Homeഅഭിമുഖം

ഡിസേബിള്‍ഡ് സ്ത്രീകളും നിയമസംവിധാനങ്ങളും

സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. സന്ധ്യാ ജനാര്‍ദ്ദനന്‍ ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും അവരുടെ ശാക്തീകരണത്തെയും കുറിച്ച് സംസാരിക്കുന്നു.

 

ര്‍ഷങ്ങളായി സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്നുള്ള നിലയില്‍, കേരളത്തിലെ ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത് ?
2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മൂന്ന് ലക്ഷത്തില്‍പരം ഡിസബിലിറ്റികളുള്ള സ്ത്രീകളുണ്ട്. അതില്‍ അസ്ഥിവൈകല്യം, കാഴ്ചവൈകല്യം, സംസാരിക്കാന്‍ കഴിയാത്തവര്‍, പഠന വൈകല്യങ്ങള്‍ ഉള്ളവര്‍, മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ എല്ലാം ഉള്‍പ്പെടും. ഇതില്‍ എത്ര പേരെ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ പൊതു തലങ്ങളില്‍ കാണാറുണ്ട്? ഇതാണ് ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ. അവര്‍ തീര്‍ത്തും അദൃശ്യരാണ്.

ഡിസബിലിറ്റികളുള്ള സ്ത്രീകളില്‍ ഏറെപേരും വൈകല്യത്തിന്‍റെ പേരില്‍ പുറംലോകം കാണാത്ത അവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നു. അതിന് കാരണങ്ങള്‍ പലതാണ്. സ്ത്രീ എന്ന രീതിയിലും വൈകല്യമുള്ളതിന്‍റെ പേരിലും അവര്‍ക്ക് ഇരട്ട വിവേചനം അനുഭവിക്കേണ്ടതായി വരുന്നു.കുടുംബത്തില്‍ വൈകല്യമുള്ളവര്‍ ഉണ്ടെന്ന് പറയുന്നത് നാണക്കേടാണെന്നു കരുതി അത്തരക്കാരെ അയല്‍പക്കക്കാരില്‍ നിന്ന് പോലും മറച്ചുവെക്കുന്നവരുണ്ട്. വൈകല്യത്തിന്‍റെ തോതനുസരിച്ച് വിവേചനത്തിന്‍റെ തോതിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു .ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ തീര്‍ത്തും ആശ്രയിക്കേണ്ടി വരുന്നവര്‍ക്ക് കുറച്ചുകൂടി ദുസ്സഹമായ പ്രശ്നങ്ങള്‍ നേരിടേണ്ടതായിട്ട് വരുന്നു. കുടുംബത്തിനകത്ത് നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍, സ്വത്തവകാശം നിഷേധിക്കല്‍, പഠിക്കാനോ, ജോലിക്ക് പോകാനോ അനുവദിക്കാതിരിക്കല്‍ തുടങ്ങി ദുരവസ്ഥകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.
സാഹചര്യങ്ങള്‍ അവരെ അദൃശ്യരായി നിര്‍ത്തുന്നു. അവര്‍ അദൃശ്യരായതു കൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങള്‍ക്ക് ആരും ശ്രദ്ധ നല്‍കാതെ പോകുന്നു. ഇതൊരു വിഷമവൃത്തമാണ് (്ശരശീൗെ രശൃരഹല). ഇത് മറികടക്കുക എന്നത് ഡിസബിള്‍ഡ് സമൂഹം, പ്രത്യേകിച്ച് ഡിസബിലിറ്റികളുള്ള സ്ത്രീകള്‍, നേരിടുന്ന വലിയ വെല്ലുവിളിയാണ്.

