Homeചർച്ചാവിഷയം

ആദിവാസി സ്ത്രീകളും ബസ്തറിലെ സായുധപോരും

ബേലാ ഭാട്ടിയ

ഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സായുധ കലാപങ്ങളാല്‍ പ്രക്ഷുബ്ധമായ തെക്കന്‍ ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷന്‍ ഒരിക്കല്‍ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന ഒരു സ്ഥലമായിരുന്നു എന്ന സങ്കല്‍ല്പം പോലും ഇന്ന് നമുക്ക് അന്യമായി തീര്‍ന്നിരിക്കുന്നു. പോലീസും ഇന്ത്യന്‍ അര്‍ദ്ധസൈനികവിഭാഗവും സുരക്ഷാസേനയും ഒരുവശത്തും സായുധരായ മാവോയിസ്റ്റ് പോരാളികള്‍ മറുവശത്തുമായി ഇക്കാലയളവില്‍ ബസ്തറില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ പലതും നടന്നിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സൈനികരെ വിന്യാസിച്ചിരിക്കുന്ന ബസ്തര്‍ ഇന്ന് ഇന്ത്യ മഹാരാജ്യത്തിലെ തന്നെ ഏറ്റവും വലിയ മിലിറ്ററൈസ്ഡ് പ്രദേശങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഏഴുജില്ലകളിലല്‍ പ്രധാനമായും നാലായി വിഭജിച്ച പ്രദേശങ്ങളിലല്‍ (ബിജാപൂര്‍, ടാങ്കര്‍വാല, സുകുമ, നാരായണ്‍പൂര്‍) മാവോയിസ്റ്റ് സ്വാധീനതയും നിയന്ത്രണങ്ങളുമുള്ള ഗ്രാമാതിര്‍ത്തികളില്‍ ഈ സേനാവിഭാഗങ്ങളെ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വിന്യസിച്ചിരിക്കുന്നു.

രണ്ടായിരമാണ്ടിന്‍റെ മധ്യത്തോടുകൂടി മാവോയിസ്റ്റുകളെ രാജ്യത്തിനകത്തെ ഏറ്റവും വലിയ ആഭ്യന്തര തീവ്രവാദികളും ഭീഷണിയുമായി പ്രഖ്യാപിക്കുന്ന സാഹചര്യം വരികയും സര്‍ക്കാര്‍ തന്നെ ഇത്തരത്തിലുള്ള കലാപങ്ങളെ ന്യായീകരിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഏതാണ്ട് ഇതേ കാലയളവില്‍ തന്നെ സംസ്ഥാന സര്‍ക്കാരും പല പ്രമുഖ ഖനന വ്യവസായ സംരംഭകരും തമ്മില്‍ ഒപ്പുവച്ച കരാര്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. പൊതുജനസമക്ഷം വന്ന ഇത്തരം വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് പ്രത്യക്ഷത്തില്‍ ബാധിക്കുന്നവരെ സംബന്ധിച്ചെടത്തോളം അജ്ഞാതവും അപ്രാപ്യവുമായിരുന്നു. സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്ന അഹിംസാത്മകവും ഹിംസാത്മകവുമായിട്ടുള്ള എല്ലാ പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രശ്രദ്ധപുലര്‍ത്തി.

