Homeചർച്ചാവിഷയം

ഫെമിനിന്‍ മിസ്റ്റിക്

ബെറ്റി ഫ്രീഡന്‍

ഫെമിനിന്‍ മിസ്റ്റിക്’ എന്ന പേരില്‍ 1963-ല്‍ അമേരിക്കന്‍ ഫെമിനിസ്റ്റ് ബെറ്റി ഫ്രീഡന്‍ എഴുതിയ പുസ്തകം ഇക്കാലത്തും വളരെ പ്രസക്തമാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബിനി സങ്കല്പങ്ങള്‍ ഇന്നും ശക്തമാണ് എന്നിരിക്കെ അതേക്കുറിച്ചുള്ള വിമര്‍ശനചിന്തകള്‍ക്ക് ഈ പുസ്തകത്തെ ഓര്‍മിക്കുന്നതും വായിക്കുന്നതും ഗുണകരമാകും. സ്ത്രീത്വത്തിന്‍റെ പ്രത്യേക കഴിവാണ് അദ്ഭുതകരമാംവിധം എല്ലാ ഗാര്‍ഹസ്ഥ്യവേലകളും ചെയ്യലും കുടുംബാംഗങ്ങള്‍ക്കുള്ള സേവനം ഉറപ്പുവരുത്തലും എന്ന തരത്തിലുള്ള ചിന്താഗതി അമ്പതു വര്‍ഷം മുന്‍പ് വരെയും അമേരിക്കയിലും സാധാരണമായിരുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ ആവിര്‍ഭാവത്തിനു കാരണം. ടീനേജിന്‍റെ അവസാനമെത്തുമ്പോള്‍തന്നെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കേണ്ടിയും കുഞ്ഞുങ്ങളെ ഉദ്പാദിപ്പിച്ച് നോക്കിവളര്‍ത്തേണ്ടി വരികയുംചെയ്യുന്ന അവസ്ഥ അക്കാലത്ത് പാശ്ചാത്യ സ്ത്രീകള്‍ക്കുണ്ടായിരുന്നു എന്നതിനാലാണ് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ രണ്ടാംതരംഗ കാലത്ത് ഇങ്ങനെയൊരു പുസ്തകം എഴുതപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. 2023 ഫെബ്രുവരിയില്‍ ഈ പുസ്തകത്തെക്കുറിച്ചുള്ള വിശകലനം എഴുതുമ്പോള്‍ ഈ പുസ്തകത്തിന്‍റെ അറുപതാം വാര്‍ഷികമാണ് എന്നതും പ്രത്യേകം ഓര്‍ക്കാവുന്നതാണ്. ഇക്കാലയളവില്‍ അമേരിക്കന്‍ സമൂഹത്തിലും ഇന്ത്യന്‍ സമൂഹത്തിലും ഒക്കെയുണ്ടായിട്ടുള്ള ക്വിയര്‍ ഫെമിനിസ്റ്റ് /ലിംഗപദവി ചര്‍ച്ചകളുടെ വികാസത്തിന്‍റെ സാഹചര്യത്തിലും ഈ പുസ്തകം പ്രസക്തമല്ലാതാവുന്നില്ല. കാരണം ക്വിയര്‍ വ്യക്തികളെയും വ്യവസ്ഥാപിത ലിംഗപദവി-ലക്ഷണങ്ങളും കുടുംബഘടനയുടെ ആശയങ്ങളും ആധിപത്യങ്ങളും ജീവിതശൈലീ പ്രശ്നങ്ങളും ബാധിക്കുന്നുണ്ട് എന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.
ഫെമിനിന്‍ മിസ്റ്റിക് എന്ന വാക്പ്രയോഗത്തിലൂടെ, അദ്ഭുതകരമായതെന്നോ അനിര്‍വചനീയമായതെന്നോ അജ്ഞേയമായതെന്നോ പറയാവുന്ന എന്തോ പ്രതിഭാസമാണീ കുടുംബസ്ത്രീ എന്ന തരത്തില്‍ അതിനെ മിസ്റ്റിക് ആയി നോക്കിക്കാണുന്നതില്‍ വിരോധാഭാസം ആണ് ഉദ്യേശിക്കുന്നതെന്നു കാണാം. എങ്ങനെയാണ് സ്ത്രീയെ അത്തരത്തില്‍ കാണുന്നത് എന്നും അതില്‍ അന്തര്‍ലീനമായ വിവേചനരാഷ്ട്രീയവും തുറന്നു ചര്‍ച്ച ചെയ്യുക എന്നതാണ് ബെറ്റി ഫ്രീഡന്‍ ഉദ്യേശിക്കുന്നത് എന്ന് വ്യക്തം. ഇതെഴുതപ്പെടുന്നതിന്‍റെ നൂറുവര്ഷത്തോളം മുമ്പ്- ലോകമഹായുദ്ധങ്ങള്‍ക്ക് മുന്‍പ്- അമേരിക്കയില്‍ നടന്ന ഒന്നാം ഫെമിനിസ്റ്റ്തരംഗം അത്രക്കൊന്നും ചര്‍ച്ച ചെയ്യാതിരുന്ന വ്യക്തിജീവിതത്തിന്‍റെ മേഖലയാണ്, സ്ത്രീയെ എങ്ങനെ കുടുംബിനി മാത്രമായി തളച്ചിടുന്നു എന്നതാണ്, ഇതിലെ പ്രധാന പ്രമേയം. വോട്ടവകാശം തുടങ്ങിയ സാമൂഹ്യ അവകാശങ്ങള്‍ക്കായി ഉയര്‍ന്നുവന്ന അമേരിക്കന്‍ സ്ത്രീപ്രസ്ഥാനങ്ങളുടെ ഒന്നാംതരംഗത്തിലേതില്‍ നിന്നും വ്യത്യസ്തമായി, രണ്ടാംതരംഗം മുന്നോട്ടു വെച്ചത് സ്ത്രീയുടെ അധമാവസ്ഥയ്ക്കുള്ള പ്രധാനകാരണം വ്യക്തിജീവിതത്തിലെ അടിമത്തം കൂടിയാണ് എന്ന് തന്നെയാണ്. മാര്‍ക്സിസ്റ്റു/ഇടതുപക്ഷ രാഷ്ട്രീയത്തിലും