ഉച്ചിയില്‍ കത്തുന്ന വെയില്‍ പോലെ ചിലര്‍ നടപ്പു വഴികളില്‍ തെളിഞ്ഞു നില്‍ക്കും. വല്ലാതെ ഉഷ്ണിച്ചും വിയര്‍ത്തും കുറേ വഴികള്‍ നടന്നു തീര്‍ത്തിട്ടും ഇനിയും തണല്‍ പറ്റാന്‍ ശ്രമിക്കാതെ മുന്നോട്ട് തന്നെ എന്ന മനോബലത്തോടെ അവര്‍ യാത്ര തുടരും. ഇത്തരം യാത്രകളില്‍ നിന്നാണ് അത്ഭുതങ്ങള്‍ പിറക്കുന്നത്. കാലത്തെ അതിജീവിക്കുന്ന വാക്കുകള്‍ കണ്ടെടുക്കുന്നത്. എഴുത്തിനും വാക്കിനും വളരാനൊരിടം വേണം. പശിമയുള്ള മനോനിലയും സാഹചര്യവും പ്രോത്സാഹനവും വേണം. ഇത്തരം സാഹചര്യങ്ങളിലൂടെ എഴുത്തിലേയ്ക്ക് കാലൂന്നുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയാകുമ്പോള്‍ സമൂഹം കണ്‍മിഴിച്ച് നോക്കും. അവളെഴുതുന്നത് അവളെ കുറിച്ചോ’ പൈങ്കിളി’ യോ ആകുമെന്ന മുന്‍ധാരണയും.
നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറത്തും വായനയുടെ രസമാപിനിയില്‍ ഒരു കൊച്ചു പുസ്തകം അടയാളപ്പെടുന്നു. അതിലൂടെ ഒരു കൊച്ച് പെണ്‍കുട്ടിയുടെ പേരും. ഇന്നാ കുട്ടി വലുതായെങ്കിലും മലയാളികളുടെ മനസില്‍ അവള്‍ കൊച്ചുബീന തന്നെ.റഷ്യ കണ്ട ഭാഗ്യമുള്ള ബീന.
ബീന അന്ന് റഷ്യ കാണാന്‍ പോയില്ലായിരുന്നെങ്കില്‍, ‘ബീന കണ്ട റഷ്യ’ പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എഴുത്തിന്‍റെ ഭൂപടത്തില്‍ ആ പെണ്‍കുട്ടിയുടെ സ്ഥാനം എവിടെയായിരിക്കും? അങ്ങനെയൊന്ന് വെറുതെ ഓര്‍ക്കുമ്പോള്‍ ,സ്വയം പ്രകാശിതമാകാത്തിടത്തോളം ഇരുളടഞ്ഞു പോകുന്ന എഴുത്തുമേല്‍വിലാസങ്ങള്‍ മുന്നില്‍ പല്ലിളിച്ച് നില്‍ക്കുന്നു. എത്രയെഴുതി, എന്തെഴുതി, എന്തിനെഴുതി, എങ്ങനെ എഴുതി, അതു കൊണ്ട് സ്വയമോ സമൂഹത്തിനോ നേട്ടമുണ്ടായത് ?ഇങ്ങനെ നൂറ് നൂറ് ചേദ്യങ്ങള്‍ക്കിടയില്‍ എന്തെങ്കിലുമൊക്കെ എഴുതി എങ്ങനെയൊക്കെയോ പ്രസിദ്ധീകരിച്ച് പ്രശസ്തരാകുന്ന പ്രഗത്ഭമതികള്‍ക്കിടയില്‍ വേറിട്ട് നടക്കാനാവുക എന്നത് അന്തസുള്ള ആര്‍ജ്ജവം തന്നെയാണ്.
