലേക്ക് കരുത്തോടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതയെ, പ്രത്യേകിച്ചും പെണ്‍കുട്ടികളെയും ട്രാന്‍സ് വിഭാഗങ്ങളെയും പ്രാപ്തരാക്കാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ കായിക വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്.

 

ഷീന ജാനകി
ഹയര്‍സെക്കന്‍ഡറി അധ്യാപിക,തിരൂര്‍, മലപ്പുറം

COMMENTS

COMMENT WITH EMAIL: 0