Homeശാസ്ത്രം

ആകാശത്തിന്‍റെ സെന്‍സസ് എടുത്ത വനിത

സീമ ശ്രീലയം

കാശത്തിന്‍റെ സെന്‍സസ് എടുത്ത വനിത, നക്ഷത്ര വര്‍ണ്ണരാജിയെ അടിസ്ഥാനമാക്കിയുള്ള ഹാര്‍വാഡ് സ്പെക്ട്രല്‍ സിസ്റ്റത്തിന്‍റെ ഉപജ്ഞാതാവ്, തരംതിരിച്ചതാവട്ടെ മൂന്നരലക്ഷത്തോളം നക്ഷത്രങ്ങളെയും! എന്നിട്ടും സ്ത്രീയായിപ്പോയതിന്‍റെ പേരില്‍ ഒരു സ്ഥിര ജോലി നല്‍കാനോ അര്‍ഹിക്കുന്ന വേതനം നല്‍കാനോ ഗവേഷണസ്ഥാപനങ്ങള്‍ തയ്യാറായില്ല. എന്നാല്‍ കൊടികുത്തിവാണ പുരുഷാധിപത്യത്തിനോ അവഗണനകള്‍ക്കോ വിവേചനങ്ങള്‍ക്കോ ഒന്നും ആ ശാസ്ത്രജ്ഞയുടെ അന്വേഷണത്വരയെ തോല്പിക്കാനായില്ല. ബധിരതയെക്കൂടി അതിജീവിച്ച് ആകാശവിസ്മയങ്ങളിലേക്ക് ജീവിതകാലം മുഴുവന്‍ മിഴിനട്ടിരുന്ന ആ വനിത ആരെന്നോ? ആനീ ജംപ് കാനണ്‍ തന്നെ. നക്ഷത്രങ്ങളെ കൂട്ടുകാരാക്കിയ ഈ വനിതയുടെ ജന്മവാര്‍ഷിക ദിനമാണ് ഡിസംബര്‍ 11-ന്.

1863 ഡിസംബര്‍ 11-ന് യു.എസ്സിലെ ഡെലാവെറില്‍ കപ്പല്‍നിര്‍മ്മാണ വ്യവസായിയും സ്റ്റേറ്റ് സെനറ്ററുമായിരുന്ന വില്‍സണ്‍ ലീ കാനണിന്‍റെയും മേരി എലിസബത്ത് ജംപിന്‍റെയും മൂത്ത മകളായാണ് ആനിയുടെ ജനനം. കുട്ടിക്കാലത്തുതന്നെ വീടിന്‍റെ ടെറസ്സിലിരുന്ന് ആകാശത്തേക്ക് മിഴിനട്ട് ഏറെ നേരം നക്ഷത്രങ്ങളെ നിരീക്ഷിക്കുകയെന്നത് ആനിയുടെ ഒരു വിനോദമായിരുന്നു. മകളുടെ ഇഷ്ടങ്ങള്‍ക്ക് അമ്മയും കൂട്ടായി നിന്നു. മസ്സാച്ചുസെറ്റ്സിലെ വെല്ലസ്ലി കോളേജില്‍ ഊര്‍ജതന്ത്രവും ജ്യോതിശ്ശാസ്ത്രവും പഠിച്ച ആനീ ജംപ് കാനണ്‍ 1884-ല്‍ മികച്ച നിലയില്‍ത്തന്നെ ബിരുദം നേടി. അവിടെ അക്കാലത്തെ പ്രശസ്ത ഊര്‍ജതന്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്ന സാറ ഫ്രാന്‍സെസ് വിറ്റിങ് ആനിയെ ഏറെ സ്വാധീനിച്ചു. ബിരുദ പഠനത്തിനു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ ആനി ഫോട്ടോഗ്രഫിയില്‍ വൈദഗ്ദ്ധ്യം നേടി. കുറേ യാത്രകളും നടത്തി. “ഇന്‍ ദ് ഫൂട്സ്റ്റെപ്സ് ഓഫ് കൊളംബസ്” എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു ചെറു പുസ്തകം 1893-ലെ ചിക്കാഗോ വേള്‍ഡ് കൊളംബിയന്‍ എക്സ്പോസിഷനില്‍ വിതരണം ചെയ്തതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ആ സമയത്ത് ആനിക്ക് സ്കാര്‍ലെറ്റ് ഫീവര്‍ പിടിപെടുകയും കേള്‍വി ശക്തി ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമാവുകയും ചെയ്തു. 1894-ല്‍ അമ്മയുടെ മരണവും ആനിയെ വല്ലാതെ ഉലച്ചു. കുറെ നാള്‍ ആരുമായും ഇടപഴകാതെ കഴിഞ്ഞ ആനി അതില്‍ നിന്നു മോചനം നേടാന്‍ തന്‍റെ അദ്ധ്യാപികയായിരുന്ന സാറയുടെ സഹായം തേടി. അങ്ങനെ ആ അദ്ധ്യാപികയുടെ സഹായത്തോടെ കോളേജില്‍ ജൂനിയര്‍ ഫിസിക്സ് ടീച്ചറായി ജോലിയില്‍ പ്രവേശിച്ചു. അതോടൊപ്പം തുടര്‍ പഠനം നടത്തി മാസ്റ്റേര്‍സ് ഡിഗ്രി നേടാനും സ്പെക്ട്രോസ്കോപ്പിയില്‍ പ്രാവീണ്യം നേടാനും ആനിക്കു സാധിച്ചു.

