Homeചർച്ചാവിഷയം

കൊലപാതകരാഷ്ട്രീയവും കണ്ണൂരിലെ സ്ത്രീകളും: ഓര്‍മ്മ, അനുഭവം

ഡോ. ദീപ വി. കെ.

ണ്ണൂര്‍ ജില്ല കേരളഭൂപടത്തിന്‍റെ ഭാഗമല്ലാതിരുന്ന അല്ലെങ്കില്‍ അങ്ങിനെയാണോ എന്ന് മറ്റു സംസ്ഥാനത്തിലെ ആളുകള്‍ സംശയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് അധികം പഴയ സംഭവമല്ല. ഒരു കൊലപാതകത്തിന്‍റെ ശ്യംഖലക്കുതന്നെ കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ജീവിച്ചിരുന്ന ഏതൊരു മനുഷ്യനും പറയുവാനുണ്ടാവും പേടിപ്പെടുത്തുന്ന ആ കഥകള്‍. കൂട്ടക്കൊലപാതകം സംഭവിക്കുന്ന നാളുകളില്‍ പ്രകൃതിപോലും അതിന്‍റെ ഭീകരത ആവാഹിച്ചെടുത്തു പുറത്തേക്ക് കാണിക്കുന്നതുപോലെ തോന്നും. അത്രയ്ക്ക് നിശ്ചലമാവും അന്തരീക്ഷം. കടകളൊക്കെ മാസങ്ങളോളം അടഞ്ഞുകിടപ്പുണ്ടാവും. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. പൊതുവെ മിക്ക വീടുകളും കുടുംബങ്ങളും പട്ടിണിയിലാവും. ചില ആളുകളൊക്കെ ഭക്ഷണസാധങ്ങള്‍ അയല്‍പക്കക്കാരുമായി വീതിച്ചെടുക്കും. എങ്ങും കനത്ത നിശബ്ദതയാവും. ബോംബിന്‍റെ ശബ്ദം മാത്രം ചുറ്റുപാടുനിന്നും മുഴങ്ങികേള്‍ക്കാം. പ്രകൃതി അതുമായി അത്രയ്ക്കങ്ങു താദാത്മ്യം പ്രാപിച്ചതുപോലെ തോന്നാം.

സ്ത്രീകള്‍ തങ്ങളുടെ വീടുകളിലെ ആണുങ്ങളെ ആലോചിച്ചു ആധി കൊള്ളുന്ന സമയമാണ്… ഏതുസമയത്തും അവര്‍ അക്രമിക്കപ്പെടാം. സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീടുപോലും അവര്‍ക്ക് അന്യമാവുന്ന അവസ്ഥ സംജാതമാകും. ഏതൊരു ആണും ഒരുപോലെ ഈ ഭീഷണിയുടെ വക്കിലാവും എന്നതാണ് സത്യം. പലപ്പോഴും സുഹൃത്തുക്കളുടെ വീട് പോലും അവര്‍ക്ക് അഭയമാവുന്നില്ല. എന്തെന്നാല്‍ അവിടെയും അവര്‍ വേട്ടയാടപ്പെടും. തങ്ങളുടെ വീടുകളിലും അവരുടെ വീടുകളിലും ആണുങ്ങള്‍ സുരക്ഷിതര്‍ അല്ലെന്ന ബോധം സ്ത്രീകളുടെ ഉറക്കം കെടുത്തും. ഇനി അഥവാ അവര്‍ സ്വന്തം  വീടുകളില്‍ നിന്ന് മാറിനിന്നാല്‍ത്തന്നെ സ്ത്രീകള്‍ തങ്ങള്‍ ഉള്ളിടത്തു സുരക്ഷിതര്‍ ആവാറില്ല. ആണുങ്ങളെത്തേടി കൊലപാതകികള്‍ എത്തിയാല്‍ തങ്ങളുടെ ജീവനും സ്വത്തിനും അത് ഭീഷണിയാവാറുണ്ട്. പലപ്പോഴും അവര്‍ വീട്ടുസാധനങ്ങളൊക്കെ അടിച്ചുടക്കും. സ്ത്രീകള്‍ ജീവനും കൊണ്ട് പുറത്തേക്കോടും.

