Homeചർച്ചാവിഷയം

അദൃശ്യമാക്കപ്പെടുന്ന ഡിസേബിള്‍ഡ് പെണ്‍/ക്വീര്‍ ഉടലുകള്‍

പ്രശസ്ത ഡിസേബിള്‍ഡ് സ്ത്രീവാദ പണ്ഡിതയായ സൂസന്‍ വെണ്ടെല്ലിന്‍റെ അഭിപ്രായത്തില്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ശരീരത്തെക്കുറിച്ചുള്ള സാംസ്കാരിക ആശയങ്ങളെ മറികടക്കാന്‍ കഴിയും. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ‘നോര്‍മല്‍’ ആകാനും സന്തോഷകരമായ ജീവിതം നയിക്കാനും ചെയ്യേണ്ടി വരുന്ന കാര്യങ്ങള്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ചെയ്യേണ്ടതില്ല. ഡിസേബിള്‍ഡ് വ്യക്തികളെ കേള്‍ക്കാന്‍ സമൂഹം തയാറായാല്‍ അത് വഴി മനുഷ്യ ശരീരത്തെയും മനസിനെയും സംബന്ധിക്കുന്ന അറിവിന്‍റെ ഒരു വിസ്ഫോടനം തന്നെ സംഭവിക്കും എന്നാണ് വെണ്ടെല്‍ പറയുന്നത്.

ഈ ലേഖനത്തില്‍ ഞാന്‍ ഉപയോഗിക്കുന്ന ‘ഡിസബിലിറ്റി,’ ‘ഡിസേബിള്‍ഡ്,’ ‘ഡിസബിലിറ്റിയുള്ള/ഡിസബിലിറ്റികളുള്ള വ്യക്തി/വ്യക്തികള്‍’ തുടങ്ങിയ പദപ്രയോഗങ്ങളെക്കുറിച്ചു എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. കാരണം ഇവ പലരും തെറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. വൈകല്യവും ഡിസബിലിറ്റിയും ഒന്നാണെന്നാണ് പൊതുബോധം. വൈകല്യം എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ശാരീരിക/മാനസിക/ബൗദ്ധിക വ്യത്യാസങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് ഒരു മെഡിക്കല്‍ ആശയമാണ്. എന്നാല്‍ ഡിസബിലിറ്റി എന്നത് ഒരു സാമൂഹികാശയമാണ്. ജന്‍ഡര്‍ സമൂഹസൃഷ്ടിയാകുന്നത് പോലെ ഡിസബിലിറ്റിയും ഉണ്ടാകുന്നത് സമൂഹത്തിന്‍റെ ഇടപെടലിലൂടെയാണ്. വൈകല്യമുള്ള ഒരു വ്യക്തിക്ക് മുഖ്യധാരാസമൂഹത്തില്‍ ജീവിക്കുവാന്‍ സഹായിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ലഭ്യമാകാതെ വരുമ്പോഴാണ് ആ വ്യക്തി ഡിസേബിള്‍ഡ് ആയിത്തീരുന്നത്. അതായതു വൈകല്യമുള്ളൊരാള്‍ ഡിസേബിള്‍ഡ് ആകുന്നതില്‍ സമൂഹത്തിന്‍റെ പങ്കു വളരെ വലുതാണ്. ഞാന്‍ ഒരു ഡിസേബിള്‍ഡ് വ്യക്തിയാണ് എന്നോ ഡിസബിലിറ്റിയുള്ള വ്യക്തിയാണ് എന്നോ പറയുന്നത് കൊണ്ട് ഞാന്‍ അറിയിക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തിന്‍റെ ഈ പങ്കിനെക്കുറിച്ചാണ്. അത് വഴി സമൂഹം ഇതിനെക്കുറിച്ച് മാറി ചിന്തിക്കാനും ഡിസേബിള്‍ഡ് സൗഹൃദമായി പ്രവര്‍ത്തിക്കാനും ഇട വന്നേക്കാം എന്നാണ് എന്‍റെ പ്രതീക്ഷ. ഭിന്നശേഷിക്കാര്‍, ദിവ്യാംഗര്‍, ‘സ്പെഷ്യലി ഏബിള്‍ഡ്’ എന്നിങ്ങനെയുള്ള കര്‍ണമധുരം പോലെ തോന്നുന്ന പദപ്രയോഗങ്ങള്‍ യുഫെമിസം മാത്രമാണ്. അവ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ ജീവിതയാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കുകയും അവരെ സമൂഹത്തില്‍ നിന്ന് കൂടുതല്‍ വേര്‍തിരിക്കുകയും ആണ് ചെയ്യുന്നത്. അവയൊന്നും തന്നെ രാഷ്ട്രീയമായി ശരിയായ വാക്കുകളല്ല. അതിനാല്‍ അത്തരം വാക്കുകള്‍ ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നില്ല.