ആകസ്മികമായോ മന്ദഗതിയിലോ ജനജീവിതത്തെ കഷ്ണം കഷ്ണമായി കവര്‍ന്നെടുക്കുന്ന രീതിയിലുള്ള പലപല പദ്ധതികളാല്‍ സമ്പന്നമാണ് ബൃഹത്തായ പല യുദ്ധങ്ങളും (കലാപങ്ങളും). 2005ല്‍ ആരംഭിച്ച സല്‍വ ജുഡും (ഗോണ്ടിയിലെശുദ്ധീകരണ യഞ്ജം) ആയിരുന്നു ഈ സുദീര്‍ഘമായ കലാപത്തിന്‍റെ പ്രാരംഭഘട്ടം. ആയുധധാരികളായിട്ടുള്ള പ്രാദേശിക ആദിവാസികളുടെ സഹായത്താല്‍ സൈന്യം നടത്തി വന്ന ഒരു യുദ്ധ കൗശലമായിരുന്നു സല്‍വ ജുഡും. 1950 കളിലും 60കളിലും മിസോറാമിലും നാഗാലാന്‍ഡിലും പരീക്ഷിച്ചു വിജയിച്ച ഈ യുദ്ധതന്ത്രത്തിന്‍റെ പ്രധാന ഉദ്ദേശം കലാപകാരികളെ പ്രദേശവാസികളില്‍ നിന്നും ഒറ്റപ്പെടുത്തുക എന്നതായിരുന്നു.
ബസ്തറിലെ നൂറുകണക്കിനു ഗ്രാമങ്ങള്‍ ഇത്തരത്തില്‍ തോക്കിന്‍മുനയില്‍ ദ്രുതഗതിയില്‍ ശൂന്യമാക്കപ്പെട്ടു. രണ്ട് തെരഞ്ഞെടുപ്പുകളായിരുന്നു ബസ്തറിലെ ഗ്രാമവാസികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഒന്നുകില്‍ റോഡ് സൈഡുകളിലെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൈന്യത്തോടൊപ്പം നീങ്ങുക, അല്ലെങ്കില്‍ മാവോയിസ്റ്റ് അംഗങ്ങളോ അനുകൂലികളോ ആയി സ്വയം അവരോധിക്കപ്പെടുക. സൈന്യത്തെ അനുകൂലിച്ച് ക്യാമ്പുകളിലേക്ക് മാറന്‍ വിസമ്മതിച്ചവര്‍ തൊട്ടടുത്ത കാടുകളിലേക്കും തെലുങ്കാന അതിര്‍ത്തിയിലേക്കും ഓടി രക്ഷപ്പെട്ടു. ജീവിതത്തെ തീക്ഷണമായി സ്നേഹിച്ചിരുന്ന ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വരുക്കൂട്ടി വച്ചിരുന്ന ബസ്തറിലെ ജനങ്ങള്‍ ഒറ്റ രാത്രിയില്‍ ശൂന്യതയുടെ വിജനതയിലേക്ക് അരക്ഷിതരും അഭയാര്‍ത്ഥികളുമായി തള്ളപ്പെട്ടു. സൈന്യത്തിന്‍റെയും സല്‍വ ജുഡുമിന്‍റെയും. നിക്ഷിപ്ത താല്പര്യത്തോടെയുള്ള അവിശുദ്ധ കൂട്ടുകെട്ട് ആയിരക്കണക്കിനു വീടുകള്‍ നശിപ്പിക്കപ്പെടുന്നതിനും കൊള്ളയടിക്കപ്പെടുന്നതിനും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നതിനും സ്ത്രീകള്‍ ബലാത്സംഗങ്ങള്‍ക്കിരയാവുന്നതിനും കാരണമായിത്തീര്‍ന്നു. സ്റ്റേറ്റ് സപ്പോര്‍ട്ടഡ് ആയിട്ടുള്ള ജുഡീഷ്യല്‍ കൊലപാതകങ്ങള്‍, ബലാത്സംഗം, പീഡനം, യു.എ.പി.എ, സി.എസ്. പി. എസ്. എ എന്നീ കരിനിയമങ്ങളുടെ പിന്‍ബലത്തോടെ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ടുള്ള അറസ്റ്റുകള്‍ എന്നിങ്ങനെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ എല്ലാം തന്നെ പില്‍ക്കാലത്ത് ഓപ്പറേഷന്‍ ഗ്രീന്‍ഹന്‍ഡ് പദ്ധതിയിലൂടെ സര്‍വ്വസാധാരണമായി തീര്‍ന്നു. അത് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ നടത്തിവരുന്ന ഐ. ഇ. ഡി. സ്ഫോടനങ്ങളിലും ദുരിതാശ്വാസക്യാമ്പാക്രമണങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന നിരപരാധികളായ ഒട്ടനവധി സാധാരണക്കാര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടു. പോലീസ് ചാരന്‍മാരാണെന്ന് മുദ്രചാര്‍ത്തപ്പെട്ടു കൊണ്ടുള്ള തട്ടിക്കൊണ്ടു പോകലുകളും, കൊലപാതകങ്ങളും ഇന്ന് ബസ്തറില്‍ സര്‍വ്വസാധാരണം. ജീവന്‍ രക്ഷിക്കാനായി നിരവധി ആളുകള്‍ തങ്ങളുടെ ഗ്രാമങ്ങള്‍ വിട്ടൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരായി തീരുന്നു.

യുദ്ധമുഖത്തെ ദൈനംദിന ദുരിതജീവിതം
സംഘര്‍ഷഭൂമിയിലെ ജനജീവിതം ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഒരു മിശ്രണമാണ്. ജീവിതത്തില്‍ വന്ന താളപ്പിഴവ് പൊതുജനാരോഗ്യത്തിലും പ്രകടമായ മാറ്റങ്ങള്‍ വരുത്തി. ഈയടുത്തായി ഭിജാപുരില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ മുഴുവന്‍ പോഷകാഹാരക്കുറവ് വളരെ പ്രകടമായിരുന്നു. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഗ്രാമവാസികള്‍ക്ക് പ്രദേശത്തെ കലാപങ്ങള്‍ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. സ്വന്തം പ്രദേശത്ത് കാര്‍ഷിക വൃത്തി നടത്താനോ കാര്‍ഷികാവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാനോ, വിളവ് വില്‍ക്കാനോ വാങ്ങാനോ ഉള്ള സാഹചര്യവും എന്നിവ ജനങ്ങള്‍ക്ക് അന്യമായി തീര്‍ന്നു. തുടര്‍ച്ചയായി പ്രദേശത്ത് നിലനിലല്‍ക്കുന്ന സംഘര്‍ഷാവസ്ഥ ജനങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ ജീവിതത്തില്‍ സാരമായ മങ്ങലലേല്‍പ്പിച്ചു.

