Homeവഴിത്താരകൾ

ചീരുവിന്‍റെ ഓണ്‍ലൈന്‍ സമസ്യകള്‍

ജൂണ്‍ മാസം സ്കൂള്‍ തുറന്നതു മുതല്‍ ചീരു ആകെ അങ്കലാപ്പിലാണ്. രാവിലെ മുതല്‍ കമ്പ്യൂട്ടറിന്‍റെ ചുവട്ടില്‍ തപസ്സിലാണ്.അല്ലെങ്കില്‍ മൊബൈല്‍ ഫോണും കൊണ്ട് വീട്ടില്‍ തലങ്ങും വിലങ്ങും ഓടുന്നത് കാണാം.ഇതെല്ലം കണ്ടു ചീരുവിന്‍റെ അമ്മൂമ്മ വീടിന്‍റെ ഒരു മൂലയില്‍ ഒരു ചെറു ചിരിയോടെ ഇരിപ്പുണ്ടാവും. മലയാള പദ്യവും, ഗുണിക്കലും, ഹരിക്കലും,കേട്ടെഴുത്തും , സാമൂഹ്യ പാഠവും ഒക്കെ പറഞ്ഞു നടന്നിരുന്ന ഒരു കുട്ടി കോവിഡ് തുടങ്ങിയതില്‍ പിന്നെ ഉച്ചരിക്കുന്ന വാക്കുകള്‍ അമ്മൂമ്മയുടെ ഗ്രഹണശക്തിക്കും അപ്പുറത്താണ് . റേഞ്ച്,വാട്സപ് ഗ്രൂപ് , ഡേറ്റ എന്നിങ്ങനെയുള്ള വാക്കുകല്‍ കേട്ട് അമ്മൂമ്മ അമ്പരന്നു പോകുന്നുണ്ട്.ടീച്ചര്‍മാര്‍ ഓണ്‍ലൈന്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ചീരു ചെറിയൊരു അത്ഭുതത്തോടെയും ഉത്സാഹത്തോടെയും ആദ്യമൊക്കെ ഇരുന്നിരുന്നു .

പിന്നീട് ഈ പരിപാടികളുടെ പുതുമ നഷ്ടപ്പെട്ടപ്പോള്‍ അത് അലക്ഷ്യമായ ഒരു ഇരിപ്പായോ എന്ന് വീട്ടില്‍ എല്ലാര്ക്കും സംശയമുണ്ട്.ഇടക്കൊക്കെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ, കൂട്ടുകാരെ കാണാന്‍ പറ്റാതെ കൂട്ടിലടച്ചിട്ട ഒരാളെ പോലെ അക്ഷമയും അരിശവും അവള്‍ പ്രകടിപ്പിക്കാറുണ്ട്.വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള അമ്മമാരുടെ അമിതമായ വ്യഗ്രത കാരണമാണോ എന്നറിഞ്ഞുകൂടാ.അടുത്ത ഫ്ലാറ്റിലെ എട്ടുവയസുകാരന്‍ ബാല്‍ക്കണിയില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഓരോന്നായി താഴേക്കെറിഞ്ഞു അവനെക്കൊണ്ട് ആകാവുന്ന രീതിയില്‍ ഒരു കോവിഡ് പ്രതിസന്ധിയും ഇതിനിടയില്‍ സൃഷ്ടിക്കുകയുണ്ടായി.