ചേര്‍ന്നും വിവേചനങ്ങള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ഫ്രീഡന്‍, സ്ത്രീ-പുരുഷ വിവേചനത്തിനെതിരായി പ്രത്യേകം സംഘടനകളില്‍ ഊര്‍ജ്വസ്വലയായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ത്തന്നെയാണ് അവര്‍ ‘ഫെമിനിന്‍ മിസ്റ്റിക്’ എന്ന പുസ്തകം രചിക്കുന്നതും. മാര്‍ക്സിസ്റ്റ് സംഘടനാ പ്രവര്‍ത്തനത്തില്‍ ഫ്രീഡന്‍ ഉണ്ടായിരുന്നു എന്നതിനാല്‍ അവര്‍ ഒരു സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് ആയിരുന്നോ എന്ന് ചിന്തിക്കാവുന്നതാണ്. അതെസമയം പല പരാമര്‍ശങ്ങള്‍ അവരെ ലിബറല്‍ ഫെമിനിസത്തിന്‍റെ തുടര്‍ വക്ത്താവായും കാണുന്നു. എന്നാല്‍ ഈ സൈദ്ധാന്തിക തരംതിരിക്കലുകള്‍ തന്നെ ഇടകലര്‍ന്നതാകാം എന്ന യാഥാര്‍ഥ്യവും മനുഷ്യര്‍ ഇത്തരം ഏതെങ്കിലും ഒരു ചിന്താഗതിയില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല എന്ന യാഥാര്‍ഥ്യവും ഫ്രീഡന്‍റെ എഴുത്തിനെയും പ്രസ്താവനകളെയും നോക്കിക്കാണുന്നതിനുപകരിക്കും. ആത്യന്തികമായി അവര്‍ ഒരു റാഡിക്കല്‍ ഫെമിനിസത്തിന്‍റെ പ്രയോക്താവായും വായിക്കപ്പെടാമെന്ന് അവരുടെ പുസ്തകത്തിലെ പിതൃമേധാവിത്വ-കുടുംബഘടനയ്ക്കെതിരെയുള്ള വാദങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
അമേരിക്കന്‍ ജീവിതത്തിന്‍റെ സ്ത്രീപക്ഷ-സാമൂഹികാവലോകനം
അമേരിക്കയിലെ സ്ത്രീകള്‍ പേരെന്തെന്നറിയാത്ത ഒരു പ്രശനം അനുഭവിക്കുന്നു എന്ന തരത്തിലാണ് പുസ്തകത്തിലെ ആദ്യ അദ്ധ്യായം തുടങ്ങുന്നത്. എല്ലാവിധ സുരക്ഷയുടെയും സമ്പത്തിന്‍റെയും നടുവിലും സ്ത്രീകള്‍ അനുഭവിക്കുന്ന എന്തോ ഒരു പ്രശനം അഥവാ സന്തോഷമില്ലായ്ക എന്ന തരത്തില്‍ വീട്ടമ്മമാരുടെ അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നു. യുവസുന്ദരനും നല്ല ശമ്പളമുള്ളവനുമായ ഭര്‍ത്താവ്, പിന്നെ കുട്ടികള്‍ നല്ല വീട് ആവശ്യത്തിന് ആസ്വാദനസാധ്യതകളായ ബര്‍ത്ഡേ പാര്‍ട്ടി, ഡിന്നറുകള്‍ തുടങ്ങിയവ, എല്ലാമായാലും സ്ത്രീകള്‍ സന്തോഷവതികളായിരുന്നില്ല എന്ന കണ്ടെത്തല്‍ ഫ്രീഡന്‍ നേരിട്ടറിയാവുന്ന സ്ത്രീകളില്‍ നിന്ന് മാത്രം മനസ്സിലാക്കിയതല്ല. അവര്‍ പഠിച്ചിരുന്ന സ്മിത്ത് കോളേജിലേക്ക് ഒരു ചോദ്യാവലി കൊടുത്തു മറുപടി കിട്ടിയതില്‍ എല്ലാ സ്ത്രീകളും പങ്കുവെച്ച ഈ യാഥാര്‍ഥ്യം ഫ്രീഡണില്‍ത്തന്നെ ഞെട്ടലുളവാക്കിയിരുന്നു. നമ്മുടെ കവിതയില്‍ പറയും പോലെ ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന് തന്നെയാണ് അമേരിക്കന്‍ വനിതകളും ചിന്തിച്ചത്. ഇത് പേരില്ലാത്ത ഒരു പ്രശ്നമായി തിരിച്ചറിയണമെന്നുള്ളത് പരാമര്‍ശിച്ചുകൊണ്ടു ഫ്രീഡന്‍ എഴുതിയ ‘ഫെമിനിന്‍ മിസ്റ്റിക്’ എന്ന പുസ്തകം അക്കാലത്ത് അമേരിക്കന്‍ സമൂഹത്തില്‍ വലിയ കോളിളക്കമുണ്ടാക്കി. സാധാരണക്കാരായ വായനക്കാരടക്കം വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത പുസ്തകം അമേരിക്കയിലെ സ്ത്രീജീവിതത്തിന്‍റെ വിവേചനാത്മകമായ അവസ്ഥയെ കുറിച്ചുള്ള പുനര്‍വിചിന്തനം സാധ്യമാക്കി എന്ന് തന്നെ പറയാം. കുട്ടികളുള്ള യുവമാതാക്കള്‍ തങ്ങള്‍ വിവാഹത്തിനാല്‍ ട്രാപ് ചെയ്യപ്പെട്ടു എന്ന് തോന്നുന്നതായി പറയുന്നത്, യഥാര്‍ത്ഥത്തില്‍ കുടുംബജീവിതത്തെപ്പറ്റി അവരെന്തു കരുതുന്നു എന്നതിന്‍റെ വെളിപ്പെടുത്തലിന്‍റെ തുടക്കമായിരുന്നു.

