Homeചർച്ചാവിഷയം

ദ്രൗപതി: നീതിയുടേയും പ്രതിരോധത്തിന്‍റേയും ഒരു പുനര്‍നിര്‍മ്മിതി

ഭാരതീയ തത്വചിന്ത പാരമ്പര്യം പരിശോധിച്ചാല്‍, (ഇന്ന്) വേദകാലം മുതല്‍ ഉത്തരാധുനിക കാലം വരെ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ത്രീ തത്വചിന്തകരുണ്ടോ എന്നുള്ളത് ഒരു ചോദ്യമാണ്. വേദകാലഘട്ടത്തില്‍ നിന്നും ഉപനിഷത്ത് സംസ്കാരത്തിലേക്ക് വരുമ്പോള്‍,
‘അരുന്ധതി അനസൂയ ച സാവിത്രി ജാനകി സതി ദ്രൗപതി കണ്ണകി തഥാ’
സംഘ കാര്യകര്‍ത്താക്കള്‍ ദിവസവും ചൊല്ലുന്ന പ്രസക്തമായ വരികളായി ഇതിനെ കാണാം. ഇത്തരത്തില്‍ ആദരണീയരായ സ്ത്രീരത്നങ്ങള്‍ അറിവിലും സംസ്കാരത്തിലും വിരാജിച്ചിരുന്ന ഒരു മഹത്തായ ചരിത്രം നമുക്കുണ്ടായിരുന്നു. എന്നിരുന്നാലും ഇന്നു നിലനില്‍ക്കുന്നത് അടിച്ചമര്‍ത്തലിനെ ചരിത്രവും അതിന്‍റെ അവശേഷിപ്പുകളും മാത്രമാണ്. വാസ്തവത്തില്‍ എവിടെ നിന്നുമാണ് അടിച്ചമര്‍ത്തലിന്‍റെ ഈ ചരിത്രം ആരംഭിക്കുന്നത്? ഈ ഒരു ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്തുക എന്നത് കുറച്ചധികം ശ്രമകരമാണെന്ന് തന്നെ പറയാം. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള ഓരോ സ്ത്രീയിലും ഗഹനമായ ഓരോ ദര്‍ശനങ്ങള്‍ കഥാരൂപേണ ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ സ്ത്രീരത്ന ത്തെയും അവലംബിച്ചുകൊണ്ട് അവരുടെ ജീവിതത്തില്‍ വിവക്ഷിക്കപ്പെടുന്ന ചിന്താസരണി അനാവരണം ചെയ്യണമെന്ന് ഉണ്ടെങ്കിലും തല്‍ക്കാലം അവയുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് ദ്രൗപതിയിലേക്ക്ڔ മാത്രം പരിമിതപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍ ചെയ്തിട്ടുള്ളത്. എന്തുകൊണ്ടെന്നാല്‍ മറ്റ് ഇതിഹാസ നായികമാരെപ്പോലെ വെറുമൊരു പാടാത്ത നായികയായോ അല്ലെങ്കില്‍ സ്ത്രീയുടെ സഹന ശക്തിയുടെ പ്രതീകമായോ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ദ്രൗപതി ആഗ്രഹിച്ചിരുന്നില്ല. കാലാകാലങ്ങളായി നിലനിന്നു പോന്നിരുന്ന ലിംഗഭേദത്തിന്‍റെയും അനീതിയുടെ പശ്ചാത്തലത്തില്‍ അനിവാര്യഘടകമായി വരുന്ന ചെറുത്തുനില്‍പ്പിന്‍റെയും ഒരു ഉദാത്ത മാതൃകയായി ദ്രൗപതിയെ നമുക്ക് ചിത്രീകരിക്കാന്‍ ആകും.

മാന്യമായ രീതിയില്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ദ്രൗപതിയുടെ കഴിവാണ് ഹിന്ദു സാഹിത്യത്തിലെ ഏറ്റവും സങ്കീര്‍ണവും വിവാദപരവുമായ ഒരു സ്ത്രീ കഥാപാത്രമായി അവരെ മാറ്റുന്നത്. ഒരുവശത്ത് അവള്‍ നിര്‍മ്മലതയുള്ളവളും ഉദാരമതിയുമായ ഒരു സ്ത്രീയായിരിക്കാം അതുപോലെ മറുവശത്ത് അവളെ പൊതുവേദിയില്‍ വ്യക്തിഹത്യ ചെയ്തവരെയും അവളുടെ സ്ത്രീത്വത്തെ അപമാനിച്ചവരെയും നശിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയായി പരിണമിക്കുകയും ചെയ്യാം. തന്‍റെതായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ അവള്‍ ഒരിക്കലും തയ്യാറായിരുന്നില്ല, എന്നാല്‍ തന്നോട് കാണിക്കുന്ന ഏത് അനീതിക്കെതിരെയും പോരാടാനോ പ്രതികാരം ചെയ്യാനോ അവളെപ്പോഴും തയ്യാറായിരുന്നു. അതിനാല്‍ തന്നെ ദ്രൗപതിയെ ഭാരതത്തിലെ ആദ്യ കാല ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

