Homeകഥ

അടവുനയങ്ങള്‍


ട്ടയെ പിടിച്ച് മെത്തേ കെടുത്ത്യാലും അട്ട പൊട്ടക്കൊളം തേടി പോകും നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടും മലയിലെ പാറയിടുക്കില്‍ നിന്ന് ഒഴുകുന്ന നീരുറവയില്‍ നല്ലോര്‍മ തിരുകുന്ന ശാന്തയെ വേണ്ടപ്പെട്ടവര്‍ അങ്ങനെയാണ് കളിയാക്കുക. ‘ആയിക്കോട്ടെ’ എന്ന് അഭിമാനത്തോടെ പൊട്ടക്കുളം സ്വീകരിക്കും ശാന്ത .എന്നിട്ടോ 82 ന്‍റെ പഴക്കത്തിലും ശാന്തയുടെ ഓര്‍മ കെട്ടഴിഞ്ഞ പൈങ്കുട്ടിയെപ്പോലെ തുള്ളിച്ചാടി പായും .പഴകിയ ശരീരംകൊണ്ട് ഒപ്പം ഓടാന്‍ ആവാതെ ചിലപ്പോള്‍ ശാന്ത വലയും .അന്നത്തെ ഓട്ടം ഒരു ഗംഭീര പ്രകടനം ആയിരുന്നു ഒറ്റോട്ടത്തിന് ഒരു 64 കൊല്ലം ഓടി കിതച്ചു ചെന്ന് നിന്നു. കിടപ്പു കണ്ടവര്‍ സംഭ്രമിച്ചു കാണണം. നോക്കുമ്പോഴുണ്ട താ ശാന്ത നല്ല ചിരി .എങ്ങനെ ചിരക്കാതിരിക്കും ? അതല്ലേ കണ്ട കാഴ്ച ! നാടേറെ താണ്ടി കടല്‍ കടന്ന് ശാന്ത തന്‍റെ ഓര്‍മ പച്ചപ്പിലേക്ക് പതിയെ ഇറങ്ങി. ഇരിപ്പായി. കുറച്ചവിടെ തങ്ങണമെന്ന്കണക്ക്ക്കൂട്ടിയതുപോലെയുണ്ട് ആ ചിരി കണ്ടാല്‍ .

പുളുക്കഥ
പുസ്തകത്തിന്‍റെ നടുവില്‍ ഇരിക്കുകയാണ് ടീനേജ്കാരി ശാന്ത.ടെക്സ്റ്റ് ബുക്കുകളൊക്കെ നിരത്തിവെച്ച് അതിന്‍റെ ഉള്‍ച്ചട്ടയില്‍ ശാന്ത എഴുതി : ‘ലാന്‍ഡ് ട്രൈബ്യൂണല്‍ ‘വാക്ക് മറക്കാന്‍ പാടില്ല .നല്ല കിടിലന്‍ വാക്കാണ് .പറയുമ്പോള്‍ തന്നെ ഒരു പഞ്ചുണ്ട് . അന്ന് മുഴുവന്‍ അത് കാണാതെ പറഞ്ഞു പഠിച്ചു .ആ വാക്കോടെ താനൊരു രാജകുമാരിയായെന്ന് അവള്‍ വെറുതെ നടിച്ചു .ആ നാട്യത്തില്‍ മുത്തച്ഛന് വലിയ പങ്കുണ്ട് .കാടിനോടും കല്ലിനോടും മല്ലിട്ട് നേടിയതൊക്കെ നമ്മുടേതാക്കിയ കനമുള്ള വാക്കാണതെന്ന്ചാരുകസേരയിലിരുന്ന് തകരപ്പെട്ടിയിലേക്ക് ചില പേപ്പറുകള്‍ അടുക്കിവെച്ച് പൂട്ടി മുത്തച്ഛന്‍ പറഞ്ഞു ,ഡംഭിന് ഒരു വാക്കും കണ്ണെത്താത്ത ഭൂമിയും. ..പഠിപ്പുക്കാരെന്ന് അഹങ്കാരമുള്ള കൂട്ടുകാരികളോ ടൊക്കെ തലങ്ങും വിലങ്ങും ‘ ലാന്‍ഡ് ട്രൈബ്യൂണല്‍ ‘പറഞ്ഞു ശാന്ത . ‘ഇത് എന്താണപ്പാ ‘എന്ന് കൂട്ടുകാര്‍ പകച്ചു ‘പഠിക്കണേ പഠിക്കണം.കല്യാണം കഴിക്കണം. ‘ എന്നു പറഞ്ഞ് മന്ദരം മയങ്ങി നടക്കുന്ന സുന്ദരിക്കോതയോട് സംശയം ചോദിക്കാന്‍ അവരുടെ വലിയ പഠിപ്പ് സമ്മതിച്ചില്ല. തങ്ങളുടെ മികവിന് ഇടിവ് തട്ടും എന്ന് ഓര്‍ത്തിട്ടോ !എന്തോ?