പരമ്പരാഗതമായി കുടുംബത്തിനകത്തെ തൊഴില്‍ വിഭജനത്തിന്‍റെ കാര്യമെടുത്തു നോക്കുമ്പോള്‍ കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ പൊതുവേ പുരുഷന്മാര്‍ക്ക് നല്‍കപ്പെടലാണ് പതിവ്. എന്നാല്‍ ഇവിടെ പോലീസും സൈന്യവും പ്രദേശത്തെ പുരുഷന്മാരെ ഉന്നം വെക്കുന്നതിനാല്‍ ഇത്തരം ജോലികള്‍ സ്ത്രീകള്‍ ഏറ്റെടുത്തു ചെയ്യേണ്ടിവരുന്നു. സംഘര്‍ഷ ഭൂമിയിലൂടെ മിലിറ്ററി കോര്‍ട്ടേഴ്സിലേക്ക് അരിയും മറ്റ് ഭക്ഷണ വസ്തുക്കളും വാങ്ങുന്നതിനായി കിലോമീറ്ററുകള്‍ അവര്‍ കാല്‍നടയാത്ര നടത്തേണ്‍ടിവരുന്നു. പ്രാദേശിക ചന്തകളില്‍ വച്ചു നടക്കുന്ന വനവിഭവങ്ങളും അവശ്യവസ്തുക്കളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കലാപം രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ നടക്കാതെയുംവരുന്നു.

നിയമപാലനത്തിന്‍റെയും സൈനിക നടപടിയുടെയും പേരില്‍ പ്രദേശത്ത് നടത്തിവരുന്ന പൈശാചിക നടപടികള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ തന്നെ അത് പുറംലോകം അറിയുന്നില്ല. പണവും ആഭരണങ്ങളും കൊള്ളയടിക്കല്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അരിയും പലവ്യഞ്ജനങ്ങളും കടകളില്‍ നിന്നും ബലപ്രയോഗത്തിലൂടെ കൈക്കലാക്കല്‍ എന്നിവ ഇവയില്‍ ചിലതു മാത്രം. സ്ത്രീകള്‍ ഇതിനെ ചോദ്യം ചെയ്യുകയോ പൈസ ആവശ്യപ്പെടുകയോ ചെയ്താല്‍ അതിക്രൂരമായി അവരെ ദേഹോപദ്രവം ചെയ്യുകയോ ലൈംഗിക പീഡനത്തിനിരയാക്കുകയോ ചെയ്യുന്നു. 2016 ജൂണ്‍ മാസത്തില്‍ ബൈജാപൂര്‍ ജില്ലയിലെ ബിലാമിന്‍ദ്ര ഗ്രാമത്തില്‍ നടന്ന പത്തിലധികം കൂട്ട ബലാത്സംഗങ്ങള്‍ ഇതിനുഹരണമാണ്.
നിയമവിരുദ്ധവും ഏകപക്ഷീയവും ആയി സാധാരണ ജനങ്ങളെയും പ്രക്ഷോഭകരെയും തടവില്‍ വെക്കുക, കെട്ടിച്ചമച്ച കുറ്റങ്ങള്‍ ആരോപിച്ചു കൊണ്ടുള്ള അറസ്റ്റ് പോലുള്ള മനുഷ്യത്വദ്രോഹ നടപടികള്‍ ചെയ്യുക എന്നിവ ഇന്നും ബസ്തറില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പൊതു ഇടങ്ങളില്‍നിന്നും മാര്‍ക്കറ്റില്‍ നിന്നും, വന പ്രദേശത്തുനിന്നും സ്ത്രീകളെയും പുരുഷന്മാരെയും മറ്റു യുവജനങ്ങളെയും വ്യക്തമായ കാരണം കൂടാതെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു. ഉറ്റവരെയും ഉടയവരെയും തിരഞ്ഞ് ദിവസങ്ങളോളം പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്ന കുടുംബാംഗങ്ങളെ ബസ്തറില്‍ നമുക്കിന്നെവിടെയും കാണാം