ദ്രൗപതി എന്ന നിര്‍മ്മിതി “ചെറുത്തുനില്‍പ്പിന്‍റെയും പ്രതിരോധത്തിന്‍റെയും മാതൃകയായി ദ്രൗപതിയെ അവതരിപ്പിക്കുന്നതിനു മുന്‍പ്, മഹാഭാരതം എന്ന ഇതിഹാസത്തിലെ ശക്തയായ നായികയെ സഹൃദയന് പരിചയപ്പെടുത്തുന്നതിനായി ദ്രൗപതിയുടെ കഥ ഹ്രസ്വമായി വിവരിക്കാറുണ്ട്.1” സപ്തോര്‍ഷി ദാസ് (2014:224).ڔ ദ്രൗപതിയെ ഒരു മനുഷ്യന്‍ എന്നതിലുപരി ഒരു സൂപ്പര്‍ ഹ്യൂമന്‍ ആയിട്ടാണ് പില്‍ക്കാലത്ത് വിവരിക്കപ്പെട്ടിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ഒരു ആരാധനാ ദേവതയായി ഇന്ന് ദ്രൗപതി ആരാധിക്കപ്പെടുന്ന. ദ്രൗപതിയുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് നാരായണപിള്ള (1988) ഇങ്ങനെ വിവരിക്കുന്നു;ڔ
‘ ഒരു മഹര്‍ഷിയായ മൗദ്ഗലയന്‍റെڔ ഭാര്യയായി നളയാനി എന്ന പേരിലാണ് ദ്രൗപതി ജനിച്ചത്. മൗദ്ഗലയ്ക്ക് കുഷ്ഠരോഗം ഉണ്ടായിരുന്നു, എന്നിരുന്നാലും നളയാനി അവനെ യാതൊരു വൈമനസ്യവും കൂടാതെ കര്‍ത്തവ്യ ബോധത്തോടെ സേവിച്ചു പോന്നിരുന്നു. ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ മൗദ്ഗലയയുടെ വിരല്‍ വീണു, പക്ഷേ നളയാനി നിശബ്ദമായി വിരല്‍ നീക്കം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവളുടെ ഭക്ഷണം തേന്‍ പോലെ മധുരമുള്ളതായി തീര്‍ന്നു”2(പിള്ള 1988:138-139).

മൗദ്ഗല്യന്‍ അവളുടെ ഭക്തി സന്തുഷ്ടനാവുക യും അവള്‍ക്ക് ഒരു വരം നല്‍കുകയും ചെയ്തു. അവന്‍ അനേകം ജീവികളുടെ രൂപം സ്വീകരിച്ച് അവളുടെ ലൈംഗിക അഭിലാഷങ്ങളും ആഗ്രഹങ്ങളും നിറവേറ്റണമെന്ന് നളയാനി അഭ്യര്‍ത്ഥിച്ചു. അവളുടെ ആഗ്രഹങ്ങള്‍ അനുവദിക്കപ്പെട്ടു. മൗദ്ഗല്യന്‍ ലോകം ത്യജിക്കുന്ന സമയം വരെ ഇരുവരും വളരെ കാലം ആനന്ദത്തില്‍ ജീവിച്ചു. അദ്ദേഹത്തിന്‍റെ മരണശേഷം നളയാനി വിഭ്രാന്തിയിലായി,ڔ അന്നുമുതല്‍ താന്‍ എവിടെയാണ് സുഖം (ലൈംഗികസുഖം) തേടാന്‍ പോകുന്നത് എന്ന് അറിയാന്‍ ആഗ്രഹിച്ചു. മൗദ്ഗല്യന്‍ അവളുടെ അനിയന്ത്രിതമായ കാമത്താല്‍ പ്രകോപിതനായി.’3(പട്ടനായിക് 2010:92): തുടര്‍ന്ന് അദ്ദേഹം, ഭാവിയില്‍ അവള്‍ അഞ്ച് പുരുഷന്മാരുടെ ഭാര്യയായി ജനിക്കും എന്ന് ശപിച്ചു .’4(പിള്ള 1988: 138-139).
ദേവന്മാര്‍ ഒരു സ്ത്രീക്ക് പരമാവധി മൂന്ന് ഭര്‍ത്താക്കന്മാര്‍ വരെ ആകാം എന്ന് നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ , ദ്രൗപതി 5 ഭര്‍ത്താക്കന്മാരുടെ ഭാര്യയായി അവതരിപ്പിക്കപ്പെടുന്നു. സത്യത്തില്‍ ബഹുഭാര്യത്വം പോലെ തന്നെയല്ലേ ബഹുഭര്‍തൃത്വവും. പക്ഷേ എന്തുകൊണ്ടാണ് ഒരേ സമയം ഒന്നിലധികം പുരുഷന്മാരോടൊപ്പം ജീവിക്കുന്ന സ്ത്രീകളെ മാത്രം മോശപ്പെട്ടവളായി ചിത്രീകരിക്കുന്നത്? പാണ്ഡവരില്‍ ഭീമനും അര്‍ജുനനുമെല്ലാം ദ്രൗപതിയെ കൂടാതെ മറ്റ് ഭാര്യമാരുണ്ടായിരുന്നല്ലോ, ഒന്നിലധികം പുരുഷന്മാരോടൊപ്പം ജീവിക്കുന്ന സ്ത്രീ വ്യക്തിത്വവും സ്വഭാവഗുണവുമില്ലാത്തവലാണെങ്കില്‍ പുരുഷന്‍റെ അവസ്ഥയും മറിച്ചായിരിക്കില്ലല്ലോ. പക്ഷേ ഇവിടെയാണ് ‘ഭാരതത്തിന്‍റെ പുരുഷകേന്ദ്രീകത കുടിലതയുടെ മഹിമ’ നിലനില്‍ക്കുന്നത്. അര്‍ജുനനു ഒന്നിലധികം ഭാര്യമാരുള്ളത്, അദ്ദേഹത്തിന്‍റെ യുദ്ധ നിപുണതയ്ക്കും വീരത്തിനും പല രാജ്യങ്ങളില്‍ നിന്നും ലഭിച്ച പാരിതോഷങ്ങളായാണ് കരുതുന്നത്. അതില്‍ മോശമായി ഒന്നുമില്ല, ഇത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടിട്ടുള്ളതാണെന്നു അവര്‍ വീമ്പു പറയുന്നു. പക്ഷേ അവിടെയും സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്നു. ദ്രൗപതിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല,ڔ ദ്രൗപതിക്ക് വിവാഹ സമയമായപ്പോള്‍ , തന്‍റെ മകളെ അര്‍ജ്ജുനനെ മാത്രം വിവാഹം ചെയ്തു നല്‍കാന്‍ ആഗ്രഹിച്ച അവളുടെ പിതാവ്, അര്‍ജ്ജുനനെ വിവാഹത്തിന് കൊണ്ടുവരാനായി സ്വയംവരം നിശ്ചയിച്ചു. ബ്രാഹ്മണരുടെ വേഷം ധരിച്ച് (പുരോഹിതവര്‍ഗം) തന്‍റെ സഹോദരന്മാരോടൊപ്പം എത്തിയ അര്‍ജ്ജുനന്‍, അമ്പെയ്ത്തു പരീക്ഷയില്‍ വിജയിക്കുകയും ദ്രൗപതിയെ വിവാഹം ചെയുകയും ചെയ്തു .

