Homeഅഭിമുഖം

ലീലാകുമാരിയമ്മ അണയാത്ത സമരജ്വാല

ന്‍ഡോസള്‍ഫാന്‍ എന്ന വാക്ക് മലയാളിയെ ആദ്യമായി പരിചയപ്പെടുത്തിയ തളരാത്ത സമരവീര്യത്തിന്‍റെ പേരാണ് ലീലാകുമാരിയമ്മ. മലയാളിക്ക് മാത്രമല്ല ലോകത്താകമാനം ഈ വാക്ക് ചര്‍ച്ചാ വിഷയമായത് ഈ മലയാളി വനിതയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഒരു പക്ഷേ ഇവരില്ലായിരുന്നെങ്കില്‍ കാസര്‍ഗോഡിന്‍റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിനെതിരെ ലോകജനതയെ ചിന്തിപ്പിച്ച , ചലിപ്പിച്ച ഈ മലയാളി വനിത എല്ലാമലയാളികള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അഭിമാനിക്കാനുള്ള വകയാണ്. അതുകൊണ്ടാണ് 2005 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരത്തിന് ഇന്ത്യയില്‍ നിന്നും ശുപാര്‍ശ ചെയ്ത പത്തു വനിതകളില്‍ ഈ അമ്മയും ഉള്‍പ്പെട്ടത്.

1948 ഫെബ്രുവരി 25 ന് കോട്ടയം ജില്ലയിലെ കര്‍ഷക കുടുംബത്തിലായിരുന്നു ലീലാകുമാരിയമ്മയുടെ ജനനം. നാലാം വയസ്സില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ എന്ന മലയോര ഗ്രാമത്തിലേക്ക് അച്ഛനമ്മമാരോടൊപ്പം കുടിയേറി. ബാല്യവും വിദ്യാഭ്യാസവും അവിടെ ആയിരുന്നു. 1973 ല്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റ് സീനിയര്‍ ഗ്രേഡില്‍ നിയമനം ലഭിച്ചു. 1983 ല്‍ കാസര്‍ഗോഡ് പെരിയയില്‍ സ്ഥലം മാറ്റമായെത്തി. അവിടെയാണ് ജീവിതത്തെ മാറ്റിമറിച്ച അസാധാരണ സംഭവവികാസങ്ങള്‍ക്ക് തുടക്കമിടുന്നത്. കാസര്‍ഗോഡ് പെരിയക്കടുത്ത് ചാലിങ്കാലില്‍ സ്വവസതിയില്‍ വിശ്രമജീവിതം നയിക്കുന്ന ലീലാകുമാരിയമ്മ വാര്‍ധക്യസഹജമായ അവശതകളാലും, തുടര്‍ച്ചയാകുന്ന അപകടം വരുത്തി വെച്ച ശാരീരികാവശതകളാലും വലയുകയാണ്. എങ്കിലും സ്നേഹപൂര്‍വ്വം എന്നെ സ്വീകരിക്കുകയും സ്വന്തം അനുഭവങ്ങളുടെ തീഷ്ണ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മനസ്സ് തുറക്കുകയും, ഇടക്ക് ഓര്‍മ്മകളുടെ പെരുങ്കയത്തില്‍ പെട്ടു പോകുന്നുണ്ടെങ്കിലും പതറാതെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത് തരികയും ഞാനത് ഹൃദയപൂര്‍വ്വം കടലാസിലേക്ക് പകര്‍ത്തുകയുമായിരുന്നു.

കേരളത്തിലെ കശുവണ്ടി വ്യവസായം പുഷ്ടിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ മാരക വിഷം തളിച്ചു തുടങ്ങിയത്? അത് അവിടുത്തെ തൊഴിലാളികളെയും സാധാരണ ജനങ്ങളെയും എങ്ങനെ ബാധിച്ചു എന്ന് പറയാമോ?