ഡിസബിലിറ്റി പലപ്പോഴും ഒരു സ്ത്രീവാദ പ്രശ്നമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. പ്രാചീന കാലം മുതല്‍ സ്ത്രീകളെ ഡിസേബിള്‍ഡ് വ്യക്തികളുമായി താരതമ്യപ്പെടുത്താറുണ്ട്. ഉദാഹരണത്തിന് ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടില്‍ ‘അംഗഭംഗം വന്ന പുരുഷന്മാര്‍’ എന്നായിരുന്നു സ്ത്രീകളെ വിശേഷിപ്പിച്ചത്. ഡിസബിലിറ്റി എന്ന അവസ്ഥയെയും സ്ത്രീത്വത്തെയും ബലഹീനത, നിഷ്ക്രിയത്വം, ആശ്രിതത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സമൂഹം പലപ്പോഴും വീക്ഷിക്കാറുള്ളത്. വ്യവസ്ഥാപിത പ്രത്യയശാസ്ത്രം അവയെ അപ്രധാനമാക്കുന്നു. പെണ്‍ഭ്രൂണഹത്യ, യൂജിനിക്സ് പ്രസ്ഥാനം, വൈകല്യമുള്ള ഭ്രൂണത്തെ നശിപ്പിക്കുക എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

എല്ലാ സ്ത്രീകള്‍ക്കും ഒന്നിലധികം സ്വത്വങ്ങളുണ്ട്. ഡിസബിലിറ്റി അതില്‍ ഒരു സ്വത്വമാണ്. അത് ‘സ്ത്രീ’ എന്ന വിഭാഗത്തിന്‍റെ ഏകീകൃത സ്വഭാവത്തെ തകര്‍ക്കുകയും ജന്‍ഡര്‍ എന്ന ആശയത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഡിസബിലിറ്റി എന്ന ഇന്‍റര്‍സെക്ഷന്‍ സ്ത്രീകള്‍ തമ്മിലുള്ള അധികാര ബന്ധങ്ങള്‍, ശരീരത്തിന്‍റെ അവസ്ഥ, ഡിസബിലിറ്റികളില്ലാത്തവര്‍ ആസ്വദിക്കുന്ന പ്രത്യേക പ്രിവിലേജുകള്‍, സ്വത്വ രാഷ്ട്രീയം എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
ഡിസബിലിറ്റി സ്റ്റഡീസ് പണ്ഡിതനായ മൈക്ക് ഒലിവര്‍ ഡിസബിലിറ്റി വൈകല്യത്തില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാണ് എന്നതിനെക്കുറിച്ചു എഴുതിയിട്ടുണ്ട്. വൈകല്യം ഒരു മെഡിക്കല്‍ ആശയമാണെങ്കില്‍ ഡിസബിലിറ്റി എന്നത് വൈകല്യമുള്ള ആളുകള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക അടിച്ചമര്‍ത്തലിനെയാണ് സൂചിപ്പിക്കുന്നത്. ഡിസേബിള്‍ഡ് സ്ത്രീകളും പുരുഷന്മാരും അടിച്ചമര്‍ത്തലും വിവേചനവും നേരിടുന്നുണ്ട്. എന്നാല്‍ ദ്വന്ദ്വലിംഗാധിഷ്ഠിതവും പുരുഷകേന്ദ്രീകൃതവും ഏബ്ളിയിസ്റ്റുമായ ഒരു സമൂഹത്തില്‍, ഡിസേബിള്‍ഡ് സ്ത്രീകളും വ്യത്യസ്ത ലൈംഗിക, ലിംഗ ആഭിമുഖ്യമുള്ള ഡിസേബിള്‍ഡ് വ്യക്തികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികമാണ്.

