Homeഅഭിമുഖം

ലോകം മാറാന്‍ കുറുക്കുവഴികളില്ല

ചോദ്യം: സിനിമ എന്ന വ്യവസായത്തില്‍ സ്വതന്ത്രമായി നില്‍ക്കാന്‍ ഒരു സ്ത്രീക്ക് സാധിക്കുമോ? കുഞ്ഞിലയുടെ ഇടത്തെ എങ്ങനെ കാണുന്നു?
ഉത്തരം : ഇന്‍ഡിപെന്‍ഡന്‍റ് ആയി നില്‍ക്കുമ്പോള്‍ എന്തു സ്വാതന്ത്ര്യമാണുള്ളത് എന്ന് ചോദിച്ചാല്‍, ശരിക്കും അതിന് സ്വാതന്ത്ര്യം എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഭയങ്കര ദുര്‍ഘടമായിട്ടുള്ള ഒരു പാതയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ചൊരു സ്ത്രീക്ക്, അഭിപ്രായമുള്ള സ്ത്രീക്ക്, സ്ത്രീപക്ഷമായിട്ടുള്ള, ഇടതുപക്ഷ അഭിപ്രായമുള്ള ഒരു സ്ത്രീക്ക് വളരെ ദുര്‍ഘടമായ പാതയാണ് സിനിമയില്‍… സ്വതന്ത്രയായി നില നില്‍ക്കുന്നതിനേക്കാള്‍ മുഖ്യധാരയില്‍ അറിയപ്പെടുന്ന ഒരു പ്രൊഡക്ഷന്‍ഹൗസിന്‍റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്ത്രീകള്‍ക്ക് ഏറ്റവും നല്ലത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം അത്രയും ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാവും. എനിക്ക് യാതൊരു സപ്പോര്‍ട്ട് സിസ്റ്റവും സിനിമയില്‍ ഇല്ല. വളരെ ചുരുക്കം ആയ, എസ്റ്റാബ്ളിഷായിട്ടുള്ള ആള്‍ക്കാരല്ലാതെ… സത്യം പറഞ്ഞാല്‍ ജിയോ ബേബി അല്ലാതെ എന്നെ ഇത്രയും ഓപ്പണ്‍ ആയിട്ട് പിന്തുണച്ചിട്ടുള്ള ഏതെങ്കിലും മുഖ്യധാരയില്‍ നിന്നുള്ള സംവിധായകനെ എനിക്കറിയില്ല. സംവിധായകനേയോ സംവിധായികയേയോ എനിക്കറിയില്ല. അഞ്ജലിമേനോന്‍ ഒരിക്കല്‍ ചെയ്തിട്ടുണ്ട്, പക്ഷേ അത്തരത്തിലുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം ഇല്ലാതെയാണ് എന്നെപ്പോലുള്ള ആള്‍ക്കാര്‍ നിലനില്‍ക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ഞാന്‍ സംസാരിക്കുന്ന വിഷയങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം എനിക്കു തന്നെ വളരെ കൂടുതലാണ്.

ഉദാഹരണത്തിന്,, ഇറങ്ങുന്ന സിനിമകളുടെ റിവ്യൂ ഇടുന്നതു മുതല്‍ ശ്രദ്ധിക്കണം. ഒരു പൃഥ്വിരാജ് പടത്തിന് റിവ്യൂ ഇടുന്നൂ എന്ന് വെക്കൂ, പൃഥിരാജ് പടം എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. എനിക്കൊരു പൃഥിരാജ് പടവും ഇഷ്ടപ്പെടാറില്ല. പൃഥിരാജിന്‍റെ അഭിനയം നല്ലതല്ല എന്ന് പറയാന്‍ പോലും എനിക്ക് രണ്ടു പ്രാവശ്യം ആലോചിക്കണം. സര്‍ക്കാര്‍ സംവിധാനത്തിലുളള അംഗീകാരങ്ങളും അവസരങ്ങളും നഷ്ടപ്പെടുമോയെന്ന് ആലോചിക്കണം!. ഒരു പോസ്റ്റ് ഇട്ടാല്‍ പോലും സപ്പോര്‍ട്ട് സിസ്റ്റം ഇല്ലാതായിപ്പോകുമോ എന്ന് ആലോചിക്കണം. ഇങ്ങനെ സ്ത്രീക്ക് സ്വതന്ത്ര നിലനില്പ് വലിയ വിഷയം തന്നെയാണെന്നാണ് എന്‍റെ തോന്നല്‍..

