തുണികൊണ്ട് ഭാണ്ഡം കെട്ടി അതില്‍ നിറയെ വളകളും ചെറിയ ഫാന്‍സി ഐറ്റങ്ങളുമായി തലച്ചുമടായി വീടുകള്‍തോറും വില്‍പന നടത്തുന്നവരെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ചെറുപ്പത്തില്‍ എപ്പോഴോ ഒരേ വളയില്‍ രണ്ടു കളറുള്ള കുപ്പിവള അവരില്‍ നിന്ന് വാങ്ങി കയ്യിലിട്ടത് ഇപ്പോഴും നിറമുള്ള ഓര്‍മ്മയാണ്. വീടിന്‍റെ പിന്നാമ്പുറത്തു കൂടിയാണവര്‍ വരിക. തുണിക്കെട്ടഴിച്ച് സാധനങ്ങള്‍ നിരത്തി വീട് തന്നെ ഒരു പീടികയാക്കി മാറ്റും. വിട്ടില്ലെല്ലാവര്‍ക്കും പാകമായവ തിരഞ്ഞെടുക്കുന്നതുവരെ ഞങ്ങള്‍ക്കീ കാഴ്ച കണ്ടിരിക്കുകയും ചെയ്യാം. ഇങ്ങനെ കച്ചവട സാധനങ്ങളുമായി വരുന്ന ചിലരുടെ കയ്യില്‍ ചെറിയ മറ്റൊരു കെട്ടുകൂടിയൂണ്ടാവും. വല്ല്യൂമ്മ അതിന് ‘ഏടുകള്‍’ എന്നാണ് പറയുക. ‘സബീന പാട്ടുകള്‍’ എന്നും പറയാറുണ്ട്. അറബിമലയാളത്തില്‍ അച്ചടിച്ച ചെറിയ ചെറിയ പുസ്തകങ്ങള്‍. ഭക്തിയും പ്രണയവും, ഹാസ്യവും യാത്രയും ഇങ്ങനെ എന്തും ഇതിവൃത്തമാക്കിയ മലയാളകാവ്യങ്ങള്‍.
ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളയും മാലയും വല്ലിമ്മാക്ക് ഏടുകളും. പിന്നെ ഇത് വിപണനം നടത്തിയത് കോഴിമുട്ട പോലുള്ള ചെറിയ വീട്ടുല്‍പന്നങ്ങള്‍ കൊട്ടകളില്‍ നിറച്ച് കൊണ്ടു നടക്കുന്ന കച്ചവടക്കാരാണ്. അവരുടെയും ഇടം വീടിന്‍റെ അടുക്കളഭാഗമാണ്. ഉപഭോക്താക്കള്‍ സ്ത്രീകളും. അന്ന് വല്ലിമ്മാക്ക് അറബിമലയാളം മാത്രമെ വായിക്കാനറിയൂ. ബാക്കിയുള്ളവര്‍ക്കെല്ലാം രണ്ടു ഭാഷയും വായിക്കാം. അന്നത്തെ മതപഠനത്തിന്‍റെ വലിയൊരു ഭാഗം അറബിമലയാളത്തിലായതുകൊണ്ട് എല്ലാവരും അത് പഠിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സന്ധ്യ കഴിഞ്ഞാല്‍ പാഠഭാഗങ്ങള്‍ പഠിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഇത്തരം കാവ്യങ്ങള്‍ ആയിരിക്കും വായിക്കുക. വല്ലിമ്മാക്ക് മാത്രമല്ല മുതിര്‍ന്ന സ്ത്രീകളില്‍ പലര്‍ക്കും ഇത് കാണാപാഠമായിരുന്നു. അക്കാലത്ത് നടന്ന ചില കൊലപാതകങ്ങളുടെ കഥകളും പാട്ടു രൂപത്തില്‍ അവര്‍ വായിച്ചത് ഹൃദയഭേദകമായ രീതിയില്‍ പല സ്ത്രീകളും അവതരിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ സവിശേഷമായ വിപണിയും വായനക്കാരുമുള്ള പാട്ടുകളാണ് ഈ അറബിമലയാള കാവ്യങ്ങളുടെ ഒരു സവിശേഷത. ഇനി ഈ അക്ഷരലോകം പോലും പരിചയമില്ലാത്ത ഒരു കൂട്ടര്‍ കൂടി ഇത്തരം പാട്ടുകളുടെ വാഹകരും പാട്ടുകളുണ്ടാക്കുകയും ചെയ്യുന്നവരായി ഉണ്ടായിരുന്നു.
