Homeചർച്ചാവിഷയം

തുലാസിലേറുന്ന പെണ്ണുടലുകള്‍: ലൈംഗികതയും മാനസികവിഭ്രാന്തിയും മലയാള സിനിമയില്‍

ഫെമിനിസ്റ്റ് പ്രസ്ഥാനം ആന്‍റി സൈക്യാട്രി മൂവേമെന്‍റുമായി കൈ കോര്‍ത്തപ്പോഴാണ് മാനസികാരോഗ്യവും ലിംഗഭേദവും ലൈംഗികതയുമൊക്കെ കൂട്ടിവായിക്കപ്പെടാന്‍ തുടങ്ങിയത്. ഈ മാറ്റത്തിന്‍റെ ഭാഗമായി മാനസികാരോഗ്യ പ്രസ്ഥാനങ്ങളിലെ ലിംഗവിവേചനത്തെ കുറിച്ച് ഒരുപാടു പഠനങ്ങള്‍ വന്നു . പുരുഷ നിയന്ത്രിതമായ സമൂഹത്തിന്‍റെ അളവുകോലിനു അതീതമായ പെണ്ണുടലുകള്‍ കുലസ്ത്രീപട്ടത്തിനു അര്‍ഹരല്ലാതായി, വിചിത്ര പ്രതിഭാസങ്ങളായി, അസ്വാഭാവികതയുടെ പ്രതിരൂപങ്ങളായി. ഇത്തരത്തിലുള്ള സാമൂഹിക നിലപാടിന്‍റെ സൂചകമാണ് മലയാള സിനിമാപ്രസ്ഥാനവും.
മലയാള സിനിമയിലെ സ്ത്രീശരീരങ്ങള്‍ സംസ്കരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കലവറയായി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയെട്ടു ഏറെ നാളായിട്ടില്ല എന്നതാണ് രസകരമായ വസ്തുത. മലയാള സിനിമയുടെ തുടക്ക കാലഘട്ടങ്ങളില്‍ സ്ത്രീയെ നന്മയുടെയും സദാചാരത്തിന്‍റെയുമൊക്കെ പ്രതീകങ്ങളായിട്ടായിരുന്നു ചിത്രീകരിച്ചത്. ജ്ഞാനാംബിക (1940 ), നിര്‍മല (1948 ), ചന്ദ്രിക (1950 ) തുടങ്ങിയ സിനിമകളുടെ പേരുകള്‍ തന്നെ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്. എന്നാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തില്‍ വന്നതോടെ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ കടന്നുവരാന്‍ തുടങ്ങി, പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍. സാമൂഹിക പെരുമാറ്റച്ചട്ടത്തില്‍ വന്ന ഈ മാറ്റം മലയാള സിനിമയിലും ചലനങ്ങള്‍ സൃഷിടിച്ചു. പ്രൊഫ. മീന റ്റി. പിള്ളയുടെ മലയാള സിനിമയലിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള പുസ്തകം ഈ മാറ്റത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തുന്ന ഒന്നാണ്. അറുപതുകളിലും എഴുപതുകളിലും ഷീലയും ശാരദയുമൊക്കെ ചെയ്ത ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ ലൈംഗികതയെ കുറിച്ച് ഒട്ടും നിശ്ശബ്ദരായിരുന്നില്ല.ചെമ്മീന്‍ (1968) പുനര്‍ജന്മം (1972) തുടങ്ങിയ സിനിമകള്‍ ഈ പ്രസ്താവനയെ പിന്താങ്ങുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടത്തില്‍ പ്രചരിച്ച ക്രിസ്ത്യന്‍ മിഷനറി ആശയങ്ങള്‍ മലയാളിയുടെ ലൈംഗികതയെ കുറിച്ചുള്ള പൊതുബോധത്തെ ആകെ മാറ്റി മറിച്ചു. അതിരുവിട്ട ലൈംഗികത (പ്രത്യേകിച്ചു സ്ത്രീയുടേത് ) കുടുംബത്തിനും സമൂഹത്തിനും ഭീഷണി ആയി മാറി. ഇത്തരത്തിലുള്ള ഒരു അപകട സൂചന ഉയര്‍ന്നുവന്നതോടെ പെണ്ണുടലുകളുടെമേല്‍ കടിഞ്ഞാണ്‍ വീണ് തുടങ്ങി.

