Homeപഠനം

ഭരണകൂട- സാമൂഹ്യവിലക്കുകള്‍ വ്യക്തിബോധത്തെ ശൈശവീകരിക്കുന്നുവോ? സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്നിലേക്ക് ഉയര്‍ത്തുന്ന സാഹചര്യത്തിലെ ചില ആലോചനകള്‍

 

സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തൊന്നിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയിലേക്ക് കൊണ്ടുവന്നിരിക്കുകയാണല്ലോ. രാജ്യത്തെ പൗരജീവിതത്തെ മുഴുവനായും ഉള്‍ക്കൊള്ളുന്ന വിഷയമെന്ന നിലയ്ക്ക് ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ഈയൊരു പുനരാലോചനയ്ക്ക് അടിസ്ഥാനമായി ഭരണകൂടം മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്, അതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നിവയെല്ലാം പ്രധാനമാണ്. നിലവിലുള്ളൊരു നിയമത്തില്‍ പിരിഷ്ക്കാരങ്ങള്‍ വരുത്തുമ്പോള്‍ അതിന് സവിശേഷമായ ചില ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കാനുണ്ടാവും. ആ ലക്ഷ്യങ്ങള്‍ പ്രസ്തുത പരിഷ്ക്കാരങ്ങളുടെ അന്തര്‍ധാരയായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇങ്ങനെയൊരു നിയമഭേദഗതി ആ നിലയ്ക്ക് എന്തു മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്നതും പ്രധാനമാണ്. ഈ സന്ദര്‍ഭത്തില്‍, (സ്ത്രീകളുടെ) വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഉണ്ടായിവരുന്ന, മാറുന്ന സാമൂഹ്യകാഴ്ചപ്പാടുകളെ ഈ നിയമഭേദഗതി എങ്ങനെയെല്ലാമാണ് സ്വാധീനിക്കുക എന്നുള്ള വിശകലനത്തിനാണ് ഇവിടെ ശ്രമിക്കുന്നത്.

2020-ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ വിഷയം പഠിക്കാന്‍ ഒരു കര്‍മ്മ സേനയെ നിയമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിന് അടിസ്ഥാനമായി മുന്നോട്ടുവെച്ച കാര്യം എന്ന നിലക്ക് അവര്‍ പറഞ്ഞത് സ്ത്രീകള്‍ അമ്മയാകുന്ന പ്രായം പരിശോധിക്കാന്‍ ഒരു കര്‍മ്മസേനയെ (ടാസ്ക് ഫോഴ്സ്) രൂപീകരിക്കുന്നു എന്നാണ്. മാതൃമരണനിരക്ക് കുറയ്ക്കുക, പോഷകാഹാര പദ്ധതി നവീകരിക്കുക, ഉന്നത വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരം മെച്ചപ്പെടുത്തുക തുടങ്ങിയ സ്ത്രീകേന്ദ്രിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് ഈ നിയമഭേദഗതി എന്നും പറയുന്നുണ്ട്. സമതാ പാര്‍ട്ടി അധ്യക്ഷയായിരുന്ന ജയ ജയ്റ്റ്ലിയുടെ നേതൃത്വത്തില്‍ 10 അംഗ പാനലാണ് ഇതിനായി 2020 ജൂണ്‍ മാസം നിയമിച്ചത്. 2020 ഡിസംബറില്‍ പ്രധാനമന്ത്രിക്കും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കേന്ദ്രമന്ത്രാലയത്തിനും പ്രസ്തുത കര്‍മ്മസേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിതൃകേന്ദ്രിത മനോഘടന പരിഷ്കരിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക, വിദ്യാഭ്യാസ മേഖല സുഗമമായി പ്രാപ്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത യാത്രാസൗകര്യം ഉറപ്പുവരുത്തുക, നല്ല ടോയ്ലറ്റുകളും സാനിറ്ററി നാപ്കിന്‍ സൗകര്യങ്ങളുമില്ലാതെ സ്കൂളുകളില്‍നിന്ന് പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയുക, ലൈംഗിക വിദ്യാഭ്യാസം എന്നത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, സ്ത്രീകള്‍ക്ക് ജീവിതായോധനത്തിനുതകുന്ന തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനം കൊടുത്തു പ്രോത്സാഹിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ നിര്‍ദ്ദേശങ്ങളെല്ലാം വിവാഹപ്രായം ഉയര്‍ത്തുക എന്ന നിയമഭേദഗതിയോടൊപ്പം ഉറപ്പുവരുത്താന്‍ പറ്റിയില്ലെങ്കില്‍ പ്രസ്തുത നിയമഭേദഗതിക്ക് യാതൊരു സാധൂകരണവും ഉണ്ടാവില്ല എന്നാണ് കമ്മിറ്റി പറയുന്നത്. നല്ല റോഡുകളും റോഡില്‍ ട്രാഫിക് ലൈറ്റുകളുമില്ലാതെ ഗതാഗത നിയമങ്ങള്‍ ഉണ്ടാക്കുന്നത് പോലാകും അതെന്ന് ഇതിനെ സാമ്യപ്പെടുത്തുന്നുമുണ്ട്.1 ഈ ഭേദഗതി സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണെന്നതാണ് കര്‍മപദ്ധതി സംഘം വിഭാവനം ചെയ്തത് എന്നര്‍ത്ഥം.