കൊണ്ടോട്ടിയിലെ മാളുതാത്തയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് പാട്ടുകാരി എന്ന നിലക്കാണ്.
ഉപ്പാന്‍റെ ഉപ്പ ചെറിയകുട്ടി ആയിരിക്കുമ്പോള്‍ മാര്‍ക്കകല്യാണത്തിന് പാട്ടുണ്ടാക്കിയത് അവരാണെന്ന് കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടോട്ടിയില്‍ പോയപ്പോള്‍ അവരെ കാണാന്‍പോയ അനുഭവം രസകരമായിരുന്നു. എഴുത്തിനെക്കുറിച്ചുള്ള എന്‍റെ സാമാന്യധാരണകള്‍ തിരുത്തപ്പെട്ട അനുഭവം ആയിരുന്നു അത്. അന്നേക്ക് കിടപ്പിലായിക്കഴിഞ്ഞ അവര്‍ ഉപ്പാനെ കണ്ടപ്പോള്‍ പഴയകാര്യങ്ങള്‍ ഓര്‍ത്തെടുത്തു. നിങ്ങളെഴുതിയ പാട്ട് ഇപ്പോള്‍ ഓര്‍മ്മയുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ഞാന്‍ എഴുതിയിട്ടില്ല എന്നായിരുന്നു മറുപടി. മാര്‍ക്കകല്യാണത്തിന്‍റെ പാട്ട് എന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ അത് ഞാനുണ്ടാക്കിയതാണ് എന്ന് മറുപടി വന്നു. അപ്പോഴാണ് എഴുത്തും ഉണ്ടാക്കലും തമ്മിലുള്ള ബന്ധം/ബന്ധമില്ലായ്മ വ്യക്തമായത്. ഇവരുടെ തലമുറ പാട്ടെഴുത്തുകാരല്ല പാട്ടുകെട്ടുന്നവരാണ്. അല്ലെങ്കില്‍ പാട്ടുണ്ടാക്കുന്നവരാണ്. ഓര്‍മ്മകളിലൂടെ സംവഹിക്കുന്നതാണ് ഇത്തരം കവിതകളുടെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ ഇതില്‍ പലതും നമുക്ക് ഇന്ന് നഷ്ടമായിക്കഴിഞ്ഞു. ‘കുലുകുലുമെച്ചം’ പോലുള്ള പാട്ടുമത്സരവേദികളിലും ഇങ്ങനെ പാട്ടുകെട്ടുന്നവര്‍ സ്വന്തം സൃഷ്ടികളും അറബിമലയാള കൃതികളിലെ പാട്ടുകളും അവതരിപ്പിക്കുമായിരുന്നു.
അറബിമലയാളകൃതികള്‍ പല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഭക്തി സംവര്‍ദ്ധകങ്ങളായ കാവ്യങ്ങളാണ് പൊതുവെ മാലപ്പാട്ടുകള്‍. മൊഹ്യൂദ്ദീന്‍മാല, നഫീസത്ത് മാല തുടങ്ങിയവ പല വീടുകളിലും നിത്യപാരായണ ഗ്രന്ഥങ്ങളാണ്. കല്യാണവീടുകളിലും മറ്റ് ആഘോഷവേളകളിലും പാടുന്ന പാട്ടുകള്‍ വേറെയും കിസ്സപ്പാട്ടുകള്‍, സര്‍ക്കീട്ടുപാട്ടുകള്‍ (യാത്രാഗാനങ്ങള്‍) തുടങ്ങി തമാശപ്പാട്ടുകള്‍ വരെ ഇവയിലുള്‍പ്പെടുന്നു. മുസ്ലിം സമുദായത്തിനകത്ത് പൊതുവായി ഈ പാട്ടുകള്‍ ഉപയോഗത്തിലൂണ്ടായിരുന്നു എങ്കിലും സ്ത്രീകള്‍ക്ക് ഇതില്‍ സവിശേഷമായ പങ്കാളിത്തം ഉണ്ടായിരുന്നതായി കാണാം. മൊഹ്യൂദ്ദീന്‍ മാല, നഫീസത്ത് മാല പോലുള്ള പാട്ടുകള്‍ സുഖപ്രസവം ഉണ്ടാവാന്‍ സഹായകമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഈറ്റുമുറിക്ക് പുറത്തിരുന്ന് ഈ പാട്ടുകള്‍ കൂട്ടമായി പാടുന്ന രീതിയും പണ്ടുണ്ടായിരുന്നു. ചില പ്രത്യേക പ്രദേശങ്ങളില്‍ ഇപ്പോഴും ഈ മാലപ്പാട്ടുകള്‍ ആഗ്രഹപൂര്‍ത്തീകരണത്തിന് പാടി വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നഫീസത്ത്മാലയില്‍ ബീവിയുടെ കഴിവുകളെ പ്രകീര്‍ത്തിക്കുന്ന ഒരുഭാഗം ഇങ്ങനെയാണ് :-
“നിജമെപേറ്റിന്‍ നോവതിയില്‍ കൂട്ടി തലയടിത്തെ
നത്ത് ദൂക്കം പുക്ക് രണ്ട് നാണിയ എടുത്തെ
മജമുടെ ബീപേരില്‍ നേര്‍ച്ചകൂറികൈമല്‍ കെട്ടി
വേളയില്‍ പിറന്ത് നല്ലെ യോക്കിയത്തില്‍ കുട്ടി ”
പേറ്റ് നോവില്‍ പ്രയാസം അനുഭവിച്ചിരുന്നവള്‍ ബീവിക്ക് നേര്‍ച്ചയാക്കി രണ്ട് നാണയം എടുത്ത് കയ്യില്‍ വെക്കുന്നതോടെ ഗോഗ്യതയില്‍ പ്രസവം നടക്കുന്നു. നഫീസത്ത് ബീവി അസുഖങ്ങള്‍ മാറ്റിയതും പാവപ്പെട്ടവരെ സഹായിച്ചതുമായ കഥകള്‍ അടങ്ങിയ പാട്ടാണ് നഫീസത്തുമാല. മുസ്ലീം സമുദായം ആദരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദിവ്യരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്.
സ്ത്രീഭാഷക്കുവേണ്ടിയുള്ള വാദം ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് ഷോവാള്‍ട്ടല്‍ നിരീക്ഷിക്കുന്നുണ്ട്. സ്ത്രീജനത സംസാരിക്കുന്ന ഒരു ഭാഷഭേദമില്ല. അവര്‍ക്കായി ഒരു മാതൃഭാഷയുമില്ല. അതായത് കേന്ദ്രീകൃതഭാഷയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്ന് എവിടെയുമില്ല. ഘടനാപരമായി പുതിയ ഭാഷാശാസ്ത്രവ്യവസ്ഥ ലിംഗാടിസ്ഥാനത്തില്‍ വികസിച്ചു വന്നതായി ഒരു തെളിവുമില്ലെന്ന് ഇംഗ്ലീഷ് അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നുണ്ട്. സ്ത്രീ പുരുഷ ഭാഷയിലെ വ്യത്യാസങ്ങള്‍ ഈണത്തിലും ഭാഷാപ്രയോഗത്തിലും എല്ലാം പ്രകടമാകുന്നവ തന്നെ എങ്കിലും വ്യത്യസ്ത ലിംഗ ഭാഷകളായി ഇവയെ വിശദീകരിക്കാനാവില്ല. ശൈലിയുടെയോ തന്ത്രത്തിന്‍റെയോ ഭാഷാപ്രകടന സന്ദര്‍ഭത്തിന്‍റെയോ സവിശേഷതയായി പരിഗണിക്കാവുന്നതുമാണ്. ഭാഷയും ശൈലിയും ജൈവികമോ സഹജമായതോ അല്ല. അനേകം വസ്തുതകള്‍ അതിനെ നിര്‍ണ്ണയിക്കുന്നുണ്ട്. സാഹിത്യരൂപം പാരമ്പര്യം, ഓര്‍മ്മ, സാഹചര്യം എന്നിവയെല്ലാം ഭാഷയില്‍ ഇടപെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാഷയെ എങ്ങനെ സ്ത്രീകള്‍ പ്രയോജനപ്പെടുത്തുന്നു എന്നതു തന്നെയാണ് പ്രധാനം. ഭാഷയുടെ പൂര്‍ണ്ണമായ സാധ്യത അവള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണങ്ങള്‍ക്കാണ് പ്രസക്തി. ഈ മേഖലയിലുണ്ടായ ചില സ്ത്രീ രചനകളെയും അതു മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്ര ധാരണകളെയും കൂടി പരാമര്‍ശിച്ചുകൊണ്ട് ഇത് വ്യക്തമാക്കാം.
