മഹാമാരിക്കാലത്ത് അകപ്പെട്ട ജീവിതങ്ങള്‍

Homeചർച്ചാവിഷയം

മഹാമാരിക്കാലത്ത് അകപ്പെട്ട ജീവിതങ്ങള്‍

ഡോ. അമീറ വി.യു.

ലോക്ക്ഡൗണ്‍ എന്ന പദം അതുവരെ നമുക്ക് സുപരിചിതമല്ലായിരുന്നു. പെട്ടെന്നൊരു നാള്‍ ലോകം മുഴുവന്‍ കൊറോണയ്ക്കൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കായി മാറി ലോക്ക്ഡൗണും. അടച്ചുപൂട്ടലിന്‍റെ ആദ്യനാളുകള്‍ കുറച്ച് കൂടെ കൗതുകപരവും കൂടെയായിരുന്നു. (കണ്ണീരോടെ, വിശക്കുന്ന വയറുകളോടെ, ചോര പൊടിഞ്ഞ പാദങ്ങളോടെ നടന്നു നീങ്ങിയവരെ കുറിച്ചല്ല, അടച്ചുപൂട്ടലുകളെ അവധിക്കാലം എന്ന പോലെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞ മദ്ധ്യവര്‍ഗ, ഉപരിവര്‍ഗ കുടുംബങ്ങളെ കുറിച്ചാണ്.) യന്ത്രങ്ങളെ പോലെ പണിയെടുത്തിരുന്നവര്‍, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പരക്കം പാഞ്ഞിരുന്നവര്‍ എല്ലാവരും പൊടുന്നനെ സ്വിച്ചിട്ടത് പോലെ നില്ക്കുന്നത് പോലുള്ള മുന്നനുഭവം ഇല്ലാത്തത് കൊണ്ടും കൂടിയാകാം വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയാന്‍ അവസരം വീണുകിട്ടിയതിനെ ആഘോഷിക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു കൊണ്ടിരുന്നു. അധികം വൈകാതെ തന്നെ സെക്സിസ്റ്റ് തമാശകളും ട്രോളുകളും എത്തി. ഭാര്യയുടെ കൂടെ ചിലവഴി
ക്കേണ്ടി വന്നതോടെ കറിക്കരിയുക, തേങ്ങ ചിരവുക, പാത്രം കഴുകുക തുടങ്ങി മാരക പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന പാവം ഭര്‍ത്താക്കډാരുടെ ഗദ്ഗദങ്ങളും, ബ്യൂട്ടി പാര്‍ലറുകള്‍ ഇല്ലാത്തത് കാരണം മേക്കപ്പ് ഇല്ലാതെ പോയ ഭാര്യമാരെ കണ്ട് ഞെട്ടേണ്ടി വന്ന ഭര്‍ത്താക്കډാരുടെ ദുര്യോഗങ്ങളും എല്ലാം തന്നെ ട്രോളുകളായി സാമൂഹിക മാധ്യമങ്ങളില്‍ പറന്ന് നടന്നു. ഈ തമാശകള്‍ക്കും പരിഹാസച്ചിരികള്‍ക്കുമപ്പുറം കൊറോണകാലം സ്ത്രീകള്‍ക്കായി കരുതി വെച്ചത് യാതനാ പര്‍വങ്ങളാണ്. ആണധികാരത്തിന്‍റെ ഉډത്തതയില്‍ നിന്ന് ഉരുവം കൊള്ളുന്ന ഈ നിലവാരം കുറഞ്ഞ പ്രകടനങ്ങള്‍ സമര്‍ഥമായി മറച്ചു പിടിക്കുന്നത് കൊറോണകാലത്ത് കുതിച്ചുയര്‍ന്ന ഗാര്‍ഹിക പീഡന നിരക്കുകള്‍ ആണ്.