ഏത് മേഖലയിലും സെല്‍ഫ് പ്രൊമോഷനിലൂടെയും സെല്‍ഫ് മാര്‍ക്കറ്റിംങിലൂടെയും സ്ഥാനം ഉറപ്പിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച് സാഹിത്യ ലോകത്ത് കെ.എ ബീന താന്‍പോരിമയോടെ വേറിട്ടു നില്‍ക്കുന്നു. തന്‍റെ കാഴ്ചകളും അനുഭവങ്ങളും വസ്തുനിഷ്ഠ വ്യാഖ്യാനങ്ങളിലൂടെ വളരെ നിഷ്ക്കളങ്കമായി കെട്ടുകാഴ്ചകളില്ലാതെ കൊച്ചു ബീന ‘ബീന കണ്ട റഷ്യ’യില്‍ എഴുതിയതു പോലെ കാലങ്ങള്‍ക്കിപ്പുറവും മാറ്റമില്ലാതെ അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു.
ബീന കണ്ട റഷ്യ 40 എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്യാമപ്രസാദ്, അനിതാതമ്പി, പ്രജൈസണ്‍, പി.കെ.രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിക്കുന്നു.
കെ.എ ബീന എഴുതിയ ‘ബീന കണ്ട റഷ്യ’ നാല്‍പ്പത് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ആ പുസ്തകം ഇന്നും എറെ വായിക്കപ്പെടുകയും ഓര്‍മ്മിക്കുകയും ചെയ്യുന്നു എന്നത് ശ്ലാഘനീയമാണ്. ‘ബീന കണ്ട റഷ്യ’യുടെ അറുപത് പേരെഴുതിയ പല വായനകള്‍ ഗീത ബക്ഷി എഡിറ്റ് ചെയ്ത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. എത്ര ആത്മസമര്‍പ്പണത്തോടെയാണ് അതിലെ ഓരോ കുറിപ്പുകളും ഇഴചേര്‍ന്നു നില്‍ക്കുന്നത് എന്ന അറിവ് ആ പുസ്ത വായനയില്‍ അത്ഭുതമോ കൗതുകമോ ആയി അവശേഷിക്കുന്നു. ആ പുസ്തകത്തിലെ പല വായനകള്‍ സ്വാംശീകരിച്ചാല്‍ അത് ഒരൊറ്റ വായനയാണ്. കെ.എ.ബീന എന്ന ആത്മ സൗഹൃദത്തിന്‍റെ തെളിച്ചമുള്ള ഉള്‍ വായനകള്‍. എന്നാല്‍ കെ.എ.ബീനയുടെ പ്രിയ സുഹൃത്തും ഈ പുസ്തകത്തിന്‍റെ എഡിറ്ററുമായ ഗീത ബക്ഷി ആമുഖത്തില്‍ കോറിയിടുന്ന എന്നാല്‍ ഉള്ളറിഞ്ഞ് എറിയുന്ന ഒരു ചോദ്യമുണ്ട്.
‘ബീന കണ്ട റഷ്യ എഴുതിയതോടെ പേന ഒടിഞ്ഞു പോയോ? പിന്നെ എന്തേ അതിനെ മറികടക്കുന്ന ഒന്നുമെഴുതിയില്ല?’
ഈ ചോദ്യം ബീനയ്ക്കൊരു പ്രഹരമായിരുന്നു എന്ന് ഗീത ബക്ഷി രേഖപ്പെടുത്തുന്നു. ഒരു സാധാരണ പെണ്‍കുട്ടിയിലെ അസാധാരണത്വം തിരിച്ചറിഞ്ഞവര്‍ക്ക് ഈ ചോദ്യം ചോദിക്കാതിരിക്കാനാവുമോ? കെട്ടുകാഴ്ചകളില്ലാത്ത ഭാഷയുടെ നിഷ്ക്കളങ്കത മലയാളികളുടെ മനസിലേക്ക് ഓടിക്കയറിയത് ബീനയുടെ ആ കൊച്ചു പുസ്തകത്തിലൂടെയായിരുന്നല്ലോ!