ആ ഒരു സമയക്കാലം കണ്ണൂര്‍ ജില്ലയിലെ സ്ത്രീകളെ കല്യാണം കഴിക്കാന്‍ പുറത്തുനിന്നുڔആളുകള്‍ ഭയപ്പെട്ടിരുന്ന സമയമാണ്. കണ്ണൂര്‍ എന്നും രാഷ്ട്രീയകൊലപാതകങ്ങളുടെ വിളനിലമായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ അത് പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകളെ അങ്ങിനെയൊക്കെ ബാധിച്ചിട്ടുണ്ട് എന്ന് എടുത്തുപരിശോധിക്കേണ്ട കാര്യമാണ്. ഏതൊരു പ്രകൃതിവിരുദ്ധമായ സംഭവവികാസങ്ങളും സ്ത്രീകളില്‍ ഉണ്ടാക്കുന്ന ഫലം കുറച്ചൊന്നുമല്ലല്ലോ. അങ്ങിനെയൊരു സാഹചര്യത്തില്‍ മതിയായ തെളിവുകളുടെയും അനുഭവത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇതിനെ പ്രതിപാദിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.  ഇത്തരത്തില്‍ ഒരു രാഷ്ട്രീയ കൊലപാതക ചരിത്രം കണ്ണൂരില്‍ ആരംഭിച്ചിട്ട് ഏതാണ്ട് നാല്‍പ്പതു വര്‍ഷത്തോളം ആയിക്കാണും. അതിന്‍റെ പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. അത് വ്യത്യസ്ത മേഖലയിലെ ആളുകളെ വ്യത്യസ്തമായി ബാധിച്ചു എന്നതാണ് സത്യം. സ്ത്രീകളെയുംڔകുട്ടികളെയുംڔമുന്‍പറഞ്ഞതുപോലെ അത് ബാധിച്ച വിധം വ്യത്യസ്തമാണ്.

കണ്ണൂര്‍ ജനിച്ചു ജീവിച്ച ആള്‍ എന്ന നിലയില്‍ ഞാന്‍ അതിനെ കുറച്ചുകൂടെ ആധികാരികമായി നോക്കിക്കാണാന്‍ കൂടെ ഉദ്ദേശിക്കുന്നു. അക്രമരാഷ്ട്രീയത്തില്‍ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ട ചില സ്ത്രീകളുമായി നടത്തിയ സംഭാഷണത്തില്‍നിന്നും കാര്യങ്ങള്‍ കുറച്ചുകൂടെ മനസ്സിലാക്കാന്‍ സാധിച്ചു. പലപ്പോഴായി പറക്കമുറ്റാത്ത മക്കളെയും കൊണ്ട് ഇനിയെന്ത് എന്ന് ചോദ്യചിഹ്നമായവര്‍, അല്ലെങ്കില്‍ ആരും തുണയില്ലാതെ ഇനി എങ്ങോട്ട് പോവും എന്ന് ആശങ്കപ്പെടുന്നവര്‍. സ്വന്തം വീട്ടില്‍ തങ്ങളൊരു ഭാരമായി ജീവിക്കേണ്ടിവരുന്നതിനെ ഭയപ്പെടേണ്ടി വന്നവര്‍ ഇങ്ങനെയൊക്കെ പോവുന്നു ആ നിര ഇതിലെ ഏറ്റവും പരിതാപകരമായ കാര്യം തീരെ പ്രതീക്ഷിക്കാതെ ഇത് ഒരു കുടുംബത്തില്‍ വന്നുചേരുമ്പോഴുണ്ടാവുന്ന അവസ്ഥയാണ്. രാഷ്ട്രീയപരമായി അധികമൊന്നും പുറത്തു സംവദിക്കാത്ത വ്യക്തികളാണ് കൂടുതലായി കൊലക്കത്തിക്ക് ഇരയായത്എന്നതാണ് പരമാര്‍ത്ഥം. അതുകൊണ്ടുതന്നെ അവനവനോ അവരുടെ വേണ്ടപ്പെട്ടവരോ ഇങ്ങനെയൊരു ചതിയോ അപകടമോ ഒട്ടും തന്നെ പ്രതീക്ഷിക്കുന്നില്ല. അവിടെയാണ് ഇത്തരം കൊലപാതകങ്ങളുടെ ഒരു ഭീകരാവസ്ഥ നിലനില്‍ക്കുന്നത്. അവരുടെ സ്ത്രീകള്‍ ഒരൊറ്റ നിമിഷം കൊണ്ട് വേരറ്റവരായി, തുണയറ്റവരായി മാറുന്നു എന്നുള്ളതാണ്.ڔ
ഒട്ടുമിക്കവാറും അനാഥരായിപ്പോവുന്ന സ്ത്രീകളുടെ മുന്നിലുള്ള ഏകപോംവഴിڔസ്വന്തം വീട്ടില്‍ അഭയം തേടുക എന്നതാണ്, അത് കുട്ടികള്‍ ഉള്ളവരാണെങ്കിലും അല്ലെങ്കിലും. അങ്ങിനെ സ്വന്തം വീടുകളിലേക്ക് മടങ്ങിയവര്‍ ആദ്യമായി ശ്രമിക്കുന്നത് എങ്ങിനെ തങ്ങള്‍ക്ക് തങ്ങളുടേതായ ഒരു ജീവിതമാര്‍ഗം കണ്ടെത്താം എന്നതുകൂടെയാണ്.

