
കാലടി സംസ്കൃതസര്‍വ്വകലാശാലയില്‍ മോഹിനിയാട്ടം അദ്ധ്യാപിക. കേരളകലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ മോഹിനിയാട്ടം: ആധുനികതയെ മുന്‍നിര്‍ത്തി ഒരു സാംസ്കാരികവിശകലനം എന്ന വിഷയത്തില്‍ ഡോ.കെ.എം.അനിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഗവേഷണം നടത്തുന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ശാസ്ത്രീയനൃത്തം കരിയറായി തെരഞ്ഞെടുത്ത് സംസ്കൃതസര്‍വ്വകലാശാലയില്‍ പ്രീഡിഗ്രിക്കു തത്തുല്യമായ ഫൗണ്ടേഷന് കോഴ്സ്(നൃത്തം) പഠിച്ചു. ഇതേ സര്‍വ്വകലാശാലയില്‍നിന്നും മോഹിനിയാട്ടത്തില്‍ ബിരുദവും, ബിരുദാനന്തരബിരുദവും നേടി. അതിനുശേഷം എം.ജി. സര്‍വ്വകലാശാലയില്‍നിന്നും തീയേറ്റര്‍ ആര്‍ട്സില്‍ എം.ഫില്‍. ഇരിങ്ങാലക്കുട നടനകൈരളിയില്‍ ഗുരു നിര്‍മ്മലാ പണിക്കരുടെ കീഴില്‍ 15 വര്‍ഷക്കാലത്തോളം മോഹിനിയാട്ടം അഭ്യസിച്ചു.
2019ല്‍ കാലടി സംസ്കൃതസര്‍വ്വകലാശാലയുടെ പ്രതിഭാപുരസ്കാരം ലഭിച്ചിട്ടുണ്ട്. കേന്ദ്രമാനവശേഷി വികസന വകുപ്പിന്റെ മോഹിനിയാട്ടത്തിലെ മികച്ച യുവനര്ത്തകിക്കുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ദൂരദര്ശന് ഗ്രേഡ് ലഭിച്ചിട്ടുള്ള നര്‍ത്തകിയും സ്പിക്മാകേ പാനലിലുള്ള കലാകാരിയുമാണ്. സ്പിക്മാകേയ്ക്കുവേണ്ടി വയനാട്ടിലെ ഗോത്രവര്ഗ്ഗവിഭാഗത്തിലെ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധിഇടങ്ങളില് സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി മോഹിനിയാട്ടശില്പശാലകളും സോദാഹരണപ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ ‘മോഹിനിനൃത്യതി’ ദേശീയനൃത്തോത്സവം, പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ ഗൗരി ഫെസ്റ്റിവല്‍, വൈലോപ്പിള്ളി സംസ്കൃതിഭവന്റെ സംസ്കൃതിസാംസ്കാരികോത്സവം തുടങ്ങി ദേശീയനൃത്തോത്സവ വേദികളുള്‍പ്പെടെ ഇന്ത്യയിലെ പലസ്ഥലങ്ങളിലായി മോഹിനിയാട്ടം അവതരിപ്പിച്ചു.
ദേശീയ, അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 10-ാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി ഓള്‍കേരള ഓറിയന്റല്‍ കോണ്‍ഫറന്‍സില്‍ സ്ത്രീപഠനവിഭാഗത്തിലെ എറ്റവും നല്ല പ്രബന്ധത്തിനുള്ള ലളിതാംബിക അന്തര്‍ജനം എന്‍ഡോവ്മെന്റ് പുരസ്കാരം ലഭിച്ചു. നാട്യശാസ്ത്രത്തിലെ ലിംഗഭേദഭാവന എന്ന ലേഖനം കവനകൗമുദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
COMMENTS