ജെ ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണും എന്ന പുസ്തകത്തില്‍ പറയുന്നപോലെ സമൂഹത്തിന്‍റെ നന്മ, സദാചാരം,പുരോഗതി, മുതലായ ഉത്തരവാദിത്വത്തിന്‍റെ കൂടു സ്ത്രീകളില്‍ , അഥവാ സ്ത്രീ ശരീരങ്ങളില്‍ നിക്ഷേപിക്കപെട്ടു. അങ്ങനെ സ്ത്രീ ശരീരം പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും സംഭരണിയായി മാറിയപ്പോള്‍ മലയാള സിനിമയിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു, അതും പ്രത്യക്ഷത്തില്‍ അധികം ആരും തിരിച്ചറിയാത്ത മാറ്റങ്ങള്‍. സാമൂഹിക സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിച്ച മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന പെണ്ണുടലുകള്‍ക്കു മലയാള സിനിമ കുലസ്ത്രീപട്ടം ചാര്‍ത്തി കൊടുത്തു. സമൂഹമൂല്യങ്ങള്‍ക്കു മെരുക്കാന്‍ കഴിയാത്ത സ്ത്രീ ശരീരങ്ങളെ മോശപെട്ടവരാക്കി, യക്ഷികളാക്കി , ഭ്രാന്തികളാക്കി.

1980 കള്‍ക്ക് ശേഷമാണ് മലയാള സിനിമ സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഈ മാറ്റം സ്ത്രീകള്‍ക്കുള്ള ഒരു പരിഗണനയായി വിലയിരുത്തിയാല്‍ നമുക്ക് തെറ്റി. വീടിനു പുറത്തു ജോലിക്കുപോകുന്ന സ്ത്രീശരീരങ്ങളെ കുറിച്ചുള്ള സമൂഹത്തിന്‍റെ ആകുലതയാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകള്‍ സ്വാതന്ത്ര്യ ബോധമുള്ള, തന്നിഷ്ടക്കാരികളായ സ്ത്രീകളെ മോശപെട്ടവരായി ചിത്രീകരിച്ചു . പലപ്പോഴും അത്തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ മലയാള സിനിമ മാനസിക വിഭ്രാന്തി ഉള്ളവരായി മുദ്രകുത്തി. അങ്ങനെ പാരമ്പര്യത്തില്‍നിന്നുള്ള , സ്ത്രീത്വത്തില്‍ നിന്നുള്ള പതനം സ്ത്രീകളെ മനോരോഗികളാക്കി.

മാനസിക വിഭ്രാന്തിയും സ്ത്രീശരീരവും ലൈംഗികതയും മലയാള സിനിമ എങ്ങനെ കൂട്ടിവായിച്ചു എന്നതിനെകുറിച്ചാണ് ഈ ലേഖനം ഇനി ചര്‍ച്ച ചെയുന്നത്. 1982 ല്‍ പുറത്തിറങ്ങിയ നവംബറിന്‍റെ നഷ്ടം ഒരു സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങള്‍ മുഖ്യ കഥാതന്തുവായി പരിഗണിച്ച ആദ്യകാല മലയാള സിനിമകളില്‍ ഒന്നാണ്. ആ സമയത്തെ ഏറ്റവും തിരക്കേറിയ അഭിനേത്രിയായ മാധവി ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ, സമൂഹം തെറിച്ചപ്പെണ്ണു എന്ന് വിലയിരുത്തുന്ന, മീരയായി വേഷമിട്ടത്. അവളുടെ പ്രവര്‍ത്തികളിലെല്ലാം ഒരു പാരമ്പര്യവിരുദ്ധത കാണാം. അവള്‍ രാവിലെ ഉണരാന്‍ മടി കാട്ടുന്നു, കുട്ടിക്കുപ്പായങ്ങള്‍ അണിഞ്ഞു കോളേജില്‍ പോകുന്നു, ബുള്ളറ്റ് സ്റ്റാര്‍ട്ട് ആക്കുന്നു, ഉറക്കെ കൂകി വിളിക്കുന്നു. ഇങ്ങനെയുള്ള മീരയാണ് കാമുകനാല്‍ വഞ്ചിക്കപ്പെടുന്നതും മാനസികാരോഗ്യകേന്ദ്രത്തിലാവുന്നതും. ഒടുവില്‍ രോഗം ഭേദമായി ആശുപത്രി വിടുമ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് മുടി പിന്നിക്കെട്ടി സാരി ഉടുത്തു വരുന്ന മീരയെ ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാധാരണനിലയിലേക്കു മനസിനെ തിരിച്ചു കൊണ്ടുവരാന്‍ സ്ത്രീയുടെ ശരീരത്തെ ആണ് മെരുക്കേണ്ടത് എന്ന് ഇവിടെ പരോക്ഷമായി സൂചിപ്പിക്കുന്നു.