സാധുതകള്‍ പരിശോധിക്കാം
ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. നൈപുണ്യ വികസനവും അതിനനുസരിച്ചുള്ള ജോലിസാധ്യതയും വേണ്ടത്ര ഇല്ല എന്നുള്ളതും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കിലുള്ള കുറവും ഗൗരവമുള്ള വിഷയങ്ങളാണ്. ഇന്ത്യയില്‍ ഒരു വലിയ ശതമാനം പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളും അതീവ ഗുരുതരമായ നിലയില്‍ തന്നെയാണ് എന്നത് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പ്രസവിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രമല്ല ആരോഗ്യകരമായ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനുതന്നെ സ്ത്രീകള്‍ക്ക് (ഇതര ന്യൂനപക്ഷ ലിംഗവിഭാഗങ്ങള്‍ക്കും) പ്രത്യേകമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍, നടപടികള്‍ അത്യാവശ്യമാണ്. ഈ പ്രശ്നങ്ങള്‍ ഇന്ത്യയുടെ മൊത്തം ദാരിദ്ര്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകങ്ങളുമാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ അടക്കം നിലവാരമുള്ള പ്രകടനം കാഴ്ചവെക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ പോകുന്നതിന്‍റെ കാരണങ്ങള്‍ പലതാണ്. ലൈംഗികവിദ്യാഭ്യാസം അടിസ്ഥാന പാഠ്യപദ്ധതിയാക്കേണ്ടത് ഏതൊരു പരിഷ്കൃത സമൂഹത്തിന്‍റെയും ചുമതലയാണെന്നതിലും തര്‍ക്കമില്ല. സ്ത്രീവിരുദ്ധമായ മനോനിലയും പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മനുഷ്യസാഹോദര്യത്തേക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും നവീനമായ ലിംഗസമത്വ ദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കണം. എന്നാല്‍ അതെല്ലാം പരിഹരിക്കാനുള്ള ഭരണകൂട നടപടികളുടെ ഭാഗമായി സ്ത്രീകളുടെ വിവാഹപ്രായം മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടുക എന്ന തീരുമാനം വിശദമായ ചര്‍ച്ചകളും ആലോചനകളും ആവശ്യപ്പെടുന്നുണ്ട്. അതിനായി ഒരു വിദഗ്ദ സമിതിയെ നിയോഗിക്കുന്നു എന്നതും ആശാവഹമാണ്. അതില്‍ വിഷയ വിദഗ്ദരായ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു.