ചോദ്യം: പിന്നെ, ഒരു കഥാര്‍സിസ്, സ്വയം പരുവപ്പെടല്‍ സംഭവിക്കുന്നുണ്ടോ?
ഉത്തരം: ഈ ചോദ്യം എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ് .തീര്‍ച്ചയായും ഇതിലൊരു കഥാര്‍സിസുണ്ട്. ആ കഥാര്‍സിസിനുവേണ്ടി തന്നെയാണ് എന്നെപ്പോലൊരു സ്ത്രീ ഈ അഭിപ്രായങ്ങള്‍, അനഭിമതമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരുപാട് അഭിപ്രായങ്ങള്‍ പറയുന്ന ഒരാളാണ് ഞാന്‍. പക്ഷേ സമൂഹത്തിലുള്ള മാറ്റം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഇപ്പോള്‍ സി. രവിചന്ദ്രന്‍ കുടുംബശ്രീക്ക് ക്ലാസെടുക്കാന്‍ ചെല്ലുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി ഞാന്‍. ആ പരിപാടിയില്‍ അയാള്‍ പ്രസംഗിക്കാന്‍ പാടില്ല എന്നുള്ള ലക്ഷ്യം മാത്രല്ല ആ പരിപാടിയിയില്‍ എന്നെ പ്രസംഗിക്കാന്‍ വിളിക്കണം. ഞാനും യുക്തിവാദി ആണല്ലോ അപ്പൊള്‍ എന്നെ പ്രസംഗിക്കാന്‍ വിളിക്കണം എന്നും കൂടെയുണ്ട്. അതിനകത്ത് ഒരു സാമൂഹിക മാറ്റമാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത് . രവിചന്ദ്രനെ വിളിച്ചിട്ടുള്ള പരിപാടിയില്‍ നിന്ന് കുടുംബശ്രീ അദ്ദേഹത്തിനെ ഒഴിവാക്കി എന്ന റിസള്‍ട്ട് ഉണ്ടാക്കാന്‍ പറ്റി.അതു കേള്‍ക്കാതെ രക്ഷപ്പെട്ടവരായ സ്ത്രീകള്‍ ഉണ്ടല്ലോ. അതൊരു സാമൂഹിക മാറ്റമാണ്. എനിക്കും കഥാര്‍സിസ് സംഭവിക്കുന്നുണ്ട് . ഞാനെന്നുള്ള വ്യക്തി ഈ സമൂഹത്തിന്‍റെ ഭാഗം തന്നെ.