അച്ഛനമ്മമാര്‍ അവരവരുടെ ജോലികളില്‍ വ്യാപൃതരാകുമ്പോള്‍ അവളുടെ കൊച്ചു കൊച്ചു ഓണ്‍ലൈന്‍ ദുഃഖങ്ങള്‍ അവള്‍ പങ്കു വെക്കുന്നത് അമ്മൂമ്മയുമായിട്ടാണ്.പുതിയ ദുരിത കാലത്തിന്‍റെ കുഴഞ്ഞു മറിഞ്ഞ അവസ്ഥകളില്‍ പരിഭ്രമമുണ്ടെങ്കിലും അമ്മൂമ്മ അവയെ സാകൂതം വീക്ഷിക്കുന്നുണ്ട്.അവളെ ആശ്വസിപ്പിക്കുന്നുണ്ട്.കൂട്ടുകാരെ കാണാന്‍ പറ്റാത്തതിന്‍റെ വിഷമങ്ങള്‍ പറഞ്ഞു അവള്‍ ചിണുങ്ങുമ്പോള്‍ അമ്മൂമ്മ അവളോട് പറയും, “ശരിയാണ് മോളെ .നേരിട്ട് ടീച്ചര്‍മാരെ കാണാന്‍ പറ്റുന്നില്ല.നോട്ടുകളൊക്കെ ഫോണില്‍ വായിക്കേണ്ടി വരുന്നു.ചങ്ങാതിമാരൊത്ത് കളിയ്ക്കാന്‍ പറ്റുന്നില്ല.പക്ഷെ അതിനൊപ്പം ചില നല്ല
കാര്യങ്ങളുമില്ലേ ?” അമ്മൂമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് ചീരുവിനു മനസ്സിലായില്ല.അവള്‍ അമ്മൂമ്മയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.കുസൃതിയുടെ ഒരു മിന്നല്‍ ആ കണ്ണുകളില്‍ തിളങ്ങി. ആഹാ! ഒരു കഥ മണക്കുന്നുണ്ടല്ലോ. അമ്മൂമ്മയുടെ സ്കൂള്‍കഥകള ചീരുവിനു എത്ര കേട്ടാലും മതിവരില്ല. പാടവും പുഴയും റെയില്‍വേ പാതയും താണ്ടി ചോറ്റുപാത്രവും പുസ്തകങ്ങളുമായി കാല്‍നടയായി സ്കൂളില്‍ പോയി വന്ന കഥകള്‍.അങ്ങിനെ പാറിപറന്ന് നടന്ന സ്കൂളില്‍ പോയ അമ്മൂമ്മ ഇവിടെ എന്ത് നല്ല കാര്യമാണ് കാണുന്നതെന്ന് അവള്‍ അമ്പരന്നു.അവളുടെ മുഖഭാവം കണ്ടു അമ്മൂമ്മ വിശദമാക്കി.”ടീച്ചര്‍മാരുടെ അടി കൊള്ളേണ്ടല്ലോ. അമ്മൂമ്മക്ക് പണ്ട് രണ്ടാം ക്ലാസ്സില്‍ കിട്ടിയ പോലെ?”
ആ കഥ അവള്‍ ഒരായിരം തവണ കേട്ടതാണ്.കേള്‍ക്കുന്ന ആരുടെ ഉള്ളിലും അമര്‍ഷവും സങ്കടവും ഉണ്ടാക്കുന്ന കഥയാണത്.അമ്മൂമ്മ പണ്ട് മാളു എന്ന കുട്ടി ആയിരുന്നപ്പോള്‍ കിട്ടിയ അവിശ്വസനീയമായ ശിക്ഷ .പ്രൈമറി ക്ളാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ ശിക്ഷ എഴുപത്തിഅഞ്ചാമത്തെ വയസ്സിലും ഓര്‍ക്കണമെന്നുണ്ടെങ്കില്‍ അതെന്തൊരു ആഘാതമാണ് ഉണ്ടാക്കിയിട്ടുണ്ടാവുക എന്ന് ചീരു ഇടക്കിടക്ക് ഓര്‍ക്കാറുണ്ട്.എത്ര പറഞ്ഞാലും എപ്പോള്‍ പറയുമ്പോഴും ആ ഓര്‍മ്മയില്‍ അമ്മൂമ്മയുടെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകുന്നത് കാണാം. അമ്മൂമ്മ ആറുവയസ്സുകാരിയായ മാളു ആയി മാറുന്നത് കാണാം.
“എനിക്കന്നു നല്ല ചുരുണ്ട് കട്ടിയുള്ള മുടിയായിരുന്നു. ദിവസവും സ്കൂളില്‍ പോകുമ്പോള്‍ വലിയമ്മ മുടി രണ്ടു വശം മെടഞ്ഞിട്ടു നിറയെ റോസാപ്പൂക്കള്‍ വെച്ച് തരുമായിരുന്നു. സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയില്‍ ചില ടീച്ചര്‍മാരും ഞങ്ങളുടെ ഒപ്പം കൂടുമായിരുന്നു. ഒരു ടീച്ചര്‍ സ്ഥിരം എന്നോട് പൂക്കള്‍ ചോദിക്കും. സ്കൂള്‍ എത്തുമ്പോഴേക്കും എന്‍റെ മുടിയിലെ ആ ഭംഗിയുള്ള പൂക്കളൊക്കെ എന്തൊക്കെയോ സൂത്രങ്ങള്‍ പറഞ്ഞു ടീച്ചര്‍ കൈക്കലാക്കിയിട്ടുണ്ടാവും.തിരിച്ചു വീട്ടിലെത്തിയാല്‍ വലിയമ്മ ശകാരിക്കും.വൈകുന്നേരമാവുമ്പോഴേക്കും പൂക്കളൊക്കെ നീ വഴിയില്‍ കളഞ്ഞു അല്ലെ? ടീച്ചര്‍ പിച്ചിയെടുത്തതാണെന്നു പറഞ്ഞപ്പോള്‍ വലിയമ്മ പറഞ്ഞു, “നി ടീച്ചര്‍ ചോദിച്ചാല്‍ തരില്ല എന്ന് പറയണം. വലിയമ്മ ചീത്ത പറയും എന്ന് പറഞ്ഞാല്‍ മതി, ട്ടോ .”
ആറുവയസ്സുകാരിക്ക് സമാധാനമായി.പിറ്റേന്ന് വീണ്ടും ടീച്ചര്‍ പൂ ചോദിച്ചു .”തരാന്‍ പറ്റില്ല. വലിയമ്മ വഴക്കു പറയും”. മാളു തറപ്പിച്ചു പറഞ്ഞു. ടീച്ചറുടെ മുഖം കറുത്തെങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല.