സഹോദരന്മാര്‍ ദ്രൗപതിയുമായി വീട്ടിലെത്തിയ ഉടന്‍, അവര്‍ വീട്ടില്‍ കൊണ്ടുവന്നത് നോക്കാന്‍ അമ്മ കുന്തിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുന്തി അത് നോക്കാതെ, പതിവുപോലെ കിട്ടിയതെന്തോ അത് പരസ്പരം തുല്യമായി പങ്കിടാന്‍ അവരോട് ആവശ്യപ്പെട്ടു. ഇത് വിചിത്രമായിരുന്നില്ല, കാരണം സഹോദരന്മാര്‍ സാധാരണയായി എല്ലാ ദിവസവും ലഭിക്കുന്ന ഭിക്ഷ പങ്കിടുന്നു . അമ്മയുടെ കല്‍പ്പന അനുസരിക്കാന്‍, അഞ്ച് പാണ്ഡവരും ദ്രൗപതിയെ ഭാര്യയായി സ്വീകരിച്ചു. എന്നാല്‍ അവളുടെ അനുവാദം ഇവിടെ ഒരു ഘടകം ആയിരുന്നില്ല. ഒരു മനുഷ്യ ജീവി എന്ന നിലയില്‍ പോലും അവളുടെ സ്വപ്നങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ അവിടെ യാതൊരു മൂല്യവും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ജീവിതത്തിലെ ഈ ഒരു അനുഭവത്തോട് കൂടിയായിരിക്കണം ദ്രൗപതി ചെറുത്തുനില്‍പിന്‍റെയും പ്രതികരണത്തിന്‍റെയും പ്രത്യയശാസ്ത്രം ഗ്രഹിച്ചു തുടങ്ങിയത്.

‘പതി രക്ഷതി യൗവനെ’ എന്ന മനുസ്മൃതി വാക്യത്തെ കാറ്റില്‍ പറത്തിക്കൊണ്ട്, ശകുനിയുടെ വാക്ക് അനുസരിച്ചു ഭാര്യയെ പൊതുസഭയില്‍ പണയപ്പെടുത്തി ചൂതു കളിച്ചുകൊണ്ട് നഷ്ടപ്പെട്ടതെല്ലാംڔ തിരിച്ചു പിടിക്കാന്‍ ശ്രമിച്ച യുധിഷ്ഠിരന്‍റെ ധാര്‍മികതയെ ചോദ്യം ചെയുന്ന ദ്രൗപതി ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി വര്‍ത്തിക്കുന്നു. ഭര്‍ത്താവിന്‍റെ ചെയ്തികളെ ചോദ്യം ചെയ്യരുതെന്നും, ഭര്‍തൃവീട്ടില്‍ എന്ത് തന്നെ സഹിക്കേണ്ടി വന്നാലും അതെല്ലാം സഹിച്ചു സഹനത്തിന്‍റെയും പര്യായമായി മുന്നോട്ടു പോകണമെന്നും, ഭാരത സ്ത്രീയെന്നാല്‍ സീതയെപ്പോലെ ആകണമെന്ന് പെണ്മക്കളെ ഇന്നും പറഞ്ഞു പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ എന്തുകൊണ്ട് ദ്രൗപതിയെ പോലെ അനീതിയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞു പഠിപ്പിക്കുന്നില്ല എന്നത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