.
ചില നേര്‍ക്കാഴ്ചകള്‍
കലാപങ്ങളെ പോലെ തന്നെ ഭയാനകവും വേട്ടയാടപ്പെടുന്നതുമാണ് കലാപത്തെതുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ അത് പലതരത്തില്‍ അനുഭവിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷികളാവുകയോ അവരുടെ ദുരിതയാതനകള്‍കേള്‍ക്കുകയോ ചെയ്തിട്ടുള്ള ഞങ്ങള്‍ക്ക് ആ കിരാത യാഥാര്‍ത്ഥ്യത്തിന്‍റെ ഒരംശം മാത്രമേ പലപ്പോഴും പ്രതിഫലിപ്പിക്കാന്‍ സാധിക്കാറുള്ളൂ. പൂര്‍ണ്ണ ചിത്രം ഒരിക്കലും തന്നെ ആലേഖനം ചെയ്യപ്പെടാറില്ല. താഴെ കൊടുത്തിരിക്കുന്നത് ബസ്തറില്‍ സ്ത്രീകള്‍ ഇത്തരത്തില്‍ തരണം ചെയ്യേണ്ടിവന്നിട്ടുള്ള ചില കഠിന യാഥാര്‍ത്ഥങ്ങളാണ്.

ബിജാപൂര്‍ ജില്ലയിലെ രണ്ടു ഗ്രാമങ്ങളിലെ ജനന-മരണങ്ങള്‍ (2005)
റോമില:
വനപ്രദേശത്തുകൂടി കാളവണ്ടി പതിയെ മുന്നോട്ടു ചലിച്ചുകൊണ്ടിരുന്നു. പൊടുന്നനെയുള്ള ചെറിയൊരു കുലുക്കം പോലും മാസം തികഞ്ഞിരിക്കുന്ന റോമിലക്ക് അസഹനീയമായെന്നു വരാം. അതിനാല്‍ തന്നെ പല രീതികളില്‍ അവള്‍ അവളുടെ കിടത്തത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരുന്നു. അവള്‍ക്കു ചുറ്റും ചാക്കുകളുടെയും ബാഗുകളുടെയും ഒരു കൂമ്പാരം തന്നെയുണ്ട്. പ്രാണ വെപ്രാളത്തില്‍ കയ്യില്‍ കിട്ടിയ തുണിയും പാത്രങ്ങളും ധാന്യങ്ങളും എല്ലാം അവര്‍ വാരി കൂട്ടിയതാണ്. പുറത്ത് ആകാശത്ത് പടര്‍ന്ന പുകച്ചുരുളുകള്‍ ഏതു നിമിഷവും തങ്ങളുടെ വീടും അഗ്നിക്കിരയാക്കപ്പെടാമെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അപായ സൂചന നല്‍കിയിരുന്നു. അക്രമികള്‍ തന്‍റെ ഭര്‍തൃപിതാവിനെ നിഷ്കരുണം കൊലപ്പെടുത്തുന്നത് റോമിലയും തന്‍റെ സഹോദരിയെ അക്രമികള്‍ തൊട്ടടുത്ത പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് റോമിലയുടെ ഭര്‍ത്താവും കണ്മുന്നിലെന്നോണം കണ്ടതാണ് ഹൃദയം നുറുങ്ങുന്ന ഇത്തരം കാഴ്ചകള്‍ റോമിലയെഅസ്ത്രപ്രജ്ഞയക്കിത്തീര്‍ത്തിരുന്നു. രാത്രിയില്‍ വനപ്രദേശത്ത് കൂടിയുള്ള യാത്ര എന്നാല്‍ അവരെ ഒട്ടുംതന്നെ ഭയപ്പെടുത്തിയില്ല. മറിച്ച് ചത്തീസ്ഗഡ് അതിര്‍ത്തിയിലൂടെ തെലുങ്കാനയിലെത്തിയാല്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന വിശ്വാസം അവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടിരുന്നു. അന്നു രാത്രി ആ വനപ്രദേശത്ത് വെച്ച് റോമില ഒരു ആണ്കുഞ്ഞിന് ജന്മം നല്‍കി. വനത്തില്‍ ജനിച്ച രാമന്‍ എന്ന അര്‍ത്ഥം വരുന്ന അദ്വി രാമഡു എന്ന നാമം അവള്‍ അവനിട്ടു.