പിന്നീട് ഏതോ ഒരു പീരിയഡ് അവര്‍ ക്ലാസ്സ് എടുക്കാന്‍ വന്നു. എന്തായിരുന്നു വിഷയം എന്നൊന്നും അമ്മൂമ്മക്ക് ഓര്‍മ്മയില്ല. തേക്കിന്‍ കമ്പു കൊണ്ടുള്ള അടി തലയില്‍ ആഞ്ഞു പതിച്ചതും തല ആകെ മരവിച്ചതും മാത്രമേ ഓര്മയുള്ളൂ.എന്തിനാണ് അടിച്ചതെന്നു ഒരു പിടിയും ഇല്ല. ചോദ്യമൊന്നും ചോദിച്ചിട്ടില്ല. താന്‍ എന്തെങ്കിലും അശ്രദ്ധ കാണിച്ചോ എന്നും അറിയില്ല. അമ്പരന്നു എഴുന്നേറ്റു നില്‍ക്കുമ്പോള്‍ തലയില്‍ എന്തോ അരിക്കുന്നതു പോലെ ഒരു തോന്നല്‍. മാളു നിബിഡമായ മുടിചുരുളുകളുടെ ഉള്ളിലേക്ക് കയ്യിട്ടപ്പോള്‍ ഒരു നനവാണ് അനുഭവപ്പെട്ടത്.പുറത്തേക്കെടുത്ത കയ്യില്‍ ചോരയായിരുന്നു. പിന്നീട് അവിടെ ആകെ ബഹളമായിരുന്നു.1950 കളുടെ തുടക്കമാണിത്.സ്കൂളിന് എതിര്‍വശമുള്ള ഒരു പരിചയക്കാരിയുടെ വീട്ടില്‍ ടീച്ചര്‍ അമ്മൂമ്മയെ കൊണ്ടുപോയി ,നെറുകയില്‍ ആഴമുള്ള ആ മുറിവില്‍ അട്ടക്കരി പൊത്തിവെച്ചു. ആശുപത്രി ദൂരെയാണ്.മാത്രമല്ല ആ കൊച്ചു ഗ്രാമത്തില്‍ എല്ലാര്ക്കും എല്ലാരേയും അറിയാം. വീട്ടുകാര്‍ അറിഞ്ഞാല്‍ ടീച്ചര്‍ക്ക് പ്രശ്നമാണ്. “വീട്ടില്‍ പറഞ്ഞാല്‍ വഴിയേ പോകുന്ന ലോറിയില്‍ പിടിച്ചിടും” എന്ന് ടീച്ചര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഭീഷണിയാണെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു. അവള്‍ ഭയന്നു വിറച്ചു മുറിവിന്‍റെ വേദന അമര്‍ത്തിപ്പിടിച്ചു.

വൈകീട്ട് വീട്ടില്‍ എത്തി സന്ധ്യക്ക് വലിയമ്മയുടെ കൂടെ കുളത്തില്‍ കുളിക്കാന്‍ പോയപ്പോളാണ് കാര്യങ്ങള്‍ വലിയമ്മ അറിയുന്നത്.മാളു ഒന്നും പറഞ്ഞില്ലെങ്കിലും അട്ടക്കരി വെച്ച വീട്ടിലെ സ്ത്രീയും കുളിക്കാനെത്തിയിരുന്നു.അവര്‍ പറഞ്ഞു “മോളെ തല കുളിപ്പിക്കണ്ട.നെറുകയില്‍ മുറിവുണ്ട്.” മുറിവിന്‍റെ ആഴം കണ്ടു അമ്പരന്നു വലിയമ്മയും വലിയച്ഛനും ഉടനെ ആശുപത്രിയില്‍ എത്തിച്ചു വേണ്ട വൈദ്യ സഹായം ഉറപ്പാക്കി.മുറിവ് കണ്ടു അന്നത്തെ ഡോക്ടര്‍മാരും സ്തബ്ധരായത്രേ.”ഇതെന്തൊരു ടീച്ചറാണ്!” ആ സ്കൂളില്‍ ഇനി കുട്ടി പഠിക്കാന്‍ പോകേണ്ടെന്നു വീട്ടുകാര്‍ തീരുമാനിച്ചു. മാളുവിന്‍റെ ആ വര്ഷം അങ്ങിനെ പോയി. അടുത്ത കൊല്ലം വേറൊരു സ്കൂളില്‍ ചേര്‍ത്തി . പക്ഷെ വീട്ടുകാര്‍ ഒരു സ്കൂള്‍ മാറ്റത്തില്‍ കാര്യങ്ങള്‍ നിര്‍ത്തിയില്ല. വലിയച്ഛനും ഒരു മാഷായതു കൊണ്ടായിരിക്കണം, എ.ഇ.ഒയിനോട് പരാതിപ്പെട്ടു. മേലധികാരികള്‍ ആ കൊച്ചു പ്രൈമറി സ്കൂളിലെത്തി അന്വേഷണം നടത്തി ടീച്ചറെ സസ്പെന്‍ഡ് ചെയ്തു. അമ്മൂമ്മ പിന്നെയും ടീച്ചറെ പല പരിപാടികള്‍ക്കും കാണാറുണ്ടെങ്കിലും സംസാരിക്കാറില്ലായിരുന്നു.

ഇന്ന് ഇങ്ങനെയൊന്നും ടീച്ചര്‍മാര്‍ കുട്ടികളെ അടിച്ചു പഠിപ്പിക്കാന്‍ പാടില്ലെന്നാണ് വെപ്പ്.ചൂരല്‍ പാടെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് ചീരുവിനറിയാം. സ്വന്തം മക്കളെ പഠിപ്പിക്കണം എന്ന വിചിത്രമായ നിര്‍ദ്ദേശവുമായി സ്കൂളില്‍ എത്തുന്ന അച്ഛനമ്മമാരെ കണ്ടു അവള്‍ അന്തം വിട്ടു നിന്നിട്ടുണ്ട്.ഇപ്പോള്‍ ഈ ഓണ്‍ലൈന്‍ കാലത്തു ടീച്ചര്‍മാര്‍ക്കു കൊടുക്കാന്‍ പറ്റാത്ത അടിയൊക്കെ അച്ഛനമ്മമാര്‍ തന്നെ ആയിരിക്കുമോ കൊടുക്കുന്നുണ്ടാവുക. അതോര്‍ത്തപ്പോള്‍ ചീരുവിനു സങ്കടം വന്നു.

കഥ പറഞ്ഞു കഴിയുമ്പോഴേക്കും അമ്മൂമ്മയും മറ്റൊരു കാലത്തും, സ്ഥലത്തും എത്തിക്കഴിഞ്ഞിരുന്നു .പക്ഷേ ഇത്തവണ പെട്ടെന്ന് തന്നെ തിരികെ ചീരുവിന്‍റെ ഓണ്‍ലൈന്‍ ക്ലാസ്സിലേക്കെത്തി. എന്തൊക്കെ പ്രയാസമുണ്ടെങ്കിലും ടീച്ചര്‍മാര്‍ക്കു കംപ്യൂട്ടറിലൂടെ അടിക്കാന്‍ പറ്റില്ലല്ലോ .ചീരുവും അമ്മൂമ്മയും പൊട്ടിച്ചിരിച്ചു.വീണ്ടും ഓണ്‍ലൈനില്‍ ക്ലാസ്സിലെത്തുമ്പോള്‍ അതുവരെ ഇല്ലാതിരുന്ന ഒരുന്മേഷവും, ചിരിയും ചീരുവിന്‍റെ മുഖത്ത് പടര്‍ന്നു.പക്ഷെ ചില കൂട്ടുകാരെ ഓര്‍ത്തു അവള്‍ക്കു വല്ലാത്ത വിഷമവും തോന്നി…

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0