രണ്ടു തരം ബീനയെ കണ്ടറിഞ്ഞതിന്‍റെ അമ്പരപ്പ് ഗീത ബക്ഷിയുടെ എഴുത്തിലുണ്ട്. ആ തിരിച്ചറിവാണല്ലോ പുതിയ സ്വപ്നങ്ങളിലേക്കോ അതിജീവനത്തിലേക്കോ കൈ കൊടുത്തുയര്‍ത്താന്‍ ബീനയ്ക്ക് സൗഹൃദത്തിന്‍റെ തണല്‍ വിരിച്ചത്. എന്‍റെ കട്ടിലിന്‍റെ ഓരത്ത് ചിരി വറ്റിയ മുഖം ചേര്‍ത്ത് ഇരുന്ന ബീനയോട് ഞാന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു.
ഗീതാബക്ഷി : പിന്നെന്തേ എഴുതാത്തത്? പിന്നെന്തേ നാട് കാണാന്‍ പോകാത്തത്?
ഉത്തരം നല്‍കാതെ തന്‍റെ കൈപ്പടം നോക്കിയിരിക്കുമ്പോള്‍ ആ വിരലുകള്‍ കൊണ്ടാണല്ലോ ‘ ബീന കണ്ട റഷ്യ’ ഈ സ്ത്രീ എഴുതിയത്.ഈ തളര്‍ന്ന കണ്ണുകളാണ് അന്നൊരിക്കല്‍ ആ ബുക്കില്‍ നിന്ന് പ്രസരിപ്പു നിറഞ്ഞ നോട്ടം കൊണ്ട് എന്‍റെ മനസില്‍ പ്രതീക്ഷയുടെ വിളക്ക് കൊളുത്തിയത്.ഈ സ്വരമാണ് അന്ന് ആര്‍ത്തെക്കില്‍ ആവേശത്തോടെ പാടിയത് ‘ … എന്ന് ഗീത ബക്ഷി ഓര്‍ക്കുന്നു. ഇത്രയേറെ ഓര്‍മ്മകളിലൂടെ, അനുഭവങ്ങളിലൂടെ ബീനയുടെ കാല മാറ്റങ്ങളിലൂടെ കണിശസഞ്ചാരം നടത്തിയ ഗീത ബക്ഷിക്ക് ഒപ്പം നിരന്ന ചങ്ങാതിക്കൂട്ടത്തെ ആദരവോടെ ഇവിടെ ചേര്‍ത്ത് വയ്ക്കുന്നു. കാരണം, പോരാട്ടങ്ങളുടെയോ ചെറുത്തു നില്‍പ്പുകളുടെയോ തിരസ്ക്കാരങ്ങളുടെയോ തോറ്റു കൊടുക്കലുകളുടേതോ ആയ ജീവിതവഴിയില്‍ തളരാതെ പിടിച്ചു നില്‍ക്കുക എന്നതിനുപരി അതിജീവിക്കാനുള്ള കരുത്താര്‍ജ്ജിക്കുക കൂടിയാണ് ഒരു സ്ത്രീ ചെയ്യേണ്ടത്. വാക്കുകള്‍ കൊണ്ടോ അവഗണനകള്‍ കൊണ്ടോ മനസിനെ തകര്‍ക്കാന്‍ ഒരുക്കൂട്ടി നടക്കുന്ന ചുറ്റുപാടുകളെ മൗനം കൊണ്ട് കരുത്തോടെ പ്രതിരോധിച്ച് സ്വസ്ഥാനം ഉറപ്പിക്കാന്‍ ഒരുവള്‍ക്ക് ജീവിതത്തിലും സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തും തൊഴിലിടങ്ങളിലും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചെറുതല്ല.
ഇവിടെയാണ് കെ.എ. ബീന എന്ന എഴുത്തുകാരിയായ പെണ്‍കുട്ടിയില്‍ നിന്ന് ഇന്ന് നാം കാണുന്ന കരുത്തുറ്റ സ്ത്രീയിലേക്കുള്ള ചുവടുമാറ്റത്തിലേക്ക് സൗഹൃദം വഴിയൊരുക്കിയത്.
