മുഖവുര- ഒക്ടോബര്‍  ലക്കം

Homeമുഖവുര

മുഖവുര- ഒക്ടോബര്‍ ലക്കം

ഡോ.ഷീബ കെ.എം.

റാനിലെ മഹ്സ അമീനി ദേശ/മത/ സംസ്ക്കാര സമ്മര്‍ദ്ദങ്ങളാല്‍ ജീവനപഹരിക്കപ്പെട്ട മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുന്നു. സ്ത്രീശരീരം സദാചാര സൂചകങ്ങളായിരിക്കാന്‍ ശഠിക്കുന്ന ഹിംസാവസ്ഥകളാണ് ആ കൊലയ്ക്കുത്തരവാദി എന്ന് ഉറപ്പിച്ച് പറയാം. ഭരണകൂടം അനുശാസിക്കും വിധം തലമുടി മറച്ചില്ല എന്നത് അറസ്റ്റ് ചെയ്യപ്പെടാനും കൊലചെയ്യപ്പെടാനും പോന്ന കുറ്റമായി മാറിയത് എത്രമേല്‍ ഭയാനകമാണ്. എന്നാല്‍ എത്ര കഠിന അധികാരവാഴ്ചയും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും എന്ന ഓര്‍മ്മപ്പെടുത്തലാണ് അമീനിയുടെ മരണശേഷം ഇറാനിലുയര്‍ന്ന വമ്പന്‍ പ്രതിഷേധങ്ങള്‍. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും അക്രമങ്ങള്‍ക്കും നടുവിലും ധീരരായി ശിരോവസ്ത്രം കത്തിച്ചും തല മുണ്ഡനം ചെയ്തും അവിടത്തെ സ്ത്രീകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കേള്‍ക്കാതിരിക്കാന്‍ ഭരണാധികാരികള്‍ക്കാവുമോ? ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സമാന പീഡനാവസ്ഥകള്‍ക്കു നേരെ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളുടെ താക്കീതായി ഇവ നിലകൊള്ളട്ടെ.
വിവാഹിതയാണോ അല്ലയോ എന്ന പരിഗണനയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭാവസ്ഥയുടെ ഇരുപത്തിനാല് ആഴ്ചവരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ചരിത്രപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഗര്‍ഭഛിദ്ര വിഷയത്തില്‍ അമേരിക്ക നടത്തിയ പ്രതിലോേമകരമായ തിരിച്ചുപോക്കിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഈ വിധി ഏറെ പ്രതീക്ഷാവഹമാണ്.

വനിതാ ശിശു വികസന വകുപ്പ് എറണാകുളം ജില്ലയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ എത്തുന്നവരോ പരീക്ഷാര്‍ത്ഥികളോ ആയ സ്ത്രീകള്‍ക്ക് രാത്രി താമസസൗകര്യം ഒരുക്കാന്‍ ‘എന്‍റെ കൂട്’ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. സൗജന്യ ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഏറെ സ്വാഗതാര്‍ഹമാണ് ഈ നീക്കം.

ഓക്സ്ഫാം എന്ന സംഘടന പ്രസിദ്ധീകരിച്ച ‘ഇന്ത്യാ വിവേചന പഠനം 2022’ പ്രകാരം ലിംഗവിവേചനം കാരണം സ്ത്രീകള്‍ അനുഭവിക്കുന്ന തൊഴില്‍ അന്തരം ഗ്രാമപ്രദേശങ്ങളില്‍ നൂറു ശതമാനവും നഗരങ്ങളില്‍ തൊന്നൂറ്റിയെട്ടു ശതമാനവുമാണ്. വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലും സ്ഥിതി ഏറെ ആശ്വാസകരമല്ല എന്നാണ് ഈ അസ്വസ്ഥജനകമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ആസൂത്രണ ആലോചനകളില്‍ ഈ പ്രശ്നം ഗൗരവശ്രദ്ധയ്ക്ക് വിധേയമാക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്.

ലൈംഗികാതിക്രങ്ങള്‍ക്കെതിരെ ലോകത്താകമാനം സ്ത്രീവാദ പോരാട്ടങ്ങള്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. 1972 ല്‍ മഹാരാഷ്ട്രയിലെ ഗട്ചിരോലി പോലീസ് സ്റ്റേഷനില്‍ മഥുര എന്ന ആദിവാസി പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായതിനെതിരെ സ്വതന്ത്ര സ്ത്രീ സംഘടനകള്‍ രംഗത്ത് വരികയുണ്ടായി. കുപ്രസിദ്ധമായ ആ സംഭവത്തിനെതിരെ ഉയര്‍ന്നു വന്ന സംഘാടനം പിന്നീടിങ്ങോട്ടുള്ള ധാരാളം പോരാട്ടങ്ങള്‍ക്കുള്ള വഴിവിളക്കായി . 1997 ല്‍ ശൈശവവിവാഹത്തിനെതിരെ പ്രചരണം നടത്തിയതിന് പ്രതികാരമായി ഭന്‍വരി ദേവി എന്ന സാഥിന്‍ (സാമൂഹ്യ പ്രവര്‍ത്തക) ഭലാല്‍ക്കാരത്തിനിരയായ കേസ്സില്‍ തൊഴില്‍ ദാതാവായ സര്‍ക്കാറിന്‍റെ സംരക്ഷണ ഉത്തരവാദിത്വം ഉറപ്പിക്കുന്ന ചരിത്രപ്രധാന വിധിന്യായം പുറത്തു വന്നു. 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷം ജസ്റ്റിസ് ജെ .എസ് .വര്‍മ്മയുടെ നേതൃത്വത്തില്‍ പുറത്തുവന്ന സുപ്രധാന റിപ്പോര്‍ട്ടും ലൈംഗികാതിക്രമങ്ങളെ തടയാനുള്ള നിയമായുധമായി മാറി. നിയമം മാറുമ്പോഴും മാറാത്ത ആണധികാര പ്രയോഗങ്ങളും അവയ്ക്ക് ലഭിക്കുന്ന പിന്തുണയും നമ്മെ വീണ്ടും വീണ്ടും ഭയത്തിലും നിരാശയിലും ആഴ്ത്തുന്നുണ്ട്. എന്നിരുന്നാലും പരിവര്‍ത്തനത്തിനും അതിജീവനത്തിനുമായുള്ള സംഘാടനങ്ങളും പോരാട്ടങ്ങളും സജീവമായി തുടരുന്നു എന്നതാണ് ഊര്‍ജ്ജം പകരുന്ന യാഥാര്‍ത്ഥ്യം. ഏറ്റവുമൊടുവില്‍ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയ്ക്കൊപ്പം നില്‍ക്കാന്‍ രൂപം കൊണ്ട സംഘാടനത്തില്‍ കൂടുതല്‍ പേര്‍ കണ്ണിചേരുമെന്ന ഐക്യദാര്‍ഡ്യ പ്രതീക്ഷയില്‍ ‘ലൈംഗികാതിക്രമം ‘ ചര്‍ച്ച ചെയ്യുന്ന ഈ ലക്കം സംഘടിത സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0