ദ്രൗപതി:പുരുഷാധിപത്യ പശ്ചാത്തലത്തില്‍
“മഹാഭാരതം വെറുപ്പും സ്നേഹവും, രക്തച്ചൊരിച്ചിലും കുലീനമായ ചിന്തകളും, സൗന്ദര്യവും സൗമ്യതയും, വിജയവും തോല്‍വിയും നിറഞ്ഞ സങ്കീര്‍ണമായ സ്ത്രീപുരുഷകഥയാണെങ്കില്‍, ദ്രൗപതി അതിന്‍റെ തിളങ്ങുന്ന രത്നമാണ്, ഇതിഹാസ കാവ്യത്തിനും എല്ലാം നശിപ്പിക്കുന്നവയ്ക്കും മുകളില്‍ അവളുടെ വ്യക്തിത്വത്തിന്‍റെ നിഴല്‍ വീഴ്ത്തുന്നു. 5” (ദാസ് 2014: 231).
ڔഇതിഹാസ ഗ്രന്ഥങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും സ്വതന്ത്രമായി നിലനില്‍ക്കാന്‍ വേദി നല്‍കാത്ത ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. ഇത്തരം സ്ത്രീകഥാപാത്രങ്ങള്‍ ഇതിഹാസങ്ങളിലെ നിഴല്‍ രൂപങ്ങളായി തുടരുന്നു. അവരുടെ ചിന്തകളും വികാരങ്ങളും വിശദീകരിക്കാനാകാത്തതായി കാണുന്നു. പുരുഷ നായകന്മാരുടെ ജീവിതത്തോട് യോജിച്ച്, അവരുടെ തണല്‍ പറ്റി ജീവിക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ത്രീകഥാപാത്രങ്ങള്‍ ആദരണീയരായ മാറുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ദ്രൗപതി നിലനില്‍ക്കുന്നത്. ഇതിഹാസത്തില്‍ ദ്രൗപതിയുടെ നിയമാനുസൃതമായ ബഹുസ്വരത (ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭാര്യയെന്ന നിലയില്‍, സാധ്യമായ അമ്മയോ വേശ്യയോ ആയി) പുരുഷ മഹത്വം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, കര്‍ണ്ണന്‍, അഞ്ച് പുരുഷന്മാരുടെ ഭാര്യയായതിന് ദ്രൗപതിയെ വേശ്യയെന്ന് പരസ്യമായി വിളിച്ചു. ഇത്രയും ഭയാനകമായ അനുഭവങ്ങള്‍ ഉണ്ടായിട്ടും, ദ്രൗപതിക്ക് കഥയിലെ പുരുഷന്മാരില്‍ നിന്ന് ലഭിക്കുന്ന പരുഷമായ പെരുമാറ്റത്തില്‍ ഒരു കുറവും വന്നിട്ടില്ല. മോശമായڔ ഇത്തരം അനുഭവങ്ങള്‍ അവളെ കൂടുതല്‍ ശക്തയും പ്രതിരോധശേഷിയുള്ളവളായും മാറാന്‍ പ്രേരിപ്പിക്കുന്നു. അവള്‍ തന്‍റെ വ്യക്തിത്വവും ശക്തിയും നീതിക്കും പ്രതികാരത്തിനുമായി വഴങ്ങാത്ത നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുന്നത് തുടരുന്നു, അതിനാല്‍ ഇത് ഒരു സ്വയം ശാക്തീകരണ സ്വഭാവമായി മാറുന്നു.
ജീവിതത്തിലുടനീളം ദ്രൗപതിക്ക് അപമാനവും അധിക്ഷേപവും ഇല്ലായ്മയും അനുഭവിക്കേണ്ടിവന്നു. പുരുഷ ആധിപത്യത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ദ്രൗപതിയെ ഇത് തടസ്സപ്പെടുത്തിയിരുന്നില്ല.
പ്രതിരോധത്തിന്‍റെയും ചെറുത്തുനില്‍പിന്‍റെയും ഭാഗമായി, ഒരു സ്ത്രീയുടെ ജീവിതത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന നാല് വസ്തുതകള്‍ (നഷ്ടങ്ങള്‍ ) ദ്രൗപതി തന്‍റെ ജീവിതത്തിലൂടെ തുറന്നുകാട്ടുന്നു;
1. സ്ത്രീ പുരുഷന്‍റെ ഒരു വ്യവഹാര സ്വത്തായി വര്‍ത്തിക്കുന്നു.
2. ബഹുഭര്‍തൃത്വത്തിലെ പാതിവ്രത്യം.
3. നഷ്ടപ്പെട്ട മാതൃത്വം.
4. ദാമ്പത്യ ജീവിതത്തിലെ അപമാനം.
ഒരുപക്ഷെ, ഇതൊക്കെ തന്നെയാണ് മറ്റൊരു രൂപത്തിലും ഭാവത്തിലും ഇന്ന് നമ്മുടെ സമൂഹത്തിലും നിലനില്‍ക്കുന്നത്.

1. സ്ത്രീ പുരുഷന്‍റെ ഒരു വ്യവഹാര സ്വത്തായി വര്‍ത്തിക്കുന്നു:
‘ഒരു സ്ത്രീക്ക് ഒരു ഭര്‍ത്താവിനെ വേദഗ്രന്ഥം അനുശാസിക്കുന്നു, ദ്രൗപതി പല ഭര്‍ത്താക്കന്മാരെയും ആശ്രയിക്കുന്നു, അവളെ ഒരു വേശ്യ’ എന്ന് വിശേഷിപ്പിക്കാം. അതിനാല്‍, അവളെ വസ്ത്രം ധരിക്കാതെ സഭയിലേക്ക് കൊണ്ടുവരുന്നതില്‍ അനുചിതമായി ഒന്നുമില്ല’ 6(മഹാ.65:35-36).

