Homeചർച്ചാവിഷയം

മുക്കുവ ക്രിസ്ത്യാനികള്‍ക്കിടയിലെ മാതൃദായ സമ്പ്രദായം : വ്യവഹാരങ്ങള്‍ക്കിടം കൊടുക്കാത്ത പാരമ്പര്യങ്ങള്‍

പുരുഷന് ചുറ്റും ഒരു പമ്പരം പോലെ തിരിയുന്ന സാമൂഹികഘടനയില്‍ ജനിച്ച്, ജീവിച്ച്, മരിച്ച് പോവുന്നവരാണ് നാം. ജനിച്ചത് ആണ്‍കുട്ടിയാണോ അതോ പെണ്‍കുട്ടിയോ എന്ന തീര്‍ത്തും സാധാരണമായ കുശലാന്വേഷണത്തില്‍ തുടങ്ങി, ഒരു വ്യക്തിയുടെ മരണശേഷമുള്ള ഓര്‍മ്മയാചരിക്കലുകളില്‍ പോലും പുരുഷ സ്ത്രീ വ്യത്യാസം കൃത്യമായി ചാര്‍ത്തി വയ്ക്കാന്‍ വെമ്പുന്ന ഒരു സമൂഹത്തില്‍ വാശി പിടിച്ചും വഴക്കുണ്ടാക്കിയും സമരം ചെയ്തും പെണ്ണുങ്ങള്‍ നേടിയെടുത്ത തുല്യതാ സങ്കല്പങ്ങളുടെ കഥകളാണ് നമുക്കേറെയും പരിചയമുള്ളത്. എന്തുടുക്കണം, എപ്പൊ പുറത്തിറങ്ങണം, ഏതു നേരത്ത് അകത്തേക്ക് കയറണം, ആരോട് മിണ്ടണം എന്നു തുടങ്ങി എന്തിലുമേതിലും വിലക്കുകള്‍ സ്വാഭാവികമായിത്തന്നെയുള്ള ഒരു സാമൂഹിക അന്തരീക്ഷത്തില്‍ അതിലും സ്വാഭാവികമായി കുടുംബാധികാരം അനുഭവിക്കാന്‍ സാധിച്ചവര്‍ എന്ന നിലയ്ക്കാണ് ഒരു പക്ഷേ മരുമക്കത്തായ വ്യവസ്ഥയില്‍ ജീവിച്ച സ്ത്രീകള്‍ ചരിത്രത്തിലും സമകാലികത്തിലും വ്യത്യസ്തരാവുന്നത്. സമകാലികം എന്നെടുത്ത് പറഞ്ഞതിന് കാരണമുണ്ട്. ചരിത്രത്തിന്‍റെ ഏതോ ഒരു അധ്യായത്തില്‍ മാത്രമായി, കേരളത്തിന്‍റെ ഏതോ ഒരറ്റത്ത് താമസിച്ചിരുന്ന ചുരുക്കം ചില മനുഷ്യര്‍ മാത്രം ആചരിച്ചു പോന്നതും കാലക്രമേണ നിന്നു പോയതുമായ ഒരു സാമൂഹിക സംവിധാനമായാണ് മരുമക്കത്തായത്തെ അഥവാ സ്ത്രീ കേന്ദ്രീകൃതമായ മാതൃദായ സമ്പ്രദായത്തെ നമ്മുടെ ചരിത്രമെഴുത്തുകാര്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ അല്ലങ്കിലും അതിനോട് സദൃശ്യമായ വിധത്തില്‍ മാതൃദായ രീതി ഇന്നും പിന്തുടരുന്ന കേരളത്തിലെ ഒരു പ്രത്യേക സമുദായത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.