അവരാരും അത് എന്താണെന്ന് ചോദിച്ചതുമില്ല .ഭാഗ്യം ! പറഞ്ഞു കൊടുക്കാന്‍ ശാന്തയ്ക്കൊട്ട് അറിയേം ഇല്ല. ഇനി അറിഞ്ഞാലും അത് പറഞ്ഞു കൊടുക്കില്ല ശാന്ത . ഒരു വെടിക്ക് മരുന്ന് തന്‍റെ കയ്യിലും ഇരിക്കട്ടെ എന്ന്. പഠിക്കില്ലെങ്കിലും തന്നെ അവര്‍ കൂടെ കൊണ്ടുനടക്കുന്നത് കാണാന്‍ അല്‍പം ചന്തം ഉള്ളതുകൊണ്ടാണെന്ന് ശാന്തയ്ക്കറിയാം. താന്‍ ഒപ്പമുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ ഒക്കെ മിണ്ടിയും പറഞ്ഞും തങ്ങളുടെ ഗേങ്ങിലേക്ക് വരും .അതിനുള്ള അടവാണ്. ആണ്‍കുട്ടികളെ വാലാക്കുന്നതില്‍ പഠിപ്പിനൊന്നുംവലിയ കാര്യമില്ല. കൂട്ടുകാര്‍ക്ക് അവരുടെ ചൂണ്ടയില്‍ കാമുകന്മാര്‍ വന്നു കൊളുത്താനുള്ള ഇരയായിട്ടാണ് തന്നെ കാണുന്നത്.. ചേട്ടന്‍മാര്‍ ചൂണ്ടയില്‍ ഇര കൊളുത്തിമീന്‍ പിടിക്കുന്നതാണ് അപ്പോള്‍ ശാന്തയുടെ ഓര്‍മയില്‍ വരിക.’അയ്യേ ഞാന്‍ ഇരയൊന്നുമല്ല ‘ എന്ന് വഴുവഴുപ്പോടെ ആ ഉപമ തന്നെ ഛര്‍ദ്ദിക്കും ശാന്ത .ക്ലാസ്സിനു പുറത്ത് വായേനോട്ടം തകൃതിയില്‍ നടക്കുമ്പോള്‍ ശാന്തയാണ് താരം ..എന്നാല്‍ പഠിക്കാന്‍ ബുദ്ധി ഇല്ലാത്തവര്‍ക്ക് ക്ലാസ്സ് മുറി വലിയ ഏനക്കേട. പിന്നെ വിലാസിനി ടീച്ചറുടെ ഭൂമിശാസ്ത്ര ക്ലാസിലാണ് ഒന്ന് തലപൊക്കാന്‍ പറ്റുക . സഹ്യപര്‍വ്വതത്തിനെകുറിച്ച് എപ്പോള്‍ പറഞ്ഞാലും ശാന്തയൊന്ന് തല നീര്‍ത്തിക്കോട്ടെ എന്ന് കരുതിയാവും ടീച്ചര്‍ പറയും : ‘സഹ്യപര്‍വ്വതത്തിന്‍റെ ഒരു ഭാഗം നമ്മുടെ ശാന്തേടെ വീടിന്‍റെ അടുത്താ ‘ .അതോടെ എല്ലാവരും ശാന്തയെ ഒന്ന്. നോക്കും. വീട്ടില്‍ എല്ലാവരും പണിക്കിറങ്ങുമ്പോള്‍ പെങ്കൊച്ച് വീട്ടില്‍ ഒറ്റയ്ക്കാവണ്ട . എന്നു കരുതി മാത്രമാണ് തന്നെ പട്ടണത്തില്‍ സ്കൂളില്‍ ആക്കിയത് .അല്ലാതെ താന്‍ പഠിക്കാന്‍ അത്ര പോര ,എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരും അംഗീകരിച്ച ഒരു കാര്യത്തില്‍ പിന്നെ കൂടുതല്‍ ഒന്ന് ശ്രമിക്കാന്‍ ഇല്ലെന്ന് ശാന്തയും ഉറപ്പിച്ചു ..അതുകൊണ്ട് ശാന്തയ്ക്ക് പഠിപ്പിന്‍റെ കാര്യത്തില്‍ വലിയ ബേജാറില്ല.എങ്കിലും നില്‍ക്കുന്നിടത്ത് ഒരു മതിപ്പ് ഒക്കെ വേണ്ടെ. പഠനത്തില്‍ ഏഴാങ്കൂലിയാണെങ്കിലും കൂട്ടുകാരുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പ് – ..അങ്ങനെയും പറഞ്ഞൂട – ആലാസ്സ്ക്കയറിന്‍റെ ശക്തിയുണ്ട് തന്‍റെ പുളുക്കഥകള്‍ക്ക് .
