Homeചർച്ചാവിഷയം

ഡിസബിലിറ്റി : സാമൂഹികവും ഭരണപരവുമായ മാറ്റങ്ങള്‍ ആവശ്യം

2007-2008 കാലഘട്ടം. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റിലേക്ക് കേള്‍വിപരിമിതികളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടിതമായ ഒരു കത്ത് വരുന്നു.. വകുപ്പുതല പരീക്ഷക്ക് പര്യാപ്തമാകുന്ന വിധം അവര്‍ക്കും പരിശീലനം ലഭ്യമാക്കണം. ഇതായിരുന്നു ആവശ്യം. സ്ഥാപനത്തില്‍ സംസാരശേഷിയില്ലാത്ത, കേള്‍വിപരിമിതികളുള്ള വ്യക്തികളുമായി ആശയവിനിമയം ചെയ്യാന്‍ കഴിയുന്ന പരിശീലകര്‍ ഇല്ല. നോണ്‍-ഡിസേബിള്‍ഡ് ജീവനക്കാര്‍ക്ക് കൊടുക്കുന്ന പരിശീലനം അവര്‍ക്ക് ഉപയോഗപ്പെടില്ല, അത്രയും സമയം മതിയാവില്ല എന്നൊക്കെയുള്ള ചിന്തകളാല്‍ ആ ഫയല്‍ തീരുമാനമാകാതെ കറങ്ങിത്തിരിഞ്ഞു. 2014-15 കാലഘട്ടത്തില്‍ ഈ വിഭാഗങ്ങളിലുള്ള വ്യക്തികളുമായി ബന്ധപ്പെട്ട ആശയവിനിമയ മേഖലയിലെ ചില വിദഗ്ധരുടെ സഹായത്തോടുകൂടി അത്തരം ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. നോണ്‍-ഡിസേബിള്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കുമെങ്കില്‍ അതിന്‍റെ നാലിരട്ടിയോളം സമയം വേണ്ടിവന്നു അതേ വിഷയം അതേ തീവ്രതയോടു കൂടി പരിശീലാര്‍ത്ഥികളിലേക്ക് സന്നിവേശിപ്പിക്കാന്‍. പരിശീലനം എല്ലാ ജീവനക്കാരുടെയും അവകാശമാണ് എന്ന് അറിഞ്ഞിരിക്കെ സാങ്കേതിക സാമൂഹിക അറിവിന്‍റെ പര്യാപ്തത കുറവായതിനാലാണ് അത്രയും കാലവിളമ്പം പരിപാടി സംഘടിപ്പിക്കുന്നതില്‍ ഉണ്ടായത്. എന്നാല്‍ ഇന്ന് ഡിസബിലിറ്റി എന്ന വിഷയത്തെ കേരളം വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു. ഡിസേബിള്‍ഡ് ആയ മനുഷ്യരുടെ മനുഷ്യാവകാശങ്ങളെ ആര്‍ജ്ജവത്തോടുകൂടി ഉള്‍ക്കൊള്ളാനും കേരള സമൂഹത്തെ സജ്ജമാക്കാനും ഗൗരവകരമായ വിവിധ ശ്രമങ്ങള്‍ നടന്നുവരുന്നു. 2023ല്‍ തിരിഞ്ഞു നോക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരില്‍ ഡിസബിലിറ്റിയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാനായി ശില്പശാലകള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ട്. അത് ചെറിയ മാറ്റമല്ല.

നിയമം – ഒരു അവലോകനം

ഡിസബിലിറ്റികളുള്ള വ്യക്തികള്‍ (തുല്യ അവസരങ്ങള്‍, അവകാശ സംരക്ഷണം, പൂര്‍ണ്ണ പങ്കാളിത്തം) നിയമം, 1995, 40% ത്തിലധികം വൈകല്യമുള്ളവരെ അന്ധത, കാഴ്ചക്കുറവ്, കുഷ്ഠരോഗം സുഖപ്പെട്ടവര്‍, ചലനപരിമിതികള്‍, ശ്രവണ പരിമിതികള്‍, മാനസിക വൈകല്യങ്ങള്‍ എന്നിങ്ങനെ ഏഴ് വൈകല്യങ്ങളില്‍ ഒന്നില്‍പ്പെടുത്തി തരംതിരിച്ചിട്ടുണ്ട്. പിന്നീട്, ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര ഉടമ്പടിയുടെ (UNCRPD) അടിസ്ഥാനത്തില്‍, 1995-ലെ നിയമത്തിന് പകരം 2016 ഡിസംബര്‍ 27-ന് ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശ നിയമം 2016-ല്‍ കൊണ്ടുവന്നു.