1983ലാണ്   (Training and visiting program) പരീക്ഷണശാലയില്‍ നിന്നും പാടത്തേക്ക് എന്ന പദ്ധതി പ്രകാരം കാസര്‍ഗോഡ് പെരിയയില്‍ നിയമനം ലഭിക്കുന്നത് . അവിടം അറിയുന്നവര്‍ പോകരുതെന്ന് വിലക്കിയിരുന്നു. പുതിയ സ്ഥലമായത് കൊണ്ട് എനിക്കും വലിയ താല്പര്യം തോന്നിയില്ല. എന്നാല്‍ സീനിയറായ ആള്‍ തന്നെ വേണമെന്ന് മേലധികാരികള്‍ക്ക് നിര്‍ബന്ധം. അതൊരു നിമിത്തമായിരുന്നു. കുറെ ആള്‍ക്കാരുടെ ജീവന്‍ ദൈവം എന്‍റെ കയ്യിലേല്‍പ്പിച്ച അനുഭവമാണ് പിന്നീട തേക്കുറിച്ചോര്‍ക്കുമ്പോള്‍ . കാഞ്ഞങ്ങാട്ടു നിന്നും ബസ്സ് കയറുന്ന ആദ്യ യാത്രയില്‍ തന്നെ ഒരു ശ്വാസംമുട്ടല്‍ ഞാനനുഭവിച്ചു. തലയ്ക്ക് മുകളില്‍ ഹെലിക്കോപ്റ്റര്‍ പറക്കുന്നു. അതെന്താണെന്നന്വേഷിച്ചപ്പോള്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തില്‍ പൂവ് കരിയാതിരിക്കാന്‍ മരുന്നടിക്കുകയാണെന്ന മറുപടി കിട്ടി. ഭോപ്പാല്‍ ദുരന്തം ഉണ്ടായതിനു ശേഷം മാരകവിഷങ്ങള്‍ ചെലവാകാറില്ല. അത് ചെലവാക്കേണ്ട സ്ഥലവും മാര്‍ഗ്ഗവും കണ്ടു പിടിച്ചതാണ് കാസര്‍ഗോഡിന്‍റെ ഹരിത വിപ്ലവം എന്നു വേണമെങ്കില്‍ പറയാം. വായു മലിനീകരണം , ഹെലിക്കോപ്റ്റര്‍ പറക്കുന്ന ഇടം മുഴുവന്‍ പുകപടലം . പുതിയ ഓഫീസായതുകൊണ്ട് . വീട് വീടാന്തരം കയറിയിറങ്ങി കൃഷിക്കാരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഒറ്റയടിപ്പാതയിലൂടെ നടന്ന് കൃഷിക്കാരെ നേരില്‍ കണ്ടു. അവരുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ടെങ്കിലും അറിയിക്കാന്‍ പറ്റിയ ഇടമില്ലായിരുന്നു.

കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ താങ്കളും ഇതില്‍ പങ്കാളിയായിരിക്കുമല്ലോ ഇത് ഒരു ദുരന്തമാണെന്ന് തിരിച്ചറിഞ്ഞത് എന്നു മുതലാണ്?
1992 ല്‍ ഞാന്‍ വീടു പണിയാനായി പെരിയക്കടുത്ത് ചാലിങ്കാലില്‍ ഒരുസ്ഥലം വാങ്ങി വീടുപണി ആരംഭിച്ചു. എനിക്കും ഭര്‍ത്താവിനും ജോലിക്ക് പോകേണ്ടതിനാല്‍ അന്ന് ഗോവാ യൂണിവേഴ്സിറ്റിയില്‍ ജോലിയുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരനെ വിളിച്ചു വരുത്തി വീടുപണിയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചു. കിണറിലെ വിഷ വെള്ളം കുടിച്ച്, വിഷവായു ശ്വസിച്ച് വിഷമഴയും നനഞ്ഞ് ഒറ്റയടിപ്പാതയിലൂടെ നടന്ന് വീടുപണി പൂര്‍ത്തിയായപ്പോഴേക്കും ജ്യേഷ്ഠന്‍ രോഗിയായി. രോഗകാരണമറിയാതെ നല്ലൊരാശുപത്രിയോ ചികിത്സയോ കിട്ടാതെ വിഷമിച്ചു. പ്ലാന്‍റേഷന്‍ മാനേജര്‍ ഞങ്ങളുടെ വീട്ടിനടുത്തായിരുന്നു താമസം. അദ്ദേഹം വീട് ഒഴിയുന്നു എന്നറിഞ്ഞപ്പോള്‍ ചെന്നു കാണാന്‍ തീരുമാനിച്ചു. ആ രംഗം മനസ്സില്‍ മായാതെ കിടക്കുന്നു. അദ്ദേഹവും മകനും രോഗബാധിതരായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ മകന്‍റെ കിടപ്പ് കണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. ഭയാനകമായ നിമിഷങ്ങള്‍. വിഷമഴ ദുരന്തമാണെന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്.