. ചാക്ക് കണക്കിമ്പുളുക്കഥ തന്‍റെ കയ്യിലുണ്ടെന്നാണ് കൂട്ടുകാരികള്‍ മതിപ്പോടെ പറയുക.അത് പതിയെ കൊടഞ്ഞിട്ട് ഹോസ്റ്റലിലെ സന്ധ്യാനേരങ്ങളിലെ വര്‍ത്തമാനം കൊഴുപ്പിച്ചെടുക്കും ശാന്ത. ശാന്തയുടെ ചുരുണ്ട മുടിയില്‍ കൈവെച്ച് കാച്ചിയ എണ്ണയും മണപ്പിച്ച് ഇരിക്കും സുകന്യ. വായില്‍ നിന്ന് വീഴുന്നത് അങ്ങനെ തന്നെ പിടിക്കാന്‍ കാത്ത് സോമു .പിന്നെ ചുറ്റും മറ്റുള്ളവരും. എണ്ണ കാച്ചുന്ന കഥ കേള്‍ക്കാന്‍ ഡോളിക്കാണ് ഏറെയിഷ്ടം, കാതലുള്ള മരത്തിന്‍റെ വിറക് കത്തിച്ച് കനലാക്കി.. ഇങ്ങനെ തുടങ്ങും ശാന്ത. ചെവി കൂര്‍മ്മിച്ച് എണ്ണ കാണാത്ത ചപ്ര മുടിയുമായി കൂട്ടുകാര്‍ ചുറ്റും കൂടും. ശാന്ത തുടരും.അടുപ്പില്‍ കനല്‍ നിറയ്ക്കും. തേങ്ങാപ്പാല് തെളിയിച്ചെടുത്ത വെളിച്ചെണ്ണയില്‍ പത്തിലച്ചാറ് ചേര്‍ക്കും പതുക്കെ ഇളക്കി അരക്കു പാകമാക്കും. അപ്പോഴേക്കും അടുപ്പും കാച്ചുന്ന അമ്മൂമ്മയുടെ മുഖവും ഒരുപോലെ ചുവക്കും എന്നു പറഞ്ഞ് ശാന്ത തന്‍റെ മുഖം അമര്‍ത്തി തുടയ്ക്കും. അഞ്ജനക്കല്ലും പച്ച കര്‍പ്പൂരവും ചേര്‍ത്തിറക്കും. ശാന്തയുടെ മുടി മണത്ത് കാച്ചിയിറക്കിയ എണ്ണയുടെ മണം പിടിക്കും ലീല . .മറ്റൊരിക്കല്‍ സന്ധ്യാചര്‍ച്ചയില്‍ ഞവുണിക്ക ചുട്ട കഥയായിരുന്നു. പാടവരമ്പത്തു നിന്ന് പാവാട നിറയെ ഞവുണിക്ക പറക്കി പറപ്പുറത്ത് കനലിലിട്ട് ചുട്ടെടുത്ത കഥ . ഞവുണിക്കയുടെ കക്ക ഞങ്ങള്‍ കളിക്കുമ്പോള്‍ കിണ്ടിയാക്കും എന്നു പറഞ്ഞതും സുകന്യ പിണങ്ങിപ്പോയി. പണ്ട് നാട്ടില്‍ കേട്ട ‘കിണ്ടിയുടെ മക്കള്‍, എന്ന കഥ എല്ലാവരും കേള്‍ക്കേ പറഞ്ഞു കൊടുത്തതാണ് പ്രശ്നമായത്. കഥ പറയുമ്പോള്‍ ജാതിയൊന്നും ശ്രദ്ധിക്കാറില്ല ശാന്ത. ഒരു രസം. മാത്രവുമല്ല വല്ലാണ്ട് മര്‍മം നോക്കിയാല്‍ കയ്യിലെ കോപ്പ് കുറയും. പുസ്തകത്തിലില്ലാത്ത ഇത്തരം നുറുങ്ങുകള്‍ കൊണ്ടാണ് പഠിപ്പുക്കാര് കൂട്ടുകാരികളുടെ അടുത്ത് പിടിച്ചു നില്‍ക്കുന്നത്. അതുകൊണ്ടാണ് ചിരിച്ചു കൊണ്ട് കുഞ്ഞുണ്ണൂലി അമ്മയോട് പറഞ്ഞ കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞത്. നായര്‍ തറവാടായ വലിയക്കുന്നത്തെ രേവമ്മയുടെ വീട്ടില്‍ നിന്ന് മനയ്ക്കലെ നമ്പൂതിരി കരഞ്ഞോണ്ട് പോയ കഥ-ഒരു ദിവസം സന്ധ്യയ്ക്ക് നമ്പൂരി ശ്ലോകം ചൊല്ലിക്കൊണ്ട് ശൃഗാരം ചവയ്ച്ച് ചവിട്ട് കല്ലോളം എത്തിയപ്പോള്‍ കിണ്ടി വെള്ളം ഇല്ല്യാത്രെ. കിണ്ടി വെള്ളം ഉണ്ടെങ്കിലേ നമ്പൂതിരിക്ക് സ്വീകാര്യത ഉള്ളു. അകത്തേക്ക് പ്രവേശിക്കാവു.