Homeകഥ

നീതു പോള്‍സന്‍റെ രണ്ട് കഥകള്‍

ശലഭം

ണിയൊന്നും കഴിഞ്ഞില്ലേ, എന്ന ചോദ്യവുമായി സീനത്ത് ആ പത്തുമണി കഴിഞ്ഞ നേരത്ത് വീട്ടില്‍ വന്നു കയറുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. ഇളയമകനെ നഴ്സറിയില്‍ വിട്ടശേഷം വീട്ടില്‍ മടങ്ങിയെത്തിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. അവര്‍. അടിച്ചു വരാത്ത നിലത്തേക്കും, കഴുകിവെക്കാത്ത പാത്രങ്ങളിലേക്കും നിരന്ന തുണികളിലേക്കും നോട്ടം പായിച്ചു. ഞാന്‍ കനംതൂങ്ങിയ കണ്‍പോളകള്‍ വിടര്‍ത്തി അവരെ നോക്കി.
‘ഇതെന്നാ കിടക്കുവായിരുന്നോ…’
‘ഹാ…നല്ല ക്ഷീണം തോന്നുന്നുണ്ട്…തലക്ക് ഒരു മന്ദതപോലെ.’
അവരുടെ ചുണ്ടിന്‍റെ കോണിലൊരു പരിഹാസച്ചിരി വിരിഞ്ഞു. വീടുപണികള്‍ ഒതുക്കാതെ ഇരിക്കുന്നത് തനിക്ക് വളരെയധികം ബുദ്ധിമുട്ടാണെന്നവര്‍ പ്രസ്താവിച്ചു.
‘മടിയല്ല… ഇത്താ… തൈറോയ്ഡ് മരുന്ന് കഴിക്കുന്നുണ്ട്. ആദ്യം വളരെയധികം കൂടുതലായിരുന്നു. ഇപ്പോഴത് തീരെ കുറവും.. ചിലസമയത്ത് വല്ലാത്ത ക്ഷീണമാണ്… വെറുതെ ഒരിടത്ത് കിടക്കാന്‍ തോന്നും….’
‘അതു മാറാരോഗമൊന്നുമല്ലല്ലോ…മരുന്ന് കഴിച്ചാല്‍ മാറൂലേ…ചുമ്മാ ഇരിക്കുന്നത് കൊണ്ടാ ഈ ക്ഷീണമൊക്കെ…മേലനങ്ങി പണിയെടുത്താല്‍ ഇതങ്ങ് മാറും.’
രാവിലെ, ഒരു മിക്സിയുടെ അടപ്പ് കാണാതെ പോയതിന്, കെട്ടിയോനെയും പിള്ളാരെയും വിറപ്പിച്ചതിന്‍റെ ബാക്കി ദേഷ്യം ഉള്ളില്‍ വീണ്ടും നുരഞ്ഞു പൊന്തി…കഴിഞ്ഞ ദിവസങ്ങളില്‍ തൈറോയ്ഡ് ക്ലിനിക്കില്‍ ചെന്നപ്പോള്‍ അകാരണമായുണ്ടാകുന്ന ദേഷ്യത്തെക്കുറിച്ച് ഞാന്‍ ഡോക്ടറോട് ആവലാതിപ്പെട്ടിരുന്നു.
അവര്‍ ഒരു ചെറുചിരിയോടെ എന്നെ നോക്കി.


അവരുടെ കാതില്‍ ഒരു ചെറിയ വളയകമ്മലും അതില്‍ ഞാന്നുകിടന്നൊരു വെള്ളമുത്തും ഞാന്‍ കണ്ടു.ڔ
‘ഇപ്പോള്‍ നോര്‍മലാണ്…തൈറോയ്ഡ്… കുറച്ചു നാളുകള്‍ കൂടി മരുന്നെടുത്താല്‍ ഈ ദേഷ്യോം സങ്കടവും ക്ഷീണവും ഒക്കെ പോയി നീ മിടുക്കിയാവും’.

ഞാനാ രാത്രി സമാധാനത്തോടെ കിടന്നുറങ്ങി. കുട്ടികളും ഭര്‍ത്താവും ആ ദേഷ്യവുമായി പൊരുത്തപ്പെട്ടിരുന്നു. മരുന്ന് കഴിക്കാന്‍ മറന്നാല്‍ അവരെന്നെ ഓര്‍മ്മിപ്പിച്ചു. ഈയടുത്തായി  സാധനങ്ങള്‍ സൂക്ഷിച്ചു വെക്കാന്‍ ഭര്‍ത്താവ് എന്നെ ഏല്‍പ്പിക്കാറില്ല…മറവി നല്ലത് പോലെയുണ്ട്. മറ്റു ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ ദിവസത്തെ തോരനില്‍ ഉപ്പ് ഇട്ടത് മൂന്നു തവണയാണ്…

എന്‍റെ മുഖത്തെ ഇഷ്ടക്കേട് തിരിച്ചറിഞ്ഞതിനാലാവണം അവര്‍ വന്ന വഴിയെ പോയി. ഞാന്‍ വീണ്ടും കട്ടിലില്‍ കിടന്നു.ആ ക്ഷീണം മാറുവാന്‍ രണ്ടു മണിക്കൂറെടുത്തു.