ലോകാരോഗ്യ സംഘടന 2011-ല്‍ പ്രസിദ്ധീകരിച്ച ഡിസബിലിറ്റി റിപ്പോര്‍ട്ട് ഏതെങ്കിലുമൊരു തരത്തിലുള്ള ഡിസബിലിറ്റി 15% ആളുകള്‍ക്ക് ഉണ്ട് എന്ന് കാണിക്കുന്നു. ഇതില്‍ തന്നെ 2 മുതല്‍ 4 ശതമാനം വ്യക്തികള്‍ വലിയ പിന്തുണ ആവശ്യങ്ങളുള്ള ഡിസബിലിറ്റിയുള്ളവരാണ്. ഇന്ത്യയില്‍ NSSO സെന്‍സസ് പ്രകാരം, 2,68,10,557 വ്യക്തികള്‍ക്ക് ഡിസബിലിറ്റി ഉണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 2.21% വരും. ചടടഛ സെന്‍സസ് പ്രകാരം കേരളത്തില്‍ 7,61,843 ഡിസേബിള്‍ഡ് വ്യക്തികള്‍ ഉണ്ടെന്നാണ് കണക്ക്.
സാമൂഹ്യനീതി വകുപ്പ് 2015-ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തില്‍ 793937 വ്യക്തികള്‍ക്ക് ഡിസബിലിറ്റി ഉണ്ട്. ഇതില്‍ 44.6 ശതമാനം സ്ത്രീകളാണ്. കേരളത്തിലെ 8.7 ശതമാനം കുടുംബങ്ങളിലും ഡിസെബിലിറ്റിയുള്ള ഒരു അംഗമെങ്കിലും ഉണ്ടെന്നും സെന്‍സസ് കണ്ടെത്തി. 22 തരം ഡിസബിലിറ്റികളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
1995-ലെ പി. ഡബ്ല്യു. ഡി ആക്ട് സൂചിപ്പിക്കുന്ന ഏഴു തരം വൈകല്യങ്ങള്‍ പിന്നീട് 2016 ലെ ആര്‍.പി.ഡബ്ല്യു.ഡി ആക്റ്റ് പ്രകാരം 21 തരം വൈകല്യങ്ങളായി ഉയര്‍ത്തി.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ചില നിയമ വ്യവസ്ഥകളും നയങ്ങളെയും കുറിച്ചറിയാം.

RCI നിയമം 1992
RCI നിയമം 1992-ല്‍ നിലവില്‍ വന്നു. 2000-ല്‍ ഭേദഗതി വരുത്തി അതിനെ കൂടുതല്‍ വിശാലാടിസ്ഥാനത്തിലാക്കി. ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ RCI നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. പുനരധിവാസ, പ്രത്യേക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യോഗ്യരായ എല്ലാ പ്രൊഫഷണലുകളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കേന്ദ്ര പുനരധിവാസ രജിസ്റ്റര്‍ പരിപാലിക്കുന്നു. ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന യോഗ്യതയില്ലാത്ത വ്യക്തികള്‍ക്കെതിരെ ശിക്ഷാ നടപടികളും നിയമം നിര്‍ദ്ദേശിക്കുന്നു.

നാഷണല്‍ ട്രസ്റ്റ് ആക്റ്റ് 1999, അതിന്‍റെ ഭേദഗതി
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വൈകല്യങ്ങള്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനായുള്ള ദേശീയ ട്രസ്റ്റ് 1999 ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്‍റെ കീഴിലാണ്. മാനുഷിക വൈവിധ്യത്തെ വിലമതിക്കുന്ന, അന്തസ്സോടെയും തുല്യാവകാശങ്ങളോടെയും അവസരങ്ങളോടെയും സ്വതന്ത്രമായി ജീവിക്കാന്‍ വൈകല്യങ്ങളുള്ള വ്യക്തികളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു മെച്ചപ്പെട്ട സമൂഹം ഈ നിയമം ദര്‍ശിക്കുന്നു.

