Homeഅതിഥിപത്രാധിപക്കുറിപ്പ്

വാര്‍ത്താ സ്ത്രോതസുകളുടെ ബാഹുല്യം നിമിത്തം സംഭവങ്ങള്‍ക്കൊപ്പം അവയുടെ വിശകലനവും ദൃശ്യപ്പൊലിമയും ആസൂത്രണവും ചേര്‍ത്ത് വാര്‍ത്തയ്ക്കപ്പുറമുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഓഫ് ലൈന്‍, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ മത്സരിക്കുന്ന ഇക്കാലത്ത് മലയാള വനിതാ പത്രപ്രവര്‍ത്തന ചരിത്രത്തിലൂടെയുള്ള സമഗ്ര യാത്രയാണ് സംഘടിത ഈ ലക്കം നടത്തുന്നത്. വാര്‍ത്തകളും വിശകലനങ്ങളും സ്ത്രീപക്ഷ ചിന്തയിലൂടെ വായനക്കാരിലെത്തിക്കാന്‍ അന്നത്തെ ഉത്പതിഷ്ണുക്കളായ സ്ത്രീരത്നങ്ങള്‍ നടത്തിയ പോരാട്ടം തലമുറകളിലേക്ക് പകരേണ്ടതാവശ്യമാണ്.
സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് അരക്കിട്ടുറപ്പിച്ചിരുന്ന അക്കാലത്ത്, അറിവും ജിജ്ഞാസയും ഉത്സാഹവും കര്‍മ്മനിരതയും കൊണ്ടു മാത്രം ചരിത്രത്തിലിടം പിടിച്ച മനോരമത്തമ്പുരാട്ടി, കെ.എം. കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, തോട്ടയ്ക്കാട് ഇക്കാവമ്മ, തരവത്ത് അമ്മാളുവമ്മ തുടങ്ങിയവര്‍ എക്കാലത്തും അച്ചടി മാദ്ധ്യമ സമൂഹത്തിനാകെ മാതൃകയാണ്.
‘മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ?
തേര്‍ തെളിച്ചില്ലേ പണ്ടു സുഭദ്ര?
പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയ?
മല്ലാക്ഷീ മണിമാര്‍ക്കു പാടവമിവയ്ക്കെല്ലാം
പുരുഷന്മാരെപ്പോലെ ഭവിച്ചീടുകില്‍
ചെല്ലേറും കവിതയ്ക്കു മാത്രമിവരാള
ല്ലെന്നു വന്നീടുമോ?’
സ്ത്രീകള്‍ക്ക് സാഹിത്യത്തില്‍ സ്ഥാനമില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി തോട്ടയ്ക്കാട്ട് ഇക്കാവമ്മ ‘സുഭദ്രാര്‍ജ്ജുനം’ നാടകത്തിലെഴുതിയ വരികള്‍ ഇന്നും പ്രസക്തമാണ്. സ്ത്രീപക്ഷവാദം പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് പോലും സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന എല്ലായിടത്തും ഇക്കാവമ്മ അതിശക്തമായി പ്രതികരിച്ചിരുന്നു. സ്ത്രീകള്‍ കൈവയ്ക്കാതിരുന്ന നാടക രചനാരംഗത്തേയ്ക്ക് ധീരമായി കടന്നു വന്ന ആദ്യ സ്ത്രീയാണിവര്‍. ‘സുഭദ്രാര്‍ജജുനം’ നാടകം രചിക്കുക മാത്രമല്ല അതില്‍ പുരുഷവേഷം ധരിച്ച് അഭിനയിക്കുകയും ചെയ്ത ധീരയാണിവര്‍. സ്ത്രീകളിലെ തുഞ്ചത്തെഴുത്തച്ഛനെന്ന സംജ്ഞയ്ക്ക് ഈ ഗ്രന്ഥകാരി അര്‍ഹയാണെന്ന് സി.പി. അച്യുതമേനോന്‍ ‘വിദ്യാവിനോദിനി’ മാസികയില്‍ പരാമര്‍ശിച്ചിരുന്നു.
