Homeവാസ്തവം

ജീവനില്ലാത്ത ജീവിതങ്ങള്‍

നസും ശരീരവും സ്വന്തമല്ലാതാകുന്ന എത്രയെത്ര സ്ത്രീകളാണ് ഈ ഭൂമിമലയാളത്തിലുള്ളത്?. വിവാഹാനന്തര വിഷാദം ഏറെപ്പേരിലും കണ്ടു വരുന്നുണ്ട് എങ്കിലും, സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. സ്വന്തമായതെല്ലാം ജനിച്ച വീട്ടില്‍ വെച്ച് ഭര്‍തൃഗൃഹത്തില്‍ കയറിച്ചെല്ലുന്ന പെണ്ണ് ഏതു മുഖാവരണമാണ് അണിയേണ്ടത് എന്നത് ആരായിരിക്കും തീരുമാനിക്കുന്നത്?. പുതിയ ഒരു സാഹചര്യം, പുതിയ ആളുകള്‍ രീതികള്‍, രുചികള്‍, ചിട്ടകള്‍ -എന്നിങ്ങനെ എല്ലാം പുതിയത്.തന്‍റേതായി തനിക്കൊന്നുമില്ലാതെ പകച്ചു നില്‍ക്കുന്ന പെണ്ണിന് അടിമയാവാന്‍ മാത്രമേ സാധിക്കൂ. ജനിച്ച അന്നു മുതല്‍ ചിട്ടകള്‍ പഠിപ്പിച്ച് ഒരു വഴിക്കാക്കിയിട്ടാണ് പെണ്ണിനെ കെട്ടിച്ചു വിടുന്നത്. അവിടെ ചെല്ലുമ്പോഴോ, ഇവിടെ പഠിച്ച ചിട്ടവട്ടങ്ങളൊന്നും ആവശ്യമേ ഇല്ല എന്നു മാത്രമല്ല അവിടെ പഠിച്ചതും പഠിപ്പിച്ചതുമെല്ലാം കുറ്റങ്ങളാവുകയും ചെയ്യുന്നു. എന്തൊരു ജീവിതമാണ് ഒരു പെണ്ണു ജീവിക്കേണ്ടി വരുന്നത് എന്ന് ആരോടു പറയാന്‍?
വിവാഹത്തിന്‍റെ മധും ഒരു മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ നീണ്ടു പോയേക്കാം. പിന്നീട് തീര്‍ത്തും ഒറ്റപ്പെടുന്നുണ്ട് അവള്‍.എന്തു പാഞ്ഞാലും മക്കള്‍ക്കിഷ്ടപ്പെടില്ല, ചെയ്യുന്നതൊന്നും ഭര്‍ത്താവിനു പിടിക്കില്ല. മറുത്തു പറയുവാനും ആശ്വാസത്തിന് കോപം തീര്‍ക്കാനും വിഷമങ്ങള്‍ തുറന്നു പായാനും നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ അവള്‍ പിറുപിറുക്കുവന്‍ തുടങ്ങും, അല്ലെങ്കില്‍ മിണ്ടാതെ, ഉറക്കങ്ങള്‍ നന്നുമായി ഒന്നിനും ഉത്സാഹമില്ലാതെ മുന്നോട്ടു പോവും. തന്നെ അംഗീകരിക്കാത്തിടത്ത്അടിമയാകാന്‍ മാത്രം ശീലിച്ചു വന്നവര്‍ ചെയ്യുന്നതെല്ലാം തലതിരിഞ്ഞു പോകുന്നു.പിന്നെ കേള്‍ക്കേണ്ടി വരുന്നത് നേരത്തേ മാനസിക രോഗം ഉണ്ടായിരുന്നു എന്നതാവും.എത്ര സുന്ദരമായ ജീവിതം! നമ്മുടെയിടയിലെ ഈ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നത് ആര്‍ക്കും കാണാനാവില്ല.അവര്‍ അനുഭവിക്കുന്നത് ആര്‍ക്കും അറിയാനാവില്ല. സ്വന്തമായി ശരീരമോ മനസോ ചിന്തയോ ഇല്ലാത്ത ഈ ജീവികളെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും? എനിക്കിതാണ് ഇഷ്ടം എന്നു പറയുന്ന അവര്‍ക്ക് സ്വന്തമായി ഇഷ്ടം പോലുമില്ല എന്നറിയുമ്പോഴാണ് കഷ്ട ജീവിതത്തിന്‍റെ ദയനീയത കൂടുതല്‍ വ്യക്തമാകുന്നത്. ജീവിക്കുന്നുണ്ടായിട്ടും ജിവിതമില്ലാത്ത എത്രയെത്ര നിശ്ശബ്ദ ജിവികളാണ് നമുക്ക് മുറ്റുമുള്ളത്. നമുക്കവരെ കണ്ടു തുടങ്ങാം.

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0