മഹാമാരിയും അക്കാദമിക് മേഖലയിലെ സ്ത്രീയും

Homeവഴിത്താരകൾ

മഹാമാരിയും അക്കാദമിക് മേഖലയിലെ സ്ത്രീയും

ജാനകി 

കോവിഡ് കാലത്തെ സ്ത്രീകളുടെ സവിശേഷമായ അവസ്ഥയെ കുറിച്ച് ഈ വ്യാധിയുടെ തുടക്കം മുതല്‍ക്കേ ലോകം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുകയാണ്. നീതിബോധത്തിലും വിദ്യാഭാസത്തിലും വളരെ മുന്നിലെന്ന് നടിക്കുന്ന തങ്ങളുടെ പുരോഗമന നിലപാടുകളില്‍ ഒരുപാട് ഊറ്റം കൊള്ളൂന്ന കേരളത്തില്‍ പോലും, കോവിഡ് ചികിത്സയുടെ ഇടയില്‍/മറവില്‍, സ്ത്രീ രോഗികള്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെ ആഘാതത്തില്‍ നിന്ന് നമ്മള്‍ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം യുനെസ്കോ സ്ത്രീകളുടെ ജീവിതങ്ങളെ അടച്ചുപൂട്ടല്‍ എത്രത്തോളം സങ്കീര്‍ണമാക്കുന്നു എന്നതിനെ കുറിച്ച് ഒരു പ്രത്യേക പതിപ്പ് തന്നെ അവരുടെ വെബ്സൈറ്റില്‍ ഇറക്കി. അക്കാദമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഗവേഷണത്തിലും അധ്യാപനത്തിലും ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍ തൊഴില്‍ ജീവിതവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്‍റെ മറ്റൊരു തലം അനുഭവിക്കുകയാണ്. വിവാഹജീവിതവും മാതൃത്വവും ഇടത്തരക്കാരായ സ്ത്രീകളില്‍ ഇന്നും ഏല്പിയ്ക്കുന്ന അമിതഭാരം, അവരുടെ ധൈഷണിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ചിന്തകളുടെയും മനോഭാവത്തിന്‍റെയും മാറ്റത്തിനനുസരിച്ചു ഗാര്‍ഹിക ജോലികളിലും, ശിശുക്കളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിലും പുരുഷന്മാര്‍ കൂടുതല്‍ പങ്കെടുക്കുന്നുണ്ട് എന്നതും സത്യമാണ്. ഇത് മാതാപിതാക്കളായ സ്ത്രീപുരുഷന്മാരുടെ തൊഴില്‍ മേഖലയിലെ പ്രാഗല്‍ഭ്യത്തെ ചെറുതായെങ്കിലും പിന്നോട്ട് വലിക്കുന്നുണ്ട്. കുടുംബത്തിലെ ഇത്തരം ഉത്തരവാദിത്തങ്ങളും തൊഴില്‍ ജീവിതവും ഒരുപോലെ ബാലന്‍സ് ചെയ്തു കൊണ്ട് പോവാനുള്ള ശ്രമം അവരുടെ ഉത്പ്പാദനക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. ഇവിടെ ഭരണകൂടവും, സ്ഥാപനങ്ങളും കൈക്കൊള്ളേണ്ട വ്യത്യസ്തമായ സമീപനങ്ങളെ കുറിച്ചാണ് അലെസാന്ദ്ര മിനെല്ലോ എന്ന സാമൂഹ്യ ശാസ്ത്രജ്ഞ സംസാരിക്കുന്നത്. കേരളത്തിലും ഇതില്‍ വലിയ വ്യത്യാസമില്ല. അക്കാദമിക് സ്ഥാനക്കയറ്റങ്ങളുടെ ചില മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടിവന്നിട്ടുള്ള സങ്കടം കൊണ്ടാണ് ഞാന് ഈ ലേഖനം പരിഭാഷപ്പെടുത്തുന്നത്. വളരെ മിടുക്കരും സമര്‍ത്ഥരുമായ അക്കാദമിക് രംഗത്തെ അധ്യാപികമാര്‍ പ്രസിദ്ധീകരണങ്ങള്‍ താരതമ്യേന കുറവായതു കൊണ്ടും, സെമിനാറുകളിലുള്ള അവരുടെ പങ്കാളിത്തം എണ്ണത്തില്‍ കുറവായതു കൊണ്ടും സ്വന്തം കഴിവുകള്‍ക്ക് മാര്‍ക്ക് തികയ്ക്കാന്‍ പറ്റാതെ വിഷമിക്കുന്നത് കണ്ടു വല്ലാത്ത പ്രയാസം തോന്നിയിട്ടുണ്ട്. ഇതൊരു സാമൂഹ്യ സമസ്യയാണ്. ഇതിനെ എങ്ങിനെ നയപരമായി നാം നേരിടണം എന്നാണ് അലെസാന്ദ്ര അന്വേഷിക്കുന്നത്. നര്‍മ്മവും ഗൗരവവും കലര്‍ത്തി എഴുതിയ ഈ ലേഖനത്തിനു കേരളത്തിലും വളരെ പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. ഏപ്രില്‍ 2020 ല്‍ നേച്ചര്‍ മാസികയില്‍ വന്ന ലേഖനത്തിന്‍റെ സ്വതന്ത്ര മൊഴിമാറ്റമാണിത്.