ദേശീയ മാനസികാരോഗ്യ നിയമം 2017
പുതിയ മാനസികാരോഗ്യ സംരക്ഷണ നിയമം 2017 മാനസികാരോഗ്യ സംരക്ഷണ നിയമം 1987 അസാധുവാക്കുന്നു. മാനസിക രോഗങ്ങളുള്ള വ്യക്തികളുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തതിന്‍റെ പേരില്‍ 1987ലെ നിയമം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു.

മാനസികാരോഗ്യ സംരക്ഷണ നിയമം 2017 മാനസിക രോഗമുള്ള വ്യക്തികള്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിടുന്നു. ഈ വ്യക്തികള്‍ക്ക് വിവേചനമോ ഉപദ്രവമോ കൂടാതെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ഈ നിയമം എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നു.

ദേശീയ നയം 2006
ഡിസബിലിറ്റികളുള്ള വ്യക്തികളുടെ ശാരീരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുനരധിവാസവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് വേണ്ടി ദേശീയ നയം രൂപീകരിച്ചു. കൂടാതെ, ഡിസബിലിറ്റികളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം, തടസ്സങ്ങളില്ലാത്ത അന്തരീക്ഷം, സാമൂഹിക സുരക്ഷ, ഗവേഷണം തുടങ്ങിയവയിലും നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ നയം ഡിസബിലിറ്റികളുള്ള വ്യക്തികള്‍ രാജ്യത്തിന് വിലപ്പെട്ട മാനവ വിഭവശേഷിയാണെന്ന് അംഗീകരിക്കുകയും അത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ക്ക് തുല്യ അവസരങ്ങള്‍, അവരുടെ അവകാശങ്ങളുടെ സംരക്ഷണം, സമൂഹത്തിലെ പൂര്‍ണ്ണ പങ്കാളിത്തം എന്നിവ നല്‍കുന്ന അന്തരീക്ഷം.

ആര്‍.പി.ഡബ്ല്യു.ഡി നിയമം 2016
ആര്‍.പി.ഡബ്ല്യു.ഡി നിയമം 2016 ഡിസംബറില്‍ നിലവില്‍ വന്നു. വിദ്യാഭ്യാസം, സാമൂഹികം, നിയമപരം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം എന്നിങ്ങനെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങളും അന്തസ്സും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു ഈ നിയമം. സര്‍ക്കാര്‍, സര്‍ക്കാരിതര, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും പ്രവേശനക്ഷമത ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഉത്തരവുകളും സമയക്രമങ്ങളും ഉണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഡിസബിലിറ്റി കമ്മീഷണറുടെ ഓഫീസുകള്‍, ജില്ലാ കമ്മിറ്റികള്‍, നിയമം നടപ്പാക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ബോര്‍ഡുകള്‍, കമ്മിറ്റികള്‍, ജില്ലാ തലത്തില്‍ പ്രത്യേക കോടതികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അതിന് പിഴ ഉണ്ട്. വിവേചനമില്ലാതെ ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സ്വയം തൊഴില്‍ എന്നിവ ലഭിക്കുന്നതിന് ആക്ട് വ്യവസ്ഥ ചെയ്യുന്നു. കെട്ടിടങ്ങള്‍, കാമ്പസുകള്‍, വിവിധ സൗകര്യങ്ങള്‍ എന്നിവ ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് പ്രാപ്യമാക്കാനും അവരുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഹരിക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസബിലിറ്റിയുള്ളവര്‍ക്കുള്ള സംസ്ഥാന നിയമങ്ങള്‍ 2020
ആര്‍.പി.ഡബ്ല്യു.ഡി നിയമത്തിലെ വ്യവസ്ഥയെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങള്‍ (കേരളം) ചട്ടങ്ങള്‍, 2020 നടപ്പിലാക്കി. സംസ്ഥാനത്ത് ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്കായി ഒരു ഗവേഷണ സമിതിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പരിമിതമായ രക്ഷാകര്‍തൃത്വം, സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കേഷനെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അപ്പീല്‍ ചെയ്യുക, ഡിസബിലിറ്റികളുള്ള വ്യക്തികളെ സംബന്ധിച്ച സംസ്ഥാന ഉപദേശക സമിതി, ജില്ലാതല കമ്മിറ്റികള്‍, ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കമ്മീഷണര്‍, അവര്‍ക്കു വേണ്ടി സംസ്ഥാന ഫണ്ട് എന്നിവ ഈ നിയമം സാധ്യമാക്കുന്നു.