സ്ത്രീയെ ഒരു ഭോഗവസ്തുവായോ പണയ വസ്തുവായോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നതിനെ ന്യായികരിക്കുന്നതിനു ഇവിടെ പുരുഷകേസരികള്‍ കാണുന്ന മാനദണ്ഡമെന്നത് അവള്‍ക്കു 5 ഭര്‍ത്താക്കന്മാരുണ്ട് എന്നതാണ്. എന്നാല്‍ വാസ്തവത്തില്‍ അവള്‍ ഈ സാമൂഹിക ലംഘനത്തിന്‍റെ കുറ്റവാളിയോ സ്വന്തം ഇഷ്ടപ്രകാരം ഒരു ബഹുഭര്‍തൃത്വڔ കരാറില്‍ ഏര്‍പ്പെട്ടതോ ആയിരുന്നില്ല. അവള്‍ തന്‍റെ സ്വയംവരത്തില്‍ കുലീനനായ അര്‍ജുനന്ڔ ഹൃദയം നല്‍കി സ്വീകരിച്ചതായിരുന്നു. അഞ്ച് സഹോദരന്മാരും വീട്ടിലെത്തുമ്പോള്‍, അവര്‍ തങ്ങളുടെ അമ്മയോട്, എന്താണ് കൊണ്ടുവന്നതെന്ന് കാണാന്‍ ആവശ്യപ്പെടുന്നു. അമ്മ അത് കാണാന്‍ കൂട്ടാക്കാതെ സഹോദരന്മാരോട് അവര്‍ക്കിടയില്‍ കൊണ്ടുവന്നതിനെ തുല്യമായി പങ്കിടാന്‍ നിര്‍ദ്ദേശിക്കുന്നു. ഇവിടെ മരുമകള്‍, ഭാര്യ, അമ്മ എന്നീ നിലകളില്‍ ദ്രൗപതിയുടെ മേല്‍ സമ്പൂര്‍ണ ഉടമസ്ഥാവകാശം നിബന്ധിതമായി അടിച്ചേല്‍പ്പിക്കപ്പെടുകയാണുണ്ടായതെന്നു വ്യക്തമാണ്.തല്‍ഫലമായി, സ്വയംവരത്തില്‍ തന്‍റെ യഥാര്‍ത്ഥ ഭര്‍ത്താവിനെ തിരഞ്ഞെടുത്തെങ്കിലും ദ്രൗപതി അഞ്ച് ഭര്‍ത്താക്കന്മാരുടെ സ്വത്തായി മാറുന്നു . ആ കാലഘട്ടത്തില്‍ സ്ത്രീകളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും അവരുമായി പങ്കുവെക്കുകയോ അനുവാദം ആരായുകയോڔ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആയതിനാല്‍ ദ്രൗപതി അവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുന്നു: ‘സ്ത്രീ അവളുടെ ഭര്‍ത്താവിന്‍റെ സ്വത്താണോ? അവള്‍ ചൂതാട്ടം നടത്താവുന്ന ഒരു വസ്തുവാണോ?’7 (മങ്കേക്കര്‍ 1993:474). അഞ്ച് സഹോദരന്മാര്‍ക്ക് അവരുടെ അമ്മ നല്‍കിയ കല്പന, ദ്രൗപതിയെ അവരുടെ സ്വത്താക്കി മാറ്റുന്നു, അതിനാല്‍ അവളെ ചൂതാട്ടത്തില്‍ പണയവസ്തുവാക്കുന്നതില്‍ തെറ്റില്ല, കാരണം അവള്‍ അഞ്ചു സഹോദരന്മാരുടെയും ‘പൊതു സ്വത്താണല്ലോ ‘. ദ്രൗപതി, സ്ത്രീയെ സ്വത്തായി കാണുന്ന രാജാധര്‍മത്തെ ധര്‍മ്മത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നു.ڔ അവളുടെ വാക്കുകള്‍ അപമാനിതയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ കേവലം യാചനയല്ല, മറിച്ച് രാജാക്കന്മാരുടെ ശരിയും തെറ്റും അറിയാനുള്ള വെല്ലുവിളിയാണ്. തന്‍റെ ഭര്‍ത്താവിന്‍റെയും അവിടെയുണ്ടായിരുന്ന ഉന്നതരുടെയും പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട്, മഹാഭാരതകാലത്ത് കേട്ടുകേള്‍വിയില്ലാത്ത, മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയാണ് ദ്രൗപതി .ڔ ഇവിടെ പുരുഷന്മാര്‍ ചെയ്യുന്ന അനീതികള്‍ക്കെതിരെ തനിക്കുവേണ്ടി നിലകൊള്ളാനും ഉറക്കെ സംസാരിക്കാനും ധൈര്യപ്പെട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു, അതായിരുന്നു ദ്രൗപതി.

