Homeവഴിത്താരകൾ

ആഗ്നസ് വര്‍ദയുടെ ഊരു ചുറ്റുന്ന നായിക

ലക്കം സംഘടിതയുടെ കേന്ദ്ര പ്രമേയം യാത്രയാണെന്നു അറിഞ്ഞപ്പോള്‍ , ഞാന്‍ ആദ്യമായി സിനിമയില്‍ കണ്ട സഞ്ചാരിയായ നായികയെ ഓര്‍ത്തു പോയി. ഓര്‍ത്തു എന്ന് പറയുന്നത് സത്യമല്ല. കാരണം ആ നായികാ കഥാപാത്രവും, ആ വേഷത്തെ ഉജ്ജ്വലമായി അഭിനയിച്ചു ഫലിപ്പിച്ച അഭിനേത്രിയും, എന്‍റെ മനസ്സില്‍ നിന്നും കണ്ട നാള്‍ മുതല്‍ മാഞ്ഞു പോയിട്ടില്ല .

1985 ല്‍ ആഗ്നസ് വര്‍ദ സംവിധാനം ചെയ്ത vagabond അഥവാ ഡ്രിഫ്റ്റര്‍സ് എന്ന ഇംഗ്ലീഷ് പേരുകളില്‍ അറിയപ്പെടുന്ന ഫ്രഞ്ച് ചലച്ചിത്രമാണത്. യാത്രാ സിനിമകളെ മാത്രമല്ല, യാത്ര എന്ന സങ്കല്പത്തെ കുറിച്ചുള്ള സാമ്പ്രദായിക നിര്‍വചനങ്ങളെ തന്നെ കീഴ്മേല്‍ മറിക്കുന്ന വ്യത്യസ്തമായ ചലച്ചിത്ര സങ്കേതങ്ങളും ,ആഖ്യാന ശൈലികളും , രാഷ്ട്രീയ അവബോധങ്ങളും കൊണ്ട് ഈ ചിത്രം അതീവ ശ്രദ്ധ നേടുകയും ഒരുപാടു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.ജീവിതത്തെയും,സമൂഹത്തെയും ലിംഗപദവിയേയും കുറിച്ചുള്ള വേറിട്ടുള്ള നിലപാടുകള്‍ക്കും ,സവിശേഷമായ ദര്‍ശനികതലങ്ങളുള്ള അന്വേഷണങ്ങള്‍ക്കും ഉതകുന്ന ഒരു ദൃശ്യ ഭാഷയെ സംവിധായിക ഇവിടെ തിരയുകയാണ്.സ്ത്രീകളുടെ റോഡ് സിനിമകളില്‍ ഐതിഹാസികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘തെല്‍മ ആന്‍ഡ് ലൂയിസ്’ ഇറങ്ങാന്‍ ഇനിയും ആറു വര്‍ഷങ്ങള്‍ കൂടി ഉണ്ട്.

ആഗ്നസ് വര്‍ദ

ഇന്ന് സ്ത്രീകേന്ദ്രിത റോഡ് ചിത്രങ്ങള്‍ക്കു (Road movies) ലഭ്യമായ വലിയ ഒരു വിപണി അന്നുണ്ടായിരുന്നില്ല. മാത്രമല്ല അതൊരു പതിവ് യാത്ര ആഖ്യാനവുമായിരുന്നില്ല .സാന്‍ഡ്രിന്‍ ബനേയ് അവിസ്മരണീയമാക്കിയ വേഷമാണ് നായികയായ മോണയുടേത്. മോണ യാത്ര ചെയ്യുകയല്ല. കൃത്യമായ ഒരു തുടക്ക സ്ഥലമോ ഒരു ലക്ഷ്യ സ്ഥാനമോ അവള്‍ക്കില്ല.അവള്‍ പൊങ്ങുതടി പോലെ ഒഴുകുകയാണ്.അലഞ്ഞു തിരിയുകയാണ്.അലക്ഷ്യമായ ചലനം സ്ത്രീകള്‍ നടത്തുമ്പോള്‍ അതിനെ അപഥസഞ്ചാരമായാണ് കണക്കാക്കുക.പക്ഷെ 1960 കളില്‍ പടിഞ്ഞാറന്‍ നാടുകളില്‍ ഉരുവം കൊണ്ട പ്രതിസംസ്കാരപ്രസ്ഥാനങ്ങളില്‍ ഒന്നായ ഹിപ്പിസംസ്കാരത്തെയാണ് ആ സിനിമ തന്മയത്വത്തോടെ മോണയുടെ രമാുലൃ കഥാപാത്രത്തില്‍ ഉള്‍ച്ചേര്‍ത്തത് .

