പാരമ്പര്യ അറിവുകള്‍ എന്നത് എല്ലായ്പ്പോഴും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഒന്നല്ല. ലോകമെമ്പാടുമുള്ള പാരമ്പര്യ അറിവുകളുടെ ഉപയോഗവും, വിതരണവും വികാസവും ഒരു ലിംഗപരമായ ഇടപെടല്‍ കല്പിച്ചു നല്‍കുന്നുണ്ട്. അതിലാകട്ടെ സ്ത്രീകളുടെ പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് താനും. എന്നിരിക്കിലും ലോകമെമ്പാടുമുള്ള സ്ത്രീകളുടെڔ ഈ തരത്തിലുള്ള ഇടപെടലുകളും പങ്കും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. നമ്മുടെ പാരമ്പര്യഅറിവുകള്‍ ഏറെയും നിക്ഷിപ്തമായിരിക്കുന്നത് ആദിവാസി ഗോത്ര വിഭാഗങ്ങളിലാണ്. അവയില്‍ത്തന്നെയാകട്ടെ ഏറിയ പങ്കും സ്ത്രീകളാണ് വഹിക്കുന്നത്. എന്നാല്‍ ഇത് ഏറെക്കുറെ അംഗീകരിക്കപ്പെടാതെ പോയ വസ്തുതയാണ്. ഈയടുത്തായി പല രാഷ്ട്ര- അന്താരാഷ്ട്രസ്ഥാപനങ്ങളും ഈയൊരു ന്യൂനത ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.ڔ ഈയൊരു അവസരത്തില്‍ നമ്മുടെ കേരളം പോലെയുള്ള ആദിവാസി ഗോത്ര വൈവിധ്യം കൈമുതലായുള്ള ഒരു സംസ്ഥാനത്തിലെ സ്ത്രീകളുടെ പങ്ക് വിസ്മരിക്കപ്പെട്ടുകൂടാത്തതാണ്.
കേരളത്തിലെ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആദിവാസി ജനത താമസിച്ചുപോരുന്നത്. കാലങ്ങളായി പിന്തുടര്‍ന്ന് വന്ന പല നയങ്ങളും അവരുടെ ജീവിതത്തെയും അവര്‍ പിന്തുടര്‍ന്നുപോരുന്ന പല അറിവുകളെയും വിപരീതമായി ബാധിച്ചിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ ഈ പഠനം അത്തരം ഒരു വിഷയത്തെയാണ് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. വയനാട്ടില്‍ പ്രധാനമായും കുറിച്യ, മുള്ളുകുറുമ,ڔ ഊരാളികുറുമ, കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളില്‍ പെട്ട ആദിവാസി സമൂഹമാണ് ഉള്ളത്. ഈ ഓരോ വിഭാഗത്തിനും അവരവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും രീതികളും നിലവിലുണ്ട്. കാലങ്ങളായി അവര്‍ വിശ്വസിച്ചുപോന്ന ഓരോ ആചാരങ്ങളും ഏറെക്കുറെ അവര്‍ ഇന്നും പിന്തുടര്‍ന്നുപോരുന്നുമുണ്ട്.ڔ
പാരമ്പര്യമായി അവര്‍ നിലനിര്‍ത്തികൊണ്ടുപോരുന്ന അറിവിനെയുംڔഅതിന്‍റെ ഉപയോഗത്തിനെയും പറ്റി പറയുകയാണെങ്കില്‍ അവയില്‍ എല്ലാകാലത്തും ഒരേപോലെڔ പ്രധാനപ്പെട്ടതാണ് അവരുടെ പാരരമ്പര്യ ചികിത്സാരീതിയും അത് ഉള്‍പ്പെടുന്ന വിശ്വാസങ്ങളും അതില്‍ സ് ത്രീകള്‍ വഹിക്കുന്ന പങ്കും. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പാരമ്പര്യചികിത്സാ സമ്പ്രദായവും അതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും നിലനിര്‍ത്തിപോരുന്നതില്‍ വായനാട്ടിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. വയനാട്ടിലെ ഇത്തരത്തിലുള്ള പ്രവര്‍ത്തനവും മറ്റുരാജ്യങ്ങളില്‍ ഉള്ളതുപോലെതന്നെ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ, പലസമയങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഈ അറിവിനെയും അതിന്‍റെ ഉപയോഗത്തെയും വിപരീത വിധത്തില്‍ ബാധിച്ചിട്ടുണ്ട്. കുറുമരുടെയും