കൊച്ചിരാജാവിന്‍റെ സാഹിത്യസഖി ബഹുമതി നിരസിച്ച ഏക എഴുത്തുകാരി (1119) യാണ് തരവത്ത് അമ്മാളുഅമ്മ. മലയാളത്തില്‍ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസര്‍പ്പകനോവലാണ് അമ്മാളുഅമ്മ 1914ല്‍ രചിച്ച ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം’ . മലയാളത്തിന്‍റെ അഗതാ ക്രിസ്റ്റിയെന്നിവര്‍ പിന്നീട് അറിയപ്പെട്ടു. 1904 ല്‍ കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ‘ശാരദ’യുടെ പ്രസാധികമാരില്‍ പ്രധാനിയായിരുന്നു ടി.സി. കല്യാണിയമ്മ (1879-1956). പത്രപ്രവര്‍ത്തക, എഴുത്തുകാരി എന്നീ നിലകളില്‍ ഇവര്‍ പ്രാഗത്ഭ്യം തെളിയിച്ചു. എഴുത്തുകാരി, പത്രപ്രവര്‍ത്തക, അധ്യാപിക, സാമൂഹികപരിഷ്കര്‍ത്താവ് എന്നുതുടങ്ങി പല നിലകളില്‍ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ ബി. കല്യാണിയമ്മ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യയായി മാത്രമല്ല അറിയപ്പെട്ടിരുന്നത്.
മലയാള മാദ്ധ്യമ പ്രവര്‍ത്തനത്തിന്‍റെ ചരിത്രത്തില്‍ വഴിവിളക്കായിരുന്ന സ്ത്രീകളാണിവര്‍. ഉന്നതകുലത്തില്‍ ജനിച്ചത്, ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചത്, ശക്തമായ സാമ്പത്തിക അടിത്തറയുള്ളത്, ജീവിത പങ്കാളിയുടെ നിരുപമമായ പിന്തുണ നേടിയത് ഇവയൊക്കെ മലയാള സാഹിത്യ, മാദ്ധ്യമപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ഈ സ്ത്രീകള്‍ക്ക് സഹായകമായ സാഹചര്യങ്ങളാണ്. എന്നാല്‍ തൊട്ടടുത്ത തലമുറയ്ക്ക് നേരിടാന്‍ വെല്ലുവിളികളേറെയുണ്ടായിരുന്നു. എന്നിട്ടും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായും മറ്റും നിരവധി സ്ത്രീകള്‍ അച്ചടി മാദ്ധ്യമരംഗത്തെത്തി. ശാരദ, മഹിളാ മിത്രം തുടങ്ങി വനിതാ മാസികകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. സരോജിനി നായിഡു, ആനി തയ്യില്‍, അക്കാമ്മ ചെറിയാന്‍ തുടങ്ങിയ സ്ത്രീകള്‍ സാമൂഹിക പ്രവര്‍ത്തനത്തിന്‍റെ മുന്‍നിരയിലെത്തി. ഒപ്പം എഴുത്തിലും തിളങ്ങി.
1950ന് ശേഷം തങ്കം മേനോന്‍, പാറുക്കുട്ടിയമ്മ , ലീലാമേനോന്‍, പ്രേമാ മന്മഥന്‍ തുടങ്ങിയ സ്ത്രീകള്‍ തൂലിക പടവാളാക്കി. 1985ന് ശേഷം കെ.എ. ബീന, ആര്‍ പാര്‍വതീദേവി, ഗീതാ നസീര്‍, അനിതാ പ്രതാപ് തുടങ്ങിയവരെത്തി.പത്ര പ്രവര്‍ത്തന മേഖലയിലേക്കെത്തിയ പുതിയ തലമുറകള്‍ക്കെല്ലാം പുതിയ വെല്ലുവിളികളാണ് സമൂഹം ഒരുക്കിയിരുന്നത്. സ്ത്രീകള്‍ പത്രപ്രവര്‍ത്തകരാകാന്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്ന പത്രസ്ഥാപനങ്ങളിലേക്ക് ജേര്‍ണലിസം കോഴ്സ് പാസ്സായ സര്‍ട്ടിഫിക്കറ്റുമായി മിടുക്കികള്‍ കയറിച്ചെന്നു.