നക്ഷത്ര നിരീക്ഷണത്തിന് ഒരു മികച്ച ടെലിസ്കോപ്പ് വേണമെന്ന ആഗ്രഹമാണ് ഒരു സ്പെഷ്യല്‍ സ്റ്റുഡന്‍റ് ആയി റാഡ്ക്ലിഫ് കോളേജില്‍ ചേരാന്‍ ആനിയെ പ്രേരിപ്പിച്ചത്. അത് ഹാര്‍വാഡ് കോളേജ് ഒബസര്‍വേറ്ററിയിലേക്കുള്ള വഴി കൂടി തുറന്നു. അവിടെ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ വരുമായിരുന്ന എഡ്വേഡ് സി.പിക്കറിങ് ആനിയുടെ നക്ഷത്ര നിരീക്ഷണത്തിലെ മികവ് മനസ്സിലാക്കി അവരെ ‘ഹാര്‍വാഡ് കമ്പ്യൂട്ടേര്‍സ്’ എന്നു വിളിക്കപ്പെട്ടിരുന്ന സ്ത്രീകളുടെ സംഘത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഹാര്‍വാഡ് കംപ്യൂട്ടേര്‍സ് എന്നത് അക്കാലത്ത് അത്ര ബഹുമാനത്തോടെ വിളിക്കപ്പെട്ട പേരൊന്നും ആയിരുന്നില്ല. ആകാശത്തിന്‍റെ വിവിധ ഭാഗങ്ങളുടെ ഫോട്ടോ എടുത്ത് നക്ഷത്രങ്ങളെ വര്‍ഗ്ഗീകരിക്കുക എന്ന ജോലിയാണ് അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അവിടുത്തെ പുരുഷ ഗവേഷകരെക്കൊണ്ട് സാധിക്കാത്ത അതീവശ്രമകരമായ ഈ ജോലി കുറഞ്ഞ വേതനം നല്‍കി സ്ത്രീകളെക്കൊണ്ട് ചെയ്യിക്കാനുള്ള ശ്രമമായിരുന്നു അത്. കുടുംബിനികളായി കഴിയേണ്ട സ്ത്രീകള്‍ വാനം നോക്കി നടക്കുന്നോ എന്നും പലരും പരിഹസിച്ചു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ആനി ജംപ് തന്‍റെ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളില്‍ മുഴുകി. ഡ്രേപ്പര്‍ കാറ്റലോഗ് പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി നക്ഷത്രങ്ങളെ തരംതിരിക്കുന്നതില്‍ ഒരു പുതിയ രീതി അവതരിപ്പിച്ചു. ബാല്‍മര്‍ വര്‍ണ്ണരാജികളെ അടിസ്ഥാനമാക്കിയുള്ള ആ വര്‍ഗ്ഗീകരണത്തില്‍ നക്ഷത്രങ്ങളെ B, A, F, G, K, Mഎന്നിങ്ങനെ തരംതിരിക്കുകയും ചെയ്തു. ഈ ക്രമത്തില്‍ ഇത് തന്നെ ഓര്‍ത്തിരിക്കാന്‍ Be A Fine Girl Kiss Me’ എന്ന വാചകം ഓര്‍ത്താല്‍ മതിയെന്നും പറഞ്ഞു!