ശോകനിര്‍ഭരമായ പശ്ചാത്തലസംഗീതം നെയ്യുന്ന വൈകാരിക അന്തരീക്ഷത്തില്‍ സിനിമ തുടങ്ങുന്നത്, ഫ്രാന്‍സിലെ ഒരു ഉള്‍പ്രദേശത്തു കാനയില്‍ തണുത്തുറഞ്ഞു കിടക്കുന്ന വികൃതമായ യുവതിയുടെ മൃതശരീരത്തെ ഒരു കര്‍ഷകന്‍ കണ്ടെത്തുന്ന സംഭവത്തോടെയാണ്. ആ അനാഥ ശരീരം തൊടുത്തു വിടുന്ന ചോദ്യങ്ങള്‍ക്ക് , അവളെ അവസാനം കണ്ട, അവളുമായി ഇടപെട്ട ആളുകളുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെ അവളുടെ ജീവിതത്തിന്‍റെ ചുരുള്‍ വിരിയുകയാണ്. ഒട്ടും പൂര്‍ണമല്ലാത്ത ശ്ലഥ ചിത്രങ്ങളാണ് നമുക്ക് കിട്ടുന്നത്.പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി അവളെ അവസാനം ജീവനോടെ കണ്ട ചില വഴിപോക്കരുടെ ചിതറിയ ലൈംഗികധ്വനികളുള്ള കമന്‍റുകള്‍.

ആരാണീ മരിച്ച യുവതി?അവള്‍ എവിടെ നിന്ന് വരുന്നു? എവിടേക്കു പോവുക ആയിരുന്നു? അവള്‍ എന്തിനു വേണ്ടിയാണ് അലഞ്ഞത്? ഏകാകിയായ സഞ്ചാരി. അവളെ പാതി അറിഞ്ഞവരും, അറിയാത്തവരുമായി ആഖ്യാതാവ് നടത്തുന്ന കൂടിക്കാഴ്ചകളില്‍ അനാവരണം ചെയ്യപ്പെടുന്നത് സമൂഹത്തിന്‍റെ പ്രബലങ്ങളായ ശീലങ്ങളുടെയും, ഇഷ്ടങ്ങളുടെയും, പ്രതീക്ഷകളുടെയും പിടിയില്‍ മെരുങ്ങാത്ത ഒരുവളാണ്. പലരോടും തന്നെ കുറിച്ച് അവള്‍ പലതാണ് പറയുന്നത്.പരസ്പരം പൊരുത്തപ്പെടാത്ത ചില സൂചനകള്‍. പക്ഷെ ഒരു കാര്യം അവള്‍ ആവര്‍ത്തിക്കുന്നു.’മേലധികാരികളെ ഇഷ്ടമില്ലാത്തത് കൊണ്ട് സെക്രട്ടറി പണി ഉപേക്ഷിച്ചു ‘വീട്’ വിട്ടിറങ്ങി അലയാന്‍ തീരുമാനിച്ചവളാണവള്‍. സ്വന്തമായൊരു മുറി വേണ്ടാത്തവള്‍.ഒരു ടെന്‍റും ബാക്പാക്കുമായി ഊരു ചുറ്റുന്നവള്‍ .ക്രമീകരിച്ച സമൂഹത്തിന്‍റെ ഒരു തൊഴിലും ചെയ്യാന്‍ ആഗ്രഹിക്കാത്തവള്‍ .കുളിക്കാതെ, മലിനമായ വസ്ത്രങ്ങളുമായി, നഖങ്ങളില്‍ ചെളിയോടെ അവള്‍ പൊതു ഇടങ്ങളില്‍ നടക്കുമ്പോള്‍ നീരസത്തോടൊപ്പം അവളുടെ വിചിത്രമായ ജീവിത ശൈലിയോട് സദാചാരസമൂഹത്തിനു ജിജ്ഞാസയും കൗതുകവും തോന്നുന്നുണ്ട്. ചിട്ടകളില്ലാത്ത ആ ജീവിതത്തോട് സഹാനുഭൂതി ഇല്ലാത്തവര്‍ പോലും അവള്‍ക്കു ഭക്ഷണം വാങ്ങി കൊടുക്കുന്നു.കിടക്കാന്‍ ഇടമൊരുക്കുന്നു.തൊഴില്‍ വാഗ്ദാനം ചെയ്യുന്നു.