മൂന്നു മുതല്‍ ആറു വരെ കുട്ടികളുള്ള കുടുംബങ്ങളാണ് അഞ്ചാറു പതിറ്റാണ്ടുകള്‍ക്കപ്പുറം അമേരിക്കയിലെയും മാതൃക എന്ന വാസ്തവം ഫ്രീഡന്‍റെ പുസ്തകത്തില്‍ നമുക്ക് വായിക്കാം. പുരുഷന്മാര്‍ക്കിഷ്ട്ടപ്പെടും വിധം ഏറ്റവും ഭംഗിയായി പാവാട ധരിക്കുന്നതും മുടിയൊരുക്കുന്നതും, അവരവരുടെ സൗന്ദര്യത്തിലും ഗൃഹപരിപാലനത്തിനുള്ള കഴിവിലും അഭിമാനിക്കുന്നതുമൊക്കെയായ സ്ത്രീകളായി അമേരിക്കന്‍ സ്ത്രീ ജീവിച്ചുവന്നു. എങ്കിലും എന്തോ ഒരു സന്തോഷമില്ലായ്മയും അവരെ പിടികൂടിയിരുന്നു എന്നതു തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കുന്നതിനും ഈ പുസ്തകം വലിയ പങ്കു വഹിച്ചു. പേരറിയാത്ത പ്രശ്നമുള്ള സന്തോഷവതികളെന്നു മറ്റുള്ളവര്‍ക്കും സ്വയംതന്നെയും തോന്നിച്ച സ്ത്രീകള്‍ക്കുണ്ടാകുന്ന വ്യക്ത്തിത്വ പ്രശ്നങ്ങള്‍ ഫ്രീഡന്‍ ചര്‍ച്ച ചെയ്യുന്നു. സ്വന്തം ജീവിതത്തെയും തന്‍റെ കൂട്ടുകാരികളുടെ ജീവിതത്തെയും മുന്‍നിര്‍ത്തിയും അവര്‍ സ്ത്രീയവസ്ഥ വിശകലനം ചെയ്യുന്നു. സ്ത്രീകളെ ഇരുപതു-ഇരുപത്തൊന്നു വയസ്സിനു ശേഷം അവരായി കാണുകയില്ല എന്നും അവര്‍ കുടുംബിനികളായ അമ്മമാരായി മാറുന്നുവെന്നും ഉള്ള പ്രശ്നം മനോഹരമായ ലളിതഭാഷയില്‍ പറയുന്നു. കോളേജ് കാന്‍റീനില്‍ ഇരിക്കുന്ന പെണ്‍കുട്ടികളുടെയധികം പേരുടെയും ഇടതു കൈവിരലില്‍ വിവാഹമോതിരം കാണാം എന്നു പറയുന്നിടത്ത് അരനൂറ്റാണ്ടിനു ശേഷവുമുള്ള ഇന്ത്യന്‍ കോളേജുകളിലെ അവസ്ഥ ഏകദേശം ഇതുപോലെയൊക്കെയാണെന്നു നമ്മെ ഓര്‍മിപ്പിക്കും. സ്ത്രീകളുടെ ഇത്തരം ജീവിതാവസ്ഥകള്‍ ലോകോത്തര പ്രതിഭാസമാണെന്നും പലയിടത്തും ഇത് മാറിവരുന്നതിന് അതേക്കുറിച്ചുള്ള തുറന്നെഴുത്തുകളും തുറന്ന ചര്‍ച്ചകളും തന്നെയാണ് ഇടവെച്ചിട്ടുള്ളതെന്നും കാണാം.

സ്വന്തം തലമുറയിലെ സ്ത്രീകളുടെ ജീവിതത്തിലെ സമാധാനക്കേട് എന്തെന്ന് ഫ്രീഡന്‍ പുസ്തകത്തിലൂടെ ചികഞ്ഞെടുക്കുകയാണ് ചെയ്തത്. അവര്‍ പത്രപ്രവര്‍ത്തകജോലി വേണ്ടെന്നു വെക്കുകയും കുടുംബം പുലര്‍ത്തി കുട്ടികളെ നോക്കിയിരിക്കുകയും ചെയ്തപ്പോളും, ചിന്തിക്കുകയും അതിലൂടെ സ്ത്രീയുടെ വ്യക്തിത്വം, പ്രവര്‍ത്തനക്ഷമത എന്നീ കാര്യങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞു പ്രശ്നവല്‍ക്കരിക്കുകയും ചെയ്യുന്നു. എങ്കിലും ഫ്രീഡന്‍ ഉപരിവര്‍ഗ സ്ത്രീകളുടെ കാര്യമാണ് ഉദാഹരണമാക്കിയത് എന്നുള്ള വിമര്‍ശനം ഉണ്ട്. ഉപരിവര്‍ഗ്ഗ വെള്ളക്കാരികളായ സ്ത്രീകളാണ് പഠനത്തിലെ കേന്ദ്രം എന്ന പ്രശ്നം നിലനില്‍ക്കെത്തന്നെ, കുടുംബിനിയും കുട്ടികളെ ഉല്‍പാദിപ്പിച്ച് പരിപാലിക്കുന്നവളും മാത്രമായി സ്ത്രീജീവിതം മാറുന്നതിനെ അവര്‍ ഈ പുസ്തകത്തിലൂടെ വിമര്‍ശിച്ചു പരസ്യപ്രശ്നമാക്കി എന്നത് പ്രസക്തതമാണ്. കൂടാതെ അമേരിക്കയിലെ ലേബര്‍ ഫോഴ്സിന്‍റെ കാല്‍ഭാഗത്തിലധികം വീടുകളില്‍ വരുമാനമില്ലാത്ത ഗാര്‍ഹികജോലികള്‍ മാത്രം ചെയ്തു ജീവിക്കുന്നതിനെയും അവര്‍ സൂചിപ്പിക്കുന്നത് വഴി, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ വേണം എന്ന ആവശ്യവും ആശയവും ശക്തമായി മുന്നോട്ടുവെക്കപ്പെടുന്നുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തികവും സര്‍വ്വതോന്മുഖവുമായ വികസനത്തിന് സ്ത്രീകളെ വീടുകളില്‍ തളച്ചിടുന്ന വ്യവസ്ഥിതി വിഘാതമാകും എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലേതു പോലുള്ള സമൂഹങ്ങളില്‍ ഇത്തരം പുസ്തകങ്ങളുടെയും സാമൂഹ്യ ഉദാഹരണങ്ങളുടെയും ചര്‍ച്ചകള്‍ ഉണ്ടാകുക എന്നത് ഇപ്പോഴും അനിവാര്യമാണ് .