ഈ ലേഖനം എഴുതുന്നതിന് വേണ്ടി കേരളത്തില്‍ മാതൃദായക്രമം പിന്തുടരുന്ന / പിന്തുടര്‍ന്നിരുന്ന വിഭാഗങ്ങളെപ്പറ്റിയുള്ള എഴുത്തുകളും വിവരണങ്ങളും ഇന്‍റര്‍നെറ്റില്‍ പരതുകയായിരുന്നു. വടക്കന്‍ മലബാറിലും തിരുവിതാംകൂറിന്‍റെ ഭാഗമായ ചിറയിന്‍കീഴിന്‍റെ സമീപ പ്രദേശങ്ങളിലുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്കിടയിലും വടക്കന്‍ കേരളത്തിലും തിരുവനന്തപുരം ജില്ലയിലുള്ള നായര്‍ ജാതിയില്‍പ്പെട്ടവര്‍ക്കിടയിലുമാണ് പൊതുവേ മാതൃദായ സമ്പ്രദായം വ്യാപകമായി കാണപ്പെട്ടിരുന്നതെന്ന് വിവിധ ചരിത്രകാരന്മാര്‍ പറഞ്ഞുവയ്ക്കുന്നു. ഇവരില്‍ പലരും ഇന്ന് പിതൃദായ രീതികളിലേക്ക് മുഴുവനായോ ഭാഗികമായോ മാറിക്കഴിഞ്ഞു. എന്നാല്‍ മേല്‍പ്പറഞ്ഞ വിവരണങ്ങളിലൊന്നും തീരെ പരാമര്‍ശിച്ചിട്ട് പോലുമില്ലാത്തവരും മാതൃദായരീതിയുടെ പല സവിശേഷതകളുമുള്ള ജീവിതശൈലി പിന്തുടരുന്നവരുമായ ഒരു കൂട്ടരാണ് തെക്കന്‍ കേരളത്തിന്‍റെ തെക്കേയറ്റത്ത് ജീവിക്കുന്ന ലത്തീന്‍ കത്തോലിക്കരായ മുക്കുവ ക്രിസ്ത്യാനികള്‍. ഒരു പക്ഷേ കേരളത്തില്‍ മാതൃദായ രീതി പിന്തുടരുന്ന ഒരേയൊരു ക്രിസ്തുമത വിഭാഗവും ഇവരായിരിക്കാം. മീന്‍പിടിത്തം മുഖ്യ ഉപജീവന മാര്‍ഗമാക്കിയ, പിന്നാക്കാവസ്ഥയും വംശീയ വിവേചനങ്ങളും നിത്യജീവിതത്തിന്‍റെ അനിഷേധ്യ യാഥാര്‍ത്ഥ്യങ്ങളായ ഒരു വിഭാഗമാണ് മുക്കുവ സമുദായം. ‘കേരള മോഡലി’ന്‍റെ വിജയഗാഥകളുടെ പങ്ക് പറ്റാന്‍ ഇന്നേ വരെ ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നും മുഖ്യധാര കേരളത്തിന്‍റെ പുറമ്പോക്കില്‍ (ഔട്ട്ലെയര്‍) ഒതുക്കപ്പെട്ടുപോയവരാണ് ഈ മനുഷ്യരെന്നും പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ ജോണ്‍ കുര്യന്‍ നിരീക്ഷിക്കുന്നുണ്ട് (ജോണ്‍ കുര്യന്‍, 1994). സാക്ഷരത, വിഭവങ്ങളിന്മേലുള്ള അധികാരം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിലെല്ലാം കേരളത്തിലെ മറ്റ് സവര്‍ണ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പിറകില്‍ മാത്രം നില്‍ക്കുന്നവരാണ് മുക്കുവ ക്രിസ്ത്യാനികള്‍. പൊതുവെ പ്രകടമായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്‍റെ ചിത്രം ഇതൊക്കെയാണെന്നിരിക്കെ, ഈ സമുദായത്തിലെ സ്ത്രീകളുടെ സ്ഥിതി സമാന പിന്നാക്കാവസ്ഥ നേരിടുന്ന മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണെന്ന് പലപ്പോഴും പല വിദഗ്ധരും ഗവേഷകരും വിലയിരുത്തിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ചില സവര്‍ണ സമുദായങ്ങളിലെ സ്ത്രീകളേക്കാള്‍ മെച്ചപ്പെട്ട സാമൂഹിക സാഹചര്യം ചില മേഖലകളില്‍ മുക്കുവ സ്ത്രീകള്‍ക്കുണ്ടെന്നതാണ് സത്യം. ഇതിന് പിന്നിലെ കാരണം എന്താണെന്ന അന്വേഷണമാണ് ഈ സമുദായം പിന്തുടര്‍ന്നു പോരുന്ന മാതൃദായ ക്രമത്തിലേക്ക് എത്തിച്ചത്. കുടുംബംഗത്വവും കുടുംബത്തിനുള്ളിലെ സ്വത്തവകാശവും സ്ത്രീകളിലൂടെ നിര്‍ണയിക്കപ്പെടുന്നതാണല്ലോ മാതൃദായ സമ്പ്രദായത്തിന്‍റെ അടിസ്ഥാന സ്വഭാവം. മുക്കുവ കുടുംബങ്ങളിലെ സ്ത്രീകളാണ് കുടുംബ സ്വത്തിന്‍റെ നല്ലൊരു പങ്കും അനുഭവിക്കുന്നത്. സ്ത്രീധനത്തിലൂടെയാണ് പ്രധാനമായും ഈ സ്വത്ത് കൈമാറ്റം നടക്കുന്നത് എന്നതാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. ഇവിടെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയക്കുകയല്ല, പകരം പുരുഷനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നതാണ് രീതി. അതായത് വിവാഹ ശേഷം ഭര്‍ത്താവ് ഭാര്യയുടെ വീട്ടില്‍ താമസിക്കുന്നതാണ് രീതി. ഭര്‍തൃവീട്ടിലേക്ക് ഭാര്യ അതിഥിയെപ്പോലെ ഇടയ്ക്കെപ്പോഴെങ്കിലും പോവുന്നതല്ലാതെ, അധികസമയവും ഇരുവരും ഭാര്യയുടെ വീട്ടില്‍ തന്നെയായിരിക്കും താമസം. അതുകൊണ്ടുതന്നെ ‘അച്ചി വീട്ടില്‍’ സ്ഥിരതാമസമാക്കിയ മരുമകനെ അപഹസിക്കുന്ന തമാശകള്‍ കേട്ടാല്‍ പൊതുവേ ഇവിടുള്ളവര്‍ ചിരിക്കാറില്ല. അതിലിപ്പൊ എന്താ കുഴപ്പം എന്ന് അവര്‍ തിരിച്ച് ചോദിക്കാനേ തരമുള്ളൂ.
ഒരു കുടുംബത്തിന്‍റെ സ്വത്തും ആസ്തിയുമൊക്കെ പങ്കുവയ്ക്കുന്ന നിര്‍ണായക സമയം എന്ന നിലയ്ക്ക് കൂടിയാണ് ഈ സമുദായത്തിനുള്ളില്‍ വിവാഹങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നത്. വളരെ വലിയ തുകയായും സ്വര്‍ണമായും വധുവിന്‍റെ വീട്ടുകാര്‍ വരന്‍റെ വീട്ടുകാര്‍ക്കും വരനും കൈമാറുന്ന സ്ത്രീധനത്തുകയാണ് ഇവിടുത്തെ വിവാഹങ്ങളിലെ ഏറ്റവും വലിയ സവിശേഷത. പൊതുവേ തെക്കന്‍ തിരുവിതാംകൂറുകാര്‍ മുന്തിയ സ്ത്രീധനക്കണക്കിന്‍റെ പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ചവര്‍ ആണെങ്കിലും, മുക്കുവ സമുദായത്തിനുള്ളില്‍ ഈ സ്ത്രീധനത്തിന്‍റെ ചലനാത്മകത മറ്റു സമുദായങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമാണ്. മകള്‍ക്ക് വിവാഹം കഴിക്കാനും, മരുമകനായി വീട്ടിലേക്ക് കൊണ്ടുവരാനും പറ്റിയ പുരുഷന് വേണ്ടിയുള്ള അന്വേഷണം നടത്തുന്നത് സ്ത്രീയുടെ വീട്ടുകാര്‍ ആയിരിക്കും. തനിക്ക് ഇഷ്ടമുള്ള പുരുഷനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണമായും സ്ത്രീക്ക് ലഭിക്കുന്നില്ല. എങ്കിലും