പക്ഷെ അവളുടെ ജന്മ വാസനകള്‍ തികച്ചും വ്യത്യസ്തമാണ്. ഒഴിഞ്ഞ കെട്ടിടങ്ങളിലും ശ്മശാനങ്ങളിലും അവള്‍ അന്തിയുറങ്ങുന്നു. കഞ്ചാവും സിഗററ്റുമായി കറങ്ങി നടക്കുന്ന അവള്‍ മാന്യമായി കുടുംബങ്ങളിലെ സുരക്ഷിതരായി ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമാണ്. ഭീഷണിയും.ഈ ദരിദ്രയായ, മെനയില്ലാത്ത പെണ്‍കുട്ടി കടലില്‍ കുളിച്ചു സമുദ്ര നീലിമയെ തന്‍റെ ശരീരത്തില്‍ ആവാഹിച്ചിട്ടെന്ന പോലെ തീരത്തേക്ക് കയറി വരുന്ന രംഗം യവന പുരാണങ്ങളിലെ സൗന്ദര്യ ദേവതയായ അഫ്രൊഡൈറ്റിയുടെ ഓര്‍മ്മ പുതുക്കലാണ്.യൂറോപ്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള പ്രാക്തന സ്ത്രീ ബിംബങ്ങള്‍ക്കും ദേവതാസങ്കല്പങ്ങള്‍ക്കും വര്‍ദ നവജീവന്‍ പകരുന്നു. ഏകയായി,സ്വച്ഛന്ദമായി,നിര്ഭയയായി സഞ്ചരിക്കാന്‍ കൊതിക്കുന്ന സ്ത്രീകളുടെ മൂര്‍ത്തീഭാവമാണ് മോണ.

വ്യവസ്ഥാപിത സമൂഹത്തിന്‍റെ ഓരങ്ങളിലെ വനസ്ഥലികളിലൂടെ, കാട്ടു വീഥികളിലൂടെ, പച്ചപ്പടര്‍പ്പുകളിലൂടെ കാമുകന്‍റെ കൂടെ സ്വതന്ത്രയായി അവള്‍ അലയുന്നു.ദൈവത്തിന്‍റെ സ്നേഹനിയന്ത്രണങ്ങള്‍ സ്പര്‍ശിക്കാന്‍ തുടങ്ങാത്ത ആദത്തെയും ഹവ്വയേയും പോലെ.അവരെ കാല്പനികവത്കരിക്കാന്‍ ശ്രമിക്കുന്നവരെ ഞെട്ടിച്ചു കൊണ്ട് അവള്‍ ആ ബന്ധത്തില്‍ നിന്നും ഓടുന്നു.അവള്‍ എവിടെയും നില്‍ക്കുന്നില്ല.

അവരെ ഒളിഞ്ഞും തെളിഞ്ഞും ശ്രദ്ധിക്കുന്ന, മനുഷ്യ സമൂഹത്തിന്‍റെ ചിട്ടകള്‍ക്കുള്ളില്‍ ജീവിച്ചു തളരുന്ന പെണ്‍കുട്ടികള്‍, അവളെ അസൂയയോടെ കാണുന്നു . ഈ ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ നാടിനും കാടിനും ഇടയിലുള്ള വന്യമായ മെരുക്കപ്പെടാത്ത ഇടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.ഈ യാത്രയില്‍ അപകടങ്ങള്‍ പതിയിരുപ്പുണ്ട്.അവയെ പല നയങ്ങളിലൂടെ അതിജീവിച്ചു കൊണ്ടാണ് അവള്‍ അലയുന്നത്. കാമുകനിലേക്കെത്തുന്ന, വീട്ടിലേക്കു പുതിയ അനുഭവങ്ങളുടെ തിരിച്ചറിയലുകളുമായി തിരിച്ചെത്തുന്ന യാത്രയല്ലിത് .കാമുകന്‍ വഴിമധ്യേ കണ്ടെത്തുന്ന ഒരു സുഹൃത്ത് മാത്രം . പ്രണയത്തിന്‍റെ മാധുര്യം പരസ്പരം പകര്‍ന്നു അവര്‍ പിന്നെയും വഴി പിരിയുന്നു.അവള്‍ പല വീടുകളില്‍, കന്യാസ്ത്രീമഠങ്ങളില്‍, മധ്യകാല പ്രഭുമന്ദിരങ്ങളില്‍ അഭയം പ്രാപിക്കുന്നു. ഒരു രാത്രി ഒന്ന് സുഖമായുറങ്ങുവാന്‍ . ഒരു കവിള്‍ കഞ്ഞിക്കായി.

സമൂഹത്തിലെ വിവിധ വിശിഷ്ട വ്യക്തികളുടെ ജീവിതങ്ങളിലൂടെ അവള്‍ കയറി ഇറങ്ങി പോകുന്നു. വെറും ഒരു നാടോടി ആയി. ഒന്നും ആഗ്രഹിക്കാത്ത, ഒന്നിന് വേണ്ടിയും പരിശ്രമിക്കാത്ത കേവലം ജന്തുവാസനകളില്‍ അടങ്ങി ഒതുങ്ങി സ്വസ്ഥമായി ആരെയും ദ്രോഹിക്കാതെ അവള്‍ കഴിയുന്നു.പല കൃഷിയിടങ്ങളില്‍ പണി എടുക്കാന്‍ ശ്രമിക്കുന്നു.അവള്‍ മനുഷ്യ ജീവിതത്തിന്‍റെ ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്.മോണ മാന്യ സമൂഹത്തിലെ പെണ്കുട്ടികള്‍ക്കൊരു മാതൃകയല്ലെന്നു മുതിര്‍ന്നവര്‍ അഭിപ്രായപ്പെടുന്നു.