ഫോട്ടോഗ്രാഫര്‍ക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കുകയാണെന്ന് ആക്ഷേപിച്ചവരുടെ മുന്നില്‍ വീണ്ടുമെത്തി സ്റ്റോറികളെടുത്തു. രാത്രിയാത്ര ബുദ്ധിമുട്ടാണെങ്കിലും ഡെസ്കില്‍ പുലരുവോളം ജോലി ചെയ്തു. യാത്രാസൗകര്യം ചോദിച്ചു വാങ്ങിയെടുത്തു. പ്രസവാവധിയുടെ പ്രധാന്യം പുരുഷകേന്ദ്രീകൃതമായ മാധ്യമം സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. പാഷനേറ്റായ സ്ത്രീകള്‍ക്ക് കുടുംബത്തിനൊപ്പമോ, അതിന് മുകളിലോ ആണ് ജോലിയെന്ന് തെളിയിച്ചു. ഒടുവില്‍ സ്ത്രീ ജീവനക്കാര്‍ക്ക് മാസത്തിലൊരിക്കല്‍ ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്‍റിനെ പ്രേരിപ്പിക്കത്തക്കവണ്ണം പത്പ, ദൃശ്യ മാദ്ധ്യമരംഗത്ത് സ്ത്രീകള്‍ നിര്‍ണായകമായി.
സമാധാനത്തിനുള്ള 2021ലെ നൊബേല്‍ സമ്മാനം നേടിയവര്‍ പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തകരാണെന്നതും അതിലൊരാള്‍ വനിതയാണെന്നതും പുതുതലമുറയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. നവമാദ്ധ്യമരംഗത്തെ മാറ്റത്തിന്‍റെ വിളംബരം കൂടിയാണത്. ഫിലിപ്പീന്‍സിലെ അന്വേഷണാത്മക ഓണ്‍ലൈന്‍ മാധ്യമമായ ‘റാപ്ലറി’ന്‍റെ സ്ഥാപകയായ മരിയ റെസയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് പുരസ്കാരത്തിലെത്തിച്ചത്. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡുട്ടെര്‍ട്ടിന്‍റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിച്ചുകണ്ടെത്തിയ ‘റാപ്ലര്‍’ എന്ന ന്യൂസ് വെബ്സൈറ്റിന്‍റെ (2012) സഹസ്ഥാപകയാണ് റെസ. സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിച്ച് അധികാരികള്‍ നടത്തിയ നുണപ്രചരണങ്ങളെയും അവര്‍ തുറന്നുകാട്ടി. ജനാധിപത്യത്തിനും ശാശ്വത സമാധാനത്തിനും അനിവാര്യമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഇരുവരും നടത്തിയ ധീരമായ പോരാട്ടത്തിനാണ് അംഗീകാരമെന്ന് നൊബേല്‍ സമ്മാന സമിതി അറിയിച്ചു. മാദ്ധ്യമ പ്രവര്‍ത്തനം തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിടുന്ന ലോകത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പൊരുതുന്ന എല്ലാ മാദ്ധ്യമപ്രവര്‍ത്തരുടെയും പ്രതിനിധികളാണ് ഇരുവരും. ആഗോള മാദ്ധ്യമ കൂട്ടായ്മയായ വാന്‍ ഇഫ്രയുടെ ഗോള്‍ഡന്‍ പെന്‍ ഓഫ് ഫ്രീഡം പുരസ്കാരവും മരിയ റെസയെ തേടിയെത്തി. 126 വര്‍ഷം പിന്നിടുന്ന നൊബേല്‍ സമ്മാന ചരിത്രത്തില്‍ പുരസ്കാരം നേടുന്ന 18ാമത്തെ വനിതയാണ് മരിയ റെസയെന്നത് പുരസ്കാരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
വെല്ലുവിളികളെ മറികടന്ന് ഇനിയുമേറെ വനിതകള്‍ക്ക് മാദ്ധ്യമരംഗത്ത് തങ്ങളുടെ കയ്യൊപ്പ് പതിപ്പിക്കാന്‍ സംഘടിതയുടെ മലയാള വനിതാ പത്രപ്രവര്‍ത്തനത്തിലൂടെയുള്ള ചരിത്രയാത്ര പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.

മഞ്ജു എം. ജോയ്
കേരളകൗമുദി
സീനിയര്‍ സബ് എഡിറ്റര്‍.

COMMENTS

COMMENT WITH EMAIL: 0