അഭിപ്രായം പറയാനോ വേണ്ടെന്നു പറയാനോ ഉള്ള ഇടങ്ങള്‍ കുടുംബവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീക്ക് അനുവദിച്ചു കൊടുത്തിട്ടുണ്ട്. മകള്‍ ആരെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് പലപ്പോഴും വീട്ടിലെ മുതിര്‍ന്ന സ്ത്രീയായിരിക്കും. വിവാഹസംബന്ധമായ പ്രാഥമിക ചര്‍ച്ചകളില്‍ ‘നിങ്ങള്‍ എത്ര കൊടുക്കും’ എന്ന ചോദ്യമല്ല, പകരം ‘ഞങ്ങള്‍ ഇത്ര തുക തരാം, നിങ്ങളുടെ മകനെ ഞങ്ങളുടെ വീട്ടില്‍ മരുമകനായി അയക്കാന്‍ തയ്യാറാണോ’ എന്ന ചോദ്യമാണ് പെണ്‍വീട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. തൊഴില്‍സ്ഥിരതയും സ്വഭാവഗുണവുമാണ് (പുരുഷന്മാര്‍ക്കിടയിലെ മദ്യപാനം വളരെ ഗുരുതരമായൊരു പ്രശ്നമായതു കൊണ്ടുതന്നെ മദ്യം കഴിക്കാത്തവര്‍ക്കായും അന്വേഷണം നടക്കാറുണ്ട്) പുരുഷനെ തെരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡങ്ങള്‍. തൊഴിലിന്‍റെ സ്വഭാവം മാറുന്തോറും സ്ത്രീധനവും വര്‍ധിക്കുന്ന രീതിയാണുള്ളത്. തിരുവനന്തപുരം ജില്ലയിലും മറ്റും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും മുന്തിയ സ്ത്രീധനം ലഭിക്കുന്നത് കരസേന പോലുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്കും ഗള്‍ഫ്, യൂറോപ്പ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ്. കടല്‍പ്പണിക്ക് പോവുന്ന പുരുഷന്മാര്‍ക്ക് വളരെ ചെറിയ തുകയാണ് സ്ത്രീധനമായി ലഭിക്കാറുള്ളത്. അതേസമയം തിരുവനന്തപുരത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും മത്സ്യബന്ധനം മുഖ്യ ഉപജീവനമാക്കിയ മുക്കുവ സമുദായക്കാരുണ്ട്. കരയില്‍ നിന്നു മാറി മാസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന അതിവിദഗ്ധരാണ് അവിടത്തെ മത്സ്യത്തൊഴിലാളികള്‍. കന്യാകുമാരിയില്‍ നിന്നും മറ്റും ധാരാളമായി വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ് തെക്കന്‍ തിരുവനന്തപുരത്തെ തീരദേശ ഗ്രാമവാസികള്‍. അതേസമയം കന്യാകുമാരിയിലേക്ക് എത്തുമ്പോള്‍ മത്സ്യബന്ധനം വലിയ വരുമാനം നല്‍കുന്ന ജോലി ആയതുകൊണ്ടുതന്നെ അവിടെ കടല്‍പ്പണിക്കാരായ മത്സ്യത്താഴിലാളികള്‍ക്കാണ് കല്യാണ കമ്പോളത്തില്‍ കൂടുതല്‍ ഡിമാന്‍ഡ് കേരളത്തിലെ മുക്കുവ സമുദായത്തില്‍ സ്ത്രീധനമായി ശരാശരി പത്തും പതിനഞ്ചും ലക്ഷങ്ങള്‍ നല്‍കുമ്പോള്‍, തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളായ പുരുഷന്മാര്‍ക്ക് 25 ലക്ഷത്തിന് മേലെയാണ് സ്ത്രീധനം ലഭിക്കാറുള്ളത്.
