Homeചർച്ചാവിഷയം

കേരളവികസനത്തിലെ സ്ത്രീ ഇടപെടലുകള്‍

തിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്‍റെ വികാസചരിത്രത്തില്‍ സ്ത്രീകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന ഈ അന്വേഷണം നടത്തുന്നത്. കേരളം സ്ത്രീ സൗഹാര്‍ദ്ദപരമാക്കുന്നതിനുള്ള കുറെ നടപടികള്‍ മുഖ്യരാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 140 അസംബ്ലി മണ്ഡലങ്ങളുള്ള കേരളത്തില്‍ പ്രമുഖ മുന്നണികള്‍ക്കെല്ലാം ചേര്‍ന്ന് പത്തുശതമാനത്തില്‍ താഴെ സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. പതിനാലാം നിയമസഭയില്‍ കേവലം 8 പേരാണ് സ്ത്രീ സാമാജികര്‍ ആയി ഉണ്ടായിരുന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്.


ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കകത്ത് നിന്ന് കൊണ്ട് ഒരു വികസിത സമൂഹം എന്ന നിലയില്‍ മാറുവാന്‍ കേരളം ഇന്ന് വലിയ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷം പേരും ഇന്ന് ഉപജീവനത്തിനായി ആശ്രയിക്കുന്ന കാര്‍ഷികമേഖലയും വ്യവസായ മേഖലയും ആഗോളവത്ക്കരണത്തിന്‍റെ പിടിയില്‍പെട്ട് തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. പകരം ആധുനികരീതിയിലുള്ള കൊച്ചു വ്യവസായ സംരംഭങ്ങളിലും ചെറുകിടകൃഷിയിലും ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. പൊതുവില്‍ മെച്ചപ്പെട്ട ജീവിതനിലവാരം ഉണ്ടെങ്കിലും ദാരിദ്ര്യ തുരുത്തുകള്‍ ഇന്നും നമ്മുടെ സംസ്ഥാനത്തുണ്ട്. അതില്‍ ഇടപെടുന്നവര്‍ പ്രധാനമായും സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ ലിംഗത്വ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരാണ്. പ്രകൃതിയോട് കാണിക്കുന്ന അനാദരവും ചൂഷണവും ഇക്കാലമത്രയും വീണ്ടുവിചാരമില്ലാതെ തുടര്‍ന്നു പോന്നിട്ടുണ്ട്. 2018ലെ പ്രളയം, 2019ല്‍ ആരംഭിച്ച് 2020ല്‍ കേരളത്തില്‍ പടര്‍ന്ന് പിടിച്ച കോവിഡ് എന്ന മഹാമാരി എന്നിവ കേരളത്തിന്‍റെ സാമ്പത്തിക വികസനത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടുള്ള വിധം ബാധിച്ചിട്ടുണ്ട്. അതോടൊപ്പം സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ മത്സരിക്കാന്‍ പോലും ത്രാണിയില്ലാത്ത വിധത്തില്‍ ഇന്ത്യന്‍ പൊതുമേഖല/സഹകരണ മേഖല സംരംഭങ്ങള്‍ ആടിയുലയുകയാണ്.

വികസന ചരിത്രം
കേരളമെന്ന ചെറിയ സംസ്ഥാനത്തിന്‍റെ 64 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള വികസനചരിത്രത്തില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഇടപെടലുകള്‍ സ്ത്രീകളുടെ ഇന്നുള്ള പദവിയുമായി ബന്ധപ്പെടുത്തി മാത്രമേ വിലയിരുത്താനാവൂ.