ഒരു ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷക ആയപ്പോള്‍ ആണ് ഞാന്‍ ഫെമിനിസത്തിലെ ഇന്‍റര്‍സെക്ഷനുകളെക്കുറിച്ചു കൂടുതല്‍ മനസിലാക്കുന്നതും ഡിസബിലിറ്റി ഇന്‍റര്‍സെക്ഷനെക്കുറിച്ചു പഠിക്കുന്നതും. സ്ത്രീവാദ പ്രസ്ഥാനത്തിന്‍റെ രണ്ടാം തരംഗത്തില്‍ ഉയര്‍ന്നു വന്ന ‘പേര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍’ എന്ന മുദ്രാവാക്യം ഡിസബിലിറ്റി ഫെമിനിസത്തെ സ്വാധീനിച്ചിട്ടുണ്ട്. 1980 കളില്‍ ആണ് ഈ ഇന്‍റര്‍സെക്ഷന്‍ രൂപപ്പെടുന്നത്. അതു വരെ സ്ത്രീ പ്രസ്ഥാനങ്ങളിലോ ഡിസബിലിറ്റി അവകാശ സമരങ്ങളിലോ ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഡിസേബിള്‍ഡ് ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തില്‍, ജന്‍ഡറിനെ പോലെ ഡിസബിലിറ്റിയും ഒരു സമൂഹസൃഷ്ടിയാണ്. അപ്രാപ്യമാക്കപ്പെടുന്ന ചുറ്റുപാടുകള്‍, പല തരത്തിലുള്ള വിവേചനം എന്നിങ്ങനെയുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ഡിസബിലിറ്റിയുള്ള വ്യക്തികള്‍ക്ക് സമൂഹത്തില്‍ തുല്യത കൈവരിക്കുന്നതിനു സഹായകമാകും. ഡിസബിലിറ്റിയുടെ അനുഭവം ഓരോ ഡിസേബിള്‍ഡ് വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ജന്‍ഡര്‍ ഉള്‍പ്പെടെ പല ഘടകങ്ങള്‍ കൂടി ചേര്‍ന്നാണ് ഒരു ഡിസേബിള്‍ഡ് വ്യക്തിയുടെ അനുഭവങ്ങള്‍ രൂപപ്പെടുത്തുന്നത്. ഡിസബിലിറ്റികള്‍ ഉള്ള സ്ത്രീകള്‍ക്ക് ഡിസബിലിറ്റി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും ലിംഗവിവേചനങ്ങളും ഒരുമിച്ചു നേരിടേണ്ടി വരുന്നുണ്ട്.
മുഖ്യധാരാ സ്ത്രീവാദത്തിന്‍റെ ചരിത്രത്തിലൂടെ കടന്നു പോകുമ്പോള്‍ ഒരു കാര്യം ബോധ്യമാകും. കൂടുതലും ഡിസബിലിറ്റികള്‍ ഇല്ലാത്ത സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ആണ് മുഖ്യധാരാ സ്ത്രീവാദപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു മനസിലാക്കാന്‍ സാധിക്കും. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ള സ്ത്രീപഠനകേന്ദ്രങ്ങള്‍ ഡിസേബിള്‍ഡ് അല്ലാത്ത സ്ത്രീകളുടെ കാഴ്ചപ്പാടിന് മുന്‍തൂക്കം കൊടുക്കുന്ന പ്രവണത പലപ്പോഴും കാണിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതവും ഏബ്ളിയിസ്റ്റും ആയ ഒരു സമൂഹത്തില്‍ ഡിസബിലിറ്റികള്‍ ഉള്ള സ്ത്രീകളുടെ വ്യത്യസ്ത അനുഭവങ്ങളെ അവ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചു പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടുന്നതില്‍ മുഖ്യധാരാ സ്ത്രീവാദികള്‍ പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇത് ഒരു തരം സാമൂഹിക അദൃശ്യതയായിട്ട് ആണ് ഞാന്‍ ഉള്‍പ്പെടെ പല ഡിസേബിള്‍ഡ് സ്ത്രീവാദികളും വിലയിരുത്തുന്നത്. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് പലപ്പോഴും മുഖ്യധാരയില്‍ ഉള്ള സ്ത്രീവാദപ്രവര്‍ത്തനങ്ങളെ ഞങ്ങളുടെ ജീവിതങ്ങളുമായി ബന്ധിപ്പിച്ചു മനസിലാക്കാന്‍ സാധിക്കാത്തത്.