കേരള സംസ്ഥാന നയം 2014
ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്കു വേണ്ടി കേരള സംസ്ഥാന നയം കേരളത്തിലെ എല്ലാ വികസന അജണ്ടകളിലും ഡിസെബിലിറ്റി ഉള്ളവരെ പരിപാടികളിലും, പ്രവര്‍ത്തന പദ്ധതികളിലും ഉള്‍പ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം, ആവശ്യകത, അനിവാര്യത, പ്രതിബദ്ധത എന്നിവ അംഗീകരിക്കുന്നു, കൂടാതെ സ്വന്തം തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അന്തര്‍ലീനമായ അന്തസ്സും വ്യക്തിഗത സ്വയംഭരണവും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം, മാനുഷിക വൈവിധ്യത്തിന്‍റെയും മാനവികതയുടെയും ഭാഗമായി ഡിസേബിള്‍ഡ് വ്യക്തികള്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള വ്യത്യാസത്തെയും സ്വീകാര്യതയെയും കേരള സംസ്ഥാന നയം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വിവേചനരഹിതവും സമ്പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തവും സമൂഹത്തില്‍ ഉള്‍പ്പെടുത്തലും സംസ്ഥാനം ഉറപ്പാക്കും.

കേരള സംസ്ഥാനത്തിലെ സാമൂഹികനീതിവകുപ്പും അതിന്‍റെ പ്രവര്‍ത്തനവും
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളിലൊന്ന് എന്ന നിലയില്‍ ഡിസബിലിറ്റികളുള്ള വ്യക്തികളെ സമൂഹത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ പ്രാപ്തരാക്കുന്നതിന് ഒരു സമഗ്രമായ സമീപനം പലപ്പോഴും ആവശ്യമാണ്. സാമൂഹ്യനീതി വകുപ്പ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ സംയോജനത്തിലും ഏകീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. (സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ ഡിസേബിള്‍ഡ് ആയവരുടെ സമഗ്ര വികസനവും പുനരധിവാസ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു, വൈകല്യം തടയല്‍, നേരത്തെയുള്ള സ്ക്രീനിംഗ് & കണ്ടെത്തല്‍, നേരത്തെയുള്ള ഇടപെടല്‍, പുനരധിവാസം, ഐഇസി, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സമഗ്രവും സഹകരണപരവുമായ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2016 RPWD നിയമം നടപ്പിലാക്കുന്നതിനു സംസ്ഥാനത്ത് നടപ്പിലാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. എന്നിരുന്നാലും, സംസ്ഥാനത്ത് ഡിസബിലിറ്റികളുള്ള വ്യക്തികളുടെ നിലവിലെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇത് ആവശ്യമാണ്. എസ്ജെഡി വകുപ്പില്‍ ഒരു ഡിസബിലിറ്റി സെല്ലിന്‍റെ രൂപീകരണം അത്യാവശ്യമാണ്. ഈ സെല്‍ ഡിസബിലിറ്റി ശാസ്ത്രീയ ഗവേഷണ സെല്ലുമായി സഹകരിച്ച് വിവിധ പദ്ധതികളുടെ ഫലങ്ങള്‍ നിരീക്ഷിക്കും.

ഡിസേബിള്‍ഡ് വ്യക്തികളും തൊഴിലും
അടുത്തിടെയാണ് ഡിസേബിള്‍ഡ് ആയ ചെറുപ്പക്കാരനായ ഒരു ലോട്ടറി വില്പനക്കാരനെ സ്വന്തം കുടുംബം വഴിയില്‍ ഉപേക്ഷിച്ചത്. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ അംഗത്തിന്‍റെയും ചില യുവജനങ്ങളുടേയും സമയോചിതമായ ഇടപെടലില്‍ അയാള്‍ക്ക് ഒരു ജീവിതമാര്‍ഗ്ഗം ഉണ്ടായി. എന്നാല്‍ ഇതുപോലെയുള്ള അനേകം വ്യക്തികള്‍ പരിഹാരമില്ലാത്ത പ്രശ്നങ്ങളിലാണ്.