സിമോണ്‍ ദി ബുവ്വേയിനാല്‍ സ്വാധീനിക്കപ്പെട്ട ബെറ്റി ഫ്രീഡന്‍, സ്ത്രീത്വത്തിന്‍റെ വീട്ടമ്മ നിര്‍വചനങ്ങളെയും അതിലെ പുകമറകളെയും തുറന്നുകാണിക്കുന്നതോടൊപ്പം, അമേരിക്കന്‍ സാഹചര്യത്തില്‍ അതില്‍ എന്ത് മാറ്റം വരുത്താം എന്നും എഴുതുന്നു. ഫ്രീഡന്‍ ‘ഫെമിനിന്‍ മിസ്റ്റിക്’ എഴുതുന്നതിനേക്കാള്‍ പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘സെക്കന്‍ഡ് സെക്സ്’ എഴുതിയ സിമോണ്‍ ദി ബുവ്വേ ഫ്രാന്‍സിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ അമേരിക്കയിലേതില്‍ നിന്നും മോശമാണ് എന്ന് പറയുന്നതായും കാണാം. പാര്‍ക്കിലോ പൊതുസ്ഥലത്തോ സ്വതന്ത്രമായി പോകാനും മറ്റും അമേരിക്കന്‍ സ്ത്രീകള്‍ക്ക് കഴിയും പോലെ ഫ്രഞ്ച് സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നവര്‍ പറയുന്നുണ്ട്. എന്നാല്‍ വിനോദത്തിനും മറ്റും സാമൂഹ്യ സ്വാതന്ത്ര്യങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അമേരിക്കന്‍ സ്ത്രീകളില്‍ കൂടുതല്‍പേര്‍ക്കും വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ കഴിയുംവിധം വിദ്യാഭ്യാസമോ ജോലിയോ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് ഫ്രീഡന്‍റെ പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാനാകുക. എന്തെന്ന് തിരിച്ചറിയാത്ത പേരില്ലാത്ത പ്രശനത്തില്‍ തുടങ്ങുന്ന ആദ്യഭാഗത്തു നിന്ന് ആ തിരിച്ചറിവുകള്‍ ഉരുത്തിരിക്കുന്ന പല ഭാഗങ്ങളിലൂടെ തുടര്‍ന്ന്, സ്ത്രീകള്‍ക്കായൊരു പുതിയ ജീവിതപരിപാടി എന്നതായാണ് അവസാനത്തെ ഭാഗം അവര്‍ തയാറാക്കിയിട്ടുള്ളത്. ഒറ്റക്കൊരു വീട്ടില്‍ കുട്ടികളുടെ കരച്ചിലും കഴുകാനുള്ള പാത്രങ്ങളും മുഷിഞ്ഞ തുണികളും മറ്റുമായി കഴിയുന്ന അമേരിക്കന്‍ സ്ത്രീയിലെ വൈകാരികമായ ആഘാതങ്ങളും പകല്‍ സമയവും ഏറി വരുന്ന മദ്യപാനവും എല്ലാം അവര്‍ ഇതിനിടെ പ്രശ്നവല്‍ക്കരിക്കുന്നു. കൂലിയില്ലാത്തതും അവധിയില്ലാത്തതുമായ വര്‍ഷങ്ങളോളം നീണ്ട ഈ ജോലിഭാരങ്ങളെ തിരിച്ചറിയുക എന്നതിനുള്ള ആഹ്വാനം ഈ പുസ്തകത്തിലുണ്ട്. സ്ത്രീയുടെ മുഴുവന്‍ മാനുഷിക കഴിവുകളും വളരുവാനും അത് രാജ്യത്തിനുതകുന്ന തൊഴില്‍ ശക്തിയില്‍ ചേര്‍ക്കാനും കഴിയണമെന്നവര്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ഗ്രസിച്ചിട്ടുള്ള മാരകമായ രോഗപ്രശ്നമായി, രാജ്യത്തെ സ്ത്രീകളുടെ ജീവിതങ്ങള്‍ വെറും കുടുംബിനികളായി തുലയ്ക്കുന്ന അവസ്ഥ കാണണമെന്നും, ഈ അവസ്ഥക്ക് മാറ്റം വന്നാലേ രാജ്യം പുരോഗമിക്കൂ എന്നും അവര്‍ പ്രസ്താവിക്കുന്നു.
സ്ത്രീകളുടെ ജീവിതത്തെ സംബന്ധിച്ചുള്ള കുടുംബിനി സങ്കല്‍പ്പത്തിനു അടിസ്ഥാനമെന്ന നിലക്ക്, ലിംഗപരമായ വിദ്യാഭ്യാസമാണ് അധ്യാപക സമൂഹം നല്കിക്കൊണ്ടിരുന്നതെന്ന പ്രശനം ഫ്രീഡന്‍ വിശകലനം ചെയ്യുന്നു. ലോക മഹായുദ്ധത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വന്ന മാറ്റങ്ങള്‍ ഫ്രീഡന്‍ വിലയിരുത്തുന്നത്തിന്‍റെ ഭാഗമായും പഠനത്തില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാമ്പത്തികമായി സേവനങ്ങള്‍ വാങ്ങുവാന്‍ കഴിവുള്ള വീടുകളില്‍ പോലും സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്താലും ജോലി വേണ്ടെന്നു വെക്കുന്നതും വീട്ടുവേലകള്‍ നോക്കിയിരിക്കുന്ന അവസ്ഥയുള്ളതായും പരാമര്‍ശിക്കുന്നു. 1950 -കളില്‍ നടന്ന ഇത്തരം സാഹചര്യത്തില്‍ വിദ്യാസമ്പന്നകളായ വീട്ടമ്മമാരുടെ പുറത്തുകേള്‍ക്കാത്ത ഒരു മുറവിളി, യുദ്ധാനന്തര സ്ത്രൈണതയ്ക്കു പിറകിലും ഉണ്ടെന്നവര്‍ പറയുന്നു. പൂര്‍വാധികം മാത്സര്യങ്ങളിലുള്ള വ്യവസായ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവര്‍ വീടുകളിലേക്ക് പിന്തിരിഞ്ഞതുമാകാം എന്നുമവര്‍ വിലയിരുത്തുന്നു. അതില്‍നിന്ന് യുദ്ധാനന്തര അമേരിക്കയില്‍ ക്യാപിറ്റലിസ്റ് സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ ഒരു പ്രത്യേക സ്ത്രൈണതയുടെ ഉയിര്‍പ്പും കുടുംബിനിയുടെ സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതായിരുന്നു എന്ന് കാണാം. ഇതില്‍ ലിംഗപദവി വിജ്ഞാനമില്ലാത്ത വിദ്യാഭ്യാസ വ്യവസ്ഥിതിക്കും പങ്കുള്ളതായും പ്രതിപാദിക്കുന്നു.

