Homeകവിത

ധ്യാനം

ഴക്കാലങ്ങളില്‍ ഇടിഞ്ഞുവീഴാന്‍
മാത്രം ബലമുള്ള ഒരു മണ്‍തിട്ട.
അതിന്‍റെ മുകളില്‍ ധ്യാനമിരിക്കുന്ന
തൂവല്‍ഭാരമുള്ള ഒരു പെണ്‍കുട്ടി.
വലത്തേക്കയ്യില്‍ ഒരു ശംഖുപുഷ്പം.
ഇടത്തേക്കയ്യില്‍ ഒരായുധം.
ഒലിച്ചിറങ്ങുന്ന ചോര.
തണുത്ത കാലങ്ങളില്‍ നീളന്‍മുടി അഴിച്ചിട്ട്
അവളുറങ്ങാന്‍ കിടക്കുന്ന പച്ച മെത്ത.
അതിന്‍റെ മുകളില്‍ കറുകറുത്ത ആകാശം.
അവളുടെ കഴുത്തില്‍ ഒരു വേര്.
മുടിയിഴകള്‍ക്കിടയില്‍ സൂക്ഷിച്ച് നോക്കിയാല്‍
മാത്രം കാണാവുന്ന ഒരു പാമ്പിന്‍കുഞ്ഞ്.
അതിന്‍റെ നാവിനോളം മാത്രം വലിപ്പമുള്ള പേടി.
മണ്ണൊലിച്ച് പോവുന്ന
പറമ്പിന്‍റെ ഓരത്ത് ഒരു ജലാശയം.
കുളവാഴപ്പൂവ് പോലെ അതിന്‍റെ പരപ്പില്‍ അവള്‍.
ആകെ നനഞ്ഞ ഉടല്‍.
അവള്‍ നില്‍ക്കുന്നേടം മാത്രം നിറയെ ഓളങ്ങള്‍.
അവ പടരുന്നില്ല.
അവളില്‍ നിന്നും ദൂരെ ജലമിളകുന്നില്ല.
അവള്‍ നടന്ന വഴിയിലില്ല, കാല്‍പ്പാടുകള്‍,
മുടിയിഴകള്‍, അവളുടെ ചോര.
അവളുടെ വാക്കിലില്ല മധുരം.
കരിങ്കല്‍ പാകിയ വഴിയിലില്ല,
അവള്‍ വന്നുപോയതിന്‍ മണം.

 

രേഷ്മ സി.

COMMENTS

COMMENT WITH EMAIL: 0