സവിത:
ദാദാ മത്മാരോ (കൊല്ലാതിരിക്കൂ) എന്ന് ഞങ്ങള്‍ അപേക്ഷിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ അവര്‍ അത് വിലക്കെടുത്തില്ല. ഓര്‍മ്മയിലെ ചിത്രം സവിത ഞങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്തു. രാത്രിയില്‍ മാവോയിസ്റ്റുകള്‍ അവളുടെ വീട് ആക്രമിച്ച ദിവസം സവിത വീടിനകത്തും അവളുടെ അച്ഛനും സഹോദരനും പുറത്ത് വരാന്തയിലുമായി കിടന്നുറങ്ങുകയായിരുന്നു. ജനാലയുടെ ഇരുമ്പഴിക്കിടയിലൂടെ ഞങ്ങള്‍ കരഞ്ഞു കേണപേക്ഷിച്ചു. അവര്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചു. ഞാനൊരു നിരപരാധിയാണെന്നും എന്നെ ഒന്നും ചെയ്യരുതേയെന്നും അച്ഛന്‍ അവരോട് പറഞ്ഞു കൊണ്ടേയിരുന്നു. എന്നിട്ടും അവര്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. നിസ്സഹായനും നിരപരാധിയായ എന്‍റെ 19 വയസ്സുകാരന്‍ സഹോദരനെയും അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ വച്ച് അരുംകൊല ചെയ്തു. ഈ ദാരുണ കൊലപാതകങ്ങള്‍ക്കും അതിക്രമത്തിനു ശേഷം തങ്ങളുടെ ഗ്രാമം വിട്ട് പോവാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നതായി സവിത ഞങ്ങളോട് പറഞ്ഞു. ഞാന്‍ സബിതയെ ആദ്യമായി കാണുമ്പോള്‍ അവള്‍ സല്‍വ ജുഡുമിലെ ഒരു ക്യാമ്പില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. കുടുംബത്തിന്‍റെ ഭാരം തന്‍റെ ചുമലില്‍ വന്നതോടെ ഒരു അങ്കണവാടി ടീച്ചറായി സവിത തന്‍റെ ജീവിതം പുനരാരംഭിച്ചു കഴിഞ്ഞിരുന്നു.

സുക്മ ജില്ലയിലെ ഇഞ്ചാരം ക്യാമ്പിലെ അതിജീവനം (2006)
ഒരമ്മയും മകളും :
കോട്ട തെഹ്സിലിലെ വിവിധ ഗ്രാമങ്ങളിലെ അഭയാര്‍ഥികളായിത്തീര്‍ന്ന നൂറുകണക്കിനാളുകളുടെ ചെറു കുടിലുകളാല്‍ സമ്പന്നമായ ഇഞ്ചാരം ക്യാമ്പിലായിരുന്നു ഞാനന്ന് താമസിച്ചിരുന്നത്. പകലന്തിയോളം ക്യാമ്പിലെ അഭയാര്‍ത്ഥികളോട് സൈന്യം അവരുടെ ഗ്രാമങ്ങളില്‍ വന്നതിനുശേഷം അവരുടെ ജീവിതത്തിലും ഗ്രാമങ്ങളിലും എന്തുസംഭവിച്ചെന്നും ഗ്രാമവാസികള്‍ എന്തുകൊണ്ട് ക്യാമ്പില്‍ എത്തിച്ചേര്‍ന്നെന്നും ഞാനവരോട് ചോദിച്ചറിഞ്ഞു. ക്യാമ്പിലെ ചെറുകുടിലുകളില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ സൈനികരെ വൈകുന്നേരങ്ങളിലും രാത്രി സമയത്തും കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവര്‍ അവിടെ എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക. ആശങ്ക കൊണ്ടും ഭയപ്പാടുകൊണ്ടും പകല്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്ന ചില വീടുകളില്‍ അന്ന് രാത്രി വീണ്ടും ഞാന്‍ കയറി ചെന്നു. സൈനികര്‍ കുടിലിനകത്തെ കട്ടിലിലും കസേരകളിലും ഇരുന്നുകൊണ്ട് സ്ത്രീകളടങ്ങുന്ന അന്തേവാസികളോട് കുശലാന്വേഷണങ്ങള്‍ നടത്തുന്നത് ഞാന്‍ കണ്ടു. വളരെ സൗഹാര്‍ദ്ദപരമായ ഒരു അന്തരീക്ഷമാണ് അവിടെ അപ്പോള്‍ ഉണ്ടായിരുന്നത്. പിറ്റേദിവസം രാവിലെ ഞാന്‍ ക്യാമ്പിലെ ഒരു സ്ത്രീയെയും സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അവരുടെ മകളെയും കണ്ടു. തങ്ങള്‍ ലൈംഗികത്തൊഴിലാളികള്‍ ആണെന്ന് അവര്‍ പറഞ്ഞു തന്നെ ഞാനറിഞ്ഞു. അവരുടെ വീട്ടില്‍ അവരുടെ ഒരു സ്ഥിരം കസ്റ്റമര്‍ ആയ ഒരു നാഗ ഐ.ആര്‍.ബി ഉദ്യോഗസ്ഥനെയും കാണാനിടയായി.