സീനത്തിന് പെട്ടെന്നൊരു വിഷമത തോന്നിയതായി പറഞ്ഞത് മറ്റൊരു തൈറോയ്ഡുകാരത്തിയായ രമയാണ്. അവള്‍ക്ക് കുട്ടികളില്ല. തൈറോയ്ഡ് വന്ധ്യത രൂപത്തിലാണ് അവളുടെ ജീവിതത്തില്‍ അവതരിച്ചത്. ആശുപത്രിയില്‍ പോയി വന്ന സീനത്തിന് സോഡിയം കുറഞ്ഞതാണ് എന്ന് അറിഞ്ഞു. ഉപ്പിട്ട നാരങ്ങാവെള്ളം കുറെയധികം കുടിച്ചു. എന്നിട്ടും ആ മന്ദതയും ക്ഷീണവും ദേഹം വിറയലും സീനത്തിനെ വിട്ടുമാറിയില്ല. പല ടെസ്റ്റുകളിലും അവര്‍ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഒടുവില്‍ അവസാനമായി ചെയ്തത് തൈറോയ്ഡിന്‍റെയാണ്.

ആ ടെസ്റ്റില്‍ അവരുടെ ടി.എസ്.എച്ച് ലെവല്‍ തീരെ താഴ്ന്നു പോയിരുന്നു.
ടെസ്റ്റ് റിപ്പോര്‍ട്ട് കൈയില്‍ പിടിച്ചു കൊണ്ട് മൂന്ന് ദിവസത്തോളം കട്ടിലില്‍ കിടന്ന കിടപ്പിനെ കുറിച്ചവര്‍ വിശദീകരിച്ചു.

‘എനിക്ക് തൈറോയ്ഡ് ആണെന്ന് പറഞ്ഞപ്പോള്‍ തൈറോയ്ഡ് ഇങ്ങനെ ഒക്കെ വരുമോ  എന്നല്ലേ സീനത്തിത്താ ചോദിച്ചേ. ഇപ്പോള്‍ മനസ്സിലായോ ഈ തൈറോയ്ഡ് എന്താണെന്ന്….’

സീനത്ത് വിഷണ്ണയായി എന്നെ നോക്കി.
അനേകമനേകം നാളുകളായി അവരെന്നെ പരിഹസിച്ചിരുന്ന അതെ ക്ഷീണവും തളര്‍ച്ചയും അവരുമറിഞ്ഞതില്‍ ഞാന്‍ ഉള്ളുകൊണ്ട് സന്തോഷിച്ചു എന്നതാണ് സത്യം…
‘അല്ല… കൊച്ചേ… ഈ ക്ഷീണമൊക്കെ മരുന്ന് കഴിച്ചാല്‍ മാറൂലോ…അല്ലേ…’
‘ഹാ… മാറും ഇത്താ… മുടങ്ങാതെ കഴിച്ചാ മതി…’
വളവിനപ്പുറത്തെ വീട്ടില്‍ നിന്നും തൊണ്ടക്കുഴിലേ..തൈറോയ്ഡ് ഗ്രന്ഥി നേര്‍ത്തൊരു വടര പോലെയായി തീര്‍ന്ന ലിജിയും ആ കൂട്ടത്തില്‍ വന്നു ചേര്‍ന്നു.

കുറെ നേരത്തെക്കാ പരിസരം തൈറോയ്ഡ് രോഗത്തിന്‍റെ ആവലാതികള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ആ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത് റോസപ്പൂക്കള്‍. പൂക്കളുടെ നേര്‍ത്ത മണം പടര്‍ന്ന മുറ്റത്ത് നിന്ന് തൊണ്ടക്കുഴീലെ ശലഭത്തെ കൈകൊണ്ട് തലോടി ഞാന്‍ വെറുതെ നിന്നു…

ഊര്‍ജ്ജസ്വലതയോടെ ഉണരാന്‍ കഴിയുന്ന ഒരു പ്രഭാതം മാത്രമായിരുന്നു അപ്പോഴെന്‍റെ മനസ്സില്‍…

അവൃ

അതേയ്..
വിറയാര്‍ന്ന കരങ്ങളില്‍ തെരുവിപ്പിച്ചേറേ നോവോടെ അവള്‍ പിന്നെയും പറഞ്ഞു മരുന്നയഴ് കഴിക്കാന്‍ മറക്കരുത്ട്ടോ. കാണണംന്ന് തോന്നുമ്പോڔആ ജനാലക്കരികില്‍ വന്നാ മതി. ന്തിനാ വെറുതെ കുട്ട്യോള്‍ക്ക് ബുദ്ധിമുട്ടാവണേ അല്ലേ…?