സമൂഹത്തിലെ പലതരം അവശതകളും പിന്നോക്കാവസ്ഥകളും കണക്കിലെടുത്ത് ചെറുപ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നമുക്കുണ്ട്. അവ ശൈശവ-കൗമാര കാലങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രാവര്‍ത്തികമാകക്കേണ്ടത് എന്നത് വളരേയേറെ പ്രധാന്യമുള്ള വിഷയമാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികള്‍ വിവിധ സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. (സ്കൂളിലേ എത്താത്ത കുട്ടികളെത്രയെന്ന പ്രശ്നം തന്നെ നമുക്ക് മുന്നിലുണ്ട്). തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന സങ്കല്പം പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ മുതല്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിവിധ തലങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. തൊഴില്‍രംഗം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയെല്ലാം സ്ത്രീകള്‍ക്ക് പ്രാപ്യമാകുന്ന നിലക്കുള്ള നടപടിക്രമങ്ങളും പലതുണ്ട്. എങ്കിലും ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാതിരിക്കുന്ന അവസ്ഥ നിലവിലുണ്ട് എന്ന് സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയാണ്. ആ നിലയ്ക്ക് അവയെല്ലാം വിഷയാധിഷ്ഠിതമായി പുന:പരിശോധിച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന പ്രതീക്ഷ ജനത്തിന് ലഭിക്കേണ്ടതുണ്ട്. ഒപ്പം പിന്നോക്ക വിഭാഗങ്ങളിലെ പെണ്‍-ഇതര ലിംഗ വിഭാഗങ്ങള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം പ്രത്യേകമായി സംവരണം ഏര്‍പ്പെടുത്തുന്ന പുതിയ പദ്ധതികള്‍ തന്നെ ആവശ്യമാണ്. ജനാധിപത്യത്തിന്‍റെയും പൗരബോധത്തിന്‍റെയും പാഠങ്ങള്‍ ക്ഷേമപദ്ധതികളിലെ അവസരസമത്വത്തിലൂടെതന്നെയേ ഉറപ്പിക്കാനാവുകയുള്ളൂ. സാമൂഹ്യമായ ബോധ്യങ്ങളില്‍ മാറ്റങ്ങളുണ്ടാവാന്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന നയങ്ങളും പരിപാടികളും അനിവാര്യമാണ്. ഈ വിഷയങ്ങള്‍ക്കെല്ലാമപ്പുറത്ത് പതിനെട്ടാം വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാനുള്ള ആരോഗ്യം ഇല്ലെന്നും അതിനാല്‍ മൂന്നുവര്‍ഷം നീട്ടിത്തരികയാണ് എന്നുമുള്ള ചര്‍ച്ചകള്‍ പ്രബലമാകുന്നത് സ്ത്രീകളുടെ പൗരബോധത്തെ വളര്‍ത്തുമോ? രാഷ്ട്രപുരോഗതിക്ക് ഗുണമാകുമോ എന്നതാണ് ആലോചനാവിഷയം.

ഇംഗ്ലീഷ് രാഷ്ട്രതന്ത്രജ്ഞനും മാനവികതാവാദിയും റോമന്‍ കത്തോലിക്കാ പുണ്യവാളനുമായിരുന്ന തോമസ് മൂര്‍ 1516-ല്‍ രചിച്ച വിശ്വപ്രസിദ്ധമായ യുട്ടോപ്യ എന്ന ഗ്രന്ഥത്തില്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ പരസ്പരം നഗ്നരായി ശരീരം പരിശോധിക്കണമെന്ന് ഒരു വ്യവസ്ഥ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരത്തിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടോ എന്നത് ഉത്തമനായ പുരുഷന്‍ ഉറപ്പിക്കുന്ന ചടങ്ങായാണ് അതു മാറുന്നത് എന്ന് പ്രസ്തുത കൃതി വ്യക്തമാക്കുന്നുമുണ്ട്.2 പതിനെട്ടാം വയസ്സില്‍ സ്ത്രീകള്‍ ആരോഗ്യവതികളല്ല എന്ന് കണ്ടെത്തുകയും ആയതിനാല്‍ ആ പ്രായത്തില്‍ വിവാഹിതരാകാന്‍ പറ്റില്ല എന്ന് വിധിക്കുകയും ചെയ്യുന്ന നടപടി മുതിര്‍ന്ന പൗരരായ സ്ത്രീകളുടെ ശരീരങ്ങളെ പരിപാലിക്കുകയെന്ന വ്യാജേനയുളള നിയന്ത്രണങ്ങളായി മാറുമെന്ന് കാണേണ്ടി വരില്ലേ?