നഗരവാസികള്‍ക്കും ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും ഒരുപോലെ അപരിചിതയും അന്യയുമാണവള്‍ .അവളുടെ അലച്ചിലുകളിലൂടെ അനാവൃതമാവുന്നത് ഒരു സങ്കീര്‍ണമായ ചരിത്രഘട്ടവും, രണ്ടാം മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്‍റെ ഗ്രാമാന്തരങ്ങളില്‍ നടന്ന സാമൂഹ്യ മാറ്റങ്ങളുമാണ്.അതിനൊപ്പം തന്നെ നാടോടി സമൂഹങ്ങളോട് ഇന്നും യൂറോപ്പ് വച്ച് പുലര്‍ത്തുന്ന വിവേചന ബോധവും സൂക്ഷ്മമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.ജിപ്സികള്‍ എന്ന നാടോടിസമൂഹങ്ങളെ അപരവത്ക്കരിച്ചു വേട്ടയാടുന്നത്തിനു സമാനമായ അസഹിഷ്ണുത തന്നെയാണ് മോണയും നേരിടുന്നത്.വ്യത്യസ്ത സാമൂഹ്യ തലങ്ങളിള്‍ ജീവിക്കുന്ന സ്ത്രീകള്‍ തമ്മിലുള്ള അധികാരബന്ധങ്ങളും അവയിലെ വൈരുധ്യങ്ങളും കൂടി വര്‍ദയുടെ ക്യാമറ സശ്രദ്ധം പിന്തുടരുന്നുണ്ട്.

പ്രതികൂലമായ കാലാവസ്ഥയെയും സാഹചര്യങ്ങളെയും മറികടന്നുള്ള അവളുടെ അലച്ചിലുകളില്‍ അവള്‍ ചിലപ്പോള്‍ വളരെ സ്വാര്‍ത്ഥമതിയാണ് ;മറ്റു ചിലപ്പോള്‍ ഏറെ ഹൃദയാലുവും. പരിപൂര്‍ണ സ്വാതന്ത്ര്യത്തിനും നിരുത്തരവാദിത്തപരമായ ജീവിതത്തിനും നിഷ്കരുണമായ ഏകാന്തതക്കും ഇടയിലൂടെ ട്രപ്പീസ് കളിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ആര്‍ദ്രമായ ചലച്ചിത്ര ആവിഷ്കാരം മുപ്പത്തിയഞ്ചോളം വര്ഷങ്ങള്ക്കു ശേഷം കാണുമ്പോഴും സാങ്കേതിക മികവ് കൊണ്ടും പരിചരണത്തിലെ വൈദഗ്ധ്യം കൊണ്ടും ഗൗരവമായ പ്രേക്ഷക ശ്രദ്ധ ആവശ്യപ്പെടുന്നു.സ്ത്രീ യാത്രകളുടെ ചലിച്ചത്ര ആവിഷ്കാരങ്ങളുടെ പതിവ് രീതികളില്‍ നിന്ന് അകന്നു സഞ്ചരിക്കുന്ന ആഗ്നസ് വര്‍ദ എന്ന സംവിധായികയെ അടുത്തറിയുക എന്നത് നമ്മുടെ ചലച്ചിത്ര ശിക്ഷണത്തെ ബലപ്പെടുത്തുന്നു.സ്ത്രീ സംവിധായകരുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട റഫറന്‍സ് പോയിന്‍റ് ആണ് ആഗ്നസ് വര്‍ദ .അവര്ണരുടെയും അധസ്ഥിതരുടെയും ഏകാന്ത സഞ്ചാരികളുടെയും കഥകളെ തന്‍റെ സിനിമയിലൂടെ അന്വേഷിച്ച വര്‍ദ ഒരു നവചലച്ചിത്ര ഭാവുകത്വത്തെ തന്നെ അടയാളപ്പെടുത്തി. അവിടെ മിത്തും യാഥാര്‍ഥ്യവും കെട്ടിമറിഞ്ഞു;കഥയും വാസ്തവജീവിതവും ഇഴുകിച്ചേരുന്നു.അത് കൊണ്ട് തന്നെ പരിഹാരങ്ങളല്ല, ജീവിതത്തിലെ സന്ദിഗ്ദ്ധാവസ്ഥകളാണ് വര്‍ദയുടെ സിനിമയെ സമ്പന്നമാക്കുന്നത് .

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0