ശാരീരിക അകലത്തിന്‍റെ കാലം മാനസിക അകലങ്ങളെ ഇല്ലാതാക്കി എന്നും കുടുംബ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കി എന്നുമുള്ള ഉപരിപ്ലവമായ പറച്ചിലുകള്‍ക്കപ്പുറത്ത് എന്താണ് നമ്മുടെ വീട്ടകങ്ങളില്‍ ഇക്കാലത്ത് സംഭവിച്ചത്? ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നെ തന്നെ ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്കിയ മുന്നറിയിപ്പുകള്‍ ശരി വെക്കും വിധം ലോകമെമ്പാടും നിന്നുള്ള കണക്കുകളും പഠനങ്ങളും പറയുന്നത് ഗാര്‍ഹിക പീഡന നിരക്കുകള്‍ കുതിച്ചുയരുകയാണ് എന്നതാണ്. കൊറോണയെ പിടിച്ചു കെട്ടുന്നതിന്‍റെ ഭാഗമായി പുരുഷന്മാര്‍ കൂടുതലായി വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായതോടെ വീടുകളിലെ അതിക്രമങ്ങള്‍ മുന്‍പൊന്നുമില്ലാത്ത വണ്ണം കുതിച്ചുയര്‍ന്നു. പകര്‍ച്ചവ്യാധിയെ മുതലെടുക്കുന്ന, അനുകൂല സാഹചര്യത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച, സ്ത്രീകളുടെ സ്വാസ്ഥ്യത്തെ കൂടുതല്‍ കാര്‍ന്നു തിന്നുന്ന മറ്റൊരു അണുബാധയായി മാറി വീടിനകത്ത് നടക്കുന്ന മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍. ഗൃഹാന്തരീക്ഷത്തിലെ പീഡാനുഭവങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന, ബ്രിസ്റ്റോള്‍ യൂണിവേര്‍സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞ, മരിയന്‍ ഹെസ്റ്റെര്‍ ന്യൂയോര്‍ക് ടൈംസിന് കൊടുത്ത ഇന്‍റര്‍വ്യുവില്‍ വൈറസ് പടരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ ഗാര്‍ഹിക പീഡനങ്ങളില്‍ വന്‍വര്‍ദ്ധനവിന് കാരണമാകുമെന്ന് നിരീക്ഷിക്കുന്നു. ക്രിസ്മസ്, വേനല്‍ അവധിക്കാലം പോലുള്ള കുടുംബങ്ങള്‍ ഒരുമിച്ച് കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴെല്ലാം ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കാറുണ്ടെന്നത് അതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2014 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടലുകള്‍ നടപ്പാക്കിയപ്പോള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിയാറ ലിയോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബലാത്സംഗത്തില്‍ നിന്ന് ഗര്‍ഭിണികളാകുന്ന കൗമാരക്കാരികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഒരു വര്‍ഷം കൊണ്ട് ലൈംഗികാതിക്രമങ്ങളില്‍ ഉണ്ടായത് 40% വര്‍ദ്ധനവ് ആണ്. അതൊരു മുന്നറിയിപ്പാണ്. കൊറോണ ബാക്കിവെക്കാന്‍ പോകുന്ന ദുരന്ത ചിത്രങ്ങളില്‍ ഒന്ന് ഗാര്‍ഹികപീഡനങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങളെ നേരിടാന്‍ പൊരുതുന്ന സ്ത്രീകളുടേതും കുഞ്ഞുങ്ങളുടേതുമായിരിക്കുമെന്ന മുന്നറിയിപ്പ്.

‘ദൃഢബദ്ധമായ ഭീകരത’ (intimate terrorism) എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അവസ്ഥ കൊറോണക്കാലത്ത് ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെട്ട ചൈനയിലെ ഹുബേ പ്രവിശ്യയില്‍ ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സാധാരണയിലും മൂന്ന് മടങ്ങ് അധികം ഗാര്‍ഹികപീഡനങ്ങളാണ്. ഫ്രാന്‍സില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉണ്ടായ മുപ്പത് ശതമാനം വര്‍ദ്ധനവ് ആണ്. ജര്‍മനി, ഇറ്റലി, സ്പെയിന്‍ തുടങ്ങി മറ്റ് രാജ്യങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. ബ്രസീലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് അമ്പത് ശതമാനം വരെ വര്‍ദ്ധനവാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നടങ്കം വീടിനു പുറത്ത് സ്ത്രീകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തുറക്കാനായുള്ള മുറവിളികള്‍

ഉയര്‍ന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏതൊരു ഇരുപത്തൊന്ന് ദിവസത്തെയും കണക്കെടുത്താല്‍ ലോക്ഡൗണിലെ ആദ്യ ഇരുപത്തൊന്ന് ദിനങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടത് എന്ന് ബ്രിട്ടീഷ് എംപിമാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ചൈനയിലെ സിയാന്‍ നഗരത്തില്‍ കൊറോണ വ്യാപനത്തിന് ശേഷം, വിവാഹമോചന ക്കേസുകളില്‍ വന്‍വര്‍ദ്ധനവുണ്ടായി.