എന്‍റെ കാഴ്ചകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് ഞനപ്പോഴാണ് ബോധവതിയായിത്തീര്‍ന്നത്. സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനാണ് നാമെപ്പോഴും ശ്രമിക്കാറ്. ശത്രുവുമായൊരു സഖ്യം ചിന്തകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും അതീതം തന്നെയാണ്. എന്നാല്‍ കറുപ്പിനും വെളുപ്പിനും അപ്പുറം നിറങ്ങളും നിറഭേദങ്ങളും ഉണ്ടെന്നുള്ളതും ഒരു യാഥാര്‍ഥ്യം തന്നെയാണ്. ക്യാമ്പുകളിലെ അഭയാര്‍ഥികളുടെ അതിജീവനം ബാരക്കുകളിലെ സൈനികരുടെ പല ആവശ്യങ്ങളും നിറവേറ്റി കൊണ്ടുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയായിരുന്നു മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അവിശുദ്ധ സഖ്യങ്ങളും സ്വാര്‍ത്ഥ സൗഹൃദങ്ങളും ഇരട്ടു പടര്‍ന്ന കാലഘട്ടങ്ങളിലെ നിലനില്‍പ്പിനെയും അതിജീവനത്തെയും നിര്‍ണ്ണയിക്കുന്നതില്‍ വിഖ്യാത പങ്കുതന്നെയാണ് വഹിക്കുന്നത്.

ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സൈനികര്‍ നടത്തിയ കൂട്ടബലാത്സംഗം (2016)
ബസ്തറിലെ എന്‍റെ പ്രവര്‍ത്തന സമയത്ത് സുരക്ഷാ സൈനികര്‍ നടത്തിയ പല ലൈംഗികാതിക്രമങ്ങളെയും കൂട്ട ബലാത്സംഗങ്ങളെയും കുറിച്ച് ഞാന്‍ അറിയാനിടയായിട്ടുണ്ട്. അത്തരത്തിലൊരു കൂട്ടബലാത്സംഗത്തിനെക്കുറിച്ചാണ് താഴെ കൊടുത്തിട്ടുള്ള വിവരണം.

ബാലി:
2016 ജനുവരി 11 തിങ്കളാഴ്ചയാണ് സൈനികര്‍ തന്‍റെ ഗ്രാമത്തില്‍ എത്തിയതെന്ന് മൂന്ന് മക്കളുടെ അമ്മയായ ബാലി പറഞ്ഞു. വന്ന ദിവസം തന്നെ അവര്‍ കോസി എന്ന് പേരായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കോസിയുടെ നിലവിളി കേട്ടു കൊണ്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. അവിടെ ഒരു പോലീസുകാരന്‍ അവളുടെ കാലുകള്‍ പിടിച്ചു വയ്ക്കുന്നതും മറ്റൊരാള്‍ അവളെ പീഡിപ്പിക്കുന്നതും ഞാന്‍ എന്‍റെ കണ്‍മുന്നില്‍ കണ്ടു. വീടിനു പുറകില്‍ നിന്നും പച്ചക്കറി പറിക്കന്‍ പോയപ്പോഴാണ് കറുത്ത തുണികൊണ്ട് മുഖം മറച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെ പിടിച്ചുകൊണ്ടുപോയത്. അവളുടെ മുഖവും കറുത്ത തുണികൊണ്ട് തന്നെ മൂടി. അവളുടെ നിലവിളി കേട്ടിട്ട് മുതിര്‍ന്ന സ്ത്രീയായ ഹിഡ്മയും അങ്ങോട്ടുപോയി. കയ്യിലുള്ള ഡാന്‍ഡ ഉപയോഗിച്ച് ഹിഡ്മ അവരെ ഭയപ്പെടുത്തുകയും സൈനികര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. അതിനുശേഷം ഹിഡ്മ പ്രദേശവാസികളായ കുറച്ചു സ്ത്രീകളെയും പീഡനത്തിനിരയായ കോസിയേയും കൂട്ടി സൈനികര്‍ അവരുടെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്ക് പോയി. ഞാനും അവര്‍ക്കൊപ്പം അണിചേര്‍ന്നു.
ഞങ്ങള്‍ : നിങ്ങള്‍ എന്തിനാണ് ഇത്തരത്തിലുള്ള നീചപ്രവര്‍ത്തികള്‍ ചെയ്യുന്നത്? ഞങ്ങള്‍ക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥനോട് സംസാരിക്കണം.
അവര്‍: അദ്ദേഹം ഇവിടെയില്ല.
ഞങ്ങള്‍: ഈ നീചപ്രവര്‍ത്തി ചെയ്തതാരാണ്? അവനെ ഞങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരൂ
അവര്‍: അവന്‍ ഇവിടെ ഇല്ല. ഇവിടെ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് വീട്ടിലേക്ക് തിരിച്ചു പോകൂ.
ഈ സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. തൊട്ടടുത്ത ദിവസം ചൊവ്വാഴ്ച ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ഒരു വൈകുന്നേര സമയത്ത് ഗോതും മലയുടെ താഴവാരത്ത് നിന്നാണ് സൈനികര്‍ വന്നത്. അവര്‍ വരുന്ന ശബ്ദം കേട്ട ഉടനെ തന്നെ എന്‍റെ ഭര്‍ത്താവ് ദേവ ഓടിയൊളിച്ചു. രണ്ടുപേരാണ് വീടിനകത്ത് പ്രവേശിച്ചത്. വന്നയുടനെത്തന്നെ അവര്‍ ഞാനും എന്‍റെ മകന്‍ ഹെഡ്മയും കിടന്നുറങ്ങുകയായിരുന്ന കട്ടില്‍ തട്ടിമറിച്ചിട്ടു. എന്നെ വളഞ്ഞിട്ട് ഞാന്‍ ധരിച്ചിരുന്ന പെറ്റിക്കോട്ടും ഉടുത്തിരുന്ന ലുങ്കിയും വലിച്ചുകീറി. ഒരാള്‍ എന്‍റെ കാല്‍ ബലമായി പിടിച്ചു വെക്കുകയും മറ്റൊരാള്‍ എന്നെ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി അവര്‍ എന്‍റെ വായപൊത്തി പിടിച്ചിരുന്നു. എന്നിട്ടും എങ്ങനെയോ ശബ്ദം കേട്ട് ഒരു ബന്ധു വടിയും ടോര്‍ച്ചുമായി ഓടിവന്നു. ടോര്‍ച്ചിന്‍റെ വെളിച്ചം കണ്ടയുടനെ തന്നെ സൈനികര്‍ ഓടിരക്ഷപ്പെട്ടു.

