Homeചർച്ചാവിഷയം

അസ്തിത്വം ബാക്കിവെച്ച ചീന്തലാറിലെ ബംഗ്ലാവ്

കാഞ്ഞാറ് തൊട്ടുള്ള വഴികള്‍ ചുണ്ടില്‍ ചിരിയെ ആവാഹിക്കുന്ന വിധമാണല്ലോ. അവ്വിധം ചെല്ലുമ്പോളുള്ള വെള്ളൊഴുക്കുകള്‍ മനസ്സിലെ പിരിമുറുക്കത്തെയും കൂട്ടിയാണ് ഒഴുകുന്നതെന്നു വ്യക്തം. അവിടെ നിന്നും ചെരിഞ്ഞിരുന്ന് തെല്ലുവിശ്രമം. പ്രാഥമികകാര്യങ്ങള്‍ക്കും പ്രകൃതി അനുഭവമാണെന്നും മനസ്സിലാക്കി? ശകടത്തിനു വയറു നിറയെ തീറ്റി കൊടുത്തിരുന്നു, പക്ഷെ ഞങ്ങളുടെ ഉള്ളില്‍ നിന്ന് കുപ്പിയിലെ ഭൂതം കണക്കെ പുഹ അല്‍പാല്‍പ്പം വന്നുമ്പോയും കൊണ്ടിരുന്നു.
ഇത്തവണ പ്രത്യേകിച്ച് വട്ടം കൂട്ടലുകളുണ്ടായില്ല. എന്നത്തേയും പോലെ ദ നിപ്പിലൊരു പോക്ക് വിളിച്ചില്ലെന്നു പരാതിക്കപ്പുറം വിളംബരത്തേക്കാളും സമാധാനമായി ഒരിടം എന്നുതന്നെ ഉച്ചിയില്‍.

ഉപ്പുതുറക്ക് പോകണമെന്നുള്ള ആഗ്രഹം കൊണ്ടെത്തിച്ച ഒരു പ്രഭാതം. കാഞ്ഞാറ് എത്തുമ്പോഴേക്കും സൂര്യന്‍ നിഷ്പ്രഭനായ പോലെ. അതോ ഗൗരവം കുറച്ചു ആശാന്‍ ചിരിച്ച മട്ട്, കാറ്റിനോട് സൊറ പറഞ്ഞു നീങ്ങുന്ന ഞങ്ങളും. ലക്ഷ്മിപാറ ലക്ഷ്യമാക്കി വെച്ചു കീച്ചുന്ന ബ്രോയെ മാതൃകയാ ക്കി ഞങ്ങളും നടന്നു. ശിഷ്യന്മാര്‍ അങ്ങനാണ് ഭായി. മുകളിലെ കാറ്റും ഇളം വെയിലും പുളകമണിയിച്ചു. ആദ്യമായി യാത്ര ചെയ്ത കുട്ട്യേ പോലെ ഞാന്‍ മനസ്സില്‍ തുള്ളിച്ചാടി. അങ്ങകലെ പൂഞ്ഞാറിലെ തിലകക്കുറി ഇല്ലിക്കല്‍ കാണാം. അതിസാഹസികമായ ഒരു പാതയാണെന്ന് പ്രത്യേകപരാമര്‍ശം വേണ്ടതില്ലല്ലോ.

കാപ്പിക്കടയുടെ മണം വയറില്‍ തുടികൊട്ടി ഒരു തിറയാട്ടം തന്നെ നടത്തിക്കാണണം. പാതിരാത്രിയിലെ പട്ടിണിക്കുതിരയെ കെട്ടിയിടാനായി. അടുത്ത ഊഴം മുറിയിലെ വിശ്രമം. തീരം അഗ്രി റിസോര്‍ട് ഒരുക്കിയ മുളംകുടില്‍വാസം വളരെ മെച്ചം. തൊട്ടു മുന്നിലെ നൂല് പോലെ ഒഴുകുന്ന നീര്‍ചാലുകള്‍. മലനിരകള്‍. അങ്ങകലെ പൈന്‍കാടുകള്‍, വാഗമണ്‍ ചായ ത്തോട്ടങ്ങള്‍ എല്ലാം വ്യക്തമായി കാണാം. ഇടത്തെയറ്റം ആകാശത്താണെന്നു തോന്നിക്കുമാറ് ഒരു പള്ളിമുറ്റം. നല്ലൊരു മഴയുടെ കോളുണ്ട്. ചാറ്റല്‍ നമുക്ക് പുല്ലാണേ? ചൂട് കട്ടന്‍ വീണ്ടും ഉഷാറാക്കി. ഉപ്പുതുറക്ക് പോകാം.