അവിടെയാണ് ഒരു സ്ത്രീ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അവരുടെ അതിജീവനം ഒരു കടമ്പയാവുന്നത്. എന്നാല്‍ ഒട്ടു മിക്ക സ്ത്രീകളും സ്വന്തമായി ഒരു വരുമാന മാര്‍ഗം കണ്ടെത്തുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. അത് ഒരു അത്താണി എന്നതിലുപരി അവരുടെ മാനസിക നില മെച്ചപ്പെടുത്തുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുമുണ്ട്. ഈ ഒരു അവസ്ഥയില്‍ നിന്ന് എന്തെങ്കിലും ഒരു മാര്‍ഗം കണ്ടെത്തുന്നത്ڔവരെ അവരുടെ ജീവിതം നരകതുല്യമാണ്. മിക്കവാറും സ്ത്രീകള്‍ കണ്ടെത്തുന്ന മാര്‍ഗം ബാലവാടിയിലെڔജോലിയാണ്. അതവര്‍ക്ക് ഒരു വലിയ സാന്ത്വനം നല്‍കുന്നു എന്നതാണ് വാസ്തവം.

കൊലപാതകവും അത് ഉണ്ടാക്കുന്ന മാനസിക അവസ്ഥയും പല സ്ത്രീകളെയുംڔപല രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ചിലയാളുകളൊക്കെ രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ക്ക് അതുമായി ഇനിയൊരിക്കലും പൊരുത്തപ്പെട്ടുപോവാന്‍ ആവില്ലെന്ന വിധം അകന്നുപോയിട്ടുണ്ട്. അതൊരു സ്വയം നിര്‍ബന്ധിത തീരുമാനം ആണ് ചിലര്‍ക്കൊക്കെ . മറ്റുചിലവരാകട്ടെ ഇനി എന്ത് വന്നാലും നേരിടാം എന്ന ഉള്‍ക്കരുത്ത് നേടിയവരാണ്. അവര്‍ക്ക് ആധി തങ്ങളുടെ ആണ്‍മക്കളെ ഓര്‍ത്താണ്. അവരും ഇതിന്‍റെ ഭീഷണിക്കിരയാവുമോ എന്ന പേടിയാണ്  മിക്കവര്‍ക്കും. മുന്‍പ് പറഞ്ഞതുപോലെ അധികമൊന്നും രഷ്ട്രീയത്തില്‍ സജീവമാവാത്ത ആളുകളായതുകൊണ്ടും രാഷ്ട്രീയഭേദമെന്യേ ആളുകളോട് പെരുമാറുന്നതുകൊണ്ടും കൊലക്കിരയായവരും ഇങ്ങനെയൊരു അപകടം പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, ഒന്നും ഭയക്കാനില്ലാത്തതുകൊണ്ടുതന്നെ  അങ്ങിനെയുള്ള എന്തെങ്കിലും അപകടസൂചന പോലും അവര്‍ തള്ളിക്കളയുന്നു. വീടുകളിലെ സ്ത്രീകള്‍ അവരെ പുറത്തുപോവുന്നതു തടഞ്ഞാലും ഇക്കൂട്ടര്‍ അതൊന്നും വകവെക്കാറില്ല. അങ്ങിനെയുള്ള ഒട്ടനേകം സംഭവങ്ങളുണ്ട്. അതുമല്ല ഇങ്ങനെ സംഭവിക്കുന്ന വീടുകള്‍ മിക്കവാറും ചുറ്റും എതിര്‍രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളുകളുളള വീടുകളാല്‍ ചുറ്റപ്പെട്ട ഒരു ഒറ്റപ്പെട്ട വീടുകളാണ്. മിക്കവാറും എതിര്‍രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ വഴിക്കുവെച്ചങ്ങാനും കണ്ടുമുട്ടിയാല്‍ പോലും കുശലം അന്വേഷിക്കുകയോ പരസ്പരം മിണ്ടുക പോലുമോ ചെയ്യാറില്ല.
ലേഖിക കൊലപാതകത്തില്‍ തങ്ങളുടെ ഉറ്റവര്‍ നഷ്ടപ്പെട്ട ചില സ്ത്രീകളുടെ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