3. ഈ വിഷയവുമായി നടത്തിയ ആദ്യത്തെ നിയമ പോരാട്ടം എങ്ങനെയായിരുന്നു? എന്തായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള പ്രതികരണം?
ജ്യേഷ്ഠന്‍റെ മരണശേഷം കുറ്റബോധം വല്ലാതെ വേട്ടയാടി. വീടു മാറിപ്പോയ പ്ലാന്‍റേഷന്‍ മാനേജരും കേന്‍സര്‍ ബാധിച്ച് മരിച്ചു എന്നറിഞ്ഞു. മകന്‍ പഠിച്ച് ജോലിയില്‍ കയറിയെങ്കിലും രോഗപീഢയാല്‍ ബുദ്ധിമുട്ടുന്നു എന്നറിയാന്‍ കഴിഞ്ഞു. അങ്ങനെ ഇന്നു പണിക്ക് വന്നവരെ നാളെ കാണുന്നില്ല. താഴെക്കിടയിലുള്ള സാധുക്കളെ അരുംകൊല ചെയ്യുകയാണ് പ്ലാന്‍റേഷനും ഗവണ്‍മെന്‍റും . ഈ വിഷമഴ തളിക്കാന്‍ ശുപാര്‍ശ ചെയ്തവരാണ് കുറ്റവാളികള്‍ എന്നെനിക്ക് തോന്നി. ഇത് തുടര്‍ന്നാല്‍ പറ്റില്ല. പരിഹാരം വേണം.1994 ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുഖ്യമന്ത്രി , കൃഷി മന്ത്രി, പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ മാനേജര്‍ (, കോട്ടയം), പെരിയ പ്ലാന്‍റേഷന്‍ മാനേജര്‍ , ജില്ലാ കലക്ടര്‍, എന്നിവര്‍ക്ക് പരാതി കൊടുത്തു. ഇതിനെതിരെ പരാതിക്കാരിയുടെ പേരില്‍ മറ്റൊരു കള്ളക്കേസ് അധികാരികള്‍ മെനഞ്ഞുണ്ടാക്കി. ഹെലിക്കോപ്ടറില്‍ നിറക്കാന്‍ വച്ച മരുന്ന് എന്ന വിഷദ്രാവകം ഞങ്ങള്‍ നശിപ്പിച്ചു എന്ന പരാതിയില്‍ പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനുള്ള അറിയിപ്പ് കിട്ടി. ഭയന്നു പോയ അയല്‍വാസികളെ സമാധാനിപ്പിച്ചു. പോലീസ് സ്റ്റേഷനില്‍ കയറി പരിചയമില്ലാത്തതിനാല്‍ അന്ന് ഡി.സി.സി പ്രസിഡണ്ടായിരുന്ന പെരിയ ഗംഗാധരനെയും കൂട്ടിയാണ് പോയത്. സി.ഐ സ്ഥലത്തില്ല. ക്ഷുഭിതനായ ഗംഗാധരന്‍സാര്‍ പറഞ്ഞു. രാവും പകലും വാച്ച് മേനുണ്ടല്ലോ. പിന്നെങ്ങനെ ഇവരിത് ചെയ്യും? അല്ലെങ്കില്‍ ഇപ്പോള്‍ പിടിച്ചറസ്റ്റ് ചെയ്യണം. കള്ളങ്ങള്‍ പൊളിഞ്ഞതോടെ കേസ് തീര്‍ന്നു കിട്ടി.