‘ബീന കണ്ട റഷ്യക്ക് ‘ശേഷം എഴുത്ത് മേഖലയില്‍ നിന്നും കെ.എ. ബീന മാറി നിന്നെങ്കിലും ഈ കൊച്ചു പുസ്തകം ബീനയെന്ന കുട്ടിയെ കാലങ്ങളോളം രേഖപ്പെടുത്തി.മുതിര്‍ന്നവരുടെ വായനയിലും അന്നും ഇന്നും ബീന ചെറിയ പെണ്‍കുട്ടിയാണ്. യാത്ര ഇഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടി കണ്ണും കാതും മനസും തുറന്ന് വച്ച് നാസാ ഗ്രന്ഥികളെ വിടര്‍ത്തി വച്ച് യാത്ര ചെയ്ത ഓരോ ദേശത്തേയും നിഷ്ക്കളങ്കമായും വസ്തുനിഷ്ഠമായും അലങ്കാരമില്ലാതെയും ഭാഷാ ലാളിത്യത്തോടെ തുടര്‍ന്നും എഴുതി. ബീന കണ്ട റഷ്യ വന്നതിനു ശേഷം രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും കെ.എ. ബീനയുടെ എഴുത്ത് തനത് മനോനിലയില്‍ ഉറച്ചു നില്ക്കുന്നതായി കാണാം. അതു കൊണ്ടാവാം ബീന കണ്ട റഷ്യയെ കുറിച്ച് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ സംസാരിച്ചപ്പോള്‍ വാക്കുകള്‍ വാചാലമായത്. ബീനയെന്ന കൊച്ചു പെണ്‍കുട്ടിയെ അത്രമേല്‍ എം.ടി. ചേര്‍ത്ത് പിടിക്കുന്നു എന്ന് ആ വാക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ‘ബീനയുടെ അനുഭവങ്ങള്‍ മാത്രമല്ല ഇത്. നമ്മുടെ കുട്ടികള്‍ക്ക് അവരുടെ യാത്രകളും അനുഭവങ്ങളും ഇങ്ങനെ എഴുതാനും പുസ്തകമാക്കാനും പറ്റും.’ എന്ന് എം.ടി. പറയുമ്പോള്‍ ബീന എന്ന കുട്ടിയെ പോലെ നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഉണ്ടാകേണ്ടതുണ്ട്. അതിന് വഴികാട്ടിയായി ബീനയും ബീന കണ്ട റഷ്യയും മുന്നിലുണ്ട് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയായിരുന്നു.
കലാകൗമുദി, കേരളകൗമുദി, ഗൃഹലക്ഷമി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥ ആകാശവാണി ,ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ,തുടങ്ങി ഔദ്യോഗികമായി അധികാരസ്ഥാനങ്ങളിലായിരിക്കുമ്പോഴും സൗഹൃദത്തിന്‍റെ ഊഷമളമായ ചുറ്റുപാടുകളും പൊട്ടിച്ചിരിക്കുന്ന സ്നേഹ ഭാഷണങ്ങളും കരുതലിന്‍റെ മൃദുസ്പര്‍ശനങ്ങളും കൊണ്ട് ഈ സ്ത്രീ എത്ര ഉയരത്തിലാണെന്നതില്‍ അതിശയിക്കാനില്ല.
ബീന കണ്ട റഷ്യ 40 എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം എം.ടി.വാസുദേവന്‍ നായര്‍ നിര്‍വ്വഹിക്കുന്നു.