മാപ്പിളപ്പാട്ടുകാരായ സ്ത്രീകള്‍ കുറെയധികം ഉണ്ടെങ്കിലും അവരുടെ കാവ്യരീതിയുടെയും ആശയാവിഷ്കാരത്തിന്‍റെയും മാതൃക കാണിക്കാനായി തിരഞ്ഞെടുത്ത ചില പാട്ടുകള്‍ മാത്രം ഇവിടെ ചേര്‍ക്കുകയാണ്. സ്ത്രീവാദകാഴ്ചപ്പാടില്‍ ഇന്നും നമ്മള്‍ വിലയിരുത്തുമ്പോള്‍ അതിലേറ്റവും പ്രധാനം പുത്തൂര്‍ ആമിനയുടെ കത്തുപാട്ടാണ്. 1921 ലെ മലബാര്‍ കലാപത്തെത്തുടര്‍ന്ന് ജയിലിലടക്കപ്പെട്ടയാളാണ് പുത്തൂര്‍ ആമിനയുടെ ബാപ്പ കുഞ്ഞഹമ്മദ് സാഹിബ്. അദ്ദേഹത്തിന് ആമിന ജയിലിലേക്ക് കത്തുകളയച്ചിരുന്നു. അതുമുഴുവന്‍ പാട്ടുരൂപത്തിലായിരുന്നു. കുഞ്ഞഹമ്മദ് സാഹിബിനോടൊപ്പം ജയിലിലുണ്ടായിരുന്ന അഹമ്മദ് എന്നയാള്‍ ആമിന ബാപ്പക്കെഴുതുന്ന കത്തുപാട്ടില്‍ ആകൃഷ്ടനാകുന്നു. ജയില്‍ മോചിതനായ ശേഷം അഹമ്മദ് പുത്തൂര്‍ ആമിനയോട് വിവാഹഭ്യര്‍ത്ഥന നടത്തുന്നു. ഈ വിവാഹാഭ്യര്‍ത്ഥന പുത്തൂര്‍ ആമിന നിരസിച്ചു. അപ്പോള്‍ അഹമ്മദ് ഒരു ഭീഷണി കത്തയക്കുന്നു. അതിനുള്ള മറുപടിയുടെ രൂപത്തിലാണ് പുത്തൂര്‍ ആമിനയുടെ കത്തുപാട്ട് ലഭ്യമായിട്ടുള്ളത്.
ബല്ലാരി ജേലതീന്ന് വരുമ്പോള്‍ കൊന്ന് വന്നേ
വമ്പതിപ്പോള്‍ നടക്കുമോ വെറുതെന്തിനാ പിന്നെ – ഉമൈകളെ
ഭാര്യയാക്കീടുവാനൊരിക്കലും കിട്ടുമോ എന്നെ (……)
ഗീത്നൊത്ത മറുപടി തന്നിലെ ഞാനന്ന് -ഇത് വരെ
കേടികള്‍ക്ക് സഹായം ചെയ്തവളല്ല ഇപ്പെണ്ണ് (466)
കവിതയിലൂടെ തന്നെ തക്ക മറുപടി ഞാന്‍ തന്നിട്ടുണ്ടെന്ന് ഇതില്‍ പറയുന്നു. പുരുഷന്‍റെയോ ജയില്‍ പുള്ളിയുടെയോ വമ്പ് തന്നോട് നടക്കില്ലെന്ന വെല്ലുവിളിയും ഇതിലുണ്ട്. തുടര്‍ന്നവര്‍ പറയുന്നത്.