ബെലാമിന്‍ദ്രയിലെ സൈന്യത്തിന്‍റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൈശാചിക കൃത്യങ്ങള്‍ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീടത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി/ പട്ടികവര്‍ഗ്ഗ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ തുടങ്ങി നിരവധി സംസ്ഥാന ദേശീയ കമ്മീഷനുകളുടെ അന്വേഷണങ്ങളള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡ് ഹൈക്കോടതിയിലും നിരവധി പെറ്റീഷനുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നിരുന്നാലും ഇത്തരം ലൈംഗികാതിക്രമകേസുകളില്‍ ആരും തന്നെ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ജഗദല്‍പൂര്‍ ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ (2018)
ഗൗരവമേറിയതും അതിനീചവുമായ മറ്റൊരു അനീതി ബസ്തറില്‍ ചെയ്യപ്പെട്ടിട്ടുള്ളത് അവിടത്തെ ആയിരക്കണക്കിന് വരുന്ന ആദിവാസികളെ അന്യായമായി തടവിലിട്ടു എന്നതാണ്. നെക്സല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഇവരില്‍ ഭൂരിഭാഗം തടവുകാരുടേയും വിചാരണ അനിയന്ത്രിതമായി നീണ്ടുപോകുന്നതും ജാമ്യാപേക്ഷ തള്ളപ്പെടുന്നതും വര്‍ഷങ്ങളോളം ഇവര്‍ ഇരുമ്പഴിക്കുള്ളില്‍ നരകയാതന അനുഭവിക്കാന്‍ വഴിവെക്കുന്നു. ജഗല്‍പൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ ബുദ്രി അത്തരം ഗണത്തില്‍പ്പെട്ട ഒരാളാണ്.

ബുദ്രി
2018 ആഗസ്റ്റ് ആറാം തീയതി വ്യാജ ഏറ്റുമുട്ടല്‍ നടന്ന സുക്മ ജില്ലയിലെ ചെറു ഗ്രാമമായ നുല്‍കതോംഗില്‍ നിന്നുള്ള യുവതിയാണ് ബുദ്രി. ഒരു ദയാദാക്ഷിണ്യവുമില്ലാതെ പതിനഞ്ചോളം ഗ്രാമവാസികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്ന് ആറാം തിയതി നടന്ന ഏറ്റുമുട്ടലില്‍ കൊന്നൊടുക്കി. നുല്‍കതോംഗിലേക്ക് സുരക്ഷാ സൈനികര്‍ നീങ്ങുന്നതറിഞ്ഞ ഗ്രാമവാസികള്‍ പാടത്തെ ഒരു കുടിലില്‍ അഭയം കണ്ടെത്തുകയായിരുന്നു. ഗ്രാമവാസികളില്‍ ഒരു ന്യൂനപക്ഷം പ്രാദേശിക മാവോയിസ്റ്റ് ആക്രമണകാരികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷവും നിസ്സഹായരും നിരാലംബരുമായ പ്രദേശവാസികള്‍ ആയിരുന്നു. യാതൊരു പ്രകോപനവും കൂടാതെ തന്നെ സുരക്ഷാ സൈനികര്‍ കുടിലിന് നേരെ നിറയൊഴിച്ചു. സൈനികരുടെ അവകാശവാദം ബുദ്രിയെ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു എന്നതാണ്. എന്നാല്‍ വാസ്തവത്തില്‍ അവളെ, അവളുടെ വീടിനടുത്തുള്ള പാടത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ബുദ്രിയുടെ അഭിഭാഷകയായി അവളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബുദ്രി എന്നോട് പറഞ്ഞതിങ്ങനെയാണ്. പതിനഞ്ചോളം ആളുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും ഞാനൊരു നക്സലാണെന്നും പറയാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്‍റെ വിരലടയാളം അവര്‍ ഒരു വെള്ളപേപ്പറില്‍ പതിപ്പിക്കുകയും ചെയ്തു. പോലീസ് ഭാഷ്യത്തിലെ ബുദ്രിയുടെ കുറ്റസമ്മതമൊഴി ചിലപ്പള്‍ ഇതാവാം.
ഐ.പി.സി (വര്‍ഗ്ഗീയലഹള സംഘടിപ്പിക്കല്‍, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന), ആര്‍മ്സ് ആക്ട് (നിരോധിത ആയുധങ്ങളുടെ ഉപയോഗം), യുഎപിഎ( തീവ്രവാദ സംഘടനകളെ അനുകൂലിക്കലും അതില്‍ അംഗത്വം എടുക്കലും) എന്നിങ്ങനെ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന നിരവധി ചാര്‍ജുകള്‍ ആണ് ബുദ്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഗ്ദല്‍പൂരിലെ എന്‍.ഐ.എ കോടതിയില്‍ വളരെ മന്ദഗതിയിലാണ് ബുദ്രിയുടെ വിചാരണ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ച് മാസത്തില്‍ ലോക്ഡൗണ്‍ രാജ്യത്ത് നടപ്പിലാക്കിയതോടെ ജയില്‍ അന്തേവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ജഗല്‍പൂര്‍ ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ ബുദ്രി ഇന്നും മോചനം കാത്ത് കഴിയുകയാണ്.