കൊച്ചു കുട്ടികള്‍ക്ക് വേണ്ടി ധാരാളം എഴുതുന്ന ഈ എഴുത്തുകാരി കുട്ടിയായി പരിണമിക്കുന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളാണാ രചനകള്‍ .മകന് പറഞ്ഞു കൊടുത്ത കൊച്ചു കഥകളും അനുഭങ്ങളും കടന്ന് കാലിക പ്രസക്തമായ വിഷയങ്ങളിലേക്കും അനുഭവാന്തരീക്ഷത്തിലേക്കും ജീവിത സാഹചര്യങ്ങളിലേക്കും ഇന്നത്തെ കുട്ടികളെ എത്തിക്കാനും ചിന്തിപ്പിക്കാനും കെ.എ. ബീനയുടെ ബാലസാഹിത്യരചനകള്‍ക്കാവുന്നുണ്ട്. ‘ദി റിപ്പോര്‍ട്ടര്‍’ കുട്ടികളുടെ അഭിരുചിക്കനുസരിച്ച്, രസകരമായി വായിക്കാവുന്ന കൗതുകം ജനിപ്പിക്കുന്ന രചനയാണ്. മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് റിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് ലളിതമായി രസകരമായി കെ.എ.ബീന പുസ്തകത്തില്‍ കഥാരൂപത്തില്‍ പറഞ്ഞു. അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്കൂള്‍, അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍, മിലിയുടെ ആകാശം, എന്നീ ബാലസാഹിത്യരചനകള്‍ കുട്ടികളുടെ ലോകത്ത് ഈ എഴുത്തുകാരിയെ പ്രിയങ്കരിയാക്കുന്നു.
കൗമാരം കടന്നു വരുന്നത്, ശീതനിദ്ര, കഥകള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും ബഷീറിന്‍റെ കത്തുകള്‍, ബഷീര്‍ എന്ന അനുഗ്രഹം, കുട്ടിക്കാലം, പെരുമഴയത്ത്, തുടങ്ങിയ ഓര്‍മ്മകളുടെ സമാഹാരങ്ങളും എന്താണ് സാനിറ്ററി പാഡിന്‍റെ അന്തിമ രഹസ്യം, ഭൂതക്കണ്ണാടി, അമ്മമാര്‍ അറിയാത്തത്, കടന്നല്‍ എന്നീ ലേഖന സമാഹാരങ്ങളും ഡേറ്റ് ലൈന്‍, ചരിത്രത്തെ ചിറകിലേറ്റിയവര്‍, റേഡിയോ കഥയും കലയും, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നീ മാധ്യമ പഠനങ്ങളും ബ്രഹ്മപുത്രയിലെ വീട്, ചുവടുകള്‍, നദി തിന്നുന്ന ദ്വീപ് എന്നീ യാത്രാവിവരണങ്ങളും കെ.എബീനയുടേ എഴുത്ത് ജീവിതത്തിന്‍റെ അടയാളപ്പെടുത്തലുകളാണ്. ‘സാനിറ്ററി പാടിന്‍റെ അന്തിമ രഹസ്യം’ എന്ന ലേഖനം ഉരുത്തിരിഞ്ഞു വന്നത് യാത്രാനഭവങ്ങളില്‍ നിന്നു തന്നെയാണ്. എത്ര പുരോഗമനം പറയുമ്പോഴും സാങ്കേതിക തികവില്‍ ജീവിക്കുമ്പോഴും ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങളിലും വെളിച്ചം കടന്നു ചെന്നിട്ടില്ല. കളിമണ്ണ് കൊണ്ട് ആര്‍ത്തവരക്തത്തെ തടഞ്ഞു നിര്‍ത്തുന്ന സ്ത്രീ സമൂഹം ഇന്ത്യയില്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമുക്ക് വെറും അതിശയോക്തിയാവാം. എന്നാല്‍ സാനിറ്ററി പാഡ് എന്തെന്നറിയാത്ത, കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാത്ത, സ്ത്രീയെ പൊതു ഇടങ്ങളില്‍ ബഹിഷ്ക്കരിക്കുന്ന ഇടങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി എഴുതാന്‍ യാത്രാനുഭവം കൊണ്ടാകും.
യാത്ര എത്ര വലിയ അനുഭവങ്ങളാണ് നല്‍കുന്നത്. കണ്ണും കാതും തുറന്ന് വച്ച് യാത്ര ചെയ്യുന്നത് ഒരു പെണ്ണാകുമ്പോള്‍ ആ യാത്രയിലെ ഇഷ്ടങ്ങളിലും കാഴ്ചകളിലും അനുഭവങ്ങളിലും എഴുത്തിലും എല്ലാം എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണില്ലേ?