എന്നു മുതലാണ് സര്‍ക്കാര്‍ താങ്കളുടെ വാദങ്ങളെ അംഗീകരിച്ചു തുടങ്ങിയത്? നിയമപരമായി നടത്തിയ പോരാട്ടങ്ങള്‍ എങ്ങനെയായിരുന്നു?
പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വല്ലാതാഗ്രഹിച്ച സന്ദര്‍ഭമായിരുന്നു. ഒരു പക്ഷിയെയോ അണ്ണാനെയോ ചിത്രശലഭത്തിനെയോ കാണാനില്ല. സങ്കല്പിക്കുന്നതിനെക്കാള്‍ കടുത്ത യാഥാര്‍ഥ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന അറിവ് നടുക്കമുളവാക്കി.കുട്ടികളെ പയ്യാവൂരിലെ സ്വന്തം വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. ദുരൂഹമായ ഭയം ഒരാവരണമായി എന്നെ പൊതിഞ്ഞു. നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. 1998 ല്‍ ഞങ്ങള്‍ ടി.എം. ജോസഫ് വക്കീലിനെ ചെന്നു കണ്ടു. ജനജീവിതം അസാധ്യമാക്കുന്നതിനെതിരെ പൊതു താല്പര്യ ഹര്‍ജി കൊടുത്തു. അയല്‍വാസികളായ ടി.കെ.അമ്പു,എണ്ണപ്പാറ ക്കോളനിയിലെ കൊട്ടന്‍ എന്നിവര്‍ കുറെ പേരുടെ പേരും ഒപ്പും സംഘടിപ്പിച്ച് തന്നു. വില്ലേജ് അസിസ്റ്റന്‍റ് ആയിരുന്ന ടി.കെ. അമ്പു,സ്ഥലത്തിന്‍റെ സ്കെച്ചും പ്ലാനും സംഘടിപ്പിച്ചു. വക്കീലിനെ പല പ്രാവശ്യം കൂട്ടിക്കൊണ്ട് വന്ന് സ്ഥല യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി. വീടും പ്ലാന്‍റേഷനുമായുള്ള ദൂരം അളന്നു തിട്ടപ്പെടുത്തി. മുന്‍സിഫ് കോടതിയില്‍ മായാവതി എന്ന വനിതയായിരുന്നു ന്യായാധിപ . കേസ് പഠിച്ച് രണ്ടു ദിവസത്തിനകം മരുന്ന് തളിക്ക് സ്റ്റേ കിട്ടി.