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ വികാസത്തില്‍ ജാതി വ്യവസ്ഥയ്ക്കെതിരെ ശബ്ദം ഉയര്‍ത്തിയ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വിദേശാധിപത്യത്തിനെതിരെ രൂപപ്പെട്ട ദേശീയ പ്രസ്ഥാനം കേരളമടക്കമുള്ള ഭാഷാസംസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് കാരണമായി. സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങളിലും എണ്ണമറ്റ സ്ത്രീ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. സ്ത്രീ ശരീരം ചര്‍ച്ച ചെയ്യപ്പെടുന്ന അവകാശ പോരാട്ടങ്ങള്‍ അടക്കം നവോത്ഥാന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സമരങ്ങളിലെ പങ്കാളിത്തം രാഷ്ട്രീയനേതൃത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന കാര്യത്തില്‍ ഒട്ടും നീതി പുലര്‍ത്തിയിട്ടില്ല എന്ന് കാണാം. മാത്രമല്ല ഒരു കുടുംബസ്ഥ എന്നതിലപ്പുറം പൊതുജീവിതം സ്വന്തമാക്കാന്‍ ഈ സമരങ്ങള്‍ സ്ത്രീകളെ വലിയ അളവില്‍ സഹായിച്ചില്ല.

നിലവില്‍ സംസ്ഥാനഭരണകൂടത്തിന്‍റെ കീഴില്‍ പ്രധാനമായും നടപ്പാക്കി വരുന്ന ഒന്നാണ് വികസനം. തദ്ദേശ സര്‍ക്കാരുകള്‍ പ്രാദേശികമായി ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും പൊതുവായുള്ള വികസന നയം കേരളത്തില്‍ ഇതുവരെയും 5 വര്‍ഷം കൂടുമ്പോള്‍ മാറി വന്നിരുന്ന സംസ്ഥാനസര്‍ക്കാരുകളുടേത് തന്നെയാണ്. ഈ വികസന നയമാകട്ടെ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.

അക്കാദമിക് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേരള മാതൃക നമ്മുടെ പഞ്ചവത്സരപദ്ധതികളുമായി ചേര്‍ത്ത് വെച്ചാണ് കാണാറുള്ളത്. അതനുസരിച്ച് കേരള ജനതയുടെ ജീവിതനിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രധാനപ്പെട്ട വികസന സൂചികകളായ പ്രാഥമികാവശ്യങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യങ്ങള്‍ ഇവയൊക്കെ തന്നെ അതില്‍ എടുത്ത് പറയാവുന്നതുമാണ്. കുടുംബം എന്ന യൂണിറ്റിനെ അടിസ്ഥാനപ്പെടുത്തിയ വികസന കാഴ്ചപ്പാടിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കും ഇതിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാനായിട്ടുണ്ട്. പ്രധാനമായും ക്ഷേമപദ്ധതികളിലൂന്നിയ സമീപനമായിരുന്നു കേരള വികസനത്തിന്‍റേത് എന്നതിന് സ്ത്രീകളുടേതടക്കമുള്ള എല്ലാ വിഭാഗങ്ങളുടേയും ക്ഷേമം സംരക്ഷിച്ച് പോരുന്നതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വികസനത്തിനും തൊഴിലിനും വരുമാനത്തിനുമായി പ്രവാസികളായി മാറിയവര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് പ്രവാസി സ്ത്രീകള്‍ കേരളത്തിലെ സമ്പത്ഘടനയെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്.