ഈ അവസ്ഥ മാറുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ നമ്മുടെ നിയമങ്ങളില്‍ ഉണ്ടോ?
ഡിസേബിള്‍ഡ് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ഉയര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണ് 2016ലെ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശ നിയമം. തലക്കെട്ടില്‍ തന്നെ ‘അവകാശം ‘എന്ന വാക്ക് ചേര്‍ത്തിട്ടുള്ള മറ്റേതെങ്കിലും നിയമം ഇന്ത്യയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള സുശക്തമായ നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ ഉള്ളത്. ഈ നിയമത്തിലെ നാലാം വകുപ്പില്‍ പ്രത്യേകമായി പറയുന്നത് വൈകല്യമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റുള്ളവരെ പോലെ തന്നെ എല്ലാ അവകാശങ്ങളും ഉണ്ടെന്നും,അത് ഉറപ്പുവരുത്താനുള്ള ബാധ്യത അതത് സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നുമാണ്. വൈകല്യത്തിന്‍റെ സ്വഭാവം, വ്യക്തിയുടെ പ്രായം എന്നിവ കണക്കിലെടുത്ത് എന്തൊക്കെ സഹായം ആവശ്യമാണോ അവയെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പ്രത്യേകമായി പരാമര്‍ശിക്കുന്നുണ്ട് .

ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പത്താം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവരുടെ വ്യക്തമായ സമ്മതമില്ലാതെ വന്ധ്യത ഉണ്ടാക്കുന്ന തരത്തിലുള്ള വൈദ്യശാസ്ത്ര നടപടികളൊന്നും സ്വീകരിക്കാന്‍ പാടുള്ളതല്ല. അപ്രകാരം സമ്മതം ഇല്ലാതെ ഗര്‍ഭചിദ്രം പോലുള്ള നടപടികള്‍ സ്വീകരിക്കുന്നത് നിയമത്തിലെ 92(ള) വകുപ്പ് പ്രകാരം ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വൈകല്യമുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും അവരില്‍ സ്വാധീനമുള്ള ആരെങ്കിലും അവരുടെ പ്രത്യേക ശാരീരിക- മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ലൈംഗിക അതിക്രമത്തിന് അവരെ വിധേയരാക്കുന്നതും കുറ്റകൃത്യങ്ങളാണ്. വൈകല്യത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് അപമാനിക്കുന്നതും ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ നിയമ നടത്തിപ്പിനും നയരൂപീകരണത്തിനും മറ്റുമായി രൂപീകരിക്കുന്ന കേന്ദ്ര-സംസ്ഥാന -ജില്ലാ സമിതികളില്‍ കുറഞ്ഞത് അഞ്ച് സ്ത്രീകള്‍ ഉണ്ടാകണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ഡിസബിലിറ്റി അവകാശ രംഗത്തെ തീരുമാനമെടുക്കല്‍ പ്രകൃയയില്‍ സ്ത്രീകളുടെ സാന്നിധ്യം നിയമം വഴി ഉറപ്പുവരുത്തിയത് ശ്ലാഘനീയമാണ്. ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ തനതായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലഭിക്കുന്ന ഇത്തരം ഔദ്യോഗിക ഇടങ്ങള്‍ ഒരു വലിയ സാധ്യത ആയി ഞാന്‍ കാണുന്നു.

സര്‍ക്കാരിന്‍റെ വികസന പദ്ധതികളില്‍, പ്രത്യേകിച്ചും ദാരിദ്രനിര്‍മാര്‍ജന പദ്ധതികളില്‍, 5% സംവരണം ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികള്‍ക്ക് നല്‍കേണ്ടതുണ്ട്.അതില്‍ 40% ത്തിന് മുകളില്‍ വൈകല്യമുള്ള സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിന്‍റെ 37-ആം വകുപ്പ് നിഷ്കര്‍ഷിക്കുന്നു. 18 വയസ്സിന് താഴെയുള്ള എല്ലാ ഡിസേബിള്‍ഡ് കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നിയമം ഉറപ്പു വരുത്തുന്നു. ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ പൊതുവായുള്ള പ്രജനന ആരോഗ്യം, ഗര്‍ഭധാരണം, പ്രസവാനന്തര കരുതല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ നിയമം അനുശാസിക്കുന്നു. ഡിസേബിള്‍ഡ് സമൂഹത്തിന് മൊത്തമായി 4% സംവരണം ജോലിയിലും, പ്രമോഷനിലും ഉണ്ട്. വൈകല്യത്തിന്‍റെ പേരില്‍ ഒരാളെയും ജോലിയില്‍ നിന്ന് പിരിച്ചുവിടാനോ, തരം താഴ്ത്താനോ പാടില്ല. ഇക്കാര്യങ്ങളിലൊന്നും ലിംഗ വിവേചനം അനുവദനീയമല്ല.
ഇത്തരത്തില്‍ ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ പ്രത്യേക അവസ്ഥയും കൂടി കണക്കിലെടുത്തു കൊണ്ടാണ് നിയമ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും നിയമത്തില്‍ പ്രത്യേക വ്യവസ്ഥകളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ളത് ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ക്ക് ഒരനുഗ്രഹമാണ്. സര്‍ക്കാര്‍ ആ നിലയിലേക്ക് കൂടി ചിന്തിക്കാനും, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പക്ഷം നിയമ നടപടികള്‍ സ്വീകരിക്കാനും ഒക്കെ ഇത് സഹായകമാകും എന്നതില്‍ സംശയമില്ല.

മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ ധാരാളമായി ഉണ്ടല്ലോ. അവര്‍ക്കും ഈ നിയമം തന്നെയാണോ ബാധകം?
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മേല്‍പ്പറഞ്ഞ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണ് ഇതു കൂടാതെ മാനസികാരോഗ്യ ആശുപത്രികളിലും പുനരധിവാസ സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കപ്പെടുമ്പോള്‍ അവര്‍ സാധാരണയായി നേരിടുന്ന ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും തടയിടുന്നതിലേക്കായി മാനസികാരോഗ്യ പരിപാലന നിയമം 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇത് അനുസരിച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്ക് സ്ഥാപനങ്ങളില്‍ സാനിറ്ററി പാഡുകളും മറ്റും നിര്‍ബന്ധമായും നല്‍കണം. ഒരുതരത്തിലുമുള്ള ശാരീരിക -മാനസിക- ലൈംഗിക അതിക്രമങ്ങള്‍ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ല എന്ന് സ്ഥാപന അധികാരികള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് . മാനസികാരോഗ്യ പ്രശ്നം നേരിടുന്ന സ്ത്രീകള്‍ക്ക് തന്‍റെ കുഞ്ഞിന്മേലുള്ള അവകാശം തീര്‍ത്തും നഷ്ടപ്പെടുന്നില്ല. ചികിത്സയ്ക്കായി സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ അമ്മമാരോടൊപ്പം മൂന്ന് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെയും പാര്‍പ്പിക്കാം. അമ്മയോടൊപ്പം നില്‍ക്കുന്നത് കുഞ്ഞിന് തീര്‍ത്തും സുരക്ഷിതമല്ല എന്ന് കണ്ടാല്‍ മാത്രം കുട്ടിയെ ശിശു ക്ഷേമ സമിതിക്ക് കൈമാറാവുന്നതാണ്. എങ്കില്‍ കൂടിയും എല്ലാ 15 ദിവസം കൂടുമ്പോഴും കുഞ്ഞിനെ മാറ്റാനുള്ള തീരുമാനം ഡോക്ടര്‍മാര്‍ പുനപരിശോധിക്കണം. മാനസിക അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും അവരുടെ കുടുംബത്തിലും സമൂഹത്തിലും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും മറ്റും നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പൊതുവെ തഴയപ്പെട്ടു കിടക്കുന്ന മാനസികാരോഗ്യ രംഗത്തിന് ഒരു പുത്തനുണര്‍വും പ്രതീക്ഷയും ഈ നിയമം നല്‍കുന്നു.

ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും വിധേയരാകാറുണ്ടെന്ന് പറഞ്ഞുവല്ലോ. അത്തരം സാഹചര്യങ്ങളിലുള്ള സ്ത്രീകള്‍ക്ക് എന്ത് സഹായ സംവിധാനങ്ങളാണ് നിയമം നിഷ്ക്കര്‍ഷിക്കുന്നത്?
2013 ല്‍ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിലൂടെയും,18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബാധകമായ പോക്സോ ആക്ടിലൂടെയും ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന വൈകല്യങ്ങളുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമം പ്രത്യേക പരിരക്ഷ ഉറപ്പ് വരുത്തുന്നു. മൊഴിയെടുക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താന്‍ പാടുള്ളതല്ല. പോലീസും കോടതിയും മറ്റും ഡിസബിലിറ്റികളുള്ള വ്യക്തികളുടെ മൊഴിയെടുക്കുമ്പോള്‍ വൈകല്യത്തിന്‍റെ സ്വഭാവം അനുസരിച്ച് സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെയോ, ഇന്‍റര്‍പ്രെട്ടറുടെയോ സഹായം തേടേണ്ടതാണ്. വിചാരണ നേരിടുമ്പോള്‍ മൊഴി ആവര്‍ത്തിക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലേക്കായി കേസിന്‍റെ ആരംഭ സമയത്ത് മജിസ്ട്രേറ്റിന് നല്‍കിയ മൊഴി വിചാരണ നടപടിക്രമങ്ങള്‍ക്ക് മതിയാകുന്നതാണെന്നും നിയമം അനുശാസിക്കുന്നു. കൂടാതെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക തീരുമാനിക്കുമ്പോള്‍ വൈകല്യത്തിന്‍റെ തോതും കണക്കിലെടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.

അവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ക്ക് എവിടെ പരാതിപ്പെടാം?
അവകാശ ലംഘനങ്ങള്‍ നേരിടുമ്പോള്‍ മറ്റേതൊരു സ്ത്രീയെയും പോലെ പോലീസിനെയും, കോടതിയെയും, കമ്മീഷനുകളെയും സമീപിക്കാനുള്ള അവകാശം ഡിസബിലിറ്റികളുള്ള സ്ത്രീകള്‍ക്കും ഉണ്ട്. ഇത് കൂടാതെ ഡിസബിലിറ്റികള്‍ ഉള്ള വ്യക്തികളുടെ അവകാശ ലംഘനം മാത്രം പ്രത്യേകമായി കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസബിലിറ്റി കമ്മിഷണര്‍ക്കും പരാതി നല്‍കാവുന്നതാണ്.

ഡിസബിലിറ്റികളുള്ള സ്ത്രീകളുടെ നിലവിലെ അവസ്ഥയില്‍ എങ്ങനെ മാറ്റം സാധ്യമാകുമെന്ന് കരുതുന്നു?
നിലവിലെ അവസ്ഥകള്‍ക്ക് സ്ഥായിയായ മാറ്റങ്ങള്‍ വരണമെങ്കില്‍ ഡിസബിലിറ്റികളുള്ള വ്യക്തികളോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരണം. അവരെ രോഗികളായും, ഒന്നിനും കൊള്ളാത്തവരായും, മുന്‍കാല ജന്മത്തിന്‍റെ പാപകര്‍മ്മങ്ങളുടെ ഇരകളായും മറ്റുമായാണ് പൊതുവെ കണക്കാക്കാറുള്ളത്. ആ അവസ്ഥ മാറിയേ തീരൂ. വൈകല്യത്തിന്‍റെ രൂക്ഷത/തീവ്രത വര്‍ദ്ധിപ്പിക്കുന്നത് ചുറ്റുമുള്ളവരും, പ്രതികൂല ഭൗതിക സാഹചര്യങ്ങളും സമൂഹവുമാണ്. നിലവിലെ ഭൗതിക സാഹചര്യങ്ങളില്‍ സമൂലമായ മാറ്റം വരണം. പൊതു കെട്ടിടങ്ങളെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡിസേബിള്‍ഡ് സൗഹൃദം ആക്കണം എന്ന് നിയമം അനുശാസിക്കുന്നു. ഈ വ്യവസ്ഥ നടപ്പിലാക്കിയാല്‍ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ സഞ്ചാര പരിമിതിക്ക് ഒരു പരിധിവരെ മാറ്റം ഉണ്ടാക്കാം. അതോടൊപ്പം ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. ഡിസബിലിറ്റികളുള്ള വ്യക്തികള്‍ക്ക് കൂടി ഉള്ളതാണ് ഈ ലോകമെന്നും തങ്ങളുടേത് പോലെ തന്നെ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അവര്‍ക്കും എല്ലാത്തരം അവകാശങ്ങള്‍ ഉണ്ടെന്നും സമൂഹം തിരിച്ചറിയണം. അല്പം പതുക്കെയാണെങ്കിലും അതൊക്കെ സാധ്യമാകും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

അഡ്വ.ജെ.സന്ധ്യ
സാമൂഹിക പ്രവര്‍ത്തക

 

 

 

 

 

 

ഡോ. ശാരദാ ദേവി വി.
ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷക

 

 

COMMENTS

COMMENT WITH EMAIL: 0