ഉമെതിലും നല്ലമാരരെ കിട്ടുവാന്‍ എനിക്കില്ലൊരുമുട്ട്
മട്ടില്‍ കിട്ടും വരേക്കും മാനേ തേനെ വിളിക്കും
മറ്റ് ലോഗിയും ഉറ്റിടും പലേ ചക്കരവാക്കും ഒരു പടി
മക്കളങ്ങ് കണക്കിലായാല്‍ അടുക്കളേലാക്കും
പൊട്ടിപ്പൊരിഞ്ഞന്ത നാളാം പൊതി വൈലത്താകും ഓളം
പോയി മറ്റൊരു തോപ്പു കണ്ടുപിടിക്കും അയ്യാളാ പുരുഷരെ
പൂതി പത്നിമാര്‍ക്കു തീരും ഇതെന്തൊരു കോളാ.
മറ്റൊരു പ്രധാനപ്പെട്ട വ്യക്തി പി.കെ ഹലീമയാണ്. 1909-1959 വരെയാണ് പി.കെ ഹലീമയുടെ കാലഘട്ടം. ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, ചന്ദിര സുന്ദരിമാല, പൊരുത്തം ബി ആയിശ, രാജമംഗലം, മുതലായവയാണ് പ്രധാന കൃതികള്‍. ഇതില്‍ കാവ്യഭംഗികൊണ്ടും ആശയാവിഷ്കാരം എന്ന നിലക്കും ഏറ്റവും പ്രധാനം ചന്ദിര സുന്ദരിമാലായാണ്. മാത്രമല്ല അനേകം വേദികളില്‍ പാടിയതും മാപ്പിളപ്പാട്ട് അവതാരകര്‍ക്കിടയില്‍ ഏറെ പ്രശ്സ്തമായതും ഇതുതന്നെ. നബിയുടെ അവസാനത്തെ ഭാര്യയായ ഐഷയുമായി കണ്ടുമുട്ടുന്നതും വിവാഹാഘോഷങ്ങളുമെല്ലാമാണിതിലെ പ്രമേയം.
പൊന്നിലും പുന്നാരമില്‍ തെളിവായ മുത്ത് മുഹമ്മദാരെ
പൂരണര്‍ സകലോര്‍ക്ക് മുന്‍പ്രഭുവരായെ മുസ്മ്മിലാതെ
മന്നവര്‍ നബി ദീനില്‍ മുന്നേ വന്നവര്‍ മകളാണ് നൂറേ
മങ്കകള്‍ സകലതിലും മാണിക്കമോ മട്ടെജോറെ
കന്നിയാള്‍ കണ്ണജ്ജനം കടഞ്ഞതോ കൊള്ളുള്ള ചേലേ
കൗതുകമോതും ചിരി ചെന്താമര വിടര്‍ന്നപോലെ”
എന്നിങ്ങനെയാണിതില്‍ മുഹമ്മദ് നബിയെയും ഐഷയേയും മറ്റും വര്‍ണ്ണിക്കുന്നത്.
ഇതിലെ മറ്റൊരു പ്രധാന ഭാഗം നബി ഐഷാബീവിയെ കണ്ടുമുട്ടുന്നതും ഐഷയുടെ ബാപ്പയായ അബൂബക്കര്‍ സിദ്ദീഖിനോട് തന്‍റെ ആഗ്രഹമറിയിക്കുന്നതുമാണ്. ഇതിന് അബൂബക്കര്‍ സിദ്ദീഖ് നല്‍കുന്ന മറുപടി പല നിലകളില്‍ ശ്രദ്ധേയമാണ്.