പോരാട്ടം ആദ്യ ഘട്ടങ്ങളില്‍ തനിച്ചായിരുന്നല്ലോ എന്നു മുതലാണ് സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തത്?
മരുന്നടിക്ക് സ്റ്റേ വന്നതിനു ശേഷം വലിയ ദുഷ്പ്രചരണം എനിക്കു നേരെ നടത്തുകയുണ്ടായി. ഞാന്‍ കാരണമാണ് രോഗമുണ്ടായതെന്നും എന്നെ അട്ടപ്പാടിയിലോ വയനാട്ടിലോ സ്ഥലം മാറ്റണമെന്നും ആവശ്യമുയര്‍ന്നു. അതൊക്കെയും ലോബിയുടെ കളിയായിരുന്നു എന്ന് പിന്നീടറിയാന്‍ കഴിഞ്ഞു. ട്രഷറിയില്‍ ശമ്പള ബില്ലും കൊടുത്ത് വരുന്ന വഴിയില്‍ ഒരു പയ്യന്‍ ദേശാഭിമാനി പത്രം നീട്ടിയിട്ട് ഇത് നിങ്ങളെക്കുറിച്ചാണെന്ന് പറഞ്ഞു. മരുന്നടിക്കാത്തതിനാല്‍ കശുമാവും പൂവും കരിഞ്ഞുണങ്ങുന്നു. അതിന്‍റെ നഷ്ടപരിഹാരമായി എഴുപത്തഞ്ച് ലക്ഷം രൂപ പ്ലാന്‍റേഷനില്‍ കെട്ടിവെക്കണമെന്നായിരുന്നു പത്രവാര്‍ത്ത. അതിയാമ്പൂരുള്ള വിജയന്‍ മാഷെ ട്രഷറിയില്‍ വെച്ചു കണ്ടപ്പോള്‍ കാര്യം പറഞ്ഞു. പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞു പോയ മാഷ് പയ്യന്നൂരില്‍ നിന്നും സീക്കിന്‍റെ ടി.പി. പത്മനാഭന്‍ മാഷിനെയും മറ്റു ചിലരേയും കൂട്ടിവന്നു. വിഷയത്തെക്കുറിച്ച് പഠിച്ചു. കാലാവസ്ഥ വ്യതിയാനവും ചൂടുമാണ് കശുമാവിന്‍ പൂക്കള്‍ കരിയിച്ചത്, കവുങ്ങ്, മുരിങ്ങ, തെങ്ങ്, മാവ് മുതലായവയും കരിഞ്ഞു പോയിരുന്നു. ടി.പി. പത്മനാഭന്‍ മാഷ് തിരുവനന്തപുരം തണല്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ടു. ഇ.ജയകുമാര്‍ ,ശ്രീധരന്‍ ,ഉഷ, ഷിബു എന്നിവര്‍ വന്ന് പൊതു മീറ്റിങ്ങ് പെരിയയില്‍വിളിച്ചു ചേര്‍ത്തു. കോളജ് കുട്ടികളേയും സ്കൂള്‍ കുട്ടികളേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തളിക്കുന്നത് മരുന്നല്ല രാസ കീടനാശിനിയാണ് എന്ന ബോധ്യമുണ്ടാക്കി.