ഇന്‍റര്‍സെക്ഷണല്‍ സ്ത്രീവാദ ചര്‍ച്ചകളില്‍ പലപ്പോഴും ഡിസേബിള്‍ഡ് സ്ത്രീകള്‍ അദൃശ്യരാണ്. ബാക്കി പല ഇന്‍റര്‍സെക്ഷനുകളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഡിസബിലിറ്റി എന്ന തുല്യപ്രാധാന്യമുള്ള ഇന്‍റര്‍സെക്ഷന്‍ അവഗണിക്കപ്പെടുന്നു. അത് സ്ത്രീവാദത്തിന്‍റെ പരാജയം തന്നെയാണ്. പ്രശസ്ത ഇന്ത്യന്‍ ഡിസേബിള്‍ഡ് സ്ത്രീവാദിയും പണ്ഡിതയുമായ ഡോ. അനിതാ ഘായുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഡിസബിലിറ്റി ഇന്‍റര്‍സെക്ഷന്‍റെ അദൃശ്യതയെക്കുറിച്ച് തന്‍റെ ചിന്തകള്‍ എഴുത്തിലൂടെ പങ്കു വെച്ച സ്ത്രീപക്ഷ ചിന്തകയാണ് നിവേദിത മേനോന്‍. സ്ത്രീവാദപ്രസ്ഥാനത്തിലെ ഡിസബിലിറ്റിയുടെ അദൃശ്യതയെ പുരുഷാധിപത്യ വ്യവസ്ഥിതിയുള്ള സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അദൃശ്യതയുമായി താരതമ്യപ്പെടുത്താന്‍ കഴിയും എന്നാണ് നിവേദിതാ മേനോന്‍ നിരീക്ഷിക്കുന്നത്. ഇന്ത്യന്‍ സ്ത്രീവാദപ്രസ്ഥാനത്തിനെ സംബന്ധിച്ച് ശ്രദ്ധ കൊടുക്കേണ്ടതായ വളരെയധികം പ്രശ്നങ്ങളുണ്ട്. എന്നാല്‍ വളരെ കുറച്ച് റിസോഴ്സുകള്‍ മാത്രം ആണുള്ളത്. തല്‍ഫലമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഡിസേബിള്‍ഡ് ന്യൂനപക്ഷത്തേക്കാള്‍ ഡിസബിലിറ്റികള്‍ ഇല്ലാത്തവരെന്ന ഭൂരിഭാഗത്തിന്‍റെ ജീവിതങ്ങളിലേക്കാണ് സ്ത്രീവാദപ്രസ്ഥാനം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍, ഡിസബിലിറ്റിയോടുള്ള പൊതു സമീപനം ഇപ്പോഴും ദാനധര്‍മ്മങ്ങളില്‍ അധിഷ്ഠിതമാണ് എന്ന കാര്യം അനുഭവങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഞാന്‍ മനസിലാക്കിയതാണ്. ഡിസബിലിറ്റികളുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു നിയമം തന്നെ നിലവിലുണ്ടെങ്കിലും ഇപ്പോഴും നമ്മുടെ രാജ്യത്തു അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല. ഇത് സ്ത്രീവാദപ്രസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യ പോലെ പുരുഷാധിപത്യ മൂല്യങ്ങള്‍ അധികാരം സ്ഥാപിച്ച ഒരു രാജ്യത്തു നോണ്‍-ഡിസേബിള്‍ഡ് സ്ത്രീകള്‍ കടന്നു പോകുന്ന വിവേചനങ്ങളും ചൂഷണങ്ങളും അതിക്രമങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. സമൂഹം പലപ്പോഴും ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികളെ ശാരീരികമായി ആകര്‍ഷണീയരായി പരിഗണിക്കാറില്ല എന്ന വസ്തുത ജെന്നി മോറിസ് ഉള്‍പ്പെടെ പല ഡിസേബിള്‍ഡ് ഫെമിനിസ്റ് വക്താക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധാരണയായി അംഗീകരിക്കപ്പെട്ട കാര്യങ്ങളില്‍ നിന്നു ഏതെങ്കിലും തരത്തില്‍ ഉള്ള വ്യതിയാനം കാണിക്കുന്നവയെ മാറ്റി നിര്‍ത്തുന്ന ഒരു സംസ്കാരത്തില്‍ വൈകല്യങ്ങള്‍ ഉള്ളതിനാല്‍ ഡിസേബിള്‍ഡ് ആക്കപെടുന്ന ഉടലുകള്‍ അപൂര്‍ണ്ണതയുടെ പ്രതീകങ്ങളായി മാറുന്നു.