2. ബഹുഭര്‍തൃത്വത്തിലെ പാതിവ്രത്യം:
ദ്രൗപതി തന്‍റെ ഭര്‍ത്താക്കന്മാരുടെ ഒരു ഊമ അനുയായി ആയിരുന്നില്ല. അവള്‍ക്ക് അവളുടെതായ വ്യക്തിത്വമുണ്ടായിരുന്നു. സ്ത്രീകള്‍ സ്വതവേ മൃദുവാക്കുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും (ഭാരത സ്ത്രീയുടെ ഭാവശുദ്ധി സങ്കല്‍പം ), ദ്രൗപതി തന്‍റെ ഭര്‍ത്താക്കന്മാരോടും മറ്റുള്ളവരോടും പരുഷമായ വാക്കുകള്‍ ഉപയോഗിച്ചു. ഈ പ്രത്യേകത കൊണ്ടാണ് പാണ്ഡവര്‍ മാര്‍ഗനിര്‍ദേശത്തിനും അംഗീകാരത്തിനും വേണ്ടി പലപ്പോഴും ദ്രൗപതിയെ സമീപിച്ചിരുന്നത്. അവള്‍ എല്ലാത്തരത്തിലും ഉത്തമയായ ഒരു ഭാര്യ തന്നെയായിരുന്നു. പാണ്ഡവന്മാര്‍ ക്ക് പോലും ദ്രൗപതിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ കരുതിയിരുന്നത് തങ്ങളില്‍ ഒരാളായ അര്‍ജ്ജുനനോടും മാത്രമാണ് ദ്രൗപതിക്ക് സ്നേഹം കൂടുതലായുള്ളത് എന്നായിരുന്നു. എന്നാല്‍ അതിനെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ദ്രൗപതി ഓരോ ഭര്‍ത്താക്കന്മാരും നീതി പുലര്‍ത്തിയിരുന്നു. ഭാര്യ എന്നതിലുപരി അവള്‍ ഒരേ സമയം നകുലനും സഹദേവനും ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും നല്‍കിയിരുന്നു. ബഹുഭര്‍തൃത്വം സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കാലഘട്ടത്തിലാണ് ദ്രൗപതി തന്‍റെ സ്നേഹം അഞ്ചു ഭര്‍ത്താക്കന്മാര്‍ക്കുമായി പങ്കിട്ടു നല്‍കിയത്. ശരിക്കും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ശ്രമകരമാണ്. എന്നിട്ടും അവന്‍ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കപ്പെട്ടു.

3. നഷ്ടപ്പെട്ട മാതൃത്വം:
ഇന്ത്യന്‍ സംസ്കാരങ്ങളില്‍ മാതൃത്വം ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നു . അതിനാല്‍, ഒരു സ്ത്രീയെ കുടുംബവും സമൂഹവും പൂര്‍ണ്ണമായി അംഗീകരിക്കുന്നത്,അവള്‍ ഒരു അനന്തരാവകാശിയ്ക്ക് ജന്മം നല്‍കുന്നത് കൊണ്ടാണ്.ڔ വിവിധ കാരണങ്ങളാല്‍, ഇന്ത്യയില്‍ ഇപ്പോഴും ആണ്‍കുട്ടിയായ ഒരു അവകാശിയ്ക്ക് ജന്മം നല്‍കുന്നതിനു കൂടുതല്‍ പ്രാധാന്യം ഉണ്ട്.  ഉദാഹരണത്തിന്, കുടുംബപ്പേര് സജീവമായി നിലനിര്‍ത്താന്‍, പിതാവിന്‍റെ ശവസംസ്കാര സമയത്ത് ആചാരപരമായ ചടങ്ങുകള്‍ നടത്തുക, എന്നിവയ്ക്കെല്ലാം മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണ്. കഷ്ടപ്പാടുകള്‍ക്കിടയിലും ദ്രൗപതി തന്‍റെ ജന്മഗൃഹത്തിലേക്ക് മടങ്ങുന്നതിനുപകരം വിവാഹത്തില്‍ തുടരാന്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. തിരിച്ചുവന്ന് തന്‍റെ ജന്മഗൃഹത്തെ അപമാനിക്കാന്‍ അവള്‍ ആഗ്രഹിക്കാത്തതാണ് ഇതിന് കാരണം, എന്നാല്‍ (ഏറ്റവും പ്രധാനമായി) അവള്‍ തന്‍റെ അഞ്ച് ആണ്‍മക്കളോടൊപ്പം കഴിയാനും അവരെ ഉപേക്ഷിക്കുന്നതിനുപകരം അവരെ വളര്‍ത്താനും ആഗ്രഹിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മക്കളെ താമസിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി അവള്‍ക്ക് അവളുടെ സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവന്നു.

4. ദാമ്പത്യ ജീവിതത്തിലെ അപമാനം:
ദാമ്പത്യജീവിതത്തില്‍ ദ്രൗപതിക്ക് അനുഭവിക്കേണ്ടി വന്ന അപമാനവും വേദനയും നാണക്കേടും നിവചിക്കാന്‍ കഴിയാത്തതാണ്.ڔ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള പീഡനങ്ങള്‍ എന്തിനാണ് അവള്‍ സഹിക്കേണ്ടി വരുന്നത് എന്ന് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍, അത് മനുഷ്യരുടെ മഹത്വത്തിന് വേണ്ടിയാണെന്ന് നമ്മള്‍ പറയും.ഇത് അസ്വീകാര്യമാണ്, കാരണം ദ്രൗപതി ആദ്യം തന്നെ പുരുഷന്മാര്‍ കാരണം പ്രതിസന്ധിയിലായി. അവള്‍ക്ക് ഇഷ്ടമുള്ള ഒരു പുരുഷനെ വിവാഹം കഴിച്ചുകൊണ്ട് അവള്‍ എല്ലാം ശരിയായി ചെയ്തു, എന്നിട്ടും അവള്‍ അഞ്ച് പുരുഷന്മാരെ വിവാഹം കഴിച്ചതായി കണ്ടെത്തി, പല പേരുകളില്‍ അറിയപ്പെടുന്നു. ഇവയെല്ലാം അവളുടെ നിയന്ത്രണത്തിനപ്പുറത്താണ്. എന്നിരുന്നാലും, ‘ ശേഷമുള്ള അവളുടെ നില അത്തരമൊരു സംഭവം സുഗമമാക്കി, അവളുടെ നിലവിലെ സാമൂഹിക സ്ഥാനം അവളെ ക്രമം അനുസരിക്കാനാവാത്ത അവസ്ഥയില്‍ എത്തിച്ചു. ‘8(ധാവലിക്കര്‍ 1991). അവളെ ഈ അവസ്ഥയിലാക്കിയ അതേ പുരുഷന്മാര്‍ തന്നെ തിരിഞ്ഞ് അവളെ അപമാനിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ നാണക്കേടുകളും അപമാനങ്ങളും അനുഭവിച്ചിട്ടും ദ്രൗപതി തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു, അതിജീവിച്ചു, സഭയില്‍ അവള്‍ അനുഭവിച്ച മാനക്കേടും അപമാനവും പുരുഷന്മാരിലേക്ക് തിരിച്ചുവിടുമ്പോള്‍ അവന്‍ തലതാഴ്ത്തുന്നു .