സൈദ്ധാന്തിക അവലോകനങ്ങള്‍/വിമര്‍ശനങ്ങള്‍
ഫെമിനിസ്റ്റ് മുന്നേറ്റത്തോടൊപ്പം ശാസ്ത്രവും വിദ്യാഭ്യാസവും ജനാധിപത്യ ആശയങ്ങളും തന്നെയാണ് സ്ത്രീകളുടെ അവസ്ഥയ്ക്ക് മാറ്റം വരാന്‍ കാരണം എന്ന് പറയുമ്പോഴും ഫ്രീഡന്‍ ഇക്കാര്യങ്ങളുടെ വിമര്‍ശവും ഉന്നയിക്കുന്നു. സാമൂഹ്യപഠനമേഖലയില്‍ വിവാഹം, കുടുംബം എന്നിവയെപ്പറ്റി പഠിച്ച് സൈദ്ധാന്തിക്കുന്നെങ്കിലും, സാമൂഹ്യശാസ്ത്രത്തിനു പറ്റിയ ഏറ്റവും സ്ത്രീവിരുദ്ധമായ അപകടം ഫ്രോയിഡിന്‍റെ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയെന്നതാണ് എന്ന നിശിതമായ വിമര്‍ശനം ഫ്രോയിഡിന്‍റെ വ്യക്തിജീവിതത്തിലൂടെയും ഉദാഹരിച്ച് കൊണ്ട് വിവരിക്കുന്നു. ഫ്രോയിഡ് സ്വന്തം ഭാര്യയാവാന്‍ പോകുന്ന സ്ത്രീയെ ഒരു കുട്ടിയായിട്ടാണ് കണ്ടത് എന്നും ഇബ്സന്‍റെ ‘ഡോള്‍സ് ഹവ്സി’ല്‍ നോറയോട് ടോര്‍വാള്‍ഡ് രക്ഷാധികാരി ചമഞ്ഞതു പോലെയാണത് എന്നും ഫ്രീഡന്‍ ഉപമിക്കുന്നു. വിവാഹത്തിന് മുന്‍പ് എന്‍ഗേജ്മെന്‍റ് ചെയ്തതിന് ശേഷം നാല് വര്‍ഷവും തന്‍റെ ഭാവിവധുവിനെ അവളുടെ അമ്മയുടെ അടുത്ത് നിര്‍ത്തുകയും അവളുടെ കാര്യങ്ങളില്‍ ഫ്രോയിഡ് ഇടപെട്ടു രക്ഷാധികാരി ചമഞ്ഞിരുന്നുവെന്നും ചെയ്തുവെന്നും വിവരിക്കുന്നുമുണ്ട്. മനുഷ്യസ്വഭാവത്തെക്കുറിച്ച് അക്കാലത്ത് ഗവേഷണം നടത്തിയിരുന്ന ഫ്രോയിഡ്, സ്ത്രീകളെ പുരുഷനൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സ്വയം തീരുമാനങ്ങളിലെത്താനും കഴിയാത്ത കുട്ടികളായി കണക്കാക്കുന്ന രീതി തന്നെയാണ് അനുവര്‍ത്തിച്ചിരുന്നത്.