പാതിത്തളര്‍ന്ന ആ ശരീരത്തില്‍ നിന്നും പുറത്ത് വന്ന വാക്കുകള്‍ക്ക് ഹൃദയം പൊള്ളിപ്പിക്കാന്‍ പോന്നത്രേം വേവുണ്ടായിരുന്നു. തലേ രാത്രിയാണ് പത്ത് മീറ്റര്‍ അകലത്തില്‍ വീട് വെച്ച് താമസിക്കുന്ന മകനും മകളും ഓര്‍മ്മക്കുറവുള്ള അച്ഛനേയും ശരീരം തളര്‍ന്ന അമ്മയേയും ഒരുമിച്ച് നോക്കുന്നതിലുള്ള ബുദ്ധിമുട്ടറിയിച്ചത് പോംവഴിയും അവര്‍ തന്നെ കണ്ടെത്തി.

അച്ഛന്‍ ജയയുടെ ഒപ്പം നില്‍ക്കൂ, അമ്മയെ ഞാന്‍ നോക്കിക്കോളാം…. വളരെ നിസ്സാരമായി പറഞ്ഞുതള്ളിയ ആ വാക്കുകള്‍ കേട്ടവള്‍ നിശബ്ദമായി കരഞ്ഞു. നീണ്ടുനിന്ന മൗനം കണ്ണീരാല്‍ നനഞ്ഞു.ڔ എതിര്‍ക്കാനും ഞാനവളെ ആര്‍ക്കും പന്താടാന്‍ കൊടുക്കില്ലാന്ന് പറയാനും നാവു തരിച്ചു. പക്ഷേ, ഓര്‍മ്മകള്‍ മാഞ്ഞുതുടങ്ങിയ മനസ് നീര്‍ജീവമായിരുന്നു..

അവളുടെ വെളുത്തുപോയ മുടിയിഴകളില്‍ തലോടിയിരുന്നപ്പൊ മകള്‍ വിളിച്ചു. അച്ഛന്‍ വരൂ. എഴുന്നേറ്റപ്പോള്‍ വേച്ചുവീഴാന്‍ പോയ ശരീരത്തെ ഊന്നുവടി താങ്ങി. തിരിഞ്ഞു നോക്കിയില്ല. കാരണം ഉപേക്ഷിച്ചു പോവുന്നത് ഹൃദയത്തെയാണ്.

മകളുടെ വീട്ടിലെ മുകള്‍നിലയിലെ ഇടുങ്ങിയൊരു മുറിയില്‍ വൈകിട്ടത്തെ കഞ്ഞി കുടിച്ചിരിക്കുമ്പോളാണ് ആ വാര്‍ത്ത അറിഞ്ഞത് അവള്‍ക്ക് പെട്ടെന്ന് സുഖമില്ലാതെയായത്രേ… എറണാകുളത്തെ ലിസിഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.

ഒന്നു പോകാനും, അവളെ കാണാനും ഹൃദയം വെമ്പി.വയ്യാത്ത അച്ഛന്‍ വരണ്ട നാളെയൊരു ഹോംനെഴ്സ് വരും, അമ്മയെ നോക്കാന്‍. അതും പറഞ്ഞ് മകള്‍ ധൃതിയില്‍ മുറിവിട്ടു.

രണ്ടുപകല്‍ കടന്നു പോയി മൂന്നാം ദിവസം മകള്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് കേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ആ ഹോംനേഴ്സ് വിളിച്ചു ആശുപത്രിയില്‍ നിന്ന്, അമ്മ മരിച്ചു. സ്ഫുടതയോടെ ആ വാക്കുകള്‍ ഹൃദയം തുളച്ചിറങ്ങി.

എന്‍റെ കമലം….
ഒരു ഞരക്കം മാത്രം തൊണ്ടക്കുഴിയില്‍ തടഞ്ഞുനിന്നു. ഒരുപാടോര്‍മ്മകള്‍ തിരതല്ലിയുണര്‍ന്നു. എല്ലാത്തിലും അവളുണ്ട്, ആ ചിരിയുണ്ട്, കുസൃതിയും പരിഭവവും ഉണ്ട്. പിന്നെ… പിന്നേ ഓര്‍മ്മിക്കുവാനൊന്നും ബാക്കിയില്ലാതെ ആ ശരീരം കുഴഞ്ഞു വീണു. ഒരുമിച്ചൊരു ചിതയില്‍ ഒന്നായി എരിഞ്ഞു തീര്‍ന്നു.

നീതു പോള്‍സണ്‍
കഥാകാരി

COMMENTS

COMMENT WITH EMAIL: 0