ലിംഗഭേദത്തിന്‍റെ യും പ്രതിരോധത്തിന്‍റെയും ആഖ്യാനമായി ദ്രൗപതി:
ദ്രൗപദിയുടെ പ്രതിരോധത്തിന്‍റെ ആഖ്യാനം പല തലങ്ങളില്‍ വിശദീകരിക്കുന്നു, അതിനാല്‍ അവള്‍ ശക്തയായി മാത്രമല്ല സങ്കീര്‍ണ്ണമായും മാറുന്നു.ڔ ധിക്കാരം, കോപം, ധൈര്യം എന്നിവയിലൂടെ അവള്‍ തന്നെ അടിച്ചമര്‍ത്തുന്നവരെ ചെറുക്കുന്നു, കാരണം അവളുടെ ശരീരത്തിലും ആത്മാവിലും അതിരുകടന്ന ആക്രമണങ്ങള്‍ അവള്‍ അനുഭവിച്ചിട്ടുണ്ട്. സമൂഹത്തിലെ സ്ത്രീകളുടെ വസ്തുനിഷ്ഠതയെയും കച്ചവടവല്‍ക്കരണത്തെയും അട്ടിമറിക്കാന്‍ അവള്‍ക്ക് കഴിയുന്നതിനാല്‍ അവള്‍ ഒരു ഫെമിനിസ്റ്റായി മാറുന്നു.

ദ്രൗപദി തന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ച കൊടും പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നു, അവസാനം അവള്‍ സ്വയം പുനര്‍നിര്‍വചിക്കുന്നു. പുരുഷ ആഖ്യാനത്തിന്‍റെ വസ്തുവായി തുടരാന്‍ അവള്‍ വിസമ്മതിക്കുന്നു, എന്നാല്‍ തന്‍റെ സ്വത്വത്തെ ഉറപ്പിക്കുകയും സത്യത്തിന് തന്‍റെ സ്വന്തം സാന്നിധ്യം ഊന്നിപ്പറയുകയും ഒരു അര്‍ത്ഥം നിര്‍മ്മിക്കുകയും ചെയ്യുന്നു. അട്ടിമറിയിലൂടെ അവള്‍ പുരുഷ വിജ്ഞാനത്തെയും ശക്തിയെയും മഹത്വത്തെയും എതിര്‍ക്കുന്നവളായി മാറുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക പ്രത്യയശാസ്ത്ര ശക്തികളിലെ പുരുഷാധിപത്യ വ്യവഹാരങ്ങളുടെ ദ്വന്തഘടനകളെ ദ്രൗപദി നിരാകരിക്കുന്നു, അതിനാല്‍ സമൂഹത്തിലെ സ്ത്രീ വ്യവഹാര വ്യവസ്ഥിതിയെ അട്ടിമറിക്കുകയും സ്ത്രീ ഒരു ചരക്കല്ല എന്ന നിലയിലുള്ള അവളുടെ സ്വത്വം ഉപേക്ഷിക്കുകയും ചെയ്യുന്നു.അവള്‍ക്ക് ഉറച്ച നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ ഇച്ഛാശക്തിയും ഉണ്ട്, അവളെ ‘മഹാഭാരത ഇതിഹാസത്തിലെ അഹങ്കാരിയും കോപവും ഉള്ള നായികയാക്കി മാറ്റുന്നു, അവള്‍ ഒരു നിഗൂഢ സ്ത്രീയായി തുടരുന്നു’9 (ചൗധരി 2014:17). അതിനാല്‍, ദ്രൗപദി അവളുടെ ശക്തമായ ഇച്ഛാശക്തി, ഉജ്ജ്വലമായ ബുദ്ധിശക്തി, അഭിമാനം എന്നിവ കാരണം സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രതിച്ഛായയായി മാറുന്നു, ഇത് സീതയെപ്പോലെ മൃദുവായ സ്ത്രീ ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന മറ്റ് സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി മാന്യയായ ഒരു സ്ത്രീയായി അവളെ അടയാളപ്പെടുത്തുന്നു. ഹിന്ദു പുരാണങ്ങളില്‍ അക്രമാസക്തരായ, പുരുഷന്മാരുടെ ലോകത്ത് തങ്ങളുടെ മനസ്സ് തുറന്ന് സംസാരിക്കുന്ന സ്ത്രീകള്‍ കുറവാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ദ്രൗപതി. അതുകൊണ്ടാണ് അവളെ ഇന്ത്യന്‍ പുരാണങ്ങളിലെ ആദ്യത്തെ ഫെമിനിസ്റ്റായി പലരും കണക്കാക്കുന്നത്. “പ്രതിരോധശേഷി, പുരുഷ മേധാവിത്വമുള്ള മത ശ്രേണിയുമായി ഒരിക്കലും പൊരുത്തപ്പെടാത്തതാണ്” 10(ഗാംഗുലി 1990). ഒരു ഇന്ത്യന്‍ പുരുഷാധിപത്യ സമൂഹത്തിന്‍റെ ആവശ്യകതകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അവളുടെ പ്രതിച്ഛായ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വസ്തുതയാണ് ദ്രൗപതിക്ക് ഇന്നും ജനപ്രീതി നേടി കൊടുക്കാത്തത്. എന്നിരുന്നാലും, ദ്രൗപതി ലിംഗഭേദത്തിന്‍റെയും പ്രതിരോധത്തിന്‍റെയും മാതൃകയായി ഇന്ന് മാറുന്നു.