സ്ത്രീപുരുഷ സ്വഭാവങ്ങളെ സെക്സിന്‍റെ അടിസ്ഥാനത്തില്‍ സിദ്ധാന്തിക്കുന്ന ഫ്രോയിഡിന്‍റെ സോലിപ്സിസം അമേരിക്കയില്‍ ആദ്യകാലത്ത് ബാധിച്ചില്ലെങ്കിലും, 1940 കള്‍ക്ക് ശേഷം ഫെമിനിന്‍ മിസ്റ്റിക്കിനെ ഊട്ടിയുറപ്പിയ്ക്കാനുതകി എന്നാണു ഫ്രീഡന്‍ അഭിപ്രായപ്പെടുന്നത്. വിക്ടോറിയന്‍ സ്ത്രീത്വ സങ്കല്‍പ്പങ്ങളും അമേരിക്കന്‍ സ്ത്രീയവസ്ഥയും തമ്മിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്യുന്നതിലും ഫ്രോയിഡിയന്‍ മനഃശാസ്ത്രതത്ത്വം ബാധിക്കുന്നു. സ്ത്രീകളുടെ ലൈംഗികതെയെക്കുറിച്ചും മനോനിലകളെക്കുറിച്ചുമെല്ലാം ഫ്രോയിഡിനെ വിമര്‍ശിച്ചുകൊണ്ട് ലളിതമായ ഭാഷയില്‍ സംവദിക്കുന്ന ഭാഗങ്ങള്‍ക്ക് സൈദ്ധാന്തികവിമര്‍ശനത്തിന്‍റെ അടിത്തറ കൈവരുന്നു ഈ പുസ്തകത്തില്‍. മാര്‍ഗറ്റ് മീഡ് അടക്കം സാംസ്ക്കാരിക നരവംശ ശാസ്ത്രജ്ഞര്‍ ഫ്രോയിഡിയന്‍ സിദ്ധാന്തങ്ങളില്‍ ഒതുങ്ങുന്നതുപോലെയുള്ള പ്രശ്നം ഫ്രീഡന്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യശാസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയത കൊടുത്ത ഫങ്ഷനലിസം എന്ന കല്‍ച്ചറല്‍ ആന്ത്രോപോളജിക്കല്‍ സാമൂഹ്യസിദ്ധാന്തം അമേരിക്കന്‍ സ്ത്രീകളെ അവരുടെ ഗാര്‍ഹികവൃത്തികളുടെ റോളില്‍ ആഴത്തില്‍ ഉറയുവാനാണ് ഇടയാക്കിയത് എന്നവര്‍ വിമര്‍ശിക്കുന്നു. അങ്ങനെ അവര്‍ അവരുടെ സൗകര്യപ്രദമായ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ആയ കുടുംബങ്ങളില്‍ സൈദ്ധാന്തികമായും തളക്കപ്പെടുന്നു എന്ന ഫെമിനിസ്റ്റ് വിമര്‍ശം ഉന്നയിക്കുന്നു. ബ്രിട്ടനില്‍ വിക്ടോറിയന്‍ മൊറാലിറ്റി സ്ത്രീകളുടെ ലൈംഗികതയില്‍ ചെലുത്തിയ പ്രശ്നങ്ങള്‍ എന്ന തരത്തിലുള്ളതിനേക്കാള്‍ വലിയ പ്രശ്നം, അമേരിക്കന്‍ സ്ത്രീയെ സംബന്ധിച്ച് കുടുംബിനിയുടെ സങ്കല്‍പ്പത്താലുള്ള പ്രശ്നമാണെന്ന് ഫ്രീഡന്‍ അഭിപ്രായപ്പെടുന്നു.
അക്കാദമിക ഗവേഷണത്തിലൂടെ സ്ത്രീപുരുഷന്മാരിലെ സ്ത്രൈണതയെയും പൗരുഷത്തെയും കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞയായ മാര്‍ഗരറ്റ് മീഡിനെക്കുറിച്ചുള്ള വിമര്‍ശനത്തിനായി ഒരു അധ്യയം തന്നെ ഫ്രീഡന്‍ മാറ്റിവെച്ചിരിക്കുന്നു. രണ്ടു മൂന്നു പതിറ്റാണ്ടിലധികമായി പാശ്ചാത്യ സാമൂഹ്യ സിദ്ധാന്തങ്ങളെ സ്വാധീനിച്ച ഫ്രോയിഡിയന്‍ വഴികള്‍ മാര്‍ഗറ്റ് മീഡിന്‍റെ സാംസ്ക്കാരിക പഠനത്തിലും ആണ്‍-പെണ്‍ സിദ്ധാന്തത്തിലും ഉള്ള പ്രശ്നം അവര്‍ എടുത്തു കാണിക്കുന്നു. മീഡിന്‍റെ ‘സെക്സ് ആന്‍ഡ് ടെംപെര്‍മെന്‍റ്’ എന്ന ഗവേഷണപുസ്തകത്തില്‍ ആദിമഗോത്രങ്ങളില്‍ നടത്തിയ പഠനം വഴി ജീവശാസ്ത്രവും സ്ത്രൈണതയും തമ്മില്‍ ബന്ധമൊന്നുമില്ല എന്ന് തെളിയിക്കാനുള്ള ശ്രമമുണ്ട്. എന്നാല്‍ ഈ ശ്രമത്തില്‍ മീഡ് സ്ത്രൈണഗുണങ്ങളെ വാഴ്ത്തുകയും അരക്കിട്ടുറപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നതാണ് വിമര്‍ശം. കൂടാതെ മീഡിന്‍റെ സംസ്ക്കാരങ്ങളെക്കുറിച്ചുള്ള ഫങ്ക്ഷണല്‍ സിദ്ധാന്തം, ഒരു വ്യവസ്ഥയില്‍ പലര്‍ക്കും പല റോളുകള്‍ ഉണ്ട് എന്നും അതിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിലാണ് വ്യവസ്ഥ നന്നായി നിലനില്‍ക്കുക എന്നും അംഗീകരിക്കുക വഴി, സ്ത്രീകളുടെ റോള്‍ സമൂഹത്തിന്‍റെ അഥവാ കുടുംബത്തിന്‍റെ ഒക്കെ നിലനില്‍പ്പിനു അനിവാര്യമാണ് എന്ന തരത്തില്‍ ഉറപ്പിക്കുന്നു. സ്ത്രീകളെ അവരുടെ സ്ത്രൈണതയുടെ പങ്കുകള്‍ വഴി ക്രമപ്പെടുത്തിയും വ്യവസ്ഥ നിലനിര്‍ത്തുവാന്‍ ഈ തത്വം ആഹ്വാനം ചെയ്യുന്നു. ആന്ത്രോപോളജിസ്റ്റുകളുടെ സാംസ്ക്കാരിക ഫങ്ഷണലിസത്തിന്‍റെ നിശിതവിമര്‍ശനത്തോടൊപ്പം, ടാല്‍കോട് പഴ്സണ്‍സ്, മിറാ കൊമറോവ്സ്ക്കി എന്നീ സാമൂഹ്യ സൈദ്ധാന്തികരും ഫ്രീഡന്‍റെ വിമര്‍ശനത്തിന് വിധേയമാകുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണ സ്ത്രീകളുടെ കുടുംബ ജീവിതാവസ്ഥ എങ്ങനെയാണ്/ എങ്ങനെയായിരുന്നു എന്നതില്‍നിന്നു, സ്ട്രക്ച്ചറല്‍/കള്‍ച്ചറല്‍ ഫങ്ഷണലിസത്തിന്‍റെ സിദ്ധാന്തം സ്ത്രൈണതയുടെ ടെംപെര്മെന്‍റും റോളും ഉദാത്തവല്‍ക്കരിക്കുക വഴി, അതെങ്ങനെയായിരിക്കണം എന്ന് കൂടി ഉറപ്പിക്കുകയാണ് ചെയ്തത് എന്നാണ് ഫ്രീഡന്‍റെ വിമര്‍ശം.