കുറിച്യരുടെയും അവസ്ഥയെപ്പറ്റി പറയുകയാണെങ്കില്‍ ഈ തരത്തിലുള്ള ഇടപെടല്‍ അവരുടെ അറിവിനെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്, ഇത്തരം അറിവുകള്‍ സൂക്ഷിക്കുന്നതിലും തലമുറകളായികൈമാറ്റം ചെയ്യപ്പെടുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കപ്പെടുന്നു എന്നതുതന്നെയാണ്. വയനാട് കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ വെളിപ്പെടുന്ന ഒരു കാര്യവും ഇതുതന്നെയാണ്.ڔ എല്ലാ വിഭാഗങ്ങളിലും പാരമ്പര്യ അറിവുകള്‍ കാത്തുസൂക്ഷിക്കുന്നത് സ്ത്രീകള്‍ ആണെങ്കിലും അത് വേണ്ട വിധത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിന്‍റെ പ്രധാനമായിട്ടുള്ള കാരണങ്ങളില്‍ ഒന്ന് നിലവില്‍ നിലനിന്നുപോരുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നിലനിന്നുപോരുന്ന വിശ്വാസങ്ങളും ആണെന്നതില്‍ തര്‍ക്കമില്ല, ഇത് സ്ത്രീകളുടെ ഇത്തരത്തിലുള്ള പങ്കിനെ അരികുവല്‍ക്കരിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവം പോലെ അശുദ്ധി കല്പിക്കപ്പെടുന്ന നാളുകളില്‍ സ്ത്രീകള്‍പരിശുദ്ധമായി നടത്തിയിരുന്ന പാരമ്പര്യ ചികിത്സാസമ്പ്രദായത്തില്‍ നിന്ന് അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെടുന്നു. ഈ നാളുകളില്‍ സ്ത്രീകള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഫലപ്രാപ്തി ഇല്ലാതാക്കും എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നത്. തങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ ഔഷധസസ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ നിഷ്കര്‍ഷ പുലര്‍ത്തിപോരുന്നു.
കുറിച്യവിഭാഗം പലതരം ഭാഗങ്ങളായി അറിയപ്പെട്ടിരിക്കുന്നു, ഇതില്‍ പ്രധാനമായവ അംശം, തറവാട് ഇവയൊക്കെയാണ്.
കാട്ടുനായ്ക്ക വൈദ്യര്‍
വയനാടിലെ ആദിവാസിവിഭങ്ങളില്‍വെച്ചു ഏറ്റവുമധികം ആധുനികവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് ഇക്കൂട്ടര്‍. പ്രധാനമായും കുറുമ വിഭാഗത്തില്‍ ആണ് കൂടുതല്‍ സ്ത്രീകള്‍ പാരമ്പര്യ ചികിത്സാ രീതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും അത് മിക്കവാറും പുരുഷന്മാരുടെ അഭാവത്തില്‍ ആണ്, അതുകൊണ്ടുതന്നെ പ്രത്യക്ഷത്തില്‍ അവരുടെ പങ്ക് കാണാന്‍ പ്രയാസമാണ്. അതിനൊക്കെ പുറമെ അവര്‍ ഇങ്ങനെയൊരു അറിവ് പുറത്തുപറയാന്‍ വിമുഖത കാണിക്കുന്നു എന്നുള്ള കാര്യവും കണക്കില്‍ എടുക്കേണ്ടതാണ്. ഇത് അവലംബിച്ചുപോരുന്ന ഒരു നടപടിയുടെ ഭാഗം കൂടെയാണ്, കാരണം അവരുടെ ഇത്തരത്തിലുള്ള അറിവ് ഒരുപാട് ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ പൊതുവെ ഇത്തരത്തിലുള്ള അവരുടെ അറിവ് പുറത്തുപറയാന്‍ മടി കാണിക്കുന്നതിന് ഒരു കാരണം ഇതാണ്. വേറെ ഒരു കാരണം, സ്ത്രീകള്‍ മിക്കവാറും ഈ തരത്തിലുള്ള അറിവിന്‍റെ പരിചരണവും അതിന്‍റെ മേലുണ്ടാകുന്ന നയരൂപീകരണത്തിലും പങ്ക് ഒന്നും തന്നെ വഹിക്കുന്നില്ല എന്നുള്ളതാണ്. അവരെ അങ്ങിനെയുള്ള ഒരു നയരൂപീകരണത്തിന്‍റെ ഭാഗമായി കണക്കാക്കാന്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് സാരം. സ്ത്രീകള്‍ക്കാകട്ടെ പാരമ്പര്യചികിത്സാരീതിയുമായി ബന്ധപ്പെട്ട്, മരുന്നുചെടി ശേഖരിക്കുവാന്‍ ദൂരെ കാടുകളില്‍ പോവാനുള്ള ബുദ്ധിമുട്ട് പുരുഷന്മാരെ അപേക്ഷിച്ചു കൂടുതല്‍ ആണ് താനും. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ പ്രധാനമായും പുരുഷന്മാരെ ആശ്രയിക്കുന്നതായാണ് കാണപ്പെടുന്നത്. പക്ഷെ ഇങ്ങനെയൊരു അവസ്ഥ പാരമ്പര്യ ചികിത്സാരംഗത്തു മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നതിന് കാരണമായി. പണിയവിഭാഗമാകട്ടെ, കാലങ്ങളായി ജന്മിമാരുടെ കീഴിലെ വേലക്കാരായി അടിമത്തം അനുഭവിച്ചുജീവിച്ച വിഭാഗക്കാര്‍ ആയിരുന്നു. പണിയ വിഭാഗത്തിലെ വൈദ്യന്മാരെ മരുന്നുകാര്‍ എന്നാണ് വിളിച്ചുപോന്നിട്ടുള്ളത്, കൂടാതെ അവര്‍ ദൈവക്കാര്‍ എന്നും അറിയപ്പെട്ടിരുന്നു. അവരാകട്ടെ, മുന്‍കാലങ്ങളില്‍ വീടുകളില്‍പോയി സേവനം നടത്തി പ്രതിഫലം പറ്റി ജീവിച്ചുപോന്നിട്ടുള്ളവര്‍ ആണ്. അവര്‍ ഓരോ വീടുകളിലേക്കും ചികിത്സക്ക് പോവുന്ന വഴിക്കായിരുന്നു മരുന്നുകള്‍ ശേഖരിച്ചുപോന്നിട്ടുള്ളത്. എന്നിരുന്നാലും അവര്‍ ഏറെക്കുറെ ഈയൊരു ചികിത്സാരംഗത്തുനിന്നു ഈയിടെയായി വിട്ടുനില്‍ക്കുന്നതായാണ് കണ്ടുവരുന്നത്. ഇതാകട്ടെ പണിയവിഭാഗത്തിലെ സ്ത്രീകളുടെ ചികിത്സാരംഗത്തുള്ള സംഭാവനയെയും പ്രതികൂലമായി ബാധിച്ചു.
മുള്ളുകുറുമര്‍ ആകട്ടെ കാലങ്ങളായി കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത് ജീവിച്ചുപോന്നവരാണ്. അവര്‍ താമസിച്ചുപോന്ന കാടിനുള്ളിലെ കുടിലുകള്‍ കുടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവരുടെ പാരമ്പര്യചികിത്സാരീതികള്‍ അവര്‍ പിന്തുടര്‍ന്നുപോന്നിട്ടുള്ള വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. അവരില്‍ പ്രധാനമായും രണ്ടുതരത്തിലുള്ള ചികിത്സാരീതികള്‍ കാണപ്പെട്ടിരുന്നു, ഏതെങ്കിലും ഒരു രോഗത്തിന് മാത്രം ചികിത്സിച്ചുപോന്നിട്ടുള്ള ആളുകളും, അല്ലാതെ ഒരുപാട് രോഗങ്ങള്‍ക്ക് ചികിത്സിച്ചുപോന്നിട്ടുള്ളവരും.
മുള്ളുകുറുമര്‍
ഈയടുത്തകാലം വരെ മുള്ളുകുറുമര്‍ക്കിടയില്‍ നിസ്തുലമായ സേവനം അനുഷ്ഠിച്ചു പോന്നിട്ടുള്ളവരാണ് വയറ്റാട്ടികള്‍ ആധുനിക വൈദ്യം പ്രാബല്യത്തില്‍ വന്നതോടെ വയറ്റാട്ടികളുടെ സേവനത്തിനു കാര്യമാത്ര പ്രസക്തി നഷ്ടപ്പെട്ടു. നേരത്തെപറഞ്ഞതുപോലെ കാടിനുള്ളില്‍ പോയി മരുന്നുചെടികള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട് തുടങ്ങിയതും സ്ത്രീകള്‍ക്ക് വെല്ലുവിളിയായി മാറി. സ്ത്രീകള്‍ അവരുടെ ഈ അറിവിനെ സത്യമുള്ള ഒന്നായി കണക്കാക്കുകയും, ഏതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും അതിന്‍റെ ശക്തിയെ വിപരീതമായി ബാധിക്കുമെന്നും മനസ്സിലാക്കി. അതിന്‍റെ ഭാഗമായിത്തന്നെ മരുന്നുചെടികള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വേറൊരാള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അവര്‍ വൈമനസ്യം കാണിച്ചിരുന്നു.
