Homeവഴിത്താരകൾ

ഒരു സംഭാഷണത്തിന്‍റെ ഓര്‍മയില്‍…


(സ്ത്രീപക്ഷവീക്ഷണങ്ങളും, കറുത്തവരുടെ പോരാട്ടങ്ങളും, ബുദ്ധപാതയൂം സമ്മേളിക്കുന്ന അനവധി ദൃഷ്ടാന്തങ്ങളില്‍ ഒന്ന് മാത്രമാണ് ഈ ആശയവിനിമയം)

ഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍, ഭൗതിക ജീവിതത്തെ വിട്ടു പിരിഞ്ഞ രണ്ടു അസാധാരണ വ്യക്തിത്വങ്ങളായ മിത്രങ്ങള്‍ ആയിരുന്നു ബെല്‍ ഹുക്സ് എന്ന കറുത്ത വംശജയായ സൈദ്ധാന്തികയും ആക്ടിവിസ്റ്റും, ലോക സമാധാനത്തിനായി പ്രവര്‍ത്തിച്ച തിച് ന്ഹാറ്റ് ഹാന്‍ഹ് എന്ന വിയറ്റ്നാംകാരനായ ബുദ്ധസന്യാസിയും. മനുഷ്യര്‍ തങ്ങള്‍ക്കു തമ്മില്‍ തന്നെ തീര്‍ത്ത ഭിന്നിപ്പുകളെയും, വിവേചനങ്ങളെയും, ശത്രുതകളെയും, സ്നേഹത്തിന്‍റെയും അഹിംസയുടെയും ഭാഷയിലൂടെ ചെറുത്തവര്‍ ആയിരുന്നു ഇവര്‍ രണ്ടു പേരും. 69 കാരിയായ ബെല്‍ ഹുക്സ് വിട പറഞ്ഞത് 2021 ഡിസംബര്‍ 14നാണെങ്കില്‍ തിച്ച ന്ഹാറ്റ് ഹാന്‍ഹ് യാത്രയായത് 2022 ജനുവരി 22നാണ് . ജീവിതത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധവും, ആത്മീയ ഐക്യവും അവസാന ശ്വാസം വരെ അവരെ ഇണക്കി നിര്‍ത്തിയിരുന്നു എന്ന് തോന്നുന്നു. സന്ദേഹങ്ങളും വിചാരങ്ങളും പങ്കു വെക്കുകയും,പരസ്പരം പ്രചോദനം പകരുകയും ചെയ്ത ഇവര്‍ മൗലികമായ ഉള്‍ക്കാഴ്ചകള്‍ കൊണ്ടും, നിരന്തരം നടത്തിയ ആത്മപരിശോധനകള്‍ കൊണ്ടും തങ്ങളുടെ സാമൂഹ്യ രാഷ്ട്രയീയ ഇടപെടലുകളെ സ്ഫുടീകരിച്ചുകൊണ്ടിരുന്നു. ഇവരുടെ പുസ്തകങ്ങളെ ഒറ്റക്കൊറ്റക്കായി പിന്തുടര്‍ന്നിരുന്ന എനിക്ക്, ഇവര്‍ തമ്മിലുള്ള സംഭാഷണം Shambhala Sun എന്ന മാസികയില്‍ വായിക്കാനിടയായത്, എന്‍റെ അന്വേഷണത്തിലെ തന്നെ നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു. സിദ്ധാന്തങ്ങളുടെയും നിലപാടുകളുടെയും ധാരാളിത്തത്തിനിടയിലും എന്തിന്‍റെയോ അഭാവം, ഒരു വൈകാരിക ശൂന്യത എന്നെ അലട്ടിയിരുന്നു. മനസ്സ് വല്ലാതെ വലയുകയും ഉലയുകയും ചെയ്ത നാളുകളിലാണ് ഈ സംഭാഷണം എന്നെ തേടിയെത്തിയത്. സാമൂഹ്യനീതിക്കായുള്ള സമരഭാഷകളുടെ കാര്‍ക്കശ്യവും അലിവില്ലായ്മയും എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിനുള്ള ഒരു ഉത്തരമാണ് ഞാന്‍ ഈ സംഭാഷണത്തില്‍ കണ്ടത്. അത് എന്നിലുണ്ടാക്കിയ പ്രഭാവത്തെ സമൂഹവുമായി പങ്കു വെക്കാനുള്ള മാധ്യമമായിരുന്നു പരിഭാഷ എന്ന കര്‍മം. ബെല്‍ ഹുക്സിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സ്നേഹപ്രവര്‍ത്തനം. ആ മൊഴിമാറ്റം പച്ചക്കുതിരയില്‍ പതിനഞ്ചോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ചു വരുകയും ചെയ്തു. ഈ രണ്ടു സവിശേഷ വ്യക്തിത്വങ്ങളോടുള്ള ആദരസൂചകമായി ആ സംഭാഷണത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
സ്നേഹത്തിന്‍റെ കൂട്ടായ്മ പണിയുവാന്‍ : ബെല്‍ ഹുക്സും തിച് ന്ഹാറ്റ് ഹായും കൂടിയാലോചിക്കുമ്പോള്‍. ബെല്‍ ഹുക്സിന്‍റെ ആമുഖ കുറിപ്പില്‍ നിന്ന് : …