അഞ്ചു പത്തു നിമിഷങ്ങളില്‍ അവടം ചെല്ലാനായി. സെന്‍റ് ആന്‍ഡ്ര്യൂസ് ചര്‍ച്ച് പച്ചപ്പിന്‍റെ ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നല്ല ചന്തമുള്ള ഒരു കൊച്ചു പള്ളി. അരികില്‍ കൂട്ടിനായി, കാവലാളായി ഇലകള്‍ പൊഴിഞ്ഞ ഒരു വെള്ളിലാവ്. മൃതിയടഞ്ഞ ആത്മാക്കളോട് സല്ലപിച്ചാകണം വെള്ളിലാവും മൃതിയിലലിഞ്ഞു.

നൂല്‍സ്പര്‍ശം പോലുള്ള ചാറ്റല്‍ കുടം തുള്ളി കണക്കെയായി പോയത് നൊടിയിടയില്‍. മൂന്നാല് വലം വെച്ച് മരത്തിനടുത്തേക്ക് നടന്നടുക്കുമ്പോഴാണ് അറിയുന്നത്. ഭിത്തി നിറയെ ചൊറിയാന്‍പുഴു. രൂപക്കൂട് കാണാനായില്ല. എല്ലാ സഭകളുടെയും ചേര്‍ന്നുള്ള ആരാധനാലയമായതിനാലാകണം. നല്ലൊരു അന്തരീക്ഷം. ശാന്തമായി ഉറങ്ങുന്ന വിദേശാത്മാക്കള്‍ മലയാളം പഠിച്ചു കാണണം എന്നൊക്കെ നിനച്ചു പോയി. കൗതുകം തോന്നുന്ന ചില കുസൃതികളോട് സ്വയം ഉത്തരം കണ്ടെത്തുന്ന ചില ചോദ്യങ്ങള്‍. അല്ലാതെന്താ?
മഴ കനത്തു കൊണ്ടിരുന്നു, വക വെക്കാതെ പുറപ്പെട്ടത് അബദ്ധമായെന്നൊരു തോന്നല്‍. ജലസ്രോതസ്സ് കുത്തിയൊഴുകി വരാന്‍ സമയമൊന്നുമെടുത്തില്ല. ആകെ നനഞ്ഞു കുളിച്ച് അടുത്ത് കണ്ട ഷെഡില്‍ കേറി നിന്നപ്പോഴാണ് ഒരു ഉരുളന്‍ കല്ല് ഉരുണ്ടു വരുന്നത് കണ്ടത്. നിമിഷങ്ങള്‍ക്കകം പ്രളയമോ എന്ന് തോന്നിക്കുമാറ് നല്ല ഇടിയും മഴയും.

മലയിലൂടെ ചെങ്കല്‍നിറത്തിലുള്ള കുത്തൊഴുക്ക് !ആദ്യമായി പേടിച്ചരണ്ടു പോയ ഞാന്‍ കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴാണ് മലയിടിഞ്ഞു ഒരു ഭാഗത്തിലൂടെ വെള്ളമിരച്ചു മറിയുന്നത്. നടക്കുമ്പോള്‍ വീഴ്ത്താനായി മല്ലിടുന്ന വെള്ളച്ചാലുകള്‍. സത്യത്തില്‍ പേടിച്ചു, ഒരുവിധം മുറിയിലെത്തി കട്ടന്‍കാപ്പി കൂടി അകത്തെത്തിയപ്പോഴാണ് ജീവന്‍ തിരികെ വന്നത്. അപ്പോഴേക്കും മഴ തോര്‍ന്നു ഒന്നുമറിയാത്ത പോലെ മലകളും പുഴകളും ശാന്തത പ്രാപിച്ചിരുന്നു.

