കുട്ടിക്കാലത്ത് കുടുംബസമേതം മലേഷ്യയിലായിരുന്നു താമസം. ഞാന്‍ അഞ്ചാം ക്ളാസില്‍ പഠിക്കുകയായിരുന്നു. അച്ഛന് റബ്ബര്‍ എസ്റ്റേറ്റിലാണ് ജോലി. ഞങ്ങള്‍ക്ക് വായിക്കാന്‍ ഇന്ത്യയില്‍ നിന്ന് ധാരാളം പത്രങ്ങളും മാസികകളും അച്ഛന്‍ വരുത്തി തന്നിരുന്നു. ടാബ്ലോയിഡ് വലിപ്പമുള്ള ദി ഹിന്ദു, ഗോസമര്‍ തിന്‍ പേപ്പറിലെ പ്രതിവാര അന്താരാഷ്ട്ര പതിപ്പ്, ഇല്ലസ്ട്രേറ്റഡ് വീക്കിലി, ദി ഇന്ത്യന്‍ മൂവി ന്യൂസ് എന്നിവയാണവ.
ദ റീഡേഴ്സ് ഡൈജസ്റ്റും കൂട്ടത്തിലുണ്ടായിരുന്നു. അതിന്‍റെ ഒരു ലക്കത്തില്‍, വിയറ്റ്നാം യുദ്ധത്തെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്‍റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. യുദ്ധ റിപ്പോര്‍ട്ടിംഗിനിടെ അദ്ദേഹം കൊല്ലപ്പെടേണ്ടതായിരുന്നു. തുരുതുരാ വെടിയുണ്ടകള്‍ തന്‍റെ നേര്‍ക്ക് വരുന്നത് കണ്ട അദ്ദേഹം ബോവ ചി… ബോവ ചി…( പ്രസ്) എന്ന് അലറി വിളിച്ചു. അതുകേട്ട സൈനികര്‍ വെടിവെയ്പ് നിറുത്തിയത് കൊണ്ട് അദ്ദേഹം ജീവനോടെ രക്ഷപെട്ടു. ഈ സംഭവം എന്‍റെ മനസ്സില്‍ പതിഞ്ഞു.
പത്രപ്രവര്‍ത്തകയാകണമെന്ന് എന്‍റെയുള്ളിലും മോഹം ഉദിച്ചു. എന്‍റെ അമ്മയെപ്പോഴും അവരുടെ അച്ഛനായ പള്ളിപ്പുറം നാരായണപിള്ളയെക്കുറിച്ച് (നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 14 സ്ഥാപകരില്‍ ഒരാള്‍) അഭിമാനപൂര്‍വം സംസാരിക്കുമായിരുന്നു. മുത്തച്ഛന്‍ ദിനവും ചങ്ങനാശ്ശേരിയില്‍ നിന്ന് കോട്ടയം വരെ നടന്ന് മനോരമയിലെത്തി പത്രത്തില്‍ എഡിറ്റോറിയലുകള്‍ എഴുതിയിരുന്നു. 1920 കളുടെ അവസാനത്തിലായിരുന്നു അത്. ഇതും എന്നെ ആഴത്തില്‍ സ്വാധീനിച്ചു. 1977ല്‍ ഞങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഞാന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.ജി പൂര്‍ത്തിയാക്കി. ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. ജോലി അന്വേഷിച്ച് തുടങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്ന് കരുതിയപ്പോഴും മാതാപിതാക്കള്‍ എനിക്കൊപ്പം നിന്നു. പക്ഷേ, ഞാന്‍ ജോലി അന്വേഷിച്ചെത്തിയ പത്രങ്ങള്‍ക്കൊന്നും സ്ത്രീ ജീവനക്കാരെ ആവശ്യമില്ലായിരുന്നു.
ഒരു ദിവസം, അച്ഛന്‍ ഏത്തപ്പഴം വാങ്ങിക്കൊണ്ടുവന്നപ്പോള്‍, അത് പൊതിഞ്ഞിരുന്ന പത്രക്കടലാസില്‍ ഒരു പരസ്യം കണ്ടു. ദി ഇന്ത്യന്‍ എക്സ്പ്രസില്‍ ട്രെയിനി ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഞാനുടനെ അപേക്ഷിച്ചു. ഏഴ് ദിവസത്തെ പ്രാദേശിക സംഭവങ്ങളുടെ ഏഴ് റിപ്പോര്‍ട്ടുകള്‍ അയക്കണമെന്നത് കഠിനമായ അഭിമുഖത്തിന്‍റെ ഭാഗമായിരുന്നു. തിരുവനന്തപുരം ബ്യൂറോയുടെ തലവനായ എസ്.കെ. അനന്തരാമനാണ് റിപ്പോര്‍ട്ട് അയച്ചത്. എന്നെ ടെസ്റ്റിന് വിളിച്ചു. വിവര്‍ത്തനങ്ങള്‍ അടങ്ങിയ നീണ്ട പരീക്ഷ എഴുതിക്കഴിഞ്ഞ്, അടുത്ത ദിവസം രണ്ട് ഫീച്ചര്‍ സ്റ്റോറികള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. ഒന്ന് പോസ്റ്റ് വുമണായി ജോലി ലഭിച്ച സ്ത്രീകളെക്കുറിച്ചും മറ്റൊന്ന് യൂണിവേഴ്സിറ്റി കോളേജിലെ ഒരു ആര്‍ട്ട് എക്സിബിഷനും. (സംവിധായകനായ പ്രിയദര്‍ശനായിരുന്നു അന്ന് സംഘാടകരിലൊരാള്‍.) അത് എഴുതി സമര്‍പ്പിച്ച ശേഷമായിരുന്നു ഇന്‍റര്‍വ്യൂ.
പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം, എസ്.കെ (അങ്ങനെയാണ് അനന്തരാമനെ ആളുകള്‍ വിളിച്ചിരുന്നത്) എന്നോട് ചോദിച്ചു, ‘രാത്രിയിലെ ഒരു പരിപാടി കവര്‍ ചെയ്യാന്‍ ഞാന്‍ നിങ്ങളെ അയച്ചാല്‍ നിങ്ങളെന്ത് ചെയ്യും?’
‘സ്ട്രീറ്റ്ലൈറ്റുകള്‍ എന്തിനുവേണ്ടിയാണെന്നായിരുന്നു’ എന്‍റെ മറുപടി. എസ്.കെ. ചിരിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍, എന്തൊരു മണ്ടത്തരമായിരുന്നു പറഞ്ഞത്. എന്നാല്‍ ജീവിതാനുഭവ പരിചയക്കുറവും ജോലി ലഭിക്കാനുള്ള ആഗ്രഹവുമാണ് എന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. എന്നിട്ടും എനിക്ക് ജോലി ലഭിച്ചു.കേരളത്തിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ആദ്യ വനിതാ സ്റ്റാഫ് റിപ്പോര്‍ട്ടര്‍. അമ്നി ശിവറാമും പ്രേമ വിശ്വനാഥനും എനിക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും അവര്‍ ജോലി വിട്ടിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ വിശാലമായ ആസ്പിന്‍വാള്‍ കെട്ടിടത്തിലായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് പ്രവര്‍ത്തിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. എസ്.കെ അനന്തരാമനൊപ്പം ഉണ്ടായിരുന്ന റെസിഡന്‍റ് എഡിറ്റര്‍ ശിവറാമാണ് എന്നെ തിരഞ്ഞെടുത്തത്. വൈകാതെ അദ്ദേഹത്തിന് അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഓഫീസിലെ ആദ്യ ദിവസം സഹപ്രവര്‍ത്തകരുടെ കൗതുകവും ജിജ്ഞാസയും നിറഞ്ഞ നോട്ടങ്ങള്‍ എന്നെ അമ്പരപ്പിച്ചു. പല സീനിയേഴ്സും അവരുടേതായ രീതിയില്‍ എന്നെ അഭിമുഖം ചെയ്തു. ഒരാള്‍ ചോദിച്ചു. ‘മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ മുഖം മിനുക്കാന്‍ ആസൂത്രണം ചെയ്യുന്നുവെന്ന് കേട്ടു. നിങ്ങളുടെ അപ്പോയിന്‍റ്മെന്‍റ് അതിന്‍റെ ഭാഗമാണോ?’ ഞാനൊന്നും പറഞ്ഞില്ല.
എനിക്കോര്‍മ്മയുള്ളത് മുറിവേറ്റതിന്‍റെ നീറ്റലും ഭയപ്പെടുത്തുന്ന ഒരു പുഞ്ചിരിയും മാത്രമാണ്. പത്രപ്രവര്‍ത്തകരുടെ ജോലിക്ക് നിശ്ചിത സമയമില്ലെന്ന് ഭയന്നതിനാല്‍ എന്നെ താമസിപ്പിക്കാന്‍ ഒരു ഹോസ്റ്റലും തയാറായില്ല. അക്കാലത്ത്, വൈകിട്ട് 6 മണിയാണ് പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ കയറാനുള്ള സമയം.
അമ്നി ശിവറാം എനിക്ക് അടുത്തുള്ള അവളുടെ സഹോദരി ജെസ്സിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസമൊരുക്കി. അമ്നി ശിവറാമിന്‍റെ ഭര്‍ത്താവിന് സ്ഥലം മാറ്റം ലഭിച്ചെങ്കിലും അവര്‍ ഒപ്പം പോയിരുന്നില്ല. അത് അടിയന്തരാവസ്ഥ ദിവസങ്ങളായിരുന്നു. എന്നെ അവര്‍ പലയിടത്തും ഒപ്പം കൊണ്ടുപോയി. ആളുകള്‍ക്ക് എന്നെ പരിചയപ്പെടുത്തി.