വ്യത്യസ്ത സാമൂഹിക വ്യവസ്ഥകളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തു വന്ന പ്രശസ്ത സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്‍റെ ആദാമിന്‍റെ വാരിയെല്ല് (1983 ), സ്ത്രീകളെ അടിച്ചമര്‍ത്തുന്ന സാമൂഹിക വ്യവസ്ഥകള്‍ക്ക് നേരെയുള്ള ശക്തമായ വെല്ലുവിളി ആയിരുന്നു. ഈ സ്ത്രീകളുടെ വ്യത്യസ്ത സാമൂഹികസ്ഥിതി , വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം എന്നിവ പ്രകടമാകുന്നത് അവരുടെ ശരീരങ്ങളിലൂടെ ആണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള, ക്രിസ്ത്യന്‍ വനിതയായ ആലീസ് ഷിഫോണ്‍ സാരികളും പാശ്ചാത്യ രീതിയിലുള്ള കേശാലങ്കാര ശൈലിയും പിന്തുടരുന്നു. അവരുടെ അതിരുവിട്ട ലൈംഗികതെയെ കുറിച്ചും വിവാഹേതര ബന്ധങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയുന്നു. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുമ്പോഴും തന്‍റെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ക്ക് വിട്ടുവീഴ്ച വരുത്താത്ത രണ്ടാമത്തെ കഥാപാത്രത്തെ ഒരു ഉത്തമ കുലസ്ത്രീ ആയിട്ടാണ് ചിത്രീകരിക്കുന്നത്. ഒന്നാമത്തെ കഥാപാത്രത്തറിന്‍റെ ലൈംഗികതെയെ കുറിച്ച് കാര്യമായി പരിശോധിക്കുമ്പോള്‍ രണ്ടാമത്തെ കഥപാത്രത്തിന്‍റെ ലൈംഗികതയെ കുറിച്ച് സിനിമ പ്രതിപാദിക്കുന്നില്ല. കുലീനയായ സ്ത്രീകള്‍ പലപ്പോഴും ലൈംഗിക മോഹങ്ങള്‍ താത്പര്യങ്ങള്‍ പുറത്തു കാണിക്കാത്തവരായാണല്ലോ വിലയിരുത്തപ്പെടുന്നത്. കുലസ്ത്രീയുടെ ലൈംഗികത അമ്മയാകാനുള്ള ശേഷി മാത്രമായി ചുരുങ്ങുന്നു. ആദാമിന്‍റെ വാരിയെല്ലില്‍ ഈ മാതൃകാപരമായ സ്ത്രീത്വത്തിനു ഭംഗം വരുമ്പോള്‍ അവര്‍ എത്തിച്ചേരുന്നത് ഒരു മനോരോഗാശുപത്രിയിലാണ്. ഈ സിനിമയിലെ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള മൂന്നാമത്തെ സ്ത്രീ കഥാപാത്രത്തിന്‍റെ ലിംഗപരമായ വിധയത്വം സൂചിപ്പിക്കുന്ന രീതിയിലാണ് അവരുടെ വസ്ത്രധാരണവും. അതായത്, എല്ലായിടത്തും സ്ത്രീയുടെ ലൈംഗികതയും സാമൂഹികസുരക്ഷിതത്വവും മാനസിക സൗഖ്യവും പരസ്പരം ഇഴ ചേര്‍ന്ന് കിടക്കുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിത്യഹരിത സിനിമ മണിച്ചിത്രത്താഴ് (1993 ) ഈ പ്രവണത പിന്തുടരുന്ന മറ്റൊരു അധ്യായം മാത്രം. മുംബൈ നഗരത്തില്‍ വളര്‍ന്ന ഗംഗ യക്ഷികഥകളെ വകവെക്കാതെ തന്‍റെ പുരാവസ്തുക്കളോടുള്ള പ്രണയത്തിനു പിന്നാലെ പോകുമ്പോള്‍ നഷ്ടമാകുന്നതു പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടുകുടുംബത്തിന്‍റെ ഭദ്രതയാണ്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ നാഗവല്ലി ആയി മാറുന്ന കഥാപാത്രത്തിന്‍റെ ഭീകരത പ്രേക്ഷകരില്‍ എത്തുന്നത് തീക്ഷണമായ സ്ത്രീ ശരീരത്തിലൂടെയാണ്. മെരുങ്ങാത്ത മുടിയിഴകളും അസ്ത്രം പോലെ തുളച്ചു കേറുന്ന നോട്ടവുമായി താണ്ഡവം ആടുന്ന നാഗവല്ലി സമൂഹത്തിനു ആപത്തുണ്ടാകുന്ന പെണ്ണുടലിന്‍റെ പ്രതീകമാണ്.