പരിഹാരം
ജോലി ചെയ്യാന്‍ കഴിവുള്ള 80% വ്യക്തികള്‍ക്കും സ്വയം തൊഴില്‍ നല്‍കുന്നതിന് വ്യാപകമായി സഹകരിച്ച് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശീലനം നല്‍കുന്നത് നടപ്പിലാക്കാം. തൊഴില്‍ നേടുന്നതിനായി വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി സ്പെഷ്യല്‍ എംപ്ലോയബിലിറ്റി എക്സ്ചേഞ്ച്, കെഎഎസ്ഇ, മറ്റ് നൈപുണ്യ ഏജന്‍സികളായ അസാപ്, എന്‍ജിഒകള്‍, വിവിധ രക്ഷാകര്‍തൃ സംഘടനകള്‍ തുടങ്ങിയവയുമായി സഹകരിച്ച് നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കാവുന്നതാണ്.
8ഡിസബിലിറ്റികളുള്ള വ്യക്തികളെ നിയമിക്കുന്നതിനായി പൊതു സ്വകാര്യ, സര്‍ക്കാര്‍ സജ്ജീകരണ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കണം.

 • ഒരു പ്രത്യേക ജോലി നിര്‍വഹിക്കുന്നതിന് ഒരു പൂള്‍ അല്ലെങ്കില്‍ ആവശ്യമായ വൈദഗ്ധ്യം സൃഷ്ടിക്കല്‍ നടപ്പാക്കണം.
 • തൊഴില്‍ നിര്‍ദ്ദിഷ്ട വൈദഗ്ധ്യത്തിന്‍റെ ആവശ്യകതയെ അടിസ്ഥാനമാക്കി പരിശീലനവും വിലയിരുത്തലും ക്രമീകരിക്കുക.
 • ആവശ്യമായ പ്ലെയ്സ്മെന്‍റുകള്‍ നല്‍കുന്നതിന് ഡിസബിലിറ്റികളുള്ള വ്യക്തികളും സ്ഥാപനങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്ന ജോബ് പ്ലേസ്മെന്‍റ് സെല്‍ ഉണ്ടാവണം.
 • കാഴ്ച പരിമിതികളുള്ള വ്യക്തികള്‍ക്ക് ജോലി സുഗമമാക്കാന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും പരിശീലനം ഉപയോഗിക്കാം.
 • പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വിശിഷ്യാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുവെ പരിശീലനം നല്‍കണം.
 • ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ ഡിസബിലിറ്റി സംവേദനക്ഷമതയുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റുകള്‍ നല്‍കണം. കൂടാതെ എസ്പിസി, എന്‍സിസി, എന്‍എസ്എസ് പ്രോഗ്രാമുകളുടെ ഭാഗമായി ഡിസേബിള്‍ഡ് വ്യക്തികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിക്കാം.
 •  ഡിസബിലിറ്റി മേഖലയിലെ ഗവേഷണവും വികസനവും പരിമിതമാണ്. ചഏഛകളും അസോസിയേഷനുകളും സമര്‍പ്പിക്കുന്ന പ്രോജക്ടുകളുടെ സാധ്യതയും നിരീക്ഷണവും പരിശോധിക്കുക. പദ്ധതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യണം.
 • സര്‍വ്വകലാശാലകളുടെ കീഴില്‍ വരുന്ന ഗവേഷണ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്തെ ഡിസബിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രേരണ ചെലുത്താം. പ്രൊഫഷണല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ കോളേജ് തലത്തില്‍ പരിശീലന മൊഡ്യൂള്‍ തയ്യാറാക്കി പഠിപ്പിക്കാം.
 • എല്ലാ പൊതു കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനായി ടഖഉ സൃഷ്ടിക്കുന്ന പൊതുബോധവല്‍ക്കരണ വീഡിയോകള്‍ മെച്ചപ്പെട്ട സംവേദനക്ഷമതയുള്ളതായിരിക്കണം.
  8 കങഏ/ഗകഘഅ ഏകോപിപ്പിക്കുന്ന എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ക്കുള്ള ഡിസബിലിറ്റി സംവേദനക്ഷമത
 •  ഡിസബിലിറ്റി സയന്‍റിഫിക് റിസര്‍ച്ച് സെല്‍ സ്ഥാപിക്കണം.
 •  പുനരധിവാസം വികസന വൈകല്യങ്ങളുള്ള കുട്ടികള്‍ക്കുള്ള ടഛട ഹോം ആലോചിക്കാവുന്നതാണ്. വിവിധ വൈകല്യങ്ങളുള്ള വ്യക്തികള്‍ക്കായി കെയര്‍ ഹോമുകള്‍ കുറവാണ്.
 • സംസ്ഥാനത്തെ സഹായ സാങ്കേതിക ഉപകരണങ്ങളുടെ വികസനം, വിലയിരുത്തല്‍, പരിപാലനം, സംഭരണം എന്നിവ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സൗകര്യമില്ല.