യുദ്ധം അവസാനിപ്പിച്ചേ മതിയാവൂ…
ഇന്ത്യന്‍ ഗവണ്‍മെന്‍റും മാവോയിസ്റ്റുകളും തമ്മില്‍ 15 വര്‍ഷമായി ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നടക്കുന്ന യുദ്ധം ആദിവാസികളുടെയും പ്രത്യേകിച്ച് നാനാവിധ ദുരിതങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളടക്കമുള്ള ഒട്ടനവധിയാളുകളുടെ ജീവന്‍ ഇതുവരെ അപഹരിച്ചിട്ടുണ്ട്. ബസ്തറിലെ ഒട്ടനവധി ഗ്രാമങ്ങളില്‍ കുന്നുകളുടെയും പാറക്കൂട്ടങ്ങളുടെയും ഇടയിലൊളിച്ച് കലാപങ്ങളില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ മനുഷ്യരുടെ ശവക്കുഴികള്‍ ധാരാളമാണ്. ഒരു കുഴി വെട്ടി ഒരു ശവം അതിലേക്ക് ഇറക്കി കിടത്തുമ്പോള്‍ അതിലെ മണ്ണടരുകള്‍ ഒറ്റപ്പെട്ടവരുടെ ചുടുകണ്ണീര്‍വീണ്കുതിരുന്നുണ്ട്. പക്ഷേ അതാരും തന്നെ ശ്രദ്ധിക്കുന്നേയില്ല, അറിയുന്നേയില്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പൊരുതുന്നതെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ഇടതടവില്ലാതെ നടക്കുന്ന ഇത്തരം കലഹങ്ങളും സംഘട്ടനങ്ങളും വിപരീതഫലമാണ് പ്രദേശത്ത് ഉണ്ടാക്കുന്നത്.
ബസ്തറിലെ കലാപങ്ങള്‍ അവസാനിക്കുക തന്നെ വേണം അങ്ങോട്ടുമിങ്ങോട്ടുമായി ആവശ്യത്തിലധികം കൊലകള്‍ ഇതിനകം നടന്നുകഴിഞ്ഞിരിക്കുന്നു. ഇരുപക്ഷത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് പകരം പിന്നോട്ടടിപ്പിക്കുകയാണുണ്ടായിട്ടുള്ളത്. വെടിനിര്‍ത്തലിന് ഒരു പൊതു ആഹ്വാനം ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളുടെ താലല്‍പര്യങ്ങള്‍ക്കായി ഇരുപക്ഷവും ഈ ആഹ്വാനം ചെവിക്കൊണ്ട് ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരായണം. ഒരു വിജയി പോലും ബാക്കി ആവാത്ത അന്തസ്സാരശൂന്യമായ ഈ യുദ്ധത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ ഇനിയും കേവല മൂകസാക്ഷികളാവരുത്.

 

ബേലാ ഭാട്ടിയ
ബസ്തര്‍സര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷക, മനുഷ്യാവകാശ പ്രവര്‍ത്തക

 

 

 

വിവര്‍ത്തനം:
നിള പി.
ഗവേഷക,ഇംഗ്ലീഷ് പഠന വിഭാഗം
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0