അറുപത്തിയഞ്ച് വയസ്സുള്ള സ്ത്രീയാണ് സരോജിനി. അവരുടെ ഭര്‍ത്താവിനെ ഏകദേശം നാല്‍പതു കൊല്ലത്തിനു മുന്‍പേ കൊലപാതകത്തില്‍ നഷ്ടപ്പെട്ടതാണ്. പതിനെട്ട് വയസ്സില്‍ കല്യാണം കഴിഞ്ഞു അഞ്ചു വര്‍ഷത്തിനിടെ തന്‍റെ ഭര്‍ത്താവ് ബോംബേറിനിരയായി. അവര്‍ ആ അനുഭവം വിവരിക്കുന്നതിങ്ങനെ. തന്‍റെ ഭര്‍ത്താവിന് ബീഡിപ്പണിڔആയിരുന്നു ജോലി. ഒരു ദിവസം ജോലി ചെയ്യാന്‍ പോയപ്പോള്‍ തൊട്ടപ്പുറത്തെ കടയില്‍നിന്ന് ബോംബേറിന്‍റെ ശബ്ദം കേട്ട് ചെന്ന് നോക്കിയതാണ്. അവിടെ ഉണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടു, ഇയാള്‍ മാത്രം മരിച്ചു. പൊടുന്നനവെ ഉണ്ടായ ഷോക്കില്‍നിന്നും പുറത്തുകടക്കാനായില്ല. വേറൊരു മാര്‍ഗ്ഗവും മുന്നില്‍ തെളിയാത്തതുകൊണ്ടു സ്വന്തം വീട്ടിലേക്കു തിരിച്ചുവന്നു. അവിടെ കൂടപ്പിറപ്പുകളൊക്കെ ഇളയവരായതുകൊണ്ടു അവര്‍ക്കു ബാധ്യതയാവാന്‍ തുടങ്ങി. കുടുംബം നോക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടു അമ്മ കൂലിപ്പണിക്ക് പോവാന്‍ തുടങ്ങി. അത്രയും ചെറുപ്പം ആയിട്ടുപോലും പിന്നീടൊരു കുടുംബത്തെപ്പറ്റി ആലോചിച്ചതേയില്ല. അത്രക്ക് ആഘാതം ഏറ്റിട്ടുണ്ടായിരുന്നു മനസ്സിന്. പിന്നീട് പാര്‍ട്ടി തന്നെ ഇടപെട്ടു ബാലവാടിയില്‍ ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. അങ്ങിനെയാണ്  ക്രമേണ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയത്. കുട്ടികളുമായുള്ള ഇടപഴകല്‍ മനസ്സിന് ആശ്വാസം പകര്‍ന്നു. പക്ഷെ പിന്നീട് രാഷ്ട്രീയത്തില്‍ നിന്നെല്ലാം അകന്നു. ഇപ്പോള്‍ എവിടെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നു കേട്ടാലും ബോധക്ഷയം ഉണ്ടാകും. ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം വീണ്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.