അപ്പോള്‍ കിണ്ടിയില്ല എന്നത് ഒരു തരം ‘ഒഴിമുറി തന്നെ. എല്ലാമറിയാമായിരുന്നിട്ടും മറന്നതാണങ്കിലോ. എന്ന് വെറുതെ പ്രതീക്ഷിച്ച് കുറച്ച് കാത്തു. തോളിലെ തോര്‍ത്തെടുത്ത് നിറഞ്ഞൊഴുകുന്ന കണ്ണുതുടച്ച് മാവിന്‍ച്ചോട്ടില്‍ കുറച്ചങ്ങനെ നിന്നു. തട്ടിന്‍മേലെ ജനലടയ്ക്കുന്ന ശബ്ദം കൂടി കേട്ടപ്പോള്‍ ആള് വേറെ കേറി എന്ന് ബോധിച്ചു.കാല്‍ നീട്ടി വെച്ച് നടന്ന് തിരിച്ചുപ്പോയി. ഇത്രയും കൂടി പറഞ്ഞാണ് ശാന്ത അത് അവസാനിപ്പിച്ചത്. ‘അതുകൊണ്ട് അവിടെ ചില വീടുകളിലെ കുട്ടികളെ എന്‍റെ അമ്മൂമ്മയൊക്കെ കിണ്ടിവെള്ളത്തിന്‍റെ മക്കള്‍ എന്ന് അടക്കംപറയും ‘ ഇതു പറഞ്ഞ് ശാന്ത കുടുകുടാ ചിരിച്ചു. ലീലയും സാവിത്രിയും സൈനാത്തുവും തൂണില്‍ മുഖമമര്‍ത്തി ചിരിച്ചു സുകന്യ പെട്ടെന്ന് മുറിയ്ക്കകത്തേക്ക് പോയി. കുറേ ഓര്‍ത്തപ്പോള്‍ കാര്യം പിടി കിട്ടി. സുകന്യ നായരാണെന്നു ഓര്‍ക്കാന്‍പോയിട്ട് പഠിക്കുമ്പോള്‍ ആര്‍ക്കെങ്കിലുമുണ്ടോ ജാതി ! എല്ലാവരും ഒന്നു പോലെ. ജാതിയൊക്കെ പിന്നെയല്ലേ ജീവിതത്തിലേക്ക് കയറി വന്ന് അരങ്ങു വാഴുക. മുതിര്‍ന്നവര്‍ പറഞ്ഞു തരുന്ന സംഭവവമായതുകൊണ്ടാണ് ചില കഥകളില്‍ ജാതിയൊക്കെ ഇങ്ങനെ വലിഞ്ഞു കയറി വരുന്നത്.അതില്‍ പിന്നെ ശ്രദ്ധിക്കാറുണ്ട്. രസിക്കാന്‍ പറയുമ്പോള്‍ വേറൊരാള്‍ക്ക് രസക്കേടുണ്ടാവാന്‍ പാടില്ലല്ലോ. പിന്നെ ഇപ്പോഴാണ് നാവില്‍ സന്ദര്‍ഭവശാല്‍ ഒരു കിണ്ടി വന്ന് പെട്ടത്. ശാന്തയ്ക്ക് പ്രയാസം തോന്നി. ആലോചനക്കുറവ് തന്നെ
കിഴക്കുനിന്ന് പടിഞ്ഞാട്ടേയ്ക്ക്
പരീക്ഷാച്ചൂടില്‍ .പുളുക്കഥകള്‍ക്ക് ശ്രോതാക്കള്‍ ഇല്ലാതായ മീനമാസത്തിലെ ഒരു ഉച്ചസമയത്താണ് കുഞ്ഞാഞ്ഞ ഹോസ്റ്റലില്‍ വന്നത്. ‘സാധനങ്ങളൊക്കെ ‘പേക്ക് ചെയ്തോ പോകാന്‍ ‘ എന്നു പറഞ്ഞപ്പോള്‍ പരീക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷമായിരുന്നു. രായ്പ്പന്‍ പടിയില്‍ വണ്ടിയിറങ്ങുമ്പോള്‍ നേരം ഇരുട്ടി. പിന്നെ തോട്ടു വരമ്പത്തൂടെ കുറേ നീങ്ങണം. തീപ്പാല പൂക്കള്‍ കത്തിച്ച ബള്‍ബു പോലെ തോട്ടിലെ വെള്ളത്തില്‍ പ്രകാശിച്ചു. അതില്‍ നോക്കിയാണ് നടന്നത്. വൈകിച്ചെന്നതിനാല്‍ കിണറ്റിന്‍ കരയിലാണ് കുളിച്ചത്. അടുക്കളയില്‍ ചെന്നപ്പോള്‍ ഉമിയിട്ട് കാച്ചിയ പാല് ഉറ കാത്ത് കിടക്കുന്നു , ചൂണ്ടുവിരല്‍ ഒറ്റ ഇറക്കല്‍ കലത്തിലേക്ക്. മീന്‍കൊത്തിയെടുത്ത പൊന്‍മയെ പോലെ വിരല്‍ ഒരു ഉയര്‍ക്കല്‍. നേരെ വായിലേക്ക്. വായിലൊതുങ്ങാതെ പാട ഞാണ്ടു കിടന്നു. ആദ്യം അല്പം ഒതുങ്ങിയും പിന്നെ വികസിച്ചും പിന്നെ നീളനേ ഒന്നു പതുങ്ങിയും പാല്‍പ്പാട അന്തരീക്ഷത്തില്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തു. കാഴ്ച കണ്ടു വന്ന മുത്തശ്ശി നേരെ ഉമ്മറത്തേക്ക് പോയി. തിണ്ണയിലിരുന്ന് മുത്തച്ഛനോട് പറഞ്ഞു ‘ ഇതിനെയാണോ? നിങ്ങള് കെട്ടിക്കാന്‍ പോണേ?