ഒരിക്കല്‍ ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കൊപ്പം സ്റ്റോറിയെടുക്കാന്‍ പോയപ്പോള്‍, ആരോ പറയുന്നത് കേട്ടു, ‘അയ്യോ അവര്‍ ഹണിമൂണിന് കൊച്ചിയില്‍ വന്നിരിക്കുന്നു’! എന്ന്. അന്ന് അപരിചിതരായ ആളുകള്‍ വനിതാ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് കരുതിയിരുന്നത് അങ്ങിനെയാണ്.
ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. എനിക്ക് എഡിറ്റ് ചെയ്യാന്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ ചെറിയ കഷണങ്ങള്‍ പോലും എനിക്ക് വലിയ സംതൃപ്തി നല്‍കി. അവര്‍ തലക്കെട്ടുകള്‍ മാറ്റി! പേജ് നിര്‍മ്മാണം കല്ലില്‍ ആയിരുന്നു. പ്രൂഫുകള്‍ ഗാലി ട്രേകളില്‍ വന്നു. പതുക്കെ ഞാന്‍ എന്‍റെയിടം കണ്ടെത്തി. ഡെസ്കിലെ ഏക വനിത.
അപ്പോഴേക്കും ഡെസ്കില്‍ മറ്റ് മൂന്ന് പേര്‍ കൂടിയെത്തി. രാത്രി ജോലി കഴിഞ്ഞ് എല്ലാവരും ഒറ്റക്കൊറ്റക്ക് വീട്ടിലേക്ക് പോയി. എന്നാല്‍ ഞങ്ങള്‍ക്ക് രാത്രി വീട്ടില്‍ പോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താനായി ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് പോരാടി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഞങ്ങളത് നേടിയെടുത്തു.
48ാം വയസില്‍, കൊച്ചിയില്‍ ദ ഹിന്ദുവില്‍ ചേരുന്നതിന് മുമ്പ് ഞാന്‍ തിരുവനന്തപുരത്തും ചെന്നൈയിലും ജോലി ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസിലെ സന്തോഷകരമായ ജീവിതം ഒരു ഉന്നത വ്യക്തിയുടെ ടീം വര്‍ക്കില്ലായ്മ കാരണം മോശമായി. എനിക്ക് മുന്നോട്ട് പോകാനുള്ള സമയമായെന്ന് എനിക്ക് തോന്നി. ഹിന്ദുവിനൊപ്പം യാത്ര തുടങ്ങി.
ഹിന്ദുവിന്‍റെ മെട്രോപ്ലസ് എനിക്ക് ഇഷ്ടപ്പെട്ട ഒന്നായിരുന്നു. അപ്പോഴേക്കും ഞാന്‍ പത്രപ്രവര്‍ത്തക രംഗത്തെത്തുമ്പോഴുള്ള സ്ഥിതി പാടേ മാറിയിരുന്നു. ഡെസ്കില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെത്തി. ലിംഗഭേദം ഇനി പ്രശ്നമല്ല. തീര്‍ച്ചയായും ലിംഗ വിവേചനത്തിന്‍റെ കേസുകള്‍ ഇപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. വീട്ടുജോലിക്കാര്‍, നെഴ്സുമാര്‍, സെയില്‍സ് ഗേള്‍സ് തുടങ്ങി മിക്കവാറും എല്ലാ ജോലി മേഖലകളിലും സ്ത്രീകള്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു. എല്ലാ ജോലി മേഖലകളിലും പെണ്‍കുട്ടികള്‍ക്ക് വളരെയധികം പിന്തുണയുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ എന്‍റെ തൊഴില്‍ ജീവിതം ആസ്വദിച്ചു. പത്രപ്രവര്‍ത്തകയായതില്‍ തെല്ലും ഖേദമില്ല. ഞാന്‍ യുദ്ധമോ രാഷ്ട്രീയമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വാക്കുകള്‍, കടലാസുകള്‍, ആളുകള്‍, പ്രശ്നങ്ങള്‍, നിറം, സൗഹൃദം, പ്രതീക്ഷകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഒരു ജീവിതമായിരുന്നു എന്‍റേത്. അങ്ങനെയല്ലാതെ മറ്റൊരു വഴിയും എന്‍റേതാകുമായിരുന്നില്ല.

പ്രേമ മന്മഥന്‍
റിട്ട.ദ ഹിന്ദു, സീനിയര്‍
അസിസ്റ്റന്‍റ് എഡിറ്റര്‍
COMMENTS