ഗാര്‍ഹിക പീഡനത്തിന്‍റെ വാര്‍ത്തകള്‍ വ്യാപകമായതോടെ യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ അന്‍റൊണിയോ ഗുടെറെസ്, മഹാമാരിയെ നേരിടുന്ന ഭരണകൂടങ്ങള്‍ അവരുടെ പ്രഥമ പരിഗണനയില്‍ സ്ത്രീകളുടെ സുരക്ഷ കൂടെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി, “യുദ്ധത്തിന്‍റെ അഭാവത്തില്‍ മാത്രമല്ല സമാധാനം ഉണ്ടാകുന്നത്. ലോക്ക്ഡൗണില്‍ വളരെയേറെ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുന്നുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ വര്‍ദ്ധിക്കുന്നു. ലോകത്തെ എല്ലാ വീടുകളിലും സമാധാനമുണ്ടാകാന്‍ ആഹ്വാനം ചെയ്യുകയാണ്. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പരിഹരിക്കാനുമാണ് എല്ലാ സര്‍ക്കാരുകളും പ്രഥമ പരിഗണന നല്കേണ്ടത് എന്ന് അഭ്യര്‍ഥിക്കുന്നു”.

ഇന്ത്യയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല എന്ന് വേണം മനസിലാക്കാന്‍. അടഞ്ഞ കാലത്ത് സുരക്ഷിതമായ ഒരിടം തേടി ഇറങ്ങാനാകാത്തത് കൊണ്ട് എല്ലാ അപമാനവും അതിക്രമങ്ങളും സഹിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടി വരികയാണ്. കോവിഡ് കാലത്ത് പ്രത്യേകിച്ചും ലോക്ക്ഡൗണ്‍ നിര്‍ബന്ധമായും നടപ്പാക്കിയ സമയത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഗാര്‍ഹിക പീഡനങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, ലിബര്‍ട്ടീസ് ആന്‍റ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന നല്കിയ ഹരജിയെ തുടര്‍ന്ന് ഗാര്‍ഹിക പീഡന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഡെല്‍ഹി ഹൈക്കോടതി ഡെല്‍ഹി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്കുകയുണ്ടായി. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളും വാട്സ്അപ്പ് നമ്പറുകളും പരസ്യപ്പെടുത്താനും കോടതി നിര്‍ദേശിക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ പതിനൊന്ന് ദിനങ്ങളില്‍ തന്നെ 92000 പരാതികള്‍ ഹെല്‍പ്പ് ലൈനിലൂടെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നത് തന്നെ പ്രശ്നത്തിന്‍റെ വ്യാപ്തിയെ കുറിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന കേസുകള്‍ 100% വര്‍ദ്ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷനും വെളിപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ബാലവിവാഹങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഇത്രയുമെങ്കില്‍ അറിയപ്പെടാതെ പോയതിന്‍റെ കണക്കുകള്‍ ഭയപ്പെടുത്തുന്നതായിരിക്കുമെന്നത് തീര്‍ച്ച.