എന്‍റെ അന്വേഷണം എന്നെ അവസാനം കൊണ്ട് ചെന്നെത്തിച്ചത്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കണ്ടു മുട്ടുകയും ഏറെ ആദരിക്കുകയും ചെയ്തിരുന്ന ഒരു ബുദ്ധ സന്യാസിയിലാണ്-തിച്ച ന്ഹാറ്റ് ഹാന്‍ഹ്. അദ്ദേഹവും ഡാനിയല്‍ ബെറിഗാനും ചേര്‍ന്നെഴുതിയ The Raft is Not the Shore എന്ന സംഭാഷണപുസ്തകമാണ് ഞാന്‍ ആദ്യം വായിച്ചത്.
ആത്മീയതയും രാഷ്ട്രീയവും ഒന്നിക്കുന്ന ഒരു ലോകത്തെ ഞാന്‍ അവസാനം കണ്ടെത്തി.ആധിപത്യങ്ങള്‍ അവസാനിപ്പിച്ചു സമാധാനവും നീതിയും കൊണ്ടുവരുവാനുള്ള എല്ലാ ശ്രമങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളാണ്. എന്‍റെ ഉള്ളില്‍ ആത്മീയ പ്രവര്‍ത്തനവും രാഷ്ട്രീയ സമരവും തമ്മിലുള്ള സംഘര്‍ഷം നിലച്ചു. മാത്രമല്ല ഇവിടെ വിപ്ലവകാരിയായ ഒരു ഗുരു- സ്വയം പ്രവാസിയായ വിയറ്റ്നാംകാരനായ സന്യാസി- ധീരമായി പ്രഖ്യാപിക്കുകയാണ്. “ബുദ്ധമതത്തിനും സമാധാനത്തിനുമിടയില്‍ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വരുകയാണെങ്കില്‍ നിങ്ങള്‍ നിശ്ചയമായും സമാധാനത്തെ തിരഞ്ഞെടുക്കണം.”

സംഭാഷണത്തില്‍ നിന്ന് :-
ബെല്‍ ഹുക്സ് : അമേരിക്കന്‍ ഐക്യനാടുകള്‍ സ്നേഹത്തില്‍ നിന്നും വളരെ അകന്നു പോകുന്നു എന്നെനിക്കു തോന്നിയത് കൊണ്ടാണ് ഞാന്‍ സ്നേഹത്തെകുറിച്ചു പുസ്തകം എഴുതാന്‍ തുടങ്ങിയത്. സാമൂഹ്യനീതിക്കു വേണ്ടി ഉണ്ടായ പ്രസ്ഥാനങ്ങളില്‍ ഏറ്റവും വിസ്മയകരമായ ഒന്നായിരുന്നു സിവില്‍ റൈറ്റ്സ് പ്രസ്ഥാനം. എല്ലാവരെയും സ്നേഹിക്കുക എന്നതായിരുന്നു അതിന്‍റെ കാതല്‍. താങ്കള്‍ ഇന്നലെ ഞങ്ങളെ ഉപദേശിച്ചത് പോലെ, എന്നും എപ്പോഴും നമുക്കു പുതുതായി തുടങ്ങാന്‍ കഴിയും എന്ന് വിശ്വസിക്കലായിരുന്നു അത്.മറക്കാനും പൊറുക്കാനും പൊരുത്തപ്പെടാനും കഴിയും എന്നത് കൊണ്ട് ഞാനാരെയും വെറുക്കേണ്ടതില്ല എന്ന വിശ്വാസം.സ്നേഹത്തിന്‍റെ കൂട്ടായ്മ എന്ന ആശയത്തില്‍ നിന്നും നാമെന്തു കൊണ്ടകലുന്നു എന്നാണ് ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത്.ഇതിനെ കുറിച്ചും സമൂഹത്തെ സ്നേഹത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനെ കുറിച്ചും താങ്കള്‍ക്കെന്തു തോന്നുന്നു?