എഴുത്തുകാര്‍ , കലാകാരന്മാര്‍, സിനിമ പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍ , മധുരാജ് പോലുള്ളവരുടെ ചിത്രങ്ങള്‍ കാസര്‍ഗോഡിന് പുറത്തേക്ക് വിഷയത്തെ കൊണ്ടുപോകാന്‍ കാരണമായി. ഇത് എങ്ങനെ കാണുന്നു?
മരുന്നടിക്ക് സ്റ്റേ കിട്ടിയെങ്കിലും കേസ് തുടര്‍ന്നു. വാദത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് ശ്വാസംമുട്ടിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട് .എങ്കിലും പ്രതിഭാഗം വക്കീലന്മാരില്‍ മനുഷ്യത്വമുള്ളവ രുണ്ടായിരുന്നു. മാനേജരുടെ വാദം വന്നപ്പോള്‍ ആ സ്ത്രീ പറഞ്ഞതു മുഴുവന്‍ കളവാണെന്നും മാരക വിഷങ്ങളല്ല, എന്‍ഡോസള്‍ഫാനാണ് തളിക്കുന്നതെന്നും പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ആദ്യമായി കേള്‍ക്കുകയായിരുന്നു. അതിനെക്കുറിച്ച് പിന്നീട് വക്കീല്‍ നന്നായിപഠിച്ചു വാദിച്ചു. മൂന്നു ദിവസം കഴിഞ്ഞ് വക്കീല്‍ വിളിച്ചു പറഞ്ഞു നമ്മള്‍ ജയിച്ചിരിക്കുന്നു. മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്തവര്‍ എന്‍ഡോസള്‍ഫാനെന്ന മാരക കീടനാശിനിയാണ് തളിക്കുന്നതെന്നും മനുഷ്യരുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും കോടതി കണ്ടെത്തി, എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൊണ്ട് 2000 ഒക്ടോബര്‍ 18 ന് പെര്‍മിനന്‍റ് വിധി വന്നു. മരുന്ന് ബാക്കിയുണ്ട് അതുകൂടി തളിക്കുമെന്ന വാശിയില്‍ ഹെലിക്കോപ്പ്റ്റര്‍ വീണ്ടും ആകാശത്ത് ഉയര്‍ന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ സുധീര്‍ കുമാര്‍ ക്യാമറയുമായി ഞങ്ങളുടെ ടെറസ്സില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കണ്ട് അവര്‍ മുളിയാറിലേക്ക് പോയി. മുളിയാറില്‍ ,കെ.വി മുഹമ്മദ് കുഞ്ഞിയും പുഞ്ചിരി ക്ലബ്ബും സംഘടിച്ച് ഹെലിക്കോപ്പ്റ്റര്‍ പിടിച്ചു വച്ച് പറക്കാന്‍ അനുവദിച്ചില്ല. അതോടെ അവര്‍ പിന്തിരിഞ്ഞു.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ അനില്‍ അഗര്‍വാള്‍ എന്ന ശാസ്ത്രജ്ഞന്‍റെ ജൂനിയറായ ശോഭന്‍ ജോഷി ഡല്‍ഹിയില്‍ നിന്നും വിളിച്ചു. അവര്‍ ശ്രീഭദ്രയേയും കൂട്ടി കാസര്‍ഗോഡേക്ക് വന്നു. കേസിന്‍റെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. ശോഭന്‍ ജോഷിയേയും കൂട്ടി രോഗികളുടെ വീട്ടില്‍ പോയി ഫോട്ടോ എടുത്തു. അദ്ദേഹം മാസികകളിലും പത്രങ്ങളിലുമായി പല ഭാഷകളിലും എഴുതി. അങ്ങനെ ലോകം മുഴുവന്‍ വിഷയം ശ്രദ്ധിക്കാന്‍ കാരണമായി. മാതൃഭൂമിയിലെ ഫോട്ടോഗ്രാഫറായ മധുരാജിന്‍റെ ഫോട്ടോയും ഈ വിഷയം പുറത്തെത്തിക്കാന്‍ സഹായിച്ചു. എം.എ റഹ്മാന്‍ മാഷിന്‍റെ അര ജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം എന്ന ഡോക്യുമെന്‍ററിയും. ഡോ.ബിജുവിന്‍റെ സിനിമയും, അംബികാസുതന്‍ മാങ്ങാടിന്‍റെ എന്‍ മകജെ എന്ന നോവലും വിഷയത്തെ ജനങ്ങളിലെത്തിക്കാന്‍ കാരണമായി. ഇനിയുമെത്രയോ പേര്‍ ഇതിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവരെയൊക്കെ നന്ദിയോടെ സ്മരിക്കുന്നു.