 •  സംസ്ഥാനത്ത് സഹായ ഉപകരണങ്ങള്‍ക്കായി മേഖലാ കേന്ദ്രങ്ങള്‍ ഉണ്ടാവണം. അവിടെ സഹായ ഉപകരണങ്ങളുടെ രൂപകല്‍പ്പന, വികസനം എന്നിവയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയും നിരീക്ഷണ സൗകര്യവും ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപകരണങ്ങളുടെ ഇഷ്ടാനുസൃത പരിഷ്ക്കരണവും നടത്തുക. അസിസ്റ്റീവ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വിലയിരുത്തലിനും ഇടപെടലിനുമുള്ള പൊതുവായ പ്രോട്ടോക്കോള്‍ ഉണ്ടാക്കണം.
 • ഡിസേബിള്‍ഡ് വ്യക്തികളെ നിയമിക്കുന്നതിനും തൊഴില്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ജോലിസ്ഥലത്തെ സജ്ജീകരിക്കുകയും ചെയ്യണം.
 • ഡിസേബിള്‍ഡ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സഹായ സാങ്കേതികവിദ്യയുടെ ഉപയോഗം, ഉപകരണ സ്വീകാര്യത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും വിവിധ തലങ്ങളില്‍ പരിശീലിപ്പിക്കണം.
 • ഗതാഗതം ഡിസബിലിറ്റി സൗഹൃദമാവണം. എല്ലാ വൈകല്യങ്ങള്‍ക്കും ഉതകുന്ന അഡാപ്റ്റഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുക – ഡിസേബിള്‍ഡ് കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താന്‍ ഓരോ പഞ്ചായത്തിലും ഒരു ബസ്സെങ്കിലും ഉണ്ടാവണം.
 • ഇ-ലേണിംഗ്, ഇ-ബുക്കുകള്‍, ഓഡിയോ ബുക്കുകള്‍, ഓഡിയോ ലൈബ്രറി (സംസ്ഥാന സിലബസ് അനുസരിച്ച് എല്ലാ പുസ്തകങ്ങളും ഉള്‍പ്പെടെ) വികസിപ്പിക്കുക പഠനം നടപ്പാക്കാന്‍ സഹായിക്കും.
 • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ലാബുകളില്‍ സ്ക്രീന്‍ റീഡര്‍ സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലഭ്യമാക്കണം.
 • ബഡ്സ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഗുണമേന്മയും ഫലപ്രാപ്തിയും വിലയിരുത്തലുകള്‍ നിയുക്ത ഡിസബിലിറ്റി സെല്ലിന്‍റെ/അംഗങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനങ്ങളിലൂടെ ഇടയ്ക്കിടെ നിരീക്ഷിക്കണം.
 • സ്പെഷ്യല്‍ സ്കൂളുകളും സാധാരണ മുഖ്യധാരാ സ്കൂളുകളും തമ്മിലുള്ള സഹകരണം ഉറപ്പാക്കണം.
 • ഡിസേബിള്‍ഡ് കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുക വളരെ പ്രധാനമാണ്. ഘട്ടം ഘട്ടമായുള്ള സംയോജനമാണ് ആവശ്യം. ഓരോ കുട്ടിയുടെയും പ്രകടനവും സാമൂഹിക ഇടപെടലും നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ കുടുംബത്തിന് സഹായം നല്‍കുകയും വേണം സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ഏക്സസ് ചെയ്യാവുന്ന കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥ ഉണ്ടാക്കണം. ഇതിനായി സാധ്യതാ പഠനങ്ങള്‍ നടത്തണം. കാഴ്ചപരിമിതികളുള്ളവര്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാധ്യമെങ്കില്‍ പ്രത്യേക സയന്‍സ്, കൊമേഴ്സ് സ്ട്രീമുകള്‍ തുറക്കണം. ആവശ്യകതയും കഴിവും അനുസരിച്ച് പുതിയ കോഴ്സുകള്‍ ഉള്ള കോഴ്സ് നേര്‍പ്പിക്കാതെ സൃഷ്ടിക്കല്‍ അനിവാര്യമാണ്. – ഡിസേബിള്‍ഡ് കുട്ടികളുടെ സ്കോളസ്റ്റിക്, നോണ്‍-സ്കോളസ്റ്റിക്, കോ-കറിക്കുലര്‍ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക നന്നായിരിക്കും.
 • കല, സംഗീതം, അസിസ്റ്റീവ് ടെക്നോളജി, ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ടെക്നോളജി), കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയവ പോലുള്ള പുതിയ വിഷയങ്ങള്‍ ചേര്‍ക്കുക.
 • ഡിസബിലിറ്റികളുള്ള വ്യക്തികളുടെ ക്ഷേമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വകുപ്പുകളും (സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ ക്ഷേമം, സ്ത്രീ-ശിശു വകുപ്പുകള്‍ ഉള്‍പ്പെടെ) ഉള്‍ക്കൊള്ളുന്ന സംസ്ഥാനതല ഏകോപന സമിതിയുടെ രൂപീകരണം അനിവാര്യമാണ്.