ഓഗസ്റ്റ് 26, 1970: ബെറ്റി ഫ്രീഡൻ സ്ത്രീകളുടെ സമത്വത്തിനായുള്ള  സമരത്തിന് നേതൃത്വം നൽകി

ഇത്തരം സൈദ്ധാന്തിക പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാര്‍ഗരറ്റ് മീഡിന്‍റെ ആദിമഗോത്ര ഗവേഷണത്തെത്തന്നെ ആധുനിക അമേരിക്കന്‍ സമൂഹത്തെ പഠിക്കാനും വിലയിരുത്താനും ഉപകരിക്കുന്നതല്ല എന്ന് സ്ഥാപിക്കുന്നു. സ്ത്രീ, പുരുഷന്‍ എന്നീ ശരീരങ്ങളുടെ പ്രത്യേകതകളാണോ ചില സ്വഭാവങ്ങളും സംയമനങ്ങളും എന്നുള്ള അന്വേഷണത്തില്‍ മാര്‍ഗരെറ്റ് മീഡ് അതങ്ങനെയല്ല എന്ന് കണ്ടെത്തുന്നു. പല ഗോത്രങ്ങളിലുമുള്ള പഠനത്തില്‍ ചിലവയില്‍ സ്ത്രീകളും പുരുഷന്മാരും വളരെ ശാന്തരും സംയമനസ്വഭാവക്കാരുമാണെന്നു കാണുന്നു. അതെ സമയം, മറ്റു ചില ഗോത്രത്തില്‍ രണ്ടു ലിംഗങ്ങളിലും അക്രമാസക്ത്തി കാണുന്നു. അങ്ങനെയുള്ള നിരീക്ഷണങ്ങളില്‍ നിന്ന് സ്വഭാവഗുണങ്ങള്‍ക്ക് സ്ത്രീശരീരം പുരുഷശരീരം എന്നതിന്‍റെ അടിസ്ഥാനമില്ല എന്നും അത് സംസ്ക്കാരികമായതാണ് എന്നും മീഡ് സിദ്ധാന്തിക്കുന്നു. ഇത് സ്ത്രീപക്ഷ സൈദ്ധാന്തികതയ്ക്കു ഗുണം ചെയ്യുന്ന വാദഗതിയാണ് എങ്കിലും, കല്‍ച്ചറല്‍ ഫങ്ക്ഷണലിസത്തിനു മീഡ് കൊടുക്കുന്ന അംഗീകാരം തിരിച്ചു സ്ത്രീകളെ അവരവരുടെ റോളുകളില്‍ തളച്ചിടുന്നതാണ് എന്നതാണ് ബെറ്റി ഫ്രീഡന്‍റെ വിമര്‍ശനാത്മക നിരീക്ഷണം. ലിംഗപരത, ശരീരം എന്നിങ്ങനെയുള്ള ആശയങ്ങള്‍ ഇവിടെ മീഡിലും ഫ്രീഡനിലും ആധുനിക ദ്വന്ദ്വചിന്തയുടെ കുരുക്കില്‍ത്തന്നെയാണ് എന്നതും ശരീരങ്ങളുടെ ഇതരലിംഗ സാധ്യതകളെ അവര്‍ കാണുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്.