ഏഴ്, എട്ട് പഞ്ചവത്സര പദ്ധതി കാലത്ത് സ്ത്രീകളെ കേന്ദ്രീകരിച്ച് ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. 1970കളോടെയാണ് ‘സ്ത്രീകളും വികസനവും’ എന്ന ആശയം ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നതും ‘സ്ത്രീകള്‍ വികസനത്തില്‍’ പങ്കാളികളാകേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നതും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ഏറെക്കുറെ പുരുഷപ്രാതിനിധ്യമുള്ള സര്‍ക്കാര്‍ നടപ്പാക്കുക എന്ന പതിവ് രീതിയില്‍ നിന്ന്, സ്ത്രീകളടങ്ങുന്ന ഒരു കൂട്ടമാണ് തീരുമാനമെടുക്കേണ്ടതെന്ന ശരിയിലേക്ക് ആശയപരമായെങ്കിലും എത്തിച്ചേരുന്നു. ഒമ്പതാം പഞ്ചവത്സരപദ്ധതി കാലത്ത് തദ്ദേശസ്ഥാപനങ്ങളിലെങ്കിലും വികസന കാര്യങ്ങളില്‍ ഇടപെടല്‍ അവസരം ഒരുക്കുന്ന തരത്തില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ഭരണത്തില്‍ ലഭിക്കുകയുണ്ടായി. (2010ല്‍ അത് 50% ആയി ഉയര്‍ത്തുകയും ചെയ്തു) ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം കുടുംബത്തിലൂടെ അതും സ്ത്രീകളിലൂടെ എന്ന കാഴ്ചപ്പാടോടെ കുടുംബശ്രീ രൂപം കൊണ്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതത്തിന്‍റെ 10% എങ്കിലും സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയര്‍ത്തുന്ന പദ്ധതികള്‍ക്കായി മാറ്റിവെക്കാന്‍ നിര്‍ദ്ദേശിക്കുന്ന വനിതാഘടക പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചു.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നവകേരളത്തിന്‍റെ നിര്‍മ്മിതിക്കായി ഹരിത കേരള മിഷന്‍, ലൈഫ് മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതു വിദ്യാഭ്യാസ യജ്ഞം എന്നീ മിഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പശ്ചാത്തല വികസനം ഒരുക്കുന്നതിനായി കിഫ്ബി തുടങ്ങിയ പുതിയ സംരംഭങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ഇവയെല്ലാം വര്‍ധിച്ച ജനപങ്കാളിത്തത്തോടെ അതില്‍ തന്നെ സ്ത്രീപ്രാതിനിധ്യത്തോടെ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ്.

വികസനപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുകാര്‍ ആകുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെന്ന് തീരുമാനിക്കുന്ന വേദികളില്‍ പങ്കാളിത്തം വളരെ കുറവാണ്. ഇതിന്‍റെ ഭാഗമായി പലപ്പോഴും പല പദ്ധതികളുടെയും നടത്തിപ്പില്‍ ലിംഗപരമായ തൊഴില്‍ വിഭജനം അതുപോലെതന്നെ നടപ്പിലാക്കപ്പെടുന്ന അവസ്ഥയും സൃഷ്ടിക്കുന്നു. വികസന പ്രവര്‍ത്തനത്തെ ലിംഗപദവി സംവേദനക്ഷമതയുള്ളതാക്കി തീര്‍ക്കാന്‍ സ്ത്രീകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് പല പദ്ധതികളുടേയും നടത്തിപ്പിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പലപ്പോഴും സ്ത്രീകള്‍ ഇവയുടെ ഗുണ ഭോതാക്കള്‍ ആയി മാത്രം കാണുന്ന അവസ്ഥയുമുണ്ട് ഇന്ത്യയില്‍ കാര്‍ഷിക മേഖല പുരുഷ കേന്ദ്രീകൃതമാണ് ഇപ്പോഴും. കാര്‍ഷികവൃത്തിയില്‍ സ്ത്രീകളുടെ സംഭാവന വളരെ മികച്ചതാണെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം മിക്കവാറും പുരുഷനില്‍ നിക്ഷിപ്തമാണെന്നതിനാല്‍ നമ്മുടെ സംസ്ഥാനത്തെ സ്ത്രീകളെ കര്‍ഷകരായി പോലും അംഗീകരിക്കാന്‍ തയ്യാറാകാറില്ല.