ചോദ്യം : അസംഘടിതരിലേക്കെത്തിയ വഴിയെങ്ങനെ? അതിന്‍റെ ക്രാഫ്റ്റ് ബോധപൂര്‍വമെടുത്ത തീരുമാനമാണോ?
ഉത്തരം: അസംഘടിതര്‍ ഒരു ഡോക്യമെന്‍ററി ആയിട്ട് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്തു തുടങ്ങിയ ഒരു സംഗതി ആണ്. വിജി ചേച്ചിയെയും പെണ്‍കൂട്ടിലെ മറ്റു പല പ്രവര്‍ത്തകരെയും ഇന്‍റര്‍വ്യൂ ചെയ്ത ഫൂട്ടേജൊക്കെ എന്‍റെ കയ്യില്‍ ഇപ്പോഴും ഉണ്ട്. എഡിറ്റ് ടേബിളില്‍ എത്തിയപ്പോള്‍ കുറച്ചുകൂടെ ഷൂട്ട് ചെയ്യണമെന്നനിക്ക് മനസ്സിലായി. എപ്പോഴും ഡോക്യുമെന്‍ററിയില്‍ അങ്ങിനെയാണുണ്ടാകാറ്. ഷൂട്ട് ചെയ്യുന്നു, എഡിറ്റിലേക്ക് പോകുന്നു. അപ്പൊള്‍ കുറച്ചുകൂടി ഷൂട്ട് ചെയ്യാനുണ്ടെന്ന് മനസ്സിലാകുന്നു. പിന്നേയും ഷൂട്ട് ചെയ്യുന്നു. അതിന് വേണ്ടി ഞാന്‍ ക്രൗഡ് ഫണ്ട് ചെയ്തിട്ടുണ്ട്… അത്രയും ഷൂട്ടൊക്കെ ക്രൗഡ്ഫണ്ട് ചെയ്തിട്ട് തന്നെയാണ് ചെയ്തത്. വീണ്ടും ധനസമാഹരണം വേണമെന്നെനിക്ക് മനസ്സിലായി. ആ സമയത്ത്, മറ്റ് ചില പണികള്‍ ചെയ്ത് തീര്‍ക്കാനുണ്ടായ സമയത്താണ് എനിക്ക് ജിയോബേബിയുടെ വിളി വന്നത്. ഇങ്ങനെയൊരു ആന്തോളജി ഉണ്ട്, അതിനകത്ത് ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചിട്ട് . ആ വിളിച്ച സമയത്ത് ഞാന്‍ എഴുതിയ സ്ക്രിപ്റ്റ് അസംഘടിതരെ ഡോക്യൂഫിക്ഷന്‍ ഫോമിലേക്ക് മാറ്റികൊണ്ടുള്ളതായിരുന്നു. അതിന്‍റെ ക്രൂമെമ്പേഴ്സിന്‍റെ അടുത്ത് ചോദിച്ചിട്ടുണ്ടെങ്കിലറിയാം. ഞാന്‍ റഫറന്‍സായിട്ട് കാണാന്‍ പറഞ്ഞ സിനിമ കിരൊസ്തമിടെ ക്ലോസപ്പാണ്. ക്ലോസപ്പ് ഒരു ഡോക്യൂഫിക്ഷനാണ്. ഡോക്യൂഫിക്ഷനിലെ തന്നെ എപ്പിഡമി ഓഫ് ദ ജോണര്‍ എന്ന് വിശ്വസിക്കുന്ന അതിമനോഹരമായിട്ടുള്ള സിനിമയാണത്. ആ സ്റ്റൈല്‍ ഡോക്യൂഫിക്ഷന്‍ എന്ന ഫോര്‍മാറ്റ് എത്രയോ ആള്‍ക്കാര്‍ പരീക്ഷിച്ചിട്ടുള്ളതുമാണ്. ഒരുപാട് ഫോമിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന മേഖല തന്നെയാണല്ലോ സിനിമ. അപ്പോള്‍ എന്‍റെ സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഇതെന്താ ഡോക്യുമെന്‍ററി ആണോ? ഇതെന്താണ് ഇങ്ങനെയാണോ സിനിമ എടുക്കുന്നത് തുടങ്ങിയ ഒരുപാട് കാര്യങ്ങളില്‍ എനിക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.അതൊക്കെ വളരെ ബാലിശമാണ്. സിനിമ ഒരു സംവിധായിക ഒരു ഫോമില്‍ ഇറക്കാനായിട്ടുള്ള തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് വളരെ കോണ്‍ഷ്യസ് ആയിട്ടുള്ള ചോയ്സാണ്. എനിക്കെന്താ തലക്ക് ഓളമാണോ അറിയാതെ ഡോക്യൂഫിക്ഷന്‍ എടുക്കാനായിട്ട്. പിന്നെ വര്‍ത്തമാനകാലത്തില്‍ പറയേണ്ട ഒരു കഥയാണ് എന്നുള്ള ഒരു ഉത്തമ ബോധ്യം എനിക്കുണ്ട്. സ്ത്രീകള്‍ ഇങ്ങനെ ഒത്തുചേരുന്നത് തന്നെ പൊളിറ്റിക്കലാണ്.. കോഴിക്കോട്ടെ ഏറ്റവും മുതിര്‍ന്ന ആക്റ്റിവിസ്റ്റുകളിലൊരാളായ വിജിചേച്ചിയെക്കുറിച്ച് ലോകം അറിയണമെന്നുണ്ട് കെ. അജിത ഒരു സിനിമയില്‍ കെ. അജിതയായിട്ട് വരണം എന്നെനിക്കുണ്ട്. അവരുടെ വാക്കുകള്‍ ലോകം കേള്‍ക്കണം . അങ്ങിനെയൊക്കെ പൊളിട്ടിക്കലി ഒരുപാട് ചോയ്സസ് ഞാനതില്‍ നടത്തിയിട്ടുണ്ട്.