ഈ സമുദായാംഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങളിലെ സ്ത്രീധന കൈമാറ്റത്തില്‍ ഏറ്റവും വിചിത്രമായുള്ള സംഗതി ‘ചെലവുപണം’ അഥവാ ‘വളര്‍ത്തു കൂലി’ എന്ന പേരില്‍ പുരുഷന്‍റെ വീട്ടുകാര്‍ക്ക് നല്‍കുന്ന തുകയാണ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ആകെ നല്‍കുന്ന സ്ത്രീധന തുകയുടെ നേര്‍ പകുതി പയ്യന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കുമായി ഇപ്പറഞ്ഞ ചെലവു പണമിനത്തില്‍ നല്‍കുന്നു. സമുദായത്തിനുള്ളിലെ നാട്ടു നടപ്പനുസരിച്ച് വിവാഹം കഴിയുന്നതോടെ പുരുഷന്‍ സമ്പാദിക്കുന്നതിന്‍റെ ഏക അവകാശി അയാളുടെ ഭാര്യയാണ്. മകനെ വളര്‍ത്തി, വിദ്യാഭ്യാസം നല്‍കി, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനാക്കിയതിന്‍റെ പ്രതിഫലമായും മകന്‍ വിവാഹാനന്തരം സമ്പാദിക്കുന്ന പണത്തിന്‍റെ പങ്ക് പറ്റാന്‍ വരാതിരിക്കുന്നതിനുള്ള നഷ്ടപരിഹാരമായും ആണ് ഈ വളര്‍ത്തുകൂലി പുരുഷന്‍റെ മാതാപിതാക്കള്‍ പെണ്‍വീട്ടുകാരില്‍ നിന്നും വാങ്ങുന്നത്. സ്ത്രീധനത്തിന്‍റെ ബാക്കി പകുതിയില്‍ നിന്നാണ് പെണ്‍കുട്ടിക്ക് സ്വര്‍ണവും വരന്‍റെയും വധുവിന്‍റെയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള തുകയും കണ്ടെത്തുന്നത്. പൊതുവേ രണ്ടാമത് പറഞ്ഞ ഈ തുകയില്‍ അല്പസ്വല്പം കുറവുണ്ടായാലും പുരുഷന്‍റെ വീട്ടുകാര്‍ക്ക് നല്‍കുന്ന തുക ഒട്ടും കുറയ്ക്കാതിരിക്കാനാണ് പെണ്ണിന്‍റെ വീട്ടുകാര്‍ ശ്രമിക്കുന്നത്. സ്ത്രീധനത്തിന്‍റെ കനം കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടിക്ക് പുരുഷന് മേലും അയാളുടെ വീട്ടുകാര്‍ക്ക് മേലുമുള്ള അധികാരവും കൂടുതലായിരിക്കും. വിവാഹം കഴിഞ്ഞ് ഇരുവരുടെയും സ്ഥിരതാമസം സ്ത്രീയുടെ വീട്ടില്‍ തന്നെയായിരിക്കും എന്നതിനാല്‍ മറ്റ് സമുദായങ്ങളില്‍ സര്‍വ്വ സാധാരണമായ അമ്മായിയമ്മ മരുമകള്‍ പ്രശ്നമോ സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിലുണ്ടാവുന്ന കലഹങ്ങളോ ഇവിടെ കാണാനാവില്ല. സ്ത്രീധന പീഡനം പോലുള്ള കേസുകള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് ഈ സമുദായത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.
സഹോദരിക്ക് ‘മാന്യമായ’ സ്ത്രീധനം നല്‍കുന്നതിനു വേണ്ടി വരുന്ന സാമ്പത്തികബാധ്യത മുഴുവനും ഏറ്റെടുക്കുന്നത് വീട്ടിലെ ആണ്‍ സന്തതി ആയിരിക്കും. പലപ്പോഴും തന്‍റെ വരുമാന പരിധിക്കുള്ളില്‍ നില്‍ക്കാത്ത സ്ത്രീധനത്തുകയായിരിക്കും സഹോദരിക്ക് നല്‍കേണ്ടി വരുന്നത്. തന്മൂലം സമുദായത്തിനുള്ളില്‍ത്തന്നെയുള്ള സമ്പന്നരായ വള്ളമുടമകളില്‍ നിന്നും മറ്റും പണം പലിശയ്ക്കെടുത്താണ് സഹോദരിയുടെ വിവാഹം നടത്തുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ സാന്നിധ്യത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള പണം കടം കൊടുക്കലുകള്‍ നടക്കാറുള്ളത്. വര്‍ഷങ്ങളോളം പണിയെടുത്താല്‍ മാത്രമേ വിവാഹത്തിന് പിന്നാലെയുണ്ടാവുന്ന ഈ ഭീമമായ കടബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ സഹോദരന് സാധിക്കുകയുള്ളൂ. കടം തീര്‍ത്തതിന് പുറകേ ഇതേ സഹോദരന്‍റെ കല്യാണം നടക്കുന്ന വേളയില്‍ ഇങ്ങോട്ട് സ്ത്രീധനം ലഭിക്കുമെങ്കിലും അതിന്‍റെ നല്ലൊരു പങ്കും മാതാപിതാക്കളും കുടുംബത്തിനുള്ളിലെ വിവാഹിതരായ മറ്റ് സഹോദരിമാരും കൂടി പങ്കിട്ടെടുക്കുന്നതാണ് രീതി. ചുരുക്കത്തില്‍ മുക്കുവ സമുദായത്തില്‍ കുടുംബത്തിലെ ആണ്‍മക്കളാണ് സാമ്പത്തിക ബാധ്യത മുഴുവന്‍ ചുമക്കേണ്ടത്. പെണ്‍മക്കള്‍ കല്യാണം കഴിഞ്ഞാലും സ്വന്തം വീട്ടില്‍ത്തന്നെ തുടരുന്നതിനാല്‍ തന്‍റെ സഹോദരന് ലഭിക്കുന്ന സ്ത്രീധനത്തിന്‍റെ പങ്ക് ഉള്‍പ്പെടെ കുടുംബത്തിലെ ബാക്കിയായ എല്ലാത്തരം സ്വത്തുക്കളിലും സ്ത്രീകള്‍ക്കാണ് അധികാരം കൂടുതല്‍. മാതാപിതാക്കളുടെ കാലശേഷം അവരുടെ വീടും പെണ്‍മക്കളിലേക്ക് തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. എല്ലാ കുടുംബങ്ങളിലും ഇവ പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പെണ്‍മക്കളിലൂടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നതാണ് പോതുവേ സമുദായത്തിലെ എല്ലാവരും പിന്തുടരുന്ന രീതി. ആണ്‍മക്കള്‍ക്ക് മേലുള്ള കടബാധ്യത എത്ര തന്നെയായിരുന്നാലും പെണ്‍മക്കള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നതിലാണ് മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത്.
പരമ്പരാഗത സ്വത്തിലും വിവാഹം പോലുള്ള സ്ഥാപനങ്ങളിലും ലഭിക്കുന്ന ഈ മേല്‍ക്കോയ്മ കൊണ്ടു തന്നെ മുക്കുവ സമുദായത്തില്‍ സ്ത്രീകളാണ് ആഭ്യന്തര കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത്. ഔപചാരിക അര്‍ത്ഥത്തില്‍ ഭര്‍ത്താവ് തന്നെയായിരിക്കും കുടുംബനാഥനെങ്കിലും അനൗപചാരികമായി കുടുംബവ്യവസ്ഥയ്ക്കുള്ളിലെ എല്ലാ വിഷയങ്ങളിലെയും അന്തിമ തീരുമാനം വീട്ടിലെ മുതിര്‍ന്ന സ്ത്രീയില്‍ നിന്നാണ് ഉണ്ടാവുന്നത്. കേരളത്തില്‍ മാതൃദായ സമ്പ്രദായം ആചരിച്ചു പോന്നിരുന്ന ഏറ്റവും പ്രബല സമുദായമായ നായര്‍ വിഭാഗത്തില്‍ യുദ്ധത്തിലേര്‍പ്പെടാനും അതിലൂടെ തങ്ങളുടെ പ്രതാപം നിലനിര്‍ത്താനുമായി പുരുഷന്മാര്‍ വീട് വിട്ട് ദൂരദേശങ്ങളില്‍ പോയതോടെയാണ് ആ സമുദായത്തിലെ സ്ത്രീകള്‍ ഗൃഹഭരണം ഏറ്റടുത്തതെന്നും അങ്ങനെയാണ് മാതൃദായ രീതി അവര്‍ സ്വീകരിച്ചതെന്നും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുക്കുവ സമുദായം മാതൃദായ രീതി പിന്തുടരുന്നതിന് പിന്നിലെ കാരണം പൂര്‍ണമായും