ഊരാളികുറുമ വൈദ്യര്‍
പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റവും, തുടര്‍ന്നുണ്ടായ വ്യക്തികേന്ദ്രീകൃതമായ ബൗദ്ധീകസ്വത്തവകാശവും, ആദിവാസിവിഭാഗത്തിനുപുറത്തുനിന്നുള്ള വിവാഹബന്ധവും ഒക്കെ സ്ത്രീകളുടെ പാരമ്പര്യഅറിവിന്‍റെ ഉപയോഗത്തില്‍നിന്നുള്ള വിട്ടുനില്‍ക്കലിന് കാരണമായിട്ടുണ്ട്. ഇതിനുപുറമെ,കീടനാശിനികളുടെ അമിതപ്രയോഗം കാരണം മുന്നത്തെപോലെ വീടിനടുത്തുള്ള മരുന്നുചെടികള്‍ ഉപയോഗിക്കുന്നതില്‍നിന്നും അവരെ തടസ്സപ്പെടുത്തി, അത് ദൂരദേശങ്ങളില്‍ മരുന്നുചെടികള്‍ അന്വേഷിച്ചുപോവേണ്ട ഒരു സ്ഥിതിവിശേഷം ഉളവാക്കി. കുടുംബപരമായ ഉത്തരവാദിത്തങ്ങളും, പുതിയതലമുറ ഇത്തരത്തിലുള്ള അറിവിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കാത്തതും ഒക്കെ സ്ത്രീകള്‍ ഈ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതാണ്.ڔ കാട്ടുനായ്ക്ക വിഭാഗം ഏറ്റവും പ്രാചീനമായ വിഭാഗങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അവര്‍ മുഖ്യമായും കാട്ടിലെ വിഭവങ്ങളെ മാത്രം ആശ്രയിച്ചു കഴിഞ്ഞുപോന്നവരാണ്. ഈ വിഭാഗത്തിലെ സ്ത്രീകളാവട്ടെ പരുഷന്മാരെ അപേക്ഷിച്ചു ഈ മേഖലയില്‍ കൂടുതല്‍ പ്രാവീണ്യമുള്ളവരും എണ്ണത്തില്‍ കൂടുതല്‍ ആയിട്ടും ഉള്ളതായാണ്ڔ കാണപ്പെടുന്നത്. എന്നിരുന്നാലും അവരുടെ ചികിത്സാരീതി വീടിനുള്ളില്‍മാത്രം ഒതുങ്ങിക്കൂടുന്നവയാണ്.
മരുന്നുചെടികളുടെ ശേഖരണം അവര്‍ക്കും ഒരു വെല്ലുവിളിയാണ്, ഇതുമറികടക്കാനായി അവര്‍ ഒരു നൂതനരീതി അവലംബിച്ചുപോരുന്നു. അവര്‍ മുറ്റത്തോ പറമ്പിലോ കുഴിയുണ്ടാക്കി മരുന്ന് ചെടികള്‍ കുറെനാളത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുകയും ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്തുപോരുന്നു. അതിനാകട്ടെ ചില പോരായ്മകള്‍ ഉണ്ടുതാനും, കീടനാശിനികള്‍ കലര്‍ന്ന മണ്ണ് അവയുടെ ഗുണനിലവാരത്തെ സാരമായി ബാധിച്ചേക്കാം.
ഊരാളികുറുമര്‍ എന്ന വിഭാഗം ആവട്ടെ കാടിനുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റപ്പെട്ടതോടെ ഇത്തരം സമ്പ്രദായങ്ങള്‍ സൂക്ഷിക്കാന്‍ നന്നേ പാടുപെടുന്ന വിഭാഗമാണ്, ഇത് അവരിലെ സ്ത്രീകളുടെ ചികിത്സാരീതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു മേഖലയാണ് പാരമ്പര്യ ചികിത്സാരീതിയും അതിന്‍റെ പരിപാലനവും. കൂടുതലും മരുന്നുചെടികള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് കേരളത്തിനെ സംബന്ധിച്ചിടത്തോളം ആദിവാസിവിഭാഗത്തിന്‍റെ അറിവും അതിന്‍റെ ഉപയോഗവും കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ നിലനില്പിനെത്തന്നെ സ്വാധീനിക്കുന്ന ഒന്നാണ്. സ്ത്രീകളാവട്ടെ ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അറിവുകളുടെ ഉപയോഗവും പരിചരണവും അതിലുള്ള സ്ത്രീകളുടെ പങ്കും കാലികപ്രസക്തി ആവശ്യപ്പെടുന്ന ഒന്നാണ്.
COMMENTS