നമുക്കും സ്നേഹം ആവശ്യമുണ്ട് എന്നതാണ്.സമൂഹത്തിനും പുറംലോകത്തിനും മാത്രമല്ല സ്നേഹം വേണ്ടത്. പക്ഷെ ആ സ്നേഹം നമ്മള്‍ക്ക് പുറത്തു നിന്ന് വരുമെന്നു നമ്മള്‍ പ്രതീക്ഷിച്ചുകൂട. നാം മറ്റുള്ളവരെ സ്നേഹിക്കുന്നത് പോലെ, നമുക്കു നമ്മളെ തന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.നമ്മുടെ ഭക്ഷണ ശീലങ്ങളില്‍,കുടിക്കുന്ന പാനീയങ്ങളില്‍, നാം ജോലി ചെയുന്ന രീതികളില്‍ നമ്മുടെ ശരീരത്തിനോട് നമ്മള്‍ അലിവ് കാണിക്കുന്നുണ്ടോ ?നാം നമുക്കു തന്നെ വേണ്ടത്ര ആനന്ദവും,കരുണയും, സമാധാനവും നല്‍കുന്നുണ്ടോ? മറിച്ചു വിപണിയില്‍ നിന്നുള്ള -ആത്മീയ/ധൈഷണിക/വിനോദ വിപണികളില്‍ നിന്നുള്ള -വിഷങ്ങളാണോ നമ്മള്‍ അകത്താക്കുന്നത്?
അപ്പോള്‍ ചോദ്യം ഇതാണ്: നാം നമ്മെ തന്നെ സ്നേഹിക്കുവാന്‍ ശീലിക്കുന്നുണ്ടോ?

തിച് ന്ഹാറ്റ് ഹാന്‍ഹ : ബുദ്ധസംഘത്തില്‍ എല്ലാത്തിന്‍റെയും കേന്ദ്രം കൂട്ടായ്മയാണ്. ശാന്തിയും ഒരുമയും സഹവസിക്കുന്ന കൂട്ടായ്മയാണ് സംഘം. ഒരുമിച്ചുള്ള ദൈനംദിന ജീവിതത്തില്‍ നിന്നാണ് പാരസ്പര്യം ഉടലെടുക്കുന്നത്…

നമ്മളിപ്പോഴും സ്നേഹത്തിനു വേണ്ടി തിരയുന്നത് നമുക്കു പുറത്താണ്.സ്നേഹത്തിന്‍റെ വിഷയം, പ്രവര്‍ത്തനം നമുക്കു പുറത്താണ്.അതുകൊണ്ടാണ് സ്നേഹം, ഒരുമ, പക്വമായ പരസ്പരധാരണ എന്നിവ നമ്മളില്‍ നിന്നും ചോര്‍ന്നു പോകുന്നത്.അതാണ് അടിസ്ഥാനപരമായ കാര്യം.അതുകൊണ്ടു നമുക്ക് നമ്മുടെ കൂട്ടായ്മകളിലേക്കു തിരിച്ചു പോയി അവയെ നവീകരിക്കേണ്ടിയിരിക്കുന്നു…