മഹാമാരിയും അക്കാദമിക വനിതയും

 

കുടുംബ ജീവിതത്തിലും തങ്ങളുടെ ജോലികളിലും പകര്‍ച്ചവ്യാധിയുടെ അനന്തരഫലങ്ങള്‍ നേരിടുവാന്‍ അക്കാദമിക് രംഗത്തെ സ്ത്രീകള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗം നര്‍മബോധമാണ്. കഴിഞ്ഞ മാസം വൈറലായ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ വായിച്ചത് ഇങ്ങിനെയാണ്: ‘വീട്ടിലിരുന്നു ജോലി ചെയ്ത ഐസക് ന്യൂട്ടണ് എത്ര മാത്രം ക്രിയാത്മകമായിരുന്നു എന്ന് ട്വീറ്റ് ചെയ്യുന്ന അടുത്ത ആള്‍ക്ക് ഞാന്‍ എന്‍റെ മൂന്നു വയസ്സുകാരനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.’

കോവിഡ് 19 മാര്‍ച്ച് പന്ത്രണ്ടാംതീയതി എന്‍റെ യൂണിവേഴ്സിറ്റി അടച്ചതിനു ശേഷം, എന്നത്തേതിനേക്കാളും സൂര്യോദയങ്ങള്‍ ഞാന്‍ കണ്ടു കഴിഞ്ഞു. പ്രഭാതത്തിനു മുന്‍പ് ഞാന്‍ എന്‍റെ പണികള്‍ തുടങ്ങേണ്ടിയിരിക്കുന്നു.

നിശ്ശബ്ദതയും ഏകാഗ്രതയും ചിന്തിക്കുന്നതിനും പഠിപ്പിക്കുന്നതിനും എനിക്ക് അത്യന്താപേക്ഷികമാണ്. എന്‍റെ വിദ്യാര്‍ത്ഥികള്‍ക്കായി ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെകോഡു ചെയ്യുമ്പോള്‍ പശ്ചാത്തല ശബ്ദങ്ങള്‍ പരമാവധി കുറക്കേണ്ടിയിരിക്കുന്നു. പക്ഷെ എന്‍റെ മകന് രണ്ട് വയസ്സാണ് പ്രായം. ഞാന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച ആദ്യ അവതരണത്തിലെ അവസാന സ്ലൈഡുകളില്‍ അവന്‍റെ കളിക്കോപ്പിന്‍റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. രാത്രിയിലും പ്രഭാതത്തിലുംഅവന്‍ ഉറങ്ങുമ്പോള്‍ മാത്രമാണ് എനിക്ക് റെക്കോഡ് ചെയ്യാന്‍ കഴിയുക.

എന്നെ പെട്ടെന്ന് ഓണ്‍ലൈനില്‍ കാണാന്‍ ഏതു സമയത്തും കൊതിക്കുന്ന ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന എന്‍റെ സുഹൃത്തുക്കളാണ് എന്‍റെ സമയത്തിന് മേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മറ്റു ചിലര്‍. അങ്ങിനെ
യാണ് എന്‍റെ സഹപ്രവര്‍ത്തകര്‍ വെബ്കാമറയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അവന്‍റെ തലയിലൂടെ എന്‍റെ മകനെ പരിചയപ്പെടാന്‍ ഇടയായത്.