സ്ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയെ ജാതിവ്യവസ്ഥ, തൊഴിലില്ലായ്മ, പിതൃമേധാവിത്വഘടന തുടങ്ങിയ ഇന്ത്യയിലെ നിരവധിയായ അസമത്വ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചല്ലാതെ പഠിക്കാനോ പരിഹരിക്കാനോ കഴിയുകയില്ല. അത് ഇന്ത്യന്‍ സാമൂഹ്യശാസ്തത്തിലെ ബാലപാഠമാണെന്ന് എല്ലാവരും സമ്മതിക്കും. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുക എന്ന പ്രയോഗം തന്നെ നിലവിലുള്ള വിവാഹ സമ്പ്രദായം അടിമുടി മാറ്റുക എന്നതിലേക്ക് വിരല്‍ ചുണ്ടുന്ന കാര്യമാണ്. ഈ മനോഭാവം മാറണമെങ്കില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പുവരുത്താനുള്ള നടപടികളാണ് ആവശ്യം. മാത്രമല്ല പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹിതരും അമ്മമാരും ആവാതിരിക്കാന്‍ നിലവില്‍ കര്‍ശനമായ നിയമങ്ങളുമുണ്ട്. എന്നാല്‍ യുണിസഫിന്‍റെ  കണക്കുപ്രകാരം ലോകത്തെ മൂന്നിലൊന്ന് ബാലവിവാഹവും നടക്കുന്നത് ഇന്ത്യയിലാണ്.3 ബാലവിവാഹ നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നതില്‍ പലതരത്തിലുള്ള പാകപ്പിഴകളും ഉണ്ടായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആദിവാസി മേഖല, മറ്റ് പ്രത്യേകതരം ജീവിതശൈലികള്‍ പിന്തുടരുന്നവര്‍, ആധുനികമായ ഔപചാരിക വിദ്യാഭ്യാസമോ ഭരണകൂട ഇടപെടലുകളോ ഇല്ലാത്ത ഇടങ്ങള്‍ എന്നിങ്ങനെയെല്ലാമുള്ള ഇന്ത്യന്‍ വൈവിധ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രധാനമാണ്. അത്തരം വിവേചന ബുദ്ധിയില്ലായ്മയിലൂടെ നിയമങ്ങള്‍ നടപ്പിലാക്കിയതിന്‍റെ പ്രശ്നങ്ങള്‍ വേറെയുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ നിയമ പരിഷ്ക്കാരത്തിലൂടെ ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളിലെ വളരെയധികം രക്ഷിതാക്കള്‍ ക്രിമിനലുകളാക്കപ്പെടുമെന്ന ആശങ്ക പലപ്രമുഖരും പങ്കുവെക്കുന്നത് തള്ളിക്കളയാമോ?4 എങ്കിലും രാജ്യത്ത് നിലവിലുള്ള ബാലവിവാഹ നിരോധന നിയമം വിജയകരമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പതിയുകതന്നെ വേണം. വിവാഹപ്രായം മൂന്നുവര്‍ഷത്തേക്ക് നിയമം വഴി നീട്ടി ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് നയിക്കാനും, അതുവഴി ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും സാധിക്കുമോ?