എടവം ഗുണം പോര . മേടത്തില്‍ ചെക്കന്‍റെ ജന്മമാസം. മീനത്തിലാവാന്ന് വെച്ചു. കല്യാണം കഴിഞ്ഞതുകൊണ്ട് ‘തോറ്റു , എന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു. എന്ന വലിയ ഗുണമാണ് ശാന്തയ്ക്ക് അപ്പോള്‍ അനുഭവപ്പെട്ടത്. പരീക്ഷ എഴുതിയാലല്ലേ തോല്‍ക്കൂ ജീവിതത്തിന് തോല്‍വി -ജയം എന്നൊക്കെ ഉണ്ടെന്ന് ശാന്ത അപ്പോള്‍ ഓര്‍ത്തിട്ടേയില്ല. പത്ത് – വരെ – പഠിച്ച പെണ്ണ്, സുന്ദരി, പെണ്ണിനൊത്ത പൊന്ന്. ഇങ്ങനെ ചില ഗമയോടു കൂടിയാണ് കിഴക്കുനിന്ന് അല്പം പടിഞ്ഞാട്ടേയ്ക്ക് പെണ്ണെടുത്ത ശാന്തയുടെ നടപ്പ്. നാല് ആണ്‍ മക്കളില്‍ താഴെയുള്ള ആളാണ് മണവാളന്‍ ചെക്കന്‍. വന്നു കയറിയ പെണ്ണുങ്ങളില്‍ പലതു കൊണ്ടുംമുന്തിയതാണ് താനെന്ന് ശാന്തയ്ക്ക്സ്വയം ബോധ്യപ്പെട്ടതല്ലാതെ ചേട്ടത്തിമാരാരും തന്നെ ഗൗനിക്കുന്നില്ലെന്ന് ശാന്ത ശ്രദ്ധിച്ചു. മണവാളന്‍ ചെക്കനോട് അതൊന്ന് സൂചിപ്പിക്കുകയും ചെയ്തു. ‘നീ മുട്ടിന് മുട്ടിന് ആ പഴഞ്ചൊല്ലു പറച്ചില് നിര്‍ത്ത്. പിന്നെ കാച്ചിയ എണ്ണയും ഇങ്ങനെ കോരി തലേലൊഴിക്കണ്ട ദാ, ഇതൊക്കെ പുരട്ട് ‘ . ശാന്ത അത് ശ്രദ്ധിച്ചിരുന്നു പെട്ടിയുടെ അടിയില്‍ സെറ്റ് കുപ്പി. ശാന്തയ്ക്ക് അത് അറപ്പാണ്. അറബി മൂത്രമാണ് അതെന്ന് അവള്‍ എവിടെയോ കേട്ട് വിശ്വസിച്ചു. ‘അയ്യേ, എന്നവള്‍ മൂക്കുപൊത്തി. റേഡിയോ ആണ് ഇവിടെ ആകര്‍ഷകമായി അവള്‍ക്ക് തോന്നിയത്. അത് കയ്യാലയിലാണ്. ഉച്ചയ്ക്ക് ചേട്ടത്തിമാരെല്ലാം കുളിച്ച മുടി അഴിച്ച് നീട്ടിയിട്ട് തല കൈതണ്ടയില്‍ പണയം വെച്ച് ഓരം ചെരിഞ്ഞ് ഒരു കിടപ്പാ റേഡിയോക്ക് ചുറ്റും. ശബ്ദം വരെ പിന്നെ ചോര്‍ന്നു കിട്ടില്ല. ‘കിഴക്കത്തിയല്ലേ അതിന് ഇതൊന്നും പിടിക്കില്ല ‘ ഒരു ദിവസം റേഡിയോ കേള്‍ക്കാന്‍ ചെന്നപ്പോഴാണ് തന്നെ കുറിച്ച് ഏടത്തിമാരുടെ കമന്‍റ് നേരെ കേട്ടത്. ഇതോടെയാണ് കിഴക്കും പടിഞ്ഞാറും തമ്മില്‍ ഇത്ര വ്യത്യാസമുണ്ടെന്ന് ശാന്ത അറിഞ്ഞത്. അല്ലെങ്കില്‍ അങ്ങനെയൊക്കെയുണ്ടോ? നില്ക്കുന്നിടത്ത് നിന്ന് അല്പം നീങ്ങി നിന്നാല്‍ നില്‍ക്കുന്ന കിഴക്ക് പടിഞ്ഞാറാകും. തിരിച്ചായാല്‍ പടിഞ്ഞാറ് കിഴക്കും എന്നിട്ടാണ്. പട്ടണത്തിലെ അധ്യാപകര്‍ പോലും കിഴക്കന്‍ മലയിലെ എത്ര വിശേഷങ്ങളാ ചോദിച്ചറിയുക. പിന്നെയല്ലേ പത്ത് വരെപോലും പഠിക്കാത്ത ഇവര്‍. അറബീ മൂത്രാ തെളിച്ചാല്‍ ഇത്ര ഗമ വര്വോ ? സൂര്യനുദിക്കുന്നത് കിഴക്ക്, മലകള്‍ കിഴക്ക് .