ചൂടുള്ള പൊറോട്ടയും കറിയും ഏറെ രുചികരമായി തോന്നി. ക്ഷണനേരത്തില്‍ ക്ഷീണിച്ച ദേഹം നിദ്രയിലേക്ക് കൂപ്പുകുത്തി. പ്രഭാതം വ്യക്തമായ കാഴ്ചകളിലേക്ക്. മുറിയിലെ ജാലകത്തിലൂടെ കോട അകത്തേക്ക് കിനിഞ്ഞിറങ്ങിയ പോലെ! അരുണ്‍സാബു നല്ലൊരു സ്റ്റാഫ് ആയിരുന്നു, മിടുക്കന്‍, ഉത്സാഹമുള്ള കുട്ടി. തദ്ദേശവാര്‍ത്തകളില്‍ നിന്ന് ഒരു സായ്വ് ബംഗ്ലാവ് അവിടെവിടെയോ ഉള്ളതായി അറിയാനായി. അവിടെക്ക് ചെല്ലാനായി മനസ്സ് തുടിച്ചു കൊണ്ടിരുന്നു. യാദൃച്ഛികമായി വീണു കിട്ടിയ ഒരവസരം.
കുറെയധികം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കൊടുവില്‍ ഒരു വളവ്. സായ്വിന്‍റെ ബംഗ്ലാവ് ചോയ്ച്ച്ചോയ്ച്ച് ഒരു വിധം എത്തിപ്പെട്ടു. ആകാശം തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വമ്പന്‍ മരങ്ങളും അതില്‍ പടര്‍ന്നു പന്തലിച്ച ഇത്തിള്‍പ്പടര്‍പ്പുകളും. സിനിമയില്‍ കണ്ട പോലെ. ഒരു മനുഷ്യക്കുഞ്ഞിന്‍റെ സാന്നിധ്യമില്ല, എങ്കിലും നടന്നു കയറിയപാടെ ചില ചിറകടി ശബ്ദങ്ങള്‍ സമീപമരങ്ങളില്‍ നിന്ന് കേട്ടതും ചെറിയ ഒരു ധൈര്യക്കുറവ് നിഴലിച്ചു. നന്നേ പകലിലും ഇരുള്‍ വീണ പ്രതീതിയാണ് ചെറുതായ പേടിയുള്ള കാരണവും. മൊസൈക്ക് പടികള്‍ അര്‍ദ്ധവൃത്താകൃതിയിലാണ്. അവിടമെല്ലാം കുപ്പിചില്ലുകള്‍ തെറിച്ചു നാശമാക്കപ്പെട്ടിരിക്കുന്നു. ശ്രദ്ധയോടെ സാവധാനം നടന്നു ചുറ്റിലും. നല്ല സുര്‍ക്ക ചേര്‍ത്ത ചുമരുകള്‍, ഒറ്റത്തടി തേക്കില്‍ പണികഴിച്ച ഏഴെട്ട് തൂണുകള്‍ നിശബ്ദസാക്ഷികളായി നില്‍പ്പുണ്ട്. കഴുക്കോലുകളിലെ ആകൃതിയും മേളില്‍ നിരത്തിയ ഷീറ്റുകളും വളഞ്ഞിരിക്കുന്നു.