ഗാര്‍ഹിക പീഡനങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് സ്വന്തം പങ്കാളിയില്‍ നിന്നുള്ള പീഡനങ്ങളാണ്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി കണക്കാക്കുന്ന പങ്കാളി, അധികാര സംസ്ഥാപനത്തിനുള്ള വഴികള്‍ ആയി വൈകാരികവും ശാരീരികവും ലൈംഗികവും സാമ്പത്തികവും ആയ ആധിപത്യത്തെ കാണുകയാണ്. നിലനില്‍ക്കുന്ന സവിശേഷമായ സാമൂഹിക സാഹചര്യങ്ങളില്‍, പിതൃദായക വ്യവസ്ഥയില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി ഉന്നയിക്കാന്‍ കഴിയുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. വീട്ടകങ്ങളില്‍ നടക്കുന്ന മാരിറ്റല്‍ റേപ് ഉള്‍പ്പെടെയുള്ളത് നിയമപരമായി ശിക്ഷാര്‍ഹമാണെന്ന് പോലും മനസിലാക്കാന്‍ വിദ്യാഭ്യാസം ഇല്ലാത്തവരാണ് പലരും, പ്രത്യേകിച്ചും ഉള്‍നാടന്‍ ഗ്രാമ നിവാസികള്‍. കഠിനമായ പീഡനങ്ങളിലൂടെയും ഭീഷണികളിലൂടെയും കടന്നു പോകുമ്പോഴും എല്ലാം വിധിയെന്നു കരുതി സഹിക്കേണ്ടവരാണെന്നും പങ്കാളികള്‍ തമ്മിലുള്ള അടിമ ഉടമ ബന്ധം സ്വാഭാവികമെന്നും ധരിച്ചുവശായവര്‍. പരാതിപ്പെടാനുള്ള അവകാശങ്ങളെക്കുറിച്ചും നിയമവഴികളെക്കുറിച്ചും അറിയാത്തവര്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യങ്ങളില്ലാത്തവര്‍. മക്കളെയോര്‍ത്തും കുടുംബത്തിന്‍റെ സല്‍പ്പേര്‍ കരുതിയും പോകാന്‍ മറ്റൊരിടമില്ലാത്തത് കൊണ്ടും എല്ലാം നിശബ്ദം സഹിക്കുന്നവര്‍. തീര്‍ച്ച, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗാര്‍ഹിക പീഡന കേസുകള്‍ വളരെ കുറവായിരിക്കും.

ചുരുക്കത്തില്‍ മഹാമാരിക്കൊപ്പം വന്ന നിഴല്‍ മഹാമാരി (വെമറീം ുമിറലാശര) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയില്‍ ഇരട്ട ദുരന്തങ്ങളെയാണ് കുട്ടികളും സ്ത്രീകളും അഭിമുഖീകരിക്കുന്നത്. ലിംഗനീതിക്കായി നടന്നുകൊണ്ടിരുന്ന പോരാട്ടങ്ങളെ പുറകോട്ട് വലിക്കുന്ന അവസ്ഥയാണ് ഇത്തരം കാലത്ത് ദൃശ്യമാകുന്നത്. കൂടുതല്‍ സമയം വീടുകളില്‍ ചിലവഴിക്കാനിടയായതും മറ്റ് വിനോദങ്ങള്‍ക്കും ചുറ്റിക്കറങ്ങലുകള്‍ക്കും ഉള്ള അവസരങ്ങള്‍ കുറഞ്ഞതും തൊഴില്‍ പെട്ടെന്ന് നിന്ന് പോയതില്‍ നിന്നുണ്ടായ നിരാശയും – എല്ലാം കൂടെ സൃഷ്ടിച്ചെടുത്ത അസ്വസ്ഥതകള്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് വഴിവെച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്ക് നിരന്തരം ഇരകളായി. ലഹരിയുടെ ലഭ്യത കുറഞ്ഞത് മൂലമുണ്ടായ അസ്വസ്ഥതകള്‍ക്കു പോലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമായി മാറി. ദിവസ വേതനത്തിന് ജോലി ചെയ്ത് കുടുംബം മുന്നോട്ട് കൊണ്ട് പോയിരുന്ന സ്ത്രീകള്‍, പെട്ടന്ന് അഭിമുഖീകരിക്കേണ്ടി വന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും അവരുടെ ദുരിതത്തിന് ആക്കം കൂട്ടി. ആണധീശ സമൂഹത്തിന്‍റെ ഒരു പരിധിവരെ മറച്ചു വെക്കപ്പെട്ടിരുന്ന പല വൈകൃതങ്ങളും കൂടുതല്‍ അനാവൃതമാക്കപ്പെടുകയാണ്.