രണ്ടാമത്തെ കാര്യം, നമുക്കും സ്നേഹം ആവശ്യമുണ്ട് എന്നതാണ്.സമൂഹത്തിനും പുറംലോകത്തിനും മാത്രമല്ല സ്നേഹം വേണ്ടത്. പക്ഷെ ആ സ്നേഹം നമ്മള്‍ക്ക് പുറത്തു നിന്ന് വരുമെന്നു നമ്മള്‍ പ്രതീക്ഷിച്ചുകൂട. നാം മറ്റുള്ളവരെ സ്നേഹിക്കുന്നത് പോലെ, നമുക്കു നമ്മളെ തന്നെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.നമ്മുടെ ഭക്ഷണ ശീലങ്ങളില്‍,കുടിക്കുന്ന പാനീയങ്ങളില്‍, നാം ജോലി ചെയുന്ന രീതികളില്‍ നമ്മുടെ ശരീരത്തിനോട് നമ്മള്‍ അലിവ് കാണിക്കുന്നുണ്ടോ ?നാം നമുക്കു തന്നെ വേണ്ടത്ര ആനന്ദവും,കരുണയും, സമാധാനവും നല്‍കുന്നുണ്ടോ? മറിച്ചു വിപണിയില്‍ നിന്നുള്ള -ആത്മീയ/ധൈഷണിക/വിനോദ വിപണികളില്‍ നിന്നുള്ള -വിഷങ്ങളാണോ നമ്മള്‍ അകത്താക്കുന്നത്?
അപ്പോള്‍ ചോദ്യം ഇതാണ്: നാം നമ്മെ തന്നെ സ്നേഹിക്കുവാന്‍ ശീലിക്കുന്നുണ്ടോ?
—————–
ബെല്‍ ഹുക്സ് :
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് എഴുതിയ ഏറ്റവും അദ്ഭുതകരമായ പുസ്തകം ‘സ്നേഹിക്കുവാനുള്ള കരുത്ത് ‘ എന്ന പുസ്തകമാണ്.’കരുത്ത്’ എന്ന ആ വാക്കിനോടാണ് എനിക്കേറെ ഇഷ്ടം. കാരണം സ്നേഹിക്കുക എന്നത് എളുപ്പമാണെന്ന പടിഞ്ഞാറന്‍ ധാരണയെ അത് എതിര്‍ക്കുന്നു.അതിനു പകരം സ്നേഹിക്കുവാന്‍ നിങ്ങള്ക്ക് ധൈര്യം വേണമെന്നാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ് പറഞ്ഞത്.ശരിയെന്നു തോന്നുന്നതിനെ സ്നേഹിക്കുവാന്‍ അസാമാന്യമായ ഇച്ഛാശക്തി വേണം,അതെളുപ്പമല്ല.

തിച് ന്ഹാറ്റ് ഹാന്‍ഹ് :
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഒരു സഹോദരനും,സുഹൃത്തും,നേതാവുമായിരുന്നു.സ്നേഹത്തെ സജീവമാക്കി നിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തെ തൊടുമ്പോള്‍ നമ്മള്‍ തൊട്ടതു ഒരു ബോധിസത്വനെ ആയിരുന്നു.
– – – –
ബെല്‍ ഹുക്സ് :
വര്‍ണവും ഭാഷയും ഒന്നായതു കൊണ്ട് മാത്രം ചിലരുമായി സഹകരിക്കുന്ന രീതിയില്‍ നിന്നും മാറി ,ലോകത്തെ സ്നേഹിക്കുവാന്‍ കഴിയുമോയെന്ന് താങ്കളില്‍ നിന്നും എനിക്കറിയണം.താങ്കളുടെ നാടിനെ ദ്രോഹിച്ചവരോട് താങ്കള്‍ കാണിക്കുന്ന സഹാനുഭൂതിയെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ആദരിച്ചിരുന്നു. ആ ആദരവിലൂടെയാണ് ഞാന്‍ താങ്കളെക്കുറിച്ചു ആദ്യമായി അറിയുന്നത്. അതുകൊണ്ടാണ് ഞാന്‍ ഈ ചോദ്യം താങ്കളോട് ചോദിക്കുന്നത്.