കതകുകളിലെ, ജനലുകളിലെ കണ്ണാടി ചില്ലുകള്‍ നഷ്ട്ടമായിട്ടുണ്ട്. മൊത്തത്തില്‍ നശിപ്പിച്ച ഒരു രംഗം. എത്തിനോക്കി ചുറ്റിനും നടന്നപ്പോഴാണ് ബംഗ്ലാവിന്‍റെ വിശാലത ഞെട്ടിച്ചത്. വളഞ്ഞു നീണ്ടൊരു കെട്ടിടം. സ്വീകരണമുറിയില്‍ നിലത്തില്‍ മരത്തിന്‍റെ പലകകള്‍ വിരിച്ചിരിക്കുന്നു. കേറുന്നയിടത്തില്‍ താഴെ വലിയ ഒരു തുരംഗംപോലൊരു ദ്വാരം ശ്രദ്ധയില്‍ പെട്ടിരുന്നു, അതിലൂടെ കനല്‍ കേറ്റി മുറിയാകെ ചൂട് പകരും വിധം സംവിധാനം കണ്ടപ്പോള്‍ ബോധ്യപ്പെട്ടു സായ്വിന്‍റെ ബുദ്ധിയും ശാസ്ത്രപുരോഗതിയും. കണക്കുകളില്‍ കൊരുത്ത കഴുക്കോലുകള്‍ ഇളകുകയില്ല എന്ന മട്ടില്‍ സങ്കോചത്തോടെ നില്‍ക്കുന്നു. മുറികളിലെ കൂറ്റന്‍ ക്രിസ്റ്റല്‍ ഷാനങ്ലിയര്‍ അടര്‍ന്നു കൊഴിഞ്ഞ പോലെ. ഉഗ്രയിനങ്ങള്‍ വാസമുറപ്പിച്ച് കാണണം എന്നൊരു ശങ്കയിനാല്‍ ധൈര്യമായി കേറാനും വയ്യ. പൊളിഞ്ഞ ജനലുകളിലൂടെ കേറാനുള്ള ശ്രമം നന്നല്ല താനും. ശകലം മുന്നിലൂടെ നടന്നപ്പോഴാണ് കാര്‍ പോര്‍ച് കണ്ടത്. പച്ചകതകുകളുള്ള, നമ്മള്‍ ഇംഗ്ലീഷ് സിനിമയില്‍ കണ്ടിട്ടുള്ള അതെ പോലെ. ത്രില്ല് ആയിപ്പോയ്. മെല്ലെ തുറന്ന് നോക്കി. കാതലായ കാപ്പി വേരുകളില്‍ തീര്‍ത്ത വിസ്മയങ്ങള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. തകരപാട്ടയുടെ ഭീകര ശബ്ദം കേട്ടിട്ടാവണം ആ അശരീരി പോലെ ഞാന്‍ കേട്ടത് ‘ആരാ?’.

കേട്ട പാതി കേള്‍ക്കാത്ത പാതി ഓടാനൊരുങ്ങിയ ഞാന്‍. കൈയില്‍ ഒരു കൊടുവാളുമായി ഒരാള്‍. ആശ്വാസമായി. അവിടെ അടുത്തുള്ള പണിക്കാരനാണ് ആ ചേട്ടന്‍. അമ്പതോടടുത്ത് പ്രായം. ബാംഗ്ളാവിന്‍റെ കഥകള്‍ അപ്പച്ഛന്‍ പറഞ്ഞറിവുണ്ട്, അത് പങ്കുവെക്കാനാവശ്യപ്പെട്ടപ്പോള്‍ വിസ്മയത്തോടെ പറഞ്ഞു തുടങ്ങി.

കുട്ടിക്കാനം പള്ളി മുതല്‍ പത്തെണ്ണായിരം ഏക്രയില്‍ വിസ്താരമായ ഭൂമിയിലെ അധികാരമാണ്ടിരുന്ന സായ്വ് പ്രിയപ്പെട്ട മേല്‍നോട്ടക്കാരന് ഏല്പിച്ചു രാജ്യം വിടുകയാണുണ്ടായത്. പിന്നീടുള്ള ആണ്ടുകള്‍ തോട്ടം തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനുമാകാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. കൈയേറ്റവകാശം മൂലം ആറായിരമേക്കറോളം കുറഞ്ഞെങ്കിലും മൂന്നാലു തലമുറക്കാര്‍ അവിടെ താമസിച്ചിരുന്നു, ശേഷം ജോലിയാവശ്യമായി പലേടത്തേക്കും മാറി. തീര്‍ത്തും വിജനമായി തീര്‍ന്നപ്പോഴാകട്ടെ, മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുകയായിരുന്നു.