നദികള്‍ കിഴക്കുനിന്ന് എന്നിട്ട് കിഴക്കിന് എന്താ ഇത്ര അയിത്തം ആവോ? ചോദിക്കണമെന്ന് തോന്നിയതാ ? വേണ്ടെന്ന് സ്വയം നിയന്ത്രിച്ചു. കിഴക്കത്ത്യാത്രെ കിഴക്കത്തി. കുളിക്കാനും അമ്പലത്തീ പോകാനും തന്നെ കൂട്ടു വിളിക്കാത്തതിന്‍റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത്. . ‘വടക്കൊള്ളോനെ വഴീ കാണണം
തെക്കൊള്ളോനെ വീട്ടില്‍ കാണണം’
എന്നൊക്കെ ദിക്കുകളെയും തദ്ദേശവാസികളെയും ചേര്‍ത്തു പരാമര്‍ശങ്ങള്‍ കേട്ടിരിക്കുന്നു. വീട്ടില്‍ സ്വത്തുവകയില്ലെങ്കിലും ആര്‍ഭാടത്തോടെ പുറത്തിറങ്ങുമെത്രെ വടക്കുള്ളോര്. തെക്കൊള്ളോരാകട്ടെ വീട്ടില്‍ എത്ര വകയുണ്ടെങ്കിലും പുറത്തിറങ്ങുമ്പോള്‍ ആര്‍ഭാടമേ കാണിക്കില്ല. ഇതൊക്കെ കേട്ടിരിക്കുന്നു.അവിടെയൊന്നും കിഴക്ക് ഇത്ര വെടക്കാണെന്ന് കേട്ടിട്ടേ ഇല്ല. മണവാളന്‍ ചെക്കനും എന്തോ അഭിപ്രായക്കുറവുണ്ട്. നേരിട്ടു പറയാതെ പഴഞ്ചൊല്ലിലും കാച്ചിയ എണ്ണയിലും തൊട്ട് തെറിപ്പിച്ച് അങ്ങനെ അവസാനിപ്പിച്ചൂന്നെ ഉള്ളു. ഇത്രയും ആയപ്പോള്‍ കല്യാണത്തിലും ഭേദം പത്തില് തോല്‍ക്ക്വായിരുന്നു , നല്ലത് എന്ന് ശാന്തക്ക് തോന്നാന്‍ തുടങ്ങി.

മുറിയിഗ്ലീഷ്
വീര്‍പ്പുമുട്ടി നില്‍ക്കുമ്പോഴാണ് സുഖാന്വേഷണവുമായി അച്ഛന്‍റെ വരവ്. അപ്പോഴേയ്ക്കും കിഴക്കിന്‍റെ ദോഷം കേട്ട് ശാന്ത വല്ലാണ്ടായ് കഴിഞ്ഞിരുന്നു. കൂട്ടുകാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും എങ്ങനെ കഴിഞ്ഞതാണ്. മണവാളന്‍ ചെക്കന്‍റെ പെരുമാറ്റം കാണുമ്പോള്‍ വീട്ടില്‍ചക്കി പെണ്ണ്ബ്രാല് ഉരയ്ക്കുന്ന ഓര്‍മയാണ് വരിക. ചേട്ടത്തിമാരോളം തന്നെപരിഷ്ക്യതയാക്കാന്‍ ഉള്ള ശ്രമമാണ്. സ്വത്വം ഇളക്കി മാറ്റുന്ന നീറ്റല്‍ സഹിക്കാനാവാതെ ശാന്ത പുളഞ്ഞു. ഇനിയും ഇവിടെ തങ്ങിയാല്‍ താന്‍ താനല്ലാതാവും.