പുരുഷാധിപത്യ വ്യവസ്ഥയില്‍ സ്ത്രീകള്‍ ചെയ്യണം എന്നു കല്പിക്കപ്പെട്ടിട്ടുള്ള ചില പ്രവര്‍ത്തികളുണ്ട്. വിവാഹം കഴിക്കുക, ഭാര്യയും മരുമകളും അമ്മയും എന്ന നിലകളില്‍ ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെയും മക്കളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് സ്ത്രീകളുടെ ധര്‍മങ്ങള്‍ ആയിട്ടാണ് പുരുഷകേന്ദ്രീകൃത സമൂഹം കരുതുന്നത്. സുന്ദരമായ ശരീരത്തെക്കുറിച്ചുള്ള മിത്ത് വൈകല്യമുള്ള സ്ത്രീ ശരീരത്തെ സ്ത്രീത്വമില്ലാത്തതായി നിര്‍വചിക്കുന്നു. അത്തരത്തില്‍ സ്ത്രീത്വം നിഷേധിക്കപ്പട്ട വൈകല്യമുള്ള സ്ത്രീശരീരങ്ങള്‍ ഡിസേബിള്‍ഡ് കൂടി ആയിത്തീരുന്നു. ശാരീരിക രൂപത്തിന്‍റെ കാര്യത്തില്‍ ഒരു ഡിസേബിള്‍ഡ് സ്ത്രീ, പ്രത്യേകിച്ച് വീല്‍ചെയര്‍ ഉപയോക്താവായ ഒരു സ്ത്രീ, സമൂഹം മുന്നോട്ടു വെച്ചിട്ടുള്ള ഒരു ‘നോര്‍മല്‍’ സ്ത്രീയുടെ വാര്‍പ്പച്ചടി രൂപവുമായി പൊരുത്തപ്പെടുന്നില്ലായിരിക്കാം. അതിനാല്‍ മേല്‍പ്പറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രാപ്തര്‍ അല്ല ഡിസേബിള്‍ഡ് സ്ത്രീകള്‍ എന്ന പൊതുബോധം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പൊതുബോധം തെറ്റായ ഒരു ശരീരസങ്കല്പം സൃഷിക്കുന്നു. തങ്ങള്‍ക്ക് അപൂര്‍ണങ്ങളായ ശരീരങ്ങള്‍ ആണെന്ന് പല ഡിസേബിള്‍ഡ് സ്ത്രീകളും ചിന്തിക്കും. അത് അവരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. സ്വയം മൂല്യമില്ലാത്തവരെന്നു കരുതി അവര്‍ തങ്ങളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. അങ്ങനെ സ്ത്രീത്വവും ലൈംഗികതയും നിഷേധിക്കപ്പെടുന്നു. ഡിസബിലിറ്റികള്‍ ഉള്ള സ്ത്രീകള്‍ക്ക് വീട്ടുജോലികള്‍ ചെയ്യാനും അര്‍ത്ഥവത്തായ ലൈംഗികബന്ധം നിലനിര്‍ത്താനും കഴിയില്ലെന്നത് തെറ്റായ ധാരണയാണ്. അത്തരം തെറ്റായ ധാരണകള്‍ പൊളിച്ചെഴുതി തങ്ങളുടേതായ രീതിയില്‍ കുടുംബ ജീവിതം നയിക്കുന്ന ഡിസേബിള്‍ഡ് സ്ത്രീകളെ എനിക്ക് അറിയാം. എന്നാല്‍ അവരുടെ എണ്ണം പരിശോധിച്ചാല്‍ വളരെ കുറവാണു. വിവാഹവും കുടുംബജീവിതവും മാതൃത്വവും ഒക്കെ ഡിസബിലിറ്റികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്നവയാകുമ്പോള്‍ ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് അവ തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.