1901-ല്‍ വര്‍ണ്ണരാജികളെ അടിസ്ഥാനമാക്കിയുള്ള നക്ഷത്ര കാറ്റലോഗിന്‍റെ ആദ്യഭാഗം ആനി പ്രസിദ്ധീകരിച്ചു.1911-ല്‍ റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി അംഗമായി. 1921-ല്‍ ഗ്രോണിന്‍ജെന്‍ സര്‍വ്വകലാശാലയില്‍ നിന്നും 1925 ല്‍ ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്നും ഓണററി ഡോക്റ്ററേറ്റും ലഭിച്ചു. മൂന്നരലക്ഷത്തോളം നക്ഷത്രങ്ങളെ തരംതിരിച്ചതു കൂടാതെ 300 ചരനക്ഷത്രങ്ങള്‍, അഞ്ച് നോവകള്‍ എന്നിവയുടെ കണ്ടുപിടിത്തവും ആനി ജംപിന്‍റെ വിസ്മയ നേട്ടങ്ങളില്‍പ്പെടുന്നു. 1922-ല്‍ ഇന്‍റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ ആനീ ജമ്പ് ആവിഷ്ക്കരിച്ച സ്റ്റെല്ലാര്‍ ക്ലാസ്സിഫിക്കേഷന്‍ സിസ്റ്റത്തിന് അംഗീകാരം നല്‍കി. 1940-ല്‍ ഹാര്‍വാദ് സര്‍വ്വകലാശാലയില്‍ നിന്നും ആനീ ജംപ് കാനണ്‍ വിരമിച്ചു. അതിനു രണ്ടു വര്‍ഷം മുമ്പു മാത്രമാണ് സര്‍വ്വകലാശാല ജ്യോതിശ്ശാസ്ത്രത്തില്‍ വിസ്മയങ്ങള്‍ വിരിയിച്ച ഈ വനിതയ്ക്ക് സ്ഥിരനിയമനം നല്‍കിയത്!

ജോലിയില്‍ നിന്ന് വിരമിച്ചിട്ടും ആനി ഗവേഷണങ്ങള്‍ക്ക് അവധി നല്‍കിയതേയില്ല. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പ് വരെ അവര്‍ ഗവേഷണങ്ങളില്‍ മുഴുകി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാസ്ത്ര ഗവേഷണരംഗത്ത് സ്വീകാര്യതയും അംഗീകാരവും ലഭ്യമാക്കാന്‍ ഏറെ പ്രവര്‍ത്തിച്ചു. വിവിധരാജ്യങ്ങളില്‍ ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങളില്‍ നിര്‍ണ്ണായക നേട്ടം കൈവരിക്കുന്ന വനിതകളെ ആദരിക്കാനായി ആനീ ജെ.കാനണ്‍ പ്രൈസ് ഏര്‍പ്പെടുത്തി. ജ്യോതിശ്ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ശാസ്ത്ര വിസ്മയം 1941 ഏപ്രില്‍ 13 ന് കേംബ്രിജില്‍ വച്ച് അന്തരിച്ചു.

(പ്രമുഖ ശാസ്ത്ര ലേഖിക, നിരവധി ബഹുമതികള്‍ക്ക് ഉടമ)

COMMENTS

COMMENT WITH EMAIL: 0