മണവാളന്‍ചെക്കനില്ലാതെ അച്ഛനോടൊപ്പംശാന്ത കയറി ചെന്നപ്പോള്‍ നാട്ടുനടപ്പിന് ചേരാത്ത കാഴ്ച കണ്ട് വീട്ടിലുള്ളവര്‍ അമ്പരന്നു. പുതുമോടി മാറാതെ ബമണവാളന്‍ ചെക്കനില്ലാതെ ….. . അച്ഛന്‍ കാര്യം വിശദീകരിച്ചു. അച്ഛനും തിടുക്കത്തിലുള്ള തന്‍റെ വരവില്‍ സംശയമുണ്ട്. എങ്കിലും വീട്ടുകാരുടെ വലിയ അമ്പരപ്പൊന്ന് മാറിക്കോട്ടെ എന്ന് കരുത്യാവും ഇങ്ങനെ പറഞ്ഞു. .അവള്‍ വാശി പിടച്ചു എന്നാല്‍ ഒന്ന് കൊണ്ടോയ്ക്കോളൂ എന്ന് അവരും പറഞ്ഞു ‘ ഇതു കേട്ട് എല്ലാവരും തല്‍ക്കാലം ആശ്വസിച്ചു. ശാന്ത ഉള്ളില്‍ പറഞ്ഞു. ‘ഒന്ന് കൊണ്ടോയ്ക്കോളൂ എന്നല്ല. രണ്ടാമത് കൊണ്ടോവാന്‍ ഞാനിനി അങ്ങട്ട് പോയീട്ടു വേണ്ടേ’. കുട്ടിയുടെ തനിച്ചുള്ള വരവും ഉത്സാഹമില്ലായ്മയും വീട്ടില്‍ എല്ലാവരിലും സങ്കടവും സംശയവും നിറച്ചു. ആരോഗ്യമുള്ളവനെങ്കിലും മണവാളന്‍ ചെക്കനെ തലങ്ങും വിലങ്ങും സംശയിച്ചു. മുതിര്‍ന്നവര്‍ക്കിടയില്‍ അടക്കം പറച്ചിലുകള്‍ നടക്കുന്നുണ്ടെങ്കിലും ആരും ഒന്നും ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒരൊറ്റ മറുപടിയില്‍ പ്രതീക്ഷ അസ്തമിക്കാതിരിക്കാന്‍ അവര്‍ ഓരോരുത്തരും ചോദ്യത്തെ ഉള്ളില്‍ തന്നെ പിടിച്ചു വയ്ച്ചു.
കുടുബത്തില്‍ പഠിപ്പും ഉദ്യോഗവും അംഗീകാരവുമുള്ള സുഭദ്രേടത്തി ശാന്തയെ പാടത്തും പറമ്പിലും നടത്തിച്ച് പ്രസരിപ്പ് വീണ്ടെടുത്തു. പതിയെ പ്രശ്നാന്വേഷണത്തിന്‍റെ സൂചികേറ്റി. രഹസ്യം ചോര്‍ത്തി. കുളത്തില്‍ നീന്തിക്കളിച്ച് അല്പനേരം അലക്കു കല്ലില്‍ വിശ്രമിക്കുകയാണ് ശാന്തയും സുഭദ്രേടത്തിയും. ഒരു കൈ കൊണ്ട് വെള്ളം പതിയെ തട്ടി തെറിപ്പിച്ച് അല്പം ലാസ്യഭാവത്തോടെ വേണ്ടതൊക്കെ മംഗളമായ് തന്നെ നടന്നിട്ടുണ്ടെന്ന് മുക്കിയും മൂളിയും ശാന്ത പറഞ്ഞു. അപ്പോള്‍ പിന്നെ ചെറുകിട സംശയങ്ങളിലേക്കായി. ഒടുവില്‍ കിഴക്കത്തിയുടെ രഹസ്യം ചോര്‍ന്നു കിട്ടി. ഓ അതാണോ . കാര്യം. സുഭദ്രേടത്തി കുലുങ്ങി ചിരിച്ചു. തമാശയിലുപരി കാര്യം നിസ്സാരമാണെന്ന് ശാന്തയെ ബോധ്യപ്പെടുത്താന്‍ കൂടി ആയിരുന്നു ആ ചിരി. ‘നീ പണ്ടു പറയാറില്ലേ ടൗണിലെ സ്കൂളില്‍ പിടിച്ചു നില്‍ക്കാന്‍ മലയിലെ വിശേഷങ്ങള്‍ വിളമ്പല് . ആ കാട്ടിയ നമ്പറൊന്നു തിരിച്ചിട്ടാ മതി. ‘ അതിനുള്ള മരുന്ന് താന്‍ പറഞ്ഞു തരാം എന്നായി സുഭദ്രേടത്തി. എന്നിട്ടോ കുറച്ച് ഇംഗ്ലീഷ് വാക്ക് എഴുതി കൊടുത്തു സുഭദ്രേടത്തി. ‘പഠിക്കാന്‍ വിടുമ്പോഴേ പഠിക്കണം ‘ എന്നു പറഞ്ഞ് തലയ്ക്കല്‍ ഒരു കിഴുക്കും.
പാടത്ത് നിന്ന് വന്നു കയറിയതേ ഉള്ളു മണവാളന്‍ ചെക്കന്‍. ശാന്തയെ കണ്ട് ചോദിച്ചു ‘എപ്പോ വന്നു “ജസ്റ്റ് എത്തിയതേയുള്ളു ‘
എന്തോ കേട്ടിട്ടെന്നോണം അടുക്കളയില്‍ നിന്ന് മൂത്തചേട്ടത്തി എത്തി നോക്കി ‘എന്തുണ്ട് അവിടെ വിശേഷം ‘
‘ ഓ അവര് ബിസിയാ കൊയ്ത്ത് നടക്കല്ലേ’
ആരുടെ കയ്യില്‍ നിന്നാണ് അടുക്കളയില്‍ പാത്രം വീണ്ത്?.
