Homeവഴിത്താരകൾ

മാതൃവന്ദനം- ഇന്നത്തെ കേരളത്തില്‍

ന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ
വന്ദിപ്പിന്‍ വരദയെ
ഈ വരികള്‍ക്ക് ആമുഖം ആവശ്യമില്ല. വള്ളത്തോളിന്‍റെ പ്രശസ്തമായ കവിത കേരള പിറവി ദിനമായതു കൊണ്ട് മാത്രം ഓര്‍മ്മയില്‍ ഓടിയെത്തിയതുമല്ല .കേരളത്തെയും മലയാളഭാഷയെയും അമ്മയുടെ രൂപത്തില്‍ കാണാനുള്ള നമ്മുടെ തീവ്രമായ ഈ ആഗ്രഹം അമ്മയെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ , അല്ലെങ്കില്‍ നമ്മള്‍ക്കുണ്ടാവണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന സങ്കല്പങ്ങളെ വിളിച്ചോതുന്നുണ്ട്. സമകാലിക കേരളത്തില്‍ നമ്മുടെ ആദര്‍ശങ്ങളും ദൈനംദിന ജീവിതവും തമ്മിലുള്ള അന്തരം അമ്പരിപ്പിക്കുന്നതാണ്.

എന്തൊരു വിരോധാഭാസമാണ് ! ഈ ഭൂമി മലയാളത്തില്‍ അമ്മ എന്ന സാമൂഹ്യ/ കുടുംബ പദവിയെ വാഴ്ത്താത്ത കവിതകള്‍,കഥകള്‍,സിനിമകള്‍,സീരിയലുകള്‍ വിരളമാണ്. നമ്മുടെ പുരോഗമന രാഷ്ട്രീയ പാരമ്പര്യങ്ങളെ കുറിച്ച് നമ്മള്‍ വാ തോരാതെ സംസാരിക്കും .പക്ഷെ വാളയാറിലെ അമ്മയെ പോലുള്ളവരെ നമ്മള്‍ സൗകര്യപൂര്‍വം കണ്ടില്ലെന്നു നടിക്കും. ജിഷ്ണുവിന്‍റെ അമ്മയെ കാണാന്‍ നമുക്കു സമ്മതമല്ല.കഴിഞ്ഞ കുറെ ആഴ്ചകളായി ഒരു യുവതിയായ അമ്മ അലയുകയാണ്.സമരം ചെയ്യുകയാണ്.തന്നില്‍ നിന്നും തട്ടിയെടുക്കപെട്ട കുഞ്ഞിന് വേണ്ടി. അനുപമയുടെ കഥ മാതൃത്വത്തെ കുറിച്ചുള്ള ബദല്‍ ആഖ്യാനമാണ്. കുന്തീദേവിമാര്‍ ഈ ദുരഭിമാന ഭൂമിയിലെ പിറക്കുകയുള്ളൂ.അഭിമാനപൂരിതമാകണമോ അന്തരംഗമെന്നു നമ്മള്‍ ഒന്നു കൂടി ആലോചിക്കേണ്ടി വരും.’അമ്മമാര്‍ സ്വന്തം അനുഭവങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് വായിക്കാന് കഴിയുക എന്നത് അപൂര്‍വമാണ്.” മാതൃത്വത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ചെഴുതിയ ജെയ്ന്‍ ലസാറിന്‍റെ വാക്കുകളാണിവ.

വളരെ അസ്വസ്ഥമാക്കുന്ന ഹിംസാത്മകമായ അമ്മ അനുഭവങ്ങളാണ് കേട്ടു കൊണ്ടിരിക്കുന്നത് . പുഴ കാണാമെന്നു പറഞ്ഞു ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് പോയി പുഴയിലേക്ക് രണ്ടുപേരെയും തള്ളിയിടുന്ന രംഗം ഏഷ്യാനെറ്റ് പുനര്‍സൃഷ്ടിക്കുമ്പോള്‍ ഇതൊരു കഥയല്ലെന്നു കാണികള്‍ വിഷമത്തോടെ സ്വയം ഓര്‍മ്മിപ്പിക്കുന്നു. ജയില്‍മോചിതനായ താഹയുടെ അമ്മയാണ് സമകാലീന കേരളത്തിന്‍റെ മറ്റൊരു മുഖം. ഏതു നിമിഷവും അന്വേഷണകുതുകികളായ മക്കളെ അമ്മമാര്‍ക്ക് നഷ്ടപ്പെടാം. അനുപമയുടെ ദുരനുഭവവും അതിലെ മനുഷ്യാവകാശ നിരാസവും കേരളത്തിലെ ഫെമിനിസ്റ്റ് ചിന്തകരെ തന്നെ പല തട്ടുകളിലായി നിര്‍ത്തിയിരിക്കുന്നു. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സങ്കീര്‍ണതകളുടെ ചുരുള്‍ നിവര്‍ത്തുകയാണ് അനുപമയുടെ അനുഭവ കഥനവും സമരവും .സമൂഹത്തിലെ യാഥാസ്ഥിതിക മനസ്സുകള്‍ മാത്രമല്ല ഇവിടെ ആത്മപരിശോധന നടത്തേണ്ടി വരുന്നത്. ആത്മവിമര്ശനപരമായി ചിന്തിക്കേണ്ടി വരുന്നത് സ്ത്രീപക്ഷത്തില്‍ നിന്ന് സംസാരിക്കുന്നവര്‍ തന്നെയാണ് എന്നതാണ് അനുപമ തുറന്നിടുന്ന സംവാദത്തിന്‍റെ പ്രാധാന്യം .