ഇതിനര്‍ത്ഥം എനിക്ക് ശാസ്ത്രലേഖനങ്ങള്‍ എഴുതാന്‍ കിട്ടുന്ന സമയം കുറവാണ് എന്നതാണ്. അക്കാദമിക ജോലി ചെയ്യുന്നതിന് പകരം, ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ഉന്നം വെക്കുന്നത് ദൈനംദിനജീവിതം ജീവിച്ചുതീര്‍ക്കുക എന്നതാണ്. തീര്‍ച്ചയായും, കോവിഡ് പിടിപെട്ടാലുണ്ടാവുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കേവലം നിസ്സാരമായ കാര്യമാണ്. നമുക്ക് നമ്മുടെ ജോലികള്‍ ചെയ്യാന്‍ പറ്റുന്നതുതന്നെ ഭാഗ്യമാണെന്ന് നമ്മള്‍ക്ക് എല്ലാവര്ക്കും അറിയാം. പൈസ ഇല്ലായ്മയും മറ്റു അസമത്വങ്ങളും ജനങ്ങള്‍ക്ക് ജോലിയും, ആരോഗ്യസുരക്ഷയും, ഷോപ്പിങ്ങും മറ്റു സേവനങ്ങളും അപ്രാപ്യമാക്കി മാറ്റുന്നു. പക്ഷെ ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞയാണ്. മനുഷ്യര്‍ കുടുംബവും വരുമാനവും എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഞാന്‍ പഠിക്കുന്ന വിഷയം. ഞാന്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്കാദമിക് സ്ത്രീകളിലാണ്.

ഇപ്പോള്‍ ഞാന്‍ തന്നെഎന്‍റെ വിഷയമായി മാറുകയാണെന്ന് തോന്നുന്നു. ഒരു ഓണ്‍ലൈന്‍ നരവംശശാസ്ത്ര പഠനം നടത്തുന്നതിനല്ല അഭിമുഖങ്ങള്‍ക്കായി ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരുങ്ങിത്തുടങ്ങുകയാണ്.

ഈ മഹാമാരിക്ക് ഒരു വലിയ പാഠം നമ്മെ പഠിപ്പിക്കാന്‍ പറ്റും. മാതാപിതാക്കളായവര്‍ തൊഴില്‍ സമയത്തിന്‍റെയും കുടുംബസമയത്തിന്‍റെയും ഒരു ഹ്രസ്വകാല സമയക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കുറേക്കാലം കഴിയുമ്പോള്‍ ഉത്പാദനക്ഷമതയിലെ വ്യത്യാസം നമ്മുടെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാം. ശുശ്രൂഷ ഉത്തരവാദിത്തങ്ങള്‍ അധികമില്ലാത്തവര്‍ നക്ഷത്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്.കുടുംബത്തിനകത്തെ ജോലിയിലും, പരിചരണജോലികളിലും ഉള്ള അസന്തുലിതാവസ്ഥയെ അക്കാദമിക സമൂഹത്തില്‍ ഉള്ള ആരെങ്കിലും കണക്കിലെടുക്കാറുണ്ടോ? ഇല്ല. നാമെല്ലാവരും തന്നെ സ്ഥാനക്കയറ്റങ്ങള്‍ക്കും പദവികള്‍ക്കുമായി തുറന്ന മത്സരങ്ങളില്‍ പങ്കെടുക്കും മാതാപിതാക്കള്‍ ആയവരും, അല്ലാത്തവരും.