‘കൃഷിയൊക്കെ നന്നായോ?’
‘ക്ലമറ്റ് മോശായിരുന്നില്ലേ വിളവ് പോരാ ‘
ഇതു കൂടികേട്ടപ്പോള്‍ ശരിക്കും അന്തം വിട്ടത് മണവാളന്‍ ചെക്കന്‍ തന്നെയാണ്. കുറച്ചുകാലത്തെ വിരഹത്തില്‍ ഇപ്പോള്‍ തോന്നിയ പെട്ടെന്നുണ്ടായ സന്തോഷവും ഉള്‍ച്ചേര്‍ന്നപ്പോള്‍ മണവാളന്‍ ചെക്കന്‍ കൈ നീട്ടി ശാന്തയെ പിടിക്കാന്‍ ഓങ്ങി. ‘ പോയി ഫ്രെഷ് ആയിട്ടു വരു’ എന്നായി ശാന്ത .
കുറച്ചു നാളുകള്‍ക്കുള്ളില്‍ ഫാമിലി, കംഫര്‍ട്ട്, എന്‍ജോയ്മെന്‍റ്, ഫീലിംങ്സ് . സീരിയസ് , എന്നീ വാക്കുകളൊക്കെ ഏതാണ്ട് വേണ്ട സ്ഥാനങ്ങളില്‍ തന്നെ പറഞ്ഞു ഫലിപ്പിച്ചു ശാന്ത …അതോടെ താനേ ഒരു റെസ്പെക്റ്റ് തനിക്കു ചേട്ടത്തിമാര്‍ തരുന്നുണ്ടെന്ന് ഒരു വലിയ തമാശയായി ശാന്ത കണ്ടു. മണവാളന്‍ ചെക്കന്‍റെ മുഖത്തും വല്ലാത്ത മതിപ്പ്. അതില്‍ പിന്നെ ദാമ്പത്യ ജീവിതത്തിന്‍റെ ബാലാരിഷ്ടതകള്‍ . പിന്നിടുവോളം മുറിയി ഗ്ലീഷുകൊണ്ട് ഡംഭുകാരുടെ മനം നിറച്ച് പുച്ഛം ഉള്ളിലൊതുക്കി കിഴക്കുനിന്ന് പടിഞ്ഞാട്ട് കുറേ നടന്നു ശാന്ത .പെണ്ണിന് ജനിച്ചാല്‍ മരിക്കോളം എത്ര തവണ പടം പൊഴിക്കേണ്ടിവരുമെന്ന് ആര്‍ക്കറിയാം. മാറ്റങ്ങളെല്ലാം ്യു കഴും താഴത്ത് പട്ടി നില്‍ക്കുന്ന പോലെ പുറത്ത് തക്കം പാര്‍ത്ത് ആര്‍ത്തിയോടെ നിന്നു. ഒരിക്കലും . അകത്ത് കയറ്റാന്‍ ശാന്ത കൂട്ടാക്കിയതേ ഇല്ല.

നൊസ്റ്റാള്‍ജിയ
ഓര്‍മയുടെ പൈക്ക്ടാവ് ചാടി തുള്ളി കടലുകള്‍ കടന്ന് തിരിച്ച് വെര്‍ജീനിയയിലെത്തി. കിഴക്കന്‍ മലയിലെ ചൂടും ചൂരുമായി ശാന്തയെ തൊട്ടുരുമ്മി നിന്നു . 82ലും യൗവനത്തിന്‍റെ പ്രസരിപ്പ് ശാന്തയില്‍ തിളങ്ങി. നന്നായ് ചിരിച്ചു .പേരക്കുട്ടി എത്തിച്ചു നോക്കി ‘ഡാഡി ലുക്ക് , ഗ്രാന്‍മ ഈസ് സ്മൈലിങ് ! ‘
അമ്മയുടെ മനസ്സറിഞ്ഞ മകന്‍ ക്ഷമാപണത്തോടെ പറഞ്ഞു. ‘ദെന്‍ ഷി ഈസ് നോട്ട് ഹിയര്‍ ‘
‘ബട്ട് ദേര്‍ ‘
‘ ഇന്‍ ഹേര്‍ ഈസ്റ്റേണ്‍ മെമ്മറീസ് ‘ .
അമ്മയ്ക്ക് അവസാനക്കാലം നാട്ടില്‍ കഴിക്കണമെന്നാണ്. നടത്തിക്കൊടുക്കാന്‍ കഴിയുന്നില്ലല്ലോ!ഓര്‍മകള്‍ പതപ്പിച്ച് ആഗ്രഹങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കുറേയൊക്കെ കഴിയുന്നുണ്ടാവും അമ്മയ്ക്ക് . അങ്ങനെആശ്വസിക്കുവാനേ മകനപ്പോള്‍ നിവൃത്തി ഉണ്ടായിരുന്നുള്ളു.

 

ഷീല എന്‍.കെ.

COMMENTS

COMMENT WITH EMAIL: 0