തിച് ന്ഹാറ്റ് ഹാന്‍ഹ് :
ഇത് വളരെ രസകരമായ വിഷയമാണ്. ഇത് ബുദ്ധനും വളരെ പ്രധാനപെട്ട പ്രശ്നമായിരുന്നു.എത്രത്തോളം ആഴത്തില്‍ നമുക്കു കാണാന്‍ കഴിയുന്നു എന്നനുസരിച്ചിരിക്കും നീതിയെ നമ്മള്‍ നോക്കിക്കാണുന്നതും. തുല്യാവകാശങ്ങളിലും അവസരസമത്വത്തിലുമൊക്കെയാവാം നമ്മള്‍ നീതിയെ കാണുന്നത്. പക്ഷെ അഹം-അല്ലാത്ത അവസ്ഥയില്‍ നിന്നും നീതിയെ മനസിലാക്കുവാന്‍ നമുക്കു അവസരം കിട്ടിയിട്ടില്ലായിരിക്കാം.

ബെല്‍ ഹുക്സ് :
അത്തരമൊരു നീതിയെ കുറിച്ച് തന്നെയാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് സംസാരിച്ചത് എന്നെനിക്കു തോന്നുന്നു.—തുല്യരാണെങ്കിലും അല്ലെങ്കിലും എല്ലാവര്ക്കും ലഭ്യമാകുന്ന നീതി. ചിലപ്പോള്‍ ജീവിതത്തില്‍ എല്ലാം തുല്യമല്ല. അപ്പോള്‍ സമത്വമില്ലാത്ത അവസ്ഥയിലെ നീതിയുടെ അര്‍ത്ഥമെന്താണ്? രക്ഷിതാവും കുട്ടിയും തുല്യരല്ലെങ്കിലും രക്ഷിതാവിനു കുട്ടിയോട് നീതി കാണിക്കുവാന്‍ കഴിയും.പക്ഷെ പടിഞ്ഞാറില്‍ ഇത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു.കാരണം എല്ലാവരും ഒരു പോലെയാവാതെ നീതിയുണ്ടാവില്ല എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.അതുകൊണ്ടും കൂടിയാണ് സ്നേഹത്തെ കുറിച്ച് എങ്ങിനെ ചിന്തിക്കണമെന്ന് നമ്മള്‍ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നത് .കാരണം അഹംബോധത്തില്‍ (ലെഹള ) ഊന്നിയാണ് നാം സ്നേഹത്തെകുറിച്ചു കൂടുതലും ചിന്തിക്കുന്നത് .
– –
ബെല്‍ ഹുക്സ് :
സ്നേഹത്തെ നന്നായി അറിയുന്നത് കൂട്ടായ്മയിലാണ്.ഇത് ഞാന്‍ എന്നെത്തന്നെ പഠിപ്പിക്കേണ്ടി വന്നിട്ടുണ്ട് . കാരണം പടിഞ്ഞാറിന്‍റെ ബൗദ്ധിക പാരമ്പര്യം വളരെ വൈയ്യക്തികമാണ്;കൂട്ടായ്മയില്‍ ഊന്നിയതല്ല.ബുദ്ധിജീവി ഏകാകിയും ഇഹലോകത്തില്‍ നിന്നും മാറിനില്‍ക്കുന്നവനുമായി കരുതപ്പെടുന്നു.അതുകൊണ്ടു തന്നെ എന്‍റെ മുറിയുടെ സ്വകാര്യ ഇടം വിട്ട് കൂടായ്മക്കുള്ളില്‍ പ്രവര്‍ത്തിക്കുവാനും,കൂട്ടായ്മയിലൂടെ സ്വയം മറുവാനും ഞാന്‍ സ്വയം പരിശീലിപ്പിക്കേണ്ടി വന്നിട്ടുണ്ട്.

തിച് ന്ഹാറ്റ് ഹാന്‍ഹ് : അതെ.അപ്പോഴാണ് കേവലം വ്യക്തികള്‍ മാത്രം അല്ലാതെ, ഒരു കൂട്ടായ്മയായി വര്‍ത്തിക്കുവാന്‍ നാം പഠിക്കുക…

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0