സാമൂഹികമാറ്റം എങ്ങനെ?
ഡിസബിലിറ്റിയുള്ള അവസ്ഥ സ്വാഭാവികമായും ആര്‍ക്കും സ്വീകാര്യമായ ഒന്നല്ല. അത്തരം അവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ശാസ്ത്രീയമായി അറിയാതിരുന്ന കാലഘട്ടം മുതല്‍ ഇന്നുവരെ ഇതൊരു ശാപമായി കണക്കാക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എത്ര മുന്നോട്ടു നടന്ന സമൂഹത്തിലായാലും ഇതുതന്നെയാണ് അവസ്ഥ. ഡിസേബിള്‍ഡ് ആയ കുട്ടികളെ ഉപേക്ഷിക്കുക, ജീവാപായം വരുത്തുക, നിരന്തരം ആക്ഷേപിക്കുക എന്നിവ പ്രായഭേദമെന്യേ മനുഷ്യര്‍ ചെയ്തുവരുന്ന കുറ്റകൃത്യങ്ങളാണ്. കലയിലും സാഹിത്യത്തിലും ഒക്കെ ഡിസെബിലിറ്റി ഒരു ഗര്‍ഹണീയമായ അവസ്ഥയായി തന്നെ രേഖപ്പെടുത്തുന്നു. മാതാപിതാക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയായോ ഡിസേബിള്‍ഡ് ആയ വ്യക്തി പൂര്‍വജന്മങ്ങളില്‍ ചെയ്ത തെറ്റുകളുടെ ഫലമായോ ഒക്കെയാണ് ഇത്തരത്തിലെ അവസ്ഥാവിശേഷം ഉണ്ടാവുന്നത് എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

എന്നാല്‍ സമൂഹം വളരെയധികം മാറിയിട്ടുണ്ട്. ഡിസേബിള്‍ഡ് ആയ വ്യക്തികളുടെ പോരാട്ടം, സര്‍ക്കാരിന്‍റെ നയം, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം എന്നിവ അത്തരം വ്യക്തികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഒരു പ്രമുഖ സിനിമാ നായക നടന്‍ തന്‍റെ കഥാപാത്രത്തിലൂടെ ഡിസബിലിറ്റിയെ പറ്റി തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ള അഭിനയം കാഴ്ചവച്ചപ്പോള്‍ കേരളത്തിലെ പൊതുസമൂഹം പൊതുവിലും ഡിസേബിള്‍ഡ് വ്യക്തികളും കൂട്ടായ്മകളും പ്രത്യേകമായും ഇതിനെതിരെ പ്രതികരിക്കുകയും ആ നടന്‍ മാപ്പ് പറയുകയും പ്രസ്തുതരംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തത് സമൂഹത്തിന്‍റെ പുതിയ ധാരണകളുടെ പ്രതീകമായി കാണാം. എന്നാലും കേരള സമൂഹം പൂര്‍ണ്ണമായും ഡിസേബിള്‍ഡ് ഫ്രണ്ട്ലി ആയിക്കഴിഞ്ഞിട്ടില്ല.

കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാന്‍ നിര്‍മ്മിക്കുന്ന റാമ്പുകളുടെ അപര്യാപ്തത, വിവിധതരം മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ പുനരധിവാസത്തിനുള്ള ബുദ്ധിമുട്ടുകള്‍, കൂടി വരുന്ന ശബ്ദമലിനീകരണം , ട്രാഫിക് നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ ഒക്കെ ഡിസബിലിറ്റി സൗഹൃദമാക്കേണ്ട സമൂഹത്തിന് അനുയോജ്യമല്ല. സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകള്‍, പൊതുസമൂഹം ഒക്കെ ഒന്നിച്ചു ചേര്‍ന്ന് പങ്കാളിത്തത്തോടുകൂടി ഡിസബിലിറ്റികളുള്ള വ്യക്തികളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുനരധിവാസത്തിനു കൈകോര്‍ക്കേണ്ടതായുണ്ട്. ഡിസബിലിറ്റിയെ കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്ന കഥയോ കവിതയോ സിനിമയോ മറ്റു ഏത് കലാരൂപമോ ആവട്ടെ, നിര്‍ബന്ധിതമായി ഓഡിറ്റിനു വിധേയമാക്കി തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. സിനിമയിലെ കഥയുടെ സ്വാഭാവിക പരിണാമത്തിന് ഡിസബിലിറ്റി വിരുദ്ധമായ എന്തെങ്കിലും പരാമര്‍ശം ചേര്‍ക്കുകയാണ് എങ്കില്‍ അത് തെറ്റാണ് എന്നു കാണിക്കുന്ന നിയമവ്യവസ്ഥ എഴുതി കാണിക്കുക. ഈ വിഷയത്തില്‍ ചെയ്യാവുന്ന ഒരു പരിഹാരമാര്‍ഗമാണ്. അത്തരത്തില്‍ ഒരു കവിത പഠിപ്പിക്കുന്നുണ്ട് എങ്കില്‍ അധ്യാപകരുടെ ടീച്ചിങ് നോട്ടില്‍ കവിതയിലെ ആ ഭാഗത്ത് ഉള്ള ശരികേട് ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാം.

ഓരോ തരം ഡിസബിലിറ്റിക്കും ഓരോ തരം ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആണ് വേണ്ടത്. ഡിസബിലിറ്റിക്ക് ഏകതാന സ്വഭാവം ഇല്ല. ചില തരം ഡിസബിലിറ്റികള്‍ക്ക് ഡിസേബിള്‍ഡ് ആയ വ്യക്തികളുടെ തന്നെ ബൃഹത്തായ കൂട്ടായ്മയുണ്ട്. ദൃശ്യ-ശ്രവ്യ-ലോക്കോമോട്ടോര്‍ വിഭാഗങ്ങളില്‍പ്പെട്ട വ്യക്തികള്‍ക്ക് സംഘടനകള്‍ ഉണ്ട്. ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം പോലെ ചിന്തയെയും ചലനത്തെയും ഒരേപോലെ പരിമിതപ്പെടുത്തുന്ന ഡിസബിലിറ്റികളുമായി ബന്ധപ്പെട്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ ഡിസേബിള്‍ഡ് ആയ വ്യക്തികളുടെ പരിചരണം ചെയ്യുന്ന മാതാപിതാക്കളോ ബന്ധുക്കളും ഏറ്റെടുത്ത് നടത്തുക. എല്ലാത്തരം ഡിസബിലിറ്റികളെ കുറിച്ചും ഉള്ള ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുക ഭരണപരമായ ഒരു ഉത്തരവാദിത്വമാണ്. ഒരുപക്ഷേ കുടുംബത്തിന് അത്തരം വ്യക്തികളുടെ എല്ലാ ആവശ്യങ്ങളും സാധ്യമാക്കാന്‍ സാധിക്കുക ഇല്ല എന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുപോലെ പരിശ്രമിച്ചാല്‍ മാത്രമേ ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികള്‍ക്ക് മെച്ചപ്പെട്ട ഒരു സാമൂഹിക ജീവിതം സാധ്യമാവുകയുള്ളൂ.

ഡോ. അനിഷ്യ ജയദേവ്
അസോസിയേറ്റ് പ്രൊഫസര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്മെന്‍റ്
(പ്രസിഡന്‍റ്, സെന്‍റര്‍ ഫോര്‍ ഫിലിം ജന്‍ഡര്‍
ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ്)

 

COMMENTS

COMMENT WITH EMAIL: 0