അമ്പതു വയസ്സുള്ള ലീലയാണ് അടുത്തയാള്‍ കൊലപാതകം നടക്കുമ്പോള്‍ അവര്‍ക്ക് രണ്ട് മക്കളുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് കുറച്ചൊക്കെ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നതാണ്. ഒരുദിവസം അക്രമികള്‍ വീടിന്‍റെ ഉള്ളില്‍ കയറി വരാന്തയില്‍ ഉറങ്ങുകയായിരുന്ന അവരുടെ ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. അതില്‍പിന്നെ കുറേക്കാലം അവര്‍ക്ക് മാനസികനില തെറ്റിക്കിടക്കുകയായിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുത്തു. ബാലവാടിയില്‍ ജോലി ശരിയായതോടെ ജീവിതം സാധാരണനിലയിലേക്ക് തിരിച്ചുപിടിച്ചു. എങ്കിലും ഇപ്പോഴും ആ കൊലപാതകത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സ് നിശ്ചലമാകും. മക്കള്‍ ഇപ്പോള്‍ വലുതായി. എങ്കിലും തന്‍റെ മകനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്, കാരണം അവനെയും അവര്‍ കൊലക്കത്തിക്ക് ഇരയാക്കിയെങ്കിലോ. എങ്കിലും അവര്‍ ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവമായിത്തന്നെ നിലകൊള്ളുന്നുണ്ട്.

മൂന്നാമത്തെയാള്‍ രാധ, അറുപതു വയസ്സ്. സംഭവം നടക്കുമ്പോള്‍ അവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഒരു പ്രകോപനവും കൂടാതെയുള്ള ആക്രമണമായിരുന്നു അതും. മതരാഷ്ട്രീയ ഭേദമെനന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആളായിരുന്നു അവരുടെ ഭര്‍ത്താവ്. അതുകൊണ്ടുതന്നെ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. അയാളെ ആശ്രയിച്ചു കഴിയുന്ന പെങ്ങന്മാരും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ മുതല്‍ രാത്രി വരെ ഒന്നിച്ചു സൗഹൃദത്തിന്‍റെ പേരില്‍ കൂടെ നടന്ന ആള്‍ക്കാര്‍ തന്നെ ഒളിച്ചിരുന്ന് അയാളെ ചതിച്ചുകൊല്ലുകയാണ് ഉണ്ടായത്. അക്രമം നടക്കുന്ന സമയമാണ്, എങ്കിലും താന്‍ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണല്ലോ തനിക്ക് ശത്രുക്കളില്ലല്ലോ എന്ന ആത്മവിശ്വാസത്തിലായിരുന്നു അയാള്‍. തനിക്ക് പെങ്ങന്മാരില്‍നിന്നു കിട്ടിയ മുന്നറിയിപ്പുപോലും അയാള്‍ ശ്രദ്ധിച്ചില്ല. വീട്ടുകാര്‍ കൊലപാതകത്തിന്‍റെവാര്‍ത്ത കേട്ടപ്പോള്‍ അത് തങ്ങളുടെ വീട്ടില്‍നിന്ന് ഒരാളാവുമെന്നു ചിന്തിച്ചതേയില്ല. പക്ഷെ, അതറിഞ്ഞനിമിഷം എങ്ങിനെയെന്ന് അവര്‍ക്കിപ്പോഴും ചിന്തിയ്ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