അറിവിച്ചെ സമയത്തില്‍ ഉമൈ ഖോജാവേ
അംബിയ സകലര്‍ക്കും മഹാരാജാവേ
താജരെ എന്‍മകള്‍ ആയിഷ ഇപ്പം
താജരില്‍ വാഴുവാന്‍ പോരവലിപ്പം
ബാജവയസ്സണവാമെ ചെറുപ്പം
ചെറുപ്പം അക്കൂളല്‍ തങ്ങള്‍ക്കിണയാകുമോ
ചിന്തയില്‍ ശരിയായ നിനവൊക്കുമോ
എന്‍റെ മകള്‍ ആയിഷ ഇപ്പോള്‍ ബാലവയസ്സിലെത്തിയ ചെറിയ കുട്ടിയാണ്. അവള്‍ എങ്ങനെയാണ് തങ്ങള്‍ക്ക് ഇണയാവുക? ചിന്തയില്‍ അല്ലെങ്കില്‍ നിനവുകളില്‍പോലും നിങ്ങള്‍ തമ്മില്‍ വലിയ അന്തരമില്ലേ? എന്ന് മുഹമ്മദ് നബീയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തിരിച്ചു ചോദിക്കുന്ന അബൂബക്കര്‍ സിദ്ദീഖിനെ സൃഷ്ടിക്കാന്‍ പി.കെ ഹലീമയെപ്പോലെ ഒരു കവിക്കുമാത്രമെ കഴിയൂ. പിന്നീട് ആകെ സംഘര്‍ഷത്തിലായ ബാപ്പയോട് ആയിഷ തന്‍റെ ആഗ്രഹം അറിയിച്ചപ്പോഴാണ് വിവാഹം നടക്കുന്നത്.
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കിക്കുറക്കണമെന്ന ആവശ്യവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും കൂടി ചേര്‍ത്തുവെക്കുമ്പോള്‍ പി.കെ ഹലീമയുടെ ഈ വരികള്‍ ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. ഈ വരികളുടെ മാത്രമല്ല ഈ കാവ്യത്തിലെ ഇശല്‍ ഭംഗിയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഏറെ വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഈ കാവ്യം. ഇന്നത്തെ ഒപ്പനപ്പാട്ടുകളിലും വ്യാപകമായി പി.കെ ഹലീമയുടെ കാവ്യഭാഗങ്ങള്‍ ഉപയോഗിച്ചു വരുന്നതായി കാണാം. പി.കെ ഹലീമ, പുത്തൂര്‍ ആമിന ഇവരെകൂടാതെ സി.എച്ച്.കുഞ്ഞായിശ, കെ.ആമിനക്കുട്ടി, നടുത്തോപ്പില്‍ ബി ആയിശക്കുട്ടി, ടി.എ. റാബിയ തുടങ്ങിയ അനേകം മാപ്പിളപ്പാട്ടുണ്ടാക്കിയ വ്യക്തികളെ ഇന്നു നമുക്കറിയാം. എന്നാല്‍ പിന്നീടിവരെയൊന്നും ഈ അവശേഷിച്ച പാട്ടുകളിലൂടെയല്ലാതെ നമുക്കറിയാതെപോയി. വ്യക്തികളെന്ന നിലക്ക് ഇവരുടെ ജീവിതമോ അതിന്‍റെ പശ്ചാത്തലങ്ങളോ നമുക്കേറെയൊന്നും വ്യക്തമല്ല. പൊതു രംഗത്തും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകളൊന്നുമില്ല.