ഈ വിഷയത്തില്‍ താങ്കള്‍ക്ക് നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍, ഭീഷണികള്‍, കൊലപാതകശ്രമം വരെ ഒന്നു വിശദീകരിക്കാമോ?
2001 ഒക്ടോബര്‍ 18 ന് മുളിയാറില്‍ പോയി റിക്ഷയില്‍ മടങ്ങവെ നാഷണല്‍ ഹൈവേയില്‍ ഒരു ലോറി റിക്ഷയിലിടിക്കുന്നു. കൊല്ലുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ എനിക്ക് ഇനിയും ചെയ്ത് തീര്‍ക്കാന്‍ കര്‍മ്മങ്ങള്‍ ബാക്കിയുണ്ടായിരുന്നു. റിക്ഷയുടെ കമ്പി പൊളിച്ചാണ് എന്‍റെ വലതു കാല്‍ നീക്കുന്നത്. മംഗലാപുരം. ഗ.ങ.ഇ ആശുപത്രിയില്‍ ജീവനോട് മല്ലടിച്ച് ദിവസങ്ങളും മാസങ്ങളും കഴിയേണ്ടി വന്നു. പിന്നെ വര്‍ഷങ്ങള്‍ വീട്ടില്‍ ചികിത്സയില്‍ . ഞാന്‍ മരിക്കേണ്ടത് ആരുടെയോ ആവശ്യമായിരുന്നു. ജീവിക്കേണ്ടത് എന്‍റെ മാത്രമല്ല അനേകം ജീവജാലങ്ങളുടെ ആവശ്യവും . പ്രകൃതി കനിഞ്ഞ് സഹിക്കാനുള്ള ശേഷി തന്നു. ആത്മബലം നേടി.
തുടര്‍ച്ചയായി ഇരുപത്തിരണ്ട് വര്‍ഷക്കാലം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മരുന്ന് എന്ന വിഷമടിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ രോഗികളാക്കി , കൊല ചെയ്തതു കൂടാതെ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു. ഇത് ലോകം മുഴുവന്‍ അറിയുന്ന കാര്യമാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കും ഭരണകൂടത്തിനുമറിയാം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിട്ടുള്ളതും ഗവണ്‍മെന്‍റ് ഏറ്റെടുത്ത് ആജീവനാന്തം ചികിത്സയും ആനുകൂല്യങ്ങളും നല്‍കി പരിരക്ഷിക്കേണ്ടതുമാണ് എന്ന കോടതി വിധിയുണ്ടായിട്ടും മാറി മാറി വരുന്ന ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമായിട്ടും കാസര്‍ഗോഡ് ജില്ലയില്‍ ആധുനിക സൗകര്യമുള്ള ഒരാശുപത്രി പോലുമില്ല. 2001 ല്‍ അപകടത്തില്‍ പെട്ട ഞാന്‍ ഇന്നും രോഗപീഢയില്‍ ഉഴറുകയാണ്. കോവിഡ്കാലവും. കുറെ ജീവന്‍ ആവശ്യത്തിന് ചികിത്സ കിട്ടാതെ പൊലിഞ്ഞു. മംഗലാപുരത്തേക്കുള്ള വഴിയടച്ചതും ഒരു കാരണമാണ്. കേന്ദ്ര ഗവണ്‍മെന്‍റ് കേരളത്തിന് എയിംസ്, All India institute of Medical Sciences (AIIMS) അനുവദിച്ചിട്ടുണ്ട്. അതിന് ഏറ്റവും അര്‍ഹര്‍ കാസര്‍ഗോഡുകാരാണ്. അത് കാസര്‍ഗോഡിന് അവകാശപ്പെട്ടതാണ്. അത് മാറ്റിമറിക്കുന്നത് മനുഷ്യത്വരഹിതമായിരിക്കും. അത്രക്ക് വേദന തിന്നുകയാണ് ഇവിടത്തെ രോഗികളായ കുട്ടികളും അമ്മമാരും ഇവിടത്തെ സാധാരണക്കാരായ ജനങ്ങളും. കേന്ദ്രം ഭരിക്കുന്ന മന്ത്രി പോലും ഇവിടെ വന്ന് സ്ഥിതിഗതികള്‍ അറിഞ്ഞിട്ടുണ്ട്. കേരളത്തിലെ സംസ്ഥാന ട്രഷറര്‍ അഡ്വ: ശ്രീകാന്ത് എയിംസ് കാസര്‍ഗോഡ് വേണമെന്ന് ശഠിച്ചവരില്‍ ഒരാളാണ് ഏറ്റവും സന്തോഷമുള്ളത് ഈ പ്രശ്നത്തില്‍ ഇറങ്ങിത്തിരിച്ചതു കൊണ്ട് പ്രമുഖരായ കുറെ വ്യക്തികളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു എന്നതാണ്.
എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അതിന് ഇരയാകേണ്ടി വന്നവര്‍, രോഗങ്ങള്‍, ചികിത്സ കിട്ടാതെയുള്ള മരണങ്ങള്‍-ദുരിതങ്ങള്‍ കാസര്‍ഗോഡിന്‍റെ ഉണങ്ങാത്ത മുറിവായി ഇപ്പോഴും അര്‍ഹമായ ചികിത്സയോ സാമ്പത്തിക സഹായമോ ലഭിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്‍റെ മുമ്പില്‍ യാചിക്കേണ്ടി വരുന്നു.