യാത്ര ഇഷ്ടപ്പെടുന്ന കെ.എ. ബീനയുമായുള്ള സംഭാഷണം അവരിലേക്കുള്ള വഴിയാണ്. 1977- 78 കാലയളവിലാണ്’ബീന കണ്ട റഷ്യ’ എഴുതുന്നത്. അത് കഴിഞ്ഞ് ഇരുപത്തി അഞ്ച് വര്‍ഷത്തിനുശേഷമാണ് കെ.എ. ബീന ബ്രഹ്മപുത്രയിലെ വീട് എന്ന യാത്രാവിവരണം എഴുതുന്നത്. എന്നാല്‍ ബ്രഹ്മപുത്രയിലെ വീടും ബീന കണ്ട റഷ്യയും ഭാഷയിലും കയ്യടക്കത്തിലും ഏകതാനത നിലനിര്‍ത്തുന്നതായി കാണാം. അത് ഏത് കാലത്തും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഭാഷയാണ് താനും. താനെഴുതിയത് ആദ്യം സ്വയം വായിച്ച് രസിച്ചതിന് ശേഷമേ മറ്റൊരാള്‍ക്ക് കൊടുക്കുകയുള്ളൂ എന്ന് തന്‍റെ എഴുത്തിനെ കുറിച്ച് പ്രസാദാത്മകമായി പറയുന്ന കെ.എ. ബീന തന്‍റെയുള്ളില്‍ എപ്പോഴും ഒരു കുട്ടി ഉണര്‍ന്നിരിക്കുന്നുണ്ടെന്നും ആ കുട്ടിയെ തൃപ്തിപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നതെന്നും പറയുന്നു. വായനക്കാരിയുടെ കൗതുകത്തോടെ, യാത്ര ഇഷ്ടപ്പെടുന്ന മനസോടെ കുറച്ച് നേരം കെ.എ ബീനയോട് സംസാരിച്ചതിങ്ങനെ ….
കെ.എ ബീനയുടെ എഴുത്ത് ലോകം വലുതാണെങ്കിലും ബീന കണ്ട റഷ്യയ്ക്ക് ശേഷം വന്ന പല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണം?
‘എന്‍റെ മനസില്‍ ഒരു കുട്ടിയുള്ളത് കൊണ്ടാണ് എഴുതാനും യാത്ര ചെയ്യാനുമൊക്കെ പറ്റുന്നത്. എന്‍റെ ജീവിതത്തിലും ഞാനിത് ഇഷ്ടപ്പെടുന്നു.രണ്ട് മുഖത്തോടെ എനിക്ക് ജീവിക്കാനാവില്ല. ഞാനെന്‍റെ ജീവിതം പൂര്‍ണമായും ജീവിക്കുന്നു. യാത്ര ചെയ്യുകയാണെങ്കിലും സൗഹൃദത്തിലാണെങ്കിലും സ്നേഹത്തിലാണെങ്കിലും ഞാന്‍ ഇതെല്ലാം കലര്‍പ്പില്ലാതെ ചെയ്യുന്നു. അത് തന്നെയാണ് എന്‍റെ എഴുത്തും. എന്‍റെ മനസിന്‍റെ ഭാഷയില്‍ ,എന്‍റെ സംസാരരീതിയില്‍ തന്നെയാണ് ഞാന്‍ എഴുതുന്നത്.അതാണോ എന്‍റെ കുറവ്, അതുകൊണ്ടാണോ എന്‍റെ പുസ്തകങ്ങള്‍ ശ്രദ്ധിക്കപ്പെടാത്തത് എന്നെനിക്കറിഞ്ഞുകൂട. ബീന കണ്ട റഷ്യ ഇന്നും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വായിക്കുന്നു. ഇന്നത്തെ കാലത്തെ പല എഴുത്തുകളിലും കാണുന്ന അലങ്കാരങ്ങളും ഗിമ്മിക്കുകളും കച്ചവട തന്ത്രങ്ങളും എനിക്കറിയില്ല.’