കുഞ്ഞിനെ തേടുന്ന അമ്മയില്‍ നിന്നും സ്വാഭാവികമായും തര്‍ക്കങ്ങള്‍ നീങ്ങുന്നത് സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേലുള്ള അധികാരത്തെ കുറിച്ചാണ്.അവകാശങ്ങളെ കുറിച്ചാണ്. അവിടെയാണ് സമൂഹം ഏറെ അസ്വസ്ഥമാകുന്നത്. കുടുംബത്തിന്‍റെ കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ക്കകത്തു നടക്കുന്ന ലൈംഗികബന്ധവും, ഗര്‍ഭധാരണവും, പ്രസവവും അഭിമാനപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. ആ വിവാഹം എത്ര മാരകമായ മുറിവാണ് ഉണ്ടാക്കുന്നതെങ്കിലും! സദാചാര ബോധങ്ങള്‍ക്കകത്തു ഉള്‍ക്കൊള്ളാനാകാത്ത ലൈംഗികബന്ധവും ഗര്‍ഭധാരണവുമാണ് നമുക്കിന്നും പ്രയാസമുണ്ടാക്കുന്നത്. മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിവാഹിതയുടെ അംഗീകൃത അടയാളങ്ങള്‍ (സിന്ദൂരം, താലിമാല, മോതിരം) ഒന്നും ധരിക്കാതെ ആദ്യത്തെ പ്രെഗ്നന്‍സി ടെസ്റ്റിന് പോയപ്പോള്‍ അസ്വസ്ഥതയോടെ ഡോക്ടര്‍ അമ്മയോട് “കുട്ടി മാരീഡ് അല്ലെ?” എന്ന് ചോദിച്ചതും, അമ്മയുടെ “അതെ” എന്ന മറുപടിയില്‍ ആശ്വാസത്തോടെ വിശാലമായി പുഞ്ചിരിച്ചതും ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്.

അനുപമയെ പോലെയുള്ള സ്ത്രീകളോട് നമ്മുടെ സാമൂഹ്യ /ആരോഗ്യ സംവിധാനങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്നറിയാന്‍ കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്.ദത്തെടുക്കല്‍ രീതികള്‍ ജെന്‍ഡര്‍ രാഷ്ട്രീയത്തിന്‍റെ തിക്തമായ തലങ്ങളെ വെളിപ്പെടുത്തുന്ന ഒരു മേഖലയാണെന്നും അനുപമയുടെ ജീവിതം വ്യക്തമാക്കുന്നു.ദത്തെടുക്കല്‍ നടപടികളെ കുറിച്ചും,അതിന്‍റെ ചരിത്രത്തെ കുറിച്ചും,നടപ്പു രീതികളെ കുറിച്ചുമൊക്കെ സമഗ്രവും ഗഹനവുമായ പഠനങ്ങള്‍ അത്യാവശ്യമായി വരുന്നു.

മാംസവും മജ്ജയുമില്ലാത്ത അമൂര്‍ത്തമായ ഒരു അമ്മ വിഗ്രഹത്തെയാണ് നമ്മള്‍ക്കു പ്രിയങ്കരം. അമ്മയാവുന്നത് പ്രാഥമികമായും ശരീരത്തിലൂടെയാണ് എന്നു സൗകര്യപൂര്‍വം നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു.ആ ശരീരം എത്രത്തോളം അവളുടെ തന്നെയാണെന്ന ചോദ്യമാണ് അനുപമയിലൂടെ നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നത്. മാതൃശരീരങ്ങളുടെ രാഷ്ട്രീയങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണവും, സവിശേഷവും, സംഘര്‍ഷാത്മകവുമാണ്. തുടങ്ങിയത് വള്ളത്തോളിന്‍റെ മാതൃവന്ദനത്തില്‍ നിന്നാണ്. അവസാനവും അതില്‍ തന്നെയാവാം.തുടര്‍ന്ന് വരുന്ന വരികളില്‍ പരശുരാമനെ കുറിച്ചുള്ള പരാമര്‍ശത്തിന്‍റെ സാംഗത്യം ഇന്നെന്നെ വ്യാകുലയാക്കുന്നു.കാരണം കേരളത്തിന്‍റെ ജനയിതാവ് മാതൃഹന്താവ് കൂടിയാണല്ലോ എന്നത് ആ ഐതിഹ്യത്തിന്‍റെ സമകാലീന പ്രസക്തിയെ വളരെ ദുഖകരമാം വണ്ണം വര്‍ധിപ്പിക്കുന്നു.സ്വന്തം ശരീരത്തിന്‍റെ ഇന്ഗിതങ്ങള്‍ക്ക് വഴങ്ങിയതിനു ഭര്‍ത്താവിന്‍റെ/അഛന്‍റെ ആജ്ഞാനുസാരിയായ മകനാല്‍ വധിക്കപെട്ട രേണുക എന്ന അമ്മയുടെ നിഴല്‍ ഇന്നും നമ്മെ വിടാതെ പിന്തുടരുന്നുണ്ടോ?

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0