അവരുടെ തൊഴില്‍ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പുരുഷന്മാര്‍ മീന്‍ പിടിത്തത്തിനായി കടലിലേക്ക് പോവുന്നതോടെ കരയിലെ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം പൂര്‍ണമായും സ്ത്രീകള്‍ ഏറ്റെടുക്കേണ്ടി വന്നു. മക്കളെ വളര്‍ത്തുന്നതും ഭക്ഷണം പാകം ചെയ്യുന്നതും സാധനങ്ങള്‍ വാങ്ങുന്നതും പണവിനിമയം നടത്തുന്നതും നിക്ഷേപങ്ങള്‍ നോക്കി നടത്തുന്നതും പൊതു പരിപാടികളില്‍ കുടുംബത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതുമെല്ലാം കുടുംബത്തിലെ സ്ത്രീകളാണ്. സമുദായാംഗങ്ങളുടെ പ്രഥമ അധികാര സ്ഥാപനമായ കത്തോലിക്ക പള്ളിയുമായി ബന്ധപ്പെട്ടതും ദ്വിതീയ അധികാര സ്ഥാപനമായ സ്റ്റേറ്റുമായി ബന്ധപ്പെട്ടതുമായ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാറുള്ളതും മിക്കപ്പോഴും സ്ത്രീകളാണ്. സാമൂഹികവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ സ്റ്റേറ്റില്‍ നിന്ന് നേടിയെടുക്കുന്നതിനായി നടത്താറുള്ള പ്രതിഷേധ പരിപാടികളിലും സമരങ്ങളിലും മറ്റൊരിടത്തും കാണാനാവാത്ത വിധത്തില്‍ സ്ത്രീകളുടെ അഭൂതപൂര്‍വ്വമായ പങ്കാളിത്തം മുക്കുവ സമുദായത്തില്‍ നിന്ന് ഉണ്ടാവുന്നതിന് പിന്നിലെ പ്രധാന കാരണവും അവര്‍ക്കുള്ള ഈ ചലനാത്മകതയാണ്. യുദ്ധങ്ങളൊഴിഞ്ഞതും സംബന്ധം പോലുള്ളവ നിര്‍ത്തലാക്കിയതും നായര്‍ സമുദായക്കാര്‍ക്കിടയിലെ മാതൃദായ രീതിക്ക് അന്ത്യം കുറിച്ചെങ്കിലും മുക്കുവ സമുദായം മാതൃദായ രീതിയിലേക്ക് തിരിയേണ്ടി വന്ന സാമൂഹിക സാഹചര്യത്തിന് ഇന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലാത്തത് അവരെ ഈ രീതി തന്നെ ഇപ്പോഴും തുടരാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഭൂ അധികാരത്തിന്‍റെ കാര്യത്തില്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങള്‍ക്കൊപ്പമോ അവര്‍ക്കും പിറകിലോ ആണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്ഥാനം. കടലിനോട് ചേര്‍ന്ന് താമസിക്കാന്‍ താലപര്യപ്പെടുന്നത് കൊണ്ടു തന്നെ ഔദ്യോഗിക രേഖകളില്‍ പുറമ്പോക്ക് ഭൂമി എന്നു തീറെഴുതിക്കഴിഞ്ഞ ഇടങ്ങളിലാണ് ഈ സമൂഹത്തിലെ 90 ശതമാനം പേരും ഇന്നും കഴിയുന്നത്. തലമുറകളായി കഴിഞ്ഞു വരുന്ന സ്ഥലത്തിനോ വീടിനോ ഉടമസ്ഥാവകാശം ഇല്ലാത്തതു കൊണ്ടു തന്നെ വീടിനെ ഒരു ആവാസ ഇടം എന്നതിലപ്പുറം ഒരു ആസ്തിയായി കാണാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. പണയപ്പെടുത്താനോ ഈട് വയ്ക്കാനോ സാധിക്കാത്തതിനാല്‍ തൊട്ടടുത്ത തലമുറയ്ക്ക് നിവസിക്കാനുള്ള ഇടങ്ങള്‍ മാത്രമാണ് വീടുകള്‍. അതുകൊണ്ടാണ് പണമായും സ്വര്‍ണമായും മറ്റും ആസ്തി കൈമാറ്റം ചെയ്യുന്ന രീതി സമുദായാംഗങ്ങള്‍ സ്വീകരിച്ചു പോരുന്നത്.