ഉപസംഹാരം
നിശബ്ദത സ്ത്രീകളെ നിര്‍വീര്യമാക്കുന്നു, മിക്ക സ്ത്രീകളും നിശബ്ദത അനുഭവിക്കുമെന്ന് പുരുഷന്മാര്‍ക്ക് അറിയാവുന്നതിനാല്‍ അവര്‍ അവരുടെ സ്വേച്ഛാധിപത്യ പ്രവൃത്തികള്‍ തുടരുന്നു. എന്നിരുന്നാലും,ڔ ദ്രൗപതി തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. തന്നെ സംരക്ഷിക്കേണ്ടവര്‍ക്ക് തെറ്റ് സംഭവിച്ചു എന്ന് തോന്നിയപ്പോഴെല്ലാം തന്‍റെ അതൃപ്തി അവള്‍ അറിയിച്ചു. അവള്‍ ജീവിച്ചിരുന്ന സമയവും സ്ഥലവും സമൂഹവും കണക്കിലെടുക്കുമ്പോള്‍ അത് വളരെ ധീരവും ശ്രദ്ധേയവുമായിരുന്നു. അപമാനത്തിനും പീഡനത്തിനും കഷ്ടപ്പാടുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇടയില്‍, ക്രൂരരായ പുരുഷന്മാര്‍ തന്നോട് ചെയ്ത അനീതിക്കെതിരെ പോരാടാന്‍ ദ്രൗപതി സ്വയം ശക്തി കണ്ടെത്തി. മഹാഭാരതത്തില്‍ പുരുഷന്മാര്‍ പകിട കളിക്കുകയും യുദ്ധങ്ങള്‍ നടത്തുകയും ചെയ്യുന്നതായി വ്യക്തമാണ് . എന്നിരുന്നാലും, അധികാരവും സ്വാധീനവും ചെലുത്തുന്നത് സ്ത്രീകളാണ്. തീരുമാനങ്ങള്‍ എടുക്കുന്നതും സംഭവത്തിന്‍റെ ഗതി നിയന്ത്രിക്കുന്നതും പുരുഷന്മാരുടെയും അവരുടെ തലമുറകളുടെയും ഭാവി തീരുമാനിക്കുന്നതും സ്ത്രീകളാണ്. ആ സ്ത്രീയാണ് ദ്രൗപതി! പുരുഷന്മാര്‍ക്ക് ഭീഷണിയായി കാണുന്ന ദൃഢതയും ശക്തിയും ദ്രൗപതിക്കുണ്ട്.ദ്രൗപതി പ്രദര്‍ശിപ്പിച്ച ആ വീര്യമാണ് അവളെ ലിംഗത്തിന്‍റെയും പ്രതിരോധത്തിന്‍റെയും മാതൃകയാക്കി മാറ്റുന്നത്.
നാം ഓരോരുത്തരും മാതൃകയാക്കേണ്ടതും നമ്മുടെ പെണ്‍സമൂഹത്തിന് ഇതിഹാസത്തില്‍ നിന്നും പകര്‍ന്നു നല്‍കേണ്ടതും ഈ പോരാട്ട വീര്യവും ചെറുത്തുനില്‍പ്പുമാണ്.

അവലംബം :
1. Das, Saptorshi 2014. ‘Vyasa’s: Draupadi: A Feminist Presentation.’International Journal of Gender and Women’s Studies. June, Vol. 2, No. 2, pp. 223-231.
2. Pillai, PK Narayana 1988. Sambhava Parva. Bharatham Pattu: National Book Stall.
3. Pattanaik, Devadutt 2010. The Common Wife Jaya: An Illustrated Retelling of the Mahabharata. New Delhi: Penguin.
4. Mankekar, Purnima. ‘Television Tales and Women’s Rage: A Nationalist Recasting of Draupadi’s disrobing.’ Public Culture 5 (3), 1993:469-492.
5. Bhawalkar, Vanamala 2002. Eminent Women in the Mahabharata. New Delhi: Sharada Publishing.
6. Chauddhary, Preeti 2014. ‘Frailty! Thy Name is Not Woman’ with reference of Draupadi. BBSSES Volume 5 Issue 3. ISSN 2321-9726 [Online].
7. Ganguli Kisari Mohan 1990. The Mahabharata of Vyasa. New Delhi: Munshiram Manoharlal Publishers Pvt. Ltd.

അനുശ്രീ. എസ്. എല്‍.
ഗവേഷണ വിദ്യാര്‍ത്ഥിനി
തത്വചിന്ത വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത
സര്‍വകലാശാല
കാലടി

COMMENTS

COMMENT WITH EMAIL: 0