അറബിമലയാളത്തില്‍ കവിതകളെഴുതി വന്നവരില്‍ അവസാനത്തെ കണ്ണിയായി കാണാവുന്നത് 2011-ല്‍ അന്തരിച്ച എസ്. എം ജമീലാബീവിയാണ്. അറബിമലയാളത്തിലും മലയാളത്തിലും ഒരു പോലെ പ്രാവീണ്യമുണ്ടായിരുന്ന അവര്‍ മലയാളത്തിലും ഏറെ മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കച്ചവടക്കാരനായ ബാപ്പയും മകളും പരസ്പരം ആശയവിനിമയം ചെയ്തിരുന്നത് പോലും പാട്ടുകളിലൂടെയായിരുന്നു. നാട്ടിലെ പത്ത് പേരടങ്ങുന്ന പാട്ടുസംഘത്തിലും അവര്‍ അംഗമായിരുന്നു. ജമീലാബീവി 11-ാം വയസില്‍ എഴുതിയ കാവ്യമാണ് ‘മുസ്ലീം സ്ത്രീകളുടെ ആവലാതി’. മുസ്ലീം സമുദായത്തിനകത്ത് പുരുഷനുള്ള അനിയന്ത്രിതമായ വിവാഹമോചന അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ആ കവിത. അതുപോലെ ബഹുഭാര്യാത്വം സ്ത്രീധനസമ്പ്രദായം തുടങ്ങിയ പുരുഷന് മേല്‍ക്കൈ നല്‍കുന്ന ആചാര സമ്പ്രാദായങ്ങളെയെല്ലാം വിമര്‍ശിക്കുന്ന പാട്ടുകള്‍ അവരുടെതായുണ്ട്. യേശുദാസിനെപോലുള്ള പ്രശസ്ത ഗായകര്‍ പാടിയ പാട്ടുകളും ഇവരുടെതായുണ്ട്. സാമൂഹ്യവിമര്‍ശനവും, കാവ്യാത്മകതയും ഗാനാന്മകതയുമെല്ലാം ഇതില്‍ സമ്മേളിച്ചതിന്‍റെ സൂചനതന്നെയായിതിനെ കണക്കാക്കം.
സ്ത്രീയുടെ ബോധത്തെ ആവിഷ്ക്കരിക്കാന്‍ ഭാഷ അപര്യാപ്തമാണെന്നതല്ല സ്ത്രീഭാഷയുടെ പ്രശ്നം. ഉള്ളിലുള്ളതെല്ലാം മറച്ചുവെക്കാതെ ആവിഷ്ക്കരിക്കാനുള്ള സാധ്യത എത്രമാത്രം ഭാഷയിലുണ്ടെന്നതാണ്. അതിന്‍റെ സൗന്ദര്യാന്മകവും വിപ്ലവാത്മകവുമായ സാധ്യതകളെ സ്ത്രീകള്‍ക്കെത്രമാത്രം പ്രയോജനപ്പെടുത്താനാകുന്നുണ്ടെന്നതാണ്. അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ ഭാഷയിലെ സൗന്ദര്യാന്മകമൂല്യങ്ങളെയും പുരുഷകേന്ദ്രിത ആശയങ്ങളെയും ചോദ്യം ചെയ്യാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി അറബിമലയാളഭാഷയെയും മാപ്പിളപ്പാട്ടിനെയും സ്ത്രീകള്‍ പ്രയോജനപ്പെടുത്തിയതായി കാണാം. അജ്ഞാതയായ ഒരു പാട്ടുകാരി പാടിയ
പാട്ടുകൊണ്ട് ചൂട്ടുകെട്ടി
മോത്ത്കുത്തും ഞാനെടി
എന്ന വരികളില്‍ ഇതിന്‍റെ വിപ്ലവാത്മകതയും സവിശേഷ പ്രയോഗത്തിന്‍റെ സൗന്ദര്യാത്മകതയും ഒരുപോലെ സമ്മേളിക്കുന്നത് കാണാം. മലയാളത്തില്‍ ആധുനികതയുടെ ഘട്ടത്തിലാണ് പാട്ടുകൊണ്ട് ചൂട്ടുകെട്ടുക എന്ന പ്രയോഗം കെ.ജി ശങ്കരപിള്ളയുടെ കവിതയിലൂണ്ടാവുന്നത്. ഇതുകൂടി ഓര്‍ക്കുമ്പോള്‍ ഭാഷയിലുള്ള സ്വാധീനം മാത്രമല്ല അതിന്‍റെ സാധ്യത കൂടി നമ്മെ വിസ്മയിപ്പിക്കുന്നതാണ്.
ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി.
പ്രൊഫസര്‍, സംസ്കൃത സര്‍വകലാശാല, തിരൂര്‍
COMMENTS