ചോദ്യം: ടെക്നോളജി നമ്മളെ എത്രത്തോളം സഹായിക്കുന്നു? പ്രത്യേകിച്ച് ജനാധിപത്യ ഇടത്തിലേക്ക് കടന്നു വരാന്‍
ഉത്തരം: ടെക്നോളജി – ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ..:..മനുഷ്യനെ മുന്നോട്ട് നയിക്കുന്ന എല്ലാ കാര്യങ്ങളും ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് അധ:കൃതരായിട്ടുള്ള വിഭാഗങ്ങളെയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനകത്ത് സ്ത്രീകള്‍, ദലിതര്‍, ആദിവാസികള്‍ ഒക്കെ വരും. എല്ലാവര്‍ക്കും ഒരേപോലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉപയോഗപ്പെടുത്താനാവുക വലിയ വിപ്ലവമാണ്. ആദിവാസികളുടെയിടയിലും ദലിതരുടെ ഇടയിലും ഒരുപാട് സ്ത്രീകളുടെ ഇടയിലും ഈ ടെക്നോളജി എത്തുന്നതിന് ഒരുപാട് വിലങ്ങു തടികളുണ്ട്. ഉദാഹരണത്തിന് ഇപ്പൊള്‍ ഞാനെടുത്ത സിനിമയുടെ കാര്യം തന്നെ … മൊബൈല്‍ ഫോണുപയോഗിക്കുന്നതിന് സ്ത്രീകള്‍ക്ക് മാത്രം വിലക്കുകളുള്ള ടെക്സ്റ്റൈല്‍ ഷോപ്പുകളുണ്ട്. ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോഗശതമാന കണക്കെടുത്ത് നോക്കിയിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് പുരുഷന്മാരെക്കാള്‍ കുറവാണ്.
ടെക്നോളജിയും ബന്ധപ്പെട്ട കാര്യങ്ങളും സ്ത്രീകളുള്‍പ്പെടെയുള്ള ആള്‍ക്കാര്‍ക്ക് കൊടുക്കാതിരിക്കുക ഭരണകൂടം കൃത്യമായി ബോധപൂര്‍വം ചെയ്യുന്ന സംഗതിയാണ്. എന്തുകൊണ്ടാണ്? കാരണം ഇന്‍ഫര്‍മേഷന്‍ ഈസ് പവര്‍ എന്നുള്ളതുകൊണ്ട്. അങ്ങിനെയിരിക്കെ സ്ത്രീകളെയാണ് ഇതേറ്റവും കൂടുതല്‍ ഹെല്പ് ചെയ്യുന്നത്. മൊബൈലില്‍ സിനിമ പിടിക്കാന്‍ പറ്റും എന്ന് പറയുന്നിടത്ത് നമ്മുടെ ടെക്നോളജി എന്തൊരു ബ്രില്ല്യന്‍റ് ആണ്. അത് പരമാവധി ഉപയോഗപ്പെടുത്തണം. അതിന് പരിശീലനം സിദ്ധിക്കണം. ഇതിനു വേണ്ടി ഞാന്‍ കോണ്‍ഷ്യസ് ആയി എഫര്‍ട്ട് എടുക്കാറുണ്ട്. എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരുടെ അടുത്ത് ചോദിച്ചാല്‍ മനസ്സിലാവും ഞാന്‍ എപ്പോഴും ഗൂഗിള്‍ ഡോക് ഉപയോഗിക്കാന്‍, ടൈപ്പ് ചെയ്യാന്‍, പേപ്പറും പേനയും മാക്സിമം ഒഴിവാക്കി ടൈപ്പ് ചെയ്യാനായി ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. അങ്ങിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നതു കാരണം അത് പഠിച്ചെടുക്കാനുള്ള പ്രഷര്‍ കൂടും. എന്‍റെ കൂടെ വര്‍ക്ക് ചെയ്യണമെങ്കില്‍ ഇത് അറിഞ്ഞിരിക്കണമെന്നുള്ള പ്രഷര്‍ കൂടും. അത് ചെയ്യാനായി ഞാന്‍ ആള്‍ക്കാരെ പുഷ് ചെയ്യാറുണ്ട്. ലാപ്ടോപ് ഒരു അടിസ്ഥാന ആവശ്യമായി. ഫോണ്‍ എല്ലാ സമയവും നമ്മുടെ കൂടെ ഉണ്ടാവണം. അതും ഹണ്ട്ര്‍ഡ് പേഴ്സന്‍റ് ചാര്‍ജ്ജ് ആണെങ്കില്‍ അത്രയും നല്ലത്. എല്ലാ സംഗതികളും ഡോക്യുമെന്‍റ് ചെയ്തു സൂക്ഷിക്കുക. ആര്‍ട്ടിഫിഷല്‍ ഇന്‍റ്ലിജന്‍റ്സിനെ കുറിച്ച് അറിഞ്ഞപ്പോള്‍ അടുത്തതായി ഉണ്ടാക്കാന്‍ പോകുന്ന സിനിമയില്‍ ഇത് എങ്ങിനെ ഇന്‍കോര്‍പറേറ്റ് ചെയ്യാമെന്ന് ആലോചിച്ചു.