ഫലസാധ്യതകള്‍
ഇന്ത്യയില്‍ പതിനെട്ട് വയസ്സ് എന്നത് പ്രായപൂര്‍ത്തി വോട്ടവകാശം ഉറപ്പുവരുത്തുന്ന ഘട്ടമാണ്. പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നു എന്നതിനര്‍ത്ഥം അവര്‍ എല്ലാ അവകാശങ്ങളും ഉള്ള സ്വതന്ത്ര പൗരരായി എന്നതാണ്. സ്വത്തവകാശം പോലുള്ള മര്‍മ്മപ്രധാനമായ പൗരാവകാശങ്ങള്‍ ബാധകമാകുന്ന ഈ പ്രായത്തെ കുട്ടിത്തം നിറഞ്ഞ കാലമായി വിശേഷിപ്പിക്കുന്നതിലേക്കാണ് പുതിയ നിയമ പരിഷ്കാരം ചെന്നെത്തുക. മുതിര്‍ന്ന പൗരരായി, എല്ലാ അര്‍ത്ഥത്തിലും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പ്രായമായി പതിനെട്ടുവയസ്സിനെ അംഗീകരിക്കല്‍ വ്യക്തിസ്വതന്ത്ര്യത്തെ അംഗീകരിക്കലും അതുവഴി ആത്മവിശ്വസം ഉറപ്പുവരുത്തലുമാണ്. അതാണല്ലോ ലോകത്ത് ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള കാര്യം. വ്യത്യസ്തമായ ലൈംഗിക താല്പര്യങ്ങള്‍ എല്ലാജീവികളിലുമെന്ന പോലെ മനുഷ്യരിലേയും സ്വാഭാവിക ഗുണമാണല്ലോ. പതിനെട്ട് വയസ്സായ പെണ്ണിനും ആണിനും ലൈംഗിക ജീവിതവഴി തീരുമാനിക്കാനുള്ള അവകാശം സ്റ്റേറ്റിന്‍റെ ഔദാര്യമായി മാറാതിരിക്കട്ടെ. അത്തരത്തിലുള്ള ബോധ്യങ്ങളും പ്രതിരോധങ്ങളും ആര്‍ജിച്ചെടുത്ത കുട്ടികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടുകയാണ്. 2020 -ല്‍ നിലവില്‍ വന്ന പുതിയ വിദ്യാഭ്യസ നയം മൂന്ന് മുതല്‍ എട്ട് വയസ്സുവരെയുള്ള പ്രായത്തെക്കുടി ഔപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ പട്ടികയില്‍പ്പെടുത്തി.5 ഏതാണ്ട് മുപ്പത്തഞ്ച് വര്‍ഷം പിറകിലോട്ട് പോയാല്‍ ആറാം വയസ്സിന് മുമ്പ് കേരളത്തില്‍ പോലും ഒരു കുട്ടി പൊതുവില്‍ വിദ്യാര്‍ത്ഥിയാകുന്നതായി സങ്കല്പക്കപ്പെട്ടിരുന്നില്ല എന്നുകാണാന്‍ കഴിയും. ഔപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ എന്നതിനപ്പുറം ലോകബോധമാര്‍ജ്ജിക്കാനുള്ള വളരെ വിപുലമായ സാധ്യതകളുള്ള വിശാലമായ തുറസ്സ് ഇക്കാലത്തെ കുട്ടികള്‍ക്ക് മുന്നിലുണ്ട്. ആഗോള വിവരവിജ്ഞാനത്തിന്‍റെ ആ സാധ്യതകള്‍ എല്ലാവര്‍ക്കും പ്രപ്യമാക്കുക എന്നതും സാധ്യതകള്‍ വിവേചനപരമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുക എന്നതും പ്രധാനമാണ്. ഇന്ത്യയിലെ സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ന്നുവരുന്നത് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥിതിവിവര കണക്ക് 2011 അനുസരിച്ച് 21.2% എന്നത് 2017-ല്‍ 22.1% ആയും 2018 -ല്‍ 22.3% ആയും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.6 ഇത് വിദ്യാഭ്യാസ- സാമൂഹ്യ പരിഷ്ക്കാരങ്ങളുടെ ഫലമാണെന്നത് വ്യക്തമാണ്. പൊതുജീവിതത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവസരം മെച്ചപ്പെടുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വേഗം