അലൈംഗികത എന്ന ലൈംഗികമായ അഭിമുഖ്യത്തെ പലപ്പോഴും ഡിസബിലിറ്റിയുമായി സമൂഹം ചേര്‍ത്ത് വക്കാറുണ്ട്. അത് വഴി ഡിസേബിള്‍ഡ് വ്യക്തികളെ, പ്രത്യേകിച്ചു ഡിസേബിള്‍ഡ് സ്ത്രീകളെ, അലൈംഗികരായി ചിത്രീകരിക്കുന്നു. പരമ്പരാഗതമായി സ്ത്രീത്വം ശാരീരിക രൂപവുമായും പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ ചെയ്യേണ്ടതെന്ന് കരുതപ്പെടുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ ഡിസബിലിറ്റികള്‍ ഉള്ള സ്ത്രീകള്‍ പ്രാപ്തര്‍ അല്ലെന്ന മിഥ്യാ ധാരണ കാരണം പലപ്പോഴും അവരെ സ്ത്രീകള്‍ ആയിപ്പോലും പരിഗണിക്കുന്നില്ല.

എഴുത്തുകാരിയായ സീമന്തിനി നിരഞ്ജനയുടെ അഭിപ്രായത്തില്‍ ഫെമിനിസ്റ്റ് പഠനങ്ങള്‍ ശരീരത്തിന് ഊന്നല്‍ നല്‍കുന്നത് പ്രതീകാത്മകമായിട്ടാണ്. ശരീരം അപരമായ ഒരു സാമൂഹിക യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്ന ഒരു അടയാളം ആകുന്നു. അതില്‍ പല സാമൂഹിക അര്‍ത്ഥങ്ങളും മറഞ്ഞിരിക്കുന്നുണ്ട്. സമൂഹത്തിന്‍റെ ഒരു നേര്‍ചിത്രമോ അല്ലെങ്കില്‍ ഒരു പ്രതിബിംബമോ ആയി ശരീരത്തെ പഠിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം വൈകല്യം ഉള്ള ശരീരത്തെ വിശകലനപരമായ അനന്തരഫലം ഉളവാക്കുന്ന ഒന്നായി പലപ്പോഴും കരുതിയിട്ടില്ല.

ഫെമിനിസത്തിന്‍റെ രണ്ടാം തരംഗത്തിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരങ്ങളില്‍ ഉള്ള അവകാശത്തിലാണ് എന്നത് നമുക്ക് അറിയാം. പെണ്‍ ഉടലുകളെ പുരുഷന്‍റെ voyeuristic  നോട്ടത്തിനും ആനന്ദത്തിനും വേണ്ടി വസ്തുവല്‍ക്കരിക്കുന്നതിനെ കാലങ്ങളായി സ്ത്രീപക്ഷ വാദികള്‍ എതിര്‍ക്കുന്നുണ്ട്. നോണ്‍-ഡിസേബിള്‍ഡ് സ്ത്രീകള്‍ ലൈംഗികപരമായി വസ്തുവല്‍ക്കരിക്കപ്പെടുമ്പോള്‍ അലൈംഗികരായിട്ടോ ലൈംഗികത ഇല്ലാത്തവരായിട്ടോ ഒക്കെയാണ് ഡിസേബിള്‍ഡ് സ്ത്രീകള്‍ വസ്തുവല്‍ക്കരിക്കപ്പെടുന്നത്. വൈകല്യങ്ങള്‍ ഉള്ള പെണ്‍ശരീരങ്ങളും പല തരത്തിലുള്ള ശാരീരികവും ലൈംഗികവും ആയ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു ഡിസേബിള്‍ഡ് ആകുന്നു എന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്ത്യയില്‍ നടത്തിയ ഒരു പഠനം അനുസരിച്ചു ഡിസേബിള്‍ഡ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയോ ശാരീരികമായി പീഡിപ്പിക്കപ്പെടുകയോ ലൈംഗികമായി ആക്രമിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യത