സാനിറ്ററി പാഡിന്‍റെ അന്തിമ രഹസ്യം ലേഖനമാണെങ്കിലും യാത്രാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചിന്തകളല്ലേ ആ എഴുത്തിന് പ്രേരണയായത്?
അതെ .എന്‍റെ വലിയൊരു യാത്രയുടെ തുണ്ടാണത്. ഞാന്‍ ഇന്ത്യയില്‍ ഒരു പാട് ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയിട്ടുണ്ട്. അതിലൊരു യാത്രയില്‍ അസംഗഢ് എന്ന ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ എനിക്ക് പിരീഡ്സ് ആയി. കയ്യില്‍ സാനിറ്ററി പാഡ് ഇല്ല. അന്ന് ആ ഗ്രാമത്തില്‍ ഒരു കടയിലും സാനിറ്ററി പാഡ് ലഭ്യമല്ല. അങ്ങനെയൊന്നവര്‍ക്കറിയുകയേ ഇല്ല. ആ അനുഭവം എന്നെ ചിന്തിപ്പിച്ചു.ഇന്ത്യയിലെ പല സ്ത്രീകളും എങ്ങനെയാവും ജീവിക്കുക എന്ന ആ ചിന്തയില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് സാനിറ്ററി പാഡിന്‍റെ അന്തിമ രഹസ്യം എന്ന ലേഖനം ഞാന്‍ എഴുതിയത്.
യാത്രയുടെ അനുഭവങ്ങള്‍ നമ്മളില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കും.കെ.എ. ബീന എന്ന യാത്രക്കാരിക്ക് തന്‍റെ യാത്രകളെ കുറിച്ച് എന്താണ് പറയാനുള്ളത്?
ആദ്യമൊക്കെ കാഴ്ച കാണാനാണ് ഞാന്‍ യാത്ര ചെയ്തത്.എന്നാല്‍ ഇപ്പോള്‍ അത്തരം ആസ്വാദനത്തിനപ്പുറം മനുഷ്യരെ കാണാന്‍ യാത്ര ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളിലാണല്ലോ ജീവിക്കുന്നത്. അതു കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളെങ്ങനെ. അവിടുത്തെ ജനങ്ങളുടെ ജീവിതമെങ്ങനെ എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ യാത്രകളില്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യം. കോവിഡിന് മുന്ന് ഞാന്‍ ധാരാളം യാത്ര ചെയ്തിരുന്നു. മാതൃഭൂമി ഓണ്‍ലൈനില്‍ ഞാന്‍ ചെയ്ത ഗ്രാമയാത്രകളെ കുറിച്ച് കോളം എഴുതുന്നുണ്ട്.
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ടെങ്കിലും പലര്‍ക്കും അവസരങ്ങളോ സാഹചര്യങ്ങളോ നിഷേധിക്കപ്പെടുകയല്ലേ?