പക്വതയാര്‍ജ്ജിക്കുമല്ലോ. പക്വതയും പൗരബോധവുമാര്‍ജിച്ച സ്ത്രീകള്‍ ആ നിലയില്‍ മുന്നോട്ട് കുതിക്കുന്നു. അത് അംഗീകരിക്കാന്‍ മടിയുള്ള ഈഡിപ്പല്‍ അധീശ പിതാക്കള്‍ നമ്മിലെല്ലാമുണ്ട്. എത്ര മുതിര്‍ന്നാലും മുതിരാത്ത ബാലഭാവനയ താലോതിക്കുന്ന ആലിലക്കണ്ണന്മാരും ഏത് കൂട്ടത്തിലുമുണ്ടാവാം. എന്നാല്‍ ഒരു നിയമനിര്‍മ്മാണ സംവിധാനം അങ്ങനെ വൈയക്തികാധികാരിയായി മാറിയാലോ. ഇന്ത്യന്‍ ഭരണഘടനയിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മൗലിക ചുമതലകള്‍ എന്നത്. വ്യക്തിപരമായും കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മേഖലയിലും മികവ് കൈവരിക്കാന്‍ പരിശ്രമിക്കുക, അതുവഴി നിരന്തര പരിശ്രമങ്ങളുടെയും നേട്ടങ്ങളുടെയും ഉയര്‍ന്ന തലത്തിലേക്ക് രാഷ്ട്രത്തിന്‍റെ യശസ്സുയര്‍ത്തുക എന്നത് പൗരരുടെ മൗലിക ചുമതലയാണ്.7 അതായത് ഓരോ വ്യക്തിയും തന്‍റെ കഴിവിന്‍റെ പരമാവധി രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനത്തിനായി വിനിയോഗിക്കണം എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ആ നിലയ്ക്ക് ആത്മവിശ്വസമേകുന്ന, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ കേന്ദ്രീകരിക്കുന്ന നേതൃത്വപരമായ നടപടികളാണ് ഏതൊരു ജനാധിപത്യഭരണകൂടത്തില്‍നിന്നും ജനം പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മില്‍ ഇപ്പോഴുള്ള പൊരുത്തമില്ലായ്മയുടെ പ്രശ്നങ്ങളെ പ്രത്യേകം കാണേണ്ടതുണ്ട്. സ്വന്തം ഇണയെ തിരഞ്ഞെടുക്കാന്‍ അവകാശം ഇല്ലാത്തവര്‍ക്ക് മറ്റുപൗരാവകാശങ്ങളും അനുഭവിക്കാന്‍ അര്‍ഹതയില്ലെന്ന് ആണധികാരവ്യവസ്ഥ ആലോചിച്ചുതുടങ്ങിയാല്‍ അതു രാജ്യത്തിന് എന്ത് ഗുണമാണ് നല്‍കുക. ഓരോ കുട്ടിയേയും ഭരണഘടനാപരമായ ചുമതലയെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകരും സമൂഹവും കുടുംബവും ബാധ്യസ്ഥരാണ്. തങ്ങള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസത്തെ വീട്ടകങ്ങളിലേക്ക് മാത്രമായി ചുരുക്കുന്നതിനാണ് വിവാഹമെന്ന സമ്പ്രദായം സഹായിക്കുന്നതെങ്കില്‍ അതിനെ വിമര്‍ശനബുദ്ധ്യാ കാണാന്‍ എല്ലാ സ്ത്രീകള്‍ക്കും കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈ ബോധ്യം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭാസ നിരക്കും വിവാഹ പ്രായത്തിലുണ്ടായ വര്‍ദ്ധനവും തമ്മില്‍ താരതമ്യം ചെയ്താല്‍ ഇക്കാര്യം ബോധ്യപ്പെടും. പതിനെട്ട് വയസ്സില്‍ തങ്ങള്‍ക്ക് ജീവിക്കാനുള്ള വരുമാനമാര്‍ജ്ജിക്കാനാവാതെ വിവാഹത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് അത് ചോദ്യം ചെയ്യാനാകുന്നില്ലെങ്കില്‍ ആ വിദ്യാഭ്യാസം വിമര്‍ശാധിഷ്ഠിത വിദ്യാഭ്യാസമല്ല. ഭരണഘടനാപരമായ ചുമതലാബോധം അവരിലുണ്ടാക്കിയെടുക്കേണ്ടവര്‍ ആ പണി ചെയ്തില്ലെന്നുകൂടി അതിനര്‍ത്ഥമുണ്ട്.

രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് ഈ നിയമഭേദഗതി സുരക്ഷയാകുമെന്ന് അധ്യാപകര്‍വരെ അഭിപ്രായപ്പെടുന്നുണ്ട്. ഉന്നതമായ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് എന്ത് ബാധ്യതകളുടെ പേരിലായാലും ആ സന്ദര്‍ഭങ്ങളില്‍ മറന്നുപോകാതിരിക്കട്ടെ. വിവാഹം കഴിക്കുന്ന രണ്ടുവ്യക്തികളുടെയും അടിസ്ഥാന യോഗ്യതയും പരിഗണനാവിഷയവും ശാരീരിക മാനസിക ആരോഗ്യവും ജീവിക്കാനുള്ള സ്വന്തമായ വരുമാനവും എന്നിവ തന്നെയാവണം. സ്ത്രീകള്‍ക്ക് മാത്രം അത് ആരോഗ്യ-സൗന്ദര്യ-പരിശുദ്ധ മാനദണ്ഡങ്ങള്‍ എന്ന സൂചനകൂടി ഈ നിയമപരിഷ്ക്കാരത്തില്‍ കാണേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ വിവാഹപ്രായം മൂന്ന് വര്‍ഷം നീട്ടിനല്കുക എന്നത് നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പിതൃ അധികാരവ്യവസ്ഥയ്ക്ക് കീഴില്‍ അനുസരണയുള്ള ശിശുക്കളായി കൂടുതല്‍ക്കാലം കഴിയാനുള്ള മനോനിലയൊരുക്കലായി മാറാം. ഗര്‍ഭധാരണത്തിനാണ് സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടത് (പ്രജനാര്‍ത്ഥം സ്ത്രിയ: സൃഷ്ട:) എന്ന മനുസ്മൃതിചിന്ത8 പ്രബലമാകുമ്പോള്‍ സ്ത്രീയുടെ പൗരത്വം വിശുദ്ധ ഭാര്യാത്വത്തിന് വഴിമാറുന്നു. സ്ത്രീ-ആരോഗ്യം-വിവാഹം എന്ന സമവാക്യനിര്‍മ്മിതിയിലെ ഈ മതാത്മക രാഷ്ട്രീയം അതുകൊണ്ടുതന്നെ നമ്മുടെയെല്ലാമുള്ളിലുള്ള സവര്‍ണ്ണ മത-ജാതി ഫ്യൂഡല്‍ പുരുഷ മേല്‍ക്കോയ്മാബോധത്തിന്‍റെ അടിവേരുകളറുക്കാതെ തിരിച്ചറിയുക എളുപ്പമല്ല. അത്തരത്തില്‍ ഭരിക്കപ്പെടേണ്ട പ്രജകളാകാനായി ഇനിയും നമ്മുടെ പെണ്‍കുട്ടികള്‍ മെരുക്കപ്പടാമോ? ഇന്ത്യ സ്ത്രീസൗഹൃദപരമാകാന്‍ നാം ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ട് വനിതാ സംവരണ ബില്‍ പോലുള്ള പരമപ്രധാനമായ വിഷയങ്ങള്‍ ഭരണകൂടം ഈ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നില്ല?.

സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്താന്‍ മുസ്ലിം വ്യക്തി നിയമം ഉള്‍പ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തി നിയമങ്ങള്‍ ഭേദഗതി ചെയ്യും എന്നാണ് കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ഭരണകൂട സംവിധാനങ്ങളോടൊപ്പം ഫ്ലേവിയ ആഗ്നെസിനെ പോലുള്ള വിഷയ വിദഗ്ദരെയും വ്യത്യസ്ത രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിഷയം ചര്‍ച്ചചെയ്യുന്നത് രാജ്യത്തിന് ഗുണമാവുമെന്നുവേണം കരുതാന്‍. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച ഭയരഹിതമായ സംവാദ മണ്ഡലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

