പ്രണയം തിരസ്കരിക്കപ്പെട്ടപ്പോളാണ്
അവളെഴുതാന്‍ തുടങ്ങിയത്
രാവും പകലും സ്വൈര്യം തരാതിരുന്ന ചിന്തകള്‍
സങ്കടങ്ങള്‍
നിരാശകള്‍
ഓര്‍മ്മകള്‍
എല്ലാം കവിതക്കുഞ്ഞുങ്ങളായി പിറന്നു വീഴുകയായിരുന്നു
അതാതിന്‍റെ സമയങ്ങളില്‍
ഓരോന്നും അവളുടെ ഓജസ്സൂറ്റിക്കുടിച്ചാണ് വളര്‍ന്നിരുന്നത്
എല്ലാം കഴിഞ്ഞപ്പോഴേക്കും അവള്‍ മൃതപ്രായയായി
പ്രാണനില്ലാത്തവളില്‍ നിന്ന്
പ്രണയം പറന്നു പോയി
അതിന്‍റെ നഖപ്പാടുകള്‍ അവളെ അകാലത്തില്‍ വൃദ്ധയാക്കി.
അവളെ പ്രണയിച്ചിരുന്നയാള്‍
അങ്ങനെയൊന്നുമൊരിക്കലുമുണ്ടായിട്ടില്ലെന്ന പോലെ ഭാവിച്ച്
അവളെക്കാണാന്‍ വന്നത് ഒരു രാത്രിയിലായിരുന്നു
അയാള്‍ക്ക് കിടക്കാനിടവും
കഴിക്കാന്‍ ഭക്ഷണവും വേണമായിരുന്നു.
രണ്ടും ഒരവകാശമെന്ന പോലെ അനുഭവിച്ച്
സന്ദര്‍ശനം അവള്‍ക്കുള്ള ഔദാര്യമെന്ന നാട്യത്തില്‍
അയാള്‍ വെളിച്ചത്തിലേക്കിറങ്ങിയപ്പോള്‍
അവള്‍ ആ കവിതാപുസ്തകം അയാള്‍ക്കു കൊടുത്തു.
ഇതെന്ത് എന്ന അയാളുടെ ചോദ്യത്തിന്
ചില അനാഥക്കുഞ്ഞുങ്ങള്‍ എന്നവള്‍ പറഞ്ഞ മറുപടി
അയാള്‍ക്കൊട്ടും മനസ്സിലായതുമില്ല.
COMMENTS