മൂന്നിരട്ടിയാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം. കേരളത്തില്‍ കുറച്ചു നാളുകള്‍ക്കു മുമ്പാണ് ബുദ്ധിപരമായി വെല്ലുവിളികള്‍ ഉള്ള പ്രായപൂര്‍ത്തി ആകാത്ത ഒരു പെണ്‍കുട്ടിയെ പലര്‍ ചേര്‍ന്ന് ചൂഷണം ചെയ്യുകയും ആ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും തുടര്‍ന്ന് പോലീസ് പോക്സോ കേസ് എടുക്കുകയും ചെയ്തത്. ഈ വര്‍ഷം മലപ്പുറത്ത് കിടപ്പിലായ അമ്മയുടെ മുമ്പില്‍ വെച്ചാണ് ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകള്‍ ഉള്ള മകള്‍ പീഡിപ്പിക്കപ്പെട്ടത്. ഡല്‍ഹിയില്‍ മെയ് മാസം അവസാനം ബസ് യാത്രക്കിടയില്‍ വഴി തെറ്റി നിന്ന കാഴ്ചയില്ലാത്ത സ്ത്രീയെ വഴി കാണിച്ചു സഹായിക്കാം എന്ന വ്യാജേന ഒരിടത്തേക്ക് കൊണ്ടുപോയി ഒരാള്‍ പീഡിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തു. മുകളില്‍ സൂചിപ്പിച്ചതു ചില ഉദാഹരണങ്ങള്‍ മാത്രം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത അതിക്രമങ്ങള്‍ നിരവധി ഉണ്ടാകും. നോണ്‍-ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ ഒരു പരിധി വരെയെങ്കിലും കഴിയുമ്പോള്‍ ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് അത് ഒട്ടും എളുപ്പമല്ല. തങ്ങളുടെ ശരീരങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള അവസരങ്ങള്‍ ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് പലപ്പോഴും കിട്ടുന്നില്ല. ഡിസേബിള്‍ഡ് പെണ്‍ ഉടലുകളിലേക്കുള്ള കടന്നുകയറ്റങ്ങള്‍ തടയാന്‍ നിലവില്‍ രാജ്യത്തുള്ള നിയമ സംവിധാനങ്ങള്‍ പലപ്പോഴും അപര്യാപ്തങ്ങള്‍ ആയിത്തീരുന്നു.
ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് ലൈംഗിക, പ്രത്യുല്‍പാദന അവകാശങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെടുന്നു. അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പലപ്പോഴും ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് ലഭ്യമല്ല. വിവാഹം, മാതൃത്വം തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിയുന്നില്ല. ഈയടുത്തു നടന്ന ഉത്രയുടെയും ഹേനയുടെയും കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ ‘കുറവുകള്‍’ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് നഷ്ടപരിഹാരം എന്ന പോലെ സ്ത്രീധനം ആവശ്യപ്പെടുന്ന രീതി ഇപ്പോഴും നിലവില്‍ ഉണ്ട് എന്നു ബോധ്യപ്പെടും.