ചോദ്യം: സോഷ്യല്‍ മീഡിയ സ്പേസിനെ കുഞ്ഞില എങ്ങനെ വിലയിരുത്തുന്നു?
ഉത്തരം: കവലകളിലിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്, അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പില്‍ … അത് ആണുങ്ങള്‍ക്കെ പറ്റുന്നുള്ളൂ. ചായക്കടകളിലിരുന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വളരെ കുറച്ചു സ്ത്രീകളെ ഉള്ളൂ. കവലകളില്‍, കടത്തിണ്ണകളിലിരിക്കുന്ന സ്ത്രീകള്‍ എത്ര പേരുണ്ട് ? ആ ഡിവൈഡ് സോഷ്യല്‍ മീഡിയ പരിഹരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശക്തമായി രാഷ്ട്രീയം പറയുന്ന സ്ത്രീകളുണ്ടായി വരുന്നുണ്ട്. നമ്മള്‍ക്കെന്താ രാഷ്ട്രീയം പറയാനറിയാഞ്ഞിട്ടാണോ? .തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ സമയത്ത് സെന്‍റ് തെരേസാസ് കോളേജിലോ മറ്റോ മൈക്കുമായിട്ട് പോയപ്പോള്‍ വളരെ അരാഷ്ട്രീയമായി സംസാരിക്കുന്ന ഒരു ഒരുപാട് പെണ്‍കുട്ടികളെ ക്യാമറയിലൊരു റിപ്പോര്‍ട്ടര്‍ പകര്‍ത്തിയിരുന്നു. എന്തുകൊണ്ടാണത്? സെന്‍റ് തെരേസാസ് ഒരു വിമന്‍സ് കോളേജാണ്, സ്ത്രീകള്‍ക്ക് രാഷ്ട്രീയ ബോധ്യം തീരെയില്ല എന്ന മട്ടിലുള്ള ധ്വനി ജനറേറ്റ് ചെയ്യുന്നുണ്ട് ആ വീഡിയോ. ഞാന്‍ പഠിച്ചത് ഒരു വിമന്‍സ് കോളേജിലാണ്. ഞങ്ങളുടെ ക്യാമ്പസില്‍ രാഷ്ട്രീയം ഇല്ല, എസ്.എഫ്.  ഐ, കെ.എസ്.യു കക്ഷി രാഷ്ട്രീയം ഇല്ല. അങ്ങിനെയുള്ളപ്പോള്‍ അഭിരുചികളും അഭിപ്രായങ്ങളും ഞങ്ങള്‍ കള്‍ട്ടിവേറ്റ് ചെയ്തെടുക്കേണ്ടിവരുന്ന ഒന്നായി മാറുന്നു. എന്നാല്‍ പുരുഷന്മാര്‍ ജനിക്കുന്ന സമയം തൊട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ പര്യാപ്തരാണ്. കക്ഷിരാഷ്ട്രീയത്തിലിറങ്ങുക എന്നത് ഒരു ഓപ്ഷനായിട്ട് അവരുടെ മുന്നില്‍ ഉണ്ട്. നമ്മള്‍ കല്ല്യാണം കഴിച്ച് വീട്ടമ്മയായിട്ട് ജീവിക്കണം ,അല്ലെങ്കില്‍ ജോലി ഉണ്ടെങ്കില്‍ ആ ജോലി ചെയ്തിട്ട് കുടുംബം പോറ്റണം, കുട്ടികളെയും നോക്കണം എന്നുള്ളതാണ് നമുക്ക് മുലപ്പാലില്‍ കൂടെ കിട്ടുന്നത്. അങ്ങിനെ ഒരു ഡിവൈഡ് ഉള്ള സ്ഥലത്ത് സെന്‍റ് തെരേസാസ് കോളേജിലെ സ്ത്രീകള്‍ അരാഷ്ട്രീയമായി സംസാരിക്കുന്നു എന്നുള്ളത് സമൂഹം ഉണ്ടാക്കുന്ന ഒരു സിറ്റുവേഷനാണ്. ആ സമൂഹം ഉണ്ടാക്കുന്ന സാഹചര്യം മറികടക്കണമെങ്കില്‍ ചാനല്‍ ചര്‍ച്ചകളിലുള്‍പ്പെടെ, കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ വരണം. യുടൂബിലും ഫേസ്ബുക്കിലും ഇപ്പോള്‍ പോരാട്ടമുള്ള സ്ത്രീകള്‍ വരുന്നുണ്ട്. അവരെയൊന്നും ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷക എന്ന് പറഞ്ഞ് വിളിക്കുന്നതായി കാണാറില്ല. അങ്ങിനെയുള്ളൊരു സാമൂഹിക അന്തരീക്ഷം, മാധ്യമ അന്തരീക്ഷം നമ്മള്‍ ഉണ്ടാക്കണം. കാലം മാറുക തന്നെ ചെയ്യും ലോകവും.

കുഞ്ഞില സംവിധായിക

 

 

 

 

 

 

ഡോ.അനു പാപ്പച്ചന്‍
അധ്യാപിക
എഴുത്തുകാരി
വിമല കോളജ്,തൃശൂര്‍

 

 

COMMENTS

COMMENT WITH EMAIL: 0