കൊറോണക്കാലത്ത് ഏറ്റവും അധികം കേട്ട നിര്‍ദേശം ‘മ്യെേ വീാല, മ്യെേ മെളല’ എന്നതായിരിക്കും. ‘നിങ്ങളുടെ വീട് ആണ് നിങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതം’ എന്ന് പറയുമ്പോഴും പ്രതീക്ഷിക്കപ്പെടുന്നതിലധികം സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറുകയാണ് വീടുകള്‍. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പദവികളെയും സ്ഥാനങ്ങളെയും പ്രശ്നവല്‍ക്കരിച്ചു കൊണ്ട് ലിംഗനീതിയും ജനാധിപത്യ മര്യാദകളും പാലിക്കപ്പെടുന്ന ഒരു സാമൂഹിക ഘടനയ്ക്കു വേണ്ടി പൊരുതേണ്ടതുണ്ട്. ആണ്‍കോയ്മയെ ശ്വാശ്വതീകരിക്കുന്ന ഏറ്റവും അടിസ്ഥാനഘടകമാണ് കുടുംബം എന്നത് കൊണ്ട് തന്നെ സ്ത്രീകളും കുഞ്ഞുങ്ങളും ഏറ്റവുമധികം വിവേചനങ്ങള്‍ അനുഭവിക്കുന്നതും അനീതികള്‍ക്കിരയാകുന്നതും അവിടെ തന്നെയാണ്.ഐക്യ രാഷ്ട്രസഭ 2018ല്‍ പുറത്ത് വിട്ട പഠനമനുസരിച്ച് ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ ഇടം വീടുകള്‍ ആണ്. കൊറോണക്കാലത്ത് ആ ഇടങ്ങള്‍ ഒന്നൂടെ അരക്ഷിതമായെന്ന് മാത്രം.

ഈ നിഴല്‍ മഹാമാരിയെ നേരിടാന്‍ ഗവണ്‍മെന്‍റുകളും മറ്റ് സാമൂഹിക സംവിധാനങ്ങളും സജ്ജമാകേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള വീഡിയോ പ്രചാരണങ്ങളുമായി അനുഷ്ക ശര്‍മ, കരിഷ്മ കപൂര്‍, ബിപാഷ ബസു, വിദ്യാബാലന്‍ തുടങ്ങിയ താരങ്ങള്‍ എത്തുകയുണ്ടായി. റായ്പൂര്‍ പോലീസ് തുടങ്ങി വെച്ച ചുപ്പി ഥോട് (ബ്രേക്ക് ദി സൈലന്‍സ്) കാമ്പയിന്‍ ഇരകള്‍ക്ക് ആത്മവിശ്വാസം പകരാനും പീഡകരില്‍ ഭീതിയുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. മുന്‍ കാലങ്ങളില്‍ നല്കിയ പരാതിക്കാരികളെ പോലും വിളിച്ച് വര്‍ത്തമാന സ്ഥിതി വിലയിരുത്തുന്ന ക്യാമ്പയിന്‍ ഫലപ്രദമായിരുന്നു. ജമ്മു & കശ്മീര്‍ ഹൈക്കോടതി ലോക്ക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക പീഡനങ്ങളുടെ വ്യാപ്തി ഉള്‍ക്കൊണ്ട് ഗാര്‍ഹിക പീഡനത്തിന്‍റെ ഇരകള്‍ക്ക് പ്രത്യേകം ഫണ്ട് ശേഖരിക്കണമെന്നും പീഡകരായ പങ്കാളികളെ അറിയിക്കാതെ ഗ്രോസറി കടകളിലും ഫാര്‍മസികളിലും രഹസ്യമായി പീഡന വിവരങ്ങള്‍ അറിയിക്കാനുള്ള അവസരവും അനൗപചാരിക സുരക്ഷായിടങ്ങളും ഒരുക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ഇത്തരത്തില്‍ സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ നില്ക്കുന്നവര്‍ക്ക് പോലും പരാതിയുമായി മുന്നോട്ട് പോകുവാനുള്ള അടിസ്ഥാന വിവരങ്ങളും സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഹെല്‍പ്പ്ലൈന്‍ പോലുള്ള സൗകര്യങ്ങളെ കുറിച്ചും മറ്റും അവബോധം നല്കുന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. പീഡനം സഹിക്കാതെ വീട് വീട്ടിറങ്ങുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൃത്യമായ സാമൂഹ്യ അകലവും മറ്റു സുരക്ഷാ മുന്‍കരുതലുകളും ഉറപ്പ് വരുത്തിക്കൊണ്ടുള്ള അഭയകേന്ദ്രങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്കേണ്ടതുണ്ട്.

 

ഡോ. അമീറ വി.യു.

പൊന്നാനി എം. ഇ .എസ് . കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ,
വകുപ്പ് മേധാവി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്.

COMMENTS

COMMENT WITH EMAIL: 0