നമ്മുടെ സമൂഹം എത്രമേല്‍ പുരുഷാധിപത്യപരമാണ് എന്ന് ഈ ചര്‍ച്ചകള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടുകൂടിയാണ് പുരുഷവിവാഹപ്രായം ഇരുപത്തൊന്നാക്കിയതിലുള്ള യുക്തിയെന്തെന്ന സംശയം പുരോഗമനവാദികളെന്ന് അറിയപ്പെടുന്നവര്‍ക്കുപോലുമില്ലാത്തത്. എല്ലാ കാര്യത്തിലും സ്ത്രീകളെക്കാള്‍ ഒരുപടി മുകളിലായിരിക്കണം എന്നതിലപ്പുറം എന്ത് യുക്തിയാണ് ആണ്‍ വിവാഹപ്രായം ഇരുപത്തൊന്നായി നിജപ്പെടുത്തിയതിലുള്ളത്. പതിനെട്ട് വയസ്സില്‍ മുതിര്‍ന്ന പൗരരാകുന്ന പുരുഷന്മാര്‍ വിവാഹക്കാര്യത്തില്‍ മാത്രം അങ്ങനെയല്ല എന്ന് സമ്മതിക്കുന്നത് ആണ്‍കോയ്മാമനോഭാവം നിലനിര്‍ത്തിക്കിട്ടാനല്ലേ. എല്ലാത്തിലും പുരുഷനോടൊപ്പമെത്താനെന്ന നിലയില്‍ ഈ നിയമ പരിഷ്ക്കാരം പുരോഗമനപരമാണെന്ന് കരുതുന്നവരുടെ തുല്യതായുക്തികളില്‍ ഇതുകൂടി ചര്‍ച്ചയാവേണ്ടതല്ലേ. പഠനത്തിനും തൊഴിലിനുമായുള്ള അന്വഷണങ്ങള്‍ക്കിടയില്‍ നമ്മുടെ ആണ്‍കുട്ടികള്‍ വിവാഹമെന്നത് മാറ്റിവെക്കുന്നു. അത് വളരെ സ്വാഭാവികമായി തന്നെ സമൂഹം സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ അതേ സ്വീകാര്യതയ്ക്കായി പരിശ്രമിക്കുന്ന പെണ്‍കുട്ടികള്‍ വലിയ സാമുഹ്യ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാറി മികച്ച തൊഴിലവസരങ്ങള്‍ ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാപ്യമാവുമ്പോള്‍ മാത്രമേ രാഷ്ട്രം സമ്പന്നമാവുകയുള്ളൂ. എണ്ണമറ്റ സാമൂഹ്യ- സാമ്പത്തീക വൈവിധ്യങ്ങളുള്ള ഇന്ത്യ പേറുന്ന വലിയ ആശങ്കയും അതാണല്ലോ. വിവാഹപ്രായം പതിനെട്ടാവണോ ഇരുപത്തൊന്നാവണോ, അതില്‍ തുല്യത വേണമോ എന്നുള്ള വിഷയങ്ങള്‍ നിയമചട്ടങ്ങളില്‍ നിന്നുപോകാതെ സ്വമേധയാ ഏറ്റെടുക്കാന്‍ വ്യക്തികള്‍ പാകമാകട്ടെ. പ്രായപൂര്‍ത്തിയായവര്‍, അത് ആണായാലും പെണ്ണായാലും മറ്റേത് ലിംഗപദവിയിലുള്ളവരായാലും വ്യക്തികളാണ്. അവരെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള മുന്‍ഗണനകള്‍ രൂപപ്പെടുത്താനും അതിനനുസരിച്ച് ജീവിതം കെട്ടിപ്പടുക്കാനുമായി തുറന്നുവിടാം. മികച്ച വ്യക്തികളാവാന്‍ എല്ലാവരും പരിശ്രമിക്കട്ടെ. അവര്‍ ഭരണകൂട- സമൂഹ വിലക്കുകളാല്‍ ശിശുക്കളാകാതിരിക്കട്ടെ.

ഗ്രന്ഥസൂചി :
1Jagriti Chandra, ‘Is raising marriage age enough to help girls?’ The Hindu. Kozhikode, Kerala edition.Kozhikode: December 19,2021,p.13
2Thomas More, Uttopia. Trans., N.Moosakkutty, Current books, Thrissur: 2009.
3 Ending child marriage: A profile of progress in India, UNICEF. Data and Analytics Section, Division of Data, Research and Policy, United Nations, New York: 2019.
4Jagriti Chandra, ‘Activists against raising age of marriage for women’, The Hindu, New Delhi: Aug.25,2020. The article quoting the analysis of Mary E. John’s NFHS-4 Data Analysis.
5New Education Policy Document, Govt of India, 2020, p- 10.
6Sample Registration Report, 2018.
7 Fundamental Duties. The Constitution of India.
8 Swami Siddarthananda, Annotr., Manusmriti.(MAL.) Sri Ramakrishna Math,Thrissur: 2018.

ഡോ. പ്രസീത പി.
യു.ജി.സി.എച്ച്.ആര്‍.ടി.സി
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0