ഒരാളുടെ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലും ഗുണത്തിലും,ഗവേഷണത്തിനായുള്ള ഫണ്ട് ശേഖരണത്തിലും ആശ്രയിച്ചു നില്‍ക്കുന്ന അക്കാദമിക പ്രവര്‍ത്തനം, ശിശുപരിപാലനവുമായി പൊരുത്തപ്പെട്ടു പോകുന്ന ഒന്നല്ല. അടുത്ത കുറച്ചു വര്ഷങ്ങളിലെ ഡാറ്റ എടുത്തുനോക്കിയാല്‍ അക്കാദമികമേഖലയിലെ മാതാപിതാക്കളുടെ പ്രകടനം, 2020 നു ശേഷമുള്ള മാതാപിതാക്കളുടേതിനേക്കാള്‍ പിന്നിലായിരിക്കും എന്ന് ഞാന്‍ വിചാരിക്കുന്നു.

ആ ഡാറ്റകള്‍ സ്ത്രീകള്‍ക്കുണ്ടായ അനന്തരഫലങ്ങളെ കുറിച്ച് സംസാരിക്കും. അഭ്യസ്തവിദ്യരായ ദമ്പതികള്‍ക്കിടയില്‍ പോലും, പരിപാലന ജോലികളില്‍ അസന്തുലിതാവസ്ഥ ഉണ്ട്. വീട്ടുജോലികള്‍ക്കായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം സ്ത്രീകള്‍ നീക്കിവെക്കുന്നുണ്ട്. അമേരിക്കയിലെ വിവാഹിതരായ അമ്മമാരെയും അച്ഛന്മാരെയും താരതമ്യം ചെയ്താല്‍ വീട്ടുജോലിയിലും ശിശുപരിപാലനത്തിലും സ്ത്രീകള്‍ ഇരട്ടിസമയം ചിലവാക്കുന്നുണ്ട്.വടക്കന്‍ യൂറോപ്പില്‍ ലിംഗസമത്വം ഉള്ള രാജ്യങ്ങളിലും, വേതനരഹിതജോലി
കളില്‍, മൂന്നില്‍ രണ്ടു ഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. സമ്പാദിക്കുന്ന സ്ത്രീകള്‍ ഉള്ള ഭിന്നലിംഗ ദാമ്പത്യങ്ങളില്‍ പോലും സ്ത്രീകള്‍തന്നെയാണ് പരിപാലനകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അപ്പോള്‍ ദമ്പതികള്‍ രണ്ടുപേരും വീട്ടിലിരിക്കുമ്പോള്‍ എന്താണുണ്ടാവുക? മിക്കവാറും ലിംഗപരമായ അസമത്വം അത് വര്ധിപ്പിക്കുകയെ ഉള്ളൂ.

അക്കാദമിക് ജീവിതത്തിന്‍റെ തുടക്കം മിക്കവാറും സ്ത്രീകള്‍ക്ക് പ്രസവവുമായി ഒരുമിച്ചു വരുന്നത് കൊണ്ടുതന്നെ, അസ്ഥിരമായ ഒരു സമയം കൂടിയാണ്. ഒരു ദശകത്തിലേറെയായി തോഴില്‍ ചെയ്യുന്ന അമ്മമാര്‍ നേരിടുന്ന വിവേചനത്തെയും പരിമിതികളെയും സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദമായിരിക്കുന്നു maternal wall അഥവാ ‘അമ്മ മതില്‍’ എന്ന പ്രയോഗം .കുടുംബങ്ങളിലെ ശുശ്രൂഷാസമയത്തെ ഡ്യൂട്ടി ലീവ് ആയി പരിഗണിക്കുവാനുള്ള നയരൂപീകരണങ്ങള്‍ സ്ത്രീകള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ആശ്രിതരായ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുവാന്‍ ചിലവഴിക്കുന്ന ഈ ലോക്ക്ഡൗണ്‍ കാലം പരിപാലന അവധിയായി കണക്കാക്കാവുന്നതാണ്. പിന്നീടുള്ള സ്ഥാനക്കയറ്റങ്ങള്‍ക്കുള്ള മത്സരങ്ങളില്‍, ഈകാലത്തെ ആ രീതിയില്‍ വിലയിരുത്താവുന്നതാണ്. ഈകാലത്തു കൂടുതല്‍ പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കു അതൊരു വലിയ ആശ്വാസമായിരിക്കും. പ്രത്യേകിച്ചും സ്ത്രീകള്‍ മാത്രം രക്ഷിതാക്കള്‍ ആയുള്ള കുടുംബങ്ങളില്‍…

 

 

ജാനകി 

കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0