വികസന പ്രവര്‍ത്തനങ്ങളിലെ സ്ത്രീ കര്‍തൃത്വം
കൂടുതല്‍ അവകാശാധിഷ്ഠിതമായും സാമൂഹ്യനീതിയില്‍ അടിസ്ഥാനപ്പെടുത്തിയും നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകേണ്ടതുണ്ട് . വ്യത്യസ്ത വര്‍ഗ്ഗം/ ലിംഗം/ ജാതി /മതം/ ശാരീരികാവസ്ഥ എന്നിവയൊക്കെയുള്ള സൗഹാര്‍ദ്ദപരമായ കാഴ്ചപ്പാടോട് കൂടിയ വികസന സംസ്കാരത്തിലേക്ക് നാം ഉയര്‍ന്നുവരേണ്ടതുണ്ട്. വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ ഇവര്‍ അനുഭവിച്ചാല്‍ മാത്രം പോര ഇവ രൂപപ്പെടുത്തിയെടുക്കുന്ന മുഴുവന്‍ വേദികളിലും മേല്‍സൂചിപ്പിച്ച എല്ലാ വിഭാഗം വ്യക്തികള്‍ക്കും പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. ശ്രേണീബദ്ധമായ അധികാര ബന്ധങ്ങള്‍ അകത്തും പുറത്തും തകര്‍ത്തു കളയുക എന്നതാണ് മുന്നിലുള്ള മാര്‍ഗ്ഗം. കേരളത്തില്‍ സ്ത്രീ കര്‍തൃത്വം കുറേക്കൂടി മെച്ചപ്പെട്ട ലക്ഷണങ്ങളാണ് കാണുന്നത്. അത്തരം ചിന്താധാരകള്‍ ചെറുതെങ്കിലും സംഘടിത ശക്തികളായി ഈ കാലത്ത് രൂപംകൊണ്ടു വരുന്നുമുണ്ട്. ഇത് സ്ത്രീകളുടെ ശരീരത്തെ ലൈംഗികവല്‍ക്കരിക്കുന്നതിനെതിരെയും ചരക്കുവല്‍ക്കരിക്കുന്നതിനെതിരെയും ശബ്ദിക്കുന്നുണ്ട്. പുരുഷനോടൊപ്പം എല്ലാതരത്തിലും നിലകൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള ഈ ശ്രമങ്ങള്‍ പലപ്പോഴും ചില പ്രശ്നങ്ങള്‍ കുടുംബത്തിലും പൊതുസമൂഹത്തിലും ഉണ്ടാക്കിയിട്ടുണ്ട്. പുരുഷാധിപത്യപരമായ ലിംഗബോധത്തെ ചോദ്യം ചെയ്തു സ്വന്തം കര്‍തൃത്വം നേടിയെടുക്കുന്ന സാഹചര്യത്തിലാണ് ഇപ്രകാരം പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് തലമുണ്ഡനം ചെയ്യേണ്ടി വരുന്നത്. ഇനിയും കണ്ണു തുറക്കാന്‍ തയ്യാറാകാത്ത പുരുഷ ധാര്‍ഷ്ട്യത്തിനെതിരായ താക്കീതാണത് തീര്‍ച്ച. 1935ല്‍ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് ആനി മസ്ക്രീന്‍ പറഞ്ഞത് ‘തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്ത്രീകള്‍ കണക്കു പറഞ്ഞു വാങ്ങുക തന്നെ ചെയ്യും. ജന്മാവകാശങ്ങള്‍ ആരെല്ലാം കവര്‍ന്നെടുത്തിട്ടുണ്ടെന്ന് നോക്കാനും കണക്കു പറഞ്ഞു വാങ്ങാനും സ്ത്രീകള്‍ ഇനി അമാന്തിക്കുകയില്ല.’ ഈ പോരാട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് ഇന്നും നേടിയെടുക്കാനാവാത്ത ചില നിര്‍ണായക ആവശ്യങ്ങള്‍ക്കുവേണ്ടി തുടരേണ്ടതായി വരിക തന്നെ ചെയ്യുന്നു.

 

 

 

 

ഡോ. അമൃത കെ. പി.
റിസര്‍ച്ച് അസോസിയേറ്റ്, കില. സത്രീ-സാമൂഹിക പ്രവര്‍ത്തക

 

COMMENTS

COMMENT WITH EMAIL: 0