സിമോണ്‍ ദി ബുവ്വോ

പുസ്തകവും വ്യക്തിജീവിതവും സാമൂഹ്യമാറ്റവും
മാര്‍ഗരെറ്റ് മീഡ് സ്ത്രീപക്ഷചിന്തയ്ക്കായി നടത്തിയ സൈദ്ധാന്തികതയില്‍ തൃപ്തയല്ലെങ്കിലും ഫ്രീഡന്‍ അവരുടെ വ്യക്തിത്വത്തെയും കഴിവിനെയും മാനിച്ചു എന്ന് കാണാം. മീഡ് നയിച്ച വ്യക്തിജീവിതം സ്ത്രീകള്‍ക്ക് ആവേശം പകരുന്നതിന് ഉദാഹരണമാണ് എന്ന് ഫ്രീഡന്‍ എടുത്ത് വിവരിക്കുന്നുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളതും ജോലിചെയ്തതുമായ സ്ത്രീകളായിരുന്നു മീഡിന്‍റെ അമ്മയും മുത്തശ്ശിയും എന്നതിനാലുള്ള സാംസ്ക്കാരിക-സാമ്പത്തിക-കുടുംബ പശ്ചാത്തലത്താലാകാമെങ്കിലും, മീഡ് തന്‍റെ വ്യക്തിജീവിതം വീട്ടമ്മയായി ചിലവഴിക്കാതെ സ്വന്തമായ ജോലിയും വ്യക്ത്തിത്വവും മെനഞ്ഞു ജീവിച്ചു. അത് തന്നെ അന്നത്തെ അമേരിക്കന്‍ സ്ത്രീകള്‍ക്ക് മാതൃകയാക്കാനുതകും എന്ന്, ഫ്രീഡന്‍ തന്‍റെയും തന്‍റെ തലമുറയിലെ എത്രയോ സ്ത്രീകളുടെയും കുടുംബിനിയായി ജീവിക്കുന്നതിന്‍റെ അവസ്ഥയെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നു. അക്കാലത്ത് അമേരിക്കയില്‍ അപൂര്‍വം സ്ത്രീകള്‍ക്ക് മാത്രമേ വിദ്യാഭ്യാസത്തിന്‍റെയും ജോലിയുടെയും അടിസ്ഥാനത്തില്‍ വ്യക്ത്തിത്വം മെനഞ്ഞു ജീവിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്ന യാഥാര്‍ഥ്യം അവര്‍ എടുത്തു പറയുന്നു.
1960ല്‍ ‘ഗുഡ് ഹൗസ് കീപ്പിങ്’ എന്ന വനിതാ മാസികയില്‍ ഫ്രീഡന്‍ എഴുതിയ ‘വിമന്‍ ആര്‍ പീപ്പിള്‍ ടൂ’ എന്ന ലേഖനത്തിനു കിട്ടിയ വൈകാരികമായ വമ്പിച്ച പ്രതികരണങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന ‘പേരില്ലാത്ത പ്രശ്ന’ത്തിന്‍റെ അവസ്ഥ വിമന്‍സ് കോളേജിലെ പെണ്‍കുട്ടികളില്‍ നിന്ന് മനസ്സിലാക്കിയത് മാത്രമല്ല, അമേരിക്കയിലെമ്പാടുമുള്ള സ്ത്രീകള്‍ക്കുള്ള അവസ്ഥയാണ് എന്നതിന് തെളിവായി കാണാമെന്നു അവര്‍ പറയുന്നു. ബിരുദപഠനത്തിനുശേഷം മാസികകളില്‍ എഴുതിക്കൊണ്ടിരുന്നതും കുടുംബിനിയായും ജീവിതം ജീവിച്ചിരുന്നതുമായ തനിക്ക്, കുറെ സ്ത്രീകളുമായി സംസാരിക്കാനും അവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനും കഴിഞ്ഞു എന്ന് പുസ്തകത്തില്‍ ഫ്രീഡന്‍ പറയുന്നുണ്ട്. സ്വയം ഒരു കുടുംബിനിയായും മൂന്നു കുട്ടികളുടെ അമ്മയായും കൂടി ജീവിച്ചിരുന്ന ഫ്രീഡന്‍, മറ്റു കുറെ സ്ത്രീകളുടെ ജീവിതത്തിലെ അസംതൃപ്തി എന്തെന്ന് ചോദിച്ചക്കറിയുക വഴി ഗഹനമായ സാമൂഹ്യഗവേഷണം നടത്തി എന്ന് കാണാം.
അമേരിക്കയില്‍ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്ന സാമൂഹ്യ ശാസ്ത്രജ്ഞരെയും നരവംശശാസ്ത്രജ്ഞരെയുമൊക്കെ വിമര്‍ശിച്ച് കൊണ്ട്, സ്ത്രീകളുടെ ഇടയില്‍ ചോദ്യാവലികള്‍ നിരത്തി അവരുടെ അസ്വസ്ഥവും അസംതൃപ്തവുമായ അനുഭവങ്ങളും ചിന്തകളും വികാരങ്ങളും രേഖപ്പെടുത്തുന്നതാണ് ഫ്രീഡന്‍റെ څഫെമിനിന്‍ മിസ്റ്റിക്چഎന്ന പുസ്തകം. അക്കാദമികമായിട്ടുള്ള ചട്ടക്കൂടുകളില്ലാത്ത ഈ പുസ്തകത്തിന്‍റെ എഴുത്ത് സാധാരണ വായനക്കും അക്കാദമിക വായനക്കും ഉതകുന്നതാണ്. ആധുനിക സ്ത്രീപക്ഷ സൈദ്ധാന്തികവല്‍ക്കരണത്തിന്‍റെ മൂര്‍ച്ചയുള്ള എഴുത്തായും ഫ്രീഡന്‍റെ څഫെമിനിന്‍ മിസ്റ്റിക്چ എന്ന പുസ്തകം പ്രാധാന്യമര്‍ഹിക്കുന്നു. അമേരിക്കന്‍ സ്ത്രീകളുടെ അവസ്ഥ കൃത്യമായും വിവരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഫ്രീഡന്‍ അന്നാട്ടിലെ കുടുംബവ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ച് ഒരു മാറ്റം കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചു എന്ന് കാണാം. ഇത് ഇപ്പോഴും നമ്മുടെ നാട്ടിലും പ്രസക്തതമാവുന്നത്, വിവാഹിത-വീട്ടമ്മ-അമ്മ-ഭാര്യ എന്നീ തരത്തിലുള്ള റോളുകള്‍ സ്ത്രീകളില്‍ ഇക്കാലത്തും അനിവാര്യമായതെന്നപോലെ സാംസ്കാരികമായി ചാര്‍ത്തപ്പെട്ടിട്ടുണ്ട് എന്നതാണ്.

മായ എസ്.
അദ്ധ്യാപിക, ഫിലോസഫി വിഭാഗം,
ശ്രീ കേരള വര്‍മ്മ കോളേജ്, തൃശ്ശൂര്‍

COMMENTS

COMMENT WITH EMAIL: 0