എന്നെ പോലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി അവരുടെ കൂടെ താമസിച്ച് അവരുടെ കാര്യങ്ങളില്‍ ഇടപെട്ട് യാത്രചെയ്യുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. എന്‍റെ കുടുംബത്തില്‍ ഒരാളുപോലും കേരളം വിട്ടിട്ട് യാത്ര ചെയ്തു എന്ന് തോന്നുന്നില്ല. ഏതെങ്കിലും കുഞ്ഞമ്മ പാലക്കാട് ഒരു കല്യാണത്തിന് പോയിക്കാണും. അമ്മായി കോഴിക്കോട് വരെ ഒന്ന് പോയിക്കാണും .അതിനപ്പുറത്തേക്ക് അവരാരും പോയിട്ടില്ല. എന്‍റെ കൂട്ടുകാരും അങ്ങനെ തന്നെ .ഞാന്‍ കുറേ കൂട്ടുകാരെ കൊണ്ട് പോയിട്ടുണ്ട് പല സ്ഥലങ്ങളിലും. എന്‍റെ പല കൂട്ടുകാരെയും യാത്ര ചെയ്യാന്‍ ഞാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നെ ഞാനാക്കിയത് യാത്രകളാണ്. എന്തിനെയും സ്നേഹിക്കാനും എന്തിനെയും ഉള്‍ക്കൊള്ളാനും ഏത് സാഹചര്യത്തില്‍ ജീവിക്കാനും നമ്മള്‍ പഠിക്കുന്നത് യാത്രകളിലൂടെയാണ്. യാത്ര ആത്മീയമായ തലത്തിലാണ് പരിവര്‍ത്തനമുണ്ടാക്കേണ്ടത്. നമ്മള്‍ യാത്ര പോകുമ്പോള്‍ യാത്ര പോയ അതേ മനസോടെ തിരിച്ച് വന്നിട്ട് കാര്യമില്ലല്ലോ.ഏറ്റവും നന്നായി യാത്ര ചെയ്യാന്‍ പറ്റുന്നത് സ്ത്രീകള്‍ക്കാണ്. പറിച്ചുനടുന്നിടത്ത് വേരുപിടിക്കാന്‍ സ്ത്രീക്ക് കഴിയും. നന്നായി അഡ്ജസ്റ്റ് ചെയ്യാനും സ്ത്രീക്ക് സാധിക്കും.എന്നാല്‍ ശരീരത്തിന്‍റേതായ ഭയങ്ങളാണ് പല സ്ത്രീകളെയും യാത്രയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്ന് തോന്നുന്നു.
ഞാന്‍ ബ്രഹ്മപുത്രയിലെ വീടും ചുവടുകളുമൊക്കെ എഴുതുന്ന കാലത്ത് സ്ത്രീകളിങ്ങനെയാത്ര ചെയ്യാറില്ല. അതു കൊണ്ട് ആ യാത്രകള്‍ എനിക്ക് വലിയ അനുഭവങ്ങളാണ്. എന്നാല്‍ ഇന്ന് ധാരാളം പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്നുണ്ട്. ഞങ്ങളെ സഞ്ചാരിയാക്കിയത് കെ.എ ബീനയാണ് എന്ന് ഇന്ന് പല പെണ്‍കുട്ടികളും പറയുന്നുണ്ട് എഴുതിയിടുന്നുണ്ട്. എന്‍റെ യാത്രകളും എഴുത്തും കേരളത്തിലെ സ്ത്രീകളെ അങ്ങനെ ചിന്തിപ്പിക്കാന്‍ സഹായകമായി എന്നതില്‍ സന്തോഷമുണ്ട്.
വക്കുകളില്‍ നിഷ്ക്കളങ്കത നിറച്ച് സൗഹൃദത്തിന്‍റെയും സഹാനുഭൂതിയുടെയും ആര്‍ദ്രതയോടെ ഈ വര്‍ത്തമാനം അവസാനിപ്പിക്കുമ്പോള്‍ കെ.എ ബീന എന്ന ഗിമ്മിക്കുകളില്ലാത്ത എഴുത്തുകാരിയിലേക്ക് ഉയരാന്‍ അവര്‍ക്ക് വഴിയൊരുക്കിയ യാത്രകളെ കുറിച്ച് വീണ്ടും ഓര്‍ത്തു പോകുന്നു. യാത്ര എഴുത്തുകാരിയാക്കിയ ഒരുവളുടെ ആര്‍ജ്ജവത്തിന് ജീവിതത്തിന്‍റെ ചൂടും ചൂരുമുണ്ട്.
ഞാന്‍ യാത്ര ആരംഭിക്കുകയാണ് എന്ന് കെ.എ ബീന ഉറച്ച് പറയുമ്പോള്‍ കേരളത്തിലെ പെണ്ണുങ്ങള്‍ പറയുന്നു ‘നിങ്ങള്‍ ഞങ്ങളെ സഞ്ചാരികളാക്കി.’ അതെ, സ്ഥലകാലങ്ങള്‍ക്കും സമയ വേഗങ്ങള്‍ക്കുമൊപ്പം യാത്ര പോകാന്‍ നമുക്കും ഒരുങ്ങാം..
COMMENTS