ഞാന്‍ പലപ്പോഴും എഴുതാറും സംസാരിക്കാറുമുള്ള ഒരു വിഷയമാണ് അക്സിസിബിലിറ്റി. ഡിസബിലിറ്റിയുടെ തരം അനുസരിച്ചു ആവശ്യമുള്ള അക്സിസിബിലിറ്റിയിലും വ്യത്യാസങ്ങള്‍ വരും. ബധിരയായ സ്ത്രീകള്‍ക്കും കാഴ്ചയില്ലാത്ത സ്ത്രീകള്‍ക്കും പലപ്പോഴും പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാകാത്തതിന് കാരണം അക്സിസിബിള്‍ ആയ സൗകര്യങ്ങള്‍ ഇല്ലാത്തതാണ്. എന്നെപ്പോലെ വീല്‍ചെയര്‍ ഉപയോക്താക്കളായ സ്ത്രീകള്‍ക്ക് പ്രധാനമായി ആവശ്യം റാമ്പ്, ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ്. ഇത്തരം സൗകര്യങ്ങളുടെ അഭാവം ശരീരത്തിന്‍റെ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് എങ്ങനെ എന്ന് ഒരു സംഭവത്തിലൂടെ വിശദമാക്കാം.

ഇന്ത്യയില്‍ ഡിസബിലിറ്റി അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാള്‍ ആണ് വീല്‍ചെയര്‍ ഉപയോക്താവായ വിരാലി മോഡി. 2017ല്‍ വിരാലി #MyTrainTooഎന്ന ഒരു ക്യാമ്പയിന്‍ തുടങ്ങി. ട്രെയിനുകള്‍ വീല്‍ചെയര്‍ സൗഹൃദപരമാ ക്കിമാറ്റുകയായിരുന്നു ഉദ്ദേശ്യം. ഈ ക്യാമ്പയിനിന് പ്രചോദനമായതു വിരാലിക്കു മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ ആയിരുന്നു. ട്രെയിനുകള്‍ വീല്‍ചെയര്‍ സൗഹൃദപരമല്ലാത്തതിനാല്‍ പോര്‍ട്ടര്‍മാര്‍ വീല്‍ചെയര്‍ സഹിതം ട്രെയിനിലേക്ക് കയറ്റുന്നതിനിടയില്‍ വിരാലിയുടെ ശരീരത്തിന്‍റെ പല ഭാഗങ്ങളിലും അനാവശ്യമായി സ്പര്‍ശിച്ചു. അപ്പോള്‍ വിരാലിക്കുണ്ടായ മാനസിക ട്രോമയായിരുന്നു പിന്നീട് ആ ക്യാമ്പയിനിലേക്കു അവളെ എത്തിച്ചത്. വീല്‍ചെയര്‍ സൗഹൃദമല്ലാത്ത ഇടങ്ങളില്‍ ചെല്ലുമ്പോള്‍ മറ്റുള്ളവരുടെ സഹായങ്ങള്‍ തേടേണ്ടി വരുന്ന ഡിസേബിള്‍ഡ് സ്ത്രീകളും ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ല.

Margarita with a Straw

ഹെറ്ററോ സെക്ഷ്വല്‍ ഭൂരിപക്ഷം ആയ സമൂഹത്തില്‍ നോണ്‍-ഡിസേബിള്‍ഡ് സ്ത്രീകള്‍ക്ക് തങ്ങളുടെ ജന്‍ഡറും സെക്ഷ്വാലിറ്റിയും പ്രകടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എത്രത്തോളമെന്നു നമുക്ക് അറിയാം. പ്രത്യേകിച്ച്  LGBTIQA+ ആഭിമുഖ്യങ്ങള്‍ ഉള്ളവര്‍ നേരിടുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും. അങ്ങനെ ഉള്ളപ്പോള്‍ ഏബ്ളിയിസം കൂടി പ്രകടിപ്പിക്കുന്ന ഈ സമൂഹത്തില്‍ അലൈംഗികരെന്നു കരുതപ്പെടുന്ന ഡിസേബിള്‍ഡ് സ്ത്രീകളുടെ, വിശേഷിച്ചു LGBTIQA+  വിഭാഗങ്ങളില്‍ ഉള്ളവരുടെ, അവസ്ഥ ഊഹിക്കാവുന്നതേയുള്ളു.’Margarita with a Straw’ എന്ന സിനിമ ചിലരെ പ്രകോപിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തതില്‍ അദ്ഭുതപ്പെടാനില്ല. സമൂഹവും ഫെമിനിസ്റ്റ് പ്രസ്ഥാനവും ശ്രദ്ധ നല്‍കി പരിഹാരങ്ങള്‍ തേടേണ്ടതായി ഇത്തരത്തില്‍ ഡിസേബിള്‍ഡ് പെണ്‍/ക്വീര്‍ ഉടലുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.

സംഘടിതയുടെ ജൂലൈ ലക്കത്തിന് വേണ്ടി തന്നെ ഈ വിഷയത്തില്‍ എഴുതാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കാരണം 1990ല്‍ Americans with Disabilities Act രൂപീകരിച്ചതിന്‍റെ സ്മരണാര്‍ത്ഥം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജൂലൈ മാസം ഡിസബിലിറ്റി പ്രൈഡ് മാസമായി ആചരിക്കുന്നുണ്ട്. ഇവിടെ ഇന്ത്യയിലും ദേശഭേദമില്ലാതെ ജൂലൈ ഞാനുള്‍പ്പെടെ പല ഡിസേബിള്‍ഡ് വ്യക്തികളും ഡിസബിലിറ്റി പ്രൈഡ് മാസമായി ആചരിക്കുന്നുണ്ട്. കാരണം അന്താരാഷ്ട്ര തലത്തില്‍ ഡിസബിലിറ്റി അവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു Americans with Disabilities Act (ADA).

 

ശാരദാ ദേവി വി.
ഇംഗ്ലീഷ് പി. എച്ച്. ഡി ഗവേഷക
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്
കേരള സര്‍വകലാശാല

 

 

 

 

 

COMMENTS

COMMENT WITH EMAIL: 1
  • comment-avatar

    അവിചാരിതമായി വായിക്കാൻ ഇടയായ
    ലേഖനം. വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഒരുപാട് ഇഷ്ടം❤️