ഒരിക്കല്‍ ഒരു മോഷണശ്രമത്തിനിടെ നെഞ്ചലച്ച് ഒരാള്‍ വീണു മരിച്ച സംഭാവമുണ്ടായതായി അറിഞ്ഞു. കണക്കിലെ കളികളും ശാസ്ത്രവും കൂട്ടിയിട്ടതിനാല്‍ ഒരു മരക്കൊമ്പ് പോലും ഇളക്കാനാകില്ല എന്നു മാത്രമല്ല മൊത്തമായി നിലംപതിക്കയും ചെയ്യും. അത്ഭുതമായി തോന്നുന്നവിധം പണിത ബംഗ്ലാവിന്‍റെ ക്ഷയം സങ്കടകരം തന്നെ. റിസോര്‍ട് ആയോ മറ്റോ ഉപയോഗിച്ചാല്‍ നടത്തിച്ചു പോകാമായിരുന്നു, പക്ഷെങ്കി പട്ടയമെടുപ്പോ നിര്‍മാണപ്രവര്‍ത്തനമോ ഒന്നുമില്ലാത്ത ഒരിടം. തോണിതടി ഇടുക്കി മുതല്‍ കിലോമീറ്റര്‍ കണക്കിന് പരന്നു കിടക്കുന്ന പീര്‍മേഡ് ചായ കമ്പനിയുടെ ഇരു ഷെഡുകള്‍, അരകപ്പല്‍ മുക്കാല്‍ കപ്പല്‍ കണക്കിനുള്ള തേയില ഉത്പാദനം, സ്റ്റോക്ക് എന്നിവ. നിലച്ചു നിര്‍ജീവാവസ്ഥ. ഇപ്പോള്‍ തേയില ത്തോട്ടത്തില്‍ കൊളുന്ത് നുള്ളാനായി മാത്രം അവകാശമുള്ള പണിക്കാര്‍.

ചീന്തലാര്‍ പള്ളിയിലെ അടക്കം ചെയ്ത കുതിരകള്‍. മദാമ്മമാര്‍. സായ്വുമാര്‍. ജനനം മരണം എഴുതി വെച്ചതു മുതല്‍ എല്ലാം നീക്കം ചെയ്തു ഒരൊറ്റ പിറ്റില്‍ ഒതുങ്ങി കൂടി. കുതിരക്കല്ലറകളില്‍ കൊത്തി വെച്ച സ്നേഹചിന്ഹങ്ങള്‍ മണ്ണടിഞ്ഞിരിക്കുന്നു. പഴങ്കഥയിലെ നായകനിപ്പോള്‍ ഇല പൊഴിഞ്ഞു ചന്തമറ്റ് കരിനിറത്തില്‍ സാക്ഷിയായി ആന്‍ഡ്രോസ് പള്ളിക്കരികെ.
അങ്ങകലെ കാറ്റാടി കവലക്കു ചേക്കറിയ പള്ളി പ്രൗഢമായി മാനം മുട്ടെ നില്‍ക്കുന്നു. ചുറ്റും നടന്നു പലവുരു. ഇതുപോലൊരു ബംഗ്ലാവ് നിര്‍മ്മിക്കുക അസാധ്യം. നാശത്തിന്‍റെ ഏഴാം അദ്ധ്യായം അവസാന വരിയും വിരിയുന്ന നാളെക്കായി കാത്തിരിക്കുന്ന ആ കെട്ടിടത്തിന്‍ ഓടുകളില്‍ പോലും പടര്‍പ്പിന്‍റെ വേരുകള്‍ ഓടി നടന്നിരിക്കുന്നു. ഒരു നീറ്റലാണ് കേറിയിറങ്ങുന്നത് എന്നൊരു സത്യത്തെ കണ്‍മൂടി കെട്ടി അയ്യപ്പന്‍കോവില്‍ തൂക്കുപാലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.

സന്ധ്യ ആര്‍.
സഞ്ചാരി,
പ്രാദേശിക ഭാഷയില്‍ സാമൂഹിക യാത്രാവിവരണങ്ങള്‍ എഴുതുന്നു

 

COMMENTS

COMMENT WITH EMAIL: 0