ധനവിനിയോഗവും തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കാനുമുള്ള അധികാരവും ഉള്‍പ്പെടെയുള്ള ഒട്ടേറെ അനുകൂല ഘടകങ്ങള്‍ മുക്കുവ സമുദായത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇവയില്‍ പലതിനും ഒരു അനൗപചാരികതയുടെ ഛായ കാണാനാവും. വീട്ടുകാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നോക്കിനടത്തുന്നത് സ്ത്രീകള്‍ തന്നെയായിരിക്കുമെങ്കിലും അത് പരസ്യമായി സമ്മതിച്ച് തരാന്‍ സ്ത്രീകള്‍ തയ്യാറാവാറില്ല. കുടുംബത്തിന്‍റെ നിലനില്‍പ്പിനായി തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ ഓണര്‍ഷിപ്പ് ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്ക് വിമുഖതയുണ്ടെന്ന് മാത്രമല്ല, കാര്യങ്ങള്‍ നോക്കി നടത്തുന്നത് വീട്ടിലെ മുതിര്‍ന്ന പുരുഷനാണെന്ന് സ്ഥാപിക്കാനാണ് പല സ്ത്രീകള്‍ക്കും താല്പര്യം. സ്ത്രീകളുടെ ലൈംഗികത്വം, അവരുടെ ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യം, പ്രത്യുല്പാദനം എന്നിവയില്‍ മറ്റെല്ലാ യാഥാസ്ഥിതിക സമൂഹങ്ങളെയും പോലെ ഇവിടെയും പുരുഷന്മാരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കാന്‍ ശ്രമിക്കാറുള്ളത്. കുടുംബാധികാരമുള്ള മുതിര്‍ന്ന സ്ത്രീ പോലും പുരുഷന്‍റെ ഇച്ഛയ്ക്കൊത്ത് ജീവിക്കാനുള്ള ഉപദേശമാണ് പ്രായത്തില്‍ ഇളയവരായ മറ്റു സ്ത്രീകള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടൊക്കെ തന്നെ സ്ത്രീക്ക് സാമൂഹിക പ്രാധാന്യം നല്‍കുന്ന മാതൃദായ രീതിയാണെങ്കിലും പുരുഷ മേധാവിത്വത്തിന്‍റെ മേല്‍നോട്ടം അഥവാ സര്‍വയലന്‍സ് അതിന്‍റെ മുകളില്‍ സദാ ജാഗരൂകതയോടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സമുദായത്തിന്‍റെ മാതൃദായ രീതി എന്നതും ഇവിടെ പ്രസക്തമാണ്. കാര്യമായ സാമൂഹിക പിന്തുണ ഇല്ലാത്തതും അപകട സാധ്യത വര്‍ധിക്കുന്നതും സ്ഥിരതയില്ലാത്ത വരുമാനവും മൂലം മത്സ്യബന്ധനം ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടി വരികയാണ്. മറ്റ് തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതോടെ പിതൃദായ രീതി വ്യാപകമാവുന്നതും ഇന്ന് മുക്കുവ സമുദായത്തിനുള്ളിലെ സ്ഥിരം കാഴ്ച്ചയാണ്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സാമൂഹിക പദവി നല്‍കുന്ന ഈ നാട്ടുനടപ്പും കാലക്രമേണയുണ്ടാവുന്ന സാമൂഹിക മാറ്റങ്ങളോടൊപ്പം അവസാനിച്ചു പോവാനും ഇതൊക്കെയും ചരിത്രമായി മാറുന്നതുമായ കാലം അതീവ ദൂരത്തിലല്ല എന്നതാണ് ദുഃഖകരമായ സത്യം!

 

 

 

 

 

സിന്ധു മരിയ നെപ്പോളിയന്‍
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സസക്സ്സില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്
സ്വതന്ത്ര മാധ്യമപ്രവര്‍ത്തക, കേന്ദ്ര സര്‍വ്വകലാശാലയില്‍
നിന്ന് മാധ്യമ പഠനത്തില്‍ ബിരുദാനന്തര ബിരുദം,
ഏഷ്യാനെറ്റ് ന്യൂസില്‍ റിപ്പോര്‍ട്ടറായിരുന്നു

 

COMMENTS

COMMENT WITH EMAIL: 0