പുരുഷത്വത്തെ വെല്ലുവിളിക്കുന്ന യക്ഷികളുടെ ഐതിഹ്യം മലയാള സിനിമക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ്. പുരുഷന്മാരെ വശീകരിച്ചു കീഴ്പ്പെടുത്തി കൊല്ലുന്ന യക്ഷിയുടെ സദാചാരവും സ്വഭാവ ശുദ്ധിയും സമൂഹത്തിന് തന്നെ ഒരു ഭീഷണയായിട്ടാണ് കണക്കാക്കപെടുന്നത്. അഴിച്ചിട്ട നീണ്ടമുടിയും ദംഷ്ട്രകളുമുള്ള യക്ഷികള്‍ ഇന്നും മലയാളിയുടെ ഉറക്കം കെടുത്തുന്ന സ്ത്രീ ശരീരങ്ങളാണ്. ഹരിഹരന്‍റെ എന്ന് സ്വന്തം ജാനകികുട്ടി (1998 ), മണിച്ചിത്രത്താഴ് പോലെ യക്ഷി കഥകളെയും മാനസിക വിഭ്രാന്തിയെയും തമ്മില്‍ കൂട്ടിവായിക്കുന്നു . ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജാനൂട്ടി അവളുടെ തറവാടിന്‍റെ വഷളത്തി കുട്ടിയാണ് . അടക്കവും ഒതുക്കവും ഇല്ലാതെ കറങ്ങി നടക്കുന്ന, ആരെയും കൂസാത്ത ഒരു വാശിക്കാരി. അവളുടെ ലൈംഗിക വിചാരങ്ങളും സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്തതാണ്. അങ്ങനെയുള്ള ഒരു പെണ്‍കുട്ടി മാനസിക വിഭ്രാന്തിക്ക് കീഴ്പെടുന്നത് ഒട്ടും അത്ഭുതം ഉളവാകുന്നില്ല.

പിന്നീടുള്ള രണ്ട് ദശാബ്ദങ്ങളിലും സ്ത്രീയുടെ മാനിസികാരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയുന്ന ഒരു പിടി മലയാള ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങി. കാലാനുസൃതമായ ചില മാറ്റങ്ങള്‍ക്കപ്പുറം ആശയപരമായി ഒരു വിപ്ലവവും ഈ ചിത്രങ്ങള്‍ക്ക് സൃഷിടിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്‍റെ ചട്ടക്കൂടില്‍ ഒടുങ്ങാത്ത, ലൈംഗിക വികാരത്തെ മറച്ചുവെക്കാത്ത സ്ത്രീ ശരീരങ്ങള്‍, അന്നും ഇന്നും വിചിത്ര പ്രതിഭാസങ്ങളായി തുടരുന്നു.

ഗ്രന്ഥ സൂചി
Pillai, Meena T. “Becoming women: Unwrapping femininity in Malayalam cinema.” Women in Malayalam cinema: Naturalising gender hierarchies (2010)
Devika, J. “Bodies gone awry: The abjection of sexuality in development discourse in contemporary Kerala.” Indian Journal of Gender Studies 16.1 (2009): 21-46.

ഡോ. ഗായത്രി ജി. ആര്‍.
അധ്യാപിക
കംപ്യൂട്ടേഷനല്‍ സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ്
IIIT കോട്ടയം

 

COMMENTS

COMMENT WITH EMAIL: 0