തന്‍റെ രണ്ടു പറക്കമുറ്റാത്ത കുട്ടികളെയുംകൊണ്ട് തന്‍റെ വീട്ടില്‍ തിരിച്ചുപോയി ശിഷ്ടകാലം ജീവിക്കാന്‍ തീരുമാനിച്ചിരുന്നു അവര്‍. എന്നാല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ചു. മക്കളിലായിരുന്നു ഏവരുടെയുംപ്രതീക്ഷ. അതുകൊണ്ടുതന്നെ പിടിച്ചുനിന്നു. എങ്കിലും ഇന്നും ഒരു ഒറ്റപ്പെട്ടുപോയ അന്തരീക്ഷമാണ്. അന്യ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ പരസ്പരം വഴിയില്‍ കണ്ടാല്‍ പോലും മിണ്ടാത്ത അവസ്ഥയാണിവിടെ. ജാതിയും മതവും പോലെ തന്നെ രാഷ്ട്രീയവും മനുഷ്യനെ എങ്ങിനെ വേര്‍തിരിച്ചു കാണാന്‍ പ്രേരിപ്പിക്കുന്നു എന്നതിനുദാഹരണം!

സുജ, അമ്പതു വയസ്സ്. അവര്‍ക്കു കല്യാണം കഴിഞ്ഞു നാല് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് കൊലപാതകത്തില്‍ നഷ്ടപ്പെട്ടതാണ്. ഒരു മകനുണ്ട്. അവരുടെ ഭര്‍ത്താവ് ജനപ്രിയനായ ഒരാളായിരുന്നു അതുകൊണ്ടുതന്നെ രാഷ്ട്രീയപരമായി ശത്രുക്കള്‍ ഉണ്ടാവുമെന്ന് ഒട്ടും ഭയപ്പെട്ടിരുന്നില്ല. ഒരു ക്ഷേത്രത്തില്‍ നടന്ന വാക്കു തര്‍ക്കം ഒരു നിരപരാധിയുടെ കൊലപാതകത്തില്‍ ചെന്ന് അവസാനിച്ചതാണ്. ചിലപ്പോഴൊക്കെയും ചില ചെറിയ വഴക്കുകള്‍ ഇങ്ങനെയുള്ള കൊലപാതകത്തില്‍ ചെന്ന് അവസാനിക്കാറുണ്ട്. അതാകട്ടെ മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും പുറത്താവും. ഭര്‍ത്താവ് മരിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തി, വര്‍ഷങ്ങളോളം വെറുതെയിരിക്കേണ്ടി വന്നു. ഓര്‍ത്തെടുക്കാനാവാത്തവിധം ദുസ്സഹമായിരുന്നു കാര്യങ്ങള്‍. പിന്നീട് പതിയെ ആത്മവിശ്വാസം വീണ്ടെടുത്ത് ജോലിക്ക് ശ്രമിക്കാന്‍ തുടങ്ങി, അങ്ങിനെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി ഒരു ജോലി തരപ്പെടുത്തി. ഒരു വയസ്സുള്ള മകന്‍ ഇപ്പോള്‍ വളര്‍ന്നു വലുതായി എങ്കിലും തന്‍റെ പ്രായമുള്ള കുട്ടികളില്‍ നിന്നും വളരെ വ്യത്യസ്തമായാണ് പെരുമാറ്റം.  മറ്റുള്ളവരോട് അടുത്തിടപഴകാന്‍ വിമുഖതയാണ്. അച്ഛനെപ്പറ്റി ഒരക്ഷരം ചോദിക്കാറില്ല, ആരും പറയാറുമില്ല.  എന്തായാലും അതൊരു നല്ല അവസ്ഥയായി തോന്നിയില്ല!

അങ്ങിനെ എത്രയെത്ര കഥകളുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ആയുസ്സു മുഴുവന്‍ ഹോമിക്കേണ്ടി വന്നവര്‍. എന്തെങ്കിലും കച്ചിത്തുരുമ്പില്‍ അഭയം തേടി പിന്നെയും മനസ്സിന്‍റെ ഉള്‍ക്കരുത്തുകൊണ്ടുമാത്രം പ്രതീക്ഷകളെ താലോലിക്കുന്നവര്‍. ഇവരെല്ലാം സ്ത്രീകളാണ്. സ്വന്തം ആര്‍ജ്ജവം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ചവ.

ഡോ. ദീപ വി. കെ.
മുന്‍ പോസ്റ്റ് ഡോക്ടറല്‍ അസ്സോസിയേറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്