അമ്മമാര്‍ കുട്ടികളെയും കൊണ്ട് സമരത്തിനിറങ്ങേണ്ടിവരുന്നു. ഇത് എങ്ങനെ നോക്കിക്കാണുന്നു?
ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്ന വ്യക്തിബന്ധങ്ങള്‍, പുരസ്കാരങ്ങള്‍, ഇനിയും വേണമെന്ന് ആഗ്രഹിക്കുന്ന അവാര്‍ഡോ, മറ്റെന്തെങ്കിലും? ഒന്നു വിശദീകരിക്കാമോ?
ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്നു കരുതുന്നത് നിസ്വരും അജ്ഞരുമായ ഒരു ജന വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനത്തിനകത്തു നിന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. നേട്ടം എന്നു കരുതുന്നത് മഹദ് വ്യക്തികളെ കാണാനും പരിചയപ്പെടാനും സിധിച്ചു എന്നതും.

സുഗതകുമാരി ടീച്ചറെ പഠിക്കുമ്പോള്‍ മുതല്‍ കേട്ട പേരാണ്. കാണാന്‍ ഭാഗ്യമുണ്ടായി. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഭക്ഷണവും , അനുഗ്രഹവും ഒരു സാരിയും തന്നു. ടീച്ചര്‍ ഇന്ന് നമ്മോടൊപ്പമില്ല. നിധിപോലെ ഞാനത് സൂക്ഷിക്കുന്നു. സുകുമാര്‍ അഴിക്കോട് തന്‍റെ പുസ്തകങ്ങളില്‍ എന്നെക്കുറിച്ചെഴുതിയതറിഞ്ഞു. സന്തോഷിച്ചു. എം.ടി.വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഭാര്യ ഫാബി ബഷീര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വന്ദന ശിവ, മേധാപട്കര്‍, സുനിത നാരായണന്‍, ഡോ.ടി.ആര്‍ ജയകുമാരി എന്നിവരെയൊക്കെ കാണാനും അടുത്തിടപഴകാനും കഴിഞ്ഞു. അഡ്വ: ടി.എന്‍.ജോസഫിന്‍റെ ( 20.2.2011.) മരണം ഹൃദയ വേദനയോടെ ഇന്നും സൂക്ഷിക്കുന്നു. അവാര്‍ഡുകള്‍ . മുകുന്ദന്‍ സി.മേനോന്‍ അവാര്‍ഡ് (2001) .

പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ പുരസ്കാരം , സഹ്യാദ്രിനേച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റി പുരസ്കാരം , 2012 ലെ സോഷ്യല്‍ വെല്‍ഫേര്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും ശാരീരിക അവശതകളാല്‍ സ്വീകരിക്കാനായില്ല. ഇനി ഏതെങ്കിലും അവാര്‍ഡ് ആരെങ്കിലും തരാനുദ്ദേശിക്കുന്നുവെങ്കില്‍, ഞാനാഗ്രഹിക്കുന്ന ഏറ്റവും വലിയ പുരസ്കാരം കാസര്‍ഗോഡിന് A.l .M. S വേണമെന്നാണ്..അതാണ് ജീവിതാഭിലാഷമായി ഇന്ന് ഞാന്‍ കാണുന്നത്.

സീതാദേവി കരിയാട്ട്
അധ്യാപിക, പു.ക.സ വനിത സാഹിതി
കാസര്‍കോഡ്
ജില്ലാ പ്രസിഡണ്ട്

 

COMMENTS

COMMENT WITH EMAIL: 0